പെഗാസസ്​ ആക്രമണം: ഈ നിശ്ശബ്​ദത
മോദി സർക്കാറിനെ പ്രതികൂട്ടിലാക്കുന്നു

മോദി സർക്കാർ അധികാരത്തിലേറിയശേഷം ഇസ്രയേലുമായുള്ള ഇന്ത്യയുടെ വിദേശകാര്യ നയത്തിൽ വന്ന സവിശേഷ മാറ്റങ്ങൾ പെഗാസസ്​ ചോർത്തലുമായി കൂട്ടിവായിക്കേണ്ടതുണ്ട്- പെഗാസസ്​ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിക്കുകയും പാർലമെൻറിൽ പ്രതിപക്ഷ ​പ്രതിഷേധത്തിൽ പങ്കാളിയുമായ ജോൺ ബ്രിട്ടാസ്​ എം.പി എഴുതുന്നു

ന്ത്യൻ ജനാധിപത്യം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുന്ന വിഷയമായി പെഗാസസ് മാറിയിരിക്കുകയാണ്. സാമ്പ്രദായികമായി ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലു തൂണുകൾ എന്ന് വിശേഷിപ്പിക്കുന്ന എക്‌സിക്യുട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി, മീഡിയ എന്നിവയുടെ തകർച്ചയാണ് പെഗാസസ് എന്ന സൈബർ ആയുധം ലക്ഷ്യം വെക്കുന്നത്. എക്‌സിക്യൂട്ടീവിലെ ഒരു വിഭാഗം ആളുകൾക്കെതിരെ ഈ ആയുധം ഉപയോഗിച്ചിട്ടുണ്ട്. നരേന്ദ്രമോദിക്ക് നിരീക്ഷിക്കേണ്ടവരെ പെഗാസസിലൂടെ നിരീക്ഷിക്കുന്നുണ്ട്. ഒരു ജഡ്ജിക്കെതിരേയും, ഒരു ജഡ്ജിക്ക് വേണ്ടിയും ഇത് പ്രയോഗിച്ചതായി തെളിയിക്കപ്പെട്ടു.

ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ നേതാക്കൾക്കു നേരെയും ഈ സ്പെെ വെയർ പ്രയോഗിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് അർത്ഥം നൽകുന്നത് പ്രതിപക്ഷത്തിന്റെ സാന്നിധ്യമാണ്. കേന്ദ്ര സർക്കാറിനെതിരെ എതിർപ്പിന്റെ ശബ്ദമുയർത്തുന്ന മാധ്യമപ്രവർത്തകരെ മാത്രമല്ല, സർക്കാറിനെ പിന്തുണക്കുന്ന മാധ്യമങ്ങളുടെ എഡിറ്റർമാരെ പോലും ഈ സമ്പൂർണ നിരീക്ഷണ വലയത്തിനുള്ളിൽ കൊണ്ടുവന്നിട്ടുണ്ടെന്നതാണ് വസ്തുത. പെഗാസസിനെ കുറിച്ചുള്ള ഗുരുതര വെളിപ്പെടുത്തലുണ്ടായിട്ടും രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമങ്ങൾ അതിനെതിരെ പ്രതികരിക്കുന്നില്ലെന്ന ദൗർഭാഗ്യകരമായ അവസ്ഥയുമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് എഡിറ്റോറിയൽ കോളം ഒഴിച്ചിട്ട്​പ്രതിഷേധിച്ച പത്രങ്ങൾ പോലും ഇന്ന് മുട്ടിലിഴയുന്ന കാഴ്ചയാണ്.

ആദ്യ പേജിൽ പെഗാസസിനെ കുറിച്ച് വാർത്ത നൽകാത്ത പത്രങ്ങൾ പോലും രാജ്യത്തുണ്ട്. അത്ര പ്രാധാന്യമാണ് മുഖ്യധാരാ മാധ്യമങ്ങൾ പെഗാസസിന് നൽകുന്നത്.

