1984 നവംബറിൽ ഡൽഹിയിലെ തെരുവുകളിൽ നിന്ന് പച്ചമുള ചീന്തുമ്പോലെ ഉയർന്ന നിലവിളികളിൽ ചരിത്രത്തിലെ എല്ലാ വംശഹത്യകളുടെയും വിലാപങ്ങളുടെ പ്രതിധ്വനിയുണ്ടായിരുന്നു. ഗുർദീപ് കൗർ എന്ന സ്ത്രീയുടെ കരച്ചിൽ അതിൽ വേറിട്ട് കേട്ടിരിക്കില്ല. കേട്ടാൽ നിങ്ങളെങ്ങനെയാണ് കണ്ണാടി നോക്കുക എന്നതുമറിയില്ല.
സുവർണ്ണക്ഷേത്രത്തിന്റെ ചുവരുകളെ തുളച്ചുപാഞ്ഞ ‘ഓപ്പറേഷൻ ബ്ലൂ സ്റ്റാറി’ന്റെ (1984 ജൂൺ ആദ്യവാരം) വെടിയുണ്ടകൾ, അഞ്ചുമാസം കാത്തിരുന്ന് അമൃത്‌സറിൽ നിന്നും ഒരു രാത്രിയാത്രയുടെ ദൂരമുള്ള ഇന്ദ്രപ്രസ്ഥത്തിലെത്തി, സഫ്ദർജങ്റോഡിലെ വസതിയിലെ പുൽത്തകിടിയിൽ ഇന്ദിരാഗാന്ധിയെ ചരിത്രത്തിന്റെ മറ്റൊരു വിധിനിർണ്ണയത്തിനിരയാക്കിയപ്പോൾ ഗുർദീപ് കൗർ, ഭക്ഷണം പോലും പാകം ചെയ്യാതെ കണ്ണീരൊഴുക്കി. ഡൽഹിയിലെ ത്രിലോക്‌പുരി 32-ാം ബ്ളോക്കിലെ ഗുർദീപ്‌കൗറിന് വരാനിരിക്കുന്ന ദിവസത്തിന്റെ ക്രൗര്യത്തെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. സിഖുകാരാണെന്ന ഒറ്റക്കാരണത്താൽ ഭർത്താവിന്റെയും മക്കളുടെയും ജീവൻ അവസാനിക്കാൻ പോവുകയാണെന്നത് അവർക്ക് ഊഹിക്കാനാവുന്നതിനും അപ്പുറത്തുള്ള ഒന്നായിരുന്നു. അവരുടെ ഭർത്താവ് ആ പ്രദേശത്ത് ഒരു ചെറിയ കട നടത്തുകയായിരുന്നു. മൂത്തമകൻ ഭജൻസിങ്ങിന് റെയിൽവേ സ്റ്റേഷനിലായിരുന്നു ജോലി. രണ്ടാമത്തെ മകൻ റേഡിയോ നന്നാക്കുന്ന ഒരു കട നടത്തുകയായിരുന്നു, മൂന്നാമത്തെയാൾ ഒരു ഡ്രൈവർ.
“നവംബർ ഒന്നിന് രാവിലെ ഇന്ദിരാമാതയുടെ മൃതദേഹം തീൻമൂർത്തി ഭവനിൽ കൊണ്ടുവന്നപ്പോൾ എല്ലാവരും ടെലിവിഷൻ കാണുകയായിരുന്നു. രാവിലെ എട്ടു മണി മുതൽ ആദരാഞ്ജലി അർപ്പിക്കുന്നതായിരുന്നു കാണിച്ചിരുന്നത്. ഉച്ചയായതോടെ മക്കൾ പറഞ്ഞു: ‘അമ്മേ, വിശക്കുന്നു, വല്ലതും ഉണ്ടാക്കിത്തരൂ.'
ഞാൻ ആഹാരമൊന്നും ഉണ്ടാക്കിയിരുന്നില്ല. ഞാൻ പറഞ്ഞു: ‘മോനേ, എല്ലാവരും ദുഃഖിക്കുകയാണ്. നമ്മുടെ കൂടി അമ്മയായിരുന്നില്ലേ അവർ. നമ്മളെ ഇവിടെ സ്ഥിരമാക്കാൻ അവർ സഹായിച്ചതാണ്. ഇന്നെനിക്ക് തീ പൂട്ടാൻ തോന്നുന്നില്ല’. കുറച്ചു കഴിഞ്ഞപ്പോഴേക്കും ആക്രമണം തുടങ്ങി. പുറത്തേയ്ക്കോടിയ മൂന്നുപേരെ തീവച്ചു. എന്റെ ഏറ്റവും ഇളയവൻ എന്റെ കൂടെത്തന്നെ ഇരുന്നു. അവൻ താടി വടിച്ചു. മുടിയും വെട്ടി. പക്ഷേ, അവർ വീട്ടിലെത്തി, പതിനാലും പതിനാറും വയസ്സുള്ള ആൺകുട്ടികൾ. എന്റെ പിറകിലൊളിച്ച എന്റെ മോനെ അവർ വലിച്ചിഴയ്ക്കാൻ തുടങ്ങി. അവർ എന്റെ മോന്റെ മുന്നിൽവച്ച് എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, നഗ്നയാക്കി. അവൻ അലറിക്കരഞ്ഞു. ‘ചേട്ടന്മാരെ ഇതു ചെയ്യരുത്. എന്റെ അമ്മ നിങ്ങളുടെയും അമ്മയെപ്പോലെയാണ്’, പക്ഷേ, അവരവിടെ, എന്റെ വീട്ടിൽ, എന്റെ മോന്റെ മുന്നിൽ വച്ച് എന്നെ ബലാത്സംഗം ചെയ്തു. അവർ ചെറുപ്പക്കാരായ ആൺകുട്ടികളായിരുന്നു. എട്ടോളംപേർ. അവരിലൊരുത്തൻ ബലാത്സംഗം ചെയ്തപ്പോൾ ഞാൻ പറഞ്ഞു, ‘എന്റെ മോനേ, കാര്യമാക്കണ്ട. നിനക്കിഷ്ടമുള്ളത് ചെയ്യ്. എന്നാൽ ഓർക്കണം, ഞാൻ ഈ മക്കളെ പ്രസവിച്ചതാണ്. ഈ കുട്ടി, ഈ ലോകത്തുവന്നത് ഇതേ വഴിയിലൂടെയാണ്’.
‘എന്റെ മാനമെടുത്തിട്ട് അവർ പോയി. ഞാനെന്റെ മോനെയും കൂട്ടി സ്ത്രീകളുടെ ഇടയിലിരുന്നു. പക്ഷേ, അവർ വീണ്ടും വന്ന് അവനെ വലിച്ചിഴച്ചു കൊണ്ടുപോയി. അവരവനെ തെരുവിന്റെ ഒരു മൂലയ്ക്ക് കൊണ്ടുപോയി, വടികൾ കൊണ്ട് തല്ലി, മണ്ണെണ്ണയൊഴിച്ച് ജീവനോടെ കത്തിച്ചു. ഞാനവനെ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ, അവരെന്നെ കത്തികൊണ്ട് കുത്തി, എന്റെ കൈയൊടിച്ചു. അപ്പോൾ എന്റെ ദേഹത്ത് വസ്ത്രങ്ങളേയില്ലായിരുന്നു. എന്റെ മേൽ ഒരു തുണിക്കഷ്ണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഞാൻ പുറത്തേയ്ക്കുപോയി, എന്റെ മോന്റെ ദേഹത്തുചാടി അവനെ രക്ഷിക്കാൻ ശ്രമിച്ചേനെ. എന്റെ കുടുംബത്തിലെ ആണുങ്ങളിൽ ഒരാളെയെങ്കിലും രക്ഷിക്കാൻ ഞാൻ എന്തെങ്കിലും ചെയ്തേനെ. നാലിൽ ഒരാൾ പോലും രക്ഷപ്പെട്ടില്ല’’.
