ജനം
ജനാധിപത്യത്തെ
തിരയുമ്പോൾ

‘‘വേണ്ടിവന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയും ആവശ്യപ്പെടുമെന്ന അടുത്ത വാചകത്തിലാണ് ഫാഷിസ്റ്റ് ഭരണകൂടം അതിന്റെ ശരിയായ പ്രതിസന്ധി തിരിച്ചറിയുന്നത്. മുഖമില്ലാത്ത മനുഷ്യർ അവരുടെ രാഷ്ട്രീയ സാധ്യതകൾ കണ്ടെത്തുമ്പോൾ ഒരു സമൂഹം അതിന്റെ ജനാധിപത്യ ആവാസവ്യവസ്ഥയെ സൃഷ്ടിക്കാൻ തുടങ്ങുന്നു. അപ്പോൾ ഫാഷിസ്റ്റുകൾക്ക് ശ്വാസം മുട്ടിത്തുടങ്ങും. അത്തരത്തിലൊരു സംഘർഷം രൂപംകൊണ്ടുകഴിഞ്ഞിരിക്കുന്നു’’- പ്രമോദ് പുഴങ്കര എഴുതുന്നു.

മരങ്ങൾ അപവാദമായി മാറുന്ന രാഷ്ട്രീയസാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും ആവശ്യമാണ്. സമരങ്ങളും പ്രതിഷേധവും നിരന്തരം ഉലച്ചുകൊണ്ടിരിക്കുമ്പോൾ മാത്രമാണ് ഭരണകൂടം അതിന്റെ ഘടനയിൽത്തന്നെയുള്ള സമഗ്രാധിപത്യ വാസനകളെ ഒതുക്കിവെക്കുന്നത്. അതുകൊണ്ടുതന്നെ നടക്കുന്നതെല്ലാം സ്വാഭാവികമായൊരു സംവിധാനത്തിന്റെ ഭാഗമാണെന്ന് ജനങ്ങളെ ധരിപ്പിക്കാൻ അവർ സദാ ശ്രമിച്ചുകൊണ്ടേയിരിക്കും.

അസമത്വവും അനീതിയും ചൂഷണവും ദാരിദ്ര്യവും ഭരണകൂട അടിച്ചമർത്തലുകളും സ്വാഭാവികമായ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിന്റെ അനിവാര്യമായ ദിനചര്യകളാണെന്ന പൊതുബോധ നിർമ്മിതിക്കായാണ് ഭരണകൂടം ഏറ്റവും ഊർജ്ജം ചെലവഴിക്കുന്നത്. ഇത്തരത്തിലൊരു പൊതുബോധത്തിന്റെ അധീശത്വത്തിലാണ് ഭരണകൂട അടിച്ചമർത്തലുകൾക്ക് സാധുത നേടാനാകുന്നത്. ഈ സ്വാഭാവികതയെ ചോദ്യം ചെയ്യുകയും അതിനെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമരങ്ങളോരോന്നും കൂടുതൽ ജനാധിപത്യരാഷ്ട്രീയസാധ്യതയുള്ള ഒരു സമൂഹത്തിനേയും അതിന്റെ രാഷ്ട്രീയവ്യവഹാരങ്ങളെയും പുനഃനിർമ്മിച്ചുകൊണ്ടിരിക്കും. ഉടനെയുള്ള മുദ്രാവാക്യ ഫലപ്രാപ്തിക്കപ്പുറം, ആ സമരങ്ങളുടെ ജനാധിപത്യ രാഷ്ട്രീയപ്രസക്തിയും അതാണ്. അതുകൊണ്ടാണ് തോൽക്കുന്ന സമരങ്ങളെന്നത് പലപ്പോഴും ശരിയല്ലാത്ത രാഷ്ട്രീയപ്രയോഗമാകുന്നത്. ജനാധിപത്യത്തിന്റെ നൈരന്തര്യമെന്നത് സമരങ്ങളുടെ തുടർച്ചയാണ്.

CJP നേതൃത്വം നൽകുന്ന സമരം അവരുടേതുമാത്രമായി ഒതുങ്ങുന്നില്ല. ഈ പ്രതിഷേധത്തിലും സമരത്തിലും പങ്കെടുക്കുന്നത് സി ജെ പിയുമായി യാതൊരു ബന്ധമില്ലാത്ത വിദ്യാർത്ഥികളും യുവാക്കളും കൂടിയാണ്.

രാജ്യത്ത് കേന്ദ്ര സർക്കാർ മേൽനോട്ടത്തിൽ നടക്കുന്ന പ്രവേശനപരീക്ഷകളുടെ ചോദ്യക്കടലാസുകൾ ചോരുകയും വൻതോതിൽ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതുമാണ് ദൽഹിയിലെ ജന്തർ മന്തർ കേന്ദ്രീകരിച്ചു തുടങ്ങിയ വിദ്യാർത്ഥി- യുവജന സമരത്തിന്റെ പൊടുന്നനെയുള്ള കാരണമെങ്കിലും അതിന്റെ വേരുകൾ കിടക്കുന്നത് ഇന്ത്യയിലെ കടുത്ത സാമ്പത്തിക അസന്തുലിതാവസ്ഥയും അസമത്വവും തൊഴിലവസരങ്ങളുടെ ചുരുക്കവുമൊക്കെയായുള്ള രാഷ്ട്രീയ- സമ്പദ് വ്യവസ്ഥയിലാണ്. അതുതന്നെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ / ബി ജെ പി മുന്നണി സർക്കാരിനെ ഭയപ്പെടുത്തുന്നതും.

Cockroach Janta Party (CJP) നേതൃത്വം നൽകുന്ന സമരം അവരുടേതുമാത്രമായി ഒതുങ്ങുന്നില്ല. ഈ പ്രതിഷേധത്തിലും സമരത്തിലും പങ്കെടുക്കുന്നത് സി ജെ പിയുമായി യാതൊരു ബന്ധമില്ലാത്ത വിദ്യാർത്ഥികളും യുവാക്കളും കൂടിയാണ്. ചോദ്യക്കടലാസ് ചോർച്ച എന്നത് തങ്ങളുടെ അതീവദുഷ്കരമായ ജീവിതങ്ങൾക്കുമുകളിൽ ഭരണകൂടവും ധനികരും കൂടി നടത്തുന്ന ചുടലനൃത്തമായാണ് രാജ്യത്തെ തൊഴിൽരഹിതരും വിദ്യാർത്ഥികളും കാണുന്നത്. തൊഴിലവസരങ്ങൾ മാത്രമല്ല പഠനാവസരങ്ങളും കൂടി കൊള്ളയടിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ അനിവാര്യമായൊരു പ്രതിസന്ധിയാണ് ഈ സമരത്തെ പൊടുന്നനെ സൃഷ്ടിച്ചത് എന്നുപറയാം.

മോദി സർക്കാർ അധികാരമേറ്റെടുത്ത 2014-നു ശേഷം മാത്രം രാജ്യത്ത് 154 പൊതുപരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നു. പൊതുപരീക്ഷകളുടെ വിശ്വാസ്യത തകരുകയെന്നത് രാജ്യത്തെ കോടിക്കണക്കിനു യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ജീവിതം അതിന്റെ തുടക്കത്തിൽത്തന്നെ ഞെരിച്ചുകളയുക എന്നതാണ്. പ്രതീക്ഷ എന്നൊരു വാക്ക് ജീവിതത്തെക്കുറിച്ച് ഉണ്ടാക്കിയെടുക്കുമ്പോഴേക്കും ഭരണകൂടവും വ്യവസ്ഥയും തങ്ങളെ അതിനീചമായി വഞ്ചിക്കുന്നു എന്ന ഭയാനകമായ തിരിച്ചറിവിൽനിന്നുകൂടിയാണ് ഈ സമരവും പ്രതിഷേധവും പൊട്ടിപ്പുറപ്പെട്ടത്.

