ഭരണഘടനാ സ്ഥാപനങ്ങളെ മുൻനിർത്തി
ഒരു ആർ.എസ്.എസ് അജണ്ട

ഇലക്ഷൻ കമീഷൻ അടക്കമുള്ള ഭരണഘടനാ സംവിധാനങ്ങളുടെ മേലുള്ള സംഘ്പരിവാർ കടന്നുകയറ്റത്തിന്റെ പാശ്ചാത്തലത്തിൽ വേണം മുഖ്യ തെരഞ്ഞെടുപ്പു കമീഷണറുടെ തെരഞ്ഞെടുപ്പിനെ സമീപിക്കാനെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ.

രണഘടനയെയും ഇലക്ഷൻ കമീഷന്റെ സ്വതന്ത്രമായ പ്രവർത്തനങ്ങളെയും സ്വാധീനിക്കാനുള്ള ഹിന്ദുത്വ സർക്കാരിന്റെ കുടില നീക്കങ്ങളുടെ ഭാഗമായിട്ടാണ് രാംനാഥ് കോവിന്ദ് കമ്മറ്റി നിയോഗിക്കപ്പെട്ടത്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന RSS അജണ്ടക്കാവശ്യമായ നിർദ്ദേശങ്ങൾ എഴുതിവാങ്ങാനായിരുന്നു അത്തരമൊരു കമീഷൻ നിയോഗിക്കപ്പെട്ടത് എന്ന വിമർശനം പ്രതിപക്ഷ പാർട്ടികളും ഭരണഘടനാ വിദഗ്ധന്മാരും ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ ഏകോപിപ്പിച്ച് ബി.ജെ.പിയുടെ പ്രഖ്യാപിത നയമായ പ്രസിഡൻഷ്യൽ സിസ്റ്റത്തിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള കൗശലപൂർവ്വമായ നീക്കങ്ങളാണ് 10 വർഷത്തിലേറെയായി മോദി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി വേണം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ തെരഞ്ഞെടുപ്പിനെ വിലയിരുത്തേണ്ടത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രാജീവ്കുമാർ വിരമിച്ചതിനെ തുടർന്നാണ് ഗ്യാനേഷ്കുമാർ ചീഫ് ഇലക്ഷൻ കമീഷണറായി നിയോഗിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയാണ് ഗ്യാനേഷ്കുമാറിന്റെ പേരിന് അംഗീകാരം നൽകിയത്. ഹരിയാന കേഡർ വിവേക് ജോഷിയെ തെരഞ്ഞെടുപ്പ് കമീഷൻ അംഗമായും നിയമിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത്ഷായും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുമാണ് സെലക്ഷൻ കമ്മറ്റിയിലെ മറ്റംഗങ്ങൾ.

സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെ ഒഴിവാക്കി നിയമനിർമ്മാണം നടത്തിയശേഷം ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷറാണ് ഗ്യാനേഷ്കുമാർ. 2023 ഡിസംബറിൽ പാസാക്കിയ നിയമപ്രകാരം ചീഫ്ജസ്റ്റിസിനുപകരം സെലക്ഷൻ കമ്മറ്റിയിൽ പ്രധാനമന്ത്രി നിശ്ചയിക്കുന്ന മന്ത്രി എന്നതാക്കി മാറ്റിയിരുന്നു. ഇപ്പോൾ സെലക്ഷൻ കമ്മറ്റിയിൽ നിന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെ ഒഴിവാക്കുന്ന നിയമഭേദഗതി കൊണ്ടുവന്നത് ഇലക്ഷൻ കമീഷൻ പോലെ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്​ഥയുടെ നിലനിൽപ്പിന്റെ അടിസ്​ഥാന സ്​തംഭത്തെ തന്നെ സ്വാധീനിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്​ഥനായ ഗ്യനേഷ്കുമാർ 2024 മാർച്ചിലാണ് തെരഞ്ഞെടുപ്പ് കമീഷണറായത്. ഒരു വർഷം തികയുന്നതിനുമുമ്പ് മുഖ്യ കമീഷണറുടെ പദവിയിലേക്കും. അമിത്ഷായ്ക്ക് കീഴിലുള്ള സഹകരണ മന്ത്രാലയം സെക്രട്ടറിയായിരുന്നു ഗ്യാനേഷ് ​കുമാർ. നേരത്തെ കേരള ഹൗസ് റസിഡൻസ് കമീഷണറുമായിരുന്നു. കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയി പ്രതിരോധ മന്ത്രാലയം ജോ. സെക്രട്ടറിയായും ആഭ്യന്തരമന്ത്രാലയം ജോ.സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഡീഷണൽ സെക്രട്ടറിയായും പാർലമെൻ്ററികാര്യ മന്ത്രാലയം സെക്രട്ടറിയായും പ്രവർത്തിച്ചു. 2018–21–ൽ ഗ്യാനേഷ്കുമാർ ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറിയായിരുന്നു.

