പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതോടെ ഒരു മതേതര ഭരണഘടനാ റിപ്പബ്ലിക്കെന്ന ഇന്ത്യയുടെ രാഷ്ട്രീയസ്വഭാവം നിയാമകമായ രീതിയില്‍ മാറുകയാണ്. അളവുപരമായി അത് ഇന്ത്യയുടെ നിലവിലെ ജനസംഖ്യയിലോ അതിന്റെ വിവിധ ഭൂവിഭാഗങ്ങളില്‍ അധിവസിക്കുന്ന ജനങ്ങളുടെ വിന്യാസത്തിലോ വലിയ മാറ്റങ്ങള്‍ ഇപ്പോഴുണ്ടാക്കില്ല എന്നതിലല്ല കാര്യം. ഇത്തരത്തിലൊരു നീക്കം എന്ത് തരത്തിലുള്ള രാജ്യമായിരിക്കും ഇനി ഇന്ത്യ എന്നാണ് പ്രഖ്യാപിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ തങ്ങളുടെ പ്രത്യയശാസ്ത്ര പദ്ധതിക്കനുസരിച്ച് രൂപപ്പെടുത്തുന്ന പ്രക്രിയയയില്‍ ഏറെ മുന്നോട്ടുപോയിരിക്കുന്നു എന്നത് വീണ്ടും തെളിയുകയാണ്. ഒരു രാഷ്ട്രീയ സംഘര്‍ഷം എന്ന നിലയില്‍ നിന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രവും അതിന്റെ രാഷ്ട്രനിര്‍മ്മാണ പദ്ധതിയും ഒരു ഭരണകൂട അജണ്ടയായി മാറിയതിന്റെ നാനാവിധ ആവിഷ്‌ക്കാരങ്ങള്‍കൂടിയാണ് മോദി സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യ അനുഭവിക്കുന്നത്.
ദേശീയ പൊതുതെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത് ആസന്നമായ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയാഖ്യാനം ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് മാത്രമായി ചുരുക്കുന്നതിനു വേണ്ടിയാണ്.
2019 ഡിസംബര്‍ 9-ന് ലോക്സഭയും ഡിസംബര്‍ 11-ന് രാജ്യസഭയും പൗരത്വ ഭേദഗതി ബില്‍ 2019-ന് അംഗീകാരം നല്‍കുകയും തൊട്ടുപിറ്റേന്നുതന്നെ രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെക്കുകയും ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ മതപീഡനങ്ങള്‍ക്ക് ഇരകളായി ഇന്ത്യയിലേക്ക് വന്ന ഹിന്ദു, ബൗദ്ധ, ജൈന, സിഖ്, ക്ര്യസ്ത്യന്‍, പാഴ്സി മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മതപീഡനത്തിനിരയായവര്‍ എന്ന അടിസ്ഥാനത്തില്‍ അവരുടെ മതാസ്തിത്വം കണക്കിലെടുത്തുകൊണ്ട് പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഭേദഗതി. ഇതോടെ 1955-ലെ പൗരത്വ നിയമത്തില്‍ പൗരത്വത്തിനാധാരമായ ഒരു ഘടകമായി 'മതം' കയറിവന്നു. അതോടെ ഇന്ത്യയിലെ പൗരത്വം എന്നതിന് മതം മാനദണ്ഡമാവുക മാത്രമല്ല ചെയ്തത്, അത്തരമൊരു മത മാനദണ്ഡത്തില്‍ നിന്നും 'മുസ്ലീങ്ങള്‍' ഒഴിവാക്കപ്പെടുകകൂടി ചെയ്തു.
