സവർക്കറുടെ മാപ്പപേക്ഷയിൽ ഗാന്ധിയുണ്ടോ? ചരിത്രരേഖകൾ പറയുന്നത്​

സവർക്കറുടെ മാപ്പപേക്ഷകളിൻ മേൽ ഗാന്ധിക്ക്​ യാതൊരു പങ്കും ഇല്ലായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. എങ്കിലും ഹിന്ദുത്വ പരിവാർ ഇപ്പോൾ രാജ്‌നാഥ് സിങ്ങിലൂടെ ഇതിന് ശ്രമിക്കുന്നത് എന്തിനാകും? ഉത്തരം എളുപ്പമാണ്. സവർക്കറെ പുതിയ രാഷ്ട്രപിതാവായി പ്രതിഷ്ഠിക്കുന്നതിന് രണ്ടേ രണ്ട് ഘടകങ്ങളാണ് എതിർ നിൽക്കുന്നത്. ഒന്ന്​, സവർക്കർ ബ്രിട്ടീഷുകാർക്ക് സമർപ്പിച്ച നിർലജ്ജമായ മാപ്പപേക്ഷകൾ. രണ്ട്​, കപൂർ കമ്മീഷൻ ചൂണ്ടിക്കാട്ടിയ, ഗാന്ധി വധത്തിൽ സവർക്കർക്കുള്ള പങ്ക്. സംഘ്​പരിവാറിന്റെ അടുത്ത ലക്ഷ്യം കപൂർ കമീഷൻ റിപ്പോർട്ടായിരിക്കും.

ബ്രിട്ടീഷ് സർക്കാറിന് മാപ്പെഴുതിക്കൊടുക്കാൻ വി.ഡി. സവർക്കറെ നിർബന്ധിച്ചത് മഹാത്മാഗാന്ധിയാണെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ചർച്ചാവിഷയമായ ഘട്ടത്തിൽ, ചരിത്രരേഖകൾ പരിശോധിക്കാം.

സവർക്കർ സെല്ലുലാർ ജയിലിൽ എത്തിപ്പെട്ടത് എങ്ങനെ?

1909 ഡിസംബർ 21 ന് നാസിക് കലക്ടറായിരുന്ന എ.എം.ടി. ജാക്‌സൺ എന്ന ബ്രിട്ടീഷുകാരന്​ നാസിക്കിലെ പൗരപ്രമുഖർ ഒരു യാത്രയയപ്പ് നൽകി. ബോംബെ കമീഷണറായി നിയമിതനായതിനെ തുടർന്ന് സ്ഥലം മാറിപ്പോകാൻ ജാക്‌സൺ നിർബന്ധിതനായതിനെ തുടർന്നായിരുന്നു ഈ യാത്രയയപ്പു സമ്മേളനം. നാസിക്കിലെ വിജയാനന്ദ് തിയേറ്ററിലായിരുന്നു സമ്മേളനം. അതിനോടനുബന്ധിച്ച് അന്ന് പ്രശസ്തമായിരുന്ന കിർലോസ്‌ക്കർ നാടകസംഘത്തിന്റെ ശാരദ എന്ന നാടകവും അരങ്ങേറി.

നാടകം കണ്ടുകൊണ്ടിരിക്കേ അനന്ത് ലക്ഷ്മൺ കൻഹാരേ എന്ന് പേരുള്ള യുവാവ് ജാക്‌സണെ വെടിവെച്ചുകൊന്നു. വി.ഡി. സവർക്കറുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന അഭിനവ് ഭാരത് എന്ന സംഘടനയുടെ പ്രവർത്തകനായിരുന്നു അനന്ത് കൻഹാരേ. സംഭവസ്ഥലത്ത് വെച്ചുതന്നെ അദ്ദേഹം പിടിയിലായി. തുടർന്നുള്ള ചോദ്യംചെയ്യലിൽ ഈ കൊലപാതകം സംഘടന ആസൂത്രണം ചെയ്തതാണെന്നും അതിന് ഉപയോഗിച്ച ബ്രൗണിങ് പിസ്റ്റൾ അന്ന് ഇംഗ്ലണ്ടിൽ ബാരിസ്റ്റർ ബിരുദത്തിന് പഠിച്ചുകൊണ്ടിരുന്ന വി.ഡി. സവർക്കർ അവിടെനിന്ന്​ഇന്ത്യയിലേയ്ക്ക് ഒളിച്ചുകടത്തിയ ഇരുപത് പിസ്റ്റളുകളിൽ ഒന്നാണ് എന്നും തെളിഞ്ഞു.

ഇന്ത്യയിൽ ഈ സംഭവം നടന്ന കാലത്ത് വി.ഡി. സവർക്കർ ഇംഗ്ലണ്ടിൽ നിന്ന്​പാരീസിലേയ്ക്ക് പോയിരുന്നു. പാരീസിൽ താമസിച്ച്​ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പരിശ്രമിച്ചുകൊണ്ടിരുന്ന ശ്യാംജി കൃഷ്ണവർമ, മാഡം ബിക്കാജി കാമ എന്നിവർക്കൊപ്പമായിരുന്നു അവിടെ സവർക്കറുടെ താമസം. നാസിക്കിലെ സംഭവവികാസങ്ങൾ അറിഞ്ഞ സവർക്കർ ഇംഗ്ലണ്ടിലേയ്‌ക്കെത്താൻ തിടുക്കപ്പെട്ടു. മാഡം കാമയും മറ്റും അത് തടയാൻ ശ്രമിച്ചെങ്കിലും സവർക്കർ വഴങ്ങിയില്ല. ഇംഗ്ലണ്ടിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന ലോറൻസ് മാർഗരറ്റിനെ ഉപയോഗിച്ച് ബ്രിട്ടീഷ് പൊലീസ് ഒരുക്കിയ മധുരക്കുരുക്കാ (Honey Trap) യിരുന്നു അത് എന്നും പറയപ്പെടുന്നുണ്ട്.

