ബി.ബി.സി ഡോക്യുമെന്ററി കാണിച്ചുതരുന്നു; ഫാഷിസം തുടർച്ചയാണ്, അതിന് ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല

ഇന്ത്യയിൽ ബി ബി സി ഡോക്യുമെന്ററി കാണുന്ന ചെറിയൊരു വിഭാഗം മാത്രമേ ബി.ജെ. പിക്കൊപ്പമുള്ള വലിയ വിഭാഗം ജനങ്ങളിൽ നിന്നുണ്ടാകൂ. എന്നാൽ, അതല്ല കേന്ദ്ര സർക്കാരിനെയും സംഘ്പരിവാറിനെയും ആകുലപ്പെടുത്തുന്നത്. തങ്ങൾക്കെതിരായ ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെ പ്രതിഷേധങ്ങളെയും സമരങ്ങളെയും ചരിത്രത്തിന്റെ കനലുകളിട്ട് ഊതിക്കത്തിക്കാൻ ഇതിനാകുമെന്ന തിരിച്ചറിവാണ് വിറളിപിടിച്ചുകൊണ്ട് ഇതിനെ തടയാനുള്ള നടപടികളിലേക്ക് കടക്കാൻ മോദി സർക്കാരിനെ പ്രേരിപ്പിച്ചത്.

രേന്ദ്ര ദാമോദർദാസ് മോദിക്ക് 2002-ലെ ഗുജറാത്ത് മുസ്‍ലിം വംശഹത്യയുടെ ആസൂത്രണത്തിലുള്ള പങ്കിനെക്കുറിച്ച് ജനാധിപത്യരാഷ്ട്രീയവും നീതിബോധവും മനുഷ്യത്വവും മനുഷ്യാവകാശപ്രതിബദ്ധതയുമുള്ള ഒരാൾക്കും സംശയമുണ്ടാകാനിടയില്ല. ഗുജറാത്തിലെ മുസ്‍ലിം വംശഹത്യയുടെ പിന്നാലെ അതിന്റെ കാർമികത്വത്തിൽ ഊറ്റം കൊണ്ടാണ് മോദി പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പ് പ്രചാരണവും ആസൂത്രണം ചെയ്തത്.

അതിദേശീയതയുടെ സങ്കുചിതരാഷ്ട്രീയവും മുസ്‍ലിം എന്ന ആഭ്യന്തര ശത്രുവിനെയും അപരസമൂഹത്തെയും നിർമ്മിച്ചെടുക്കുന്ന സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും സൂക്ഷ്മവും ഹിംസാത്മകവുമായ പരീക്ഷണശാലയാക്കി ഗുജറാത്തിനെ മാറ്റിയപ്പോൾ അതിന്റെ ഏറ്റവും ഹിംസാത്മകമായ രാഷ്ട്രീയാധികാരപ്രയോഗത്തിന് നേതൃത്വം നൽകിയതും നരേന്ദ്ര മോദിയായിരുന്നു. ഗുജറാത്ത് വംശഹത്യ നടപ്പാക്കുമ്പോൾ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അതിന് ഒരു വ്യാഴവട്ടക്കാലം കഴിയുമ്പോൾ അതേ വംശഹത്യയുടെ ഹുങ്കാരങ്ങളിലും ഇന്ത്യൻ കോർപ്പറേറ്റുകളുടെ പുത്തൻ സംരംഭമായും അയാൾ ഇന്ത്യൻ പ്രധാനമന്ത്രിയായി. ഹിന്ദുത്വ ഫാഷിസത്തിന്റെയും കോർപ്പറേറ്റ് അജണ്ടകളുടെയും പ്രചണ്ഡ പ്രചാരണങ്ങളുടെ ഇരമ്പിമറിഞ്ഞ കോലാഹലങ്ങളിൽ നരേന്ദ്ര മോദിയുടെ വംശഹത്യയുടെ നെടുനായകത്വം അതിവേഗം നിയമത്തിനുകീഴിലെ കുറ്റകൃത്യങ്ങളുടെ പട്ടികകളിൽ നിന്നും വിമുക്തമാക്കപ്പെട്ടു. വംശഹത്യയുടെ നടത്തിപ്പുകാരൻ ഹിന്ദു ഹൃദയ സമ്രാട്ടായി. അഥവാ മുസ്ലിം വംശഹത്യ ഇന്ത്യൻ രാഷ്ട്രീയാധികാരത്തിലേക്കുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വരവിനെതിരെയുള്ള അവസാനവെല്ലുവിളിയെയും അവസാനിപ്പിച്ച അലർച്ചയായി. ഗുജറാത്ത് വംശഹത്യ ഒരു പഴയ കഥയായി. "ഗുജറാത്ത് മോഡലായി' പുതിയ കഥ.