ഇതോടെ രണ്ടു തരത്തില്‍ സംഘപരിവാര്‍ അതിന്റെ പ്രത്യയശാസ്ത്ര അജണ്ട നടപ്പാക്കി. ഒന്ന്, ഇന്ത്യയെ ഒരു 'ഹിന്ദു' ഭൂരിപക്ഷ മതരാഷ്ട്രമാക്കുക എന്നതിന് വേണ്ടി അതിന്റെ മതേതര സ്വഭാവത്തെ അടിസ്ഥാനപരമായി ഇല്ലാതാക്കുക. രണ്ട്, മുസ്ലീങ്ങള്‍ സ്വാഭാവികമായി ഇന്ത്യക്കാരല്ലെന്നും മുസ്ലിം എന്നത് ഇന്ത്യ എന്ന ആശയത്തിന് പുറത്തുള്ള ഒരു അസ്തിത്വമാണെന്നും മുസ്ലിം എന്നാല്‍ വൈദേശിക ശത്രു ആണെന്നുമുള്ള സംഘപരിവാറിന്റെ മുസ്ലീം അപരവത്ക്കരണ പ്രത്യയശാസ്ത്ര നിലപാട് ഊട്ടിയുറപ്പിക്കുക. ഒരു രാജ്യത്തിന്റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്ന ഏറ്റവും നിര്‍ണ്ണായകമായ ഘടകമാണ് പൗരത്വം. പൗരത്വത്തിന്റെയും പൗരാവകാശങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങളാണ് ഒരു രാജ്യത്തിന്റെ രാഷ്ട്രീയസ്വഭാവത്തിന്റെ കാതല്‍. അതുകൊണ്ടുതന്നെയാണ് പൗരത്വ നിയമം ഭേദഗതി ചെയ്ത്, അതില്‍ മതം ഒരു മാനദണ്ഡമാക്കുകയും അതില്‍നിന്നും ഇസ്ലാമിനെ ഒഴിവാക്കുകയും ചെയ്തുകൊണ്ട് വളരെ പ്രത്യക്ഷത്തിലുള്ള ആക്രമണം സംഘപരിവാര്‍ ഇന്ത്യ എന്ന മതേതര റിപ്പബ്ലിക്കിന് നേരെ നടത്തുന്നത്.
ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെയാണ് പൗരത്വ നിയമ ഭേദഗതി ലംഘിക്കുന്നത്. ആര്‍ട്ടിക്കിള്‍ 14 ഉറപ്പുവരുത്തുന്ന തുല്യതയുടെ അടിസ്ഥാനത്തിലുള്ള അവകാശങ്ങളെ മതം മാനദണ്ഡമാക്കിക്കൊണ്ട് നിഷേധിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്യുന്നത്. അയല്‍ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങളുടെ ഇരകള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ലക്ഷ്യമെങ്കില്‍അതെന്തുകൊണ്ട് മ്യാന്‍മറില്‍ നിന്നുള്ള റോഹിന്‍ഗ്യകള്‍ക്കും പാകിസ്ഥാനില്‍ നിന്നുള്ള അഹമ്മദിയകള്‍ക്കും ശ്രീലങ്കയില്‍ നിന്നുള്ള തമിഴര്‍ക്കും നല്‍കുന്നില്ല എന്നതിനുള്ള ഉത്തരം അതൊന്നും മുസ്ലിം അപരവത്ക്കരണത്തിനും ഹിന്ദുത്വ സ്വത്വത്തിലധിഷ്ഠിതമായ രാഷ്ട്രനിര്‍മാണത്തിനും ഉപയോഗപ്പെടുത്താവുന്നതല്ല എന്നതാണ്. ഒരു മനുഷ്യനും ഇന്ത്യ എന്ന രാജ്യവുമായുള്ള കരാറില്‍ അയാളുടെ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നിര്‍ണ്ണയിക്കുന്ന ഘടകമായി മതം വരുന്നതോടെ ഈ രാജ്യത്തെ രൂപപ്പെടുത്തിയ ആശയങ്ങളെല്ലാം അടിമുടി തകര്‍ക്കപ്പെടുകയാണ്.
പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്ന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ തെരഞ്ഞെടുക്കുകയും അതില്‍ പ്രധാനമായും ഹിന്ദുക്കളെ ഉള്‍ക്കൊള്ളാന്‍ ലക്ഷ്യംവെക്കുകയും ചെയ്യുന്ന ഭേദഗതി, വാസ്തവത്തില്‍ ഒരു ആഭ്യന്തര രാഷ്ട്രീയ പ്രഖ്യാപനമാണ്. മേല്‍പ്പറഞ്ഞ മൂന്ന് വിദേശ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കാളേറെ അതിനു ബന്ധം ഇന്ത്യയിലെ മതന്യൂനപക്ഷമായ മുസ്ലീങ്ങളെ സംഘപരിവാര്‍, ഇപ്പോള്‍ മോഡി സര്‍ക്കാര്‍ നയിക്കുന്ന ഇന്ത്യന്‍ ഭരണകൂടവും കൈകാര്യം ചെയ്യുന്ന രീതിയുമായാണ്. ഇന്ത്യയിലെ മുസ്ലീങ്ങളോട് ചരിത്രപരമായിത്തന്നെ സംഘപരിവാര്‍ നടത്തുന്ന അപരവത്ക്കരണവും ആക്രമണവും കൃത്യമായ ഭരണകൂടപദ്ധതിയായി മാറി എന്നുകൂടിയാണ് ഇതിലൂടെ അവര്‍ പ്രഖ്യാപിക്കുന്നത്. അതായത് ഇന്നലെവരെ വര്‍ഗീയകലാപങ്ങളോ സംഘപരിവാറിന്റെ രാഷ്ട്രീയ പരിപാടിയോ ആയിരുന്ന ഒന്ന് ഇന്നുമുതല്‍ ജില്ലാ ഭരണകൂടം നേരിട്ട് വീട്ടിലെത്തി മുട്ടിവിളിച്ചു കൈമാറുന്ന ഒരു ഉത്തരവായി മാറുകയാണ്. ഹിന്ദുരാഷ്ട്രം എങ്ങനെയാണ് ഉണ്ടാകുന്നത് എന്നത് നമ്മുടെ കണ്‍മുന്നില്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിങ്ങനെയല്ലല്ലോ എന്ന് തോന്നാവുന്ന തരത്തില്‍ ഹിന്ദു രാഷ്ട്ര നിര്‍മ്മാണം നടപ്പാക്കുന്നു എന്നതാണ് മോദി സര്‍ക്കാരിന്റെ പരിപാടി. ദുര്‍ബലമായ പൗര സമൂഹത്തെയും പ്രതിപക്ഷത്തേയും സംഘപരിവാര്‍ കൂടുതല്‍ ആക്രമിക്കാത്തതുപോലും രാജ്യത്തൊരു പ്രതിപക്ഷമുണ്ടെന്ന വ്യാജമായ ജനാധിപത്യസാധുത നിലനിര്‍ത്തുന്നതിനാണ്.
രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ നിരന്തരമായി ആക്രമിക്കുകയും ദുര്‍ബലമാക്കുകയും ചെയ്യുകയാണ് മോദി സര്‍ക്കാര്‍. അത് കേവലമായ അധികാര കേന്ദ്രീകരണമല്ല. മറിച്ച്, സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്ര അജണ്ടയുടെ ഭാഗമാണ്. അതാണ് ഒരു പക്ഷെ മറ്റ് തരത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങളോ അധികാര സ്ഥാപനങ്ങളോ നടത്തുന്ന ഫെഡറല്‍ വിരുദ്ധ ആക്രമണങ്ങളില്‍ നിന്നും മോദി സര്‍ക്കാരിനെ വ്യത്യസ്തമാക്കുന്നത്. അതിന്റെ ആക്രമണമെന്നത് കേവലമായ അധികാര കേന്ദ്രീകരണത്തിനു വേണ്ടി മാത്രമല്ല ഭൂരിപക്ഷ മതാധിപത്യമുള്ള 'ഹിന്ദുത്വ' രാഷ്ട്രീയത്തിലും അതിന്റെ സാമൂഹ്യാധികാരബന്ധങ്ങളിലും അധിഷ്ഠിതമായ അധികാര കേന്ദ്രീകരണത്തിന്റെ ഭാഗമായാണ് എന്നതാണ്.