എന്തായാലും ഇംഗ്ലണ്ടിലെത്തിയ സവർക്കറെ 1910 മാർച്ച് 13-ന് ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ജാക്‌സൺ വധം നടന്നത് ഇന്ത്യൻ മണ്ണിലായതുകൊണ്ട് കപ്പലിൽ സവർക്കറെ ഇന്ത്യയിലേയ്ക്ക് ബ്രിട്ടീഷ് പൊലീസ് കൂട്ടിക്കൊണ്ടുപോയി. യാത്രാമധ്യേ ഫ്രാൻസിലെ മാഴ്‌സെയിൽസ് തുറമുഖത്ത് താൽക്കാലികമായി നങ്കൂരമിട്ടപ്പോൾ സവർക്കർ കപ്പലിൽനിന്ന്​ കടലിലേയ്ക്ക് എടുത്തുചാടി ഫ്രാൻസിൽ രാഷ്ട്രീയാഭയം തേടാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. വീണ്ടും പിടിയിലായ സവർക്കറെ ബ്രിട്ടീഷ് പൊലീസ് ഇന്ത്യയിലെത്തിച്ചു.

ജാക്‌സൺ വധത്തിന്റെ വിചാരണയ്ക്കൊടുവിൽ അനന്ത് കൻഹാരെയ്ക്കും കൂട്ടാളികളായ കാർവേ, ദേശ്പാണ്ഡേ എന്നിവർക്കും തൂക്കുമരം വിധിച്ചു. ഈ സംഭവത്തിൽ സവർക്കറുടെ പങ്കാളിത്തം കണക്കിലെടുത്ത് 1910 ഡിസംബർ 23 ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അതുകൊണ്ടും തീർന്നില്ല. ആ പങ്കാളിത്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് 1911 ജനുവരി 30-ന് മറ്റൊരു ജീവപര്യന്തത്തടവ് ശിക്ഷ കൂടി കോടതി സവർക്കർക്ക് വിധിച്ചു. അതിനുമുമ്പു തന്നെ ബോംബ് നിർമിക്കുന്ന ലഘുലേഖകൾ കൈവശം വച്ചതിന് വി.ഡി. സവർക്കറുടെ ജ്യേഷ്ഠൻ ജി.ഡി. സവർക്കർ (ബാബാ റാവു ) ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

ഇങ്ങനെ ഇരട്ട ജീവപര്യന്തശിക്ഷയ്ക്ക് വിധേയനായാണ് സവർക്കർ ആൻഡമാനിലെ സെല്ലുലാർ ജയിലിൽ എത്തുന്നത്. അന്ന് ഏതാണ്ട് 28 വയസ്സായിരുന്നു സവർക്കർക്ക്. ബ്രിട്ടീഷ് കണക്കനുസരിച്ച് ജീവപര്യന്തത്തടവ് എന്നാൽ 25 വർഷത്തെ തടവുശിക്ഷയാണ്. അപ്പോൾ ഇരട്ട ജീവപര്യന്തമെന്നാൽ 50 വർഷത്തെ തടവ്

വി.ഡി. സവർക്കറുടെ മാപ്പപേക്ഷയിൽ നിന്നും
വി.ഡി. സവർക്കറുടെ മാപ്പപേക്ഷയിൽ നിന്നും

മാപ്പപേക്ഷകൾ

ശിക്ഷയുടെ കാലാവധിയനുസരിച്ച് 78 വയസ്സിലേ പുറംലോകം കാണാൻ പറ്റൂ എന്നത് സവർക്കറെ അലട്ടിയിട്ടുണ്ടാകണം. അതും സെല്ലുലാർ ജയിലിലെ കഠിനമായ ക്രമങ്ങളെ അതിജീവിക്കാൻ കഴിഞ്ഞെങ്കിൽ മാത്രം. 32778 എന്ന തടവുപുള്ളിക്കുപ്പായത്തിനുള്ളിൽ, ആദ്യഘട്ടത്തിൽ ചെറുത്തുനിന്ന സവർക്കർ, അധികം വൈകാതെ മാപ്പപേക്ഷിക്കുന്നതായിട്ടാണ് ചരിത്രം നമുക്ക് കാണിച്ചു തരുന്നത്. ചുരുങ്ങിയത് അഞ്ച് മാപ്പപേക്ഷയെങ്കിലും സവർക്കർ ബ്രിട്ടീഷ് അധികൃതർക്ക് നൽകുന്നുണ്ട്. അദ്ദേഹത്തിനുവേണ്ടി ഇളയ സഹോദരൻ നാരായൺ റാവുവും ഭാര്യ യമുനയും നൽകിയ മാപ്പപേക്ഷകൾ വേറെയും. ഈ മാപ്പപേക്ഷകളുടെ സ്വരഘടന മനസ്സിലാക്കാൻ അതിലെ പ്രസക്ത ഭാഗങ്ങൾ നോക്കാം.

