കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് പതാകയുമായി പ്രവര്‍ത്തക / Photo: Ajmal MK

തെക്ക്​, വടക്ക്​ ഇന്ത്യയും ചില രാഷ്​ട്രീയ യാഥാർഥ്യങ്ങളും

ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ വ്യതിരിക്തത സാംസ്‌കാരികമായി രൂപപ്പെട്ടതാണ്. ആ പൊതുബോധത്തിനനുസരിച്ച് മലയാളികള്‍ രാഷ്ട്രീയമായി പെരുമാറും. അതുകൊണ്ട് കന്നഡയിലെ കോണ്‍ഗ്രസ് വിജയം കേരളത്തില്‍ അനുകൂല തരംഗമുണ്ടാക്കും.

ര്‍ണാടകത്തിലെ കോണ്‍ഗ്രസ് വിജയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക വ്യതിരിക്തതയെ മുന്നോട്ടുകൊണ്ടുവരുന്നുണ്ട്.

ഉത്തരദേശത്തെ അതിദേശീയതാ പ്രചാരണം അവിടങ്ങളില്‍ വോട്ടായി മാറുമ്പോള്‍ തെക്കന്‍ ദേശങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കാണ്. സാമ്പത്തിക - രാഷ്ട്രീയ പ്രശ്‌നങ്ങൾ തെക്കന്‍ സംസ്ഥാനങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യാറുണ്ട്​. ദാരിദ്ര്യം, വിലക്കയറ്റം, പിന്നാക്കാവസ്ഥ, ആരോഗ്യമേഖലകളിലെ അസമത്വം, കാര്‍ഷിക വിളകളുടെ വിലക്കുറവ് എന്നിങ്ങനെ ജനജീവിതത്തെ നേരിട്ട് സ്പര്‍ശിക്കുന്ന വിഷയങ്ങളാണ് തെരഞ്ഞെടുപ്പുമണ്ഡലത്തില്‍ ചര്‍ച്ചയാകാറ്​. ദേശീയത ചര്‍ച്ചക്കുവന്നാല്‍ തന്നെയും അത് ഭാഷാടിസ്ഥാനത്തിലുള്ള സാംസ്‌കാരിക ദേശീയതയായിരിക്കും മുന്നോട്ടുവരിക. കന്നട, തമിഴ്, തെലുങ്ക് ഭാഷകള്‍ക്ക് ഒരു തനത് ദേശീയതാമുഖമുണ്ട്. സംസ്‌കൃതത്തിന്റെയും ഹിന്ദിയുടെയും അതിപ്രസരം ഈ ഭാഷകളില്‍ താരമത്യേന കുറവാണ്. അതുകൊണ്ടുതന്നെ ഹിന്ദി ഒരു അപരശബ്ദമായി തോന്നുന്നത് സ്വഭാവികം. എന്നാല്‍, മലയാളത്തിന്റെ സ്വഭാവം അങ്ങനെയല്ല. കുറെക്കൂടി സങ്കരമായിത്തീര്‍ന്നിട്ടുള്ള ഭാഷയായതുകൊണ്ടായിരിക്കണം, മലയാളികള്‍ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത് കുറെക്കൂടി ഭൗതികമായ നേട്ടങ്ങള്‍ക്കായാണ്. ‘നമുക്ക്’ എന്നത്​ വിവിധ തലങ്ങളിൽ ഇവിടെ വര്‍ഗീകരിക്കപ്പെടുന്നുണ്ട്.

