വോട്ടർമാരെ സ്വാധീനിക്കുന്നുണ്ടോ
മുദ്രാവാക്യങ്ങൾ, പ്രകടനപത്രികകൾ?

‘‘കഴിഞ്ഞ പത്തു വർഷം കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന ബി ജെ പി ജനങ്ങളുടെ മുന്നിൽ മുൻ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളുടെയും അവയുടെ ലംഘനങ്ങളുടെയും കണക്കുകൾ ജനം സത്യസന്ധമായി വിലയിരുത്തി വോട്ട് ചെയ്യാൻ തയ്യാറായാൽ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ബി ജെപിയുടെ തോൽവിയായിരിക്കും സംഭവിക്കുക.’’- ഡോ. കുട്ടികൃഷ്ണൻ എ.പി എഴുതുന്നു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനങ്ങളിൽ എത്രപേരാണ് തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നതെന്നും ഓരോ തിരഞ്ഞെടുപ്പുകളിലും അവർ എന്ത് രാഷ്ട്രീയ നിലപാടുകളാണ് സ്വീകരിക്കുകയെന്നതും മുൻകൂട്ടി അറിയുക വലിയ വെല്ലുവിളിയാണ്. വോട്ടർമാർ തിരഞ്ഞെടുപ്പിൽ ആർക്ക് അനുകൂലമായി വോട്ടു ചെയ്യുമെന്ന് പ്രവചിക്കാനും അനുമാനിക്കാനും സാധിക്കാത്ത അത്ര സങ്കീർണ്ണമായതാണ് ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷം. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി രാഷ്ട്രീയപാർട്ടികളും ജാതി- മത ശക്തികളും സമൂഹത്തിലെ പല തലങ്ങളിലായി ജീവിക്കുന്ന ജനങ്ങളിലുണ്ടാക്കുന്ന സ്വാധീനം വ്യത്യസ്‍ത രീതിയിലാണെന്ന സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലമാണ് ഇതിനു പ്രധാന കാരണം.

തിരഞ്ഞെടുപ്പുകൾക്കുമുൻപ് വോട്ടർമാരുടെ രാഷ്ട്രീയ ആഭിമുഖ്യം മനസ്സിലാക്കാൻ മറ്റു രാജ്യങ്ങളിൽ ആശ്രയിക്കുന്ന അഭിപ്രായ സർവ്വേകൾ നമ്മുടെ രാജ്യത്ത് ശാസ്ത്രീയമായി നടത്തിയാൽപോലും ലഭിക്കുന്ന അനുമാനങ്ങൾ ഇത്തരം സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ പൂർണമായും ശരിയാവുകയെന്നത് അപൂർവമാണ്. ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വോട്ടർമാർ എങ്ങിനെ ചിന്തിക്കുന്നുവെന്നു മനസ്സിലാക്കാൻ അഭിപ്രായ സർവ്വേകൾ നടത്തുന്നത് പതിവാണ്. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ സർവ്വേകൾ നടത്തുന്നതിന് ആവശ്യമായ സ്ഥിതിവിവര ശാസ്ത്രത്തിന്റെ പ്രാഥമിക രീതിശാസ്ത്രം പോലും അവഗണിച്ചുകൊണ്ടുള്ളതാണ് മിക്കതും. ഇത്തരം അശാസ്ത്രീയമായ സർവെകൾ ഒന്നുകിൽ മാധ്യമങ്ങൾ നൽകുന്ന ‘പെയ്ഡ് സ്റ്റോറി’കളോ അല്ലെങ്കിൽ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ ശക്തിപ്പെടുത്തുന്നതിനുള്ള സൂത്രങ്ങളോ മാത്രമാണ്.

