‘ഇന്ത്യ’യെ തോൽപ്പിക്കുന്ന സി.പി.ഐ- എം കേരള

‘‘കർണാക തെരഞ്ഞെടുപ്പിൽ സ്വീകരിച്ച വിഭാഗീയ സമീപനം അമ്പേ പരാജയമടഞ്ഞിട്ടും സി.പി.എം തിരുത്താൻ തയ്യാറാകുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ്, ‘ഇന്ത്യ’ മുന്നണി ഏകോപനസമിതിയിൽനിന്ന് വിട്ടുനിൽക്കാനുള്ള പി ബി തീരുമാനം. ഇടതുകക്ഷികൾക്കിടയിൽ ഭിന്നിപ്പു സൃഷ്ടിക്കുന്നതു കൂടിയാണ് സെക്ടേറിയൻ എന്നു മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന ഈ തീരുമാനം.’’

ഴിഞ്ഞ സപ്തംബർ 16,17 തിയതികളിൽ രാജ്യതലസ്ഥാനത്തുചേർന്ന പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗതീരുമാനം മലയാളികളെ സി.പി.എം കേരളഘടകത്തിന്റെ മുഖപത്രമായ ദേശാഭിമാനി നേരോടെ അറിയിച്ചത് ഇപ്രകാരമായിരുന്നു: "ബി ജെ പി യെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ 'ഇന്ത്യ' പ്രതിപക്ഷ കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവർത്തിക്കാൻ സി പി ഐ- എം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. പൊതുയോഗങ്ങൾ സംഘടിപ്പിക്കാനും വരുന്ന തെരഞ്ഞെടുപ്പുകളിൽ ബി ജെ പി യെ തോൽപ്പിക്കുന്നതിനായി ജനങ്ങളെ അണിനിരത്താനും 'ഇന്ത്യ' കൂട്ടായ്മ യോഗങ്ങളിൽ സി പി ഐ- എം സ്വീകരിച്ച നിലപാടിന് പി ബി യോഗം അംഗീകാരം നൽകി".

പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിൽ പക്ഷേ, 'ഇന്ത്യ' കൂട്ടായ്മയുടെ ഏകോപന സമിതിയിൽ ചേർന്ന് പ്രവർത്തിക്കേണ്ടതില്ലെന്ന പി ബി തീരുമാനം അതേ പടി ഇല്ല. പകരം ശാർദ്ദൂലവിക്രിഡിതത്തിൽ മറ്റൊരു കാര്യം ഉപന്യസിച്ചിട്ടുണ്ട്. അത് ഇതാണ്: "വിവിധ ജനകീയപ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള നിർണ്ണായകവിഭാഗത്തെക്കൂടി ആകർഷിക്കാനാകണം. കൂട്ടായ്മയിലെ എല്ലാ തീരുമാനങ്ങളും പാർട്ടികളുടെ നേതാക്കളാകും എടുക്കുക. ഇതിന് തടസ്സമാകുന്ന സംഘടനാ സംവിധാനങ്ങൾ ഉണ്ടാകരുതെന്നും പി ബി നിർദ്ദേശിച്ചു".