സാമ്പത്തിക താൽപര്യങ്ങളിലൂന്നിയ ഭയമായിരിക്കണം ഇതിനു പിന്നിൽ. ഏതെങ്കിലും തരത്തിൽ കേന്ദ്ര സർക്കാറിനെ എതിർക്കുന്നവർക്കെതിരെ അന്വേഷണ ഏജൻസികളെ അഴിച്ചു വിടുകയെന്നത് പതിവാണ്. ഈയിടെ ദൈനിക് ബാസ്‌കറിൽ ഇ.ഡി. നടത്തിയ വ്യാപക പരിശോധന ഉദാഹരണം. സർക്കാറിനോട് താൽപര്യം പ്രകടിപ്പിക്കുന്ന പത്രമായിരുന്നത്. എന്നാൽ കോവിഡ് കാലത്തെ സർക്കാറിന്റെ അനാസ്ഥ തുറന്നു കാണിക്കുന്ന റിപ്പോർട്ടിങ്ങാണ് ദൈനിക് ഭാസ്‌കറിൽ നടന്ന പരിശോധയ്ക്ക് പ്രേരകമായതെന്ന് അനുമാനിക്കാം. ഹിന്ദുസ്ഥാൻ ടൈംസിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റർ ശിശിർ ഗുപ്ത, വ്യൂസ് എഡിറ്റർ പ്രശാന്ത് ജാ, ഡിഫൻസ് കറസ്‌പോണ്ടൻറ്​ രാഹുൽ സിങ്ങ് എന്നിവർ പെഗാസസ് പട്ടികയിൽ ഉണ്ടായിരുന്നിട്ടും, ഒറ്റ കോളം വാർത്തയായിട്ടാണ് പത്രം ആദ്യ ദിവസം പെഗാസസ് വിഷയം കൈകാര്യം ചെയ്തത്. ആദ്യ പേജിൽ പെഗാസസിനെ കുറിച്ച് വാർത്ത നൽകാത്ത പത്രങ്ങൾ പോലും രാജ്യത്തുണ്ട്. അത്ര പ്രാധാന്യമാണ് മുഖ്യധാരാ മാധ്യമങ്ങൾ പെഗാസസിന് നൽകുന്നത്.

ദൈനിക് ബാസ്‌കറിന്റെ ഉത്തർപ്രദേശിലുള്ള ന്യൂസ് ചാനൽ ഓഫീസിൽ നടത്തിയ ഇൻകം ടാക്‌സ് പരിശോധന

പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ നിസ്സാരവത്കരിച്ചും, പതിവ് വാചാടോപങ്ങളിലൂടെയുമാണ് ഭരണകൂടം പെഗാസസിനെ നേരിടുന്നത്. ഏതൊരു ജനാധിപത്യ സർക്കാരും അംഗീകരിക്കേണ്ട ഉപാധികൾ മാത്രമാണ് പ്രതിപക്ഷം ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടു വെച്ചത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഉത്തരവാദിയായ മന്ത്രി, അമിത് ഷാ, പാർലമെന്റിൽ സമഗ്രമായ ഒരു ചർച്ചയ്ക്ക് തയ്യാറാവുകയും, വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്യണം. എന്നാൽ പാർലമെന്റിൽ ചർച്ച ചെയ്യാനുള്ള പ്രാധാന്യം പോലും പെഗാസസ് വിഷയത്തിനില്ലെന്നാണ് ഭരണപക്ഷ നിലപാട്. ആദ്യ ദിവസം തന്നെ വിഷയത്തെ വെള്ളപൂശാൻ കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്​ണവ്​ ഒഴുക്കൻ മട്ടിലുള്ള ഒരു സ്റ്റേറ്റ്‌മെൻറ്​ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. അശ്വിനി വൈഷ്ണവ് പോലും പെഗാസസ് ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നതാണ് ദൗർഭാഗ്യകരമായ വസ്തുത.

പെഗാസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകുന്ന വിവര സാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്.

2017-ലെ പുത്തുസ്വാമി vs യൂണിയൻ ഓഫ് ഇന്ത്യ കേസിലെ വിധി പ്രസ്താവം അനുസരിച്ച് സ്വകാര്യത ഒരു മൗലികാവകാശമാണെന്നും, ഈ അവകാശം സംരക്ഷിക്കപ്പെടുന്ന നടപടികൾ ഉണ്ടാവണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതിനെ തുടർന്ന് ഡാറ്റ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ കമീഷന്റെ ഒരു റിപ്പോർട്ടു വന്നു. ശേഷം കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് ഒരു കരട് ബിൽ ആവിഷ്‌കരിച്ച് അത് സംയുക്ത പാർലിമെന്ററി സമിതിക്ക് വിട്ടു. 2019 ഡിസംബറിലായിരുന്നത്. സംയുക്ത സമിതിയുടെ റിപ്പോർട്ട് എന്ന് വരുമെന്നതിനെ കുറിച്ച് ഒരു വ്യക്തതയുമില്ല. സുപ്രീം കോടതി വിധിയെ സർക്കാർ നിസ്സംഗതയോടെ നോക്കിക്കാണുന്നതിന്റെ ഉദാഹരമാണിത്.

