ഇന്ത്യയിലെ
ജനസംഖ്യാ
വളർച്ചാനിയന്ത്രണത്തിന്റെ
കാലം കഴിഞ്ഞോ?

ഏഴ് ദശാബ്ദക്കാലത്തിലധികമായി തുടരുന്ന ബൃഹത്തായ കുടുംബക്ഷേമപദ്ധതി ഉപേക്ഷിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ശുപാർശ നല്കിയിരിക്കുന്നത്. 2027-ലെ പുതിയ സെൻസസ് ജനസംഖ്യാ കണക്കുകൾ പുറത്തുവരാനിരിക്കെ, സാമ്പിൾ സർവ്വേകളെ മാത്രം അടിസ്ഥാനമാക്കി ദേശീയതലത്തിൽ ജനസംഖ്യാവളർച്ചാനയങ്ങളിൽ മാറ്റം വരുത്തുന്നതും, ആശാ പ്രവർത്തകരുടെ സേവനങ്ങൾ നിർത്തലാക്കാനുള്ള നീക്കവും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിമരുന്നിടും: ഡോ. ജെ. രത്നകുമാർ, ഡോ. കെ.പി. വിപിൻചന്ദ്രൻ എന്നിവർ എഴുതുന്നു.

ജനസംഖ്യാ വിസ്ഫോടനഭീതി
അസ്‌തമിക്കുന്നുവോ?

ഉയർന്ന ജനസംഖ്യാ വളർച്ചാനിരക്കുകൾ രാജ്യത്തിന്റെ പുരോഗമനപാതയിൽ വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന കാഴ്ചപ്പാടിലാണ് 1952-ൽ ഇന്ത്യ ലോകത്താദ്യമായി കുടുംബാസൂത്രണ പദ്ധതികൾക്ക് തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ ജനസംഖ്യാ വളർച്ചാനിയന്ത്രണമായിരുന്നു കുടുംബാസൂത്രണപദ്ധതികളുടെ ആധാരശിലയെങ്കിലും, പിന്നീട് കുടുംബക്ഷേമവുമായി ബന്ധപ്പെട്ട മറ്റു പല മേഖലകളും ഇതിനോട് കൂട്ടിച്ചേർക്കപ്പെട്ടു. നിലവിൽ പ്രാഥമികാരോഗ്യ സംരക്ഷണം, ഗർഭകാല-ഗർഭാനന്തര പരിചരണം, ശിശുസംരക്ഷണം, കൗൺസിലിംഗ് എന്നിവയും പ്രസ്‌തുത പദ്ധതിയുടെ ഭാഗമായി തുടരുന്നു. അങ്ങനെ ഏഴ് ദശാബ്ദക്കാലത്തിലധികമായി തുടരുന്ന ബൃഹത്തായ കുടുംബക്ഷേമപദ്ധതി ഉപേക്ഷിക്കണമെന്നാണ് പ്രധാനമന്തിയുടെ സാമ്പത്തിക ഉപദേശകസമിതി ഇപ്പോൾ ശുപാർശ നല്കിയിരിക്കുന്നത്.

2026 സെപ്‌തംബറിൽ പുറത്തുവന്ന ‘ജനസംഖ്യയുടെ ഭൂതകാലത്തിന്റെ നിഴൽ: ഇന്ത്യയിൽ തുടരുന്ന ജനസംഖ്യാ നിയന്ത്രണം’ (The Ghost of Population Past: How Population control persists in India) എന്ന റിപ്പോർട്ട് പ്രത്യുല്പാദനനിരക്കുകൾ ഇടിയുന്നതിനാൽ 2001-ലെ വാർഷിക ജനനം 2.9 കോടിയിൽനിന്ന് 2023-ൽ 2.3 കോടിയായി കുറഞ്ഞതായി സൂചിപ്പിക്കുന്നു. ഭാവിയിൽ ഈ നിരക്കുകളിൽ വീണ്ടും ഇടിവ് വരുമെന്നും അതിന്റെ ഫലമായി ജനസംഖ്യാ വളർച്ചാനിരക്കുകൾ കുറയുന്നത് രാജ്യത്തെ ജനസംഖ്യാസ്ഥിരത അസ്ഥിരപ്പെടുത്തുമെന്നും ഈ റിപ്പോർട്ട് അടിവരയിടുന്നു.

കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള റിപ്പോർട്ടിലെ ഏറ്റവും സുപ്രധാനമായ മറ്റൊരു നിർദ്ദേശം ആശാ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നതാണ്. രാജ്യത്തിന്റെ മാതൃ-ശിശുക്ഷേമ രംഗത്തെ നെടുംതൂണുകളായ ഇവർ, പൊതുജനാരോഗ്യസംവിധാനത്തെയും പ്രാദേശിക സമൂഹത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണികൂടിയാണെന്ന കാര്യം വിസ്മരിക്കാനാവില്ല.

എന്നാൽ, ഈ പഠനങ്ങളുടെയെല്ലാം അടിസ്ഥാനം സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റവും, ദേശീയ കുടുംബാരോഗ്യസർവ്വേ അടക്കമുള്ള സാമ്പിൾ സർവ്വേകളും ആയതിനാൽ ഇവയ്ക്ക് രാജ്യത്തെ ജനസംഖ്യാവളർച്ചാനിരക്കുകൾ കൃത്യമായി നിർണ്ണയിക്കാനാകില്ല എന്നതാണ് യാഥാർഥ്യം. സാംപ്ലിങ്ങ്- സാംപ്ലിങ്ങേതര പിഴവുകളും, സർവ്വേ ഫലങ്ങളെ സ്വാധീനിക്കാം. സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റത്തിലെ പല എസ്റ്റിമേറ്റുകളുടെയും മൂല്യം കുറവായി തിട്ടപ്പെടുത്തുന്നതായി (underestimated) പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയെപ്പോലെ ജനസംഖ്യായാധിക്യമുള്ള രാജ്യത്ത് പ്രത്യുല്പാദന നിരക്കുകൾ ഇടിഞ്ഞാലും പ്രത്യുല്പാദന പ്രായത്തിലുള്ള പെൺകുട്ടികൾ (15-49) സൃഷ്‌ടിക്കുന്ന ‘ജനസംഖ്യയുടെ പ്രവേഗം’ (Population momentum) മൂലമുള്ള പ്രതിഭാസം വരും വർഷങ്ങളിലും ജനസംഖ്യാ വളർച്ചാനിരക്കുകൾ ഉയർന്നു നില്ക്കാനുള്ള ചാലകശക്‌തിയായി പ്രവർത്തിക്കും.

രാജ്യത്തെ ജനസംഖ്യാ വളർച്ചാനിരക്കുകൾ കുറയുന്നത് യാഥാർഥ്യമാണെങ്കിലും, ജനസംഖ്യയുടെ നിലവിലെ എണ്ണത്തെ സംബന്ധിച്ച കണക്കുകളിൽ ഭിന്നാഭിപ്രായം വിദഗ്ധർക്കിടയിൽ രൂക്ഷമായി തുടരുന്നു. ഉദാഹരണമായി, യു.എന്നിന്റെ ജനസംഖ്യാ പ്രവചനകണക്കുകൾ പ്രകാരം 2026-ൽ ഇന്ത്യയിലെ ജനസംഖ്യാ 147.0 കോടിയാണ്. ഏറ്റവും പുതിയ ജനസംഖ്യാ പ്രവചനകണക്കുകൾ (IIMAD and PFI) പ്രകാരം നമ്മുടെ ജനസംഖ്യ 141.5 കോടി മാത്രമാണ്. അതിനാൽ, കൃത്യമായ ജനസംഖ്യാ കണക്കുകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബാസൂത്രണം പോലെയുള്ള സുപ്രധാന മേഖലയിലെ നയംമാറ്റം കൂടുതൽ തുറന്ന ചർച്ചകൾക്ക് വിധേയമാക്കേണ്ടതാണ്.