സിപിഎം പോളിറ്റ്ബ്യൂറോ അംഗങ്ങള്‍

വിവിധ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള നിർണ്ണായക വിഭാഗത്തെക്കൂടി ആകർഷിക്കണം എന്ന ആവശ്യം നടപ്പാകുന്നതിന് ഏകോപന സമിതി എന്ന സംഘടനാ സംവിധാനം തടസ്സം നിൽക്കുമെന്നാണ് സി.പി.എം കരുതുന്നത് എന്നു വേണം ദേശാഭിമാനി റിപ്പോർട്ടിൽ നിന്നും അതുപോലെ പാർട്ടി പി ബി യോഗത്തിനുശേഷം ഇറക്കിയ പത്രപ്രസ്താവനയിൽ നിന്നും മനസ്സിലാക്കാൻ. കൂട്ടായ്മയുടെ എല്ലാ തീരുമാനങ്ങളും ഘടകകക്ഷി നേതാക്കളാണ് എടുക്കുക എന്നിരിക്കേ അതിന് ഏകോപന സമിതി എന്ന സംവിധാനം ആവശ്യമില്ല എന്നാണ് സി.പി.എം വാദം. ഇത് യഥാർത്ഥത്തിൽ ഈയൊരു സംഘടനാസംവിധാനത്തോടുള്ള വിയോജിപ്പ് മാത്രമായി കാണാനാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ‘ഇന്ത്യ’ കൂട്ടായ്മയുടെ ഏകോപന സമിതി എടുക്കുന്ന ഒരു തീരുമാനം തങ്ങൾക്ക് ബാധകമാകാതിരിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം എന്ന് അനുമാനിക്കുന്നതിൽ തെറ്റുണ്ടാവില്ല എന്നു തോന്നുന്നു. കൂട്ടായ്മക്കകത്ത് തുറന്ന ചർച്ചകളും പൊതു മിനിമം പരിപാടിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഐക്യവും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ ആസ്പദമാക്കിയുള്ള സമവായവും നിശ്ചിത കാലയളവിലേക്കെങ്കിലും ഉണ്ടാകുന്നില്ല എങ്കിൽ അത് ബി ജെ പി ക്കെതിരായ വിശ്വാസ്യതയുള്ള ഒരു സംവിധാനമായി ജനങ്ങൾ സ്വീകരിക്കാൻ പോകുന്നില്ല എന്ന കാര്യമാണ് സി.പി.എം ഇവിടെ കാണാതെ പോകുന്നത്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ജനാധിപത്യ മതേതര സ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ താഴെയിറക്കിയേ മതിയാവൂ എന്നു പൊളിറ്റ് ബ്യൂറോ പറയുന്നുണ്ട്. എന്നാൽ ആ കാര്യം നേടുന്നതിന് ഇന്നു ലഭ്യമായ ഒരേയൊരു സംവിധാനമായ 'ഇന്ത്യ' കൂട്ടായ്മയുടെ ഏറ്റവും ഉയർന്ന സമിതിയിൽ അംഗമാകാൻ പാർട്ടി തയ്യാറല്ല. സബ്കമ്മിറ്റികളിൽ പാർട്ടി പ്രതിനിധികൾ ഉണ്ടുതാനും. പരിഹാസ്യമാണ് ഈ നിലപാട് എന്നു തന്നെ പറയണം.

'ഇന്ത്യ' മുന്നണിയുടെ നയസമീപനങ്ങൾ ചർച്ച ചെയ്യുന്ന ഏകോപന സമിതിയിൽ അംഗമാകേണ്ടതില്ലെന്ന സി.പി.എം തീരുമാനം മതനിരപേക്ഷ ഇന്ത്യ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരിലും നിരാശയായിരിക്കും ഉണ്ടാക്കിയിരിക്കുക. മനസ്സ് കൊടുത്ത് മുന്നണിയോടൊപ്പം നിൽക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം ഏറ്റവും ആഹ്ളാദമുണ്ടാക്കിയിരിക്കുക ഹിന്ദുത്വവാദികളിൽ ആയിരിക്കും. ഹിന്ദു രാഷ്ട്രത്തിനുവേണ്ടി ഒരു നൂറ്റാണ്ടോളമായി അതീവ ഏകാഗ്രതയോടെ സാധകം ചെയ്യുന്ന ആർ എസ് എസിനെ അതു ഹഠാദാകർഷിച്ചിരിക്കും. ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്ര സിദ്ധാന്തത്തിന്റെ ഹിംസാത്മക പ്രയോഗത്തിനെതിരെ രൂപപ്പെടുന്ന ഏതൊരു കൂട്ടായ്മയിലും ഉണ്ടാകുന്ന ഏറ്റവും നേരിയ വിള്ളലിൽ പോലും ആഹ്ളാദ ചിത്തരാവുന്നവരാണവർ. സി.പി.എമ്മിന്റെ തീരുമാനത്തിൽ ഏറ്റവും മതിപ്പു തോന്നുന്നുണ്ടാവണം, ഓരോ ഹിന്ദുത്വവാദിക്കും.