ഇതേ പദ്ധതിയുടെ ഭാഗമായാണ് പൗരത്വ നിയമ ഭേദഗതി ചട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ അധികാരം ഒട്ടുമില്ലാതെ പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിയമിക്കുന്ന ഉദ്യോഗസ്ഥരുള്‍പ്പെടുന്ന സമിതികളാണ് പൗരത്വം സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതിലൊരു പങ്കുമില്ല. സംസ്ഥാനങ്ങളുടെ പരിമിതമായ സ്വയംഭരണാധികാരത്തെ മാത്രമല്ല ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട സംസ്ഥാനങ്ങളുടെ ഉപദേശീയതാ അടിത്തറയേയും ഇത് ആഴത്തില്‍ മുറിവേല്പിക്കും. അനതിവിദൂരമല്ലാത്ത ഭാവിയില്‍ പൗരത്വ നിയമ ഭേദഗതി വ്യാപകമായി ബാധിക്കുന്ന സംസ്ഥാനങ്ങളില്‍ വലിയ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഇതുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല.
2014 ഡിസംബര്‍ 31-നു മുമ്പ് ഇന്ത്യയില്‍ അഭയം തേടിയവരില്‍ പൗരത്വ നിയമ ഭേദഗതിയില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള തങ്ങളുടെ അവകാശം തെളിയിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഒരംഗത്തിന്റെ സാക്ഷ്യപത്രം മതിയെന്ന തരത്തിലുള്ള ചട്ടങ്ങള്‍ എങ്ങനെയാണ് ഈ പരിപാടി പൂര്‍ണ്ണമായും ബി ജെ പിയുടെ രാഷ്ട്രീയ പരിപാടിയാകുന്നതെന്നും ഭരണസംവിധാനത്തിന്റെ എല്ലാവിധ ഔദ്യോഗിക ക്രമങ്ങളേയും ബി ജെ പിയുടെ രാഷ്ട്രീയസംവിധാനത്തിന്റെ ഭാഗമാക്കുന്നത് എന്നതിന്റെയും തെളിവാണ്. അസമിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും നിയമ ഭേദഗതി നടപ്പാക്കുന്നതിലൂടെ ലഭിക്കുന്ന വലിയ തോതിലുള്ള ഹിന്ദു വോട്ടുകളാണ് ബി ജെ പി ലക്ഷ്യം വെക്കുന്നത്.
അസമില്‍ തദ്ദേശ ജനവിഭാഗങ്ങളുടെ ജീവിതക്രമത്തിലേക്കും സമൂഹങ്ങളിലേക്കുമുള്ള ബംഗാളി ഭാഷ സംസാരിക്കുന്നവരുടെ കുടിയേറ്റം വലിയ തോതിലുള്ള സംഘര്‍ഷങ്ങളാണ് ഉണ്ടാക്കിയത്. അസം പ്രത്യേക രാജ്യമാക്കണം എന്നത് മുതല്‍ കൂടുതല്‍ സ്വയം ഭരണാവകാശം ആവശ്യപ്പെടുന്ന സായുധസമരങ്ങളായിവരെ അത് മുമ്പ് വികസിച്ചിരുന്നു. ഈ സായുധസമരങ്ങളുടെ ഒരു ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരും അസമിലെ രാഷ്ട്രീയ, സായുധസമര സംഘടനകളുമായി എത്തിച്ചേര്‍ന്ന 'അസം കരാറില്‍' സ്വാഭാവിക പൗരത്വത്തിനുള്ള അവസാന സമയക്രമമായി 1966 ജനുവരി ഒന്ന് നിശ്ചയിച്ചു. പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതിയോടെ 1966 ജനുവരി ഒന്നിനും 1971 മാര്‍ച്ച് 24-വരെയും വന്നവര്‍ക്ക് പൗരത്വം നേടുന്നതിനുള്ള നടപടികള്‍ക്കും സാധുത നല്‍കി. എന്നാല്‍ ഈ ഭേദഗതിയുടെ ഭരണഘടനാ സാധുത തന്നെ സുപ്രീം കോടതി വിധി പറയാനിരിക്കുന്ന ഒന്നാണ്. അതിനൊപ്പം ഇത്തരത്തിലൊരു ഫെഡറല്‍ പ്രശ്നത്തെയും അതിന്റെ ചരിത്രപരമായ സംഘര്‍ഷ സാധ്യതകളെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധികാര അജണ്ടയുടെ ഭാഗമായി കൈകാര്യം ചെയ്തുകൊണ്ട് അസമിനെ വലിയ ആഭ്യന്തര സംഘര്‍ഷത്തിലേക്കാണ് ബി ജെ പി നയിക്കുന്നത്.