ലോകത്തിന്റെ
വംശഹത്യാ കാലപാഠങ്ങൾ
വംശഹത്യയുടെ കഠിനപാപങ്ങളൊഴുക്കിക്കളയാവുന്ന ഒരു ഗംഗയും ഈ നാട്ടിലൊഴുകുന്നില്ല. നീതിയുടെ പേമാരിയിലല്ലാതെ അതിന്റെ രക്തക്കറകൾ ഭൂമിയുടെ ശരീരത്തിൽനിന്നും മാഞ്ഞുപോവുകയുമില്ല. നാഗരികതകളുടെ ഓർമ്മകളിലെമ്പാടും വംശഹത്യകളുടെ ചോരക്കറകളുണ്ട്. അതിന്റെ തനിയാവർത്തനങ്ങളിലൂടെ ഒരു ജീവിസമൂഹം എന്ന നിലയിൽ മനുഷ്യർ അവനവനെത്തന്നെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.
വംശഹത്യയുടെ നടത്തിപ്പുകാർ വിജയികളും അധികാരികളുമാകുന്നതോടെ ചരിത്രം അവിടെ ഓർമ്മയുടെ നിഴലില്ലാ പ്രദേശങ്ങളാകുന്നു. യൂറോപ്യൻ അധിനിവേശക്കാർ തദ്ദേശീയ സമൂഹങ്ങൾക്ക് മുകളിൽ നടത്തിയ അമേരിക്കയിലെ വംശഹത്യ ഒരു പുതിയ ലോകവ്യവസ്ഥയുടെ ചൂഷണക്രമത്തിന്റെ വിജയകരമായ നടത്തിപ്പായി മാറി. ഓട്ടോമൻ സാമ്രാജ്യം നടത്തിയ അർമീനിയൻ വംശഹത്യ ഇപ്പോഴും തുർക്കിയുടെ ദേശീയബോധത്തിലുണ്ട്.
ഒരു സമഗ്രാധിപത്യ രാഷ്ട്രീയാധികാര പ്രക്രിയക്ക് എത്ര ഭീകരമായ രൂപമാർജ്ജിക്കാൻ കഴിയുമെന്ന് കാണിച്ചുതന്ന ഫാഷിസ്റ്റ് കാലത്തിന്റെ നാസി ഭരണകൂട വംശഹത്യകൾ അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പിൻപറ്റി ഇപ്പോഴും വലതുപക്ഷ തീവ്രരാഷ്ട്രീയ കക്ഷികളുടെ രൂപത്തിൽ ഇപ്പോഴും അതിന്റെ നാനാവിധ സാധ്യതകൾകാട്ടി മാനവികതയുടെ ഓരോ ചെറുകോശത്തെയും ഭയപ്പെടുത്തുന്നുണ്ട്.
ജർമ്മനിയിലെ നാസി ഭരണകൂടം കൊന്നൊടുക്കിയ ദശലക്ഷക്കണക്കിന് മനുഷ്യരുടെ കൂട്ടക്കൊലകൾ മനുഷ്യരുടെ മരണത്തിലൂടെ മാത്രമല്ല അതിന്റെ യന്ത്രസമാനമായ സൂക്ഷ്മസംവിധാനത്തിലൂടെയും അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിത്തറയുടേയും പേരിൽക്കൂടിയുമാണ് നമ്മളെ ഇപ്പോഴും ഭയപ്പെടുത്തുന്നത്.
ജൂതന്മാരെ മാത്രമല്ല സ്വവര്ഗാനുരാഗികളെയും ജിപ്സികളെയും അംഗപരിമിതികളുള്ളവരെയുമെല്ലാം ഉന്മൂലനം ചെയ്യുന്നൊരു ഭരണകൂടത്തിന്റെ വിജയകരമായ നിലനിൽപ്പ് 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടടുക്കുമ്പോൾ ലോകത്ത് സാധ്യമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മനുഷ്യരാശി ഗാസ് ചേമ്പറുകളുടെയും തടങ്കൽപ്പാളയങ്ങളുടെയും വിറങ്ങലിക്കുന്ന ഓർമ്മകളെ ഓർമ്മകൾ മാത്രമായി അവശേഷിപ്പിക്കാൻ തയ്യാറായില്ല. ലക്ഷക്കണക്കിന് മനുഷ്യർ വംശീയ ഉന്മൂലനത്തിന് വിധേയരായ വംശഹത്യകൾ പിന്നെയുമുണ്ടായി.
സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ തകർച്ചക്കൊപ്പം ശിഥിലീകരിക്കപ്പെട്ട യൂഗോസ്ളാവിയയിലെ വിഘടിത റിപ്പബ്ലിക്കുകളും പ്രദേശങ്ങളും തമ്മിലുണ്ടായ അതിഭീകരമായ ഏറ്റുമുട്ടലിൽ വംശഹത്യയുടെ പുതിയ അദ്ധ്യായം യൂറോപ്പ് കുറിച്ചിട്ടു. സ്ലോബോഡൻ മിലോസെവിച്ചിന്റെ നേതൃത്വത്തിൽ ബോസ്നിയയിലെ മുസ്ലീങ്ങൾക്കെതിരെ സെർബുകൾ നടത്തിയ വേട്ടയിൽ രണ്ടു ലക്ഷത്തിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. ബലാത്സംഗം വംശീയാടിച്ചമർത്തലിനുള്ള ആയുധമായി ഉപയോഗിക്കുന്ന ആസൂത്രിത നൃശംസതയും ബോസ്നിയയിൽ നടന്നു. റുവാൻഡയിൽ ഏതാണ്ട് എട്ട് ലക്ഷം മനുഷ്യരാണ് 1994 ഏപ്രിലിൽ നടന്ന വംശഹത്യയിൽ കൊല്ലപ്പെട്ടത്. അതിലേറെയും ടുടു വംശജരായിരുന്നു.
വംശഹത്യയുടെ ആധുനിക ഭാഷ്യങ്ങളിലേക്ക് ഇന്ത്യയും കൂട്ടുചേർന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനത്തെത്തുടർന്ന് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മനുഷ്യരുടെ പലായനത്തിനിടയിൽ ദശലക്ഷക്കണക്കിന് മനുഷ്യരാണ് അവരുടെ മതസ്വത്വത്തിന്റെ പേരിൽ മാത്രം കൊല്ലപ്പെട്ടത്. ഹിന്ദുക്കൾ മുസ്ലീങ്ങളേയും മുസ്ലീങ്ങൾ ഹിന്ദുക്കളെയും അതിർത്തികളിലെ ഇരുരാജ്യങ്ങളിലെയും പലായനപ്രദേശങ്ങളിലും കൊന്നൊടുക്കി. അതിന്റെ ഓർമ്മകളൊക്കെ ഇന്ത്യയിൽ മറ്റ് നിരവധി കാലശാപങ്ങളെപ്പോലെ ഇടയ്ക്കിടെ മുളച്ചുപൊന്തിക്കിടക്കുന്നു.
