എക്സിറ്റ് പോളുകളെ തോൽപ്പിച്ച് യഥാർഥ ഫലം

എൻ.ഡി.എയ്ക്ക് 400 സീറ്റു കിട്ടാൻസാധ്യതയുണ്ടെന്ന ബി.ജെ.പിയുടെ അവകാശവാദം ആവർത്തിക്കുകയാണ് എക്സിറ്റ് പോളുകൾ ചെയ്തത്.

Election Desk

ലോക്സഭാ തെരഞ്ഞെടുപ്പു ഫലം, എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണമായും നിരാകരിക്കുന്നു. എൻ.ഡി.എ സഖ്യത്തിന് കഴിഞ്ഞ തവണത്തേക്കൾ സീറ്റ് കിട്ടുമെന്നായിരുന്നു മിക്കവാറും എല്ലാ പോളുകളിലെയും പ്രവചനം. ‘ഇന്ത്യ’ മുന്നണിക്കുണ്ടായ മുന്നേറ്റം ഒരു പോളിനും കാണാനുമായില്ല. എൻ.ഡി.എയ്ക്ക് 400 സീറ്റു കിട്ടാൻസാധ്യതയുണ്ടെന്ന ബി.ജെ.പിയുടെ അവകാശവാദം ആവർത്തിക്കുകയാണ് എക്സിറ്റ് പോളുകൾ ചെയ്തത്.

പ്രധാന എക്സിറ്റ് പോളുകൾ:

  • ആക്സിസ് മൈ ഇന്ത്യ: എൻ.ഡി.എ (361- 401), ഇന്ത്യ (131-166), മറ്റുള്ളവർ (8-10).

  • സി-വോട്ടർ: എൻ.ഡി.എ (353-383), ഇന്ത്യ (152- 182), മറ്റുള്ളവർ (4-12).

  • ടുഡേസ് ചാണക്യ: എൻ.ഡി.എ (385-415), ഇന്ത്യ (96-118), മറ്റുള്ളവർ (27-45).

  • സി.എൻ.എക്‌സ്: എൻ.ഡി.എ (371 - 401), ഇന്ത്യ (109-139), മറ്റുള്ളവർ (28-38).

  • ഇ.ടി.ജി: എൻ.ഡി.എ (358), ഇന്ത്യ (132), മറ്റുള്ളവർ (53).

എക്സിറ്റ് പോളുകൾ വന്നതോടെ ഭൂരിപക്ഷം അനായാസം കടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബി.ജെ.പി. പക്ഷേ കേവല ഭൂരിപക്ഷം പോലും കിട്ടാതെ ഇടറുന്ന ബി.ജെ.പിയെയാണ് കാണാനായത്. 2014- നുശേഷം ഏറ്റവും ഉയർന്ന സീറ്റുകളോടെ വളരുന്ന കോൺഗ്രസിനെയും ഫലത്തിൽ കാണാം.

എക്സിറ്റ് പോളുകളുടെ വിശ്വാസ്യതയെക്കുറിച്ച് പ്രതിപക്ഷ നേതാക്കളെല്ലാം നേരത്തെ സംശയങ്ങൾ പ്രകടപ്പിച്ചിരുന്നു. പുറത്തുവന്നത് എക്‌സിറ്റ് പോളല്ല, മോദിയുടെ പോളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നിശിത വിമർശനം നടത്തിയിരുന്നു.

കേവല ഭൂരിപക്ഷമായ 272 സീറ്റ് നേടാൻ ബി.ജെ.പിക്ക് സാധിക്കില്ലെന്നും എൻ.ഡി.എ സഖ്യത്തിന് 300 സീറ്റുകൾ കടക്കുകയെന്നതുതന്നെ പ്രയാസമായിരിക്കുമെന്നും അഭിപ്രായപ്പെട്ട രാഷ്ട്രീയ നിരീക്ഷകനായ യോഗേന്ദ്രയാദവിന്റെ നിരീക്ഷണമാണ് തെരഞ്ഞെടുപ്പ് ഫലവുമായി കൂടുതൽ ചേർന്നു നിൽക്കുന്നത്.

