രാമന്റെ പോസ്റ്ററുമായി വരുന്ന ബി.ജെ.പിയും
പ്രതിപക്ഷത്തുള്ള 63 ശതമാനവും

അയോധ്യയിലെ രാമക്ഷേത്രപ്രതിഷ്ഠക്കുശേഷമുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ പദ്ധതികളെക്കുറിച്ചും അവരുടെ പുത്തൻ സഖ്യകക്ഷികളെക്കുറിച്ചും ഇവയെ നേരിടാനാവശ്യമായ പ്രതിപക്ഷതന്ത്രങ്ങളെക്കുറിച്ചും ജോൺ ബ്രിട്ടാസ്.

സംഘ്പരിവാർ മുമ്പ്, രാഷ്ട്രവും മതവും തമ്മിലുള്ള നൂൽവ്യത്യാസത്തെ ഉയർത്തിപ്പിടിച്ചിരുന്നു. എ.ബി. വാജ്‌പേയി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ അക്കാര്യം ശ്രദ്ധിച്ചിരുന്നു. നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പ്രവൃത്തികളും ഈ നേരിയ വ്യത്യാസത്തെ ഇല്ലാതാക്കാൻ വേണ്ടിയുള്ളതായിരുന്നു. അത് വളരെ ബോധപൂർവമാണ്.

ഉദാഹരണത്തിന്, മതനിരപേക്ഷ ഭരണഘടനയുടെ നിദാനമായ പാർലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മതപരമായ ചടങ്ങാക്കി മാറ്റി. ‘ജനങ്ങളുടെ രാമഭക്തിയുടെ കേന്ദ്രം’ എന്ന് സംഘ്പരിവാർ അവകാശപ്പെടുന്ന അയോധ്യയിലെ ചടങ്ങ് രാഷ്ട്രീയ ചടങ്ങാക്കി മാറ്റി, പ്രധാനമന്ത്രിയുടേതാക്കി മാറ്റി. അങ്ങനെ രാഷ്ട്രവും മതവും തമ്മിൽ നേർത്തുനേർത്തില്ലാതായി വന്നിരുന്ന വ്യത്യാസത്തെ ഒറ്റയടിക്ക് ഇല്ലാതാക്കി എന്നതാണ് പത്തുവർഷത്തെ മോദിയുടെ ഭരണചരിത്രമെടുത്താൽ, സംഘ്പരിവാർ ഏറ്റവും കൂടുതൽ കൊട്ടിഘോഷിക്കുന്ന ഒരു കാര്യം.

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിൽ ‘മുഖ്യ യജമാനനായി’ പ​ങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭരണകൂടം ഏറ്റെടുത്ത അയോധ്യ

75 വർഷത്തെ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, 'ഒരു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകർമം അനുഷ്ഠിച്ച ജനനായകനായ പ്രധാനമന്ത്രിക്ക് അഭിനന്ദനം' അർപ്പിക്കുന്ന പ്രമേയം, ജനുവരി 24ന് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ മിനുറ്റ്‌സിൽ ഉൾപ്പെടുത്തുകയും പാസാക്കുകയും ചെയ്തു. ഇതൊരു മതരാഷ്ട്രമാണെന്നോ ഹിന്ദുത്വ രാഷ്ട്രമാണെന്നോ എന്ന് എവിടെയെങ്കിലുമൊരു സംശയം ആരിലെങ്കിലും അവശേഷിക്കുണ്ടെങ്കിൽ, ആ സംശയം കൂടി ഇല്ലാതാക്കാൻ വേണ്ടിയുള്ള പ്രമേയമാണ് പാസാക്കിയത്.

ഐ.എസ്.ആർ.ഒ ഉൾപ്പെടെയുള്ള എല്ലാ ശാസ്ത്രസംഘടനകളും അയോധ്യയിലെ ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട്, അതിന്റെ രൂപഘടനയും ദിശയും നിർണയിച്ചതു മുതൽ, നൽകിയ സംഭാവനകൾ എന്തെല്ലാമാണ് എന്ന് വിശദീകരിച്ചു.