അസമിലുള്ള ബംഗ്‌ളാദേശി അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും മതാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്നതുതന്നെ തികച്ചും തെറ്റാണ്. ബംഗ്‌ളാദേശില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ കാര്യത്തില്‍ പൊതുവില്‍ മതം ഒരു ഘടകമേയല്ല എന്നതാണ് വസ്തുത. കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും ചരിത്രപരമായിത്തന്നെ ഈ ഭൂപ്രദേശങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയുമാണ് കുടിയേറ്റത്തിന്റെ വലിയ കാരണങ്ങള്‍. അതിനെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് വെറും വിഭാഗീയ, ഹിന്ദുത്വ വര്‍ഗീയ അജണ്ടയാണ്. അസമിലെ തദ്ദേശീയ ജനവിഭാഗങ്ങളാകട്ടെ കുടിയേറ്റത്തെ കാണുന്നതും പലപ്പോഴും എതിര്‍ക്കുന്നതും മതാടിസ്ഥാനത്തിലല്ല താനും. ഇതുതന്നെയാണ് ത്രിപുരയിലും സംഭവിക്കുന്നത്. അവിടെയുള്ള തദ്ദേശീയ ജനവിഭാഗങ്ങളെ ന്യൂനപക്ഷമാക്കിക്കൊണ്ടാണ് ബംഗാളി ഭാഷ സംസാരിക്കുന്നവരുടെ കുടിയേറ്റം മുന്നോട്ടുപോയത്. ത്രിപുര ബംഗാളി ഭാഷ സംസാഹാരിക്കുന്നവരുടെ ഭൂരിപക്ഷ പ്രദേശമായതിനെത്തുടര്‍ന്നുള്ള സംഘര്‍ഷങ്ങളിലും മതം ഒരു ഘടകമല്ല. അത്തരം പ്രശ്‌നങ്ങളെയെല്ലാം മതാടിസ്ഥാനത്തില്‍ അവഗണിക്കാനും ഹിന്ദു, മുസ്ലിം ദ്വന്ദത്തിലേക്ക് ചുരുക്കാനുമാണ് ബി ജെ പി ശ്രമിക്കുന്നത്. തങ്ങളുടെ മുസ്ലിം വിരോധത്തിന്റെ രാഷ്ട്രീയ പദ്ധതിക്കായി ഇന്ത്യയുടെ വലിയൊരു ഭൂവിഭാഗത്തെ കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങളിലേക്കാണ് ബി ജെ പിയും മോദി സര്‍ക്കാരും തെളിച്ചുകൊണ്ടുപോകുന്നത്.