അഭിപ്രായ സർവേകളുടെ കൃത്യത മനസ്സിലാക്കാനും തെരഞ്ഞെടുപ്പിനുശേഷം ഏതു ഘടകമാണ് ഫലത്തെ സ്വാധീനിച്ചതെന്ന് വ്യാഖ്യനിക്കാനും രാജ്യത്തെ സവിശേഷമായ സാമൂഹ്യ- രാഷ്ട്രീയ പശ്ചാത്തലത്തിൽ സാധിക്കില്ലയെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് മുൻപുള്ള അഭിപ്രായ സർവ്വേ ഫലങ്ങളെയും തിരഞ്ഞെടുപ്പിനുശേഷം ലഭിച്ച വോട്ടിനെ അടിസ്ഥാനമാക്കിയുള്ള ജനങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് മാധ്യമങ്ങളും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദരും നൽകുന്ന അനുമാനങ്ങളെ അംഗീകരിക്കാൻ ഈ സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു പരിധി വരെ നാം നിർബന്ധിക്കപ്പെടുകയാണ്.

ജനസംഖ്യയും വോട്ടർമാരും

രാജ്യത്തെ വോട്ടവകാശമുള്ള 18 വയസ്സ് തികഞ്ഞവർ ആകെയുള്ള 144 കോടി ജനങ്ങളിൽ 65 ശതമാനത്തിനടുത്താണ്. അവരിൽ തന്നെ ശരാശരി 60- 70 ശതമാനം പേരാണ് വോട്ടു ചെയ്യാൻ സാധ്യതയുള്ളത്. അതായത്, രാജ്യത്തെ 144 കോടി ജനങ്ങളിൽ വോട്ട് ചെയ്യാൻ സാധ്യതയുള്ള 50 കോടിയോളം വരുന്നവരുടെ പ്രതിനിധികളായിട്ടായിരിക്കും 18ാം ലോകസഭാ തെരഞ്ഞെടുപ്പിലൂടെ ജയിച്ചുവരുന്നവർ ലോകസഭയിലെത്തുക.

അതുപോലെ, ആകെ പോൾ ചെയ്തതിന്റെ ഏതാണ്ട് 30- 49 ശതമാനം വോട്ടുകളാണ് കഴിഞ്ഞകാല തിരെഞ്ഞെടുപ്പുകളിൽ ജയിച്ച് അധികാരത്തിലേറിയ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചു വന്നിരുന്നത്. 1984- ലെ പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടിക്കാണ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടു ശതമാനമായ 49 ശതമാനം ലഭിച്ചത്. 2019- ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന
ബി ജെ പിക്ക് ആകെ പോൾ ചെയ്ത വോട്ടുകളിൽ ലഭിച്ചത് 30 ശതമാനത്തിനടുത്ത് വോട്ടുകളാണ്. ഈ കണക്കുകൾ നൽകുന്ന സൂചന, 2019- ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ബി ജെ പിക്ക് 25 കോടിയോളം വരുന്ന ജനങ്ങളിൽ നിന്നാണ് പിന്തുണ ലഭിച്ചതെന്നാണ്.

1952- ലെ ആദ്യ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിലെ രണ്ടിൽ ഒരാൾ മാത്രമായിരുന്നു (ഏതാണ്ട് 45 ശതമാനം) വോട്ട് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഏകദേശം മൂന്നിൽ രണ്ടു പേർ വോട്ട് രേഖപ്പെടുത്തുന്ന സ്ഥിതിയിലേക്ക് അടുത്തകാലത്തായി നടന്ന തെരഞ്ഞെടുപ്പുകൾ മാറി. ആദ്യ കാല തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുന്നതിന് സ്ത്രീകൾ വലിയ തരത്തിലുള്ള ആഭിമുഖ്യം കാണിച്ചിരുന്നില്ല. പുരുഷ- സ്ത്രീ വോട്ടർമാർ ഏതാണ്ട് തുല്യമായ രാജ്യത്ത് സ്ത്രീകൾ കൂടുതലായി വോട്ട് രേഖപ്പെടുത്താൻ തയ്യാറായതോടുകൂടിയാണ് വോട്ട് ശതമാനത്തിൽ ഇത്തരം വർധനയുണ്ടായത്. തെരഞ്ഞെടുപ്പ് കമീഷൻ്റെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ നടത്തിയ ജനസമ്പർക്ക പരിപാടികളും സ്ത്രീ ജനപ്രതിനിധികളുടെയും സ്ഥാനാർഥികളുടെയും സാന്നിധ്യവുമാണ് 65- 70 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തുന്ന പശ്ചാത്തലം രാജ്യത്ത് സൃഷ്‌ടിച്ചത്.