അയോധ്യയുമായി ബന്ധപ്പെട്ടുനടന്ന മറ്റൊരു കാര്യം പറയാം. കേന്ദ്രത്തിലെ എല്ലാ വകുപ്പു സെക്രട്ടറിമാരും അയോധ്യയിലെ ക്ഷേത്രത്തിനുവേണ്ടി തങ്ങളുടെ വകുപ്പുകൾ എന്തു ചെയ്തു എന്ന കാര്യം അവരവരുടെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെയും പത്രക്കുറിപ്പുമായും പ്രസിദ്ധീകരിച്ചു. അതായത്, സിവിൽ സർവീസിനെപ്പോലും ഇതിലേക്ക് ലയിപ്പിക്കുകയാണ് ചെയ്തത്. ഏറ്റവും രസകരമായി തോന്നിയത്, ശാസ്ത്രസാങ്കേതികവകുപ്പ് കൈകാര്യം ചെയ്യുന്ന ഡോ. ജിതേന്ദ്ര സിങ്- പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി കൂടിയാണദ്ദേഹം - വാർത്താസമ്മേളനം വിളിച്ചുചേർത്ത്, ഇന്ത്യയിലെ ശാസ്ത്രസംഘടനകളുടെ ‘അയോധ്യ കോൺട്രിബ്യൂഷൻ’ എന്താണ് എന്ന് വിശദീകരിച്ചു. ശാസ്ത്രത്തെ ഉദ്ദീപിപ്പിക്കാനോ ശാസ്ത്രസാങ്കേതികവിജ്ഞാനം പകരാനോ ശാസ്ത്രസംഘടനകൾ നൽകിയ സംഭാവനകൾ വിശദീകരിക്കാനല്ല അദ്ദേഹം വാർത്താസമ്മേളനം നടത്തിയത്. ഒരു മിത്തോളജിയെ, ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ പരിപോഷിപ്പിക്കാൻ ഇന്ത്യയിലെ ശാസ്ത്രസംഘടനകളെ എങ്ങനെ ഉപയോഗിച്ചു എന്ന് വിശദീകരിക്കാനാണ്. ഐ.എസ്.ആർ.ഒ ഉൾപ്പെടെയുള്ള എല്ലാ ശാസ്ത്രസംഘടനകളും അയോധ്യയിലെ ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട്, അതിന്റെ രൂപഘടനയും ദിശയും നിർണയിച്ചതു മുതൽ, നൽകിയ സംഭാവനകൾ എന്തെല്ലാമാണ് എന്ന് വിശദീകരിച്ചു.

ഇന്ത്യയിലെ ശാസ്ത്രസംഘടനകളുടെ ‘അയോധ്യ കോൺട്രിബ്യൂഷൻ’ എന്താണ് എന്ന് വിശദീകരിക്കാൻ ശാ ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ് വാർത്താസമ്മേളനം തന്നെ വിളിച്ചുചേർത്തു.

രാജ്യം എവിടെയാണ് എത്തിനിൽക്കുന്നത് എന്നു നാം ആലോചിക്കണം. മിത്തോളജിസ്റ്റുകൾ ചരിത്രമെഴുതുന്ന, ആൾദൈവങ്ങൾ ശാസ്ത്രം പഠിപ്പിക്കുന്ന, ശാസ്ത്രജ്ഞർ അസ്‌ട്രോളജി പഠിപ്പിക്കുന്ന, പ്രധാനമന്ത്രി നരേന്ദ്രമോദി കുടുംബമൂല്യങ്ങളെക്കുറിച്ച് ആളുകളോട് സംസാരിക്കുന്ന ഒരു കാലഘട്ടം. രാജ്യത്തിന്റെ സവിശേഷമായ ഒരവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ഒരു കാലഘട്ടം. ഇത് വലിയൊരാഘാതമാണുണ്ടാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി യഥാർഥത്തിൽ ദൈവത്തിന് പ്രാണൻ നൽകുകയല്ല വേണ്ടത്. കാരണം, ദൈവത്തിന് മനുഷ്യൻ പ്രാണൻ നൽകേണ്ട ആവശ്യമില്ല. നേരെ മറിച്ച് ഒരു പ്രധാനമന്ത്രി ചെയ്യേണ്ടത്, തന്റെ പൗരർക്ക് പ്രാണൻ കൊടുക്കുകയാണ്. അതുകൊണ്ട് മോദി ആദ്യം മണിപ്പുരിൽ പോയി പ്രാണപ്രതിഷ്ഠ നടത്തുകയായിരുന്നു വേണ്ടത്. ഒമ്പതു മാസമായി അവിടെ ജനം പിടഞ്ഞുമരിക്കുന്നു. അദ്ദേഹത്തിന്റെ പാർട്ടിയുടെ മുഖ്യമന്ത്രിയാണ് ആ കലാപത്തിന് നേതൃത്വം നൽകുന്നത്. അവിടെ പോയി പ്രാണപ്രതിഷ്ഠ നൽകുകയാണ് ഭരണഘടന അദ്ദേഹത്തിൽ നിക്ഷിപ്തമാക്കിയിരിക്കുന്ന ഉത്തരവാദിത്തം. ബാക്കി കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവരുണ്ട്.