കേന്ദ്രസര്‍ക്കാരിന് മാത്രം നേരിട്ട് നിയന്ത്രണാധികാരമുള്ള ഭരണനിര്‍വ്വഹണ പ്രക്രിയയയിലൂടെ പൗരത്വ നിയമഭേദഗതി ചട്ടങ്ങള്‍ നടപ്പാക്കുന്നതോടെ സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ മറികടക്കാനാകുമെന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. ഒരളവോളം അത് സാധ്യമാവുകയും ചെയ്യും. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന കേരളവും തമിഴ്നാടും ബംഗാളും ഡല്‍ഹിയും അടങ്ങുന്ന പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇക്കാര്യത്തില്‍ നിസ്സഹായരാക്കി മാറ്റാന്‍ തത്ക്കാലം കേന്ദ്രത്തിന് കഴിയും. ഇതില്‍ത്തന്നെ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് തത്വാധിഷ്ഠിതമായി മാത്രമേ ബാധിക്കുന്നുള്ളു. പ്രായോഗികതലത്തില്‍ തമിഴ്‌നാടോ കേരളമോ പോലുള്ള സംസ്ഥാനങ്ങളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കേണ്ട ഒരു സാഹചര്യമില്ല. അത്തരത്തിലുള്ള കുടിയേറ്റ സമൂഹം ഈ സംസ്ഥാനങ്ങളിലില്ല. ബംഗാളിലാകട്ടെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നിലവിലുള്ള 18 സീറ്റുകള്‍ നിലനിര്‍ത്താനുള്ള വലിയൊരു ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയായാണ് ബി ജെ പി ഇതിനെ കാണുന്നത്. അസമിലും സമാനമായ ഹിന്ദു കേന്ദ്രീകരണം ഉണ്ടാക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഇതോടൊപ്പം കടുത്ത മുസ്ലിം വിരുദ്ധതയുടെ രാഷ്ട്രീയവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിഷയമാക്കിക്കൊണ്ടുവരാമെന്ന അതിഹീനമായ കണക്കുകൂട്ടലും ബി ജെ പിക്കുണ്ട്.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും തെരഞ്ഞെടുപ്പിനെ മൊത്തമായി സ്വാധീനിക്കാവുന്നൊരു രാഷ്ട്രീയാഖ്യാനം കണ്ടെത്താന്‍ ബി ജെ പിക്കായിട്ടില്ല എന്ന വസ്തുത അവര്‍തന്നെ തിരിച്ചറിയുന്നുണ്ട്. രാമക്ഷേത്ര നിര്‍മ്മാണവും മോദിയും മാത്രമാണ് ഇപ്പോഴുള്ള പ്രചാരണതന്ത്രങ്ങള്‍. എന്നാല്‍ പതിവുപോലെ വളരെ വിഭാഗീയമായ ഒരു അജണ്ട കൂടിയുണ്ടെങ്കിലേ തങ്ങളുടെ വിദ്വേഷ പ്രചാരണ സംവിധാനത്തെ ചലിപ്പിക്കാനാകൂ എന്നവര്‍ക്കറിയാം. അതിന്റെകൂടി ഭാഗമായാണ് പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി വിജ്ഞാപനം ചെയ്തത്. മാത്രവുമല്ല, ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ കലര്‍പ്പില്ലാത്ത നടത്തിപ്പുകാരനാണ് നരേന്ദ്ര മോദി എന്നുകൂടി അവര്‍ പ്രഖ്യാപിക്കുന്നുണ്ട്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്, രാമക്ഷേത്ര നിര്‍മ്മാണം, സാവകാശത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൊതു സിവില്‍നിയമം, പൗരത്വ നിയമ ഭേദഗതി എന്നിവയിലൂടെ ഈ പ്രതിച്ഛായ അവര്‍ ഉയര്‍ത്തിക്കാണിക്കുകയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ അത് അംഗീകരിച്ചപ്പോള്‍ മുതല്‍ കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെക്കേണ്ടിവന്നതുവരെയുള്ള കാലയളവില്‍ നടന്ന സമരങ്ങള്‍ അത്ര ശക്തമായല്ലെങ്കില്‍പ്പോലും ഉണ്ടാകുമെന്നുമുള്ള കണക്കുകൂട്ടലും ബി ജെ പിക്കുണ്ട്. വാസ്തവത്തില്‍ അവരത് ആവശ്യപ്പെടുക കൂടിയാണ്. പ്രതിഷേധിച്ചാലും ഇല്ലെങ്കിലും ബി ജെ പിക്കാകും നേട്ടമെന്നൊരു കുരുക്കില്‍ പ്രതിപക്ഷത്തെയും മതേതര പൗരസമൂഹത്തെയും പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. ഡല്‍ഹിയിലെ ഷഹീന്‍ബാഗിലാടക്കം നടന്ന സമരങ്ങളെ മുഴുവന്‍ ദേശദ്രോഹികളുടെയും വിഘടനവാദികളുടെയും സമരമാക്കി ചിത്രീകരിച്ച അതേ ആക്രമണം തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിക്കൊണ്ടുവരാമെന്നും ബി ജെ പി കണക്കുകൂട്ടുന്നു.