2029 ജനുവരി 26 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ഗ്യാനേഷ്കുമാറിന് തുടരാം. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാവും 2027–ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. 20 ഓളം നിയമസഭാ തെരഞ്ഞെടുപ്പുകളും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടക്കും. മാത്രമല്ല 2029–ലെ ലോക്സഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾക്കും നേതൃത്വം കൊടുക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ തന്നെയായിരിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും

ഭരണഘടനാപരമായ നടപടിക്രമങ്ങൾ അട്ടിമറിച്ച് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടത്തുകളയുന്നതിനുള്ള വിജ്ഞാപനം തയ്യാറാക്കുന്നതിലും അത് രാഷ്ട്രപതിയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിലും അമിത്ഷായുടെ വലംകൈയായി പ്രവർത്തിച്ചത് ഗ്യാനേഷ്കുമാറാണ്. ജമ്മു കാശ്മീർ പുനഃസംഘടനാ ബിൽ രൂപീകരണത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചത് ഗ്യനേഷ്കുമാറാണ്.
സുപ്രീംകോടതി വിധിയെതുടർന്ന് ബാബ്റി മസ്​ജിദ് തകർത്ത സ്​ഥലത്ത് ക്ഷേത്രം പണിയാനുള്ള രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുന്നതിലും നിർണ്ണായക പങ്കാണ് ഗ്യാനേഷ്കുമാർ വഹിച്ചിട്ടുള്ളത്.

നമ്മുടെ ജനാധിപത്യ ഫെഡറൽ സംവിധാനങ്ങളെ ദുർബലമാക്കുന്നതും തകർക്കുന്നതുമായ പ്രസിഡൻഷ്യൽ സിസ്റ്റത്തെ സംബന്ധിച്ച ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ പശ്ചാത്തലത്തിൽകൂടി വേണം, ഇലക്ഷൻ കമീഷനുമേലുള്ള കേന്ദ്ര സർക്കാർ ഇടപെടലിനെയും ആ സംവിധാനത്തിലെ സുപ്രധാന നിയമനങ്ങളെയും വിലയിരുത്താൻ.