2002-ലെ ഗുജറാത്ത് കലാപം

ഹിന്ദുത്വ രാഷ്ട്രീയവും നരേന്ദ്ര മോദിയെന്ന അതിന്റെ സർവ്വാധികാരി മുഖവും തങ്ങളുടെ പ്രതിച്ഛായ നിർമ്മാണത്തിൽ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഗുജറാത്ത് വംശഹത്യയിലെ മോദിയുടെ പങ്ക് തെളിച്ചുപറയുന്ന ബി ബി സി ഡോക്യുമെന്ററി വരുന്നത്. ഹിന്ദു ഹൃദയ സാമ്രാട്ടിൽ നിന്ന് വിശ്വഗുരുവെന്ന അടുത്ത നാടകത്തിലേക്ക് കടക്കുമ്പോൾ വംശഹത്യയുടെ നടത്തിപ്പുകാരനാണ് മോദി എന്ന വസ്തുത ലോകത്തിനു മുന്നിൽ ചർച്ചയാകുന്നത് അത്ര ഗുണം ചെയ്യില്ല എന്ന് മോദിക്കുമറിയാം, സംഘപരിവാറിനുമറിയാം. ഇന്ത്യയിൽ ഈ ബി ബി സി ഡോക്യുമെന്ററി കാണുന്ന ചെറിയൊരു വിഭാഗം മാത്രമേ ബി.ജെ. പിക്കൊപ്പമുള്ള വലിയ വിഭാഗം ജനങ്ങളിൽ നിന്നുണ്ടാകൂ.

എന്നാൽ, അതല്ല കേന്ദ്ര സർക്കാരിനെയും സംഘ്പരിവാറിനെയും ആകുലപ്പെടുത്തുന്നത്. തങ്ങൾക്കെതിരായ ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെ പ്രതിഷേധങ്ങളെയും സമരങ്ങളെയും ചരിത്രത്തിന്റെ കനലുകളിട്ട് ഊതിക്കത്തിക്കാൻ ഇതിനാകുമെന്ന തിരിച്ചറിവാണ് വിറളിപിടിച്ചുകൊണ്ട് ഇതിനെ തടയാനുള്ള ജനാധിപത്യവിരുദ്ധ നടപടികളിലേക്ക് കടക്കാൻ മോദി സർക്കാരിനെ പ്രേരിപ്പിച്ചത്.

ടീസ്റ്റ സെതൽവാദ്

ഗുജറാത്ത് വംശഹത്യ നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്യപ്പെടാത്ത വിധത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒരു വിജയപ്രതീകമായി നിലനിർത്താനുള്ള ശ്രമം ഒരു വിധത്തിലും ചോദ്യം ചെയ്യപ്പെടരുതെന്ന് സംഘപരിവാറിന് നിർബന്ധമുണ്ട്. മതേതര, ജനാധിപത്യ പക്ഷത്തുനിന്നുള്ള നിരവധി അന്വേഷണങ്ങളും ജനകീയ അന്വേഷണ സമിതികളും അവയുടെ തെളിവെടുപ്പുകളും അനിഷേധ്യമായി സമൂഹത്തിനു മുന്നിൽവെച്ച തെളിവുകളുമെല്ലാമുണ്ടായിട്ടും ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദു മതസമൂഹത്തിലെ വലിയൊരു വിഭാഗത്തെ തങ്ങളുടെ വെറുപ്പിന്റെ രാഷ്ട്രീയ അജണ്ടക്കുകീഴിൽ കൊണ്ടുവരികയും ഗുജറാത്ത് വംശഹത്യയുടെ നിയമപരവും രാഷ്ട്രീയവുമായ വിചാരണകളെ തള്ളിക്കളയുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട ഇഹ്സാൻ ജാഫ്രി എന്ന മുൻ കോൺഗ്രസ് എം.പിയുടെ വിധവ സാക്കിയ ജാഫ്രി നൽകിയ, നരേന്ദ്ര മോദിയടക്കമുള്ള ഭരണസംവിധാനത്തിനു ആ കൂട്ടക്കൊലകളിലുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള പങ്ക് അന്വേഷിക്കണമെന്ന ഹർജി തള്ളിയ സുപ്രീംകോടതി അസാധാരണമായ ഒരുത്തരവിലൂടെ ഹർജിക്കാരിയായ സാക്കിയ ജാഫ്രിയെ ഒന്നര ദശാബ്ദത്തിലേറെ നീണ്ട നിയമപോരാട്ടത്തിനു സഹായിച്ച ടീസ്റ്റ സെതൽവാദ്, വംശഹത്യയിൽ മോദിയുടെ പങ്ക് തുറന്നുകാട്ടാൻ മുന്നിൽ നിന്ന ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥരായിരുന്ന ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ വിധിയെഴുതിയ ജസ്റ്റിസ് ഖാൻവിൽക്കർ സമാനമായ നിർദ്ദേശം ഛത്തീസ്ഗഡിൽ സുരക്ഷാസേന കൊലപ്പെടുത്തിയ ആദിവാസികൾക്കുവേണ്ടി സുപ്രീം കോടതിയിലെത്തിയ ഹിമാൻശു കുമാറിനെതിരെയും നൽകി. ഭരണകൂടത്തിനെതിരെ, അതിന്റെ അടിച്ചമർത്തലുകൾക്കെതിരെ ഭരണഘടനാപരമായ മാർഗങ്ങളിലൂടെ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ സമീപിക്കുന്ന പൗരന്മാരെ, അവർ പരാതി നൽകിയ അതേ ഭരണകൂട സംവിധാനത്തിന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുന്ന വിചിത്രമായ നീതിനടത്തിപ്പ് സാധ്യമാകുന്ന തരത്തിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിപുരുഷന്മാരായി ന്യായാധിപന്മാരെ മാറ്റാൻ കഴിയുന്നൊരു ശക്തമായ ഭരണകൂട സംവിധാനം ഹിന്ദുത്വരാഷ്ട്രീയം രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഭീതിദമായ തെളിവുകളാണ്. ആ അജണ്ട പൂർണമായും വിജയിച്ചിട്ടില്ലെങ്കിലും ആ വഴിയിൽ ഹിന്ദുത്വ ഫാഷിസ്റ്റുകൾ ബഹുദൂരം മുന്നോട്ട് സഞ്ചരിച്ചുകഴിഞ്ഞു.

സാക്കിയ ജാഫ്രി / Photo: Teesta Setalvad FB Page

ഭരണഘടനാ സംവിധാനങ്ങളെയും പൗരസമൂഹത്തെയും ഒരേപോലെ ഭീഷണിപ്പെടുത്തുകയും നിർജ്ജീവമാക്കുകയും ചെയ്തുകൊണ്ടാണ് ഹിന്ദുത്വ ഫാഷിസം അതിന്റെ സമഗ്രാധിപത്യ ഭരണകൂടത്തെ ഇന്ത്യയിൽ പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യയുടെ സാമൂഹ്യശരീരത്തിൽ വളരെ സ്വാഭാവികമായ ഒരു ജൈവസാന്നിധ്യമാക്കി മാറ്റുന്ന ഏതാണ്ട് മുക്കാൽ നൂറ്റാണ്ടു നീണ്ട പ്രക്രിയക്കൊടുവിലാണ് അതിന്റെ രാഷ്ട്രീയ പരമാധികാരത്തിലേക്കുള്ള യാത്രയുടെ ഘട്ടം തുടങ്ങുന്നത്. ജൈറസ് ബാനർജി ഇതിനെക്കുറിച്ച് ജർമനിയിലെ നാസി പാർട്ടിയുടെ വളർച്ചയുടെ ചരിത്രപശ്ചാത്തലത്തിൽ പറയുന്നത്, 'ജർമ്മൻ ഫാഷിസം നാസി കക്ഷിയുടെ സൃഷ്ടിയല്ല, മറിച്ച് നാസി കക്ഷി ജർമ്മൻ ഫാഷിസത്തിന്റെ സൃഷ്ടിയാണ്. ജർമ്മൻ സമൂഹത്തിന്റെ അടിത്തട്ടിൽ നടന്ന എല്ലാ പ്രവർത്തനങ്ങളും നാസി കക്ഷിയുടെ ഉദയത്തിനുള്ള വഴികൾ പാകപ്പെടുത്തിയിരുന്നു. ജർമ്മൻ സമൂഹം വലിയതോതിൽ ഫാഷിസ്റ്റ്വത്ക്കരിക്കപ്പെട്ടിരുന്നു...' എന്നാണ്. സമാനമായ ഫാഷിസ്റ്റ്വത്ക്കരണം ഇന്ത്യയിൽ നടത്തിയതിനു ശേഷമാണ് കേന്ദ്രത്തിലെ രാഷ്ട്രീയാധികാരത്തിലേക്ക് മോദിയെന്ന വംശഹത്യാ കുറ്റവാളിയുടെ അധികാരാരോഹണം സാധ്യമായത്. അങ്ങനെയൊരാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ പാകത്തിൽ ആ വംശഹത്യ പുളകിതരാക്കുന്ന തരത്തിലുള്ള ഒരു രാഷ്ട്രീയ സാമൂഹ്യ ശരീരം അവർ രൂപപ്പെടുത്തിയെടുത്തിരുന്നു. ഈ സാമൂഹ്യശരീരത്തിലേക്ക് എന്ത് തരത്തിലുള്ള ഹിംസയും വളരെ സ്വാഭാവികമായി കടത്തിവിടാൻ കഴിയും. അങ്ങനെയാണ് പശുവിറച്ചി കഴിച്ചതിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്ന ആൾക്കൂട്ടങ്ങളും, പശുക്കച്ചവടത്തിന്റെ പേരിൽ കെട്ടിത്തൂക്കപ്പെട്ട മനുഷ്യരും സാധാരണ വാർത്തകൾ മാത്രമായി മാറിയത്. അങ്ങനെയാണ് ദില്ലിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത മുസ്‌ലിംകൾക്ക് നേരെ ആസൂത്രിതമായി ഹിന്ദുത്വ സംഘടനകൾ അഴിച്ചുവിട്ട ആക്രമണത്തിനൊടുവിൽ കോടതികളിൽ വന്ന കേസുകളിലെ പ്രതികളിൽ ഭൂരിഭാഗവും മുസ്‌ലിംകളാണ് എന്നതൊരു വാർത്ത പോലുമില്ലാതെ പോകുന്നത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നൊരു കള്ളക്കഥയിൽ രാജ്യത്തെ പ്രമുഖരായ മനുഷ്യാവകാശ പ്രവർത്തകരെയും സാമൂഹ്യപ്രവർത്തകരെയും വര്ഷങ്ങളായി ജാമ്യം നിഷേധിച്ച് തടവിലടച്ചിട്ടൊരു രാജ്യത്ത് അതിന്റെ പേരിൽ കാര്യമായൊരു പ്രതിഷേധവും നടക്കാതെ പോകുന്നത്. അങ്ങനെയാണ് തെളിവിന്റെ കണിക പോലുമില്ലാതെ യു.എ.പി.എ എന്ന ജനാധിപത്യവിരുദ്ധ നിയമത്തിനു കീഴിൽ സാങ്കൽപ്പിക ഗൂഢാലോചനയിൽ പ്രതിയാക്കി തടവിലിട്ട വയോവൃദ്ധനായ സ്റ്റാൻ സ്വാമി വെള്ളമിറക്കാൻ സഹായം കിട്ടാതെ തടവറയിൽ മരിച്ചപ്പോഴും നാളെ നല്ലതായിരിക്കുമെന്ന നിഷ്‌ക്കളങ്കതയിൽ നാം സാധാരണ ദിവസങ്ങളിലേക്ക് കുളിച്ചിറങ്ങിപ്പോയത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ നൂറുകണക്കിനാളുകൾക്കെതിരെ ഇവിടെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. പ്രധാനമന്ത്രിയെ വിമർശിച്ച ലേഖനം പങ്കുവെച്ചയാളെ ന്യാധിപനാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ എതിർപ്പ് പറയുന്നത്.

2015 ൽ യു.പിയിലെ ദാദ്രിയിൽ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് 52 കാരനായ മുഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം വീട് ആക്രമിച്ച് കൊലപ്പെടുത്തുകയുണ്ടായി.

ഭയത്തിന്റെയും വിധേയത്വത്തിന്റെയും സ്വാഭാവികതയുടെ ജഡജീവിതത്തെയാണ് ബി ബി സി ഡോക്യുമെന്ററി വീണ്ടും അലോസരപ്പെടുത്തുന്നത്. വീണ്ടും ചോദ്യങ്ങൾ ചോദിച്ചുണർത്തുന്നത്. രാജ്യത്തെ എല്ലാവിധ നീതി, നിയമ നടത്തിപ്പ് വ്യവസ്ഥകളെയും കോമാളികളാക്കിക്കൊണ്ടാണ് ഗുജറാത്ത് വംശഹത്യയിൽ നിന്ന് മോദിയെ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട് നൽകിയതും കോടതി അതംഗീകരിച്ചതും. അന്വേഷണ സംഘത്തലവനായിരുന്ന മുൻ സി.ബി.ഐ മേധാവി കൂടിയായ രാഘവന് സൈപ്രസിലെ ഹൈക്കമ്മീഷണറാക്കി മോദി സമ്മാനം നൽകി. വീണ്ടും പരാതിയുമായി വന്ന സാക്കിയ ജാഫ്രിയുടെ പോരാട്ടത്തിനൊപ്പം നിന്നവരെ തടവിലാക്കി. നരേന്ദ്ര മോദി ഹിന്ദു സാമ്രാജ്യ ചക്രവർത്തിയായി വാഴുമ്പോൾ ഗുജറാത്ത് വംശഹത്യയിലൂടെ ഹിന്ദുക്കളുടെ ആത്മാഭിമാനം വീണ്ടെടുത്ത മഹാപ്രകടനത്തിന്റെ നേതാവായാണ് വംശഹത്യയിലെ അന്താരാഷ്ട്ര കുറ്റവാളിയായല്ല അവർക്ക് അവതരിപ്പിക്കേണ്ടത്. അതുകൊണ്ടുതന്നെ ഗുജറാത്ത് വംശഹത്യയുടെ ഓരോ ഓർമപ്പെടുത്തലും അതിന്റെ ചോദ്യങ്ങളും സംഘ്പരിവാറിനെയും മോദിയെയും പൊള്ളിച്ചുകൊണ്ടിരിക്കും. കാരണം ആ ചോദ്യങ്ങൾ ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരതക്കെതിരായ രാഷ്ട്രീയം ജീവനോടെയുണ്ട് എന്നതിന്റെ തെളിവാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേ ഇന്ത്യൻ ഭരണകൂടം നിലപാടെടുക്കുന്നത് ഇതാദ്യമായല്ല. ആദ്യത്തെ ഭരണഘടനാ ഭേദഗതിതന്നെ ( 1951) അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയും നിയന്ത്രണങ്ങളും കൊണ്ടുവരാനായിരുന്നു. പുസ്തകങ്ങളും ചലച്ചിത്രങ്ങളുമടക്കം ഭരണകൂട നിരോധനങ്ങളുടെ നീണ്ട നിര ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. അടിയന്തരാവസ്ഥയുടെ ജനാധിപത്യവിരുദ്ധ തേർവാഴ്ചയുടെ കാലത്താകട്ടെ ഇത് സർവ്വവ്യാപിയായ വ്യവസ്ഥയായി മാറി. അതിനെ എതിർത്തു തോൽപ്പിച്ചാണ് ഇന്ത്യ ജനാധിപത്യ ഭരണഘടനാ റിപ്പബ്ലിക് എന്ന അതിന്റെ നില ദുർബ്ബലമായി നിലനിർത്തിക്കൊണ്ടുപോയത്. ബി.ജെ.പി-മോദി സർക്കാർ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നതിനുശേഷം ഭരണകൂടത്തിന്റെ സമഗ്രാധിപത്യ ഇടപെടൽ രു സ്വാഭാവികതയായി വീണ്ടും വരികയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത് എന്ന് പറയാം.

ഗുജറാത്ത് വംശഹത്യയുടെ അന്വേഷണ സംഘത്തലവനായിരുന്ന മുൻ സി.ബി.ഐ മേധാവി ആർ.കെ രാഘവനെ 2017 ഓഗസ്റ്റ് 30-ന് റിപ്പബ്ലിക് ഓഫ് സൈപ്രസിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായി നിയമിക്കുകയുണ്ടായി. അന്നത്തെ രാഷ്ട്രപതിയായിരുന്ന രാംനാഥ് ഗോവിന്ദിനോടൊപ്പം ആർ.കെ രാഘവൻ / Photo: Twitter, President of India

രാജ്യത്തെ മിക്ക മാധ്യമങ്ങളെയും ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കൊപ്പമുള്ള കോർപ്പറേറ്റ് ഭീമന്മാർ വിലയ്ക്ക് വാങ്ങിക്കഴിഞ്ഞു. മാധ്യമപ്രവർത്തനം എന്നത് അവസാനിക്കുകയും പ്രചാരണപ്രവർത്തനം മാത്രമായി രൂപാന്തരം പ്രാപിക്കുകയും ചെയ്തിരിക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ ഭീതി പടർത്താലും, അർബൻ നക്‌സൽ എന്ന പുതുശത്രുവിനെ ഉണ്ടാക്കലും മോദിയുടെ വിശ്വഗുരു, സർവ്വശക്തൻ, രക്ഷകൻ പ്രതിച്ഛായ ഉണ്ടാക്കാനുമൊക്കെയായി രാവും പകലും പണിയെടുക്കുന്ന പ്രചാരണ വിഭാഗങ്ങളാണ് നാമിന്നു കാണുന്ന മിക്ക മാധ്യമസ്ഥാപനങ്ങളും. ഇതിൽപ്പെടാത്തവർക്ക് നിലനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. മാധ്യമ സ്വാതന്ത്യത്തിന്റ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ലോകത്തെ ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളുടെ കൂടെയാണ്. Reporters Without Boarders -ന്റെ 2022-ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങൾക്കിടയിൽ 150- ആണ് ഇന്ത്യയുടെ സ്ഥാനം.

സിദ്ദിഖ് കാപ്പൻ

ഇന്ത്യൻ സർക്കാർ 40 മാധ്യമപ്രവർത്തകരെയാണ് പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിരീക്ഷിച്ചത്. 2022-ൽ കാശ്മീരിൽ Public Safety Act -നു കീഴിൽ മൂന്നു മാധ്യമപ്രവർത്തകരെ ഇന്ത്യൻ സർക്കാർ തടവിലടച്ചു. 2019-ൽ ജമ്മു കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിനുശേഷം 35-ലേറെ മാധ്യമ പ്രവർത്തകരെയാണ് സർക്കാർ സുരക്ഷാ ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കിയതും വേട്ടയാടിയതും. 2017-ൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നശേഷം 66 മാധ്യമപ്രവർത്തകർക്കെതിരെയാണ് പോലീസ് നിയമനടപടികൾ സ്വീകരിച്ചത്. 48 മാധ്യമപ്രവർത്തകർക്ക് നേരെ ശാരീരിക ആക്രമണങ്ങളുണ്ടായി. മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ തടവിലായത് അയാളുടെ തൊഴിലിനിടയിലാണ്. ലോകത്തുതന്നെ ഏറ്റവും കൂടുതലായി ജനകീയ സമരങ്ങളെ നേരിടാനും പ്രതിഷധങ്ങളെ അടിച്ചമർത്താനുമായി ഇന്റർനെറ്റ് സേവനങ്ങൾ ജനങ്ങൾക്ക് നിഷേധിക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 647 തവണയാണ് സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ വിഛേദിച്ചത്. ഐ ടി നിയമത്തിൽ ഇപ്പോൾ ബി ബി സി ഡോക്യുമെന്ററി തടയുന്ന ദേശസുരക്ഷയുടെയും പരമാധികാരത്തിന്റെയും പേരിലുള്ള അടിയന്തര നടപടിക്കുള്ള ചട്ടങ്ങൾക്കുപുറമെ കേന്ദ്ര സർക്കാരിന് തോന്നിയാൽ ഏതു വാർത്തയും 'വ്യാജവാർത്തയെന്ന്' മുദ്രകുത്തി എല്ലാ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും പിൻവലിപ്പിക്കാനുള്ള ഉത്തരവ് പ്രസ്​ ഇൻഫർമേഷൻ ബ്യൂറോ വഴി നൽകാവുന്ന പുതിയ ഭേദഗതിക്ക് തയ്യാറെടുക്കുകയാണ് കേന്ദ്ര സർക്കാർ. അടിയന്തരാവസ്ഥയില്ലാതെത്തന്നെ എങ്ങനെയാണ് സെൻസറിങ് നടപ്പാക്കുന്നത് എന്നതാണ് കാണുന്നത്.

ഇതിനെയെല്ലാം ഒരു സാമ്പ്രദായിക ഭരണകൂട ആക്രമണമായി മാത്രം കാണരുത്. ഒരു ഫാഷിസ്റ്റ് ഭരണകൂടം അതിൽ നിന്നും വ്യത്യസ്തമാണ്. മറ്റ് ഭരണകൂടങ്ങളിൽ നിന്നും വ്യത്യസ്തമായി തങ്ങളുടെ ജനാധിപത്യവിരുദ്ധ ഭരണകൂടത്തിന് വ്യവസ്ഥാപിതമായ അധികാരസംവിധാനത്തിനു പുറത്ത് ഹിംസാത്മകമായ ഒരു ആൾക്കൂട്ട സേനയുടെ പിൻബലം അവർ ഒരുക്കിവെക്കുന്നു. ഭരണകൂടത്തിനെതിരായ ഏതൊരു പ്രതിഷേധത്തെയും സർക്കാർ നേരിടുന്നത് ഈ ആൾക്കൂട്ട സേനയെക്കൂടി ഇപയോഗിച്ചാണ്. ഗുജറാത്ത് വംശഹത്യ ഈ ആൾക്കൂട്ട സേനയുടെ ഏറ്റവും ഭീകരമായ വരവുകളിലൊന്നായിരുന്നു. എന്നാൽ എല്ലാക്കാലത്തും ഇതിനെ നിലനിർത്താൻ കഴിയാതെ വരുമ്പോഴാണ് ഫാഷിസ്റ്റ് ഭരണകൂടം അതിന്റെ സാമ്പ്രദായിക ഭരണകൂട അടിച്ചമർത്തൽ സംവിധാനങ്ങളെ കൂടുതൽ ഭീകരമായ ആക്രമണത്തിന് തുറന്നുവിടുന്നത്. ഇന്ത്യ ഈ ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്.

ബി ബി സി ഡോക്യുമെന്ററി 'ദ മോദി ക്വസ്റ്റ്യൻ' ഹൈദരാബാദ് യൂനിവേഴ്സിറ്റി ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നു / Photo: Twitter, Fraternity Movement

അതുകൊണ്ടുതന്നെ അഭിപ്രായ സ്വാതതന്ത്ര്യ പ്രകടനത്തിനെതിരായ ഭരണകൂടനീക്കം എന്ന നിലയിൽ മാത്രമല്ല, ഫാഷിസ്റ്റ് ഭരണകൂടം ഇന്ത്യയുടെ എല്ലാ ജനാധിപത്യ ഘടനയെയും ഇല്ലാതാക്കുന്ന ദീർഘമായ പ്രക്രിയയിലെ ഏറ്റവും നിർണായകമായ ഘട്ടങ്ങളിലൊന്നായാണ് മോദി സർക്കാരിന്റെ നീക്കത്തെ കാണേണ്ടത്. ഗുജറാത്ത് വംശഹത്യയുടെ പേരിൽ അന്താരാഷ്ട്ര നിയമങ്ങൾക്ക് കീഴിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഹിന്ദുത്വ ഫാഷിസ്റ്റിനെ അധികാര പ്രമത്തനായൊരു ഭരണാധികാരി മാത്രമായി ചുരുക്കിക്കാണരുത്. ഫാഷിസവുമായി ചർച്ചകളിലൂടെ പരിഹരിക്കാവുന്ന ഒരു തർക്കവുമില്ല. നേർക്കുനേരെയുള്ള പോരാട്ടം മാത്രമേയുള്ളു. ഇന്ത്യ ഭരിക്കുന്നത് സംഘപരിവാർ എന്ന ഹിന്ദുത്വ ഭീകരവാദി സംഘമാണ് എന്ന വസ്തുത നമ്മടെ രാഷ്ട്രീയ സമരങ്ങളെ കൂടുതൽ മൂർച്ചയുള്ളതാക്കണം. വംശഹത്യയുടെ നടത്തിപ്പിലുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ചും ഭൂരിപക്ഷ വർഗീയതയുടെ ഹിംസയാണ് അയാളുടെ തേർച്ചക്രങ്ങളെന്നും നാം നിരന്തരം പറയണം. ഫാഷിസത്തിന് ഉപേക്ഷിച്ച ഭൂതകാലമില്ല. അതിനു എല്ലാ ഭീകരതയുടെയും ജനാധിപത്യവിരുദ്ധതയുടെയും തുടർച്ചയായി മാത്രമാണ് നിലനിൽക്കാനാവുക. അതുകൊണ്ടുതന്നെ ഗുജറാത്ത് വംശഹത്യ നിങ്ങൾ മറന്നാലും ഹിന്ദുത്വ ഫാഷിസ്റ്റുകൾ മറക്കില്ല. മറ്റൊരിക്കൽ, മറ്റൊരിടത്ത് അതിലേറെ ക്രൗര്യത്തോടെ ആവർത്തിക്കാൻ പാകത്തിൽ അവരതിന്റെ പല്ലും നഖങ്ങളും ആയുധങ്ങളും രാകി മിനുക്കിക്കൊണ്ടേയിരിക്കും. അതുകൊണ്ടുതന്ന നരേന്ദ്രമോദിക്ക് ഉപേക്ഷിക്കാവുന്ന ഭൂതകാലമില്ല. അയാൾ വംശഹത്യയുടെ നടത്തിപ്പിന്റെ തുടർച്ചയാണ്. അത് കഴിഞ്ഞുപോയില്ലേ എന്നാണവർ ചോദിക്കുക. അത് കഴിയുന്നതെങ്ങനെ, ഫാഷിസ്റ്റുകൾ ജനാധിപത്യത്തിന്റെയും മനുഷ്യാവാകാശങ്ങളുടെയും നീതിയുടെ നടത്തിപ്പിൽ ശിക്ഷിക്കപ്പെടുന്നതുവരെ അത് കഴിയുന്നതെങ്ങനെ?

Comments