വംശഹത്യയുടെ ആസൂത്രിത സ്വഭാവങ്ങളുള്ള രണ്ടു കലാപങ്ങളാണ് പിന്നീട് ഇന്ത്യയിലുണ്ടായത്. അതിലൊന്ന്, 1984-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ടതിനുശേഷം സിഖ് വംശജർക്ക് നേരെ പ്രധാനമായും ഡൽഹിയിൽ നടന്നതായിരുന്നു. പഞ്ചാബ് പ്രശ്നത്തിൽ ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള ഖാലിസ്ഥാൻ സായുധ സംഘത്തിനെതിരെ ഇന്ത്യൻ സൈന്യം അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിലേക്ക് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരായ ബിയാന്ത് സിങ്, സത്വന്ത് സിങ് എന്നീ രണ്ടു സിഖുകാർ അവരെ വെടിവെച്ചുകൊന്നതിനെത്തുടർന്നാണ് ആയിരക്കണക്കിന് സിഖുകാരെ കൊന്നൊടുക്കിയ സിഖ് വിരുദ്ധ വംശഹത്യ നടന്നത്. കോൺഗ്രസ് പാർട്ടിയുടെയും ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് പ്രധാനമന്ത്രിയായി അധികാരമേറ്റ അവരുടെ മകൻ കൂടിയായ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെയും സജീവമായ പങ്കാളിത്തവും ഒത്താശയുമാണ് ആ വംശഹത്യക്കുണ്ടായത്. ‘വന്മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങുക സാധാരണമാണെന്ന’ തന്റെ കുപ്രസിദ്ധമായ പ്രസ്താവനയോടെ ആ വംശഹത്യയുടെ പ്രതികളിൽ മുമ്പനായി രാജീവ് ഗാന്ധി തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തു.
ഭരണകൂടം വംശഹത്യക്ക് ഒത്താശ ചെയ്യുന്നതായിരുന്നു സിഖ് വിരുദ്ധ കലാപത്തിൽ കണ്ടത്. എന്നാൽ അതെത്ര ഭീകരമായ രാഷ്ട്രീയമാനങ്ങളുള്ള ഒന്നായി മാറാം എന്നത് 2002-ൽ ഗുജറാത്തിൽ മുസ്ലീങ്ങൾക്കെതിരെ നടന്ന വംശഹത്യയിൽ നമ്മൾ കണ്ടു. നാസികൾ ജൂതരെ എങ്ങനെയാണോ ശത്രുക്കളായി ചിത്രീകരിച്ചത് സമാനമായ വെറുപ്പിന്റെയും ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെയും അടിത്തറയിൽ മുസ്ലീമെന്ന ശത്രുനിർമ്മിതിയുടെ ആഖ്യാനമുപയോഗിച്ചുകൊണ്ട് സംഘപരിവാർ നടത്തിയ ഗുജറാത്ത് കലാപം ഇന്ത്യയെ മറ്റൊരു കാലത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് കുലുക്കിയുണർത്തി. ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രി. ഗുജറാത്തിലെ സംസ്ഥാന സർക്കാർ സംഘപരിവാറിന്റെ കൊലപാതക സംഘങ്ങൾക്കും മുസ്ലീങ്ങളെ കൊല്ലാനിളക്കിവിട്ട സായുധരായ ആൾക്കൂട്ടങ്ങൾക്കും സകല പിന്തുണയും കൊടുത്തു. ബലാത്സംഗം ഒരു വംശഹത്യായുധമായി ഗുജറാത്തിൽ ഹിന്ദുത്വ അക്രമികൾ ഉപയോഗിച്ചു. ബിൽക്കിസ് ബാനുവിന്റേതടക്കമുള്ള നിരവധി സംഭവങ്ങളിൽ ബലാത്സംഗവും കൊലയും ഒരു വംശീയാക്രമണായുധമായി. പാർലമെന്റ് അംഗമായിരുന്ന ഇഹ്‌സാൻ ജാഫ്രിയടങ്ങുന്ന ആളുകളെ ചുട്ടുകൊന്ന ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല വംശഹത്യകളുടെ ഇന്ത്യൻ പതിപ്പിൽ തീയാളിക്കിടക്കുന്നു. വംശഹത്യയുടെ പേരിൽ അന്താരാഷ്‌ട്ര നിയമങ്ങളനുസരിച്ച് ശിക്ഷിക്കപ്പെടേണ്ട നരേന്ദ്ര മോദി ഇന്നിപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാണ്. ഗുജറാത്ത് വംശഹത്യ സാധ്യമാക്കിയ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇന്ത്യയുടെ രാഷ്ട്രീയാധികാരം കയ്യാളുകയാണ്. അടുത്ത കൂട്ടക്കൊലയിൽ പേരുമാറി, നിറം മാറി, സ്ഥലം മാറി കഴുത്തിൽ ടയറിട്ട് കത്തിച്ചോ, ചുട്ടെരിച്ചോ, വെട്ടിക്കീറിയോ, ബലാത്സംഗം ചെയ്യപ്പെട്ടോ നീതി അലറിപ്പാഞ്ഞോടുന്നത് നാമിനിയും കാണും.
▮
ഗുർദീപ് കൗറിൻ്റേത്
ഒറ്റപ്പെട്ട കഥയായിരുന്നില്ല
വംശോച്ചാടനത്തിന്റെ ഹോമകുണ്ഡത്തിൽ ഡൽഹിയിൽ മാത്രം 3700-ലേറെ സിഖുകാർ മൂന്നുനാളുകളിൽ (1984 നവംബർ 1, 2, 3) എരിഞ്ഞുതീർന്നു. വിദേശസന്ദർശനം വെട്ടിച്ചുരുക്കി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക്, ഇന്ദിരാഗാന്ധിയെ കാണാനെത്തിയ അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽസിങ് പോലും വെറുമൊരു സർദാർജിയായി മാറി ആക്രമിക്കപ്പെട്ടു. ഒക്ടോബർ 31-ന് വൈകിട്ടോടെ ഡൽഹിയുടെ വിവിധ പ്രദേശങ്ങളിൽ തൊട്ടടുത്ത ദിവസങ്ങളിൽ അരങ്ങേറാനുള്ള മനുഷ്യക്കുരുതിയുടെ രേഖാചിത്രം കോൺഗ്രസ് നേതാക്കന്മാർ തയ്യാറാക്കിയിരുന്നു. എച്ച്.കെ.എൽ. ഭഗത്തും സജ്ജൻ കുമാറും ജഗദീഷ് ടൈറ്റ്ലറും ധരംദാസ് ശാസ്ത്രിയും അർജുൻസിങ്ങുമെല്ലാം നരഹത്യയുടെ നടത്തിപ്പുകാരായി.
സിഖുകാർ ധാരാളമായി താമസിക്കുന്ന മംഗോൾപുരി ത്രിലോക്‌പുരി കല്യാൺപുരി, പാലം കോളനി ജനക് പുരി, തിലക് നഗർ എന്നിവയടക്കമുള്ള നിരവധി പ്രദേശങ്ങൾ ആക്രമിക്കപ്പെട്ടു. ‘‘കൊല്ലുക. കൊള്ളയടിക്കുക" എന്നതു തന്നെയായിരുന്നു അക്രമികളായ ആൾക്കൂട്ടത്തിന്റെ ലക്ഷ്യവും പരിപാടിയും. അക്രമിസംഘങ്ങളെ കോൺഗ്രസിന്റെ നേതാക്കൾ പലയിടത്തായി സംഘടിപ്പിച്ചു. സിഖുകാരായ മനുഷ്യർ പൊടുന്നനെ ജീവൻ നഷ്ടപ്പെടുന്ന അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയപ്പെട്ടു. ആർക്കും രക്ഷയുണ്ടായിരുന്നില്ല.അന്നുവരെയുള്ള ഒരു മഹത്വവും വലിപ്പവും ഇന്ത്യയുടെ തലസ്ഥാനത്ത് താടിയും തലപ്പാവും വെച്ച മനുഷ്യരെ സംരക്ഷിക്കാൻ പാകമായിരുന്നില്ല. എഴുത്തുകാരൻ ഖുശ്വന്ത് സിങ് സ്വീഡിഷ് ഡൽഹിയിലെ നയതന്ത്ര കാര്യാലയത്തിലായിരുന്നു അഭയം തേടിയത്.