ഒരു മാധ്യമപ്രവർത്തകൻ എന്ന നിലക്കും, പാർലമെൻറ്​ അംഗം എന്ന നിലക്കുമാണ് പെഗാസസ് സ്പെെ വെയർ പ്രയോഗത്തിനെതിരെ ഞാൻ സുപ്രീം കോടതിയെ സമീപിച്ചത്. പാർലമെന്റിൽ ഇതു സംബന്ധിച്ച് പ്രതികരണമൊന്നും ലഭിക്കുന്നില്ല. ഇന്ത്യയുടേത് ഒരു പാർലമെന്ററി സമ്പ്രദായമാണ്, അതിൽ എക്‌സിക്യുട്ടീവ് അഥവാ സർക്കാർ പാർലമെന്റിനോട് ഉത്തരവാദിത്തം പ്രകടിപ്പിച്ചു കൊണ്ടാണ് ഭരണം മുന്നോട്ടു കൊണ്ടു പോകേണ്ടത്. എന്നാൽ പാർലമെന്റിനെ ഒരു കാരണവശാലും വിശ്വാസത്തിലെടുക്കില്ലെന്ന സർക്കാറിന്റെ നിർബന്ധബുദ്ധി കാരണമാണ് പാർലമെൻറ്​ അംഗമായ എനിക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്.

ഇസ്രയേലിലെ എൻ.എസ്.ഒയുടെ പെഗാസസ് എന്ന സ്പെെ വെയർ സർക്കാർ ഉപയോഗിച്ചോ ഇല്ലയോ എന്ന ഒറ്റ ചോദ്യത്തിനാണ് മറുപടി ലഭിക്കേണ്ടത്.

മാധ്യമ മേഖലയെ തന്നെ അർത്ഥശൂന്യമാകുന്ന ഒരവസ്ഥയാണ് പെഗാസസ് സൃഷ്ടിച്ചത്. സർക്കാറിനോട് വിമർശനാത്മക നിലപാട് പുലർത്തുന്ന നിരവധി മാധ്യമപ്രവർത്തകരാണ് പെഗാസസ് പട്ടികയിലുള്ളത്. നിരന്തര നിരീക്ഷണ ഭീഷണി നിലനിൽക്കേ, മാധ്യമപ്രവർത്തകർക്ക് വാർത്തയുമായി ബന്ധപ്പെട്ട് ഏതെങ്കിലും സോഴ്‌സിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇന്ത്യയിലെ സ്വതന്ത്ര അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ തന്നെ അവസാനമായിരിക്കാം ഒരുപക്ഷെ ഇത്.

ഇസ്രയേലിലെ എൻ.എസ്.ഒയുടെ പെഗാസസ് എന്ന സ്പെെ വെയർ സർക്കാർ ഉപയോഗിച്ചോ ഇല്ലയോ എന്ന ഒറ്റ ചോദ്യത്തിനാണ് മറുപടി ലഭിക്കേണ്ടത്. ആഭ്യന്തരമായും അന്തരാരാഷ്ട്ര തലത്തിലും ഇന്ത്യയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിൽ പ്രധാനം ഈ ചോദ്യത്തിനുള്ള ഉത്തരമില്ലായ്മയാണ്. പെഗാസസ് ആക്രമണത്തിനിരയായ ഫ്രാൻസ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ഇസ്രയേലുമായി വിഷയം ചർച്ച ചെയ്യുകയുമുണ്ടായി. പെഗാസസ് പ്രൊജക്ട് പട്ടികയിലുണ്ടായിരുന്ന ഫ്രാൻസിലെ മൂന്ന് മാധ്യമപ്രവർത്തകരുടെ ഫോണിൽ പെഗാസസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. പെഗാസസിന്റെ പ്രഭവ കേന്ദ്രമായ ഇസ്രയേൽ പോലും എൻ.എസ്.ഒ ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

പെഗാസസിന്റെ പ്രഭവ കേന്ദ്രമായ ഇസ്രയേൽ പോലും എൻ.എസ്.ഒ ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്..