1) 1913 നവംബർ 14-ന് ഇന്ത്യാ ഗവൺമെന്റിന്റെ ഹോം മെമ്പർ ആയിരുന്ന സർ റെജിനാൾഡ് ക്രഡ്ഡോക്കിന് സമർപ്പിച്ച മാപ്പപേക്ഷയിൽ നിന്ന്:

ജയിലിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകളെയും താൻ പ്രദർശിപ്പിച്ച സ്വഭാവവൈശിഷ്ട്യത്തെയും വിവരിച്ചശേഷം അവയെ മുൻനിർത്തി സവർക്കർ ഇങ്ങനെ അഭ്യർഥിക്കുന്നു: ‘‘അതിനാൽ ബഹുമാനപ്പെട്ട അങ്ങ് ഈ അസാധാരണ സ്ഥിതിവിശേഷം ഒഴിവാക്കാനായി ഒന്നുകിൽ എന്നെ ഇന്ത്യൻ ജയിലുകളിലേയ്ക്ക് അയക്കുക. അല്ലെങ്കിൽ (ഇവിടെയുള്ള) മറ്റേത് തടവുകാരെയും പോലെ എന്നെ നാടുകടത്തപ്പെട്ടവനായി കണക്കാക്കി പരിപാലിക്കുക... എന്നന്നേയ്ക്കുമായി ഈ തടവറയിൽ എന്നെ അടച്ചിടാനുള്ള നടപ്പുപദ്ധതി, ജീവനും പ്രത്യാശയും ഏതെങ്കിലും വിധേനയും നിലനിർത്തുക എന്ന സാധ്യതയെ അടച്ച് എന്നെ ഹതാശനാക്കുന്നു... സർ, എന്റെ കൂടെ എന്റെ മുഖത്തേയ്ക്ക് തുറിച്ചുനോക്കുന്ന 50 വർഷങ്ങളുണ്ട്... സാധാരണ തടവുകാർക്ക് അവരുടെ ജീവിതം സഹനീയമാക്കാൻ ലഭിക്കുന്ന ഇളവുകൾ പോലും നിഷേധിക്കുകയാണെങ്കിൽ ഈ 50 വർഷങ്ങൾ മറികടക്കാൻ എങ്ങനെയാണ് എനിക്ക് കഴിയുക?’’

ഇങ്ങനെ ശിക്ഷയുടെ കാഠിന്യം കുറയ്ക്കാൻ ആവശ്യപ്പെട്ട് സമർപ്പിക്കുന്ന അപേക്ഷയുടെ സ്വരഘടന അവസാനമെത്തുമ്പോൾ ഒന്നുകൂടി ദയനീയമാകുന്നു: ‘‘ഗവൺമെന്റിന്റെ സ്വതസിദ്ധമായ ഉദാരതയും ദയാപരതയും ചേർന്ന് എന്നെ (തടവിൽ നിന്ന്​) മോചിപ്പിക്കുകയാണെങ്കിൽ പുരോഗതിയുടെ അടിസ്ഥാനമായ, (ബ്രിട്ടീഷ്) ഭരണകൂടത്തിന്റെ മുന്നോട്ടുപോക്കിനെയും അതിനോടുള്ള വിധേയത്വത്തെയും പ്രചരിപ്പിക്കുന്ന ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരിൽ എന്നെക്കഴിഞ്ഞേ മറ്റാരെങ്കിലും ഉണ്ടായിരിക്കൂ...
മാത്രമല്ല, ഭരണകൂടത്തിന്റെ അതിരുകൾക്കുള്ളിലേയ്ക്കുള്ള എന്റെ മാറ്റം ഒരിക്കൽ മാർഗദർശിയെന്ന നിലയിൽ എന്നെ നോക്കിയിരുന്ന ഇന്ത്യയിലെയും വിദേശത്തെയും വഴിതെറ്റിയ ചെറുപ്പക്കാരെ ഈ വഴിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരും. (ബ്രിട്ടീഷ്) ഗവൺമെന്റിനെ അവർ ആവശ്യപ്പെടുന്ന ഏത് നിലയ്ക്കും സേവിക്കാൻ ഞാൻ തയ്യാറാണ്. കാരണം എന്റെ മാറ്റം അത്രമാത്രം പരിപൂർണമാണ്. എന്റെ ഭാവിയിലെ പെരുമാറ്റവും അമ്മട്ടിലായിരിക്കും... ധീരർക്ക് മാത്രമേ ദയാലുക്കളാകാൻ കഴിയൂ. അതിനാൽ ഭരണകൂടത്തിന്റെ രക്ഷാകർതൃകവാടങ്ങളിലേയ്ക്കല്ലാതെ ധൂർത്തപുത്രൻ എങ്ങോട്ടാണ് പോകുക.’’