ഇന്ത്യ മുന്നണി

അനേകം തരത്തിലും തലത്തിലുമുള്ള ഭിന്നതകളും പരസ്പര വൈരുദ്ധ്യങ്ങളും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും ഹിന്ദുത്വ ഭരണകൂടത്തെ താഴെയിറക്കാനുള്ള ഒരു കൂട്ടായ്മ 'ഇന്ത്യ' എന്ന പേരിൽ യാഥാർത്ഥ്യമായത് ഇന്ത്യയിലെ ജനാധിപത്യ മതേതര രാഷ്ട്രീയ ജനസമൂഹത്തിൽ ഉണ്ടാക്കിയ ആശ്വാസവും പ്രതീക്ഷയും ചെറുതല്ല. മുന്നണി രൂപീകരണ ഘട്ടത്തിൽ നടന്ന കർണ്ണാടക തിരഞ്ഞെടുപ്പിന്റേയും രൂപീകരണത്തിനുശേഷം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടേയും ഫലങ്ങൾ മതേതര മനുഷ്യരുടെ പ്രതീക്ഷകളെ വർധിപ്പിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് മുംബെയിൽ നടന്ന മുന്നണിയോഗത്തിൽ സംഭവിച്ച നയ ഏകോപനസമിതി ഉൾപ്പെടെ വിവിധ സമിതികളുടെ രൂപീകരണം, യോജിച്ചുള്ള പ്രവർത്തനങ്ങളെ മുമ്പോട്ടു കൊണ്ടുപോകാൻ സഹായകമായ നീക്കമായി മതേതരവാദികൾ കണ്ടത്. ഏകോപന സമിതിയിലെ പാർട്ടി പ്രതിനിധിയെ പിന്നീട് തീരുമാനച്ചറിയിക്കും എന്നു പറഞ്ഞ് സി.പി.എം ജനറൽ സിക്രട്ടറി സീതാറാം യെച്ചൂരി ആ പ്രതീക്ഷയെ കെടാതെ കാക്കുകയും ചെയ്തു. എന്നാൽ അതിനു വിരുദ്ധമായി ഏകോപന സമിതിയിൽ അംഗത്വം വേണ്ടെന്ന തീരുമാനമാണ് പി ബി എടുത്തത്. കർണാക തെരഞ്ഞെടുപ്പിൽ സ്വികരിച്ച വിഭാഗീയ സമീപനം അമ്പേ പരാജയമടഞ്ഞിട്ടും സി.പി.എം തിരുത്താൻ തയ്യാറാകുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് അങ്ങേയറ്റം നിരുത്തരവാദപരമായ പി ബി തീരുമാനം. ഇടതുകക്ഷികൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നതു കൂടിയാണ് സെക്ടേറിയൻ എന്നു മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന ഈ തീരുമാനം.

