‘‘പരിക്കേറ്റവരിൽ 75 ശതമാനത്തിനും പെല്ലറ്റുകൊണ്ട് ആഴത്തിൽ മുറിവുകളോ വെടിയുണ്ട കൊണ്ടുള്ള മുറിവുകളോ ആയിരുന്നു. ബാക്കിയുള്ളവരിൽ ഭൂരിപക്ഷത്തിനും കൈകാലുകൾ പൊട്ടുകയോ തലയോട്ടി തകരുകയോ പോലെ എല്ലുകൾക്കുള്ള പരിക്കുകളായിരുന്നു. ചെറിയ ശതമാനത്തിന് പൊള്ളൽ പോലുള്ള മുറിവുകളോ മൂർച്ച ഇല്ലാത്ത ഉപകരണം കൊണ്ടുണ്ടായ ചതവുകളോ ആയിരുന്നു. കലാപത്തിൽ തോക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് ഞങ്ങൾ സംസാരിച്ച ഏറെപ്പേർ സാക്ഷ്യപ്പെടുത്തി’’; 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപത്തിനുപിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് ഡോക്ടർമാരുടെ സാക്ഷ്യം.
കലാപം പെട്ടെന്നു പൊട്ടിപ്പുറപ്പെട്ടതല്ലെന്നു എടുത്തുപറയേണ്ടതുണ്ട്. മുൻകൂട്ടി തയ്യാറെടുപ്പ് നടന്നതിന്റെ വ്യക്തമായ തെളിവുണ്ട്. പൊട്ടിത്തെറികൾ സൃഷ്ടിക്കാൻ ആവശ്യമായ ഗ്യാസ് സിലിണ്ടറുകൾ, പുക ബോംബുകൾ, തോക്കുകൾ, മുതലയാവയാണ് വിതരണം ചെയ്ത മറ്റ് ആയുധങ്ങൾ. ഇതെല്ലാം ഒന്നിച്ചു, പെട്ടെന്നു ശേഖരിച്ചതല്ല. അൽ ഹിന്ദ് ഹോസ്പിറ്റലിൽ ഞങ്ങളോടു സംസാരിച്ച ഫിറോസ് ഖാൻ എന്ന മാസ്റ്റർ ടെയ്‌ലർ പറഞ്ഞത് നോക്കൂ: ‘ആർ.എസ്.എസുകാർ കെട്ടിട നിർമാണ സ്ഥലത്തെ ഉപയോഗശൂന്യമായ സാധനങ്ങൾ ഉന്തുവണ്ടികളിൽ കൊണ്ടുവന്ന് ഭജൻപുര, മൗജ്പൂർ മേഖലയിലെ പലയിടങ്ങളിലുമായി തള്ളിയിരുന്നു. '
വെടിയേറ്റാണ് കൂടുതൽ പരിക്കും മരണവും ഉണ്ടായിട്ടുള്ളതെന്നത് പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. തോക്കുകളും തിരകളും വലിയ തോതിൽ ലഭ്യമാക്കിയെങ്കിൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ. അത് പെട്ടെന്ന് ലഭ്യമാവുകയും ഉപയോഗിക്കപ്പെടുകയും ചെയ്തതിൽ നിന്നും ഈ കലാപത്തിന് ഒരുക്കം മുൻകൂട്ടി നടന്നിരുന്നുവെന്നാണ് കരുതേണ്ടത്.
പ്രോഗ്രസീവ് മെഡിക്കോസ് ആന്റ് സയന്റിസ്റ്റ്സ് ഫോറ (PMSF)ത്തിന്റെ ആഭിമുഖ്യത്തിലുള്ള ഡോക്ടർമാരുടെ സംഘം 2020 ഫെബ്രുവരിയിൽ കലാപം നടന്ന വടക്കുകിഴക്കൻ ഡൽഹിയിലെ പ്രദേശങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത്തരം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. സർക്കാറിന്റെ പ്രതികാരനടപടി ഭയന്ന് റിപ്പോർട്ടിൽ എയിംസ് ഡോക്ടർമാരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വടക്കുകിഴക്കൻ ഡൽഹിയിലെ അതിഭീകരമായ വർഗീയ കലാപത്തിന്റെ സാഹചര്യത്തിലായിരുന്നു സംഘത്തിന്റെ സന്ദർശനം.