സവർക്കറുടെ മാപ്പപേക്ഷയിലെ പ്രസക്തഭാഗങ്ങൾ
സവർക്കറുടെ മാപ്പപേക്ഷയിലെ പ്രസക്തഭാഗങ്ങൾ

പിൽക്കാലത്ത് ‘ഹിന്ദുത്വ' യുടെ പിതാവായി അവരോധിക്കപ്പെട്ട സവർക്കർ ബൈബിൾ കഥ ഉപയോഗിച്ചാണ് തന്റെ പുതിയ മാനസികാവസ്ഥയെ വെളിപ്പെടുത്തുന്നതെന്നും ശ്രദ്ധേയം. എന്നാൽ ഈ മാറ്റം ബ്രിട്ടീഷുകാർ വേണ്ടത്ര വിലയ്‌ക്കെടുത്തില്ല എന്നുവേണം വിചാരിക്കാൻ. അവർ ഇത് തള്ളിക്കളഞ്ഞു.

2) ആൻഡമാൻ ദ്വീപസമൂഹങ്ങളിലെ ചീഫ് കമീഷണർക്ക് 1914-ൽ, ഒന്നാം ലോകയുദ്ധത്തിന്റെ സന്ദർഭത്തിൽ മറ്റൊരു മാപ്പപേക്ഷ സവർക്കർ സമർപ്പിച്ചു. അതിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനുവേണ്ടി ബ്രിട്ടീഷുകാർക്കൊപ്പം തോളോടുതോൾ ചേർന്ന് പൊരുതുന്ന സാങ്കല്പിക കാഴ്ചയുടെ ‘രോമാഞ്ചം' വാചികമായി വിവരിച്ചുകൊണ്ടാണ് സവർക്കർ തുടങ്ങുന്നത്: ‘‘ലോകം കുലുക്കുന്ന ഈ യുദ്ധം യൂറോപ്പിൽ പൊട്ടിപ്പുറപ്പെട്ടതുമുതൽ, യുവാക്കളടക്കം മുഴുവൻ ഇന്ത്യാക്കാർക്കും രാജ്യത്തിന്റെയും (ബ്രിട്ടീഷ്) സാമ്രാജ്യത്തിന്റെയും രക്ഷയ്ക്കായി പൊതുശത്രുവിനെതിരെ ആയുധമണിഞ്ഞ് യുദ്ധം ചെയ്യാൻ അനുവാദം ലഭിച്ചിരിക്കുന്നു എന്നതല്ലാതെ, ശരിയായ ഇന്ത്യൻ രാജ്യസ്‌നേഹികളുടെ ഹൃദയങ്ങളിൽ പ്രത്യാശയുടെ തിമിർപ്പും ഉത്സാഹവും നിറയ്ക്കുന്ന മറ്റൊന്നും തന്നെയില്ല... (ബ്രിട്ടീഷ്) സാമ്രാജ്യത്തിന്റെ മറ്റ് പൗരരുമൊന്നിച്ച് തോളോടുതോൾ ചേർന്ന് യുദ്ധം ചെയ്യുക എന്നത് ഇന്ത്യയിലെ ഉദിച്ചുയരുന്ന തലമുറയ്ക്ക് തീർച്ചയായും സമത്വത്തിന്റെതായ വികാരം പകർന്നുനൽകുകയും അതിനാൽതന്നെ അവർ അതിനോട് വിധേയപ്പെടുകയും ചെയ്യും. അതിനാൽ ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ, ഇന്ത്യൻ ഗവൺമെൻറ്​ എന്നിൽ നിന്നാവശ്യപ്പെടുന്ന, എന്ത് സേവനവും അനുഷ്ഠിക്കാനുള്ള എന്റെ സന്നദ്ധത ഞാൻ വിനയപൂർവം വാഗ്ദാനം ചെയ്യുന്നു.’’

ഇത്രയും സമർപ്പണമനോഭാവം പ്രദർശിപ്പിച്ചശേഷം ഈ സന്ദർഭത്തിൽ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നത് ഉത്തമമായിരിക്കും എന്ന നിർദേശവും സവർക്കർ മുന്നോട്ടുവെയ്ക്കുന്നു: ‘‘തന്റെ മാത്രം വിമോചനത്തിനാണ്’’ താൻ ശ്രമിക്കുന്നതെന്ന തെറ്റിദ്ധാരണ മാറ്റാൻ, മറ്റുള്ളവരെ വിമോചിപ്പിച്ച് തന്നെ തടവിൽ ഇട്ടാലും പ്രശ്‌നമില്ല എന്ന ധീരമെന്ന നിലപാടിലേയ്ക്കും ഈ കത്തിൽ സവർക്കർ നീങ്ങുന്നുണ്ട്. ഈ മാപ്പപേക്ഷയും ബ്രിട്ടീഷ് സർക്കാർ മുഖവിലയ്ക്ക് എടുത്തില്ല.