ഈ തീരുമാനം പ്രാഥമികമായും രാഷ്ട്രീയമായ ആത്മവിശ്വാസക്കുറവിന്റെ കൂടി നിദർശനമാണ്. ഒപ്പം കാപട്യത്തിന്റെ മുഖം പൂഴ്ത്തലുകളും അതുൾവഹിക്കുന്നു. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന മുന്നണിയുടെ പരിമിതമായതെങ്കിലും ഉയർന്നു വന്നിരിക്കുന്ന സാധ്യത ഉപയോഗപ്പെടുത്താനും അതിന്റെ അവിഭാജ്യഭാഗമായി നിന്ന് മുന്നണിക്കുള്ളിലും പുറത്തും സ്വതന്ത്രമായ തൊഴിലാളിവർഗ്ഗ നിലപാടോടെ പൊരുതാനും കഴിയണം ഒരു ഇടതുപക്ഷ പാർട്ടിക്ക്, പ്രത്യേകിച്ച്, ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക്. കമ്യൂണിസ്റ്റുകൾ നിയമ നിർമാണസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതും ജയിച്ചാൽ പാർലമെന്ററി പ്രവർത്തനങ്ങൾ നടത്തുന്നതും അതു നൽകുന്ന സാധ്യതകൾ പരിമിതമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണല്ലോ. പാർലമെന്ററി പ്രവർത്തനത്തിന്റെ പരിമിതിയും പാർലിമെന്റിന്റെ തന്നെ വർഗചായ്വും വിപ്ലവം ആഗ്രഹിക്കുന്ന വിശാല ജനവിഭാഗത്തെ ബോധ്യപ്പെടുത്തുന്നതിന് അത്തരം പ്രവർത്തനം കൂടിയേതീരൂ എന്ന് ശരിയായി തന്നെ വിലയിരുത്തുന്നവരാണ് കമ്യൂണിസ്റ്റുകൾ.

ഈ വിലയിരുത്തലിനനുസരിച്ച് പാർലമെന്ററി പ്രവർത്തനം തുടരുന്ന പാർട്ടിയാണ് സി.പി.എം. ഭരണകൂടത്തെ കടപുഴക്കിയെറിയുന്നതിന് സായുധ സമരം ഒറ്റമൂലിയായി കാണുന്ന പാർട്ടിയല്ല അത്. അത്തരമൊരു പാർട്ടിക്ക്, ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരത ഇന്ത്യയെന്ന ആശയത്തെ തന്നെ അട്ടിമറിക്കാനുള്ള അതിന്റെ തേരോട്ടത്തിന്റെ അവസാന ലാപ്പിൽ പ്രവേശിച്ചിരിക്കേ മുന്നണി പങ്കാളിത്തത്തിന്റെ പ്രവർത്തന സംവിധാനം സംബന്ധിച്ച് വർണ്യത്തിലാശങ്ക പിടിപെട്ടത് പരിശോധിക്കേണ്ടതുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കാലത്തുതന്നെ ഇത്തരം സിദ്ധാന്ത ശങ്കകൾ പ്രസ്ഥാനത്തിന്റെ മുമ്പോട്ടുപോക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടായിരുന്നു. അത് കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വയംവിമർശനപരമായി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ സമര കാലഘട്ടം പോലുള്ള നിർണ്ണായകഘട്ടങ്ങളിലായിരുന്നു അത്തരം പിശകുകൾ സംഭവിച്ചത്. അതു പിന്നീട് കൽക്കത്ത തിസീസിന്റെ എടുത്തുചാട്ടങ്ങളിലൂടെ കയറിയിറങ്ങിയിട്ടുമുണ്ട്. വിഭാഗീയവീക്ഷണത്തിന്റേയും പ്രമാണമാത്രവാദത്തിന്റേയും സിദ്ധാന്ത ശാഠ്യത്തിന്റേയും ഏകപക്ഷീയതകൾ വിവിധ സന്ദർഭങ്ങളിൽ പ്രസ്ഥാനത്തിന്റെ വളർച്ചയെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് ഇത്തരം പരിമിതികളെ മറികടക്കുന്നതിന് കഴിയാതെ സ്തംഭിച്ചുനിൽക്കുന്ന ഒരു പാർട്ടിയാണ് സി.പി.എം എന്നാണ് ഈ വങ്കൻ തീരുമാനത്തിലൂടെ വെളിപ്പെടുന്നത്.