അഭയം കൊടുക്കാൻ വിദേശ നയതന്ത്രകാര്യാലയങ്ങളുടെ കൂറ്റൻ വാതിലുകൾ തുറന്നുകിട്ടാത്ത ആയിരക്കണക്കിന് ശിഖന്മാർ ഇടുങ്ങിയ തെരുവുകളുള്ള ഡൽഹിയിലെ കോളനികളിൽ കഴുത്തിൽ കത്തിച്ച ടയറുമായി ഓടുന്ന ചിതകളായി. ത്രിലോക്‌പുരിയിലെ 32-ാം ബ്ളോക്കിൽ നാനൂറിലേറെ സിക്കുകാർ കത്തിക്കരിഞ്ഞു കിടന്നപ്പോൾ ഒരു മുതിർന്ന പൊലീസുദ്യോഗസ്ഥനായ ഹുക്കും ചന്ദ് ജാദവ് സന്ദേശമയച്ചത് ഇങ്ങനെയാണ്: "കിഴക്കൻ ഡൽഹിയിലാകെ 'ശാന്തി'യാണ്. പ്രത്യേകിച്ചും ത്രിലോക്‌പു രിയിൽ."
മരണം എല്ലാം ശാന്തമാക്കുകയായിരുന്നു. ഒടുവിൽ മനുഷ്യസ്നേഹി കളായ ചില പത്രപ്രവർത്തകരുടെ അത്യദ്ധ്വാനത്തിന്റെ ഫലമായി അന്നുരാത്രി സത്യം വെളിപ്പെട്ടപ്പോൾ, സൂർവീർസിങ് ത്യാഗി എന്ന സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്ത് ജാദവ് തടിയൂരി. ത്യാഗി കൊലപാതകങ്ങൾക്ക് ചൂട്ടുപിടിക്കുകയായിരുന്നു എന്നത് മറ്റൊരു കാര്യം. ഭരണകൂടം വംശഹത്യക്ക് ഒത്താശ ചെയ്യുന്നതിന്റെ ഹീനമായ രൂപമായിരുന്നു ഡൽഹിയിൽ നടന്നത്.
കല്യാൺപുരി പൊലീസ് സ്‌റ്റേഷനി ലെ എഫ്.ഐ.ആർ നമ്പർ 424/84 വിചിത്രമായൊരു കേസാണ്. 1984 നവംബർ ഒന്നിന് കലാപവും ലഹളയും നടത്തിയതിന് 25 സിക്കുകാരെ പൊലീസ് അറസ്റ്റു ചെയ്തു. സിഖുകാരായ മനുഷ്യർ ഡൽഹിയിൽ നിന്ന് കത്തുകയും തെരുവുകളിൽ വെട്ടിപ്പിളർന്നു കൊല്ലപ്പെട്ടുകിടക്കുകയും ചെയ്യുമ്പോഴായിരുന്നു അതെന്നോർക്കണം. കിഴക്കൻ ഡൽഹിയിലെ കല്യാൺപുരി പൊലീസ് സ്റ്റേഷൻ സിഖ് വിരുദ്ധ കൂട്ടക്കൊലയിലെ എല്ലാ സ്വഭാവവിശേഷങ്ങളുടെയും അടയാളമായി മാറുകയായിരുന്നു. 1984 നവംബർ ആദ്യവാരം 3000-ലേറെ സിക്കുകാർ ഡൽഹിയിൽ കൊല്ലപ്പെട്ടതിൽ 1234-ഉം കിഴക്കൻ ഡൽഹിയിലായിരുന്നു. ഇതിൽ പകുതിയിലേറെയും പേർ കൊല്ലപ്പെട്ടതും നവംബർ ഒന്നിനാണ്. എന്നിട്ടും അന്ന് കിഴക്കൻ ഡൽഹിയിൽ പൊലീസ് അറസ്റ്റ് ചെയ്തത് 26 പേരെയാണ്. അവരെല്ലാവരും സിഖുകാരും, ഇത് യാദൃച്ഛികമായിരുന്നില്ല.
കൊലപാതക, അക്രമി സംഘങ്ങളെ നാമമാത്രമായെങ്കിലും ചെറുക്കാൻ ശ്രമിച്ച സിഖുകാരെയെല്ലാം പൊലീസ് നിരായുധരാക്കി. തീവണ്ടിയിൽ യാത്ര ചെയ്തിരുന്ന സിഖുകാരുടെ പേരുവിവരമടങ്ങുന്ന പട്ടിക കൈവശമുണ്ടായിരുന്ന അക്രമികൾ ആസൂത്രിതമായിട്ടായിരുന്നു ആക്രമണം നടത്തിയത്. ഭരണകൂടത്തിന്റെ സമ്പൂർണ്ണമായ ഒത്താശയോടെ ഒരു വംശഹത്യ അരങ്ങേറുകയായിരുന്നു.
“1903-ൽ മൊഹിന്ദർ കൗറിനെ കല്യാണം കഴിക്കുമ്പോൾ ഗുർമേജ് സിങ്ങിന് മുംബൈയിലായിരുന്നു ജോലി. പഞ്ചാബിലെ ഖദർ സാഹിബ് ഗ്രാമത്തിൽ തന്റെ ഭർത്താവിന്റെ വീട്ടുകാർക്കൊപ്പമായിരുന്നു മൊഹിന്ദർ ആദ്യം താമസിച്ചത്. 1984 നവംബറിൽ ആദ്യമായി മൊഹീന്ദറിനെയും കൂട്ടി ഗുർമേജ് മുംബൈയിലേക്ക് യാത്ര തിരിക്കുമ്പോൾ അവരുടെ രണ്ടുമാസം പ്രായമുള്ള ഒരു പെൺകുഞ്ഞുമുണ്ടായിരുന്നു കൂടെ. മുംബൈയിലേക്ക് അവർ യാത്രചെയ്തിരുന്ന തീവണ്ടി കിഴക്കൻ ഡൽഹിയിലെ ഷാഹദ തീവണ്ടി സ്‌റ്റേഷനിലെത്തിയത്, കൂട്ടക്കൊലയുടെ ആദ്യനാളിലായിരുന്നു. 1984 നവംബർ ഒന്ന്, മൊഹീന്ദറും ഗുർമേജ് കുഞ്ഞുമടക്കം നിരവധിപേർ യാത്രക്കാരായുള്ള തീവണ്ടിയിലേക്ക് സിഖുകാരെത്തേടി അക്രമികളുടെ സംഘം ഇരച്ചുകയറി. രക്ഷപ്പെടാൻ ഗുർമേജിന് ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. ഗുർമേജിനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിട്ട് ക്രൂരമായി മർദ്ദിച്ചു. മരിച്ചെന്നു കരുതി ഗുർമേജിനെ ഉപേക്ഷിച്ച് സിഖുകാരായ മറ്റു യാത്രക്കാരെത്തേടി സംഘം പോയി.