‘ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ്’ എന്ന ആർ.എസ്​.എസ് അജണ്ട നടപ്പാക്കാനായി കേന്ദ്ര സർക്കാർ നിയോഗിച്ച രാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭായോഗം നേരത്തെ അംഗീകാരം കൊടുത്തതാണ്. സർക്കാരിന്റെ ഈ തീരുമാനം ശക്തമായ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയതാണ്. ഇന്ത്യയുടെ ബഹുത്വത്തെയും ഭരണഘടനയുടെ ഫെഡറലിസ്റ്റിക് സമീപനങ്ങളെയും അട്ടിമറിക്കാനുള്ള നീക്കമാണിത്. പ്രസിഡൻഷ്യൽ സിസ്റ്റത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനുള്ള നടപടിയാണിത്. രാംനാഥ്കോവിന്ദ് കമ്മിറ്റിക്ക് മുമ്പിൽ മുസ്ലീം ലീഗുൾപ്പെടെയുള്ള യു ഡി എഫിലെ ചില കക്ഷികൾ ഈ നിർദേശത്തിന് അനുകൂലമായിട്ടാണ് പ്രസ്​താവന നൽകിയതെന്ന കാര്യം ഇവിടെ സൂചിപ്പിക്കാതിരിക്കാനാവില്ല. ആർ.എസ്​.എസിന്റെ ഹിന്ദുത്വ അജണ്ടയിൽ നിന്നുള്ള ഭരണഘടനാഭേദഗിതകൾക്ക് സമ്മതം മൂളുകയാണ് കേരളത്തിൽ നിന്നുള്ള ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് കക്ഷികൾ ചെയ്തത്.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് ​കുമാർ
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് ​കുമാർ

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് കൃത്യമായ ആർ.എസ്​.എസ് അജണ്ടയിൽ ഉയർന്നുവരുന്നതാണെന്ന് മതനിരപേക്ഷ ജനാധിപത്യവാദികൾ മനസ്സിലാക്കണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചാപരമായ നിലപാടുകൾ സ്വീകരിക്കുന്നത് ആത്മഹത്യാപരമായിരിക്കും. ഇന്ത്യയുടെ ഭാഷാ സാംസ്​കാരിക വൈവിധ്യങ്ങളെയാകെ നിഷേധിക്കുന്നതും ഹിന്ദുത്വമെന്ന ഏകാത്മകതയെ ബലംപ്രയോഗിച്ച് അടിച്ചേൽപ്പിക്കുന്നതുമാണ് ആർ.എസ്​.എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്​ത്രം. ആർ.എസ്​.എസിന്റെ രണ്ടാമത്തെ സർസംഘ്ചാലക് ആയിരുന്ന എം.എസ്​. ഗോൾവാൾക്കർ ഇക്കാര്യം വിചാരധാരയിൽ തുറന്നെഴുതിയിട്ടുണ്ട്.

ഗോൾവാൾക്കർ ‘ഒരു ദേശം, ഒരു രാഷ്ട്രം, ഒരു നിയമസഭ, ഒരു നിർവ്വഹണവിഭാഗം’ എന്ന ചിന്താപദ്ധതിയിൽനിന്നാണ് തന്റെ ആദർശാത്മക ഹിന്ദുരാഷ്ട്രത്തെ വിഭാവനം ചെയ്തിട്ടുള്ളത്. ഗോൾവാൾക്കർ പറയുന്നത്, നമ്മുടെ ഏകീകൃത മൈത്രിക്ക് ഭംഗം വരുത്താൻ പ്രാദേശികവും വിഭാഗീയവും ഭാഷാപരവുമായ വ്യത്യാസങ്ങളെ അനുവദിച്ചുകൂടാ എന്നാണ്. ഹിന്ദിയെ ഏക ഭാഷയാക്കി ഹിന്ദുരാഷ്ട്രത്തിനാവശ്യമായ ഏകാത്മകത ഉണ്ടാക്കണമെന്നാണ് ഗോൾവാൾക്കർ നിർദ്ദേശിച്ചത്. ഇന്ത്യയുടെ വൈവിധ്യങ്ങളെയും ഭാഷാ ദേശീതകളെയും ജനാധിപത്യപരമായി ഉൾക്കൊള്ളാനാണ് ഭരണഘടനയിലെ മതനിരപേക്ഷ ഫെഡറൽ തത്വങ്ങൾ വ്യവസ്​ഥചെയ്തിട്ടുള്ളത്.