26 പാർട്ടികൾ അടങ്ങിയ 'ഇന്ത്യ' മുന്നണിയോടൊപ്പം നിൽക്കുകയും അതിന്റെ ഏകോപനസമിതിയിൽ അംഗമാകാൻ വിസമ്മതിക്കുകയും ചെയ്യുന്ന സി.പി.എം നിലപാട് കൂടുതൽ പരിഹാസ്യമാകുന്നത് സമൂർത്ത സാഹചര്യത്തെ നേരിടാനുള്ള കെൽപ്പില്ലായ്മ വിപ്ലവനിലപാടായി സ്വയം വ്യാഖ്യാനിക്കുമ്പോഴാണ്. ഈ ഒരു മുന്നണിക്കുപുറത്ത് മറ്റേതെങ്കിലും തുറവിയോ ബദലോ പാർട്ടിക്ക് കണ്ടെത്താനായിട്ടുമില്ല. ബി ജെ പിയെ എതിർത്തുതോൽപ്പിക്കാൻ കഴിയുന്ന ഒരു കോൺഗ്രസിതരസഖ്യം എന്നത് ഏറ്റവും വലിയ കാൽപ്പനികതയാണ് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ എന്നതാണ് യാഥാർത്ഥ്യം. ഇത്തരമൊരു സഖ്യത്തെ സങ്കൽപ്പിച്ചിരുന്ന ജെ ഡി- എസിനെപ്പോലുള്ള കക്ഷികൾ ബി ജെ പി മുന്നണിയിലേക്ക് പോകാൻ തയ്യാറെടുത്തു കഴിഞ്ഞു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം നിലപാടുകൾ കൈക്കൊള്ളുന്ന പാർട്ടികളും വ്യക്തികളും സംഘപരിവാർ പാളയത്തിൽ എത്തിച്ചേരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. നേരിട്ട് ബി ജെ പി പാളയത്തിൽ എത്തിച്ചേരാത്തവർ പരോക്ഷമായി ബി ജെ പിയെ സഹായിക്കുന്ന നിലപാടിലേക്ക് നടന്നടുക്കുന്ന പരിണാമവും നാം കാണുന്നു. സി.പി.എം നിലപാടിന്റെ പ്രയോഗഗുണം ലഭിക്കാൻ പോകുന്നതും സംഘപരിവാറിനു തന്നെ.

ഈ തീരുമാനം തിരുത്തുന്നില്ലെങ്കിൽ അഖിലേന്ത്യാ കാഴ്ചപ്പാട് നഷ്ടപ്പെട്ട ഒരു സി.പി.എമ്മിനെയായിരിക്കും നിർണ്ണായകമായ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ വോട്ടർമാർ കാണുക. അടുത്തു ചേരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റിക്ക് തിരുത്താവുന്നതേയുള്ളൂ പി ബി യുടെ ഈ അപക്വമായ തീരുമാനം. കേരളത്തിലെ സവിശേഷമായ കക്ഷിരാഷ്ട്രീയ സാഹചര്യത്തിന്റെ തടവറയിൽ അകപ്പെട്ടതിന്റെ ഫലമായുണ്ടായ ഒരു സങ്കുചിത നിലപാടാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപാർട്ടിയായ സി.പി.എം പുലർത്തുന്നത് എന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തും.

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നേതൃത്വത്തിലുള്ള സംഘപരിവാർ ഭരണകൂടം ഏതുവിധേനയും പുറത്താക്കപ്പെടണം എന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുന്നവരാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും കീഴാളവിഭാഗങ്ങളും മതേതര സമൂഹവും ജനാധിപത്യവാദികളും എല്ലാം. അവരിൽ നിന്ന് ഉയരുന്ന ചോദ്യങ്ങൾക്ക് ഭാവിയിൽ സി.പി.എമ്മിന് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടി വരും. ഞങ്ങൾ മുന്നണിയിലുണ്ടല്ലോ, ഏകോപനസമിതിയിലല്ലേ ഇല്ലാതുള്ളൂ എന്ന കാപട്യപൂർണ്ണമായ പാതിവെന്ത ഉത്തരം അപ്പോൾ പോരാതെ വരും. ഏറ്റവും നിർണ്ണായകമായ ഒരു സന്ദർഭത്തിൽ നിങ്ങൾ അറച്ചുനിന്നത് എന്തിനായിരുന്നു എന്ന് ഭാവിയിൽ ജനാധിപത്യ ഇന്ത്യ തീർച്ചയായും സിദ്ധാന്ത ശങ്കാവിഷ്ടരെ വിചാരണ ചെയ്യുമെന്നുറപ്പാണ്.