3) 1917 ഒക്ടോബർ അഞ്ചിന് ഇന്ത്യ ഗവൺമെൻറ്​ സെക്രട്ടറിയ്ക്ക് സവർക്കർ സമർപ്പിച്ച മാപ്പപേക്ഷ, ആൻഡമാൻ ദ്വീപസമൂഹങ്ങളിലെ ചീഫ് കമീഷണർക്ക് സമർപ്പിച്ച രണ്ടാമത്തെ മാപ്പപേക്ഷയുടെ വിപുലീകൃത രൂപമായി കരുതാം. യുദ്ധം മനുഷ്യരുടെ മനോഭാവങ്ങളെ മാറ്റിമറിക്കുമെന്നും അതിനാൽ യുദ്ധത്തിന് മുമ്പുള്ള സാഹചര്യങ്ങൾ മുൻനിർത്തി താനടക്കമുള്ള രാഷ്ട്രീയത്തടവുകാരെ അളക്കരുതെന്നുമുള്ള അഭ്യർഥനയാണ് ഇത്തവണയും സവർക്കർ മുന്നോട്ടുവെയ്ക്കുന്നത്: ‘‘(ബ്രിട്ടീഷ്) ചക്രവർത്തിയുടെ മഹദ് പ്രഭാഷണത്തിൽ അദ്ദേഹം പ്രഖ്യാപിച്ചത് ബ്രിട്ടീഷ് രാഷ്ട്രീയചാതുര്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണം ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാർക്ക് അത് എത്രമേൽ ശരിയായ പങ്കാളിത്തമായി , സേവകത്വമായല്ല, അനുഭവപ്പെട്ടു’’ എന്നതിലാണ്.
ആ പങ്കാളിത്തം ബോധ്യപ്പെടണമെങ്കിൽ രാഷ്ട്രീയത്തടവുകാരെ എത്രയും വേഗം വിട്ടയക്കണമെന്നും സവർക്കർ അഭ്യർഥിക്കുന്നു. കാരണം, അത് അവരുടെ ബന്ധുമിത്രാദികളുടെ മനസ്സുനിറയ്ക്കും. കാരണം ‘‘ചോര വെള്ളത്തേക്കാൾ കട്ടി കൂടിയതാണ്.’’

ഈ മാപ്പപേക്ഷയിലും തന്നെയൊഴിച്ച് ബാക്കി എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയച്ചാൽ പോലും താൻ സന്തോഷവാനായിരിക്കും എന്ന ‘ഉദാത്ത’ മനോഭാവം സവർക്കർ പുലർത്തുന്നുണ്ട്. ഈ അപേക്ഷയും ബ്രിട്ടീഷ് സർക്കാർ കൈക്കൊണ്ടില്ല.

4 ) 1920 മാർച്ച് 20-ന് ഇന്ത്യാ ഗവൺമെന്റിന് സമർപ്പിച്ച മാപ്പപേക്ഷയിൽ നിന്ന്: ‘‘എന്റെ മുന്നിൽ മികച്ച ഉദ്യോഗാവസരങ്ങൾ തുറന്നുകിടന്നിരുന്നു. എന്നാൽ ആപൽകരമായ മാർഗങ്ങളിലൂടെ ചരിക്കുക വഴി അതൊന്നും നേടാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, വ്യക്തിപരമായി എല്ലാം നഷ്ടമാകുകയും ചെയ്തു’’ എന്ന് വിലപിച്ചുതുടങ്ങുന്ന അപേക്ഷയിൽ തന്നെ തടവിലിട്ടാലും മറ്റുള്ള രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്ന ‘ഉദാത്ത' മനോഭാവം സവർക്കർ വെടിയുന്നു. പൊതുമാപ്പ് നൽകി രാഷ്ട്രീയത്തടവുകാരായ ബാരിനെയും ഹേമിനെയും ചൂണ്ടിക്കാട്ടി അതേ മട്ടിൽ തനിക്കും മാപ്പുനൽകണമെന്നാണ് സവർക്കർ അഭ്യർഥിക്കുന്നത്.
കുറോപാട്കിന്റെയും ടോൾസ്റ്റോയിയുടെയും സമാധാനപരവും തത്വചിന്താപരവുമായ അരാജകത്വം പോലും തന്നിലില്ലെന്ന് സവർക്കർ ഏറ്റുപറയുന്നു. തന്റെ മുൻകാല വിപ്ലവാഭിമുഖ്യങ്ങൾ എന്നേ വെടിഞ്ഞെന്നും 1914-ൽ തന്നെ അത് ഏറ്റുപറഞ്ഞതാണെന്നും സവർക്കർ താഴ്മയോടെ ഓർമപ്പെടുത്തുന്നു. ഒരു ബ്രിട്ടീഷ് ഡൊമീനിയനുള്ളിൽ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പരസ്പര സഹായത്തിന്റെയും ബന്ധം സ്ഥാപിക്കാൻ തന്റെ സകലശക്തിയും പ്രയോഗിക്കാമെന്നും അദ്ദേഹം ബ്രിട്ടീഷുകാർക്ക് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ബ്രിട്ടീഷുകാർ ആവശ്യപ്പെടുന്ന കാലത്തോളം രാഷ്ട്രീയത്തിൽ ഇടപെടില്ല എന്ന് പ്രതിജ്ഞയെടുക്കാൻ താൻ തയ്യാറാണ് എന്ന ഉറപ്പും അദ്ദേഹം നൽകുന്നു.

മറ്റ് തടവുകാരെ പൊതുമാപ്പു നൽകി വിട്ടയച്ചത് ചൂണ്ടിക്കാട്ടി തന്നെ വിട്ടയക്കണമെന്ന അഭ്യർഥന വീണ്ടും വീണ്ടും അദ്ദേഹം ആവർത്തിക്കുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സന്യാലിനെ നാലുവർഷത്തിനുള്ളിൽ വിട്ടയച്ചു. തുർക്കി - അഫ്ഗാൻ കലാപകാരികൾക്കെതിരെ തോളോടുതോൾ ചേർന്നുനിന്ന് പൊരുതാമെന്ന വാഗ്ദാനവും സവർക്കർ നൽകുന്നുണ്ട്.

