RAPE- ന്റെ
രാഷ്ട്രീയ ഫിലോസഫി

‘കൂട്ട ബലാല്‍സംഗവേളയില്‍ അല്ലെങ്കില്‍ വംശീയ കലാപകാലത്ത് മാത്രമാണ് സ്ത്രീകള്‍ക്കെതിരായ ഹിംസയുടെ രാഷ്ട്രീയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ കീഴ്ജാതി സ്ത്രീകള്‍ക്കെതിരെ ഇന്ത്യയില്‍ ഇത്തരം ബലാല്‍സംഗത്തിന്റെ രാഷ്ട്രീയം പ്രയോഗിക്കപ്പെടുന്നു. ദേശീയ വനിതാ കമ്മീഷന്‍ പറയുന്നത്, 2021-ആഗസ്റ്റ് വരെ, കഴിഞ്ഞ കാലത്തെക്കാള്‍ 46 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ബലാല്‍സംഗത്തില്‍ ഉണ്ടായത് എന്നാണ്. ഇതില്‍ ഇരകളുടെ ജാതിക്കും സാമൂഹിക പദവികള്‍ക്കും പ്രധാന സ്ഥാനമുണ്ട്.’- മണിപ്പുരിലെ സ്​ത്രീകൾക്കെതിരായ ലൈംഗികാക്രമണത്തിന്റെ പാശ്​ചാത്തലത്തിൽ ഇ.കെ. ദിനേശൻ എഴുതുന്നു.

ന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിംസയുടെ രാഷ്ട്രീയം നിര്‍മിച്ചത് ഹിന്ദുത്വ രാഷ്ട്രബോധമാണെന്ന് നിസ്സംശയം പറയാം. അതിന്റെ പിറവിയും വളര്‍ച്ചയും സ്വാതന്ത്ര്യത്തിനു മുന്‍പ് രൂപപ്പെട്ടതാണെങ്കിലും ഒരു ദേശ രാഷ്ട്രം എന്ന രീതിയില്‍ ഹിന്ദുത്വം നിലനില്‍ക്കേണ്ടത് വരേണ്യജാതിയുടെ ആവശ്യമായിരുന്നു. ജാതിയുടെ അധികാരം നിലനിര്‍ത്താന്‍ എക്കാലത്തും അത് ആവശ്യമാണ്. ചിതറിക്കിടന്ന ദേശ വ്യവഹാരങ്ങളില്‍ ജാതി നിലനിന്നത് സാമൂഹിക അധികാരത്തെ കൂട്ടുപിടിച്ചാണ്. അതിനെ അടുക്കും ചിട്ടയോടുംകൂടി നിലനിര്‍ത്താന്‍ രാഷ്ട്രീയ അധികാരത്തിനേ കഴിയൂ. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുക വഴി നിലവിലെ ഭരണകൂടം ലക്ഷ്യം വെക്കുന്നതും ഇതാണ്.

ഇതിലേക്കുള്ള വഴികള്‍ പലതായപ്പോഴും ലക്ഷ്യം ഒന്നാണെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ഭൂരിപക്ഷം വരുന്ന കീഴ്ജാതി സമൂഹങ്ങളെ നിരന്തരം വേട്ടയാടുക എന്നത്​ ആ വഴികളില്‍ ഒന്ന് മാത്രമാണ്. ഇതിനെതിരെ ഉയരുന്ന പ്രതിഷേധത്തെ പ്രതിരോധിക്കാനുള്ള പ്രധാന തന്ത്രമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍. അതായത് ബലാല്‍സംഗം ചെയ്ത് ഇരകളെ ഭീതിയിലാഴ്ത്തുക. ഇവിടെ ബലാൽസംഗം പുരുഷലിംഗത്തിന്റെ ആനന്ദത്തിനു വേണ്ടി മാത്രമല്ല. മറിച്ച്, അവരെ റേപ്പ് ചെയ്ത ശേഷം മൃഗീയമായി കൊല്ലുക എന്നത് ജീവിച്ചിരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

