മോദിയുടെ മൗനം, ഒരു ചരിത്രത്തുടര്‍ച്ച കൂടിയാണ്

ഒന്നര മാസമായി, അണയാത്ത കലാപദേശമായി ഒരു സംസ്ഥാനം.

120 പേരുടെ മരണം.

50,000 പേരെ നേരിട്ടുബാധിച്ച അക്രമം.

300-ലേറെ അഭയാര്‍ഥി ക്യാമ്പുകളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള 20,000-ലേറെ പേര്‍ നരകിക്കുന്നു. ലക്ഷങ്ങളുടെ പലായനം. പൊലിസിനെയും ക്രമസമാധാന സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പരസ്പരം അക്രമിക്കുന്ന സായുധസംഘങ്ങള്‍.

സാധാരണ ജനങ്ങള്‍ക്കുനേരെ മാത്രമല്ല, സുരക്ഷാസംവിധാനങ്ങളെയാകെ മുള്‍മുനയില്‍നിര്‍ത്തിയിരിക്കുന്ന സായുധസംഘങ്ങള്‍.

എന്നിട്ടും, മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിശ്ശബ്ദനായിരിക്കുന്നത് എന്തുകൊണ്ട്?

മണിപ്പുര്‍ ഇന്ത്യയുടെ ഭാഗം തന്നെയല്ലേ എന്ന ചോദ്യം ചോദിച്ചത്, മുന്‍ മണിപ്പുര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്.

കഴിഞ്ഞദിവസം 'മന്‍ കി ബാതി'ല്‍ നരേന്ദ്രമോദി, അടിയന്തരാവസ്ഥയെ 'ഇന്ത്യയുടെ ഇരുണ്ട യുഗ'മായി പ്രഖ്യാപിക്കുമ്പോള്‍ ഇംഫാലില്‍ മോദിയുടെ ശബ്ദം മുഴങ്ങുന്ന റേഡിയോ കത്തിച്ചും എറിഞ്ഞുപൊട്ടിച്ചും പ്രതിഷേധിക്കുകയായിരുന്നു ഇംഫാലിലെ ജനങ്ങള്‍. ദേശീയപാതയുടെ ഇരുവശവും നിന്ന് സ്ത്രീകള്‍ മോദിക്കും ബി.ജെ.പിക്കും എതിരെ മുദ്രാവാക്യം മുഴക്കി. 'മണിപ്പുരിനെക്കുറിച്ച് ഒരു വാക്കുപോലും ശബ്ദിക്കാത്ത മന്‍ കി ബാത് ഞങ്ങള്‍ക്കുവേണ്ട' എന്നു പറഞ്ഞ് അവര്‍ റേഡിയോകള്‍ റോഡിലേക്ക് എറിഞ്ഞു.

'നോ മന്‍ കി ബാത്', 'മണിപ്പുര്‍ കി ബാത്' എന്ന് മുദ്രാവാക്യം മുഴക്കുന്ന മണിപ്പുരി ജനത, മണിപ്പുര്‍ വിഷയത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ കുറ്റകരവും ദുരൂഹവുമായ നിശ്ശബ്ദയയോടുള്ള കടുത്ത പ്രതിഷേധത്തിന്റെ അടയാളമാണ്.

കുകികളും മെയ്തികളും നാഗകളുമാണ് ഇപ്പോള്‍ എത്‌നിക് ഐഡന്റിറ്റി ഒരു രാഷ്ട്രീയപ്രശ്‌നമായി ഉയര്‍ത്തുന്നത്. സ്വാതന്ത്ര്യത്തിനുശേഷം ഭൂഉടമസ്ഥത, കാര്‍ഷികഭൂമിയുടെ നിയന്ത്രണം, വാസസ്ഥലങ്ങളുടെ സവിശേഷതകള്‍ തുടങ്ങിയവ ഈ വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചു. ഭരണകൂടങ്ങളുടെ വികസനനയം സൃഷ്ടിച്ച വിവേചനം കൂടിയായപ്പോള്‍, പ്രതിസന്ധിയുടെ ചിത്രം പൂര്‍ണമായി.

കാലങ്ങളായുള്ള മണിപ്പുരിലെ വംശീയസംഘര്‍ഷം ഇന്ന്, തീര്‍ത്തും വര്‍ഗീയമായ കലാപത്തിലേക്ക് മാറിക്കഴിഞ്ഞു. മെയ്തികളുടെയും കുക്കികളുടെയും 'സഖ്യകക്ഷി'യായി നടിച്ച് ബി.ജെ.പിയും സംഘ്പരിവാറും അവരുടെ ഭരണകൂടവും സാംസ്‌കാരിക ദേശീയത എന്ന ആയുധം കൊണ്ട് പയറ്റുന്ന തന്ത്രം ഇപ്പോള്‍ എല്ലാ നിയന്ത്രണങ്ങള്‍ക്കും അപ്പുറം, സംസ്ഥാനത്തെ വിഭജനഭീഷണിയിലെത്തിച്ചിരിക്കുകയാണ്.