കഴിഞ്ഞകാല തെരഞ്ഞെടുപ്പ് കണക്കുകൾ നൽകുന്ന സൂചനകൾ അനുസരിച്ച്, ജനാധിപത്യ പ്രക്രിയയിൽ സജീവമാവുന്നതും വോട്ടു രേഖപ്പെടുത്താൻ മുന്നോട്ടുവരുന്നതും സമൂഹത്തിലെ വരേണ്യ വിഭാഗത്തിലുള്ള വോട്ടർമാരെക്കാൾ കൂടുതൽ സാധാരണക്കാരും പാവങ്ങളുമാണെന്നാണ്.

ജനങ്ങൾ എന്തിനെ അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്യുന്നത്?

ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ സ്വാധീനിക്കാൻ പറ്റുന്ന ആശയവും മുദ്രാവാക്യങ്ങളുമായി പ്രകടനപത്രിക പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രചാരണത്തിന് നേതൃത്വം നൽകാറുമുണ്ട്. പ്രകടന പത്രികയെ അടിസ്ഥാനമാക്കിയാണോ ജനം വോട്ടു ചെയ്യുന്നത് എന്നത് സാധാരണഗതിയിൽ ചർച്ച ചെയ്യുന്ന ഗൗരവമുള്ള രാഷ്ട്രീയ വിഷയമാണ്. പഴയകാല തിരെഞ്ഞെടുപ്പ് അനുഭവങ്ങളും ഫലങ്ങളും വിശകലനം ചെയ്താൽ മനസ്സിലാക്കാൻ സാധിക്കുന്നത്, അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ് ജനങ്ങൾ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെ ഗൗരവമായി വിലയിരുത്തി വോട്ടുചെയ്തിട്ടുള്ളത് എന്നാണ്. മറ്റു സന്ദർഭങ്ങളിലെല്ലാം അതാതു പ്രദേശത്തിലെ സജീവ സാമൂഹ്യ- രാഷ്ട്രീയ പ്രശ്നങ്ങളെയും രാഷ്ട്രീയ പാർട്ടികൾ ബോധപൂർവം ഉയർത്തികൊണ്ടുവന്ന വൈകാരികമായ വിഷയങ്ങളെയും അടിസ്ഥാനമാക്കിയാണ് ജനങ്ങൾ വോട്ടു ചെയ്തിട്ടുള്ളത്.

ബി.ജെ.പിയുടെ പ്രകടനപത്രികയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് എല്ലാ തെരഞ്ഞെടുപ്പുകളിലും ദേശീയ രാഷ്ട്രീയ പാർട്ടികൾ പ്രകടന പത്രികയിൽ പ്രതിപാദിച്ചിരുന്നുവെങ്കിലും അവ പരിഹരിക്കാനുള്ള ഭരണകൂട പരിപാടികളെകുറിച്ചും അതിൻ്റെ ഫലപ്രാപ്തിയെക്കുറിച്ചും വിലയിരുത്താൻ വോട്ടർമാരും തയാറാകുന്നില്ലയെന്നതാണ് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിലെ ദൗർഭാഗ്യകരമായ വസ്തുത. എന്നാൽ ഇതിന് വ്യത്യസ്തമായ ഒരു മാതൃക പരിചയപ്പെടുത്തിയത് 2016- ൽ അധികാരത്തിൽ വന്ന കേരള സർക്കാരാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെയും അവയിൽ നടപ്പിലാക്കിയതും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ‘പ്രോഗ്രസ് റിപ്പോർട്ട്’ ജനങ്ങളുടെ മുന്നിൽ വർഷംതോറും അവർ അവതരിപ്പിച്ചു.