അല്പസമയത്തിനുള്ളിൽ മറ്റൊരു സംഘം അക്രമികൾ സ്ഥലത്തെത്തി. കലാപദിനങ്ങളിൽ ഡൽഹിയിലെ മറ്റെല്ലായിടത്തും പോലെ ഇവിടെയും വിവിധ സംഘങ്ങൾ തമ്മിൽ കൃത്യമായ തൊഴിൽ വിഭജനമുണ്ടായിരുന്നു. ഒരു കൂട്ടർ കൊലപാതകം നടത്തിയിരുന്നെങ്കിൽ അടുത്ത കൂട്ടർ തെളിവുകൾ ചുട്ടെരിക്കുകയായിരുന്നു. തീവണ്ടിയ്ക്കുള്ളിൽ ഇരിപ്പിടത്തിനടിയിൽ കിടത്തിയിരുന്ന ഗുർമേജിനെ സംഘം പുറത്തേയ്ക്കു വലിച്ചിട്ടു. വണ്ടിയിലെ സിഖ് യാത്രക്കാർ എവിടെയെന്ന് അവർക്കറിയാമായിരുന്നു’’.
ഗുർമേജ് സിങ് പ്ലാറ്റ്ഫോമിൽ ജീവനോടെ ചുട്ടെരിക്കപ്പെടുമ്പോൾ മൊഹിന്ദർ കൗറിനു ചുറ്റും കരിമ്പൂച്ചകളും 'അമർ രഹോ' വിളികളുമില്ലായിരുന്നു. അന്ന് തീവണ്ടിയിലെ ഒരു കുടുംബത്തോടൊപ്പം മുംബയിലേക്ക് രക്ഷപ്പട്ടോടിയ മൊഹീന്ദർ കൗർ രണ്ടുമാസങ്ങൾക്കുശേഷം പഞ്ചാബിൽ തിരിച്ചെത്തി. അവരുടെ കൈയിലിരുന്ന് അച്ഛന്റെ പച്ചമാംസം കത്തുന്ന പുക കണ്ണിലെരി ഞ്ഞിറങ്ങിയപ്പോൾ വാവിട്ടുകരഞ്ഞ കുൻബീർ കൗദ് എന്ന രണ്ടുമാസം പ്രായമുണ്ടായിരുന്ന പെൺകുട്ടി കലാപത്തിന്റെ ശൈശവഓർമ്മകൾ മറക്കാൻ കഴിയാതെ മുതിർന്ന നൂറുകണക്കിന് മനുഷ്യരിലൊരാളാണ്.
‘‘ഇന്ദിരാജിയുടെ മരണത്തെത്തുടർന്ന് രാജ്യത്ത് ചില ലഹളകൾ നടന്നു. നമുക്കറിയാം, ജനങ്ങൾ വളരെ ക്ഷുഭിതരായിരുന്നെന്നും കുറച്ചു ദിവസങ്ങളിൽ ഇന്ത്യ പിടിച്ചുകുലുക്കപ്പെട്ടതുപോലെയായിരുന്നെന്നും. പക്ഷേ, ഒരു വന്മരം വീഴുമ്പോൾ അതിനു ചുറ്റുമുള്ള ഭൂമി കുറച്ചൊന്നു കുലുങ്ങുന്നത് സ്വാഭാവികം മാത്രമാണ്’’.
1984 നവംബർ 19-ന് ഡൽഹിയിലെ ബോട്ട് ക്ലബ് മൈതാനത്ത് കോൺഗ്രസുകാരോട് ഈ ഹൃദയശൂന്യമായ ഉപമ പറയുമ്പോൾ മൊഹിന്ദർ കൗർ എവിടെയെന്ന് രാജീവ് ഗാന്ധി അന്വേഷിച്ചിരുന്നില്ല. പദ്മി കൗർ എന്നൊരു സ്ത്രീയെ ക്കുറിച്ച് യാതൊരുവിധത്തിലും കേട്ടിരിക്കാനും വഴിയില്ല. പക്ഷേ, വൻമരം വീണപ്പോൾ കുലുങ്ങിയ ഭൂമിയിൽ തകർന്നുവീണ മനുഷ്യരിൽ പദ്മി കൗറുമുണ്ടായിരുന്നു.
"1984 നവംബർ ഒന്നിന് ഞങ്ങൾ വീട്ടിലിരിക്കുകയായിരുന്നു. എന്റെ മകൾ മെയ്‌ന കൗറിന്റെ കല്യാണമായിരുന്നതിനാൽ ഞങ്ങളുടെ ബന്ധുക്കളും വന്നി രുന്നു. ഞങ്ങൾ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ, സർദാർമാരെല്ലാം വീടിനു ള്ളിൽത്തന്നെ ഇരിക്കണമെന്നും ഒന്നും സംഭവിക്കില്ലെന്നും പൊലീസിന്റെ അറിയിപ്പു വന്നു. ഞങ്ങളാകെ ഭയപ്പെട്ടു. അല്പനേരത്തിനുശേഷം വാതിൽ തല്ലി പ്പൊളിച്ച് ഒരാൾക്കൂട്ടം അകത്തുവന്നു. അവരെന്റെ മോളെ ബലമായി പിടിച്ച് വസ്ത്രങ്ങൾ വലിച്ചുകീറാൻ തുടങ്ങി സ്വയരക്ഷയ്ക്ക് അവളും ശ്രമിച്ചു. അവരവളെ ആക്രമിച്ച് അപമാനിക്കാൻ ശ്രമിച്ചു. അവളെ വെറുതെ വിടാൻ എന്റെ ഭർത്താവ് അവരോട് യാപിച്ചു. ‘ഒരു സിഖു മോനെയും വെറുതെ വിടില്ല’, അദ്ദേഹത്തെ കൊല്ലും എന്നാണവർ പറഞ്ഞത്. അവരെന്റെ മോളുടെ കൈയുംകാലും ഒടിച്ച് തട്ടിക്കൊണ്ടുപോയി അവരവളെ മൂന്നു ദിവസം അവരുടെ വീട്ടിൽ തടവിലിട്ടു. ഇപ്പോഴെന്റെ മെയ്ന കൗർ ഒരു രോഗിയായിരിക്കുന്നു. അവളൊരു ഭ്രാന്തിപ്പെൺകുട്ടിയെപ്പോലെയാണ്.”
"ആൾക്കൂട്ടം എന്റെ ഭർത്താവ് ചരൺസിങ്, മകൻ അശോക് സിങ്. അയൽക്കാരൻ ബലീന്ദർ സിങ്. സഹോദരന്മാരായ ഇന്ദർ സിങ് . ദിലീപ് സിങ്. മരുമകൻ ഭജൻസിങ്. അളിയന്മാരായ പ്രേം സിങ്, ധരം സിങ്, ധരംസിങ്ങിന്റെ മകൻ അനിൽ സിങ് എന്നിവരെ ആക്രമിച്ചു. മണ്ണെണ്ണയൊഴിച്ചു കത്തിച്ചു. ഒരാൾപോലും രക്ഷപ്പെട്ടില്ല. അവിടെവച്ചു തന്നെ മരിച്ചു. അന്നു രാത്രി ടെമ്പോയുമായി വന്ന ഓമി (ഒരു അക്രമി) മൃതദേഹങ്ങളെല്ലാം എടുത്തുകൊണ്ടുപോയി".