2026 സെപ്‌തംബറിൽ പുറത്തുവന്ന ‘ജനസംഖ്യയുടെ ഭൂതകാലത്തിന്റെ നിഴൽ: ഇന്ത്യയിൽ തുടരുന്ന ജനസംഖ്യാ നിയന്ത്രണം’ (The Ghost of Population Past: How Population control persists in India) എന്ന റിപ്പോർട്ട്  പ്രത്യുല്പാദനനിരക്കുകൾ ഇടിയുന്നതിനാൽ 2001-ലെ വാർഷിക ജനനം 2.9 കോടിയിൽനിന്ന്  2023-ൽ 2.3 കോടിയായി കുറഞ്ഞതായി സൂചിപ്പിക്കുന്നു.
2026 സെപ്‌തംബറിൽ പുറത്തുവന്ന ‘ജനസംഖ്യയുടെ ഭൂതകാലത്തിന്റെ നിഴൽ: ഇന്ത്യയിൽ തുടരുന്ന ജനസംഖ്യാ നിയന്ത്രണം’ (The Ghost of Population Past: How Population control persists in India) എന്ന റിപ്പോർട്ട് പ്രത്യുല്പാദനനിരക്കുകൾ ഇടിയുന്നതിനാൽ 2001-ലെ വാർഷിക ജനനം 2.9 കോടിയിൽനിന്ന് 2023-ൽ 2.3 കോടിയായി കുറഞ്ഞതായി സൂചിപ്പിക്കുന്നു.

‘ആശ’യ്ക്ക് കടുത്ത നിരാശയോ?

കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള റിപ്പോർട്ടിലെ ഏറ്റവും സുപ്രധാനമായ മറ്റൊരു നിർദ്ദേശം ആശാ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നതാണ്. രാജ്യത്തിന്റെ മാതൃ-ശിശുക്ഷേമ രംഗത്തെ നെടുംതൂണുകളായ ഇവർ, പൊതുജനാരോഗ്യസംവിധാനത്തെയും പ്രാദേശിക സമൂഹത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണികൂടിയാണെന്ന കാര്യം വിസ്മരിക്കാനാവില്ല. പ്രാദേശിക അവസ്ഥകളെക്കുറിച്ചും കുടുംബങ്ങളുടെ സാമൂഹിക- ആരോഗ്യ സാഹചര്യങ്ങളെക്കുറിച്ചുമുള്ള കൃത്യമായ ധാരണയും, പൊതുജനങ്ങളുമായുള്ള ശക്തമായ വിശ്വാസബന്ധവും ഇവരുടെ മുഖമുദ്രയാണ്. ഇവരുടെ സേവനം നിർത്തലാക്കുന്നത് ഗ്രാമീണ മേഖലകളിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലും മാതൃ-ശിശു ആരോഗ്യം, പകർച്ചവ്യാധി പ്രതിരോധം, കുത്തിവയ്പ്പ്, പോഷകാഹാര വിതരണം, കുടുംബാസൂത്രണം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ജനസംഖ്യാ വളർച്ചാനിരക്കിൽ കുറവുണ്ടായി എന്ന ഒറ്റ കാരണം കൊണ്ട് ഈ വിഭാഗത്തിന്റെ സേവനങ്ങൾ നിർത്തിവെക്കുന്നത് ആരോഗ്യരംഗത്ത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും.

രാജ്യത്തെ ജനസംഖ്യാസൂചികകളുടെ അടിസ്ഥാനത്തിൽ ദേശീയ തലത്തിലുള്ള നയരൂപീകരണത്തിന് പ്രാദേശിക സാഹചര്യങ്ങൾക്ക് മുൻ‌തൂക്കം നല്കുന്ന ജനസംഖ്യാ നയരൂപികരണമാകും കൂടുതൽ അഭികാമ്യം.