പെഗാസസ് പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ സമ്പൂർണ ജനാധിപത്യ വ്യവസ്ഥ ഉണ്ടെന്ന് അവകാശപ്പെടാവുന്ന ഒരു രാജ്യം ഇന്ത്യ മാത്രമാണ്. എന്നാൽ ഈ വിഷയത്തിൽ ഒരന്വേഷണമോ, പാർലമെന്റിൽ ഒരു സമ്പൂർണ ചർച്ചയ്ക്കോ തയ്യാറാവാതിരിക്കുമ്പോൾ‌, ഇന്ത്യയുടെ ജനാധിപത്യ അവകാശവാദങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്.

കേവലം ഫോൺ ടാപ്പിങ്ങ് ആയോ, നിരീക്ഷണോപാധിയായോ പെഗാസസിനെ നിസ്സാരവത്കരിക്കാൻ കഴിയില്ല. ജനങ്ങളുടെ മേൽ ഭരണകൂടം സമ്പൂർണമായ ആധിപത്യം സ്ഥാപിക്കുകയാണിതിലൂടെ. പൗരന്മാരെ ഒരു സാങ്കേതിക വിദ്യയുടെ അടിമയാക്കി മാറ്റി, വ്യക്തികളുടെ സ്വതന്ത്രപ്രകടനത്തെ നിർവീര്യമാക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകയാണ്.

സുപ്രീം കോടതി സമഗ്രമായ ഒരിടപെടലിലൂടെ പെഗാസസ് വിഷയം അനാവരണം ചെയ്യുകയും, ഇന്ത്യയിൽ അനിവാര്യമായിത്തീർന്നിരിക്കുന്ന ഒരുപാട് തിരുത്തലുകൾക്ക് വഴിവെക്കുകയും വേണം.

ഭരണകൂടം ഭീമ കൊറേഗാവ് കേസ് കൈകാര്യം ചെയത് രീതിയുടെ ഭീകരാവസ്ഥ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നില്ല. ഭീമ കൊറേഗാവ് കേസിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോഴാണ് പെഗാസസിന്റെ ഇരട്ട മുഖം വ്യക്തമാകുന്നത്- ഇന്റർസെപ്ഷൻ, ഇൻഫെക്ഷൻ. ഒരു വ്യക്തിയുടെ ഡിജിറ്റൽ ഡിവൈസിനെ ഭേദിക്കാനും (ഇന്റർസെപ്റ്റ്), പ്രസ്തുത വ്യക്തിയെ രാജ്യദ്രോഹിയായി കണക്കാക്കാനുള്ള തെളിവുകൾ ഡിവൈസിൽ നിക്ഷേപിക്കാനും (ഇൻഫെക്ട്) ചെയ്യാനും പെഗാസസിലൂടെ സാധിക്കും.

ഭീമ കൊറേഗാവ് കേസിലെ പ്രതിപട്ടികയിലുള്ള റോണ വിൽസണിന്റേയും, സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റേയും കമ്പ്യൂട്ടറുകളിൽ തെളിവുകൾ ബാഹ്യമായ ഇടപെടലിലൂടെ നിക്ഷേപിച്ചതാണെന്ന് മസാച്യുസെറ്റ്‌സ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർസനൽ കൺസൾട്ടിങ്ങ് എന്ന ഡിജിറ്റൽ ഫൊറൻസിക് ഫേം കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ത്യയിലെ ഫോറൻസിക് ലാബ് ഇത് കണ്ടെത്താനോ, കണ്ടെത്തിയെങ്കിൽ അത് പുറത്തു വിടാനോ തയ്യാറായിട്ടില്ല. വിദേശ മാധ്യമമായ വാഷിങ്ടൺ പോസ്റ്റാണ് ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ടുകൾ പുറത്തു വിട്ടത്. ഭീമ കൊറേഗാവ് കേസിൽ രാജ്യത്തെ മാധ്യമ മേഖല പ്രകടിപ്പിച്ച നിസ്സംഗതയും നിഷ്‌ക്രിയത്വവും ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഇടപെടലുകൾ ഭീമ കൊറേഗാവ് കേസിൽ മാത്രമല്ല, തങ്ങളുടെയും പടിവാതിൽക്കലെത്തി നിൽക്കുന്നെന്ന് അറിഞ്ഞിട്ടു പോലും മാധ്യമങ്ങൾ നിഷ്‌ക്രിയത്വം തുടരുകയാണ്.