തൊഴിലവസരങ്ങൾ മാത്രമല്ല പഠനാവസരങ്ങളും കൂടി കൊള്ളയടിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ അനിവാര്യമായൊരു പ്രതിസന്ധിയാണ് ഈ സമരത്തെ പൊടുന്നനെ സൃഷ്ടിച്ചത് എന്നുപറയാം.
തൊഴിലവസരങ്ങൾ മാത്രമല്ല പഠനാവസരങ്ങളും കൂടി കൊള്ളയടിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ അനിവാര്യമായൊരു പ്രതിസന്ധിയാണ് ഈ സമരത്തെ പൊടുന്നനെ സൃഷ്ടിച്ചത് എന്നുപറയാം.

CJP നേതൃത്വത്തിലുള്ള സമരം വാസ്തവത്തിൽ ഒരൊറ്റ പ്രശ്നത്തിന്മേലുള്ള പ്രതിഷേധമെന്നതിനപ്പുറം സാമ്പ്രദായികമായ രാഷ്ട്രീയാധികാരവ്യവസ്ഥയുടെ തൽസ്ഥിതിയെ അറിഞ്ഞും അറിയാതെയും ചോദ്യം ചെയ്യുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് കേന്ദ്ര സർക്കാർ സമരത്തിനെതിരെ കടുത്ത അടിച്ചമർത്തൽ നടത്തുന്നത്. സർക്കാർ പൗരാവകാശങ്ങൾ ലംഘിക്കുകയും നീതി നിഷേധിക്കുകയും ചെയ്യുമ്പോൾ പൗരർ തങ്ങളുടെ അവകാശ സംരക്ഷണത്തിന് സമീപിക്കുന്ന ഏറ്റവും ഉയർന്ന ഭരണഘടനാകോടതിയായ സുപ്രീം കോടതിയുടെ പരമ്മോന്നത ന്യായാധിപനായ സൂര്യകാന്താണ് രാജ്യത്തെ തൊഴിൽരഹിതരായ ചെറുപ്പക്കാർ പാറ്റകളെപ്പോലെയാണെന്നും അവരാണ് വേറൊരു പണിയുമില്ലാതെ പലതരം ‘activist’ കളായി നടക്കുന്നതെന്നും ആക്ഷേപിച്ചത്. അതിനെത്തുടർന്ന് രൂപപ്പെട്ട ‘ഞങ്ങൾ പാറ്റകൾ തന്നെ’ എന്ന പ്രതിഷേധ മുദ്രാവാക്യവും സാമൂഹ്യമാധ്യമങ്ങളിലൂടെ അതിനു ലഭിച്ച സ്വീകാര്യതയുമാണ് ഇന്നിപ്പോൾ ജന്തർ മന്ദറിലും രാജ്യത്തെ മറ്റ് പലയിടങ്ങളിലുമായി പടർന്നത്.

എങ്ങനെയാണ് സുപ്രീം കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ മോദി സർക്കാർ തങ്ങളുടെ പ്രത്യയശാസ്ത്ര സേവകരായി മാറ്റുന്നതെന്നത് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. പൊതുപരീക്ഷ ചോദ്യക്കടലാസ് ചോരുന്നതും ഇത്തരം സ്ഥാപനവിശ്വാസ്യതയുടെ തകർച്ചയുടെ മറ്റൊരു സംഭവമാണ്. അതുകൊണ്ടാണ് സുപ്രീംകോടതി മുതൽ പൊതുപരീക്ഷാനടത്തിപ്പ് സ്ഥാപനങ്ങളും കേന്ദ്ര സർക്കാരും വരെയുള്ള സ്ഥാപനവിശ്വാസ്യതയുടെ തകർച്ചയുണ്ടാക്കിയ പ്രതിഷേധം കൂടിയായി ഇത് മാറുന്നത്.

ഇന്ത്യയിലെ മധ്യവർഗത്തെ ഫാഷിസ്റ്റ് രാഷ്ട്രീയാധികാരവുമായി ചേർത്തുവെക്കാനുള്ള അവസാന പദ്ധതികളിലൂടെയാണ് ഇന്ത്യ കടന്നുപോയിക്കൊണ്ടിരുന്നത്. അതിൽനിന്നുള്ള അപ്രതീക്ഷിതവും ശക്തവുമായ ഒരു കുതറലും വിടുതലുമാണ് സി ജെ പി / Gen Z പ്രതിഷേധമെന്നതാണ് അതിന്റെ ചരിത്രപ്രാധാന്യം.

ഭാരതീയ ജനതാ പാർട്ടി (BJP) എന്നതിനെ എതിരിടുന്നത് പാറ്റകളുടെ Cockroach Janta Party (CJP) ആകുന്നതുതന്നെ തൽസ്ഥിതിയെ ആക്രമിക്കാനുള്ള രാഷ്ട്രീയത്വരയിൽ നിന്നാണ്. ചരിത്രത്തെലെല്ലാ കാലത്തും ഇത്തരത്തിൽ തൽസ്ഥിതിയെ ആക്രമിക്കാനിറങ്ങുന്ന ഏറ്റവും ഉത്സാഹികളായ വിഭാഗം യുവാക്കളാണ്. 1968-ൽ ലോകത്ത് പലയിടങ്ങളിലായി അലയടിച്ച വിദ്യാർത്ഥി- യുവജന മുന്നേറ്റം ഇത്തരത്തിലൊന്നായിരുന്നു. യുദ്ധവിരുദ്ധമുന്നേറ്റങ്ങൾ, പൗരാവകാശ മുന്നേറ്റങ്ങൾ, ഭരണകൂട ഭീകരതക്കെതിരായ, പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു. പാരീസിലും പ്രാഗിലുമെല്ലാം വലിയ പ്രക്ഷോഭങ്ങൾ ഇതിന്റെ ഭാഗമായി നടന്നു. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും ലോകസമാധാനത്തിന്റെയും വലിയ മുദ്രാവാക്യങ്ങൾ. അധികാരത്തിന്റെ ഭാരമില്ലാതെ ഉയർത്തപ്പെട്ട പ്രതിഷേധ സമരങ്ങളായിരുന്നു അവ. പല സമയങ്ങളിലായി അതെല്ലാം ദുർബ്ബലമാവുകയും അടിച്ചമർത്തപ്പെടുകയും ചെയ്‌തെങ്കിലും തങ്ങൾക്കു മുമ്പുള്ള കാലത്തിനേക്കാൾ ജനാധിപത്യ രാഷ്ട്രീയത്തിൻെറയും സമഗ്രാധിപത്യ ഭരണകൂടവിരുദ്ധതയുടെയും രാഷ്ട്രീയസംവാദങ്ങളെ മുമ്പത്തേക്കാളും ശക്തിയായി ലോകത്ത് നിലനിർത്തിക്കൊണ്ടാണ് അവ പോയത്.

ഇന്ത്യയിൽ ഇത്തരം പൗരസമൂഹ ജനാധിപത്യ സമരങ്ങൾ 1968 മാതൃകയിൽ ഉണ്ടായെന്ന് പറയാനാകില്ല. പരസ്പരം വലിയ വേഗത്തിൽ ചാർച്ച കണ്ടെത്താനാകുന്ന പ്രതിഷേധസജ്ജമായ രാഷ്ട്രീയവ്യവഹാരങ്ങളിൽ കർതൃത്വസാധ്യതയുള്ള ഒരു സമൂഹം ഇന്ത്യയിൽ രൂപപ്പെട്ടുവന്നിട്ടില്ലായിരുന്നു. എങ്കിൽപ്പോലും ഇടതുപക്ഷ കക്ഷികളുടേയും നക്സലൈറ്റുകളുടെയും രാഷ്ട്രീയ കലാപങ്ങളും അതിലുൾപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുടെ സമരങ്ങളുമെല്ലാം വ്യവസ്ഥാവിരുദ്ധതയുടെ ജനാധിപത്യനൈരന്തര്യമായിരുന്നു എന്നതിൽ സംശയമില്ല.