അക്രമികളെയെല്ലാം പദ്മി കൗറിന്അറിയാമായിരുന്നു. അതിലൊന്ന് മണ്ണെണ്ണ വ്യാപാരിയും കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരന്മാരിലൊരാളായ സജ്ജൻകുമാറിന്റെ അടുത്തയാളമായ ബ്രഹ്മാനന്ദ് ഗുപ്തയായിരുന്നു. മറ്റു നൂറു കണക്കിനു കേസുകൾപോലെ പദ്മി കൗറിന്റെ സത്യവാങ്‌മൂലത്തിലെ സത്യങ്ങളും കോലംകെട്ടു. ബ്രഹ്‌മാനന്ദ് ഗുപ്തയ്ക്കും സജ്ജൻ കുമാറിനും ഒന്നും സംഭവിച്ചില്ല. സർക്കാരും നീതി ന്യായവ്യവസ്ഥയിലെ ഒരു വിഭാഗവും കു റ്റക്കാരെ നിർലജ്ജം സംരക്ഷിച്ചു. അമ്മയുടെ മരണത്തിന് ആയിരക്കണക്കിന് മനുഷ്യരുടെ ചുട്ടെരിച്ച ശരീരം കൊണ്ട് പകരംവീട്ടിത്തന്ന വിനീത വിധേയരായ നരാധമന്മാർക്ക് പാരിതോഷികങ്ങൾ നൽകാൻ രാജീവ്ഗാന്ധി പിശുക്കു കാണിച്ചില്ല. രാജീവ് മന്ത്രിസഭയിൽ എച്ച്.കെ.എൽ ഭഗത് കാബിനറ്റ് പദവിയുള്ള മന്ത്രിയായി, ജഗദീഷ് ടൈറ്റ്ലർ സഹമന്ത്രിയായി
സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ന്യായാധിപനായ രംഗനാഥമിശ്ര കമീഷനായി നിയോഗിക്കപ്പെട്ടു. രംഗനാഥ് മിശ്ര കമ്മീഷൻ സർക്കാരിന് വേണ്ടപോലെയൊരു റിപ്പോർട്ടെഴുതിയുണ്ടാക്കി. കലാപത്തിന്റെ നടത്തിപ്പുകാരായ കോൺഗ്രസ് നേതാക്കളടക്കമുള്ളവരെ രക്ഷിക്കുന്ന തരത്തിലൊരു റിപ്പോർട്ട് പുറത്തുവന്നു. . കോൺഗ്രസ് നേതൃത്വം നന്ദി കാണിക്കാൻ മടിച്ചില്ല. മിശ്ര സുപ്രിംകോടതി ചിഫ് ജസ്റ്റിസായി, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനായി. പിന്നെ കോൺഗ്രസ്സിന്റെ രാജ്യസഭാംഗമായി ചക്രം പൂർത്തിയാക്കി. എന്നാൽ കിഴക്കൻ ഡൽഹിയിലെ നന്ദ് നഗ്‌രിയിൽ താമസിച്ചിരുന്ന നാലുപെൺകുട്ടികളുടെ ജീവിതങ്ങൾ സഫ്‌ദർജങ്ങിലെ ഒരു പുൽത്തകിടിയിൽ വീണ രക്തത്തുള്ളികളുടെ പേരിൽ ശൂന്യതയിലേക്ക് ഒലിച്ചുപോയിരുന്നത് രംഗനാഥമിശ്ര കണ്ടതേയില്ല. രാജസ്ഥാനിലെ അൽവാറിൽനിന്നും നന്ദ് നഗരിയിൽ താമസിച്ചിരുന്ന തന്റെ മകളെയും പേരക്കുട്ടികളെയും തേടിവന്ന ലക്ഷ്മൺസിങ്ങെന്ന വൃദ്ധനെ കാത്തി രുന്നത് ഒട്ടും നല്ല വാർത്തകളായിരുന്നില്ല. മറ്റനേകം സിഖ് കുടുംബങ്ങളെപ്പോലെ എവിടെയെന്നോ എന്തെന്നോ ആർക്കുമറിയുമായിരുന്നില്ല. ഒടുവിൽ ഏറെ നാളത്തെ അലച്ചിലിനുശേഷം പതിമൂന്നുകാരി സത്‌പാലും മൂന്ന് ഇളയ പെൺ കുട്ടികളുമൊഴികെ, മകളടക്കം കുടുംബത്തിലെ മറ്റെല്ലാവരും കൊല്ലപ്പെട്ടെന്ന് ലക്ഷ്‌മൺ സിങ്ങറിഞ്ഞു. സത്പാലും സഹോദരിമാരും നാരിനികേതനിലെ ഇരുട്ടിനുള്ളിൽ ശൂന്യമായ കണ്ണുകളോടെ ആരെയും പ്രതീക്ഷിക്കാതെ ഇരിക്കുകയായിരുന്നു. പതിറ്റാണ്ടുകൾക്കിപ്പുറം ലക്ഷ്‌മൺസിങ്ങിന്റെ പേരക്കുട്ടികൾക്ക്
എന്താണ് പ്രസക്തി?' പറിച്ചെറിഞ്ഞിട്ടും വിട്ടുപോകാത്ത ജീവിതത്തിന്റെയും പ്ര തീക്ഷയുടെയും വേരുകൾ ഇലകളും തളിരുകളും ഓർമ്മയുടെ പൂക്കളുമായി അവരെ വളർത്തുക തന്നെ ചെയ്തു. നീതിയുടെ മരത്തിൽ മാത്രം വസന്തം തൊട്ടുനോക്കിയില്ല.
സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്റെ നിർദ്ദേശങ്ങളിന്മേലുള്ള നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് സഭയുടെ മേശ പ്പുറത്തുവച്ച് രാജ്യത്തിനു മുന്നിൽ കോൺഗ്രസ് നിർലജ്ജം നിന്നപ്പോൾ തലകുനിച്ചെഴുന്നേറ്റ് മാപ്പുപറയാൻ പ്രധാനമന്ത്രിയായിരുന്ന മൻ മോഹൻസിങ്ങിനെ പ്രേരിപ്പിച്ചത്, കൊന്നിട്ടും ചുട്ടെരിച്ചിട്ടും പിന്നെയും തളിർത്ത ഈ ജീവിതങ്ങളായിരിക്കാം. മിശ്ര മുതൽ നാനാവതി വരെ നിരവധി പേർ അന്വേഷിച്ച് കോൺഗ്രസ് നേതൃത്വത്തെ കുറ്റവിമുക്തരാക്കുന്ന പ്രഹസനം തുടർന്നുകൊണ്ടേയിരുന്നു. സിഖ് കൂട്ടക്കൊലയെ സഹായിച്ച പൊലീസുദ്യോഗസ്ഥന്മാർ വിശിഷ്ടസേവാ പുരസ്ക്‌കാരങ്ങൾ നൽകി ആദരിക്കപ്പെട്ടു. തലസ്ഥാനനഗരിക്കുള്ളിൽ മനുഷ്യമാംസം കത്തിയെരിയുമ്പോൾ ചക്രവർത്തികുമാരനായി അധികാരത്തിലേറിയ പ്രധാനമന്ത്രി രാജിവ്ഗാന്ധി, ആസൂത്രിതമായി തയ്യാറാക്കിയ ഒരു വംശഹത്യയാണ് നടക്കുന്നതെന്നറിഞ്ഞിട്ടും കുറ്റകരമായ നിശ്ശബ്‌ദത പാലിച്ച അന്നത്തെ ആഭ്യന്തരമന്ത്രി നരസിംഹറാവു, ലഫ്റ്റനൻ്റ് ഗവർണർ ഗവായ്, പൊലീസ് കമ്മിഷണർ ടാണ്ടൻ, പിന്നെ എച്ച്.കെ.എൽ. ഭഗത്ത് എന്നിങ്ങനെ സിഖ് വിരുദ്ധ കലാപത്തിനും വംശഹത്യക്കും ഒത്താശ ചെയ്ത കോൺഗ്രസ് നേതാക്കൾ എല്ലാവരും വിവിധ പരിരക്ഷകളുടെ ബലത്തിൽ നിയമവ്യവസ്ഥയ്ക്കും ജനാധിപതൃത്തിനും നേരെ നോക്കി പല്ലിളിച്ചു.