സുരേന്ദ്ര ഗാഡ്‌ലിങ്ങ്, റോണ വിൽസൺ

40 രാജ്യങ്ങൾ, പത്തു പ്രധാനമന്ത്രിമാർ, മൂന്നു പ്രസിഡന്റുമാർ, ഒരു റോയൽ കിങ്ങ്, ഇത്ര ഗുരുതരമാണ് പെഗാസസ് അക്രമണത്തിന്റെ വ്യാപ്തിയും ടാർഗെറ്റിങ്ങും. എന്നാൽ പെഗാസസ് വിഷയം, പാർലമെന്റിന്റെ വർഷകാല സമ്മേളനം അലങ്കോലമാക്കാനുള്ള പ്രതിപക്ഷത്തിന്റെ പൊയ്‌വെടിയാണെന്നാണ് കേന്ദ്ര സർക്കാർ ഭാഷ്യം. അശ്വിനി വൈഷ്ണവ് പാർലമെന്റിൽ അവരിപ്പിച്ച പ്രസ്താവനയിൽ അതെടുത്തു പറയുന്നുണ്ട്. ഇത്തരത്തിൽ വിഷയത്തെ അടച്ചാക്ഷേപിക്കാനാണ് കേന്ദ്ര സർക്കാർ തുടക്കം മുതൽ ശ്രമിക്കുന്നത്.

സുപ്രീം കോടതി സമഗ്രമായ ഒരിടപെടലിലൂടെ പെഗാസസ് വിഷയം അനാവരണം ചെയ്യുകയും, ഇന്ത്യയിൽ അനിവാര്യമായിത്തീർന്നിരിക്കുന്ന ഒരുപാട് തിരുത്തലുകൾക്ക് വഴിവെക്കുകയും വേണം. ആറു മാസം മുൻപായിരുന്നെങ്കിൽ ഈ റിട്ട്​ ഹർജിയുമായി ഞാൻ സുപ്രീം കോടതിയെ സമീപിക്കില്ലായിരുന്നു. എന്നാൽ ഇന്ന് ഞാൻ സുപ്രീം കോടതിയിൽ നിന്ന്​ അനുകൂല വിധി പ്രതീക്ഷിക്കുന്നുണ്ട്. സുപ്രീം കോടതി ഉൾപ്പടെ ഇന്ത്യയിലെ ഒരു സംവിധാനത്തിനും ഇതിൽ നിന്ന് പരിരക്ഷ ഇല്ലെന്ന തിരിച്ചറിവാണ് വേണ്ടത്.

ഒരു വ്യക്തിയുടെ സ്വകാര്യതയെ എല്ലാ തലത്തിലും ഭേദിക്കുന്ന പെഗാസസ് സ്‌പൈവെയറിനെ കുറിച്ച് തങ്ങൾ ചർച്ച ചെയ്യാൻ തയ്യാറല്ലെന്ന് പറയുന്നത്, കേന്ദ്ര സർക്കാറിന്റെ അമിതാധികാര പ്രവണതയുടെ തെളിവാണ്.