സുപ്രീം കോടതിയുടെ പരമ്മോന്നത ന്യായാധിപനായ സൂര്യകാന്താണ് രാജ്യത്തെ തൊഴിൽരഹിതരായ ചെറുപ്പക്കാർ പാറ്റകളെപ്പോലെയാണെന്നും അവരാണ് വേറൊരു പണിയുമില്ലാതെ പലതരം ‘activist’ കളായി നടക്കുന്നതെന്നും ആക്ഷേപിച്ചത്.
സുപ്രീം കോടതിയുടെ പരമ്മോന്നത ന്യായാധിപനായ സൂര്യകാന്താണ് രാജ്യത്തെ തൊഴിൽരഹിതരായ ചെറുപ്പക്കാർ പാറ്റകളെപ്പോലെയാണെന്നും അവരാണ് വേറൊരു പണിയുമില്ലാതെ പലതരം ‘activist’ കളായി നടക്കുന്നതെന്നും ആക്ഷേപിച്ചത്.

ഇന്ത്യയിലെ രാഷ്ട്രീയാധികാരത്തെ പിടിച്ചുകുലുക്കിയ മറ്റൊരു മുന്നേറ്റമുണ്ടാകുന്നത് ഇതേ കാലയളവിൽ ഗുജറാത്തിലും ബിഹാറിലുമാണ്. ഭക്ഷ്യവിലക്കയറ്റത്തിനും അഴിമതിക്കുമെതിരായി 1974-ൽ ഗുജറാത്തിലുണ്ടായ നവനിർമാൺ പ്രസ്ഥാനമെന്ന വിദ്യാർത്ഥി സമരം സംസ്ഥാന സർക്കാരിനെ താഴെയിറക്കി. ജയപ്രകാശ് നാരായണൻ പ്രഖ്യാപിച്ച ‘വിപ്ലവ പരിപാടി’യുടെ പിന്നിൽ അണിനിരന്ന് ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മക്കുമെതിരെ രൂപപ്പെട്ട ബിഹാറിലെ വിദ്യാർത്ഥിമുന്നേറ്റം ദേശീയ രാഷ്ട്രീയത്തിൽത്തന്നെ വലിയ ചലനങ്ങളുണ്ടാക്കി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ച (1975 ജൂൺ) അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ ഈ സമരങ്ങളുടെ സ്വാധീനം ചെറുതല്ലായിരുന്നു.

എന്നാൽ ഇത്തരം പ്രതിഷേധ മുന്നേറ്റങ്ങൾക്ക് ജനാധിപത്യ രാഷ്ട്രീയത്തിന്റെ തുടർച്ചയില്ലാതെ പോയി. ജെ പി പ്രസ്ഥാനം വലതുപക്ഷവത്ക്കരണം അടക്കമുള്ള കടുത്ത പിന്തിരിപ്പൻ വ്യതിയാനങ്ങളിലേക്ക് നീങ്ങുകയും പലപ്പോഴും അതിന്റെ ആത്യന്തിക ഗുണഭോക്താക്കൾ ഹിന്ദുത്വ വലതുപക്ഷ രാഷ്ട്രീയമായി മാറുകയും ചെയ്തു. ഒരിടക്കാലത്തേക്ക് 1980-കളുടെ അവസാനവും 1990-കളുടെ ആദ്യഘട്ടത്തിലും, സംസ്ഥാന രാഷ്ട്രീയകക്ഷികളും ഉപദേശീയതാ രാഷ്ട്രീയവും ശക്തിയാർജ്ജിച്ച ഒരു ഫെഡറൽ രാഷ്ട്രീയ സാഹചര്യം ഇന്ത്യയിലുണ്ടായെങ്കിലും, ബി ജെ പി രാഷ്ട്രീയാധികാരത്തിലെത്തുന്ന കാലമായപ്പോഴേക്കും ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ മണ്ഡലത്തിൽ നിയാമകമായ സ്വാധീനം കൈവന്നിരുന്നു.

നവ ഉദാരീകരണ- സാമ്പത്തിക നയങ്ങളുടെ ഗുണഭോക്താക്കളാകാൻ കഴിയുമെന്ന പ്രതീക്ഷ പുലർത്തിയ വലിയൊരു വിഭാഗം മധ്യവർഗം ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെ ഏറ്റവും ഉറപ്പുള്ള സാമൂഹ്യപിന്തുണാവിഭാഗമായി മാറി. വലുതും ചെറുതുമായ നഗരങ്ങളിൽ വലിയതോതിൽ കേന്ദ്രീകരിച്ച ഈ മധ്യവർഗത്തിന്റെ പിന്തുണ ബി ജെ പിയുടെ രാഷ്ട്രീയാധികാരത്തിനു നൽകിയ സാധുത ചെറുതല്ലായിരുന്നു. അതുകൊണ്ടുകൂടിയാണ് അത്തരം സ്വാധീനത്തെ സമ്പൂർണമാക്കുന്നതിനുവേണ്ടി “Urban Naxal” എന്ന പ്രയോഗവുമായി മോദി ഭരണകൂടം രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ തുടങ്ങിയത്. നഗരങ്ങളിലും സർവ്വകലാശാലകളിലും മാധ്യമങ്ങളിലുമെല്ലാം അവശേഷിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ഇല്ലാതാക്കാനും നിർവീര്യമാക്കാനുമുള്ള കടന്നാക്രമണമായിരുന്നു അത്. ഇന്ത്യയിലെ മധ്യവർഗത്തെ ഫാഷിസ്റ്റ് രാഷ്ട്രീയാധികാരവുമായി ചേർത്തുവെക്കാനുള്ള അവസാന പദ്ധതികളിലൂടെയാണ് ഇന്ത്യ കടന്നുപോയിക്കൊണ്ടിരുന്നത്. അതിൽനിന്നുള്ള അപ്രതീക്ഷിതവും ശക്തവുമായ ഒരു കുതറലും വിടുതലുമാണ് സി ജെ പി / Gen Z പ്രതിഷേധമെന്നതാണ് അതിന്റെ ചരിത്രപ്രാധാന്യം.

ഭക്ഷ്യവിലക്കയറ്റത്തിനും അഴിമതിക്കുമെതിരായി 1974-ൽ ഗുജറാത്തിലുണ്ടായ നവനിർമാൺ പ്രസ്ഥാനമെന്ന വിദ്യാർത്ഥി സമരം സംസ്ഥാന സർക്കാരിനെ താഴെയിറക്കി.
ഭക്ഷ്യവിലക്കയറ്റത്തിനും അഴിമതിക്കുമെതിരായി 1974-ൽ ഗുജറാത്തിലുണ്ടായ നവനിർമാൺ പ്രസ്ഥാനമെന്ന വിദ്യാർത്ഥി സമരം സംസ്ഥാന സർക്കാരിനെ താഴെയിറക്കി.

മോദി അധികാരമേറ്റശേഷം നേരിടുന്ന ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിലൊന്നാണിത്. ഇതിനുമുമ്പ് സമാന പ്രതിഷേധമുയർന്നത് കർഷക സമരത്തിലും പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലുമാണ്. ഒന്നാം കർഷക സമരത്തിൽ മോദി സർക്കാരിന് അടിയറവ് പറയേണ്ടിവരികയും മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കേണ്ടിവരികയും ചെയ്തു. പൗരത്വ ഭേദഗതിക്കെതിരായ സമരം എന്നാൽ വിജയിച്ചില്ല. അതിനെ ആ നിയമഭേഗതിപോലെ മതാടിസ്ഥാനത്തിൽ ചുരുക്കിക്കാണിക്കാനും ദുർബ്ബലമാക്കാനുമുള്ള മോദി സർക്കാരിന്റെ ശ്രമങ്ങൾ ഒരു പരിധിവരെ വിജയിച്ചു. ഒരു മതേതര ജനാധിപത്യ പ്രക്ഷോഭമെന്ന രീതിയിൽ അതിനെ വളർത്തിക്കൊണ്ടുവരുന്നതിൽ മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും പരാജയപ്പെട്ടു. കർഷക സമരങ്ങൾക്കും ബി ജെ പിയുടെ രാഷ്ട്രീയാധികാരത്തെ വെല്ലുവിളിക്കുന്ന രാഷ്ട്രീയാഖ്യാനമായി മാറാനായില്ല.