മോദി ആദ്യം മണിപ്പുരിൽ പോയി പ്രാണപ്രതിഷ്ഠ നടത്തുകയായിരുന്നു വേണ്ടത്. ഒമ്പതു മാസമായി അവിടെ ജനം പിടഞ്ഞുമരിക്കുന്നു.

എത്രയോ കാലം മുമ്പ് അയോധ്യാ സംഭവവുമായി ബന്ധപ്പെട്ടുവന്നിരുന്ന നാല് ശങ്കരാചാര്യന്മാർ അയോധ്യയിലെ ചടങ്ങിൽനിന്ന് വിട്ടുനിന്നു എന്നത് ആരും ചർച്ച ചെയ്തില്ല. പ്രധാനമന്ത്രിയെപ്പോലൊരു വ്യക്തി ഇതിനെ രാഷ്ട്രീയചടങ്ങാക്കി മാറ്റിയതിൽ അവർക്ക് ശക്തമായ വിയോജിപ്പുണ്ട്. രാഷ്ട്രീയചടങ്ങ് എന്നതിലുപരി അതിനെയൊരു തെരഞ്ഞെടുപ്പുപരിപാടിയായും മാറ്റി. യഥാർഥത്തിൽ ഇനി ബി.ജെ.പി ചെയ്യാൻ പോകുന്നത്, രാമനെ പോസ്റ്ററിലേക്ക് കൊണ്ടുവരികയാണ്. ആ പോസ്റ്ററിനടിയിൽ ബി.ജെ.പിയുടെ ലോഗോ കൂടിയുണ്ടാകും.

അയോധ്യ പ്രസ്ഥാനത്തെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് കോർപറേറ്റുകളാണ്. രാമക്ഷേത്രപ്രതിഷ്ഠയുടെ ദിവസം പ്രധാന കോർപറേറ്റുകൾ, രാജ്യത്തെങ്ങുമുള്ള അവരുടെ ജീവനക്കാർക്ക് അവധി നൽകി.

എവിടെയാണ് സുപ്രീംകോടതി?, മീഡിയ?

മതത്തെ ദുരുപയോഗം ചെയ്തുവെന്നു പറഞ്ഞ് എത്രയോ പേരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുള്ള ഒരു സുപ്രീംകോടതിയുണ്ടിവിടെ. കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭരണഘടന ലംഘിക്കുന്നു, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും പ്രമാണങ്ങളും കാറ്റിൽ പറത്തുന്നു, ഇതെല്ലാം കണ്ടിട്ട് ജനാധിപത്യത്തിന്റെ ഒരു നെടുംതൂണും ഇതിനെതിരെ ഇറങ്ങിയിട്ടില്ല. മുമ്പ് മീഡിയയയെ 'GODI MEDIA' എന്നാണ് വിളിച്ചിരുന്നത്. ഞാൻ അതിൽനിന്ന് E എന്ന വവ്വൽ മാറ്റി O എന്ന വവ്വൽ ചേർക്കുകയാണ്- അതായത്, MEDIA എന്നത് MODIA ആയി മാറി. ചെറിയ മാറ്റമേയുള്ളൂ എങ്കിലും, ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നത് ഇതാണ്. നമ്മളൊക്കെ വിചാരിച്ചിരുന്നത്, അവസാനത്തെ തൂണായി മാധ്യമങ്ങൾ വരും എന്നാണ്. പകരം, ഹിന്ദുത്വയുടെ പതാകാവാഹകരാവുകയാണ് മാധ്യമങ്ങൾ. യഥാർഥത്തിൽ, മോദിയെ തീവ്രഹിന്ദുവാക്കാൻ വേണ്ടിയുള്ള യജ്ഞം ഏറ്റെടുത്തപോലെയാണ് മീഡിയയുടെ റിപ്പോർട്ടേജ്. ആദ്യമായാണ്, ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങൾ, ‘മോദിയുടെ പ്രസംഗം മാസ്റ്റർ സ്‌ട്രോക്കാണ്’ എന്ന മട്ടിൽ പ്രകീർത്തനങ്ങളുമായി വരുന്നത്. പ്രസംഗത്തിലെ കാര്യങ്ങൾ റിപ്പോർട്ടു ചെയ്യുകയല്ല, പ്രസംഗത്തിന്റെ റിപ്പോർട്ട് തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്. കാവൽനായ്ക്കളാകേണ്ട മാധ്യമങ്ങളും പാർലമെന്റും സുപ്രീംകോടതിയുമൊക്കെ നിഷ്പ്രഭമായിപ്പോകുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യം.