ഇത്തരം, ക്രൂരപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാകുന്നവര്‍ക്കുമുമ്പിലെ ഇര മാത്രമല്ല സ്ത്രീ. താന്‍ പഠിച്ച ഹിംസയുടെ രാഷ്ട്രീയത്തിന് ആവശ്യമായ ഉല്‍പ്പന്നം കൂടിയാണ് ദലിത്- പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍. അതിന്റെ ഉന്മൂലനം വൈകാരികമായ പ്രതിഷേധത്തിന്റേയോ എതിര്‍പ്പിന്റെയോ ഭാഗമായി രൂപപ്പെട്ടതല്ല. വേട്ടക്കാരുടെ തലച്ചോറിനെ നിയന്ത്രിക്കുന്ന ഹിംസയുടെ ഫിലോസഫിയാണ് ബലാല്‍സംഗത്തിലേക്ക് നയിക്കുന്നത്. ഇത് തീവ്രഹിന്ദുത്വ ബോധത്തിന്റെ രാഷ്ട്രീയ, സാമൂഹിക തത്വശാസ്ത്രം കൂടിയാണ്.

കൂട്ടബലാല്‍സംഗവേളയില്‍ അല്ലെങ്കില്‍ വംശീയ കലാപകാലത്ത് മാത്രമാണ് സ്ത്രീകള്‍ക്കെതിരെയുള്ള ഹിംസയുടെ രാഷ്ട്രീയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ കീഴ്ജാതി സ്ത്രീകള്‍ക്കെതിരെ ഇന്ത്യയില്‍ ഇത്തരം ബലാല്‍സംഗത്തിന്റെ രാഷ്ട്രീയം പ്രയോഗിക്കപ്പെടുന്നു. ഓരോ മണിക്കൂറിലും ഒന്നിലധികം സ്ത്രികള്‍ റേപ്പിന് വിധേയമാകുന്നു. 2021-ആഗസ്റ്റ് വരെയുള്ള കണക്ക് അവതരിപ്പിച്ച് ദേശീയ വനിതാ കമ്മീഷന്‍ പറയുന്നത്, ഇന്ത്യയില്‍ കഴിഞ്ഞ കാലത്തെക്കാള്‍ 46 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ബലാല്‍സംഗത്തില്‍ ഉണ്ടായത് എന്നാണ്. ഇതില്‍ തന്നെ ഇരകളുടെ ജാതിക്കും സാമൂഹിക പദവികള്‍ക്കും പ്രധാന സ്ഥാനമുണ്ട്.

2012 -ല്‍ ഡിസംബറില്‍ ദല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വലിയ രാഷ്ട്രീയ പ്രാധാന്യം നേടിയിരുന്നു. അതുകൊണ്ടു കൂടിയാണ് രക്ഷപ്പെടുത്താനുള്ള പരമാവധി ശ്രമം നടന്നത്. എന്നാല്‍ താഴ്ന്ന സാമൂഹികാവസ്ഥയില്‍ ജീവിക്കുന്ന ഇരകള്‍ക്ക് പോലിസില്‍ നിന്നു നീതി പോലും കിട്ടുന്നില്ല. അതിന്റെ പ്രധാന കാരണം, ഇരയുടെ ജാതിയാണ്. ഇന്ത്യയില്‍ നടന്ന കൂട്ട ബലാല്‍സംഗങ്ങളില്‍ ഒന്നും ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ ഇരയാകാത്തതും കീഴ്ജാതി സ്ത്രീകള്‍ ഇരയാകുന്നതിനും പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്.

2012 -ല്‍ ഡിസംബറില്‍ ദല്‍ഹിയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതില്‍ നീതി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം. / Photo: Wikimedia Commons
2012 -ല്‍ ഡിസംബറില്‍ ദല്‍ഹിയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതില്‍ നീതി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം. / Photo: Wikimedia Commons

നിലവില്‍ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വിശകലനങ്ങളില്‍ അത് വ്യക്തമാകുന്നുണ്ട്.