അതിനു പല കാരണങ്ങളുമുണ്ട്. അതിൽ പ്രധാനം, ആ സമരവിഭാഗങ്ങൾ ഒരു നിശ്ചിതവിഭാഗം ജനങ്ങൾ മാത്രമാണ് എന്നതായിരുന്നു. ഇന്ത്യയിൽ സാമൂഹ്യമായ സ്വാധീനം കുറഞ്ഞുവരുന്ന വിഭാഗമാണ് കർഷകർ. കാർഷിക മേഖലക്ക് രാജ്യത്തിന്റെ തൊഴിൽ- സമ്പദ് മേഖലയിലും വരുമാനത്തിലുമുള്ള പങ്ക് കുറഞ്ഞുവരികയാണ്. ഒരൊറ്റ കർഷകരുമില്ലാത്ത, തലമുറകളായി കൃഷി ചെയ്യാത്ത വലിയൊരു വിഭാഗം മനുഷ്യരാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ മധ്യവർഗം കാർഷികവൃത്തിയിൽ നിന്നുമുള്ള വിച്ഛേദത്തെ പുരോഗതിയിലേക്കും കൂടുതൽ സമ്പന്നവും സാമൂഹ്യ സ്വീകാര്യതയുള്ള ജീവിതത്തിലേക്കുമുള്ള വഴിയായാണ് കാണുന്നത്. ആഗോളതലത്തിൽത്തന്നെ സേവനമേഖലയുടെ വലിയ സ്വാധീനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ട് കർഷകരുടെ സമരം അതിന്റെ രാഷ്ട്രീയത്തെ ഏറ്റെടുക്കാനുള്ള സന്നദ്ധതയിലേക്ക് ഇന്ത്യൻ സമൂഹത്തെ എത്തിച്ചില്ല.

മറ്റ് സമരങ്ങളെപ്പോലെ വിഭാഗീയതന്ത്രങ്ങളിൽ മാഞ്ഞുപോകുന്നതല്ല ഈ പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങൾ. അത് അധിക വിശകലനങ്ങൾ ആവശ്യമില്ലാതെത്തന്നെ ഇന്ത്യയിലെ വലിയൊരു വിഭാഗം യുവാക്കളെയും വിദ്യാർത്ഥികളേയും തൊടുന്നുണ്ട്.

പൗരത്വ നിയമഭേദഗതിക്കെതിരായ സമരമാകട്ടെ മുസ്ലീങ്ങളുടെ പ്രശ്നം മാത്രമാണെന്ന നിലയിലേക്ക് ചുരുക്കുകയായിരുന്നു. മുസ്ലീങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുതന്നെയാണ് അതിന്റെ പെട്ടന്നുള്ള പ്രയോഗമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയെത്തന്നെ ഇല്ലാതാക്കലായിരുന്നു ആ ഭേദഗതിയുടെ രാഷ്ട്രീയം. മതം പൗരത്വത്തിന്റെ മാനദണ്ഡമാകുന്നതോടെ ഭരണഘടനയുടെ അടിസ്ഥാന ഘടനകളിലൊന്നാണ് അട്ടിമറിക്കപ്പെടുന്നത്. എന്നാൽ മുസ്ലീങ്ങളുടെ സമരത്തോട് ജനാധിപത്യ- മതേതര സമൂഹം ഐക്യപ്പെടുന്നു എന്ന നിലയിലാണ് ആ സമരം നീങ്ങിയത്. ഷാഹീൻബാഗിലടക്കം ദൽഹിയിൽ മുസ്‌ലിം സ്ത്രീകൾ നടത്തിയ സമരത്തിനെതിരായ ഭരണകൂട അടിച്ചമർത്തലിനോടുള്ള പ്രതിഷേധവും അതുകൊണ്ടുതന്നെ ഈ രാജ്യത്തിന്റെ കൂട്ടായ പ്രക്ഷോഭമായി വളരാതെ പോയി.

എന്നാൽ സി ജെ പിയുടെ ചോദ്യപേപ്പർ ചോർച്ച സമരം അങ്ങനെയല്ല. ഇന്ത്യയിലെ ഏതാണ്ടെല്ലാ വീട്ടിൽനിന്നും എല്ലാ കാലത്തും വിദ്യാർത്ഥികളുണ്ടായിട്ടുണ്ടാകും. വിദ്യാഭ്യാസവും അതിന്റെ ഫലമായി കിട്ടുന്ന തൊഴിലുകളും മാത്രമാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം മനുഷ്യരുടേയും ജീവിതപ്രതീക്ഷ. അതുകൊണ്ടുതന്നെ തങ്ങളുടെ ജീവശ്വാസമെന്ന മട്ടിൽ കാണുന്ന ഒരു പരിപാടിയിൽ തങ്ങൾ അടപടലം വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് ഇന്ത്യയിലെ മധ്യവർഗത്തിന്, പ്രത്യേകിച്ച്, താങ്ങാനാകാത്തതാണ്. ആ തിരിച്ചറിവിന്റെ ക്ഷോഭം കൂടിയാണ് ഈ സമരം. മറ്റ് സമരങ്ങളെപ്പോലെ വിഭാഗീയതന്ത്രങ്ങളിൽ മാഞ്ഞുപോകുന്നതല്ല ഈ പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങൾ. അത് അധിക വിശകലനങ്ങൾ ആവശ്യമില്ലാതെത്തന്നെ ഇന്ത്യയിലെ വലിയൊരു വിഭാഗം യുവാക്കളെയും വിദ്യാർത്ഥികളേയും തൊടുന്നുണ്ട്. അതിനർത്ഥം അവരുടെ വീടുകളിലും അതെത്തുമെന്നാണ്.

മോദി അധികാരമേറ്റശേഷം നേരിടുന്ന ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിലൊന്നാണ് Cockroach Janta Party (CJP) നേതൃത്വം നൽകുന്ന സമരം. ഇതിനുമുമ്പ് സമാന പ്രതിഷേധമുയർന്നത് കർഷക സമരത്തിലും പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലുമാണ്.
മോദി അധികാരമേറ്റശേഷം നേരിടുന്ന ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിലൊന്നാണ് Cockroach Janta Party (CJP) നേതൃത്വം നൽകുന്ന സമരം. ഇതിനുമുമ്പ് സമാന പ്രതിഷേധമുയർന്നത് കർഷക സമരത്തിലും പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലുമാണ്.

ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയപദ്ധതിയെ സ്വാഭാവികമായൊരു ഭരണസംവിധാനമെന്ന നിലയിൽ സ്വീകരിക്കാൻ സംഘപരിവാർ പാകപ്പെടുത്തിയെടുത്ത ഇന്ത്യൻ മധ്യവർഗ്ഗമാണ് ഇത്തരത്തിൽ തങ്ങൾക്കെതിരുനിൽക്കാൻ പോകുന്നതെന്ന ഞെട്ടലാണ് സംഘപരിവാറിനെയും മോദി സർക്കാരിനെയും തളർത്തുന്നത്. ആ ഭയത്തിൽനിന്നാണ് സമരത്തിനെതിരെ കേന്ദ്ര സർക്കാർ ദൽഹി പോലീസിനെയും അർദ്ധ സൈനിക വിഭാഗങ്ങളെയും കേന്ദ്ര പോലീസിനെയും കൊണ്ട് കടുത്ത ആക്രമണം നടത്തിയത്. സംഘപരിവാറിന്റെ ഫാഷിസ്റ്റ് തെരുവുഗുണ്ടകൾ സർക്കാർ സേനക്കൊപ്പം ചേർന്ന് ആക്രമണം നടത്തി എന്നത്, എത്ര കൃത്യമായാണ് ഫാഷിസ്റ്റ് രാഷ്ട്രീയവും സർക്കാർ സംവിധാനവും കൂട്ടിക്കലരുന്നത് എന്നും അത് സ്വാഭാവികമെന്ന മട്ടിൽ സ്വീകരിക്കപ്പെടുന്നു എന്നും വ്യക്തമാക്കുന്നു.