ഹിന്ദി ദിനാചരണത്തിനെതിരെ കന്നഡ സംഘടനകളുടെ പ്രതിഷേധം./ photo:dailythanthi.com

ഭരണപങ്കാളിത്തം ചില സമുദായങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ കൂടി ശ്രമിക്കുന്നതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ്. തൊഴിലാളികളുടെ ക്ഷേമമാണ് എന്നും ചര്‍ച്ച ചെയ്യുന്ന വിഷയം. എന്നാല്‍, സാമുദായികവും ജാതീയവുമായ എല്ലാ മാനങ്ങളും പ്രവര്‍ത്തിക്കുന്നുമുണ്ട്. ‘വികസനം’ ആര് കൊണ്ടുവരും? ആര്‍ക്കാണ് ഇതിനൊക്കെ കഴിയുക? എന്നീ ചര്‍ച്ചകളും മലയാളികളുടെ പ്രധാന വിഷയമാണ്. അതിനപ്പുറം, മലയാളി മനസ്സിനെ തരംതിരിക്കുന്ന സംജ്ഞകളാണ് ഇടതുപക്ഷം, അതല്ലാത്ത പക്ഷം എന്ന വേര്‍തിരിവ്. ഇടതുപക്ഷം ജനപക്ഷമാണെന്ന സാമൂഹ്യമനസ്സ് കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസിനും മുസ്‌ലിംലീഗിനും ഇടതുപക്ഷ ഭാഷ സംസാരിക്കേണ്ടിവരുന്നത്. ബി.ജെ.പിക്ക് ആ ഭാഷയില്ലാത്തതുകൊണ്ടാണ് എന്നും തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ അവര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയാത്തത്.

ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ വ്യതിരിക്തത സാംസ്‌കാരികമായി രൂപപ്പെട്ടതാണ്. ആ പൊതുബോധത്തിനനുസരിച്ച് മലയാളികള്‍ രാഷ്ട്രീയമായി പെരുമാറും. അതുകൊണ്ട് കന്നഡയിലെ കോണ്‍ഗ്രസ് വിജയം കേരളത്തില്‍ അനുകൂല തരംഗമുണ്ടാക്കും. അപ്പോഴും ഇടതുപക്ഷഭാഷ മലയാളികള്‍ സംസാരിക്കേണ്ടിവരും.

Photo : Jobin Jos

വടക്കേ ഇന്ത്യയിലെ രാഷ്ട്രീയത്തോട് കടുത്ത വിയോജിപ്പുള്ള രണ്ട് ജനവിഭാഗങ്ങളാണ് മലയാളത്തിലുള്ളത്. ഒന്ന്, മുസ്‌ലിം ജനവിഭാഗങ്ങള്‍, രണ്ട്, ദലിതര്‍. വടക്കുള്ള ഹിന്ദി അതിതീവ്ര ദേശീയതാ വാദത്തിന്റെ സാംസ്‌കാരിക ഇരകളാകുന്ന മുസ്‌ലിം ജനത കേരളത്തില്‍ സാമ്പത്തികമായി മുന്‍നിരയിലാണെങ്കിലും സാംസ്‌കാരിക അപരത്വം ഈ അതിദേശീയതാ ഹിന്ദുവാദം ഉണ്ടാക്കിയെടുക്കുന്നുണ്ട്. അതുകൊണ്ട്, മലയാളി ഇടതുപക്ഷബോധത്തിനപ്പുറം സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയം നേരിട്ട്​ അഭിസംബോധന ചെയ്യാന്‍ ഇവിടുത്തെ മുസ്‌ലിം ജനവിഭാഗത്തിന് ശ്രമിക്കേണ്ടിവരും. ഈ ജനവിഭാഗമായിരിക്കും കേരളത്തിന്റെ രാഷ്ട്രീയമാറ്റത്തെ ഇനി നിയന്ത്രിക്കാന്‍ പോകുന്നത്. അത് സ്വന്തം സമുദായത്തിന് രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്തുകൊണ്ടുമാത്രമല്ല. ഹിന്ദിവിരുദ്ധ സാംസ്‌കാരികതലത്തെ നേരിട്ട് തോല്‍പ്പിക്കേണ്ടത് മുസ്‌ലിം ജനതയുടെ ആവശ്യമായി വന്നിരിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്​.

ഭരണഘടന ഒരു ബൂര്‍ഷ്വാ പാഠമാണെന്ന് മാര്‍ക്‌സിസ്റ്റുകാര്‍ പറയുമ്പോള്‍ ഭരണഘടന ഇന്ത്യന്‍ ദേശീയതയെ നിര്‍വചിക്കാന്‍ തടസമായി നില്‍ക്കുന്നുവെന്നാണ് തീവ്രദേശീയ വലതുപക്ഷത്തിന് തോന്നുന്നത്.