മണിപ്പൂരിലെ 80 ദിവസമായി തുടരുന്ന വംശീയ കലാപത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട രണ്ട് യുവതികളുടെ വാര്‍ത്തകള്‍ രാജ്യത്തിന് പുറത്തു ചര്‍ച്ചയാവുകയാണ്. അവിടെ സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നത് ആദ്യമായിട്ടല്ല. അതൊക്കെ ഭരണകൂടത്തിന്റെ അറിവോടു കൂടിയാണ് എന്നതാണ് പരാതി. അതുകൊണ്ടാണ് ബലാല്‍സംഗത്തിന്റെ രാഷ്ട്രീയമെന്നത് വ്യവസ്ഥിതിക്കെതിരെ പോരാടുന്നവര്‍ക്കുള്ള മുന്നറിപ്പായി മാറുന്നത്. സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍ ആ പ്രദേശം മുഴുവന്‍ ഭീതിയിലാകുന്നു. ആ സമയത്ത് അധികാരം എന്താണോ നടപ്പാക്കാന്‍ നിശ്ചയിച്ചിട്ടുള്ളത് അതിനെ എളുപ്പം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ കഴിയുന്നു. ഇവിടെ അധികാരം എന്നതിന് രാഷ്ട്രീയത്തിനുപുറത്ത് ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ എന്നുകൂടിയാണ് അര്‍ത്ഥം. അതാണ് മണിപ്പുര്‍ ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ബലാല്‍സംഗത്തിന്റെ രാഷ്ട്രീയ ഫിലോസഫി ഹിംസയില്‍ നിന്ന് രൂപപ്പെടുന്നതാണെന്ന് ഇതുവരെയുള്ള കൂട്ടബലാല്‍സംഗത്തിന്റെ ചരിത്രം പറയുന്നുണ്ട്. ഈ ചരിത്രം മറന്നു പോയി മണിപ്പുര്‍.

മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി ഹുയ്റം ഹീരോദാസ് മെയ്തി
മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി ഹുയ്റം ഹീരോദാസ് മെയ്തി

2004 ജൂലായ് 11ന് 32 വയസ്സുകാരിയായ തങ്കജം മനോരമ എന്ന സ്ത്രീയെ ആസാം റൈഫിള്‍സിലെ സൈനികര്‍ ബലാല്‍സംഗ ചെയ്ത് കൊലപ്പെടുത്തിയപ്പോള്‍ അതിനെതിരെ ഇരകളുടെ സമൂഹം ‘ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്’ എന്ന ബാനറിന് പിറകില്‍ സ്ത്രീകള്‍ പൂർണനഗ്‌നരായിട്ടാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. അന്ന് തങ്ങളുടെ നഗ്‌നശരീരം കൊണ്ട് ഭരണകൂടത്തിനെതിരെ പ്രതികരിച്ച അതേ മെയ്തി വിഭാഗമാണ് കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ ബലാല്‍സംഗം ചെയ്തത്. ഇത് സാധ്യമാക്കിയത് മണിപ്പൂരിലെ മെയ്തി വിഭാഗത്തെ ഹിന്ദുത്വവല്‍ക്കരിച്ചാണ്.

മണിപ്പൂരിലെ ഗോത്രവിഭാഗമായ കുക്കികളെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന തരത്തിലേക്ക് ഹിന്ദുത്വശക്തികള്‍ നടത്തിയ സോഷ്യല്‍ എന്‍ജിനിയറിങ്ങിന്റെ റിസല്‍ട്ടാണ് ഹിംസയുടെ രാഷ്ട്രീയം ഇപ്പോള്‍ കൊയ്‌തെടുക്കുന്നത്. പ്രാദേശിക സമൂഹം എന്ന രീതിയില്‍തങ്ങളുടേതല്ലാത്ത മറ്റൊരു വിഭാഗത്തെയും ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ ശ്രമിക്കാത്ത രീതിയിലേക്ക് മെയ്തി വിഭാഗത്തില്‍ ഹിന്ദുത്വം രാഷ്ട്രീയവിജയം നേടിയതിന്റെ തെളിവ് കൂടിയാണ് ബലാല്‍സംഗത്തിന്റെ രാഷ്ട്രീയം. അതിനെ ഹിന്ദുത്വത്തിന്റെ ഹിംസാത്മക രാഷ്ട്രീയ വിജയം എന്നുകൂടി പറയേണ്ടതുണ്ട്.