സീതാറാം യച്ചൂരി, രാഹുല്‍ ഗാന്ധി

ഈ സന്ദർഭത്തിൽ കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലെന്ന പോലെ സി.പി.ഐ നിലപാട് കൂടുതൽ പക്വമായതും ഇന്ത്യൻ രാഷ്ട്രീയ യാഥാർത്ഥ്യത്തെ സംബോധന ചെയ്യാൻ സന്നദ്ധത കാണിക്കുന്നതുമാണ്. സംഘപരിവാറിനെ ഇന്ത്യ എന്ന ആശയത്തെ തന്നെ ദുർബലപ്പെടുത്തുന്ന ഏറ്റവും വിപത്കരമായ രാഷ്ട്രീയ ശക്തിയായി വിലയിരുത്തുകയും അതേ സമയം അതിനെ ചെറുക്കാൻ രൂപപ്പെട്ട ഒരു കൂട്ടായ്മയിൽ സർവ്വാത്മനാ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പായി മാത്രമേ കാണാൻ കഴിയൂ. ഏകോപന സമിതിയിൽ പങ്കെടുക്കാതെ മുന്നണിയുടെ ഭാഗമായി നിൽക്കുക എന്നത് ജനങ്ങളെ സംബന്ധിച്ച് വിശ്വാസ്യതയുള്ള നിലപാടായി കാണാൻ ഒരിക്കലും കഴിയില്ല.ഇന്ത്യയിലെ ഏറ്റവും വലുതും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും സാന്നിദ്ധ്യവുമുള്ള മതേതര രാഷ്ട്രീയകക്ഷി എന്ന നിലയിൽ 'ഇന്ത്യ' കൂട്ടായ്മയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുൻതൂക്കമുണ്ടാവുക സ്വാഭാവികമാണ്. തങ്ങളുടെ ശക്തി ക്ഷയിച്ചു പോയതു മനസ്സിലാക്കാതെ കോൺഗ്രസ് പല സന്ദർഭങ്ങളിലും ആധിപത്യ മനോഭാവത്തോടെ ഇതരകക്ഷികളോടു പെരുമാറിയിട്ടുണ്ടെങ്കിലും ഈ അടുത്ത കാലത്തായി കുറേക്കൂടി യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് ആ പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ അതു പ്രകടമായിരുന്നു. ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടിയേയും ബംഗാളിലും ത്രിപുരയിലും സി.പി.എം സ്ഥാനാർത്ഥികളേയും പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറായി.