ജനസംഖ്യാപരമായ മാറ്റങ്ങൾക്കനുസൃതമായി, പുതിയ വെല്ലുവിളികൾ നേരിടുന്ന മേഖലകളിലേക്ക് ആശാ പ്രവർത്തകരുടെ സേവനം പുനർവിന്യസിക്കുന്നത് അവരുടെ പ്രവർത്തനമേഖല കൂടുതൽ വിപുലീകരിക്കാൻ സഹായിക്കും. അതിനാൽ, നിലവിലുള്ള ആശാ സംവിധാനത്തെ ശിഥിലമാക്കാതെ, അതിനെ കാര്യക്ഷമമായി പുനഃസംഘടിപ്പിക്കാനുള്ള നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടത്.

ഉദാഹരണത്തിന്, ജനസംഖ്യാ വളർച്ചാനിരക്ക് ഗണ്യമായി കുറവുള്ള പ്രദേശങ്ങളിൽ, വാർദ്ധക്യസഹജമായ രോഗങ്ങൾ, ഡിമെൻഷ്യ, അൽഷിമേഴ്‌സ് എന്നിവ ബാധിച്ചവരുടെ പരിചരണത്തിനായി അനുയോജ്യമായ പരിശീലനം നൽകി ഇവരുടെ സേവനം കാര്യക്ഷമമായി പ്രയോജനപ്പെടുത്താവുന്നതാണ്. മാതൃ- ശിശു സംരക്ഷണം, പോഷകാഹാരം, കൗമാരാരോഗ്യം, രോഗപ്രതിരോധം എന്നീ മേഖലകളിൽ ഇവരുടെ സാമൂഹിക ബന്ധങ്ങളും അനുഭവസമ്പത്തും തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി ഫലപ്രദമായി വിനിയോഗിക്കാവുന്നതാണ്. ആശാ പ്രവർത്തകരെ കേവലം ജനസംഖ്യാ നിയന്ത്രണ ഉപാധികളായി കാണുന്നതിനുപകരം, സാമൂഹികതല ആരോഗ്യ സംരക്ഷണത്തിന്റെ പ്രധാന പങ്കാളികളായി ഉയർത്തേണ്ടതായുണ്ട്. ഇതിനായി അവർക്ക് മാന്യമായ വേതനം, ആധുനിക സാങ്കേതിക വിദ്യയുടെ പിന്തുണ, സമഗ്രമായ സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കണം.

കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള റിപ്പോർട്ടിലെ ഏറ്റവും സുപ്രധാനമായ മറ്റൊരു നിർദ്ദേശം ആശാ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നതാണ്.
കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള റിപ്പോർട്ടിലെ ഏറ്റവും സുപ്രധാനമായ മറ്റൊരു നിർദ്ദേശം ആശാ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നതാണ്.

വികേന്ദ്രീകൃത ജനസംഖ്യാ
നയരൂപീകരണത്തിന്റെ ആവശ്യകത

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും തമ്മിൽ ജനസംഖ്യാ വളർച്ചാനിരക്കിലുള്ള വ്യത്യാസം, അവയുടെ ജനസംഖ്യാ ഘടനയിൽ പ്രകടമായ മാറ്റങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അതിനാൽ, ജനസംഖ്യാഘടനയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചെറുപ്പമായും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ താരതമ്യേന പ്രായാധിക്യമുള്ളവരുമായിരിക്കും. ജനനനിരക്ക് കുറയ്ക്കുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മികച്ച പുരോഗതി കൈവരിച്ചപ്പോൾ, ഭൂരിഭാഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഈ രംഗത്ത് ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ് എന്നതാണ് ഇതിനുള്ള കാരണം. കുടുംബാസൂത്രണ പദ്ധതികൾക്കൊപ്പം സാമൂഹിക- സാമ്പത്തിക അഭിവൃദ്ധി ഈ സംസ്ഥാനങ്ങളിൽ പ്രത്യുല്പാദന നിരക്കുകൾ ഗണ്യമായി കുറയാൻ കാരണമായി. ഈ സാഹചര്യത്തിൽ കുടുംബാസൂത്രണ പദ്ധതികളിൽ നിന്ന് പിന്നാക്കം പോകുന്നത് ഈ സംസ്ഥാനങ്ങളിലെ ജനസംഖ്യാ വളർച്ചാനിരക്ക് കുറയുന്ന ഗതിവേഗത്തെ ദോഷകരമായി ബാധിക്കും. കൂടാതെ, മാതൃ- ശിശുക്ഷേമ രംഗങ്ങളിൽ ഇവർ നേടിയ പുരോഗതിയെ പിന്നോട്ടടിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.