ഈ മാപ്പപേക്ഷയിലും അനുകൂല തീരുമാനമല്ല ബ്രിട്ടീഷുകാർ സ്വീകരിച്ചത്. സവർക്കറുടെ മാപ്പപേക്ഷകൾ കൂടാതെ ഇക്കാലയളവിൽ സഹോദരൻ നാരായണറാവുവും ഭാര്യ യമുനയും ബ്രിട്ടീഷ് ഗവൺമെന്റിന് അഭ്യർഥനകൾ അയക്കുകയുണ്ടായി. അവസാനം 1921 മെയ് 26-ന് അദ്ദേഹം ആൻഡമാൻ സെല്ലുലാർ ജയിലിൽ നിന്ന്​ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആലിപ്പൂർ ജയിലിലേയ്ക്കും തുടർന്ന് രത്‌നഗിരി ജയിലിലേയ്ക്കും അയക്കപ്പെട്ടു. രത്‌നഗിരി ജയിലിൽ 558 നമ്പർ തടവുകാരനായി കഴിയുന്ന സമയത്തും അദ്ദേഹം ഒരു മാപ്പപേക്ഷ സമർപ്പിച്ചു.
5) 1921 ആഗസ്റ്റ് 19-ന് ഗവർണർ ജനറലിന് സമർപ്പിച്ച അപേക്ഷയിൽ നിന്ന്: വെയിൽസ് രാജകുമാരന്റെ സന്ദർശനത്തോടനുബന്ധിച്ച് തനിക്ക് മാപ്പുനൽകി വിട്ടയക്കണമെന്ന അഭ്യർഥനയാണ് സവർക്കർ ഈ അപേക്ഷയിൽ മുന്നോട്ടുവെച്ചത്. ഇതിലും മറ്റ് തടവുകാരെ, ബാരിൻ ഘോഷിനെയും ഹേംദാസിനെയും വിട്ടയച്ചതിനെപ്പറ്റി പരാമർശിക്കുന്നു. ഇതിലും മുൻകാല ചെയ്തികളിലുള്ള തന്റെ ഖേദവും വിലപ്പെട്ട ഭാവി നശിച്ചതിലുള്ള വിലാപവും നിഴലിക്കുന്നുണ്ട്. അതോടൊപ്പം ആക്രമകാരികളായ മുഹമ്മദീയർക്കെതിരെ തന്റെ സേവനം ബ്രിട്ടീഷുകാർക്ക് വാഗ്ദാനംചെയ്യുന്നു. രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെടുകയില്ല എന്ന പ്രതിജ്ഞയും.

1924 ജനുവരി അഞ്ചിന് അദ്ദേഹം ജയിൽ വിമോചിതനായി. 50 വർഷം തടവ് വിധിക്കപ്പെട്ട പുള്ളി 13 വർഷത്തിനുശേഷം വിമോചിതനായി.

മഹാത്മാ ഗാന്ധി / Photo: Wikimedia Commons
മഹാത്മാ ഗാന്ധി / Photo: Wikimedia Commons

ഗാന്ധിയും സവർക്കറുടെ മാപ്പപേക്ഷകളും

1916-ൽ രണ്ടാംക്ലാസ്​ തടവുകാരനായി ഉയർത്തപ്പെട്ടശേഷം ജയിലിൽനിന്ന് നാരായൺ റാവുവിന് സവർക്കർ കത്തെഴുതുകയുണ്ടായി. രണ്ട് മാപ്പപേക്ഷകൾ അതിനകം സവർക്കർ സമർപ്പിച്ചു. ബ്രിട്ടീഷ് ഗവൺമെന്റിന് സമ്പൂർണമായി കീഴ്പ്പെട്ട് ജീവിച്ചുകൊള്ളാമെന്ന് അദ്ദേഹം ആദ്യത്തെ മാപ്പപേക്ഷയിൽ തന്നെ നിരങ്കുശമായി സൂചിപ്പിച്ചിരുന്നു. നാരായണൻ റാവുവിനയച്ച കത്തിൽ കോൺഗ്രസ്​ തന്റെ കാര്യത്തിൽ ഇടപെടാത്തതിലുള്ള അതൃപ്തി സവർക്കർ സൂചിപ്പിക്കുന്നുണ്ട്. തന്റെ മോചനത്തിന് ‘ഒരു പ്രമേയം' പോലും കോൺഗ്രസ്​ഇതുവരെ അവതരിപ്പിച്ചില്ലെന്നും തനിക്കുവേണ്ടി അവർ ‘ഒരുതുള്ളി കണ്ണീര് പോലും പൊഴിച്ചില്ലെന്നും' ഈ കത്തിൽ സവർക്കർ രോഷംകൊള്ളുന്നു. തങ്ങൾ വിപ്ലവകാരികൾക്കുവേണ്ടി സംസാരിച്ചാൽ ഭരണാധികാരികളുടെ പ്രീതി നഷ്ടപ്പെടുമെന്ന് ഭയന്നാണ് അവർ അതിനൊരുമ്പെടാത്തതെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