എന്നാൽ ഗോൾവാൾക്കർ ഇന്ത്യയെന്ന രാഷ്ട്രത്തിനകത്തെ സ്വയംഭരണമോ അർദ്ധഭരണമോ ഉള്ള സ്റ്റേറ്റുകൾ പൂർണമായും നിർമ്മാർജ്ജനം ചെയ്യേണ്ടതുണ്ട് എന്നാണ് വാദിക്കുന്നത്. ഇപ്പോൾ, മോദി സർക്കാർ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ അടക്കമുള്ള നീക്കങ്ങളിലൂടെ ഫെഡറലിസത്തെ പൂർണമായും കുഴിച്ചുമൂടാനുള്ള നീക്കമാണ് നടത്തുന്നത്.

ഇന്ത്യയെന്ന വ്യത്യസ്​ത ഭാഷാ- സമൂഹങ്ങളുടെ സ്വത്വസാക്ഷാൽക്കാരത്തിലൂടെ രൂപപ്പെട്ട യൂണിയൻ സ്റ്റേറ്റിനെ ഇല്ലാതാക്കി മതരാഷ്ട്രം സ്ഥാപിക്കാനുള്ള അപകടകരമായ നീക്കമാണിതെന്ന് തിരിച്ചറിയേണ്ടതും പ്രതിരോധം തീർക്കേണ്ടതും ഓരോ ജനാധിപത്യ ദേശീയവാദിയുടെയും ഉത്തരവാദിത്വമാണ്. ഭൂമിശാസ്​ത്രപരവും ഭാഷാ, സാംസ്​കാരിക വൈവിധ്യങ്ങളുടെയും സമന്വയമാണ് ഇന്ത്യ. ഇന്ത്യയെ കണ്ടെത്തലിൽ (ഡിസ്​കവറി ഓഫ് ഇന്ത്യ) ജവഹർലാൽ നെഹ്റു ‘നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യ’ എന്നാണ് നിർവ്വചിച്ചത്.

ഇന്ന് ഇന്ത്യയിൽ വ്യത്യസ്​ത സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളുള്ള 28 സംസ്​ഥാനങ്ങളും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളുമാണുള്ളത്. അവിടങ്ങളിൽ ജനാധിപത്യ വിരുദ്ധമായ ഏകീകരണം അടിച്ചേൽപ്പിക്കാനുള്ള ആർഎസ്​എസിന്റെ നീക്കമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കാനുള്ള ശ്രമം എന്ന കാര്യത്തിൽ സംശയമില്ല. ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്​കാരം, ഒരു മതം’ എന്ന ആർഎസ്​എസ് മുദ്രാവാക്യത്തിന്റെ തുടർച്ചയാണിത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി തയ്യാറാക്കിയ റിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം തിരക്കിട്ട് അംഗീകാരം നൽകിയിരിക്കുന്നത് രാജ്യത്തിന്റെ ഫെഡറൽ ജനാധിപത്യ സംവിധാനങ്ങൾ തകർത്തെറിയുന്ന നീക്കത്തിന്റെ തുടക്കമാണെന്ന് മനസ്സിലാക്കണം.

സംസ്​ഥാന സർക്കാരുകൾ നടത്തുന്ന സാമൂഹ്യ, സാമ്പത്തിക, സേവന മേഖലകളിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റം, തങ്ങളുടെ ആശയങ്ങളോട് യോജിക്കാത്ത രാഷ്ട്രീയ പാർട്ടികളോടുള്ള ബി ജെ പിയുടെ അസഹിഷ്ണുത, മുമ്പൊരു നേതാവിനും കഴിയാത്തവിധം രാജ്യത്തെ മാറ്റിത്തീർക്കാൻ ബഹുമുഖ കഴിവുള്ളയാളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടാനുള്ള വ്യഗ്രത തുടങ്ങി രാജ്യമെത്തപ്പെട്ട സ്വേച്ഛാധിപത്യ വാഴ്ചയുടെ പ്രതിഫലനം കൂടിയാണ് ഈ നീക്കം. ഇന്ത്യയുടെ വൈവിധ്യങ്ങളിലെ ശക്തിയെ നിഷേധിക്കാനുള്ള പ്രത്യയശാസ്​ത്രപരമായ അജൻഡയും ഇതിനു പിന്നിലുണ്ട്. പകരം സമ്പൂർണമായ ഏകാത്മകത്വമാണ് ലക്ഷ്യം വയ്ക്കുന്നത്. വൈവിധ്യങ്ങളുള്ള ജനതയെയും ജാതി മതങ്ങളെയും പാരമ്പര്യത്തെയും ഭാഷയെയും കോർത്തിണക്കുന്ന ‘നാനാത്വത്തിലെ ഏകത്വം’ എന്നതിനുപകരം ഏകാത്മകത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിത്.