യു.കെയിലെ MI5 ആണെങ്കിലും, യു.എസിലെ സി.ഐ.എ. ആണെങ്കിലും ജനാധിപത്യ രാജ്യങ്ങളിലെ ഇന്റലിജൻസ് ഏജൻസികൾക്ക് നിയമനിർമാണത്തിന്റെ അടിത്തറയുണ്ട്. ഇവയെല്ലാം ഒരു നിയമനിർമാണത്തിലൂടെ സൃഷ്ടിക്കപ്പെട്ടവയാണ്. ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോയ്ക്ക് (IB) ഇത്തരത്തിൽ അവകാശപ്പെടാനാവുന്നത് 1887-ലെ ഒരു സർക്കാർ ഉത്തരവ് മാത്രമാണ്. സമാനമായി 1968-ൽ റോ (Research and Analysis Wing) രൂപീകരിക്കുന്നതും സർക്കാർ ഉത്തരവിന്റെ മാത്രം പിൻബലത്തിലാണ്. ഭരണഘടനയിലൂന്നിയ അടിത്തറയോ പാർലമെന്ററി ഓവർസൈറ്റോ ഇവയ്ക്കില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് 2017-ലെ പുത്തുസ്വാമി vs യൂണിയൻ ഗവർമെൻറ്​ കേസിൽ സ്വകാര്യത മൗലിക അവകാശമാണെന്നും, അതിനാൽ പൗരന്റെ സ്വകാര്യതയെ ഭേദിക്കുന്ന എല്ലാ നടപടികൾക്കും ജുഡീഷ്യൽ അല്ലെങ്കിൽ പാർലമെന്ററി ഓവർസൈറ്റ് വേണമെന്നും നിർദേശിച്ചത്. എന്നാൽ നരേന്ദ്ര മോദി സർക്കാറിന്റെ ഭാഗത്തു നിന്ന് ഈ ദിശയിൽ ഒരു നീക്കവും ഉണ്ടായിട്ടില്ല.

റോണ വിൽസൻറെ കംപ്യൂട്ടറിൽ കണ്ടെത്തിയ തെളിവുകൾ കൃത്രിമമായി സ്ഥാപിച്ചതാണെന്ന ഡിജിറ്റൽ ഫൊറൻസിക് സ്ഥാപനമായ ആഴ്സണലിൻറെ കണ്ടെത്തിലിനെക്കുറിച്ചുള്ള വാഷിംഗ്ടൺപോസ്റ്റ് റിപ്പോട്ട്.

2014-ൽ യു.പി.എ. സർക്കാർ അധികാരത്തിലിരുന്ന കാലത്ത് പ്രതിമാസം 9000 ഫോണുകളും 500-ഓളം ഇ-മെയിലുകളും ചോർത്തിയെന്ന വിവരം ആർ.ടി.ഐ അന്വേഷണത്തിന് മറുപടിയായി നൽകിയിരുന്നു. എന്നാൽ ഫോൺ ടാപ്പിങ്ങുമായി ബന്ധപ്പെട്ട രേഖകൾ നൽകില്ലെന്നായിരുന്നു 2019 ലെ ആർ.ടി.ഐ. അന്വേഷണത്തിന് എൻ.ഡി.എ. സർക്കാർ നൽകിയ മറുപടി. പ്രസ്തുത വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് സ്‌റ്റേറ്റിന്റെ താൽപര്യത്തെ ബാധിക്കുമെന്നും, വ്യക്തികൾക്ക് അപകടസാധ്യത സൃഷ്ടിക്കുകയോ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തെ ബാധിക്കുകയോ ചെയ്യുമെന്നുമായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം. എന്നാൽ 2009നും 2018 നും ഇടയിൽ നടന്ന ഫോൺ ചോർത്തലുകളുടെ മൊത്തം വിവരം മാത്രമാണ് ആർ.ടി.ഐ. രേഖയിൽ ആരാഞ്ഞത്. പ്രത്യേക കേസിനെ കുറിച്ചോ വ്യക്തിയെ കുറിച്ചോ ആർ.ടി.ഐയിൽ പരാമർശമുണ്ടായിരുന്നില്ല. യു.പി.എ ഭരണകാലത്ത് പ്രതിമാസം 9000 ഫോണുകൾ ചോർത്തിയെങ്കിൽ എൻ.ഡി.എ. സർക്കാരിന് കീഴിൽ നടക്കുന്ന സ്നൂപ്പിങ്ങിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ.

2013-ൽ അരുൺ ജെയ്റ്റ്‌ലിയുടെ കോൾ ഡീറ്റെയ്ൽ റെക്കോർഡ്‌സ് ചോർന്നതിനെ മുൻനിർത്തി ബി.ജെ.പി പാർലമെൻറ്​ പ്രക്ഷുബ്ദമാക്കിയിരുന്നു. ആര് ആരെ വിളിച്ചു എന്ന വിവരം മാത്രമാണതിൽ നിന്ന് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിലെ മൂന്നു ഉദ്യോഗസ്ഥരടക്കം പത്തു പേരെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ കൂടുതൽ ഗുരുതരമായ, ഒരു വ്യക്തിയുടെ സ്വകാര്യതയെ എല്ലാ തലത്തിലും ഭേദിക്കുന്ന പെഗാസസ് സ്‌പൈവെയറിനെ കുറിച്ച് തങ്ങൾ ചർച്ച ചെയ്യാൻ തയ്യാറല്ലെന്ന് പറയുന്നത്, കേന്ദ്ര സർക്കാറിന്റെ അമിതാധികാര പ്രവണതയുടെ തെളിവാണ്.