എന്നിട്ടും നിശ്ചയദാർഢ്യത്തോടെ നിയമയുദ്ധം നടത്തിയ ചിലരുടെ ശ്രമത്തിന്റെ ഫലമായി എച്ച്.കെ.എൽ. ഭഗത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. കോടതിമുറികളിലെ ധാർഷ്ട്യപ്രകടനത്തിൽനിന്നും സകല ഓർമ്മകളും മാഞ്ഞുപോയ ജീവച്ഛവമായി ഭഗത്ത് മാറി. സജ്ജൻകുമാറിന് രണ്ടുതവണ ലോക്സഭാ സ്ഥാനാർത്ഥിത്വം നൽകിയില്ലെങ്കിലും 2004-ൽ അയാൾ റെക്കോർഡ് വിജയം നേടി. ടൈറ്റ്‌ലറിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പുവേളയിൽ ഒരു സിഖ് മാധ്യമ പ്രവർത്തകൻ ചെരുപ്പെറിഞ്ഞ് പ്രകടമാക്കിയ പ്രതിഷേധത്തിന്റെ ചൂടിൽ ടൈറ്റ്ലർക്കും സജ്ജൻകുമാറി നും സ്ഥാനാർത്ഥിത്വം നഷ്ടമായി പാർലമെന്റിന്റെ മൂക്കിനു താഴെ രഖബ് ഗഞ്ച് ഗുരുദ്വാരയിൽ അക്രമികൾക്ക് നിർദ്ദേശം നൽകിയിരുന്ന കമൽനാഥ് പിന്നീട് ഏറെ ഉയർന്ന കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമൊക്കെയായി. ചില കേസുകൾ ടൈറ്റ്ലറെയും സജ്ജൻകുമാറിനെയും ആ ദിനങ്ങളിലെ മാഞ്ഞുപോകാത്ത ചോരയെ ഓർമ്മിപ്പിച്ചുകൊണ്ട് പിന്നെയും പൊന്തിവന്നു. എന്നിരിക്കിലും ഇതയൊക്കെയേ ഉണ്ടായുള്ളൂ.
3700-ലേറെ സിഖുകാർ കൂട്ടക്കൊല ചെയ്യപ്പെട്ട ഒരു നഗരത്തിൽ, കുറ്റവും ശിക്ഷയുമായി ആടിയ നാടകത്തിൽ, വിഘടനവാദത്തെ അടിച്ചമർത്തിയതിന്റെ ഉന്മാദത്തിൽ രാജ്യം പുളകം കൊണ്ടപ്പോൾ, വംശഹത്യയുടെ അടുത്ത അങ്കം ത്രിശൂലങ്ങളും ‘ജയ് രാം’ വിളികളുമായി അടുത്തുവരികയായിരുന്നു. മുംബൈയിൽ ബാൽ താക്കറെയും ഗുജറാത്തിൽ നരേന്ദ്രമോദിയും ഉപമയും ഉൽപ്രേക്ഷയും ഒളിവും മറവുമില്ലാതെ കാര്യങ്ങൾ നടത്തി.
താടിക്കും തലപ്പാവിനും പകരം സുന്നത്തു ചെയ്ത ജനനേന്ദ്രിയങ്ങൾ അടയാള ചിഹ്നങ്ങളായി. കൈകളിലെ രക്തക്കറ കഴുകിക്കളയാൻ സപ്തസാഗരങ്ങളിലെ ജലമന്വേഷിക്കാതെ ചോരക്കൈകൾ പൊക്കിപ്പിടിച്ചുതന്നെ മോദിയും സംഘപരിവാറും മൃഗീയഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി. കോൺഗ്രസുകാർ ഗുജറാത്ത് കൂട്ടക്കൊലകളെക്കുറിച്ചും ബി. ജെപിക്കാർ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും മാത്രം പറഞ്ഞു. ഇരുകലാപങ്ങളിലും ആയിരങ്ങൾ കൊല്ലപ്പെട്ടപ്പോൾ അപൂർവ്വം ചിലർ മാത്രം ശിക്ഷിക്കപ്പെട്ടു ആൾക്കൂട്ടത്തിന്റെ ചുടലനൃത്തങ്ങളായി മറ്റുള്ളവ എഴുതിത്തള്ളി. വംശഹത്യയ്ക്കെതിരെ ഇന്ത്യയൊപ്പിട്ട അന്താരാഷ്ട്ര കരാറുകൾ നമ്മളെടുത്ത് അട്ടത്തുവച്ചു. കൊല്ലപ്പണിക്കാരും കൂലിവേലക്കാരും ഡ്രൈവർമാരുമായ സിഖുകാർ വാർത്താമൂല്യം നഷ്ടപ്പെട്ടവരായി മാറി. ഒരു രാജ്യമെന്ന നിലയിൽ, ഒരു നിയമവ്യവസ്ഥ എന്ന നിലയിൽ, ഒരു ജനാധിപത്യമെന്ന നിലയിൽ നാമെങ്ങനെയൊക്കെയാണ് മായ്ച്ചാലും മായാത്ത രീതിയിൽ അപരിഷ്കൃതരായ തെന്ന് ഈ വംശഹത്യ കലാപങ്ങൾ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും.
ഗുർദീപ് കൗറെന്ന വൃദ്ധ ഡൽഹിയിലെ സിഖ് താമസ പ്രദേശങ്ങളിലൊന്നിൽ ഇന്ത്യയുടെ മറവിയോട് ഓർമ്മപ്പെടുത്തലിന്റെ നിശ്ശബ്ദസമരവുമായി പിന്നെയുമേറെക്കാലം ജീവിച്ചു, ഈ ശ്രാദ്ധപുരാണത്തിലെ മറ്റൊരു ശ്ലോകമായി.
ഗൂർ ദീപ് കൗറിന് തന്റെ പ്രിയപ്പെട്ടതെല്ലാം നഷ്ട്‌ടപ്പെടുത്തിയ ശാപം പിടിച്ച ആ നാളുകളിൽ ഒരു ബാല്യത്തിന്റെ അമ്പരപ്പു മാത്രമാണ് എനിക്ക് ആ കലാപവാർത്തകൾ. എന്നിട്ടും കുനിഞ്ഞ ശിരസ്സുമായി തിലക്നഗറിലെ ഗുർദീപ് കൗറിന്റെ വാസസ്ഥലത്തിനടുത്തുനിന്നും ആരോടും ഒന്നും മിണ്ടാതെ, ചരിത്രത്തിന്റെ രാവണൻകോട്ടയിൽ വഴിതെറ്റിയപോലെ ഞാൻ തിരിഞ്ഞുനടന്നു. ഈ രാജ്യം നിങ്ങളോടും നിങ്ങളെപ്പോലെ തകർത്തെറിയപ്പെട്ട ജീവിതങ്ങളുള്ള അനേകായിരങ്ങളോടും നീതി ചെയ്തില്ല. പകരം ഗുർദീപ് കൗറിനു പിന്നാലെ ബിൽക്കീസ് ബാനുവടക്കമുള്ള നൂറുകണക്കിന് സ്ത്രീകളുടെ നിലവികളിൽ നാമതിനെ സ്വാഭാവികമാക്കി. കഴുത്തിൽ കത്തുന്ന ടയറിട്ട് ആൾക്കൂട്ടം ഡൽഹിയുടെ തെരുവുകളിൽ ഓടിച്ചിട്ട് കൊന്ന സിഖുകാർക്ക് പിന്നാലെ ഗുജറാത്തിൽ നൂറുകണക്കിന് മുസ്ലീങ്ങൾ കത്തിയമർന്നു. വംശഹത്യ ഒരു രാഷ്ട്രീയാഭിമാനമായി കൊണ്ടാടപ്പെട്ടു.
