പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യം; ബാബാ രാംദേവ് സുപ്രീംകോടതിയിൽ ഹാജരാകണം

‘‘കോടതിയലക്ഷ്യനോട്ടീസിന് മറുപടി നൽകാതിരിക്കുന്നത് ഏറെ ഗൗരവത്തോടെയാണ് കോടതി പരിഗണിക്കുത്. നോട്ടീസിന് മറുപടി നൽകിയിട്ടില്ല എന്നതിനർഥം, അതിന്റെ പ്രത്യാഘാതം കൂടി നേരിടേണ്ടിവരും എന്നാണ്’’.

Think

തെറ്റിധാരണാജനകമായ പരസ്യങ്ങൾ പബ്ലിഷ് ചെയ്യുന്നുവെന്ന പരാതിയിൽ പതഞ്ജലി ആയുർവേദക്കെതിരായ കോടതിയലക്ഷ്യ കേസിൽ, യോഗ ഗുരു ബാബ രാം ദേവിനോടും മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണനോടും നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സാനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.

സ്വയം യോഗ ആചാര്യനായി ചമഞ്ഞ് ബാബാ രാംദേവ് നടത്തുന്ന വ്യാജ കാമ്പയിനും കോവിഡ് വാക്സിനും മോഡേൺ മെഡിസിനും എതിരായ പ്രചാരണത്തിനുമെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ, ഇത്തരം പരസ്യങ്ങൾ നിർത്തിവക്കാൻ സുപ്രീംകോടതി ഫെബ്രുവരി 27-ന് ഇടക്കാല ഉത്തരവ് നൽകിയിരുന്നു. 1954-ലെ ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് ആക്റ്റിൽപറയുന്ന രോഗങ്ങളും ആരോഗ്യ തകരാറുകളും സുഖപ്പെടുത്തും എന്ന് അവകാശപ്പെടുന്ന മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും പരസ്യം പ്രസിദ്ധീകരിക്കുന്നത് നിർത്തിവക്കാനായിരുന്നു ഇടക്കാല ഉത്തരവ്.

ആചാര്യ ബാലകൃഷ്ണ, ബാബ രാംദേവ്

രോഗം ഭേദപ്പെടുത്തും എന്നവകാശപ്പെട്ട് നടത്തുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ, ഓരോ ഉൽപ്പന്നതിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്ന് കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി മുന്നറിയിപ്പു നൽകിയിരുന്നു. ഭാവിയിൽ ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും മാധ്യമങ്ങളിലൂടെ വ്യാജ അവകാശവാദങ്ങൾ നടത്തരുതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ കോടതി നിർദേശിച്ചിരുന്നു. അന്ന് പതഞ്ജലി, ഇത്തരം അവകാശവാദങ്ങൾ നടത്തില്ലെന്ന് ഉറപ്പു നൽകി. എന്നാൽ, ഇത് ലംഘിക്കപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. ഇത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പതഞ്ജലി കമ്പനിക്കും എം.ഡി ആചാര്യ ബാലകൃഷ്ണനും കോടതിയലക്ഷ്യത്തിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇതിന് മറുപടി നൽകാത്തതിനെതുടർന്നാണ് ഇരുവരോട് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടത്.
കേസിൽ മുകുൾ റോത്തഗിയാണ് പതഞ്ജലി ആയുർവേദക്കുവേണ്ടി ഹാജരായത്.

ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുള്ള

കേസ് കഴിഞ്ഞതവണ പരിഗണിച്ചപ്പോൾ, ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നുവെന്നും എന്തുകൊണ്ടാണ് കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നത് എന്നും വ്യക്തമാക്കിയിരുന്നതായി കോടതി പറഞ്ഞു. ഇതിന് മറുപടി നൽകാൻ രണ്ടാഴ്ചയും നൽകിയിരുന്നു. എന്നാൽ, മറുപടി ലഭിച്ചില്ല. അതുകൊണ്ട്, കേസിൽ അടുത്ത വാദം നടക്കുമ്പോൾ ഇരുവരും കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ബെഞ്ച് വ്യക്തമാക്കി.

കോടതിയലക്ഷ്യനോട്ടീസിന് മറുപടി നൽകാതിരിക്കുന്നത് ഏറെ ഗൗരവത്തോടെയാണ് കോടതി പരിഗണിക്കുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നോട്ടീസിന് മറുപടി നൽകിയിട്ടില്ല എന്നതിനർഥം, അതിന്റെ പ്രത്യാഘാതം കൂടി നേരിടേണ്ടിവരും എന്നാണ്. സാധാരണ മറുപടിക്ക് നൽകാറുള്ള ഒരാഴ്ചക്കുപകരം രണ്ടാഴ്ച നൽകിയിട്ടും മറുപടി നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് കോഹ്‌ലി ചോദിച്ചു.

Comments