ഡോക്ടർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സാധാരണക്കാരുടെയും മൊഴികളും ഫോട്ടോഗ്രാഫിക് രേഖകളും നോക്കിയാൽ അൽ ഹിന്ദ് ഹോസ്പിറ്റലിൽ ഫെബ്രുവരി 23 വൈകിട്ടു മുതൽ എന്തൊക്കെയാണ് നടന്നതെന്ന് ഊഹിക്കാനേ കഴിയൂ. ആശുപത്രിയിലെ അന്തരീക്ഷത്തെപ്പറ്റി ഡോ. നസീർ അഹമ്മദ് വിവരിച്ചത് ഇങ്ങനെ: ഇരകളെ അവർ (അക്രമികൾ) അത്ര നീചമായി ആക്രമിച്ച് മൃതപ്രായമാക്കിയിരുന്നു. ചിലരുടെ ഹൃദയം തുളഞ്ഞിരുന്നു, ശ്വാസകോശവും വൃക്കകളും തകർന്നിരുന്നു. തലയോട്ടി ഇരുവശത്തുനിന്നും കഠാരകൊണ്ട് കുത്തി പിളർന്നിരുന്നു. ചിലരുടെ തലച്ചോറിൽ ഇരുമ്പുപട്ട അടിച്ചു കയറ്റിയിരുന്നു. മൂന്നുമാസം ഗർഭിണിയായ ഒരു സ്ത്രീയെ പൊലീസ് അടിച്ചുവീഴ്ത്തി മാരകമായി പരിക്കേൽപ്പിച്ചു. ഫാറൂഖിയാ മസ്ജിദിലെ ഇമാമിനെ അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് പൊലീസ് വലിച്ചു പുറത്തിട്ടു തല്ലിച്ചതച്ചു. ശിവ് വിഹാർ മസ്ജിദിലെ ഇമാമിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. അദ്ദേഹത്തെ ചികിത്സിക്കാൻ ഞങ്ങളുടെ പക്കൽ ഒരു സൗകര്യവും ഇല്ലായിരുന്നു, എങ്കിലും അദ്ദേഹത്തിന് പ്രാഥമിക പരിചരണം നൽകി സ്വസ്ഥമാക്കിയ ശേഷമാണ് പറഞ്ഞയച്ചത്. അദ്ദേഹം ജീവിച്ചോ മരിച്ചോ എന്നറിയില്ല.....
കലാപം മൂലം ജനം നേരിട്ട ദുരിതങ്ങൾക്കൊപ്പം കലാപം കൈകാര്യം ചെയ്തതിൽ ഭരണ- രാഷ്ട്രീയ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവവും ജനങ്ങളുടെ വാക്കുകളിലൂടെ തുറന്നുകാട്ടുന്നതാണ് റിപ്പോർട്ട്. വീടുകൾക്കുനേരെയും അതിനുചുറ്റും അരങ്ങേറിയ അക്രമത്തിന്റെയും കൊള്ളിവെയ്പിന്റെയും ഫോട്ടോകളും വീഡിയോകളും തെളിവായി റിപ്പോർട്ടിലുണ്ട്.
‘‘...യമുനാ വിഹാറിലെ സി.ബ്ലോക്കുകാരനായ ഒരാൾ ആശുപത്രിയിലെത്തിയത് തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു. ഇജ്ത്തിമ പ്രദേശത്തുനിന്ന് മറ്റുപലരോടുമൊപ്പം തന്റെ വീട്ടിലേക്ക് വരുന്ന സമയത്താണ് ഇദ്ദേഹത്തെ R.S.S- B.J.P ഗുണ്ടകൾ ‘മുസൽമാൻ മൂർദാബാദ്, കത്‌വാ മൂർദാബാദ്, മുല്ല മൂർദാബാദ്' മുതലായ മുദ്രാവാക്യങ്ങൾ മുഴക്കി ആക്രമിച്ചത്.