പ്രകടന പത്രികകളിൽ വോട്ടർമാരെ ഏറ്റവും സ്വാധീനിച്ച മുദ്രാവാക്യം ഒരുപക്ഷേ 1971- ൽ ഇന്ദിരാഗാന്ധി മുന്നോട്ടുവെച്ച ദാരിദ്ര്യ നിർമാർജ്ജനത്തിനായുള്ള ‘ഗരിഭീ ഹഠാവോ’ ആയിരിക്കും. സാധാരണക്കാരുടെ ജീവിത പ്രശ്നത്തെ വളരെ കൃത്യമായി അഭിസംബോധന ചെയ്യാൻ സാധിക്കുന്ന ലളിതമായ ഈ മുദ്രാവാക്യമാണ് സ്വന്തം പാർട്ടിൽനിന്നുപോലും വലിയതോതിലുള്ള ഭീഷണി നേരിടേണ്ടിവന്നിരുന്ന ഇന്ദിരാഗാന്ധിക്ക് അന്ന് തുണയായത്.

പിന്നീട് എടുത്തുപറയാൻ കഴിയുന്നത് ‘ഇന്ത്യ തിളങ്ങുന്നു’ എന്ന, അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ 2004- ൽ മുന്നോട്ടുവെച്ച മുദ്രാവാക്യമാണ്. അധികാരത്തിൽ തിരികെയെത്തുമെന്ന ശുഭാപ്തി വിശ്വാസം വാജ്‌പേയ് സർക്കാറിനുണ്ടായിരുന്നുവെങ്കിലും ജനം ഈ മുദ്രാവാക്യം നിരാകരിക്കുകയും പ്രസ്തുത തെരഞ്ഞെടുപ്പിൽ വാജ്‌പേയ് സർക്കാരിന് അധികാരത്തിൽ നിന്ന് പുറത്തുപോകേണ്ടിയും വന്നു.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയുമായി പി.ചിദംബരം, സോണിയാഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ തുടങ്ങിയവർ

2014- ലെ തിരെഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി മുന്നോട്ടുവെച്ച ‘അച്ഛേ ദിൻ’ (സുവർണ്ണ ദിനങ്ങൾ) എന്ന വാഗ്ദാനം വലിയ തോതിൽ ജനങ്ങളെ ആകൃഷ്ടരാക്കിയിരുന്നുവെന്നതാണ് വാസ്തവം. 2019-ൽ ബി ജെ പി മുന്നോട്ടുവെച്ച ‘വീണ്ടും ഒരിക്കൽ കൂടി മോദി’ മുദ്രാവാക്യവും ബി ജെ പിക്ക് രണ്ടാമൂഴം നൽകുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.

എന്നാൽ, രണ്ടു തവണ അധികാരത്തിലെത്തിയ മോദിയുടെ ഭരണത്തിൽ ജനങ്ങൾ പ്രതീക്ഷിച്ച നേട്ടങ്ങൾ ഉണ്ടായില്ലെന്നുമാത്രമല്ല ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ഗണ്യമായി വർധിക്കുകയും എല്ലാ മേഖലയിലും രാജ്യം പിന്നോട്ടടിക്കുയും ചെയ്തു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ അധികാരത്തിലിരുന്ന കാലത്ത് ശ്രമിച്ചില്ലയെന്നതു മാത്രമല്ല കോർപ്പറേറ്റുകളെ സഹായിച്ചുകൊണ്ടുള്ള നയപരിപാടികളാണ് രാജ്യം മുഴുവൻ നടപ്പിലാക്കിയതും. കോവിഡ് കാലത്ത് കോർപ്പറേറ്റുകൾ നൽകേണ്ടിയിരുന്ന നികുതിവിഹിതം ഗണ്യമായി കുറച്ചെങ്കിലും അതിന് സമാനമായ ഏന്തെങ്കിലും ആനുകൂല്യം രാജ്യത്തെ കർഷകർക്കും ഇടത്തരം വരുമാനക്കാർക്കും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലയെന്നതും എല്ലാവരും തിരിച്ചറിഞ്ഞ വസ്തുതയാണ്. അതുകൊണ്ടാണ് വിലക്കയറ്റത്താൽ പൊറുതിമുട്ടുന്ന സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലെയും വലിയൊരു ശതമാനം ഇത്തരത്തിലുള്ള ദുരവസ്ഥക്ക് ഉത്തരവാദികൾ കേന്ദ്ര സർക്കാരാണെന്ന് തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ മിക്ക അഭിപ്രായ സർവ്വേകളിലും വ്യക്തമാക്കിയത്.