ഹിംസ / അക്രമം എന്നത് ഏകപക്ഷീയമായി പ്രയോഗിക്കാനുള്ള അധികാരമാണ് ഭരണകൂടം നിലനിർത്തുന്നത്. ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ഭരണകൂടത്തിന് ആവോളം അക്രമം നടത്താമെന്നും ജനങ്ങൾ എല്ലായ്പ്പോഴും അത് സഹിക്കണം എന്നുമുള്ളത് വക്രീകരിച്ച യുക്തിയാണ്. പൊലീസിനോട് നിരായുധരായി ചെറുത്തുനിൽക്കുന്ന പ്രതിഷേധക്കാരെ അതിഭീകരമായി ആക്രമിക്കുന്നത് എങ്ങനെയാണ് ഒരു ജനാധിപത്യ രാഷ്ട്രീയ വ്യവഹാരമാകുന്നത് എന്ന ചോദ്യം ഉയരുകതന്നെവേണം. ഭരണകൂടം തല്ലിയൊതുക്കി പതം വരുത്തിയശേഷം ചില ചർച്ചകൾ നടത്തി നാടകം കളിക്കാമെന്ന മോദി സർക്കാരിന്റെ തട്ടിപ്പ് തള്ളിക്കളയാനായി ഇതുവരെയും എന്നത്, ഈ സമരത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ പ്രതീക്ഷയുള്ളതാക്കുന്നുണ്ട്.

ഇതിനുമുമ്പ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടക്കുകയും പിന്നീട് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയുടെ രൂപവത്ക്കരണത്തിലേക്ക് എത്തുകയും ചെയ്ത അഴിമതി വിരുദ്ധ / ലോക്പാൽ സമരത്തിൽ നിന്ന് ഗുണപരമായി പാറ്റകളുടെ സമരത്തെ വിഭിന്നമാക്കുന്നത്, അവയുടെ രാഷ്ട്രീയ ഉള്ളടക്കങ്ങളാണ്.

മോദി സർക്കാരും സംഘപരിവാറും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഭയത്തിന്റെ റിപ്പബ്ലിക്കിനെ തുറന്ന് നേരിട്ടു എന്നതാണ് ഈ സമരം നൽകിയ ഏറ്റവും നിർണ്ണായകമായ പ്രായോഗികനേട്ടം. നിരന്തര ഭയത്തിലും ഉൾവലിയലിലും ഒരു ജനതയെ കുരുക്കിയിട്ടാണ് ഫാഷിസ്റ്റുകൾ ഭരണം നടത്തുക. ഏതുവിധത്തിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളെയും വിമതസ്വരങ്ങളെയും യാതൊരു മറയുമില്ലാതെ അടിച്ചമർത്തുകയെന്നത് ഒരു ഭരണ- രാഷ്ട്രീയ പദ്ധതിയായി മോദി സർക്കാരും സംഘപരിവാറും കൊണ്ടുനടക്കുകയുമാണ്. ഫാഷിസത്തിന്റെ ജൈവഘടന തന്നെ ജനാധിപത്യവിരുദ്ധമായ ആവാസവ്യവസ്ഥയിൽ മാത്രം നിലനിൽക്കുന്നതാണ്. അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ വ്യവഹാരങ്ങൾക്കിടമുള്ള സമൂഹം അവരെ സംബന്ധിച്ച് ആത്മഹത്യാപരമാണ്.

എല്ലാ പ്രതിഷേധങ്ങളെയും ദേശദ്രോഹികൾ, ടുക്കടെ ടുക്കടെ ഗാങ്, അർബൻ നക്സലുകൾ, മാവോവാദികൾ, ജിഹാദികൾ എന്നൊക്കെപ്പറഞ്ഞാണ് മോദി സർക്കാർ നേരിടുന്നത്. ജനാധിപത്യത്തിന്റെ അനിവാര്യതയും ജീവനാഡിയുമായ വിമതത്വത്തോട് ജനാധിപത്യസംവാദം സാധ്യമല്ലാത്ത രാഷ്ട്രീയ സംവിധാനമാണ് ഫാഷിസം. ഈ ജനാധിപത്യവിരുദ്ധതയുടെയും അടിച്ചമർത്തലത്തിന്റെയും ഭയം നിറഞ്ഞ ആവാസവ്യവസ്ഥയെ, അതിന്റെ അടിച്ചേൽപ്പിക്കപ്പെട്ട സ്വാഭാവികതയെ, അതുണ്ടാക്കിയ പൊതുബോധത്തെ, അതിന്റെ അടിക്കല്ലുകളിലൊന്നായിരുന്ന ഒരു വിഭാഗം തന്നെ വെല്ലുവിളിക്കുന്നു എന്നത് പാറ്റകളുടെ സമരത്തെ ഫാഷിസ്റ്റ് വിരുദ്ധ സമരത്തിലെ നിർണ്ണായക അധ്യായമായി മാറ്റുന്നുണ്ട്.

സംഘപരിവാറിന്റെ ഫാഷിസ്റ്റ് തെരുവുഗുണ്ടകൾ സർക്കാർ സേനക്കൊപ്പം ചേർന്ന് ആക്രമണം നടത്തി എന്നത്, എത്ര കൃത്യമായാണ് ഫാഷിസ്റ്റ് രാഷ്ട്രീയവും സർക്കാർ സംവിധാനവും  കൂട്ടിക്കലരുന്നത് എന്നും അത് സ്വാഭാവികമെന്ന മട്ടിൽ സ്വീകരിക്കപ്പെടുന്നു എന്നും വ്യക്തമാക്കുന്നു.
സംഘപരിവാറിന്റെ ഫാഷിസ്റ്റ് തെരുവുഗുണ്ടകൾ സർക്കാർ സേനക്കൊപ്പം ചേർന്ന് ആക്രമണം നടത്തി എന്നത്, എത്ര കൃത്യമായാണ് ഫാഷിസ്റ്റ് രാഷ്ട്രീയവും സർക്കാർ സംവിധാനവും കൂട്ടിക്കലരുന്നത് എന്നും അത് സ്വാഭാവികമെന്ന മട്ടിൽ സ്വീകരിക്കപ്പെടുന്നു എന്നും വ്യക്തമാക്കുന്നു.

ഇതിനുമുമ്പ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടക്കുകയും പിന്നീട് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയുടെ രൂപവത്ക്കരണത്തിലേക്ക് എത്തുകയും ചെയ്ത അഴിമതി വിരുദ്ധ / ലോക്പാൽ സമരത്തിൽ നിന്ന് ഗുണപരമായി പാറ്റകളുടെ സമരത്തെ വിഭിന്നമാക്കുന്നത്, അവയുടെ രാഷ്ട്രീയ ഉള്ളടക്കങ്ങളാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യ മുന്നണി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ കൽക്കരി കുംഭകോണവും ടെലികോം അഴിമതിയുമടക്കമുള്ള വലിയ ആരോപണങ്ങൾ നേരിടുന്ന ഘട്ടത്തിലാണ് അണ്ണാ ഹസാരെയുടെ സമരം നടന്നത്. ഇന്ത്യയിലെ ഓരോ മനുഷ്യനും നിത്യജീവിതത്തിൽ നേരിടുന്ന അഴിമതി എന്ന പ്രശ്നം മുന്നിൽവെച്ചതോടെ, ആ സമരത്തിന് വലിയ സ്വീകാര്യത കിട്ടി. എന്നാൽ അണ്ണാ ഹസാരെയുടെ സമരത്തിന്റെ ഏറ്റവും പ്രധാന പ്രായോജകർ സംഘ്പരിവാറായിരുന്നു. സമരസ്ഥലത്തേക്ക് ആളുകളെ കൂട്ടമായി എത്തിക്കുന്നതുമുതൽ ബാബാ രാം ദേവും ശ്രീ ശ്രീ രവിശങ്കറുമടക്കമുള്ള സംഘപരിവാർ കൂട്ടത്തിലെ ആത്മീയ വ്യാപാരികളെ അണിനിരത്തുന്നതിലടക്കം സംഘപരിവാർ കൃത്യമായി പ്രവർത്തിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്കതിന്റെ ഗുണം കിട്ടുമെന്ന അവരുടെ പ്രതീക്ഷ തെറ്റിയതുമില്ല.