സംഘപരിവാർ ഭരണകൂടത്തെ ഏറ്റവും അടുത്തു ലഭിക്കുന്ന സന്ദർഭത്തിൽ തന്നെ പുറത്താക്കണം എന്ന് ദൃഢനിശ്ചയമുള്ള ഒരു പാർട്ടി സി.പി.എം ഇപ്പോൾ പ്രകടിപ്പിച്ചതുപോലെയുള്ള ശങ്കകൾക്ക് വശംവദമാകുകയില്ല. 'ഇന്ത്യ' കൂട്ടായ്മയെ സാമൂഹ്യമായും സാമ്പത്തികമായുമുള്ള ജനപക്ഷ നിലപാടിലേക്ക് കൂടുതൽക്കൂടുതലായി നയിക്കേണ്ടുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് അതു നടപ്പാക്കാനുള്ള സന്ദർഭവും പ്ലാറ്റ്ഫോമുമായി അതിനെ ഉപയോഗിക്കുകയാണ് അത്തരമൊരു പാർട്ടി ചെയ്യുക. അതിന് കൂട്ടായ്മയുടെ ഭാഗമായി രൂപീകരിക്കപ്പെടുന്ന സമിതികളിലെല്ലാം സജീവമായി പങ്കെടുക്കുകയാണ് ചെയ്യുക. അതിലെ അഭിപ്രായവ്യത്യാസങ്ങളേയും അതിന്റെ പരിമിതികളേയും ഏറ്റവും സുതാര്യമായും സത്യസന്ധമായും ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുകയാണ് ചെയ്യുക. എന്തുകൊണ്ട് അനേകം പരിമിതികളുള്ള ഒരു മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കേണ്ടിവരുന്നു എന്നു ഏറ്റവും സാധാരണക്കാരായ മനുഷ്യരെ അവരുടെ ഭാഷയിൽ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ചെയ്യുക. അതിൽ സംഭവിച്ചേക്കാവുന്ന താത്കാലിക പരാജയം പോലും വിജയത്തിലെത്താനുള്ള പാഠങ്ങളായി തിരിച്ചറിഞ്ഞ് സ്വയം പുതുക്കുകയാണ് ചെയ്യുക. സി.പി.എം പൊളിറ്റ് ബ്യൂറോയുടെ തീരുമാനത്തിൽ ഇതൊന്നുമല്ല പ്രകടമാകുന്നത്. വാസ്തവാവസ്ഥയിൽ നിന്നുള്ള പലായനവും പരിഹാസ്യമായ ശങ്കയും വെല്ലുവിളികളെ നേരിടുന്നതിനുള്ള സന്നദ്ധതയില്ലായ്മയും നിക്ഷിപ്ത താത്പര്യങ്ങൾ നിറഞ്ഞ സങ്കുചിതത്വങ്ങളുമാണ്. സങ്കീർണ്ണമായ സാഹചര്യങ്ങളെ ഇഴപിരിച്ചെടുക്കാനുള്ള കഴിവുകേടും ഇന്ത്യൻ സാഹചര്യത്തെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കുന്നതിൽ മാർക്സിസ്റ്റ് രീതിശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നതിനുള്ള സർഗാത്മകതയുടെ അഭാവവുമാണ് അതിലുള്ളത്.

കോൺഗ്രസും ബി ജെ പിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നുള്ള വായ്‍ത്താരി, ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങളുടെ സമ്മർദ്ദം നിമിത്തം സ്വയം അവസാനിപ്പിക്കേണ്ടിവന്നവരാണ് ഇന്ത്യയിലെ പ്രധാന കമ്യൂണിസ്റ്റ് പാർട്ടികളും മറ്റു ഇടതുപക്ഷ പാർട്ടികളും. എന്നാൽ അത്തരം നിലപാടുകളുടെ ഭൂതകാലത്തുനിന്നും കുതറിമാറാനും പുതിയ സാഹചര്യങ്ങൾ അനിവാര്യമാക്കുന്ന രാഷ്ട്രീയ പ്രയോഗങ്ങളിലേക്ക് എത്താനും സി.പി.എമ്മിന് കഴിയുന്നില്ല എന്ന് വ്യക്തമാക്കുന്നുണ്ട് പൊളിറ്റ് ബ്യൂറോ തീരുമാനം. യാഥാർത്ഥ്യത്തെ കാണാതിരിക്കുന്ന ഗുരുതര വീഴ്ചകളിലേക്ക് അതു കൂപ്പുകുത്തുകയാണ് ചെയ്യുന്നത്. ബി ജെ പി ഭരണകൂടത്തെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിന് പ്രാപ്തവും പ്രായോഗികവുമായ സംവിധാനം എന്തെന്നും ഏതെന്നും ഇന്ത്യൻ ജനതയുടെ മുമ്പിൽ വെക്കാൻ സി.പി.എമ്മിന് സാധിക്കുന്നില്ല. സോഷ്യലിസ്റ്റ് വിപ്ലവത്തിന് പാകമാകുന്ന തരത്തിൽ ജനകീയ പ്രക്ഷോഭങ്ങൾ വളർന്നു വരുന്നതുവരെ സംഘപരിവാർ ഭരിക്കട്ടെ എന്നതാണോ സി.പി.എമ്മിന് ഉള്ളിരിപ്പ്?