ഇദ്ദേഹത്തെ ജി.ടി.ബി ആശുപത്രിയിലേക്കു മാറ്റാൻ ആംബുലൻസിനുവേണ്ടി ഡോ. അൻവർ നിരന്തരമായി പ്രാദേശിക ഭരണാധികാരികളെ ഫോണിൽ ബന്ധപ്പെട്ടു. ഒരു കിലോമീറ്ററിലും താഴെ അകലെ മെയിൻ റോഡിൽ ഒരു ആംബുലൻസ് പൊലീസ് ബാരിക്കേഡിനപ്പുറം നിറുത്തിയിട്ടിരുന്നു. അത് കടത്തിവിടുന്നതിനു പകരം രോഗിയെ അവിടെ എത്തിക്കാനായിരുന്നു നിർദേശം. രോഗിയെ ഒരു സ്ട്രച്ചറിൽ കിടത്തി ഉന്തുവണ്ടിയിൽ കയറ്റി കുണ്ടും കുഴിയും കല്ലും നിറഞ്ഞ റോഡിലൂടെ കൊണ്ടുപോകുകതന്നെ സാഹസികമായിരുന്നു. ഫിറോസ് ഖാനും ഡോ. നസീറും ഏതാനും ചെറുപ്പക്കാരുടെ സംഘവും ചേർന്നു ഉന്തുവണ്ടി തള്ളി പൊലീസ് ബാരിക്കേഡിനടുത്തെത്തിയപ്പോൾ രോഗിയെ ആംബുലൻസിലേക്ക് മാറ്റുന്നതിൽ നിന്നും അവരെ പൊലീസ് തടഞ്ഞു. മാത്രമല്ല, പരിക്കുകൾ ബാൻഡേജു കെട്ടിയാണെങ്കിലും രോഗിയെ സഹായിക്കാനെത്തിയ അവരെ പൊലീസ് കഠിനമായി മർദ്ദിച്ചു. ‘നമ്മുടെ രണ്ടു മൂന്നുപേരെ ഇവന്മാർ കൊന്നു; ഇവരുടെ പത്തുപന്ത്രണ്ടെണ്ണം ചാവട്ടെ'എന്ന് അവർ ആക്രോശിച്ചുകൊണ്ടിരുന്നു. ഡോ. മേഹ്‌രാജ് ഇടപെട്ട് ശക്തിയായി യാചിക്കുകയും സി.ആർ.പി.എഫ് സേനാംഗങ്ങൾ ഇടപെടുകയും ചെയ്തപ്പോൾ മാത്രമാണ് പൊലീസുകാർ രോഗിയെ ജി.ടി.ബി ഹോസ്പിറ്റലിലേക്കു കൊണ്ടുപോകാൻ അനുവദിച്ചത്.
മറ്റൊരു ഭീകരമായ ദൃശ്യം: ഒരു ചെറുപ്പക്കാരന്റെ വൃഷണം ‘ജയ് ശ്രീറാം' എന്ന് ആക്രോശിക്കുന്ന ഒരു സംഘം വെട്ടിമാറ്റുകയായിരുന്നു. അക്രമികൾ രോഗിയുടെ കാലുകൾ പിടിച്ചു വലിച്ചുകീറി വൃഷണഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടാക്കി. പിന്നാലെ മൂർച്ചയുള്ള ആയുധംകൊണ്ട് വൃഷണം ചെത്തിമാറ്റി. രോഗിയുടെ രക്തവാർച്ച നിയന്ത്രിക്കാൻ 90 ലേറെ തുന്നിക്കെട്ടുകൾ വേണ്ടിവന്നു.
