ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് എന്നു പലരും പറയാറുണ്ട്. ഈ ലേഖകന് ആ അഭിപ്രായമില്ല. അങ്ങനെ പറയണമെങ്കിൽ ഒരു ശാക്തിക ബലാബലത്തിന്റെ ആവശ്യമുണ്ട്. അന്താരാഷ്ട്ര ഇസ്‌ലാമിക തീവ്രവാദത്തിന്റെ കൊളുത്തുകൾ കൂട്ടിച്ചേർത്താൽ പോലും അങ്ങനെയൊരു സമീകരണം യുക്തിഭദ്രമാകില്ല. ആർ.എസ്.എസ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ലോകം അംഗീകരിച്ച ഭരണാധികാരികളാണ്; ആധികാരികമായ അധികാരമുള്ളവരാണ്; ഭരണകൂടത്തിന്റെ എല്ലാ ലിവറുകളുടെയും നിയന്ത്രണമുള്ളവരാണ്. കൊള്ളക്കാരും ക്രിമിനലുകളുമായ ഇസ്‌ലാമിസ്റ്റ് തീവ്രവാദികൾ അങ്ങുമിങ്ങും ചിതറിക്കിടക്കുന്ന കൊച്ചുപ്രവിശ്യകളുടെ ഭരണം കൈയാളുന്നതുപോലെയല്ല ആർ.എസ്. എസ്. ജനാധിപത്യ ഇന്ത്യ ഭരിക്കുന്നത്.
അപ്പോൾപ്പിന്നെ ആ സമീകരണത്തിന്? അർഥമില്ല, പിന്നെങ്ങിനെ അവർ സഖ്യകക്ഷികളാകും?
ഹിന്ദുത്വശക്തികൾ ഇന്ത്യ കീഴടക്കിക്കഴിഞ്ഞെന്നും അവർക്കെതിരെയുള്ള പ്രതിരോധരൂപമാണ് തങ്ങളെന്നുമാണ് പോപ്പുലർ ഫ്രണ്ട് തങ്ങളുടെ അനുയായികളെ വിശ്വസിപ്പിച്ചുവച്ചിരിക്കുന്നത്, അല്ലെങ്കിൽ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയിലെ മതേതര ജനാധിപത്യകക്ഷികൾ ആരും സംഘ്പരിവാറുമായി യുദ്ധത്തിനില്ലെന്നും, ഇന്ത്യൻ സ്‌റ്റേറ്റിന്റെ എല്ലാ രൂപങ്ങളും പൂർണമായി ഹിന്ദുത്വയ്ക്കു കീഴടങ്ങിയെന്നും ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കു തങ്ങളുടേതല്ലാത്ത മറ്റുവഴിയില്ലെന്നും അവർ പറയുന്നു; സർവശക്തന്റെ മാർഗത്തിലാണ് തങ്ങൾ യുദ്ധം ചെയ്യുന്നതെന്നും അതിൽ രക്തസാക്ഷിയാകേണ്ടിവന്നാൽ അത് ബഹുമതിയാകുമെന്നും പറയുന്നു; പിന്നെ തക്ബീർ വിളിക്കുന്നു.
വാസ്തവത്തിൽ ഈ വാദങ്ങൾക്കൊക്കെ സംഘപരിവാറിന്റെ വാദങ്ങളുടെ ഛായയുണ്ട് എന്ന് സൂക്ഷിച്ചുനോക്കിയാൽ കാണാം. അർധസത്യങ്ങളും അസത്യങ്ങളും സത്യങ്ങളുമായി മിശ്രണം ചെയ്ത് ഇരവാദം മുഴക്കി തങ്ങളുടെ സാധ്യതാപ്രദേശങ്ങളിൽ വിപണനം ചെയ്യുക എന്ന പയറ്റിത്തെളിഞ്ഞ സംഘപരിവാർ പരിപാടി. ആ പറഞ്ഞതിലൊക്കെ സത്യത്തിന്റെ നിഴലുകളുണ്ട്; പക്ഷേ ഹിന്ദുത്വശക്തികൾക്കെതിരെയുള്ള പോരാട്ടം പതിനാലോ പതിനഞ്ചോ ശതമാനം വരുന്ന ഇന്ത്യൻ മുസ്‌ലിം ചെയ്യേണ്ടത് ആ സമുദായത്തിന്റെ മാത്രം കേന്ദ്രീകരണത്തിലൂടെയാണ് എന്ന വിചിത്രവാദത്തിന് ബലം പകരാൻ വക്രയുക്തികളുപയോഗിക്കുക മാത്രമാണ് ഇവർ ചെയ്യുന്നത്.