കഴിഞ്ഞകാല കലാപങ്ങളില്‍ നിന്ന്​ വ്യത്യസ്തമായി ഇപ്പോള്‍ മണിപ്പുരില്‍ നടക്കുന്ന വംശീയ കലാപങ്ങള്‍ക്ക് കൃത്യമായ ഏകമുഖ രാഷ്ട്രീയമുണ്ട്. ആ ഏകമുഖ രാഷ്ട്രീയമെന്നത് ഭരണകൂട താല്പര്യത്തിനനുസരിച്ച് രാജ്യത്തെ ഏകാത്മക ദേശീയതയിലേക്ക് പരുവപ്പെടുത്തുക എന്നതാണ്. അത് ഓരോ ദേശ സമൂഹത്തിലെയും വൈവിധ്യങ്ങളെ നിരാകരിക്കുന്നു. ആ വൈവിധ്യങ്ങളില്‍ ഇക്കാലമത്രയും നിലനിന്ന വ്യത്യസ്ത വിശ്വാസപ്രമാണങ്ങളെ പൂര്‍ണ്ണമായി കീഴ്‌പ്പെടുത്തുകയോ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയോ ചെയ്യുന്നു. അല്ലെങ്കില്‍ അടിമകളായി ജീവിക്കാന്‍ പാകപ്പെടുത്തുന്നു. അതിനായി തെരഞ്ഞെടുത്ത ഹിന്ദുത്വ സവര്‍ണ രാഷ്ട്രീയ അധികാരത്തിന്റെ പരീക്ഷണശാലയാണ് ഇന്ന് മണിപ്പുര്‍.

 തങ്കജം മനോരമ എന്ന സ്ത്രീയെ ആസാം റൈഫിള്‍സിലെ സൈനികര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ 2004-ല്‍ മണിപ്പുരിലെ സ്ത്രീകള്‍ നടത്തിയ പ്രതിഷേധം.
തങ്കജം മനോരമ എന്ന സ്ത്രീയെ ആസാം റൈഫിള്‍സിലെ സൈനികര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ 2004-ല്‍ മണിപ്പുരിലെ സ്ത്രീകള്‍ നടത്തിയ പ്രതിഷേധം.

ഈ പരീക്ഷണം 2002- ല്‍ ഗുജറാത്തില്‍ കൃത്യമായി പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്തതാണ്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായപ്പോള്‍ അന്നത്തെയും ഇന്നത്തെയും മോദിയുടെ മൗനം ഒന്നാകുന്നു. അതിനു കഴിയുന്നതാകട്ടെ രണ്ടിന്റെയും അടിസ്ഥാന ലക്ഷ്യം ഒന്നായതുകൊണ്ടാണ്. ഗുജറാത്തില്‍ നടന്ന ബലാല്‍സംഗ പരമ്പരയും ഇരയായ ബൽക്കീസ്​ ബാനു ലോകത്തിനു മുമ്പില്‍ വിളിച്ചു പറഞ്ഞ സത്യവും നിലനില്‍ക്കെ പ്രതികളെ ജയില്‍ മോചിതരാക്കി ഭരണകൂടം നല്‍കുന്ന സന്ദേശം കൃത്യമാണ്. ബലാല്‍സംഗ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.

സ്ത്രീകളെ തിരഞ്ഞുപിടിച്ച് ബലാല്‍സംഗം ചെയ്യുമ്പോള്‍ പുരുഷന് സ്വന്തം വീട്ടിലെ അമ്മയെയും സഹോദരിയെയും മറക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്? അത്തരം മനുഷ്യരുടെ മനസ്സില്‍ എന്നോ രൂപപ്പെട്ട ഹിംസയുടെ രാഷ്ട്രീയമാണ് അതിനുകാരണം.

നരേന്ദ്ര മോദി
നരേന്ദ്ര മോദി

ഇതിനെക്കുറിച്ച് ഫാഷിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രം എന്ന പുസ്തകത്തില്‍ വില്‍ഹം റീഹ് പറയുന്നുണ്ട്: ‘‘അധികാരവാഴ്ചയ്ക്കടിപ്പെട്ട സമൂഹത്തിലെ വ്യക്തികളുടെ സ്വഭാവഘടനയില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ കുടുംബത്തിലും സമൂഹത്തിലും പ്രതിഫലിക്കുന്നു. രാഷ്ട്രീയത്തിലെ അമിതാധികാരവാഴ്ച അരക്കിട്ടുറപ്പിക്കാന്‍ അനിവാര്യമായ ഒരു കാര്യമാണ് പിന്തിരിപ്പനും സ്വേച്ഛാധിപരവുമായ കുടുംബഘടനയെ ഉറപ്പിച്ചു നിര്‍ത്തുക എന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരം കുടുംബമാണ് ഭരണകൂടത്തിന്റെയും സംസ്‌കാരത്തിന്റെയും അടിത്തറ.''
ഈ നിരീക്ഷണത്ത ഹിന്ദുത്വം ശരിവെക്കുന്നു. അവരെ സംബന്ധിച്ച് തങ്ങളുടെ വരേണ്യതയ്ക്ക് അപ്പുറമുള്ള എല്ലാ മനുഷ്യരെയും നികൃഷ്ടജീവികളായി കാണാനുള്ള മനോ ഘടനയിലേക്ക് ആ രാഷ്ട്രീയ ഫിലോസഫി എത്തിക്കഴിഞ്ഞു. മണിപ്പുരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രൂരതയെ ആര്‍.എസ്.എസിന് തള്ളിപ്പറയാന്‍ കഴിയാത്തത് അതുകൊണ്ടാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇന്ത്യന്‍ സൈന്യത്തിന് അമര്‍ച്ച ചെയ്യാന്‍ പറ്റുന്ന കലാപത്തെ കെട്ടഴിച്ചു വിടുന്നത് സ്റ്റേറ്റ് അറിഞ്ഞു കൊണ്ടാണ്. ഗുജറാത്തിലും നടന്നത് അതുതന്നെ. ഒരു സമൂഹത്തെ ഭീതിയിലാഴ്ത്തി തങ്ങളുടെ രാഷ്ട്രീയത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കുക.