ജനസംഖ്യാനയം ഒരു നിശ്ചിത രേഖയായി മാത്രം കാണാതെ, അത് നിരന്തരം നിരീക്ഷിക്കാനും പുനഃപരിശോധിക്കാനും ആവശ്യമെങ്കിൽ സമയബന്ധിതമായി തിരുത്തലുകൾ വരുത്താനുമുള്ള വ്യക്തമായ ഒരു ചട്ടക്കൂട് രൂപീകരിക്കേണ്ടതായുണ്ട്.

അതിനാൽ, രാജ്യത്തെ ജനസംഖ്യാസൂചികകളുടെ അടിസ്ഥാനത്തിൽ ദേശീയ തലത്തിലുള്ള നയരൂപീകരണത്തിന് പ്രാദേശിക സാഹചര്യങ്ങൾക്ക് മുൻ‌തൂക്കം നല്കുന്ന ജനസംഖ്യാ നയരൂപികരണമാകും കൂടുതൽ അഭികാമ്യം. ഉദാഹരണത്തിന്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാ വളർച്ചാനിരക്ക് കുറയ്ക്കാനുള്ള നയങ്ങൾ നിലവിൽ അപ്രസക്തമാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ജനനനിരക്ക് വർദ്ധിപ്പിക്കാനുള്ള പ്രോൽസാഹനവുമായി രംഗത്തുണ്ട്. എന്നാൽ, ഭൂരിഭാഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെയും ജനസംഖ്യാ വളർച്ചയുടെ നിജസ്ഥിതി ഇതല്ല എന്നതാണ് യാഥാർഥ്യം.

അനിവാര്യമായ
പൊളിച്ചെഴുത്തുകൾ

നിലവിൽ രാജ്യത്തെ ജനസംഖ്യാവളർച്ച ഭക്ഷ്യോത്പാദനത്തിന് വെല്ലുവിളിയല്ലെങ്കിലും, തൊഴില്ലായ്മ, പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ നിലവിലെ കുടുംബാസൂത്രണ നയമാറ്റവുമായി കൂട്ടിച്ചേർത്ത് വായിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട്, ‘ഏകീകൃത സമീപന’ത്തിനു പകരം സംസ്ഥാന-പ്രാദേശിക തലങ്ങളിലെ ആവശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള നയരൂപീകരണത്തിലേക്ക് കടക്കേണ്ടത് കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. ഉയർന്ന ജനനനിരക്കുള്ള സംസ്ഥാനങ്ങളുടെ ആരോഗ്യ-ജനസംഖ്യാ നയങ്ങൾ, കുറഞ്ഞ ജനനനിരക്കും വേഗത്തിലുള്ള വാർദ്ധക്യ ജനസംഖ്യാ വർദ്ധനവും നേരിടുന്ന സംസ്ഥാനങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്.

ജനനനിരക്ക് കുറയ്ക്കുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മികച്ച പുരോഗതി കൈവരിച്ചപ്പോൾ, ഭൂരിഭാഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഈ രംഗത്ത് ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്.
ജനനനിരക്ക് കുറയ്ക്കുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മികച്ച പുരോഗതി കൈവരിച്ചപ്പോൾ, ഭൂരിഭാഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഈ രംഗത്ത് ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്.