ഈ കാലയളവിൽ ഗാന്ധി ചിത്രത്തിലേ ഇല്ല. സവർക്കറുടെ ആത്മീയ ഗുരുക്കന്മാരിൽ ഒരാളായ തിലക് കോൺഗ്രസിലുണ്ടുതാനും. 1919-ൽ റൗളറ്റ് നിയമത്തെ പ്രതിരോധിക്കുന്നതോടു കൂടിയാണ് ഗാന്ധി ചിത്രത്തിൽ വരുന്നത്. എന്നാൽ ഇംഗ്ലണ്ടിലെ പഠനകാലത്ത് രണ്ടുവട്ടം സവർക്കർ ഗാന്ധിയെ കാണുന്നുണ്ട്. ആദ്യ കൂടിക്കാഴ്ചയിൽ സസ്യാഹാരിയായ ഗാന്ധിയെ സവർക്കർ അക്കാര്യം പറഞ്ഞ് വിമർശിക്കുന്നുണ്ട്. മാംസാഹാരം കഴിക്കാതെ ശക്തരായ ബ്രിട്ടീഷുകാരോട് നേരിടാനാകില്ല എന്ന തന്റെ കായികദർശനവും സവർക്കർ ഗാന്ധിക്കുമുന്നിൽ അവതരിപ്പിച്ചു.

സവർക്കറുടെ പ്രേരണയാൽ ഇന്ത്യാ കാര്യങ്ങൾ നോക്കിയിരുന്ന ബ്രിട്ടനിലെ കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ കഴ്‌സൺ വില്ലിയെ മദൻലാൽ ദിംഗ്ര വെടിവെച്ചുകൊന്ന അവസരത്തിലാണ് അവരുടെ രണ്ടാം കൂടിക്കാഴ്ച. പ്രസ്തുത കുറ്റകൃത്യത്തിന് മദൻലാൽ ദിംഗ്ര തൂക്കിലേറ്റപ്പെട്ടു. ഹിംസയിലധിഷ്ഠിതമായ മാർഗം ദിംഗ്ര സ്വീകരിച്ചതിനെ അന്ന് ഇംഗ്ലണ്ടിൽ ഉണ്ടായിരുന്ന ഗാന്ധി വിമർശിക്കുകയുണ്ടായി. അത് സവർക്കറെ ചൊടിപ്പിച്ചു.

അങ്ങനെ ഗാന്ധിയെ തുടക്കം മുതൽ സവർക്കർ പ്രത്യയശാസ്ത്രപരമായി എതിർധ്രുവത്തിൽ നിൽക്കുന്ന ഒരാളായാണ് വീക്ഷിച്ചത്. തന്റെ ആത്മീയ ഗുരുവായ തിലകിന്റെ പ്രതിയോഗിയായ ഗോഖലെയുടെ ശിഷ്യനായിരുന്നു ഗാന്ധി എന്നതും ആ അകൽച്ചക്ക് മാറ്റുകൂട്ടി. അഹിംസാ സിദ്ധാന്തത്തെ അത്രമേൽ വെറുപ്പോടെയാണ് സവർക്കർ കണ്ടിരുന്നത്. എങ്കിലും 1920-ൽ തന്റെ സഹോദരന്റെ മോചനത്തിന് പരിശ്രമിക്കണം എന്നാവശ്യപ്പെട്ട് നാരായൺ റാവു ഗാന്ധിക്കെഴുതി: ‘‘അവരുടെ (സവർക്കറുടെയും സഹോദരൻ ബാബാറാവുവിന്റെയും) തൂക്കം 118 പൗണ്ടിൽ നിന്ന്​ 95- 100 പൗണ്ടിലേയ്ക്ക് എത്തിയിരിക്കുന്നു. ഇപ്പോൾ അവർക്ക് ആശുപത്രിയിൽ നിന്ന് നിർദിഷ്ട ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിൽ പോലും, അവരുടെ ആരോഗ്യം മെച്ചപ്പെടുന്നതിന്റെ ഒരു ലക്ഷണവും കാണിക്കുന്നില്ല. ഏറ്റവും ചുരുങ്ങിയത് (ആൻഡമാനിൽ നിന്ന്) ഏതെങ്കിലും ഇന്ത്യൻ ജയിലിലേയ്ക്ക് മാറാൻ കഴിയുമെങ്കിൽ അവരുടെ ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും... ഇക്കാര്യത്തിൽ താങ്കൾ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് എന്നെ അറിയിക്കുമല്ലോ ’’ എന്ന മട്ടിൽ അവസാനിക്കുന്ന ഒന്നായിരുന്നു സാമാന്യം ദീർഘമായ ആ കത്ത്.

1920 ജനുവരി 25-ന് ഗാന്ധി തിരിച്ചെഴുതി. ഇതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം: ‘‘പ്രിയപ്പെട്ട ഡോ. സവർക്കർ, കത്തു കിട്ടി. താങ്കളെ ഉപദേശിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. എങ്കിലും ഞാൻ നിർദേശിക്കുന്നത് ഈ കേസിനാധാരമായ വസ്തുതകൾ ചൂണ്ടിക്കാട്ടി ഒരു നിവേദനം തയ്യാറാക്കുകയാണെങ്കിൽ താങ്കളുടെ സഹോദരൻ ഉൾപ്പെട്ട കുറ്റകൃത്യം പരിപൂർണമായും രാഷ്ട്രീയമായ ഒന്നാണെന്ന കാര്യം വ്യക്തമാക്കാൻ സാധിക്കും. ഇത് ജനകീയ ശ്രദ്ധയെ ഈ കേസിലേയ്ക്ക് കേന്ദ്രീകരിക്കുന്നതിന് സാധ്യത തെളിയ്ക്കും. അതിനിടയിൽ ഞാൻ എന്റെതായ രീതിയിൽ കാര്യങ്ങൾ നീക്കുന്നുണ്ട്.’’