അയോധ്യയിലെ
കോർപറേറ്റുകൾ

കോർപറേറ്റുകളാണ് ഹിന്ദുത്വയുടെ മറ്റൊരു സഖ്യകക്ഷി. ഗുജറാത്ത് കലാപശേഷവും അയോധ്യ പ്രസ്ഥാനത്തിലുമെല്ലാം കോർപറേറ്റുകളുടെ സാന്നിധ്യം വ്യക്തമായി കാണാം. ഇന്ത്യയിലെ വലിയ കോർപറേറ്റ് സംരംഭങ്ങൾ ബി.ജെ.പിയുടെ സോ കോൾഡ് കൾചറൽ നാഷനലിസത്തിന്റെ വക്താക്കളാണ്. ഗുജറാത്ത് കലാപത്തിനുശേഷം, ആ കലാപം നടത്തിയ ആളെന്ന പരിഗണനവച്ച് മോദിയെ സ്ഫുടം ചെയ്‌തെടുത്ത് കേന്ദ്രത്തിലേക്ക് ആനയിച്ചത് കോർപറേറ്റുകളാണ്. ‘ഗുജറാത്ത് മോഡൽ ഓഫ് ഡവലപ്‌മെന്റ്’ എന്ന രീതിയിൽ മോദിയെ പ്രൊജക്റ്റ് ചെയ്തു. 'വൈബ്രന്റ് ഗുജറാത്ത്' എന്ന രീതിയിൽ മോദിയെ ഒരു അവതാരപുരുഷനെന്ന നിലയ്ക്ക് അവതരിപ്പിച്ചത് എല്ലാ കോർപറേറ്റുകളും ചേർന്നാണ്. അയോധ്യ പ്രസ്ഥാനത്തെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് കോർപറേറ്റുകളാണ്. രാമക്ഷേത്രപ്രതിഷ്ഠയുടെ ദിവസം പ്രധാന കോർപറേറ്റുകൾ, രാജ്യത്തെങ്ങുമുള്ള അവരുടെ ജീവനക്കാർക്ക് അവധി നൽകി.
ഹിന്ദുത്വയും ഇന്ത്യൻ കോർപറേറ്റുകളും തമ്മിലുള്ള വലിയൊരു ബ്ലെൻഡർ പരിശോധിക്കപ്പെടേണ്ട കാര്യമാണ്. ഇങ്ങനെയൊരു ബന്ധമുള്ളതുകൊണ്ടാണ് കോർപറേറ്റുകളെക്കൊണ്ട് മാധ്യമങ്ങളെ ഏറ്റെടുപ്പിക്കാൻ ബി.ജെ.പി എപ്പോഴും ശ്രമിക്കുന്നത്. കോർപറേറ്റുകളെ മാധ്യമവൽക്കരിക്കുക, ആയുധവൽക്കരിക്കുന്നതുപോലെ.

അയോധ്യ പ്രസ്ഥാനത്തെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് കോർപറേറ്റുകളാണ്. രാമക്ഷേത്രപ്രതിഷ്ഠയുടെ ദിവസം പ്രധാന കോർപറേറ്റുകൾ, രാജ്യത്തെങ്ങുമുള്ള അവരുടെ ജീവനക്കാർക്ക് അവധി നൽകി