‘ഒരു രാജ്യം ഒരു നികുതി’, ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ എന്നിവ അടിച്ചേൽപ്പിച്ചതിനും അപ്പുറമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന അജൻഡ. ഇത് നടപ്പായാൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയവും ഭരണപരവുമായ അധികാരം പല മടങ്ങ് വർധിക്കും. സംസ്​ഥാന സർക്കാരുകൾ ഏറെ ദുർബലമാകും. സംസ്​ഥാന നിയമസഭകളുടെയോ മന്ത്രിസഭകളുടെയോ കാലാവധി വെട്ടിക്കുറയ്ക്കുകയോ നീട്ടി നൽകുകയോ ചെയ്യുന്നത് പാർലമെൻ്ററി ജനാധിപത്യത്തിന്റെ തത്വങ്ങൾക്കും ഭരണനിർവഹണ സമിതികൾക്ക് നിയമനിർമാണ സഭകളോടുള്ള ഉത്തരവാദിത്വത്തിനും എതിരാണ്.

ഫലത്തിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നതിന്റെ ഫലം, കേന്ദ്രസർക്കാരിന്റെ അധികാര കേന്ദ്രീകരണവും ഫെഡറലിസത്തിന്റെ നാശവുമായിരിക്കും. നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കാനോ നീട്ടിനൽകാനോ രാഷ്ട്രപതിക്കു നൽകുന്ന അധികാരം, അതായത് കേന്ദ്രസർക്കാരിനു നൽകുന്ന അധികാരം, സംസ്​ഥാനങ്ങളുടെയും അവിടങ്ങളിലെ നിയമസഭാ സാമാജികരുടെയും അവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണമാണ്. ജനങ്ങൾക്ക് അവരുടെ ഇച്ഛയ്ക്കനുസരിച്ചുള്ള സർക്കാരുകൾ ഉണ്ടാകുക എന്നതും നിയന്ത്രിക്കപ്പെടും.

ഇപ്പോൾത്തന്നെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്​ഥാന സർക്കാരുകളുടെയും നിയമസഭകളുടെയും അവകാശങ്ങൾക്കുമേൽ ഗവർണർമാർ നിരന്തരം കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരേ സമയം തെരഞ്ഞെടുപ്പു വന്നാൽ അധികാരം മുഴുവൻ കേന്ദ്രത്തിൽ കേന്ദ്രീകരിക്കപ്പെടുന്നതോടെ ഗവർണർമാർ വൈസ്രോയിമാരെപ്പോലെ പ്രവർത്തിക്കുന്ന സ്​ഥിതി ഉണ്ടാകും. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ സംവിധാനം അടിച്ചേൽപ്പിക്കാനുള്ള ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ രാംനാഥ് കോവിന്ദ് സമിതിക്ക് മുന്നിൽ സി പി ഐ- എം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഫെഡറൽ വ്യവസ്​ഥയെ നിർവീര്യമാക്കി കേന്ദ്രത്തിന് സർവാധികാരം നൽകാനുള്ള ഒളി അജൻഡയാണ് ഇതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