അതുപോലെ, കേന്ദ്ര സർക്കാരിൻ്റെ നേതൃത്വത്തിൽ വലിയ അഴിമതിയാണ് രാജ്യത്ത് നടക്കുന്നതെന്ന തിരിച്ചറിവ് വോട്ടർമാരിടയിൽ ഉണ്ടെന്നുള്ളതാണ് മിക്ക ഏജൻസികളുടെയും നേതൃത്വത്തിൽ ശേഖരിച്ച ജനങ്ങളുടെ അഭിപ്രായത്തിൽ നിന്ന് വ്യക്തമായത്. സാധാരണക്കാർക്കുപോലും ഇലക്‌ടറൽ ബോണ്ട് എന്നത് അന്യമായി കോർപ്പറേറ്റുകളിൽനിന്നും മറ്റു വ്യവസായികൾ നിന്നും അവരുടെ അന്യമായ കാര്യങ്ങൾ നേടിയെടുക്കാനുള്ള അഴിമതിപ്പണമാണെന്നും അതിൽ സിംഹഭാഗവും നേടിയത് മുഖ്യ കക്ഷിയായ ബി ജെ പിയും കോൺഗ്രസുമാണെന്നതും കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു.

കഴിഞ്ഞ പത്തു വർഷം കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന ബി ജെ പി ജനങ്ങളുടെ മുന്നിൽ മുൻ പ്രകടനപത്രികയിൽ മുന്നോട്ടു വെച്ച വാഗ്ദാനങ്ങളുടെയും അവയുടെ ലംഘനങ്ങളുടെയും കണക്കുകൾ സത്യസന്ധമായി ജനങ്ങൾ വിലയിരുത്തി വോട്ട് ചെയ്യാൻ തയ്യാറായാൽ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ബി ജെപിയുടെ തോൽവിയായിരിക്കും സംഭവിക്കുക.

കോവിഡിനുശേഷം ഇന്നേവരെ അഭിമുഖീകരിക്കാത്ത തരത്തിലുള്ള തൊഴിലില്ലായ്മയും പട്ടിണിയും വിലവർധനവും കൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന പ്രശ്നസങ്കീർണ്ണമായ സാമൂഹ്യ പശ്ചാത്തലത്തിൽ നടക്കുന്ന 2024- ലെ പൊതു തിരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരിനോടുള്ള അസംതൃപ്തി പ്രകടമാക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും ജനങ്ങൾ നൽകാൻ സാധ്യതയെന്ന് ഭരണകക്ഷിയായ ബി ജെ പി ഭീതിയോടെ സംശയിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉയർത്തിയ ‘ഇന്ത്യ തിളങ്ങുന്നു’, ‘സുവർണ്ണ ദിനങ്ങൾ’ എന്നതുപോലെയുള്ള മുദ്രാവാക്യങ്ങൾ ഒഴിവാക്കി വർഗീയ ധ്രുവീകരണം നടത്തി തങ്ങളുടെ വ്യമോഹമായ ‘ഇക്കുറി 400 സീറ്റ്’ എന്ന മുദ്രാവാക്യത്തിലൂടെ ജനവിധി തങ്ങൾക്കു അനുകൂലമാക്കാൻ ശ്രമിക്കുന്നത്.

Comments