ഇത്തരം നീക്കങ്ങളിലൂടെ, 2024-ൽ സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് തീരുമാനമായിക്കഴിഞ്ഞു എന്നൊരു പ്രതീതി ബാഹ്യമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ബി.ജെ.പിയുടെ പ്രചാരണത്തെ പ്രതിരോധിക്കേണ്ടതില്ല, അതിലേക്ക് വഴങ്ങിക്കൊടുക്കുകയാണ് വേണ്ടത് എന്ന ധാരണ പല പ്രതിപക്ഷനേതാക്കൾക്കുമുണ്ട്. ഉദാഹരണത്തിന്, ശശി തരൂരിന്റെ, ഈയിടെ വിവാദമായ ട്വീറ്റ്. അദ്ദേഹത്തെ വളരെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ, എന്നെ അൽഭുതപ്പെടുത്തിയ ഒരു കാര്യം, ബി.ജെ.പി ഉത്തരേന്ത്യയിൽ നടത്തുന്ന ഒരു പ്രയോഗത്തെ വച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത് എന്തിനാണ് എന്നതാണ്. 'ശ്രീരാമനെ എന്തിന് ബി.ജെ.പിക്ക് വിട്ടുകൊടുക്കണം' എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ആരും ബി.ജെ.പിക്ക് വിട്ടുകൊടുത്തിട്ടില്ലല്ലോ. അപ്പുറത്ത് മഹാത്മാഗാന്ധിയുടെ രാമനുണ്ടല്ലോ. തന്റെ രാമൻ മഹാത്മാഗാന്ധിയുടെ രാമനാണ്, അനുകമ്പയുടെയും ദയയുടെയും സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും രാമനാണ്, അത് മഹാത്മാഗാന്ധിയുടെ രാമനാണ് എന്നായിരുന്നു തരൂർ ട്വീറ്റ് ചെയ്തിരുന്നതെങ്കിൽ എനിക്ക് യാതൊരു സന്ദേഹവും തോന്നുമായിരുന്നില്ല. എന്നാൽ ബി.ജെ.പിയുടെ രാമനാണ് എന്റെ രാമൻഎന്ന് അദ്ദേഹം പറയാൻ പാടില്ല. അവിടെയാണ് എനിക്ക് അദ്ദേഹത്തോടുളള വിയോജിപ്പ്. എന്തുകൊണ്ട് ഇങ്ങനെ വരുന്നു? ആളുകളെ പരുവപ്പെടുത്തുകയാണ്.

ബി.ജെ.പി എന്ന ന്യൂനപക്ഷം

2019-ൽ, ഇത്ര വലിയ വർഗീയ ധ്രുവീകരണമുണ്ടാക്കിയിട്ടും ബാലാകോട്ടും പുൽവാമയുമൊക്കെയുണ്ടാക്കിയിട്ടും പാക്കിസ്ഥാനെ മുന്നിൽനിർത്തിയിട്ടും 37 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് കിട്ടിയത്. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു ഘടകമുണ്ട്. വോട്ട് ചെയ്‌തവരിലെ 37 ശതമാനമാണിത്. യഥാർഥത്തിൽ ആർ.എസ്.എസിനെപ്പോലൊരു കേഡർ സംഘടനക്ക്, അവരുടെ മുഴുവൻ വോട്ടും പോൾ ചെയ്യിക്കാനാകേണ്ടതാണ്.

ബി.ജെ.പിക്ക് വോട്ടു ചെയ്യാത്ത ഒരു വിഭാഗമുണ്ട്, ഇവരോട് എതിർപ്പുള്ള ഒരു വിഭാഗം. കഴിഞ്ഞ തവണ ബി.ജെ.പിക്കെതിരെ വോട്ടുചെയ്ത 63 ശതമാനത്തെ, ഏറെക്കുറെ അണിനിരത്തുന്നതിനോടൊപ്പം, നിഷ്‌ക്രിയരായി നിന്നവരിലെ രണ്ടോ മൂന്നോ ശതമാനത്തെ കൂടി വോട്ടിംഗ് പ്രക്രിയയിലേക്ക് കൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. അങ്ങനെ വരുമ്പോൾ വലിയ മാറ്റമുണ്ടാകും.

യു.എസിലെ swing states-കളെപ്പോലെ, ഇവിടെ നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ കാര്യമായി ശ്രമിച്ചാൽ ബി.ജെ.പി പരാജയപ്പെടും.

ഇവിടെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുരീതി കൊണ്ടുവരാൻ ഒരുമ്പെട്ടുനടക്കുകയാണ്. അതിൽ ഏറ്റവും പ്രധാന കക്ഷികൾ മുഖ്യധാരാ മാധ്യമങ്ങളും ടെലിവിഷനുമാണ്. ഒരു ഉദാഹരണം പറയാം. നമുക്ക് പരിചയമില്ലാത്ത വാക്കുകൾ നമ്മുടെ ലെക്‌സിക്കനിലേക്ക് കൊണ്ടുനിറക്കുന്നത് മാധ്യമങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ എന്നോട് പലരും ചോദിച്ചു, എന്താണ് അക്ഷതം എന്ന്. അതുപോലെ സർസംഘ് ചാലക്, പ്രചാരക്- ഇങ്ങനെ ഒരുപാട് വാക്കുകൾ മാധ്യമങ്ങൾ കൊണ്ടുവരികയാണ്. നമുക്ക് നമ്മുടേതായ വാക്കുകളുണ്ട്, ഭക്തിയുടെ പ്രതീകങ്ങളുണ്ട്. ചെറുപ്പത്തിൽ, അയൽപക്കത്തെ വീട്ടിൽനിന്ന് രാമായണം വായിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോൾ, ഇത് ഇവർ പറഞ്ഞുതരേണ്ട കാര്യമുണ്ടോ? അതായത്, അവരുടെ ഭാഷയും അവരുടെ സംസ്‌കാരവുമാണ് ഇന്ത്യൻ സംസ്‌കാരം എന്ന് വരുത്തിത്തീർക്കുകയാണ്. ഉത്തരേന്ത്യയിലെ പദാവലികൾ, സംസ്‌കൃത പദാവലികൾ നമുക്കുമേൽ അടിച്ചേൽപ്പിക്കുന്നു. മാക്രോ പൊളിറ്റിക്‌സാണ് മൈക്രോ പൊളിറ്റിക്‌സ് എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നു.

