ഉറക്കെ സംസാരിക്കേണ്ട പ്രതിപക്ഷത്തിന്റെ കാലം

ജനാധിപത്യത്തിന്റെ വിജയത്തിനുള്ള പ്രധാനപ്പെട്ട ഒരു മുന്നുപാധിയായി ഡോ. അംബേദ്കർ കണ്ടത് ശക്തമായ പ്രതിപക്ഷ സാന്നിദ്ധ്യമാണ്. എന്നാൽ വിമർശനങ്ങളെ അസാധ്യമാക്കുന്നതിന്​ ഭരണകൂട ശക്തികൾ അതിന്റെ എല്ലാവിധ മർദ്ദനോപാധികളും അഴിച്ചുവിടുന്നു.

ഭീദിതമാം വിധം ജനാധിപത്യം ഭീഷണി നേരിടുന്നു. അതിന്റെ കാലൊച്ചയെന്നവണ്ണം പാർലമെന്ററി സംവിധാനത്തിൽ പ്രതിപക്ഷ വിമർശനങ്ങളെ ഹിന്ദുത്വർ നിശ്ശബ്ദമാക്കുന്നു. ജനാധിപത്യത്തിന്റെ വിജയത്തിനുള്ള പ്രധാനപ്പെട്ട ഒരു മുന്നുപാധിയായി ഡോ. അംബേദ്കർ കണ്ടത് ശക്തമായ പ്രതിപക്ഷ സാന്നിദ്ധ്യമാണ്. എന്നാൽ വിമർശനങ്ങളെ അസാധ്യമാക്കുന്നതിന്​ ഭരണകൂട ശക്തികൾ അതിന്റെ എല്ലാവിധ മർദ്ദനോപാധികളും അഴിച്ചുവിടുന്നു. പരസ്പരം പോരാടുന്ന കൂട്ടങ്ങളെ സൃഷ്ടിച്ചു കൊണ്ടാണ് ആക്രാമക ഹിന്ദുത്വം ജനാധിപത്യ ധ്വംസനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ഹിന്ദുത്വ ഏകാധിപത്യ യുക്തികൾ വിജയിക്കുന്നതിനു പിന്നിൽ അതിന് വളം നൽകി പുഷ്ടിപ്പെടുത്തുന്ന സാംസ്കാരിക വെറുപ്പിന് അളവറ്റ പങ്കുണ്ട്. മനുഷ്യർക്കിടയിലെ പരസ്പര വിശ്വാസത്തെയും സാഹോദര്യത്തെയും സ്നേഹത്തെയും ഇല്ലാതാക്കുന്ന വെറുപ്പിന്റെ യുക്തികളുടെ മുകളിലാണ് ഹിന്ദുത്വ ഭരണകൂടം നിലനിൽക്കുന്നത്. ഇത് തിരിച്ചറിയാതെ പരസ്പരം കലഹിക്കുന്ന പോർക്കൂട്ടങ്ങളായി മനുഷ്യർ മാറുന്നത് ആത്യന്തികമായി ഹിന്ദുത്വത്തിന് ഗുണകരമായിട്ടാണ് ഭവിക്കുക. ജനാധിപത്യം അങ്ങേയറ്റം പിച്ചിച്ചീന്തപ്പെടുന്ന വർത്തമാന സന്ദിഗ്ദാവസ്ഥകളിൽ മനുഷ്യർക്കിടയിലെ ഭാഷാപ്രയോഗങ്ങളിലും സംഭാഷണങ്ങളിലും പെരുമാറ്റ ശീലങ്ങളിലും ജനാധിപത്യ സഹജീവനം സാംസ്കാരികമായി വളർത്തിയെടുക്കുന്നതിന് തിരിച്ചറിവോടെ പ്രയത്നിക്കേണ്ടി വരും.