ദിഗ്​വിജയ്​ സിങ്ങ്

2019 നവംബറിൽ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് ഇന്ത്യയിലെ പെഗാസസിന്റെ പ്രയോഗത്തെ കുറിച്ച് രാജ്യസഭയിൽ ചോദ്യം ചെയ്തിരുന്നു. വാട്‌സ്ആപ്പ് മെസഞ്ചർ പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഒ ഗ്രൂപ്പിനെതിരെ കാലിഫോർണിയയിലെ കോടതിയിൽ നൽകിയ ഹർജിയുടെ പശ്ചാത്തലത്തിലായിരുന്നു വിഷയം രാജ്യസഭയിൽ ഉന്നയിക്കപ്പെട്ടത്. വാട്‌സ്ആപ്പിന്റെ ഹരജിയിൽ ഇന്ത്യയിലെ വാട്‌സ്ആപ് ഉപഭോക്താക്കളിൽ പെഗാസസ് സ്‌പൈവെയർ പ്രയോഗിച്ച് വിവരങ്ങൾ ശേഖരിച്ചെന്ന് പരമാർശിച്ചിരുന്നു. അന്ന് ഐ.ടി. മന്ത്രിയായിരുന്ന രവി ശങ്കർ പ്രസാദ് ഇതിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു.""നടപടിക്രമങ്ങളുടെ ലംഘനത്തിന് നിയമപ്രകാരം നടപടിയെടുക്കാം. വിഷയത്തിൽ എന്തെങ്കിലും പ്രശ്‌നമുള്ളവർക്ക് ഔപചാരികമായി കേസ് നൽകാം. സർക്കാർ വേണ്ട നടപടി എടുക്കും.'' ജനാധിപത്യം അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കുമ്പോൾ, വ്യക്തികളിലേക്ക് വിഷയത്തെ ചുരുക്കി നിസ്സാരവത്കരിക്കാനാണ് അന്നും ബി.ജെ.പി സർക്കാർ ശ്രമിച്ചത്.

അശോക് ലവാസ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഭരണകൂട താൽപര്യങ്ങൾക്ക് വിരുദ്ധമായ നിലപാടെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ പെഗാസസ് ആക്രമണത്തിന് വിധേയമായെങ്കിൽ, അത് ഭാവിയിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെ കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പു കൂടിയാണ്

ഹിമക്കട്ടയുടെ അഗ്രം അൽപം കൂടെ വെളിപ്പെടുകയാണ് 2019ൽ നിന്ന് 2021-ലേക്കെത്തുമ്പോൾ. പെഗാസസിന്റെ വ്യാപ്തിയും, ജനാധിപത്യ വ്യവസ്ഥയെ തകിടം മറിക്കാനുള്ള അതിന്റെ ഉപയോഗ സാധ്യതയും വെളിപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാ ഇൻസ്റ്റിറ്റ്യൂഷനുകളേയും ഞെരുക്കുകയും തകർക്കുകയുമാണ് പെഗാസസിന്റെ ഉദ്ദേശ്യം. നരേന്ദ്ര മോദിക്കോ സർക്കാരിനോ ഭരണഘടനാ സ്ഥാപനങ്ങളിൽ വിശ്വാസമില്ല. തെരഞ്ഞെടുപ്പ് കമീഷൻ അംഗത്തിനെതിരെയും, സുപ്രീം കോടതി ജഡ്ജിനെതിരെയും, സ്വന്തം മന്ത്രിസഭാംഗത്തിനെതിരെയും പെഗാസസ് പ്രയോഗിക്കുമ്പോൾ അത് ബാധിക്കുന്നത് വ്യക്തികളെ മാത്രമല്ല, മറിച്ച് അവർ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടസ്ഥാപനങ്ങളെ കൂടിയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഭരണകൂട താൽപര്യങ്ങൾക്ക് വിരുദ്ധമായ നിലപാടെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ പെഗാസസ് ആക്രമണത്തിന് വിധേയമായെങ്കിൽ, അത് ഭാവിയിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെ കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പു കൂടിയാണ്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെഗാസസ് വ്യാപകമായി പ്രയോഗിച്ചിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചന.