യു.എസിലെ swing states-കളെപ്പോലെ, ഇവിടെ നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ കാര്യമായി ശ്രമിച്ചാൽ ബി.ജെ.പി പരാജയപ്പെടും. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ബംഗാളിൽ കിട്ടിയത് 18 സീറ്റാണ്, ബീഹാറിൽ 17, മഹാരാഷ്ട്രയിൽ 23, കർണാടകയിൽ 25, തെലങ്കാനയിൽ നാല്- ഈ സീറ്റുകൾ ഇത്തവണ നഷ്ടമായാൽ ബി.ജെ.പി അപകടത്തിലാകും. അത് അവർക്ക് അറിയാം.

കർപ്പൂരി താക്കൂർ

അതുകൊണ്ടാണ് പൊടുന്നനെ, കർപ്പൂരി താക്കൂറിന് ഭാരതരത്നം നൽകുന്നതുപോലുള്ള തട്ടിപ്പുക​ൾ അവർ നടത്തുന്നത്. കർപ്പൂരി താക്കൂർ എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും സർക്കാറിനെയും എന്തിന് കുടുംബത്തെ പോലും പുലഭ്യം പറഞ്ഞ് അവഹേളിച്ചിരുന്ന പ്രത്യയശാസ്ത്രത്തിന്റെ ആൾക്കാരാണ് ബി.ജെ.പിക്കാർ. മീഡിയ പറഞ്ഞാലും, ക്ഷുഭിതനായി വില്ലു കുലച്ച രാമൻ മാത്രം പോരാ, ഉപരിതലത്തിൽനിന്ന് താഴേക്കുപോകുമ്പോൾ എന്ന തിരിച്ചറിവ് യഥാർഥത്തിൽ ബി.ജെ.പിക്കുമുണ്ട്. അതുകൊണ്ടാണ് അവർ ഇത്തരം ഗിമ്മിക്‌സ് കാണിക്കുന്നത്.

മദ്രാസ് ഹൈകോടതിയിലെ ഒരു ജഡ്ജി ഈയിടെ പറഞ്ഞത്, തനിക്ക് മൂന്ന് ക്രിമിനൽ നിയമങ്ങളുടെ പേര് പറയാൻ അറിയില്ല എന്നാണ്.

മാധ്യമങ്ങൾ ആരും ശ്രദ്ധിക്കാത്ത ഒരു സംഭവം കഴിഞ്ഞ ഡിസംബർ 12ന് ദൽഹിയിൽ നടന്നു. സംഘ്പരിവാറിന്റെ നേതൃത്വത്തിൽ രാജ്‌നാഥ് സിംഗ് അടക്കമുളള രണ്ടോ മൂന്നോ കേന്ദ്രമന്ത്രിമാരും ജെ.എൻ.യു വൈസ് ചാൻസലർ അടക്കമുള്ള അക്കാദമീഷ്യൻസുമെല്ലാം പങ്കെടുത്ത ഒരു കോൺക്ലേവ്. അതിന്റെ ടൈറ്റിൽ 'ബ്രിഡ്ജിങ് ദ സൗത്ത്' എന്നായിരുന്നു. 'ബ്രിഡ്ജങ് ദ നോർത്ത്' ആകാത്തത് എന്തുകൊണ്ടാണ്? നമ്മളെ അങ്ങോട്ട് ഘടിപ്പിച്ചുവക്കുകയാണോ? അവരുടെ മനസ്സിലുള്ള ചിന്താഗതി തന്നെ ഇതാണ്. ഇതിനെ ഒരാളും ചോദ്യം ചെയ്തില്ല. ഈ രീതിയിലാണ് പൊളിറ്റിക്‌സിനെ അവർ കൈകാര്യം ചെയ്യാനാഗ്രഹിക്കുന്നത്.