പിന്നീട് ആം ആദ്മി പാർട്ടി രൂപവത്ക്കരിക്കുകയും ബി ജെ പിക്കും കോൺഗ്രസിനുമെതിരെ ദൽഹിയിലും പിന്നീട് പഞ്ചാബിലും തെരഞ്ഞെടുപ്പ് വിജയങ്ങൾ നേടുകയും ചെയ്‌തെങ്കിലും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലായ രാഷ്ട്രീയമായിരുന്നില്ല അവർ ഉയർത്തിയത്. ബി ജെ പിയുമായി തെരഞ്ഞെടുപ്പ് മത്സരത്തിലേർപ്പെടുന്ന ഒരു വലതുപക്ഷ കക്ഷിയുടെ സ്വഭാവമാണ് AAP വളർത്തിയെടുത്തത്. രാമജന്മഭൂമിയിലേക്കുള്ള തീർത്ഥാടന സഹായവും അരവിന്ദ് കെജ്‌രിവാളിന്റെ ഹനുമാൻ ചാലിസയുമൊക്കെയായി ഒരു സാത്വക ഹിന്ദു രക്ഷകനായാണ് അരവിന്ദ് കെജ്‌രിവാൾ സ്വയം പ്രതിഷ്ഠിക്കാൻ ശ്രമിച്ചത്. ആ മുന്നേറ്റത്തിന്റെ വലതുപക്ഷസ്വഭാവം സംവരണ വിരുദ്ധ പ്രക്ഷോഭമടക്കമുള്ള മുൻസമരങ്ങളിൽനിന്നു തുടങ്ങി വ്യക്തവുമായിരുന്നു.

അണ്ണാ ഹസാരെ സമരത്തിലെ വലതുപക്ഷ രാഷ്ട്രീയം പാറ്റകളുടെ സമരത്തിൽ ഒരളവോളം നമുക്ക് കാണാവുന്നത് സോനം വാങ്‌ചുക്കിന്റെ രാഷ്ട്രീയത്തിലാണ്. അദ്ദേഹം നിരാഹാരം അവസാനിപ്പിക്കുമ്പോൾ അത് കേന്ദ്രസർക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഭാഷയിലായത് കേവലമായ പ്രായോഗികതയായി ചുരുക്കേണ്ടതല്ല.

വാസ്തവത്തിൽ AAP ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പിന്തുണവിഭാഗങ്ങളിലെ, വിശിഷ്യാ ഹിന്ദുത്വ വലതുപക്ഷത്തിലെ, ഭരണനിർവ്വഹണത്തിന്റെ ഗുണമേന്മ സംബന്ധിച്ച ഒരു അധികാരത്തർക്കത്തിന്റെ ഉൽപ്പന്നം കൂടിയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ ഒരു പ്രത്യയശാസ്ത്രപദ്ധതിയെന്ന നിലയിൽ നേരിട്ടില്ല എന്നു മാത്രമല്ല, ആക്രമണോത്സുകമായ ഹിന്ദുത്വയല്ലാത്ത, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നന്മകളാണ് തങ്ങളുടേത് എന്ന മട്ടിലാണ് AAP നീങ്ങിയത്. നരേന്ദ്ര മോദിയാണ് ആക്രമണോത്സുക ഹിന്ദുത്വ അവതരിപ്പിച്ച രക്ഷകനെങ്കിൽ അരവിന്ദ് കേജ്‌രിവാളെന്ന സാത്വികനായ ഹിന്ദു രക്ഷകനെയാണ് AAP അവതരിപ്പിച്ചത്. ഒരേ ജനിതകസൂത്രങ്ങളിലാണ് രണ്ടുപക്ഷവും മികവ് തെളിയിക്കാൻ ശ്രമിച്ചത്. (എങ്കിൽപ്പോലും ആ തർക്കത്തിനെയും സംഘപരിവാർ വിരുദ്ധ മുന്നണിയിലേക്ക് തന്ത്രപരമായി ചേർക്കേണ്ടതുണ്ട് എന്നത് യാഥാർത്ഥ്യബോധമാണ്).

അണ്ണാ ഹസാരെ സമരത്തിലെ വലതുപക്ഷ രാഷ്ട്രീയം പാറ്റകളുടെ സമരത്തിൽ ഒരളവോളം നമുക്ക് കാണാവുന്നത് സോനം വാങ്‌ചുക്കിന്റെ രാഷ്ട്രീയത്തിലാണ്. സാമാന്യമായ അർത്ഥത്തിൽ ചോദ്യക്കടലാസ് ചോർച്ച വിഷയത്തിൽ സർക്കാർ നടപടികളാവശ്യപ്പെട്ടും മാനവശേഷി വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടും സോനം വാങ്‌ചുക് നടത്തിയ 26 ദിവസം നീണ്ട നിരാഹാരസമരം പ്രശ്നത്തിൽ അണിനിരക്കാൻ വലിയൊരുവിഭാഗം ആളുകളെയും യുവാക്കളെയും പ്രേരിപ്പിച്ചു. എന്നാൽ നിരാഹാരം അവസാനിപ്പിക്കുമ്പോൾ അത് കേന്ദ്രസർക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഭാഷയിലായത് കേവലമായ പ്രായോഗികതയായി ചുരുക്കേണ്ടതല്ല.

മോദി സർക്കാരിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ പദ്ധതിയുമായി നേർക്കുനേർ എതിരിടുന്ന രാഷ്ട്രീയം സോനം വാങ്‌ചുക്കിനില്ല.
മോദി സർക്കാരിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ പദ്ധതിയുമായി നേർക്കുനേർ എതിരിടുന്ന രാഷ്ട്രീയം സോനം വാങ്‌ചുക്കിനില്ല.

ഇതിനു മുമ്പ് ലഡാക്കിന്റെ സ്വയംഭരണാവകാശത്തിനു വേണ്ടിയുള്ള സമരത്തിൽ മോദി സർക്കാർ UPA അടക്കമുള്ള മനുഷ്യാവകാശ വിരുദ്ധ നിയമങ്ങളുപയോഗിച്ച് തടവിലാക്കിയതാണ് അദ്ദേഹത്തെ. എന്നാൽ മോദി സർക്കാരിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ പദ്ധതിയുമായി നേർക്കുനേർ എതിരിടുന്ന രാഷ്ട്രീയം സോനം വാങ്‌ചുക്കിനില്ല. അതുകൊണ്ടുതന്നെ സമരത്തിലെ അക്രമത്തിന്റെ പേരുപറഞ്ഞ് വലതുപക്ഷ ധാർമ്മികതയുടെ ന്യായവാദങ്ങൾ നിരത്തി സമരത്തെ പ്രതിസന്ധിയിലാക്കിയ സോനം വാങ്‌ച്ക് നമ്മളെ അത്ഭുതപ്പെടുത്തേണ്ടതില്ല. പാറ്റകൾ നേരിടാൻ പോകുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെ ഒരുദാഹരണം കൂടിയാണിത്.

ഇത്തരം പ്രതിസന്ധികളുണ്ടെങ്കിലും സി ജെ പി/വിദ്യാർത്ഥി, യുവജന സമരം അണ്ണാ ഹസാരെ സമരത്തിൽനിന്ന് വ്യത്യസ്തമാണ്. അത് നേരിട്ടെതിർക്കുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി / എൻ ഡി എ സർക്കാരിനെയാണ്. സർവ്വശക്തനും വിട്ടുവീഴ്ചകൾക്ക് തയ്യറാല്ലാത്തവനുമായ പരമാധികാരിയെന്ന മോദിയുടെ പ്രതിച്ഛായക്ക് നേരെയാണ് പാറ്റകൾ നേരിട്ടുള്ള സമരം പ്രഖ്യാപിച്ചിട്ടുള്ളത്. കർഷക സമരം ഒരു വിഭാഗം ആളുകളിലും വടക്കേ ഇന്ത്യയിലെ കാർഷിക മേഖലയിലും മാത്രമായിരുന്നു സ്വാധീനം ചെലുത്തിയതെങ്കിൽ യുവജന, വിദ്യാർത്ഥി സമരം ഇന്ത്യയാകെ അതിന്റെ രാഷ്ട്രീയ മുദ്രാവാക്യത്തെ പടർത്താൻ സാധ്യതയുള്ളതാണ്.