സിഖ് വംശഹത്യയിൽ നിന്നും ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയെ വ്യത്യസ്തമാക്കുന്ന ഘടകം സിഖ് വിരുദ്ധ വംശഹത്യ ഇന്ദിരാഗാന്ധി വധത്തിനുപിന്നാലെയാണ് ആസൂത്രിതമായിത്തന്നെയെങ്കിലും നടന്നത്. അതിനൊരു രാഷ്ട്രീയ പ്രത്യയശാസ്ത്ര സ്വഭാവം ഉണ്ടായിരുന്നില്ല. വംശഹത്യ കോൺഗ്രസിന്റെ ഒരു രാഷ്ട്രീയ അജണ്ടയായിരുന്നില്ല. തീർത്തും ദുരധികാര സ്വഭാവമാർജ്ജിച്ച ഒരു നേതൃത്വവും പല തരത്തിലുള്ള സാമ്പത്തിക നിക്ഷിപ്ത താത്പര്യങ്ങളടക്കമുള്ള ഘടകങ്ങളുമൊക്കെക്കച്ചേർന്നാണ് സിഖ് വിരുദ്ധ വംശഹത്യ നടത്തിയത്. അതിന് മതപരമോ അല്ലാത്തതോ ആയ കൃത്യമായൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രപദ്ധതി ഉണ്ടായിരുന്നില്ല.
എന്നാൽ ഗുജറാത്തിലേത് അങ്ങനെയായിരുന്നില്ല. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയപ്രയോഗമാണ് ഗുജറാത്തിൽ കണ്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രഖ്യാപിത നിലപാടാണത്. മുസ്ലീങ്ങൾ ഹിന്ദുത്വ രാഷ്ട്രീയാധികാരത്തിന്റെ കീഴിൽ രണ്ടാം കിട മനുഷ്യരായി ഒതുങ്ങിജീവിക്കണമെന്നാണ് ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ആദ്യകാലം മുതലേ ആവശ്യപ്പെടുന്നത്. ജൂതരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലറുടെ, നാസികളുടെ “ജൂത പ്രശ്നപരിഹാരം” അനുകരിക്കാനാവുന്ന ഒന്നായാണ് ഹിന്ദുത്വ രാഷ്ട്രീയാചാര്യന്മാർ കണ്ടത്. അതിനുവേണ്ടി അവരുണ്ടാക്കിയ തികഞ്ഞ ഹിംസാസന്നദ്ധതയുള്ള സംഘയന്ത്രമായ ആർ എസ് എസ് ഇന്ത്യയിൽ പല കാലങ്ങളിലായി നിരവധി വർഗീയകലാപങ്ങൾ നടത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഗുജറാത്ത് വംശഹത്യയും സിഖ് വംശഹത്യയും തമ്മിലുള്ള വ്യത്യാസം ഗുജറാത്തിലേതിന് വംശഹത്യയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിത്തറയും രാഷ്ട്രീയത്തുടർച്ചയുമുണ്ട് എന്നതാണ്. ഒരുതരത്തിൽ ആ വംശഹത്യയുടെ തുടർച്ചയാണ് നരേന്ദ്ര മോദി സർക്കാർ.
പക്ഷെ സിഖ് വംശഹത്യയുടെ നടത്തിപ്പുകാർ രാഷ്ട്രീയ നേതൃത്വത്തിലും ഭരണസംവിധാനത്തിലും വാണുപോയതിന്റെ ബാക്കിയാണ് ഗുജറാത്ത് വംശഹത്യയെ സാധ്യമാക്കിയ ഘടകങ്ങളിലൊന്ന് എന്ന് നാം മറന്നുകൂടാ. വംശഹത്യയടക്കമുള്ള, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം യാതൊരുതരത്തിലും ശിക്ഷിക്കപ്പെടാതെ പോവുകയും ആയിരക്കണക്കിന് മനുഷ്യർ അവരുടെ സാമൂഹ്യസ്വത്വത്തിന്റെ പേരിൽമാത്രം കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങൾ ഇന്ത്യയിൽ അല്പകാലത്തെ വാർത്തമാത്രമായി നിയമവാഴ്ചയുടെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെടുമെന്നത് ഉറപ്പാക്കിയത് സിഖ് വിരുദ്ധ വംശഹത്യയായിരുന്നു. അതിന്റെ ബലത്തിലാണ് ബാബു ബജ്‌റംഗി മുതൽ നരേന്ദ്ര മോദി വരെയുള്ള ഹിന്ദുത്വ ഫാഷിസ്റ്റുകൾക്ക് അവരുടെ വംശഹത്യാ പദ്ധതിയുടെ നടത്തിപ്പിനുശേഷവും ഒരു ശിക്ഷയും നേരിടാതെ സർവ്വാധികാരികളാകാൻ കഴിഞ്ഞത്.
സിഖ് വംശഹത്യയുടെ നാളുകളിൽ നിന്നും ഇന്ത്യ നടന്നെത്തിയത് വംശഹത്യ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയാധികാരത്തിന്റെ പിടിയിലേക്കാണ്. ആക്രോശിച്ചെത്തുന്ന ആൾക്കൂട്ടത്തെ ഭയന്ന് താടിയും മുടിയും വടിച്ച സിഖുകാർക്ക് പകരം പൊതുസ്ഥലങ്ങളിൽ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിതരായി മർദ്ദനമേൽക്കുന്ന മുസ്ലീങ്ങളിലേക്കാണ് ഇന്ത്യ സഞ്ചരിച്ചെത്തിയത്. ഗുർദീപ് കൗറിന് പകരം ബിൽക്കീസ് ബാനുവെന്ന് പേര് മാത്രം മാറുമ്പോൾ നാസി തടങ്കൽപ്പാളയങ്ങളിലെ ഗാസ് ചേമ്പറുകളിൽ, തുർക്കിയിൽ, റുവാണ്ടയിൽ ചരിത്രത്തിലെ എല്ലാ കൊലപ്പാടങ്ങളിൽ നിന്നും ഒരേ പേരുകാരായി മനുഷ്യർ നിലവിളിക്കുന്നു.
▮
(ഈ ലേഖനത്തിലെ ഉദ്ധരണികൾ, സത്യവാങ്മൂലങ്ങൾ എന്നിവയ്ക്ക് തന്റെ കൃതിയെ സ്വാതന്ത്ര്യത്തോടെ സമീപിക്കാൻ അനുവാദം തന്ന When a Tree shook Delhi എന്ന കൃതിയുടെ സഹഗ്രന്ഥകാരൻ എച്ച് എസ്. ഫുൽക്കയോട് കടപ്പാട്)