ഡിസംബർ 12 ന് ഡൽഹിയിൽ കേസരി വാരിക സംഘടിപ്പിച്ച ബ്രിഡ്ജിംഗ് സൗത്ത് കോൺക്ലേവിൽ നിന്ന്‌

ഹിന്ദിയുടെ അടിച്ചേൽപ്പിക്കലാണ് മറ്റൊരു ഉദാഹരണം. നമുക്ക് ചിന്തിക്കാൻ കഴിയാതിരുന്ന ഒരു മേഖലയിലേക്കാണ് ഭാഷയുടെ അടിച്ചമർത്തൽ വരുന്നത്. അതിന്റെ നടപ്പാക്കൽ പതുക്കെപ്പതുക്കെ മതി എന്നാണവർ തീരുമാനിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമേഖലയിലെ പഠനഭാഷ ഹിന്ദിയാക്കുമെന്നാണ് പറയുന്നത്. ഗൊരഖ്പുരിലെയും കാൺപുരിലെയും ഡൽഹിയിലെയും ഐ​.ഐ.ടികളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ പഠനമാധ്യമം ഹിന്ദിയായിക്കഴിഞ്ഞാൽ നമുക്ക് പച്ച തൊടാൻ പറ്റുമോ?
മദ്രാസ് ഹൈകോടതിയിലെ ഒരു ജഡ്ജി ഈയിടെ പറഞ്ഞത്, തനിക്ക് മൂന്ന് ക്രിമിനൽ നിയമങ്ങളുടെ പേര് പറയാൻ അറിയില്ല എന്നാണ്. 20,000 പേർ പോലും നിത്യജീവിതത്തിൽ സംസാരിക്കാത്ത, ഏതോ പൂജാരിയോ ബ്രാഹ്മണനോ മാത്രം സംസാരിക്കുന്ന സംസ്‌കൃതത്തിലെ പേരാണ് ഈ നിയമങ്ങൾക്ക് നൽകിയിരിക്കുന്നത്. ഭരണഘടനയുടെ 348-ാം വകുപ്പിന്റെ ലംഘനമാണിത്. നമ്മുടെ നിയമങ്ങൾ ഇംഗ്ലീഷിലായിരിക്കണം എന്ന് കൃത്യമായി ഭരണഘടന പറയുന്നുണ്ട്. പുതുതായി കൊണ്ടുവന്ന ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കാൻ പോലും ഇവർക്ക് പറ്റില്ല. ഇത്രയും കാലത്തെ ഐ.പി.സിയും സി.ആർ.പി.സിയും എവിഡൻസ് ആക്റ്റും കൈകാര്യം ചെയ്തിരുന്ന വലിയ ഇക്കോസിസ്റ്റമുണ്ട്. സമർഥരായ അഭിഭാഷകർ ഇത് ചൂണ്ടിക്കാട്ടി കേസ് വൈകിപ്പിക്കാൻ കഴിയും. ഇപ്പോൾ തന്നെ 50 ലക്ഷത്തോളം കേസുകൾ ഉന്നത കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ട്. അതൊക്കെ ഇനി ഇരട്ടിയാകും. ആർക്കുവേണ്ടി, എന്തിനുവേണ്ടി ഇത് ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാന ഘടകം. തങ്ങളുടേത് ഡി- കോളനൈസേഷനാണ് എന്നാണ് അവർ പറയുന്നത്. അയോധ്യയിലും അവർ ഇതുതന്നെ പറഞ്ഞു. യഥാർഥത്തിൽ മെഡീവൽ കാലഘട്ടത്തിൽ, മത​ത്തെ ഉപയോഗിച്ച് യൂറോപ്പ് കൈകാര്യം ചെയ്ത അതേ കാര്യമല്ലേ ഇവർ ചെയ്യുന്നത്. ഇനി ഇവർ ചെയ്യാനുള്ളത് ഒന്നേയുള്ളൂ, ഒരു ഇൻക്വിസിഷൻ കോടതി കൂടി തുടങ്ങുക.
ഡി- കോളനൈസേഷനെന്ന് അവകാശപ്പെട്ട് ചെയ്യുന്നതെല്ലാം യഥാർഥത്തിൽ കോളനിസ്റ്റുകൾ ചെയ്യുന്ന അതേ കാര്യങ്ങൾ.