എ.കെ ആന്റണി, സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍

സി.പി.എം ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനത്തിന്റെ വേരുകൾ അന്വേഷിച്ചുപോയാൽ അതിന്റെ ചിരന്തനമായ കോൺഗ്രസ് വിരോധത്തിന്റെ ചരിത്രത്തിലാകും ഒരു രാഷ്ട്രീയ വിദ്യാർത്ഥി എത്തിച്ചരുക. കോർപ്പറേറ്റ് ഹിന്ദുത്വയുടെ ഈ കാലഘട്ടത്തിലും സി.പി.എമ്മിന്റെ മുഖ്യശത്രു പ്രതിപക്ഷത്തുള്ള ക്ഷീണിതമായ കോൺഗ്രസ് പാർട്ടിയാണ് എന്ന് കരുതേണ്ടി വരും, അതിപ്പോളെടുത്ത തീരുമാനത്തെ അതിന്റെ ഭൂതകാലവുമായി ചേർത്തുവച്ചാൽ.

ബി ജെ പി യെ മുഖ്യശത്രുവായി കാണുന്നു എന്നു പ്രമേയങ്ങളിൽ പറയുന്നുണ്ടെങ്കിലും, അതിനെ അധികാരത്തിൽനിന്ന് ഉടൻ ഇറക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലയിടത്തും വാചാലമാകുന്നുണ്ടെങ്കിലും പ്രയോഗതലത്തിൽ എത്തുമ്പോൾ പഴയ കോൺഗ്രസ് വിരോധമാത്ര രാഷ്ട്രീയം തികട്ടിവരുന്നു. കോൺഗ്രസുമായി ഐക്യവും സമരവും സാധ്യമാക്കേണ്ടുന്ന ഒരു കാലഘട്ടമാണ് സംജാതമായിട്ടുള്ളത് എന്ന് അംഗീകരിക്കാൻ അതിനാൽ തന്നെ പാർട്ടിക്ക് കഴിയുന്നില്ല. 'ഇന്ത്യ' കൂട്ടായ്മ പോലൊരു വേദിയിൽ അംഗമായി ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ മുമ്പോട്ടു കൊണ്ടുപോകാൻ സി.പി.എമ്മിന് കഴിയേണ്ടതാണ്. എന്നാൽ കോൺഗ്രസ് എന്ന രാഷ്ട്രീയപാർട്ടി തകർന്നുതരിപ്പണമാകുന്ന സന്ദർഭത്തിലേ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പൂക്കുകയും കായ്ക്കുകയും ചെയ്യുകയുള്ളൂ എന്നു വാദിക്കുന്ന അണികളെ സോഷ്യൽ മീഡിയയിൽ നമുക്കു കാണാൻ കഴിയും. അന്ധമായ കോൺഗ്രസ് വിരോധത്തിന്റേതായ രാഷ്ട്രീയശിക്ഷണം ലഭിച്ചതിന്റെ ഫലമാണ് ഇത്തരം വാദങ്ങളെന്ന് കാണാൻ പ്രയാസമില്ല. അത്തരം സൈബർ പോരാളികളുടെ നിലവാരത്തിലേക്ക് പാർട്ടിയുടെ ദേശീയമായ നിലപാടുതന്നെ താഴാതിരിക്കാൻ സി.പി.എമ്മി നകത്തുതന്നെ ചെറുത്തുനിൽപ്പുകൾ ഉണ്ടാകുമെന്നും തീരുമാനം കേന്ദ്രകമ്മിറ്റി തിരുത്തുമെന്നും പ്രതീക്ഷിക്കാനേ ഇപ്പോൾ കഴിയൂ.

Comments