ദലിതരില്‍ സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയം ഉണ്ടാക്കിയെടുത്തിട്ടുള്ളത് ഡോ. അംബേദ്കറുടെ ദര്‍ശനവും ജീവിതവുമാണ്. അത് ആശയപരമായ രാഷ്ട്രീയ നിലപാടാണ്. നേരിട്ട് ഹിന്ദു തീവ്രതയുടെ ഇരകളായി കേരളത്തില്‍ ദലിതര്‍ മാറുന്നില്ലെങ്കിലും ഗുജറാത്തിലൂം രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും അനുഭവിക്കുന്ന സാമൂഹിക അടിച്ചമര്‍ത്തല്‍ ദലിതരില്‍ ഭയം ജനിപ്പിക്കുന്നുണ്ട്. ഭരണഘടനയെ ചോദ്യം ചെയ്യുന്ന സംഘ്പരിവാര്‍ നിലപാട് ദലിതരുടെ ജീവിതത്തെയും നേരിട്ട് ബാധിക്കുമെന്ന ഡോ. അംബേദ്കറുടെ വെളിപ്പെടുത്തലുകള്‍ ദലിതുകള്‍ മനസാവാചാ സ്വീകരിക്കുന്നുണ്ട്. ഒരുപക്ഷെ, മന്ത്രി സജി ചെറിയാന്റെ ‘ഭരണഘടന കൊടച്ചക്രം’ പ്രസംഗം വൈകാരികമായി കൊണ്ടത് ദലിതര്‍ക്കാണ്. അവര്‍ കൂടി ഉണ്ടാക്കിയ പ്രതിഷേധത്തിലാണ് അദ്ദേഹത്തിന് രാജി വെക്കേണ്ടിവന്നത്.

സാമൂഹികമായി വേര്‍തിരിഞ്ഞവര്‍ രാഷ്ട്രീയമായി വേര്‍തിരിഞ്ഞാല്‍ മാത്രമേ ജനാധിപത്യത്തില്‍ മനുഷ്യാന്തസ്സ് നേടിയെടുക്കാന്‍ കഴിയൂ എന്ന് അംബേദ്കര്‍ പറയുന്നുണ്ട്​

ഭരണഘടന ഒരു ബൂര്‍ഷ്വാ പാഠമാണെന്ന് മാര്‍ക്‌സിസ്റ്റുകാര്‍ പറയുമ്പോള്‍ ഭരണഘടന ഇന്ത്യന്‍ ദേശീയതയെ നിര്‍വചിക്കാന്‍ തടസമായി നില്‍ക്കുന്നുവെന്നാണ് തീവ്രദേശീയ വലതുപക്ഷത്തിന് തോന്നുന്നത്. സാമൂഹികമായി വേര്‍തിരിഞ്ഞവര്‍ രാഷ്ട്രീയമായി വേര്‍തിരിഞ്ഞാല്‍ മാത്രമേ ജനാധിപത്യത്തില്‍ മനുഷ്യാന്തസ്സ് നേടിയെടുക്കാന്‍ കഴിയൂ എന്ന് അംബേദ്കര്‍ പറയുന്നതും ഈ പാശ്ചാത്തലത്തിലാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഈ വലതുപക്ഷത്തിനെതിരാണ്. എന്നാല്‍, കമ്യൂണിസ്​റ്റ്​ മാനിഫെസ്‌റ്റോയായിരിക്കണം തൊഴിലാളികളുടെ ഭരണഘടന എന്ന് വിശ്വസിച്ചുപോരുന്ന മന്ദത കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കുള്ളതുകൊണ്ടാണ് ഭരണഘടന ‘കൊടച്ചക്ര’മായി തോന്നുന്നത്.

ദക്ഷിണദേശത്തും ഇന്ത്യക്കൊരു തലസ്ഥാനം വേണമെന്ന്, ഡോ. അംബേദ്കര്‍ ആവശ്യപ്പെട്ടതും രണ്ട് രാഷ്ട്രീയ സംസ്‌കാരത്തിന്റെ വൈരുധ്യങ്ങള്‍ കൊണ്ടാകാം.

ദക്ഷിണദേശത്തും ഇന്ത്യക്കൊരു തലസ്ഥാനം വേണമെന്ന്, ഭരണഘടനാ ഡ്രാഫ്​റ്റിങ്​ കമ്മിറ്റി ചെയർമാൻ എന്ന നിലയ്​ക്ക്​ ഡോ. അംബേദ്കര്‍ ആവശ്യപ്പെട്ടതും ഈ രണ്ട് രാഷ്ട്രീയ സംസ്‌കാരത്തിന്റെ വൈരുധ്യങ്ങള്‍ കൊണ്ടാകാം. ഹൈദരാബാദ് കേന്ദ്രീകരിച്ച് രണ്ടാമത്തെ തലസ്ഥാനം എന്ന ആശയം, തെക്കുള്ള സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും എന്ന് കരുതുന്നതുകൊണ്ടുകൂടിയാണ് മുന്നോട്ടുവക്കപ്പെട്ടത്​.