എം.എസ്. ഗോള്‍വള്‍ക്കര്‍
എം.എസ്. ഗോള്‍വള്‍ക്കര്‍

ഇത് മണിപ്പൂരില്‍ മാത്രം ഒതുങ്ങുന്നതല്ല. രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സ്വഭാവത്തിലെ എല്ലാ അവകാശങ്ങളെയും ഇല്ലാതാക്കുക. 'രാജ്യത്തിനുള്ളില്‍ സ്വയംഭരണം അല്ലെങ്കില്‍ ഭാഗികമായ സ്വയംഭരണം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സംവിധാനം തന്നെ ഇല്ലാതാകണം. ഒരു രാജ്യത്തിന് ഒരേയൊരു ഗവണ്‍മെന്റ് എന്ന സംവിധാനം ഉറപ്പാക്കാന്‍ നമുക്ക് ഭരണഘടനയെ പുനഃപരിശോധിക്കുകയും മാറ്റിഎഴുതുകയും ചെയ്യാം’ എന്ന് ഗോൾവാൾക്കര്‍ പറയുന്നുണ്ട്. മണിപ്പുരിനെ പോലെയുള്ള പ്രത്യേക അധികാര പരിധിയുള്ള സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം അതിന്റെ പ്രായോഗിക തലങ്ങളിലേക്ക് പ്രവേശിച്ചു എന്നതിന്റെ തെളിവുകൂടിയായി അവിടുത്തെ ഇന്നത്തെ അവസ്ഥയെ വായിക്കേണ്ടതുണ്ട്.

മണിപ്പുരിലെ ഇരയാക്കപ്പെടുന്ന മനുഷ്യര്‍ക്കെല്ലാം നീതി ലഭിക്കാൻ രാജ്യത്തിനകത്തും പുറത്തും ഇന്ത്യക്കാരെല്ലാവരും ജനാധിപത്യപരമായി പ്രതിഷേധിക്കണം. ബലാല്‍സംഗത്തിന്റെ രാഷ്ട്രീയം, സംസ്‌കാരം എന്ന പുസ്തകത്തില്‍ മീന കന്തസ്വാമി എഴുതിയ ഭാഗം ഈ സമയത്ത് ഓര്‍ക്കേണ്ടതുണ്ട്: ‘‘ഏറ്റവും ശക്തമായ പദാവലികളാല്‍ ലൈംഗിക അതിക്രമങ്ങളെ വിമര്‍ശിക്കാന്‍ എളുപ്പമാണ്. പക്ഷേ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. പീഡനവും അടിച്ചമര്‍ത്തുന്നതുമായ ജാതി വ്യവസ്ഥയെയും ജാതിയും വര്‍ഗീയശക്തികളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാഷ്ട്രീയ ഘടനയെയും വലിച്ചെറിയാതെ ഇത്തരം സംഘത്തെ എതിരിടുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള പുരോഗതി ഉണ്ടാകില്ല.''

അതുകൊണ്ട് ആദ്യം വേണ്ടത് ബലാല്‍സംഗ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തെ അടിത്തട്ടിലെ മനുഷ്യര്‍ക്കു മുമ്പില്‍ തുറന്നുകാട്ടുക എന്നതായിരിക്കണം.

Comments