മുകളിൽനിന്ന് താഴോട്ടുള്ള അധികാരഘടനയുടെ രാഷ്ട്രീയരൂപങ്ങളിൽനിന്ന് വ്യത്യസ്തമായി നിരവധി തുറവുകളും കയറിയിറങ്ങാവുന്ന രൂപഘടനയുമുള്ള ജനസഞ്ചയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ സജീവമായ സമരസാധ്യതയാണ്.

സമരം ചെയ്യുന്ന യുവാക്കളും വിദ്യാർത്ഥികളും നാളെ സമൂഹത്തിലെ ഏത് തൊഴിൽ മേഖലയിലുമെത്താം. ഇന്ത്യയെന്ന രാഷ്ട്രീയ, സാമൂഹ്യ ശരീരത്തിന്റെ അടുത്ത തലമുറകളിലേക്ക് പകരാവുന്ന ഫാഷിസ്റ്റ് രാഷ്ട്രീയ വിരുദ്ധതയുടേയും ജനാധിപത്യരാഷ്ട്രീയത്തിന്റെയും നിശ്ശബ്ദ വാഹകരാകാനുള്ള ശേഷി ഈ സമരത്തിലെ സജീവപങ്കാളികളും അല്ലാത്തവരുമായ വിഭാഗങ്ങൾക്കുണ്ട്. ഈ സമരത്തിന്റെ ഓർമ്മ പോലും അതിനു സാധ്യത സൃഷ്ടിക്കുമെന്നും മോദി സർക്കാരിനും സംഘപരിവാറിനുമറിയാം. ഭയത്തിന്റെ കരിമ്പടങ്ങളെ വലിച്ചെറിയുന്ന ജനതയെപ്പോലെ ഫാഷിസ്റ്റ് ഭരണകൂടത്തിനെ അസ്തിത്വപ്രതിസന്ധിയിലാക്കുന്ന മറ്റൊന്നുമില്ല.

ഇന്ത്യയിലെ സാമ്പ്രദായിക രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയശേഷിക്കുറവുകൂടിയാണ് ഇത്തരം സമരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. വലിയ രാഷ്ട്രീയ പ്രതിഷേധങ്ങളെ സംഘടിതമായി ഉയർത്തിക്കൊണ്ടുവരാനുള്ള രാഷ്ട്രീയശേഷി അവർ കാണിക്കുന്നില്ല. അതോടൊപ്പം അത്തരം വിഷയങ്ങളിൽ അവർക്കൊപ്പം അണിനിരക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനോ ജനങ്ങളുടെ വിശ്വാസ്യത നേടാനോ അവർക്കാവുന്നുമില്ല. ജനാധിപത്യ രാഷ്ട്രീയത്തിന്റെ ജനകീയ വിശ്വാസ്യത ഇന്ത്യയിലെ പ്രതിപക്ഷത്തിന് നേടാനായിട്ടില്ല. എന്നാലത് അത്ര അസാധാരണമായ ഒരു സാഹചര്യമല്ല. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളിൽക്കൂടിയാണ് ജനാധിപത്യ സമൂഹം അതിനെ പുതുക്കിപ്പണിയുന്നത്. അങ്ങനെയാണ് പൗരസമൂഹം രാഷ്ട്രീയത്തിൽ നിരന്തരം ഇടപെടുന്ന അതിന്റെ അനിവാര്യമായ പങ്കിനെ തിരിച്ചറിയുന്നത്.

സർവ്വശക്തനും വിട്ടുവീഴ്ചകൾക്ക് തയ്യറാല്ലാത്തവനുമായ പരമാധികാരിയെന്ന മോദിയുടെ പ്രതിച്ഛായക്ക് നേരെയാണ് പാറ്റകൾ നേരിട്ടുള്ള സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
സർവ്വശക്തനും വിട്ടുവീഴ്ചകൾക്ക് തയ്യറാല്ലാത്തവനുമായ പരമാധികാരിയെന്ന മോദിയുടെ പ്രതിച്ഛായക്ക് നേരെയാണ് പാറ്റകൾ നേരിട്ടുള്ള സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

പാറ്റകളുടെ സമരമാകട്ടെ പൗരസമൂഹത്തിന്റെ ഘടനയ്ക്കും പുറത്തുള്ള ഒരുതരത്തിൽ ജനസഞ്ചയ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന ഒന്നാണ്. അതിനെ ക്രമമായ ഒരു പൗരവിഭാഗമായി കണക്കാക്കാനാകില്ല. പൊടുന്നനെയുള്ള ഒരു രൂപപ്പെടൽ അതിൽ കാണാം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പാറ്റകളെന്ന് തൊഴിലില്ലാത്ത ചെറുപ്പക്കാരെ അധിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ രണ്ടാഴ്ചക്കുള്ളിൽ 22 ദശലക്ഷം പേരാണ്, ‘ഞങ്ങൾ പാറ്റകൾ’ എന്ന് സാമൂഹ്യമാധ്യമങ്ങളിൽ പാറ്റാ കക്ഷിക്കൊപ്പം ചേർന്നുകൊണ്ട് പറഞ്ഞത്. എവിടെനിന്നാണ് ഇത്രയും വിമതരെന്ന് ഭരണകൂടം അമ്പരക്കുന്ന സമയമാണത്.

സാമൂഹ്യമാധ്യമങ്ങളിലേതിന് സമാനമായി ജന്തർ മന്തറിലെ സമരസ്ഥലത്തേക്ക് ഒഴുകിയെത്തുന്ന യുവാക്കളും വിദ്യാർത്ഥികളുമടങ്ങുന്ന മനുഷ്യരും ഒരു രാഷ്ട്രീയ ആൾക്കൂട്ടമാണ്. അതിന് സംഘടനാസംവിധാനത്തിന്റെ ഭാരമോ ക്രമമോ ഇല്ല എന്നു മാത്രമല്ല, തങ്ങളോരോരുത്തർക്കും സ്വാധീനവും സ്വാതന്ത്ര്യവുമുള്ള ഒരു ജനാധിപത്യ രാഷ്ട്രീയഇടത്തെ കൂടിയാണ് സാധ്യമാക്കിയതെന്ന ആത്‌മവിശ്വാസവും അവർക്കുണ്ട്. ഓരോ നിമിഷവും പരസ്പരം ചോദ്യങ്ങളും ഉത്തരങ്ങളുമായി പരസ്യപ്പെടുത്തുന്നവരാണ് അവിടെയുള്ള സി ജെ പി ഔദ്യോഗിക നേതൃത്വവും പ്രതിഷേധക്കാരും. ജനാധിപത്യപരമായ ഒരു തുല്യത അവർക്ക് പുലർത്തേണ്ടിവരുന്നുണ്ട്. ഇത് നീണ്ടുനിന്നേക്കാവുന്ന ഒരു ഘടനയല്ല. എന്നാൽ ജനാധിപത്യ വിമതസമരങ്ങളുടെ രാഷ്ട്രീയസ്വഭാവത്തെ ഗുണപരമായി മാറ്റുന്ന ഒന്നാണിത്.

ഇതുവരെയുള്ള സാമ്പ്രദായിക രാഷ്ട്രീയകക്ഷികളും പരിപാടികളും അത്തരത്തിലൊരു രാഷ്ട്രീയ ഇച്ഛയും പ്രകടിപ്പിക്കാത്തതുകൊണ്ട് സി ജെ പിയുടേതുപോലുള്ള മുന്നേറ്റങ്ങൾക്ക് വമ്പൻ ചരിത്രബാധ്യതകൾ ഉണ്ടാകണമെന്ന് വാശിപിടിക്കേണ്ടതുമില്ല.

ലോകത്ത് പല ഭാഗങ്ങളിലും ഇത്തരം ജനസഞ്ചയ രാഷ്ട്രീയ മുന്നേറ്റങ്ങൾ സർക്കാറുകളെയും സ്വേച്ഛാധിപതികളെയും മാറ്റിയിട്ടുണ്ട്. 2010-ൽ ടുണീഷ്യയിൽ എഞ്ചിനീയറിങ് ബിരുദധാരിയായിട്ടും തെരുവിൽ പഴക്കച്ചവടക്കാരനായി കഴിഞ്ഞ മുഹമ്മദ് ബൗസീസിയുടെ ആത്മാഹുതിയിൽ നിന്നാണ് ടുണീഷ്യയിലെ സ്വേച്ഛാധിപതി സിനെ ബെൻ അലിയെ പുറത്താക്കുന്ന ജനനസഞ്ചയ പ്രക്ഷോഭമുണ്ടാകുന്നത്. അത് ഈജിപ്ത് അടക്കമുള്ള പല അറബ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയും ഭരണമാറ്റമുണ്ടാക്കുകയും ചെയ്തു. Occupy Wall Street അടക്കമുള്ള സമരങ്ങളിലും ‘99% against 1%’ മുദ്രാവാക്യങ്ങളിലുമെല്ലാം ഈ ജനനസഞ്ചയ രാഷ്ട്രീയം കാണാം. എന്നാൽ ഭരണകൂടത്തിന്റെ വർഗാധിപത്യഘടനയെയോ രാഷ്ട്രീയ, സമ്പദ് വ്യവസ്ഥയുടെ സ്വഭാവത്തെയോ വിപ്ലവകരമായി മാറ്റാൻ ഇതിനു സാധിക്കുന്നില്ല. അതിന്റെ കാരണം, ജനസഞ്ചയരാഷ്ട്രീയത്തിന്റെ ഘടനാപ്രതിസന്ധി മാത്രമല്ല; അതിനൊരു പ്രത്യയശാസ്ത്ര രാഷ്ട്രീയ പരിപാടിയില്ല എന്നതു കൂടിയാണ്. ഒരുതരത്തിൽ പ്രത്യയശാസ്ത്രത്തിനപ്പുറത്തേക്ക് ജനനസഞ്ചയ രാഷ്ട്രീയം രൂപപ്പെടുന്നു എന്ന് വാദിക്കാമെങ്കിലും ജനസഞ്ചയത്തിന്റെ രാഷ്ട്രീയകർതൃത്വത്തിന് ഒരു ജനാധിപത്യ രാഷ്ട്രീയാധികാരത്തിനെ കൈകാര്യം ചെയ്യുന്നതിലേക്ക് എത്താനായിട്ടില്ല. അത് ജനനസഞ്ചയ രാഷ്ട്രീയത്തിന്റെ ജനിതക പ്രതിസന്ധി കൂടിയാണ്.

2010-ൽ ടുണീഷ്യയിൽ എഞ്ചിനീയറിങ് ബിരുദധാരിയായിട്ടും തെരുവിൽ പഴക്കച്ചവടക്കാരനായി കഴിഞ്ഞ മുഹമ്മദ് ബൗസീസിയുടെ ആത്മാഹുതിയിൽ നിന്നാണ് ടുണീഷ്യയിലെ സ്വേച്ഛാധിപതി സിനെ ബെൻ അലിയെ പുറത്താക്കുന്ന ജനനസഞ്ചയ പ്രക്ഷോഭമുണ്ടാകുന്നത്.
2010-ൽ ടുണീഷ്യയിൽ എഞ്ചിനീയറിങ് ബിരുദധാരിയായിട്ടും തെരുവിൽ പഴക്കച്ചവടക്കാരനായി കഴിഞ്ഞ മുഹമ്മദ് ബൗസീസിയുടെ ആത്മാഹുതിയിൽ നിന്നാണ് ടുണീഷ്യയിലെ സ്വേച്ഛാധിപതി സിനെ ബെൻ അലിയെ പുറത്താക്കുന്ന ജനനസഞ്ചയ പ്രക്ഷോഭമുണ്ടാകുന്നത്.

എന്നാൽ, മുകളിൽനിന്ന് താഴോട്ടുള്ള അധികാരഘടനയുടെ രാഷ്ട്രീയരൂപങ്ങളിൽനിന്ന് വ്യത്യസ്തമായി നിരവധി തുറവുകളും കയറിയിറങ്ങാവുന്ന രൂപഘടനയുമുള്ള ജനസഞ്ചയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ സജീവമായ സമരസാധ്യതയാണ്. ഈ ഘടനാ, ക്രമ രഹിതമായ ഘടനയാണ് അതിന്റെ ജൈവഘടന. എന്നാൽ ഒരു സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതിനപ്പുറം ഒരു വ്യവസ്ഥയെയും അതിന്റെ രാഷ്ട്രീയ, സാമൂഹ്യ ഘടനയെയും അതുണ്ടാക്കിയ ഭരണകൂടസംവിധാനത്തേയും മാറ്റാൻ, ഇത്തരം മുന്നേറ്റങ്ങൾക്ക് പ്രാപ്തിയുണ്ടാകണമെന്നില്ല. ഇതുവരെയുള്ള സാമ്പ്രദായിക രാഷ്ട്രീയകക്ഷികളും പരിപാടികളും അത്തരത്തിലൊരു രാഷ്ട്രീയ ഇച്ഛയും പ്രകടിപ്പിക്കാത്തതുകൊണ്ട് സി ജെ പിയുടേതുപോലുള്ള മുന്നേറ്റങ്ങൾക്ക് അത്തരം വമ്പൻ ചരിത്രബാധ്യതകൾ ഉണ്ടാകണമെന്ന് വാശിപിടിക്കേണ്ടതുമില്ല. കൂടുതൽ ജനാധിപത്യ സമരങ്ങൾക്കുള്ള രാഷ്ട്രീയ സമൂഹത്തിനെയാണ് ഇതുണ്ടാക്കുക എന്ന ഒരൊറ്റ സാധ്യതകൊണ്ടുതന്നെ ഇത്തരം സമരങ്ങൾ, അവയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട്.

ചോദ്യക്കടലാസ് ചോർച്ചയുടെയും പൊതുപരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളുടേയും ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന വളരെ ലളിതമായ, ഏതൊരു സാമ്പ്രദായിക പ്രതിപക്ഷവും ഉയർത്തുന്ന ആവശ്യമാണ് സി ജെ പിയും മറ്റ് യുവജന- വിദ്യാർത്ഥി പ്രക്ഷോഭകരും ഉയർത്തുന്നത്. എന്നാൽ വേണ്ടിവന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയും ആവശ്യപ്പെടുമെന്ന അടുത്ത വാചകത്തിലാണ് ഫാഷിസ്റ്റ് ഭരണകൂടം അതിന്റെ ശരിയായ പ്രതിസന്ധിയെ തിരിച്ചറിയുന്നത്. മുഖമില്ലാത്ത മനുഷ്യർ സ്വയം തിരിച്ചറിയുകയും അവരുടെ രാഷ്ട്രീയ സാധ്യതകളെ കണ്ടെത്തുകയും ചെയ്യുമ്പോൾ ഒരു സമൂഹം അതിന്റെ ജനാധിപത്യ ആവാസവ്യവസ്ഥയെ സൃഷ്ടിക്കാൻ തുടങ്ങുന്നു. അപ്പോൾ ഫാഷിസ്റ്റുകൾക്ക് ശ്വാസം മുട്ടിത്തുടങ്ങും. അവരങ്ങനെ ഒഴിഞ്ഞുപോവുകയൊന്നുമില്ല. ആ രാഷ്ട്രീയസംഘർഷത്തിന്റെ ചില രൂപങ്ങളാണ് നമ്മളിപ്പോൾ കാണുന്നത്. അത്തരത്തിലൊരു സംഘർഷം രൂപംകൊണ്ടുകഴിഞ്ഞു എന്നതാണ് ഈ കാലത്തിനെ ചെറുതല്ലാതെ രാഷ്ട്രീയസാന്ദ്രതയുള്ളതാക്കുന്നതും.

Comments