2027-ലെ സെൻസസ് ഫലങ്ങൾ പുറത്തുവരുന്നതുവരെ കാത്തിരിക്കുന്നത് കൃത്യമായ ജനസംഖ്യാ കണക്കുകൾ ലഭ്യമാക്കുന്നതിനും, ശാസ്ത്രീയമായ ജനസംഖ്യാനയം രൂപീകരിക്കുന്നതിനും സഹായകരമാകും. അവസരോചിതമല്ലാത്ത ഇത്തരത്തിലുള്ള നയം മാറ്റങ്ങൾ ഒഴിവാക്കി, കൃത്യമായ ഡേറ്റ വിശകലനം ചെയ്ത് പുതിയ ജനസംഖ്യാനയം രൂപീകരിക്കുന്നത് സർക്കാറിന്റെ ഭരണനടപടികൾക്ക് ശാസ്ത്രീയ അടിത്തറ നൽകും. പുതുക്കിയ സെൻസസ് വിവരങ്ങളിലൂടെ ഓരോ പ്രദേശത്തിന്റെയും ജനസംഖ്യാപരമായ പ്രത്യേക ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിയാൻ സാധിക്കണം. ജനനനിരക്ക്, പ്രായഘടന, വയോജന അനുപാതം, കുടിയേറ്റം, കുടുംബഘടന, തൊഴിൽശേഷിയുള്ള ജനസംഖ്യ, നഗരവൽക്കരണം തുടങ്ങിയ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന-ജില്ലാതല ജനസംഖ്യാപരമായ വിവരശേഖരണം (Demographic Profiles) തയ്യാറാക്കുകയും അവയെ വികസന പദ്ധതികളുമായി സംയോജിപ്പിക്കുകയും ചെയ്യാം. ഇത് ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഭവനം, സാമൂഹികസുരക്ഷ, പരിചരണം എന്നീ മേഖലകളിലെ വിഭവ വിന്യാസം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും.

ജനസംഖ്യാനയം ഒരു നിശ്ചിത രേഖയായി മാത്രം കാണാതെ, അത് നിരന്തരം നിരീക്ഷിക്കാനും പുനഃപരിശോധിക്കാനും ആവശ്യമെങ്കിൽ സമയബന്ധിതമായി തിരുത്തലുകൾ വരുത്താനുമുള്ള വ്യക്തമായ ഒരു ചട്ടക്കൂട് രൂപീകരിക്കേണ്ടതായുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിൽ ജനസംഖ്യാസംബന്ധിയായ വിവരങ്ങൾ പങ്കുവെക്കുന്നതും, നിശ്ചിത ഇടവേളകളിൽ സംസ്ഥാന- ജില്ലാതല സൂചകങ്ങൾ വിലയിരുത്തുന്നതും പദ്ധതികളുടെ ഏകോപനവും നിർവഹണവും കൂടുതൽ കാര്യക്ഷമമാക്കും. വരും വർഷങ്ങളിൽ ‘ജനസംഖ്യാ നിയന്ത്രണം’ എന്ന ചിന്താധാരയിൽനിന്ന് ‘ജനസംഖ്യയുടെ കാര്യക്ഷമമായ മാനേജ്മെന്റിലേക്കും മാനവികവികസനത്തിലേക്കും’ ഊന്നിയുള്ള സമീപനം നമ്മുടെ ഭാവി ഭാസുരമാക്കിയേക്കാം.


Summary: Is the era of population growth control over in India? Dr J Ratnakumar and Dr KP Vipin Chandran writes.


ഡോ. ജെ. രത്‌നകുമാർ

തിരുവനന്തപുരം ഐ.ഐ.എം.ഡിയിലെ സീനിയർ വിസിറ്റിംഗ് റിസർച്ച് ഫെലോ.

ഡോ. കെ.പി വിപിൻ ചന്ദ്രൻ

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വനിതാ കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി. വികസന സാമ്പത്തിക ശാസ്ത്രം, ഹെൽത്ത് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നീ മേഖലകളിൽ വിദഗ്ദ്ധനാണ്.

Comments