വടക്കേ ഇന്ത്യയില്‍ മതം ഒരു രാഷ്ട്രീയായുധമാകുമ്പോള്‍ ദക്ഷിണേന്ത്യയില്‍ അത് സമുദായങ്ങളുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പായിട്ടാണ് രൂപാന്തരപ്പെടുന്നത്. മതവൈര്യം ഉത്തരേന്ത്യയില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ട്. ശ്രീരാമ ക്ഷേത്ര പുനരുദ്ധാരണം ഇത് തെളിയിച്ചിട്ടുമുണ്ട്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ മത കേന്ദ്രിതമാകാൻ ബി.ജെ.പിക്ക് കഴിഞ്ഞതുകൊണ്ടാണ് അവിടങ്ങളില്‍ വലിയ വിള്ളലുകളുണ്ടാക്കാന്‍ കഴിയാത്തവിധം അവര്‍ വിജയിക്കുന്നത്.

ഇന്ത്യന്‍ അതിദേശീയത, മത ജനാധിപത്യം എന്നിവയുടെ ബ്രഹത് ആഖ്യാനങ്ങളെ ചോദ്യം ചെയ്യുന്ന മത- ജാതി- സാമുദായിക ഐക്യമാണ് ദക്ഷിണേന്ത്യയെ വ്യതിരിക്തമാക്കുന്നത്.

മതം ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പുരീതിശാസ്ത്രമായി മാറിയിട്ടുണ്ട്. സാമ്പത്തികവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്കായി പ്രത്യേകിച്ച് വാദിക്കാന്‍ അവിടങ്ങളില്‍ പൊതുയിടങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍വേര്‍തിരിവിന്റെ രാഷ്ട്രീയം പയറ്റാനായത് കര്‍ണാടകത്തില്‍ മാത്രമാണ്. അവിടങ്ങളില്‍ ജാതിയെ തരംതിരിച്ച് അതിനെ രാഷ്ട്രീയമായി ഉപയോഗിച്ചിരുന്നു. വൊക്കലിഗ, ലിംഗായത്ത് ജാതികളെ എതിര്‍ദിശയില്‍ കൊണ്ടുവന്ന് നേട്ടമുണ്ടാക്കാന്‍ യദിയൂരപ്പ പോലുള്ള നേതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ കൂടി ഫലമായിരുന്നു കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണം. എന്നാല്‍, തീവ്രദേശീയതാവാദം ജനാധിപത്യത്തെ ഇല്ലാതാക്കുമെന്ന തോന്നലും വെറുപ്പിന്റെ രാഷ്ട്രീയം സാമൂഹിക സുരക്ഷ ഇല്ലാതാക്കുമെന്ന കോണ്‍ഗ്രസ് പ്രചാരണവും ജാതി- മതങ്ങള്‍ക്കപ്പുറം ജനങ്ങളെ ഒന്നിപ്പിച്ചു. അതു കൂടിയാണ് കര്‍ണാടകത്തിലെ വിജയം. ഈ ആശയധാരയെ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ ഡി.കെ. ശിവകുമാര്‍ എന്ന സമ്പന്നനായ രാഷ്ട്രീയനേതാവിന് കഴിഞ്ഞു. ജനകീയ മനസ്സിനെ ഇളക്കിമറിക്കാന്‍ ഗ്രാമീണ പാശ്ചാത്തലമുള്ള സിദ്ധരാമയ്യക്കും കഴിഞ്ഞു. ഇന്ത്യന്‍ അതിദേശീയത, മത ജനാധിപത്യം എന്നിവയുടെ ബ്രഹത് ആഖ്യാനങ്ങളെ ചോദ്യം ചെയ്യുന്ന മത- ജാതി- സാമുദായിക ഐക്യമാണ് ദക്ഷിണേന്ത്യയെ വ്യതിരിക്തമാക്കുന്നത്. ഹിന്ദിയും മതമൗലികവാദവും ഉണ്ടാക്കുന്ന ഭയാനകമായ ശബ്ദം കേള്‍ക്കാന്‍ ദക്ഷിണഭാരതം ഇഷ്ടപ്പെടുന്നില്ല എന്നുവേണം കരുതാന്‍.

Comments