യോഗേന്ദ്രയാദവ്
യോഗേന്ദ്രയാദവ്

പോൾ അനലിസ്റ്റുകളായ പ്രശാന്ത് കിഷോർ, പ്രദീപ് ഗുപ്ത എന്നിവരുടെ നിരീക്ഷണങ്ങളെല്ലാം പാളിപ്പോയി. എൻ.ഡി.എയ്ക്ക് 401 വരെ സീറ്റും കോൺഗ്രസിന് 166 സീറ്റും പ്രവചിച്ചിരുന്ന ആക്‌സിസ് മൈ ഇന്ത്യ എം.ഡി പ്രദീപ് ഗുപ്ത, ഫലത്തിൽ വലിയ വ്യത്യാസം വന്നതോടെ ചാനൽചർച്ചക്കിടെ പൊട്ടിക്കരഞ്ഞതും വൈറലായിരുന്നു. യു.പി, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രവചനങ്ങളാണ് തെറ്റിയതെന്നും ദലിത് വോട്ടുകൾ ഇന്ത്യാസഖ്യത്തിന് അനുകൂലമായി മാറിയെന്നും പറഞ്ഞ് ചെറുത്ത് നിൽക്കാൻ ഗുപ്ത ശ്രമിച്ചെങ്കിലും പിന്നീട് വികാരധീനനാകുകയായിരുന്നു.

ഉത്തർ പ്രദേശിലും പശ്ചിമ ബംഗാളിലും ബി.ജെ.പി വലിയ വിജയം നേടുമെന്ന് പോളുകൾ പ്രവചിച്ചെങ്കിലും അത്തരം തംരഗമൊന്നുമുണ്ടായില്ല. ഉത്തർ പ്രദേശിൽ സമാജ് വാദി പാർട്ടിക്ക് 37, ബി.ജെ.പിക്ക് 33, കോൺഗ്രസ് 6 വീതം സീറ്റാണ് ലഭിച്ചത്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 29, ബി.ജെ.പിക്ക് 12, കോൺഗ്രസ് ഒന്നു വീതം സീറ്റാണ് കിട്ടിയത്. രണ്ടുസംസ്ഥാനങ്ങളിലും ബി.ജെ.പി രണ്ടാം സ്ഥാനത്തായി.

എൻ.ഡി.എയ്ക്ക് 401 വരെ സീറ്റും കോൺഗ്രസിന് 166 സീറ്റും പ്രവചിച്ചിരുന്ന ആക്‌സിസ് മൈ ഇന്ത്യ എം.ഡി പ്രദീപ് ഗുപ്ത ചാനൽ ചർച്ചക്കിടെ കരയുന്നു
എൻ.ഡി.എയ്ക്ക് 401 വരെ സീറ്റും കോൺഗ്രസിന് 166 സീറ്റും പ്രവചിച്ചിരുന്ന ആക്‌സിസ് മൈ ഇന്ത്യ എം.ഡി പ്രദീപ് ഗുപ്ത ചാനൽ ചർച്ചക്കിടെ കരയുന്നു

ഇതാദ്യമായല്ല എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റുന്നത്. 2004- ലെ ലോകസഭാ തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ തെറ്റായ പ്രവചനങ്ങളുണ്ടായിരുന്നു. 275 സീറ്റു നേടി എ.ബി. വാജ്‌പേയ് സർക്കാർ അധികാരത്തിൽ വരുമെന്നായിരുന്നു സർവ്വേ ഫലം. പക്ഷേ തിരഞ്ഞെടുപ്പിൽ 187 സീറ്റുകൾ നേടാനേ കഴിഞ്ഞുള്ളു. യു.പി.എ സർക്കാരാണ് അധികാരത്തിലെത്തിയത്.

Comments