പ്രാതിനിധ്യ ജനായത്തവ്യവസ്ഥയുടെ തകർച്ചയിലാവും ഹിന്ദുത്വം സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ പോവുന്നത്. ഇന്ത്യൻ ഭരണവ്യവസ്ഥ പൂർണമായി സവർണ ജാതി കുത്തകയാക്കി മാറ്റുന്നതിലൂടെ പ്രാതിനിധ്യ ജനായത്തം തകരുകയും അതുവഴി മുസ്​ലിംകൾ, ദലിതർ, മറ്റ് പിന്നാക്ക ബഹുജനങ്ങൾ തുടങ്ങിയവരുടെ ഹിംസാത്മക പുറന്തള്ളൽ നടപ്പിലാവും. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ കാതൽ പ്രാതിനിധ്യ തത്വമാണ്. ഭരണ- ഉദ്യോഗ രംഗങ്ങളിൽ പ്രാതിനിധ്യമില്ലാത്ത ജനവിഭാഗങ്ങളെ ഉൾക്കൊണ്ടുള്ള ജനാധിപത്യം മാത്രമേ നിലനിൽക്കൂ. ഇല്ലെങ്കിൽ കാലമെത്ര കഴിഞ്ഞാലും ഭരണകൂട ശക്തികൾ ഇതിന് മറുപടി പറയേണ്ടി വരും. ഏറെ പുരോഗമിച്ചു എന്നുപറയപ്പെടുന്ന കേരളത്തിൽ എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദലിത- പിന്നാക്ക ജനവിഭാഗങ്ങൾ സമ്പൂർണമായി ഉദ്യോഗമേഖലകളിൽ നിന്ന്​പുറന്തള്ളപ്പെട്ടിരിക്കുകയാണ്. സംവരണം ഇല്ലാത്ത സ്ഥലങ്ങളിൽ സംവരണീയ ജനവിഭാഗങ്ങൾ പുറത്താക്കപ്പെട്ടിരിക്കുന്ന അവസ്ഥ മലയാളിയുടെ പൊതുബോധത്തിൽ ഊറിക്കൂടിയിരിക്കുന്ന ജാതിബോധത്തിന്റെ നേർസാക്ഷ്യമായി കൂടി പരിഗണിക്കാം. ജാതിഭേദത്തോടും മതഭേദത്തോടും കൂടിത്തന്നെയാണ് മലയാളിയുടെ ജീവിതമണ്ഡലം തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഉദ്യോഗരംഗങ്ങളെല്ലാം സവർണ കുത്തക നിലനിർത്തുന്നത് ദലിത- പിന്നാക്ക- മുസ്​ലിം ജനവിഭാഗങ്ങളോടുള്ള വഞ്ചനയാണ്. ഈ വിഭാഗങ്ങളെ അയിത്തക്കാരായി അകറ്റി നിർത്തി ജനാധിപത്യം സംരക്ഷിക്കാൻ സാധ്യമല്ലെന്നതാണ് വസ്തുത. ഫ്യൂഡൽ നാടുവാഴിത്തത്തെക്കാൾ ഹീനമായി ഭരണാധികാര രംഗം സവർണ കുത്തകയായി മാറിത്തീരുമ്പോൾ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മഹത്തായ തത്വങ്ങളാണ് തകർന്നടിയുന്നത്. ചുരുക്കത്തിൽ ജനാധിപത്യം മങ്ങലേൽക്കാതെ നിലനിൽക്കണമെങ്കിൽ സമസ്ത രംഗങ്ങളിലും പ്രാതിനിധ്യ തത്വങ്ങൾ പാലിക്കേണ്ടത് അനിവാര്യമായിരിക്കും. പ്രാതിനിധ്യമില്ലാത്ത ഇടങ്ങളാവും ആത്യന്തികമായി ഹിന്ദുത്വത്തിനുള്ള വലിയ വിളനിലം.

ഇന്ത്യയെ ഒരു ജനാധിപത്യ രാഷ്ട്രമായി നിലനിർത്തണമെങ്കിൽ സാഹോദര്യത്തിന്റെ മൂല്യങ്ങളെ ഇക്കാലത്ത് കൂടുതൽ ഉറപ്പിച്ചെടുക്കേണ്ടതുണ്ട്. എല്ലാ സമുദായങ്ങൾക്കും അർഹമായ പ്രാതിനിധ്യം സ്ഥാപിക്കുന്നതിലൂടെ മാത്രമേ സാഹോദര്യം നിലനിൽക്കുകയും നീതിക്ക് ജീവനുണ്ടാവുകയും ചെയ്യുകയുള്ളൂ. പരസ്പരം പോരടിക്കുന്ന കൂട്ടങ്ങളായി മനുഷ്യരെ മാറ്റാതെ, ജനാധിപത്യം സഹജീവന പദ്ധതിയായി നിലനിൽക്കണമെങ്കിൽ പ്രാതിനിധ്യം അതിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്നുപാധിയായിരിക്കണം. സവർണതയും ബ്രാഹ്മണ്യവും ഹിംസാത്മകമായി സമൂഹത്തെ കാർന്നുതിന്നുന്ന കാലത്ത് പ്രാതിനിധ്യ സാഹോദര്യ തത്വങ്ങൾ ഏറ്റെടുക്കുന്നവരിലാണ് ഇന്ത്യയെന്ന ജനാധിപത്യരാഷ്ട്രത്തിന്റെ പ്രതീക്ഷയും ഭാവിയും കുടികൊള്ളുന്നത്.

Comments