'ഗ്രേറ്റര്‍ മിസോറാം', 'ഗ്രേറ്റര്‍ നാഗാലാന്റ്' തുടങ്ങിയ സ്വതന്ത്ര ദേശങ്ങള്‍ക്കുവേണ്ടിയുള്ള മുദ്രാവാക്യങ്ങളും സായുധ സന്നാഹങ്ങളും ശക്തമായി വരുന്നുവെന്നാണ് മണിപ്പുരില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഘടിത ഭരണസംവിധാനമെന്ന ആവശ്യം കുകി സംഘടനകള്‍ ഉന്നയിച്ചുകഴിഞ്ഞു. തങ്ങള്‍ക്ക് സംസ്ഥാനത്ത് സുരക്ഷിതമായി കഴിയാനാകാത്ത സാഹചര്യമാണെന്നും അതുകൊണ്ട് പ്രത്യേക ഭരണസംവിധാനം വേണമെന്നും ആവശ്യപ്പെട്ട 10 എം.എല്‍.എമാര്‍ക്ക് നിയമസഭ അവകാശ- പെരുമാറ്റ ചട്ട സമിതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

'മെയ്തികള്‍ക്കിടയില്‍ ജീവിക്കുക എന്നത് ഞങ്ങളുടെ ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കുന്നതിന് തുല്യമാണ്' എന്ന് അമിത്ഷാക്ക് നല്‍കിയ നിവേദനത്തില്‍ കുകി എം.എല്‍.എമാര്‍ പറയുന്നു.

'കുകി- ചിന്‍ നാര്‍ക്കോ ടെററിസ്റ്റുകള്‍ക്കെതിരായ ദേശീയ യുദ്ധം' എന്നാണ് തങ്ങളുടെ പോരാട്ടത്തെ മെയ്തി സായുധസംഘങ്ങള്‍ വിശേഷിപ്പിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കണമെന്നും മ്യാന്മറില്‍നിന്ന് നിയമവിരുദ്ധമായി കുടിയേറിയ കുകികളെ സംസ്ഥാനത്തിനുപുറത്താക്കണമെന്നും മെയ്തി സംഘടനകള്‍ ആവശ്യപ്പെടുന്നു.

ക്രിസ്ത്യന്‍ വിഭാഗത്തിനുനേരെ സംഘടിത ആക്രമണമാണ് മണിപ്പുരില്‍ നടക്കുന്നത്. 249 ചര്‍ച്ചുകള്‍ അഗ്‌നിക്കിരയാക്കിയതായി ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമന്‍ പറയുന്നു. കുകികളും മെയ്തികളും തമ്മിലുള്ള സംഘര്‍ഷത്തിനിടെ മെയ്തി അക്രമിസംഘമാണ് ഈ ചര്‍ച്ചുകള്‍ക്ക് തീയിട്ടതെന്നും അദ്ദേഹം പറയുന്നു. എവിടെയൊക്കെയാണ് ചര്‍ച്ചുകളുള്ളത് എന്ന് കൃത്യമായി അറിയാവുന്ന അക്രമിസംഘങ്ങളുടെ വളരെ ആസൂത്രിതമായ ആക്രമണമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കേന്ദ്ര ഭരണകൂടവും ബി.ജെ.പിയും 'ഇച്ഛിച്ച' ദിശയിലേക്കാണ് മണിപ്പുരിലെ കലാപം വികസിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതിര്‍ത്തി സംസ്ഥാനങ്ങളെയാകെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പ്രതിസന്ധിയായി 'വികസിപ്പിച്ചു'കഴിഞ്ഞാല്‍, കേന്ദ്ര ഇടപെടലിനുള്ള ന്യായീകരണം കൂടിയാകും അത് എന്നാണ് ബി.ജെ.പി കരുതുന്നത്. ഇന്ത്യയില്‍, ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള വര്‍ഗീയ കലാപങ്ങളുടെ അതേ വഴികളിലൂടെയാണ് മണിപ്പുരും സഞ്ചരിക്കുന്നത്. ഈ കലാപങ്ങളുടെയെല്ലാം ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ആരായിരുന്നു എന്നതും അത്തരം 'സുവര്‍ണാവസരങ്ങള്‍' അണയാതെ കത്തിച്ചുനിര്‍ത്തേണ്ടത്, ആരുടെ ആവശ്യമാണ് എന്നതും ഇന്ത്യയുടെ സമീപകാല രാഷ്ട്രീയചരിത്രം പറഞ്ഞുതരുന്നുണ്ട്. നരേന്ദ്രമോദിയുടെ മൗനം, അതുകൊണ്ടുതന്നെ, ഹിംസാത്മകമായ ആ രാഷ്ട്രീയചരിത്രത്തിന്റെ തുടര്‍ച്ച കൂടിയാകുന്നുണ്ട്.

Comments