പൗരത്വ നിയമ ഭേദഗതിക്കൊപ്പം ദേശീയ പൗര പട്ടിക (National Citizen Register) നടപ്പാക്കും എന്നതായിരുന്നു അന്നത്തെ വലിയ പ്രതിഷേധത്തിന് വഴിതെളിച്ച ഒരു കാരണം. അസമില്‍ മാത്രമാണ് ദേശീയ പൗര പട്ടികയുടെ കണക്കെടുപ്പ് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്നത്. എങ്ങനെയാണ് ഒരു സമഗ്രാധിപത്യ ഭരണകൂടം ജനങ്ങളെ ആഭ്യന്തര തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കുന്നതിന് ഭരണസംവിധാനത്തെ ഉപയോഗിക്കുന്നത് എന്നതിന്റെ പ്രകടമായ പരിപാടിയായിരുന്നു അത്. പട്ടികയില്‍ നിന്നും പുറത്തായവരില്‍ രണ്ടു ദശലക്ഷത്തോളം ഹിന്ദുക്കളും ഉണ്ടായിരുന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടനാ കോടതി വംശീയതയുടെയും സമഗ്രാധിപത്യ ഭരണകൂടത്തിന്റെയും നടത്തിപ്പുന്യായങ്ങള്‍ ലജ്ജാശൂന്യമായി പ്രതിധ്വനിപ്പിച്ച പ്രക്രിയ കൂടിയായിരുന്നു അത്.
പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇത്തവണ 2020-ലേതുപോലെ ഉയരാനുള്ള സാധ്യത കുറവാണ്. അസമിലും ബംഗാളിലുമാണ് ഇത് തെരഞ്ഞെടുപ്പിനെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയമാകാന്‍ പോകുന്നത്. അതില്‍ത്തന്നെ ബംഗാളിനെ കീഴടക്കാനുള്ള ഹിന്ദുത്വ രാഷ്ട്രീയ പദ്ധതി കൂടിയായാണ് ഇത്തവണത്തെ അതിന്റെ അവതാരം. എന്നാല്‍ അമിത് ഷായുടെ കുപ്രസിദ്ധമായ 'ആദ്യം CAA പിന്നെ NRC' എന്ന ഭീഷണി രാജ്യം മുഴുവനും മുസ്ലിം വിരുദ്ധതയുടെയും അതിന്റെ ഇരട്ടപ്പിറപ്പായ ഹിന്ദുത്വ വര്‍ഗീയതയുടെയും കാറ്റായിപ്പടര്‍ത്താന്‍ സംഘപരിവാര്‍ ശ്രമിക്കും എന്നതുറപ്പാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഇന്ത്യന്‍ ജനതയുടേയും പ്രതിരോധശേഷിയുടെ അടിത്തറയുടെ ബലം പരിശോധിക്കുന്ന അവസാന തെരഞ്ഞെടുപ്പുകളിലൊന്നാണ് കടന്നുവരുന്നത്. അതിലെ പ്രധാന ചോദ്യങ്ങളിലൊന്ന് ഇന്ത്യന്‍ പൗരന്‍ എന്നാല്‍ മത മനുഷ്യനാണോ എന്നത് കൂടിയാണ്. സമരരഹിതമായ അലസദിനങ്ങളുടെ ബാക്കിയായി അത് ജനാധിപത്യത്തിന്റെ അവസാനകളികളിലൊന്നില്‍ ഇന്ത്യയുടെ മുന്നില്‍ നില്‍ക്കുന്നു.