ബീഭത്സമായ ആക്രമണത്തിന്റെ നിരവധി ചിത്രങ്ങളും ഡോക്ടർമാരുടെ സാക്ഷിമൊഴികളും ആശുപത്രി രേഖകളുമെല്ലാം ഉൾപ്പെടുത്തി വസ്തുനിഷ്ഠമായാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
‘‘....പരിക്കേറ്റവരിൽ മിക്കയാളുകളുടെയും കൈകാലുകളിലെ രക്തധനമികളടക്കം പൊട്ടിയിട്ടുണ്ട്, സ്‌നായുക്കൾ തകർന്നു, എല്ലുകൾ പുറത്തുകാണുന്ന തരത്തിലുള്ള കോമ്പൗണ്ട് ഫ്രാക്ചറാണ്. ഇത്തരം സാഹചര്യത്തിൽ അണുബാധക്ക് സാധ്യത വളരെയധികമാണ്. ഓപ്പറേഷനു ശേഷം രോഗിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചാൽകൂടിയും, തുടർ ചികിത്സ ഏറെ പ്രയാസമുള്ളതാണ്. അത് രോഗിയുടെ പ്രവർത്തനശേഷിയേയും സാമ്പത്തിക സുരക്ഷിതത്വത്തേയും ഗുരുതരമായി ബാധിക്കും’’; റിപ്പോർട്ട് പറയുന്നു.
എന്തുകൊണ്ട് സർക്കാറുകൾ എത്തിനോക്കിയില്ല?
ജി.ടി.ബി ഹോസ്പിറ്റലിലെ മോർച്ചറിയിൽ മൃതശരീരങ്ങൾ കുന്നുകൂടിക്കൊണ്ടിരുന്നിട്ടും അവർ പോസ്റ്റുമോർട്ടം നടപടി വൈകിപ്പിച്ചു. അധികൃതർ സർക്കാരിൽ നിന്ന് ‘നിർദേശ'ത്തിനായി കാത്തിരിക്കുകയായിരുന്നു. മരണകാരണം എന്താണെന്നു തെളിയിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നു സംശയിക്കപ്പെടുന്നു.
കുറച്ചുദിവസങ്ങൾക്കുശേഷം എല്ലാ കോണുകളിൽനിന്നും വിമർശനമുയർന്നപ്പോൾ മാത്രമാണ് ഡൽഹി സർക്കാർ ഒൻപത് നിശാ സങ്കേതങ്ങളെ (night-shelters) ദുരിതാശ്വാസ കേന്ദ്രങ്ങളാക്കിമാറ്റി കലാപബാധിതരെ പ്രവേശിപ്പിച്ചത്. അപ്പോഴും ആശുപത്രിയിൽ ടെന്റുകൾ കെട്ടിയോ പ്രത്യേക കൗണ്ടറുകൾ തുറന്നോ സന്നദ്ധ സേവകരെ ഉപയോഗിച്ച് ദുരിതാശ്വാസ പ്രവർത്തനം ത്വരതപ്പെടുത്തുവാൻ ഭരണകൂടം തുനിഞ്ഞില്ല.
ജീവനുകൾ പൊലിയുകയും വീടും കുടിയും നശിപ്പിക്കപ്പെടുകയും ചെയ്തശേഷമാണ് എ.എ.പി (ആം ആദ്മി പാർട്ടി) ‘പ്ലാസ്റ്റർ ബാഗു'കളുമായി അവതരിച്ചത്. മറ്റുള്ളവരുടെ അസാന്നിധ്യമാണ് ശ്രദ്ധേയമായതെങ്കിൽ, ഞങ്ങൾ ബന്ധപ്പെട്ടവർ പറഞ്ഞാകാര്യങ്ങളും ഈ അക്രമവുമായി ബന്ധപ്പെട്ട മറ്റുറിപ്പോർട്ടുകളും നിരീക്ഷണങ്ങളും നോക്കുകയാണെങ്കിൽ മുസ്‌ലിം വിരുദ്ധ കലാപം അഴിച്ചുവിട്ട സംഘ്പരിവാറുകാരുടെ എണ്ണയിട്ട വർഗീയ യന്ത്രത്തിന്റെ അടയാളങ്ങൾ നമുക്ക് കാണാനാവും.
(സമഗ്രമായ റിപ്പോർട്ട് പൂർണമായി, ചിത്രങ്ങളും ആശുപത്രി രേഖകളും സഹിതം ട്രൂ കോപ്പി വെബ്സീനിൽ വായിക്കാം, കേൾക്കാം)
Download Truecopy Webzine