മഹാത്മാ ഗാന്ധി എൻ.ഡി. സവർക്കർക്ക് അയച്ച കത്ത്‌
മഹാത്മാ ഗാന്ധി എൻ.ഡി. സവർക്കർക്ക് അയച്ച കത്ത്‌

ഇതേത്തുടർന്ന് 1920 മെയ് 26-ന് "സവർക്കർ സഹോദരന്മാർ" എന്ന തലക്കെട്ടിൽ യങ്ങ് ഇന്ത്യയിൽ ഗാന്ധി ഒരു ലേഖനം എഴുതി. രാഷ്ട്രീയ തടവുകാർക്ക് പൊതുമാപ്പ് നൽകുന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രവൃത്തിയെ ശ്ലാഘിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്; ‘‘പക്ഷെ, ചില ശ്രദ്ധേയരായ രാഷ്ട്രീയ കുറ്റകൃത്യങ്ങൾ ചെയ്തവരെ ഇതുവരെയും വിട്ടയച്ചിട്ടില്ല. അക്കൂട്ടത്തിൽ ഞാൻ സവർക്കർ സഹോദരരെയും ഉൾപ്പെടുത്തുന്നു.’’

രണ്ടുപേർക്കും ഹിംസയിൽ നേരിട്ട് ഉത്തരവാദം ഇല്ലാത്തതിനാൽ പൊതുമാപ്പ് നൽകി വിട്ടയയ്ക്കണമെന്ന് ഗാന്ധി ലേഖനത്തിൽ ആവശ്യപ്പെടുന്നു. പഞ്ചാബിലെ ഭായ് പരമാനന്ദ് കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഭായ് പരമാനന്ദിനെ വിട്ടയക്കാമെങ്കിൽ സവർക്കർ സഹോദരരെയും പൊതുമാപ്പ് നൽകി വിട്ടയക്കേണ്ടതാണെന്ന് ഗാന്ധി അഭിപ്രായപ്പെടുന്നു.

ഇക്കാര്യത്തിൽ ഗാന്ധിയും സവർക്കറും തമ്മിലുള്ള ബന്ധം ഇവിടെ തീരുന്നു. സവർക്കറുടെ മാപ്പപേക്ഷകളിൻമേൽ ഗാന്ധിയ്ക്ക് യാതൊരു പങ്കും ഇല്ലായിരുന്നു എന്ന് സൂര്യചന്ദ്രന്മാരെപ്പോലെ മാത്രമല്ല, ഭൂമിയോളവും സത്യസന്ധമാണ്. എങ്കിലും ഹിന്ദുത്വ പരിവാർ ഇപ്പോൾ രാജ്‌നാഥ് സിങ്ങിലൂടെ ഇതിന് ശ്രമിക്കുന്നത് എന്തിനാകും?

ഉത്തരം എളുപ്പമാണ്. സവർക്കറെ പുതിയ രാഷ്ട്രപിതാവായി പ്രതിഷ്ഠിക്കുന്നതിന് രണ്ടേ രണ്ട് ഘടകങ്ങളാണ് എതിർനിൽക്കുന്നത്.
1) സവർക്കർ ബ്രിട്ടീഷുകാർക്ക് സമർപ്പിച്ച നിർലജ്ജമായ മാപ്പപേക്ഷകൾ.
2) കപൂർ കമ്മീഷൻ ചൂണ്ടിക്കാട്ടിയ ഗാന്ധി വധത്തിൽ സവർക്കർക്കുള്ള പങ്ക്.

ചരിത്രം അലക്കി കറകൾ നീക്കാനുള്ള നുണ ഡിറ്റർജന്റുകൾ ഇനി പ്രയോഗിക്കുക കപൂർ കമ്മീഷൻ റിപ്പോർട്ടിൽ ആയിരിക്കും എന്ന് നമുക്ക് ഉറപ്പിക്കാം.


Summary: സവർക്കറുടെ മാപ്പപേക്ഷകളിൻ മേൽ ഗാന്ധിക്ക്​ യാതൊരു പങ്കും ഇല്ലായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. എങ്കിലും ഹിന്ദുത്വ പരിവാർ ഇപ്പോൾ രാജ്‌നാഥ് സിങ്ങിലൂടെ ഇതിന് ശ്രമിക്കുന്നത് എന്തിനാകും? ഉത്തരം എളുപ്പമാണ്. സവർക്കറെ പുതിയ രാഷ്ട്രപിതാവായി പ്രതിഷ്ഠിക്കുന്നതിന് രണ്ടേ രണ്ട് ഘടകങ്ങളാണ് എതിർ നിൽക്കുന്നത്. ഒന്ന്​, സവർക്കർ ബ്രിട്ടീഷുകാർക്ക് സമർപ്പിച്ച നിർലജ്ജമായ മാപ്പപേക്ഷകൾ. രണ്ട്​, കപൂർ കമ്മീഷൻ ചൂണ്ടിക്കാട്ടിയ, ഗാന്ധി വധത്തിൽ സവർക്കർക്കുള്ള പങ്ക്. സംഘ്​പരിവാറിന്റെ അടുത്ത ലക്ഷ്യം കപൂർ കമീഷൻ റിപ്പോർട്ടായിരിക്കും.


Comments