2014 മുതൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന മുദ്രാവാക്യം നരേന്ദ്ര മോദി പറഞ്ഞു തുടങ്ങിയിരുന്നു. 2020-ൽ പറഞ്ഞത്, ‘ഇത് ചർച്ചയ്ക്ക് വിധേയമാക്കേണ്ടതല്ല, മറിച്ച് രാജ്യത്തിന്റെ അനിവാര്യതയാണ്’എന്നായിരുന്നു. ബി ജെ പി 2024-ലെ പ്രകടനപത്രികയിലും ഇത് ആവർത്തിച്ചു. ലോക്സഭയിൽ തനിച്ച് ഭൂരിപക്ഷമില്ലാതിരിക്കെ നിരവധി ഭരണഘടനാഭേദഗതികൾ ആവശ്യമുള്ള ഒറ്റ തെരഞ്ഞെടുപ്പ് നിർദേശം ഇപ്പോൾ അംഗീകരിച്ചതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുമുണ്ട്. പ്രതിപക്ഷത്തിന്റെ ശകതമായ എതിർപ്പിനെ തുടർന്ന് മൂന്നാം മോദി സർക്കാരിന് പല തീരുമാനങ്ങളിൽനിന്നും പിന്മാറേണ്ടിവന്ന സാഹചര്യത്തിൽ നൂറു ദിവസത്തിനുള്ളിൽ വലിയ തീരുമാനങ്ങൾ എടുത്തുവെന്ന് വരുത്തിത്തീർക്കലാകാം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ രൂപം കൊണ്ട ‘ഇന്ത്യ കൂട്ടായ്മ’ പ്രതിപക്ഷമെന്ന നിലയ്ക്ക് പാർലമെൻ്റിനകത്തും പുറത്തും അംഗീകരിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുന്നത് ആർ എസ് ​എസിനെയും ബി ജെ പിയെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഈ ഘട്ടത്തിൽ സങ്കുചിത ദേശീയവാദം ഉയർത്തി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡൻഷ്യൽ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘപരിവാർ നടത്തുന്നത്.

ലോക്സഭയിലേക്കും നിയമസഭയിലേക്കും യഥാസമയം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടന നിർദ്ദേശിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സഭയുടെ കാലാവധി 5 വർഷമാണ്. ചിലപ്പോൾ കാലമെത്താതെ ഭരണഘടനാപരമായ കാരണങ്ങളാൽതന്നെ സഭ പിരിച്ചുവിടപ്പെടാം. അപ്പോൾ ഇടക്കാല തെരഞ്ഞെടുപ്പാണ് പരിഹാരം. പാർലമെൻ്ററി സംവിധാനത്തിന്റെ ചിട്ടയോടെയുള്ള പ്രവർത്തനം അട്ടിമറിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതികളാണ് രാംനാഥ്കോവിന്ദ് കമ്മറ്റി മുന്നോട്ടുവെച്ചിട്ടുള്ളത്. കമ്മറ്റി റിപ്പോർട്ട് നിർദ്ദേശമനുസരിച്ച് 18–ഓളം ഭരണഘടനാ ഭേദഗതികൾ ഒറ്റ തെരഞ്ഞെടുപ്പിനുവേണ്ടി നടത്തേണ്ടിവരും. ഇത് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള നീക്കമാണെന്ന് ഭരണഘടനയുടെ ഫെഡറൽ ജനാധിപത്യസംവിധാനം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും മനസ്സിലാക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്.

പാർലമെൻ്ററി ജനാധിപത്യ വ്യവസ്​ഥയെയും ഇന്ത്യയെന്ന ആശയത്തെത്തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കങ്ങളുടെ ഭാഗമായി വേണം ഇലക്ഷൻ കമീഷൻ അടക്കമുള്ള ഭരണഘടനാ സംവിധാനങ്ങളുടെ മേലുള്ള കടന്നുകയറ്റത്തെ വിലയിരുത്താൻ.

Comments