ഡി- കോളനൈസേഷനെന്ന് അവകാശപ്പെട്ട് സംഘ്പരിവാർ ചെയ്യുന്നതെല്ലാം യഥാർഥത്തിൽ കോളനിസ്റ്റുകൾ ചെയ്യുന്ന അതേ കാര്യങ്ങളാണ്.

പ്രതിപക്ഷം
എന്തുചെയ്യണം?

ബി.ജെ.പിയെ നേരിടുന്നതിൽ പ്രതിപക്ഷം ശ്രദ്ധിക്കേണ്ട ചില മേഖലകളുണ്ട്. ഉപരിപ്ലവമായി കാണുന്ന ഒരു രാഷ്ട്രീയ വിതാനത്തിന്റെ അടിത്തട്ടുകളിൽ ഒരുപാട് ലെയറുകളുണ്ട്. അവയെയാണ് പ്രതിപക്ഷം ശ്രദ്ധിക്കേണ്ടത്.

ബംഗാളിലും പഞ്ചാബിലും ദൽഹിയിലും ഒരു ​പ്രതിപക്ഷസഖ്യമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അതിനുവേണ്ടി ഊർജം ചെലവാക്കുകയുമരുത്. ബംഗാളിൽ എല്ലാവരും കൂടി മമതാ ബാനർജിക്കൊപ്പം നിന്നാൽ, രണ്ടാമത്തെ പാർട്ടിയായി ബി.ജെ.പി ഉരുത്തിരിഞ്ഞുകളയും. ഇപ്പോഴും ബംഗാളിലെ പലയിടത്തും ഇടതുപക്ഷവും കോൺഗ്രസും കൂടി ചേർന്നാൽ ബി.ജെ.പിയെ നേരിടാം. അതുകൊണ്ട്, ആരാണോ ശക്തരായ സ്ഥാനാർഥി, അവർക്കായി വോട്ടുകൾ സമാഹരിച്ചുകൊടുക്കുന്ന രീതിയാണ് പ്രായോഗികവും യുക്തിഭദ്രവും. തെലങ്കാനയിൽ കോൺഗ്രസും ബി.ആർ.എസും കൂടി ചേർന്നിരുന്നുവെങ്കിൽ ബി.ജെ.പി രണ്ടാമത്തെ പാർട്ടിയായി മാറിയേനേ. ഇപ്പോൾ ബി.ജെ.പി അവിടെ മൂന്നാമത്തെ പാർട്ടിയാണ്.

ബംഗാളിൽ എല്ലാവരും കൂടി മമതാ ബാനർജിക്കൊപ്പം നിന്നാൽ, രണ്ടാമത്തെ പാർട്ടിയായി ബി.ജെ.പി ഉരുത്തിരിയുകയായിരിക്കും സംഭവിക്കുക.

അതേസമയം, ബി.ജെ.പി പ്രകടമായ രണ്ടാമത്തെ പാർട്ടിയായ ബീഹാറിൽ, ബി.ജെ.പി ഒന്നാം പാർട്ടിയായ യു.പിയിൽ, മഹാരാഷ്ട്രയിൽ എന്നിവിടങ്ങളിൽ Clinical Precision- ഓടെ നിലപാടെടുക്കണം.

ഡൽഹിയിൽ ഒരുപക്ഷേ ആംആദ്മി പാർട്ടിയും കോൺഗ്രസും ചേരുന്നത് നന്നായിരിക്കും, എന്നാൽ, അതില്ലെങ്കിലും വലിയ അന്ധാളിപ്പുണ്ടാകേണ്ടതില്ല. പഞ്ചാബിൽ ബി.ജെ.പി മൂന്നാമത്തെയോ നാലാമത്തെയോ ശക്തിയാണ്. അവിടെ സഖ്യമുണ്ടായാലും ഇല്ലെങ്കിലും അത് ബി.ജെ.പിക്ക് ഗുണകരമാകുമെന്ന് എനിക്കു തോന്നുന്നില്ല.

രാഷ്ട്രീയത്തിൽ എല്ലാത്തിനെയും ലീനിയറായി കാണരുത്, അതിൽ കുറെ ലെയറുകളുണ്ട്. ഒരു സഖ്യമില്ല എന്നു പറഞ്ഞാൽ എല്ലാം അസ്തമിച്ചു എന്ന് അർഥമാക്കേണ്ടതില്ല. കളം മുഴുവൻ ബി.ജെ.പിക്ക് വിട്ടുകൊടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

Comments