വൈവിധ്യങ്ങളെ ഇല്ലാതാക്കാക്കി ഈ രാജ്യത്തിന്റെ ഭാവിയെ ഇരുളിലാക്കുന്ന ഭരണത്തിന് ‘ജയ് ശ്രീരാം' എന്നു വിളിച്ചും ‘ഹിന്ദു അപകടത്തിൽ' എന്ന മുദ്രാവാക്യം മുഴക്കിയും പ്രതിരോധം തീർക്കുന്ന ഹിന്ദുത്വവാദികളെ എതിർക്കുന്ന മതേതരസഖ്യത്തിൽ ‘അള്ളാഹു അക്ബർ' എന്നുവിളിക്കുന്ന പാർട്ടികളുണ്ടായാൽ എന്തായിരിക്കും ആ സഖ്യത്തിന്റെ ധാർമികാധികാരം? ഒരൊറ്റ തക്ബീർ വിളികൊണ്ട് അക്കൂട്ടർ ആ സഖ്യത്തെ ഹിന്ദുത്വശക്തികളുമായി തുല്യതപ്പെടുത്തുകയല്ലേ ചെയ്യുക? ആ നിലവാരത്തിലേക്ക് വലിച്ചുതാഴ്ത്തുകയും. അതിനെ എങ്ങനെയായിരിക്കും ഹിന്ദുത്വശക്തികൾ ഉപയോഗിക്കുക?
ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിന്റെ ഒരു ചെറുന്യൂനപക്ഷം വർഗീയവാദികളായാൽ അവർക്ക് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടും, ഭരണം അവരുടെ പിടിയിലാവുകയും ചെയ്യും. ഇന്ത്യയിലെ മുഴുവൻ ന്യൂനപക്ഷങ്ങളും വർഗീയവാദികളായാലും ആ ചെറിയ ന്യൂനപക്ഷ ഹിന്ദുത്വവാദികൾക്ക് നമ്മുടെ ജനാധിപത്യസമ്പ്രദായത്തിൽ മേൽക്കൈയുണ്ടാകും. അവരെ തോൽപ്പിക്കണമെങ്കിൽ മതേതരമനുഷ്യരുടെ കൂട്ടായ്മയ്ക്കുമാത്രമേ സാധിക്കൂ. ഒരു ന്യൂനപക്ഷ വർഗീയശക്തിയുടെ സാന്നിധ്യം മതേതരശക്തികളുടെ സഖ്യത്തെയും സ്വാഭാവികമായും വർഗീയമാക്കും; എണ്ണത്തിന്റെ കളിയിൽ അവർ തോറ്റുപോവുകയും ചെയ്യും. ഭരണം എന്നും ഹിന്ദുത്വശക്തികളുട കൈയിൽ ഇരിക്കുകയും ചെയ്യും.
കെ.ജെ. ജേക്കബ് ട്രൂകോപ്പി വെബ്സീനിൽ എഴുതിയ ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം
ഹിന്ദുത്വവാദികളെ എതിർക്കുന്ന മതേതരസഖ്യത്തിൽ ‘അള്ളാഹു അക്ബർ' എന്നുവിളിക്കുന്ന പാർട്ടികളുണ്ടായാൽ എന്തുസംഭവിക്കും?