സ്ഥാപിത താൽപര്യങ്ങളെ മുൻനിർത്തിയുള്ള സ്‌നൂപ്പിങ്ങ് നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. 2009-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയുടെ പ്രത്യേക താൽപര്യ പ്രകാരം ഒരു സ്ത്രീയെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ, തന്റെ "സാഹെബിന്' വേണ്ടി പ്രസ്തുത സ്ത്രീയുടെ ഫോൺ ടാപ്പ് ചെയ്യണമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് നിർദേശം നൽകുന്ന ഫോൺ സന്ദേശം മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നിരുന്നു. എന്നാൽ സ്ത്രീയുടെ അച്ഛൻ നരേന്ദ്ര മോദിക്ക് നൽകിയ അപേക്ഷ പ്രകാരമാണ് അവരെ നിരീക്ഷണത്തിന് വിധേയമാക്കിയതെന്ന വികലവാദമായിരുന്നു വിഷയത്തിൽ ബി.ജെ.പി ഉയർത്തിയത്. ഇത് പൊതു താൽപര്യവുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് വിലയിരുത്തി പ്രസ്തുത കേസ് അന്വേഷിക്കാൻ നിയോഗിച്ച സ്‌നൂപ് ഗേറ്റ് പാനൽ ഗുജറാത്ത് ഹൈക്കോടതി പിരിച്ചു വിടുകയും ചെയ്തു.

ഈ സമീപനത്തിന്റെ തുടർച്ചയെന്നോണം വേണം പെഗാസസ് ആക്രമണത്തെ കാണാൻ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെഗാസസ് വ്യാപകമായി പ്രയോഗിച്ചിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചന. മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഇസ്രയേലുമായുള്ള ഇന്ത്യയുടെ വിദേശകാര്യ നയത്തിൽ വന്ന സവിശേഷ മാറ്റങ്ങളും, ഇസ്രയേലുമായുള്ള ആയുധകരാറുകൾ ക്രമാതീതമായി വർധിച്ചതും ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്.

ഇനി പെഗാസസുമായി ഇന്ത്യൻ സർക്കാരിന് ബന്ധമൊന്നുമില്ലെന്നാണെങ്കിലും വിഷയം അതീവ ഗുരുതരമാണ്. ഒരു ബാഹ്യശക്തി ഇന്ത്യക്കെതിരെ പെഗാസസ് പ്രയോഗിച്ചതാണെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും അപകടത്തിലാണെന്നു വേണം അനുമാനിക്കാൻ. പെഗാസസിൽ ഭരണകൂട ഇടപെടലുണ്ടായിട്ടില്ലെങ്കിൽ വിപുലമായ അന്വേഷണത്തിന് സർക്കാർ മുൻകൈ എടുക്കേണ്ടതാണ്. ഏത് കോണിലൂടെ നോക്കിയാലും, ഇന്ത്യയുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയായി നിൽക്കുന്ന പെഗാസസിൽ സമ്പൂർണ അന്വേഷണത്തിൽ കുറഞ്ഞ ഒന്നും പര്യാപ്തമല്ല. പാർലമെന്റിനെയും പ്രതിപക്ഷത്തേയും കേന്ദ്ര സർക്കാർ അവഗണിക്കുന്ന സാഹചര്യത്തിൽ, ഭരണഘടനയുടെ കസ്റ്റോഡിയൻ ആയ സുപ്രീം കോടതിയിൽ നിന്ന്​ നീതിയുക്തമായ പരിഹാരം ഞാൻ പ്രതീക്ഷിക്കുന്നു. ▮


ജോൺ ബ്രിട്ടാസ്

രാജ്യസഭാംഗം, മാധ്യമപ്രവർത്തകൻ. കൈരളി ടി.വി എം.ഡിയും എഡിറ്ററുമാണ്. മറയില്ലാതെ, ചില്ലുജാലകക്കൂട്ടിൽ തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments