ആശയാവിഷ്‌കാര സ്വാതന്ത്ര്യം നേരിടുന്ന കഠിനവെല്ലുവിളികളെ ആവിഷ്‌കരിക്കുക പ്രയാസകരമായിത്തീർന്നിരിക്കുന്നു. സൂപ്പർലേറ്റീവ് വിശേഷണങ്ങളെല്ലാം അർഥം ചോർന്ന് പുതിയ സാഹചര്യത്തെ വ്യക്തമാക്കാൻ കഴിയാത്ത നിലയിലായിരിക്കുന്നു. ഇതിൽ കൂടുതൽ ഇനിയെന്തുപറയാൻ എന്ന മാനസികാവസ്ഥയിലേക്ക് ഓരോരുത്തരും എത്തിക്കൊണ്ടിരിക്കുന്നു. പ്രത്യേകതരം മരവിപ്പ് പകർച്ചവ്യാധിപോലെ പടരുകയാണ്. ഇതുതന്നെയാണ് ‘ജനാധിപത്യപര'മായ മാർഗം വഴി സ്വേച്ഛാധിപത്യം സുസ്ഥിരമാകാനുള്ള കാലാവസ്ഥ.
ജനാധിപത്യത്തിന്റെ വിപരീത സാധ്യതകളാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരേ ഇവിടെ ഓരോ തവണയും ഉപയോഗിക്കപ്പെടുന്നതെന്ന് കാണാം. പൊലീസിൽ പരാതി കൊടുക്കുക, കോടതിവഴി സ്റ്റേ നേടുക, സാമൂഹിക മാധ്യമങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരിക, ടെലിവിഷൻ സംപ്രേഷണത്തിന് മാർഗനിർദേശങ്ങൾ നൽകുക, ഫിലിം സെൻസർ ബോർഡിന്റെ അധികാരം പ്രയോഗിക്കുക തുടങ്ങിയ മാർഗങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രത്യക്ഷത്തിൽ നാട്ടിലെ നിയമങ്ങൾക്കനുസൃതമല്ല എന്നു പറയാൻ സാധിക്കുമോ? എന്നാലോ, എല്ലാറ്റിൽ നിന്നുമുണ്ടാകുന്ന ഫലം ഒന്നുതന്നെ. ആവിഷ്‌കാര സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്നു എന്നതുതന്നെ.
ഭരണഘടനയുടെ 19 (1) (എ) അനുഛേദം ജീവിച്ചിരിക്കുന്നു, പക്ഷേ അതിന്റെ അന്തഃസ്സത്ത ഊർധ്വൻ വലിക്കുകയാണ്.
വസ്ത്രധാരണവും ആഹാരവും മതവിശ്വാസവും മുതൽ എന്തു കാണണം, കേൾക്കണം, എഴുതണം, വായിക്കണം, ചിന്തിക്കണം എന്ന തിരഞ്ഞെടുപ്പ് വരെ പൗരരുടെ സ്വതന്ത്രജീവിതം നയിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ്. ഇതിലോരോ ഘട്ടത്തിലും തീവ്രവലതുപക്ഷ ആൾക്കൂട്ടത്തിന്റെ ഇടപെടൽ ഉണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റശേഷമുള്ള ഒൻപത് വർഷങ്ങളിലായി സാമൂഹിക ജീവിതത്തിലുണ്ടായ മാറ്റങ്ങൾ വ്യക്തികളെ കൂടുതൽ കൂടുതൽ പ്രതിരോധത്തിലാക്കി. വ്യക്തി കൂടുതൽ ഒറ്റപ്പെട്ടു. വ്യക്തി ഭയപ്പാടിലാണ്. അവരൂടെ എല്ലാ ആവിഷ്‌കാരസാധ്യതകളേയും അത് വിപരീതമായി ബാധിച്ചു. സർഗാത്മക ചിന്തകൾക്കുചുറ്റും ഭരണകൂട പ്രത്യയശാസ്ത്രം തോക്കുനിറച്ച് വരിനിന്നു. ഇന്ത്യയിൽ ഒരിക്കലും സംഭവിക്കുമെന്ന് നാം പ്രതീക്ഷിക്കാതിരുന്ന കാര്യങ്ങളത്രയും സംഭവിച്ചുകൊണ്ടിരിക്കുന്നു.
ആനന്ദ് പട്വർധന്റെ ഡോക്യുമെന്ററികളോ റാണാ അയൂബിന്റെ ഇൻവെസ്റ്റിഗേഷനോ രേവതി ലോളിന്റെ പുസ്തകമോ സ്വതന്ത്ര അന്വേഷണ കമീഷന്റെ റിപ്പോർട്ടോ മറ്റ് ഇന്ത്യൻ അന്വേഷണങ്ങളോ ഒക്കെ നടന്നുകഴിഞ്ഞ കാര്യങ്ങളാണ്. ഇന്നിനി അങ്ങനെയൊന്ന് നടക്കില്ല.
ഈയിടെ യാദൃച്ഛികമായി യൂ ട്യൂബിൽ ഒരു വീഡിയോ കാണാനിടയായി. രണ്ടു ദശാബ്ദം മുമ്പത്തെയാകണം, മലയാളത്തിലെ ഏതാനും നടീനടൻമാർ അവതരിപ്പിക്കുന്ന ഒരു കോമഡി സ്‌കിറ്റ്. മഹാഭാരതത്തിലെ ഒരു പ്രധാന സന്ദർഭമാണ് വിഷയം. ദ്രുപദ മഹാരാജാവും ദ്രൗപദിയും അർജുനനും യുധിഷ്ഠിരനും ഭീമനുമെല്ലാം ഉള്ള രംഗം. ഓരോ കഥാപാത്രത്തേയും പരസ്പരം കളിയാക്കുകയും വിലകുറഞ്ഞ തമാശകൾ വിളമ്പുകയും ചെയ്തുകൊണ്ടാണ് കോമഡി ഷോ പുരോഗമിക്കുന്നത്. പക്ഷേ, മഹാഭാരത കഥാപാത്രങ്ങളെ അത്രയ്ക്ക് തറനിലവാരത്തിൽ കളിയാക്കുന്ന ഒരു കോമഡി ഷോ ഇന്ന് ഏതെങ്കിലും സ്റ്റേജിൽ അവതരിപ്പിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതം എന്തായിരിക്കും. അഥവാ അതിൽ നിഷ്‌കളങ്കമായ ഹാസ്യം മാത്രമേ ഉള്ളല്ലോ എന്ന് കണക്കാക്കി ഇന്ന് ഇതേ നടീനടൻമാർ അതുപോലൊന്ന് അവതരിപ്പിക്കുമോ? തലപോകുമോയെന്ന പേടിയാകുമല്ലോ ആദ്യം തലയിൽ കയറുക. ഈ സെൽഫ് സെൻസറിങ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അന്ത്യമാണ്.
ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' കാണുന്ന ഏതൊരാൾക്കുമറിയാം, അതുപോലൊന്ന് ഇന്ത്യൻ ടെലിവിഷനിൽ ഇനി സാധ്യമല്ലെന്ന്. ആനന്ദ് പട്വർധന്റെ ഡോക്യുമെന്ററികളോ റാണാ അയൂബിന്റെ ഇൻവെസ്റ്റിഗേഷനോ രേവതി ലോളിന്റെ പുസ്തകമോ സ്വതന്ത്ര അന്വേഷണ കമീഷന്റെ റിപ്പോർട്ടോ മറ്റ് ഇന്ത്യൻ അന്വേഷണങ്ങളോ ഒക്കെ നടന്നുകഴിഞ്ഞ കാര്യങ്ങളാണ്. ഇന്നിനി അങ്ങനെയൊന്ന് നടക്കില്ല. ഭരണകൂടം സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തെയും സർഗാത്മക പ്രവർത്തനത്തേയും അടച്ചിരിക്കുന്ന അഴികൾക്ക് ബലം വർധിച്ചുകൊണ്ടിരിക്കുന്നു. ദേശീയതയുടെയും ദേശസുരക്ഷയുടെയും ലോഹവീര്യം ആ അഴികളെ കൂടുതൽ കരുത്തുള്ളതാക്കുന്നു. മലയാളിയായ സന്ദീപ് രവി സംവിധാനം ചെയ്ത ‘Anthem For Kashmir' എന്ന ലഘുചിത്രം യൂ ട്യൂബിൽ ബ്ലോക്ക് ചെയ്യപ്പെട്ടത് ഈയിടെയാണ്. അത് എവിടെയും ചർച്ചയായില്ല. കശ്മീർ താഴ്വരയിൽ നിന്ന് അപ്രത്യക്ഷരാകുന്ന യുവാക്കളെക്കുറിച്ചും ജനങ്ങളെയാകെ ഭരിക്കുന്ന ഭയത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ചിത്രം സമീപകാലത്ത് നടന്ന സാഹസികമായൊരു രാഷ്ട്രീയ ചലച്ചിത്ര വെല്ലുവിളിയായിരുന്നു. ബി.ബി.സിയുടെ ഡോക്യുമെന്ററി വിലക്കിയ അതേ വകുപ്പ് (69 A , ഐ.ടി ആക്ട്) അനുസരിച്ചാണ് ‘Anthem For Kashmir' - ഉം വിലക്കിയത്.
‘പഠാൻ' സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ സംഘപരിവാർ അക്രമികൾ നടത്തിയ ലജ്ജാകരമായ അഴിഞ്ഞാട്ടം എന്തിനെയാണ് ഓർമിപ്പിക്കുന്നതെന്ന് ഇക്കഴിഞ്ഞ ജനുവരി 23ന്റെ ദി ടെലിഗ്രാഫ് ദിനപത്രം കാണിച്ചുതന്നു. ലണ്ടനിലെ ടൈംസ് പത്രത്തിലെ കോളമിസ്റ്റ് ബെൻ മാസിന്റയർ എഴുതിയ ലേഖനം പത്രം ഒന്നാംപേജിൽ പുനഃപ്രസിദ്ധീകരിച്ചു. 1930 ഡിസംബറിൽ ബെർലിനിലെ മൊസാർട്ട് ഹാളിൽ നടന്ന കുപ്രസിദ്ധമായ ആക്രമണമാണ് മാസിന്റയർ ആ കോളത്തിൽ വിവരിക്കുന്നത്. എറിക് മരിയ റെമാർക്കിന്റെ പ്രസിദ്ധമായ All Quiet on the Western Front എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം പ്രദർശിപ്പിക്കുന്ന തിയറ്ററിലേക്ക് ഗീബൽസിന്റെ നേതൃത്വത്തിൽ അക്രമിപ്പട ഇരച്ചുകയറുകയും അഴിഞ്ഞാടുകയും ചെയ്തു. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ നേരിടാനുള്ള മാർഗം അക്രമം മാത്രമാണെന്ന പ്രചോദനം ജർമൻ ഫാഷിസത്തിൽനിന്ന് ഇവർക്ക് കിട്ടിയിട്ടുണ്ട്.
‘പഠാൻ' സിനിമയുടെ അതിഗംഭീര വിജയം പോലെ ചില സന്ദർഭങ്ങളിൽ ജനങ്ങൾ മൂകമായ തിരിച്ചടികൾ ഏൽപിക്കുന്നുണ്ട്. ബി.ബി.സിയുടെ ഡോക്യുമെന്ററി സൃഷ്ടിച്ച പ്രതിഷേധതരംഗം സാധാരണക്കാരിലേക്ക് വരെയെത്തി എന്നതും ആശ്വാസം നൽകുന്നുണ്ട്. മീഡിയ വണിന് ഏർപ്പെടുത്തിയ വിലക്ക് വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടതും പ്രതീക്ഷ നൽകിയ സന്ദർഭമാണ്. പക്ഷേ, നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ ആവിഷ്‌കാരസ്വാതന്ത്ര്യ ധ്വംസനങ്ങളോട് ആ നിലയിൽ പ്രതികരിക്കാൻ എങ്ങനെ ഒരു ജനതയ്ക്ക് സാധിക്കും?
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഒരു നല്ല മാതൃക സൃഷ്ടിച്ചു. അത് രാഹുൽ സ്വയം വിശേഷിപ്പിച്ചതുപോലെ, ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറക്കലാ'യിരുന്നു. രാഷ്ട്രീയത്തെ കേവലം പാർലമെന്ററി തലത്തിൽ നിന്ന് ജീവിതത്തെയാകെ ഉൾക്കൊള്ളുന്ന മറ്റൊരു പ്രതലത്തിലേക്ക് കൊണ്ടുപോയ യാത്രയെന്ന നിലയ്ക്ക് രാഹുൽ ഗാന്ധി നിർവഹിച്ചത് post 2014 era-യിലെ ഏറ്റവും വലിയ ചരിത്രദൗത്യമാണ്. ഇതിന് ഇനിയേതെല്ലാം വിധത്തിൽ തുടർച്ചകൾ വേണമെന്നതാണ് ഇന്ത്യ ചിന്തിക്കേണ്ടത്.
വരാൻ പോകുന്ന നാളുകൾ കഠിനമായ അന്തഃസ്സംഘർഷങ്ങളുടേതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ മാസങ്ങൾ എണ്ണിത്തുടങ്ങിയ രാജ്യത്തിന്റെ നെഞ്ചിടിപ്പ് ഉയരുന്നുണ്ട്. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് അഭിപ്രായസ്വാതന്ത്ര്യത്തിനായി എല്ലാവരും ചേർന്നുനിൽക്കുക, ആകാവുന്നിടത്തോളം. ▮