രാജ്യത്ത് ജാതിസെൻസസ് നടപ്പാക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിൻെറയും സ്വന്തം മുന്നണിയിലെ ഘടകകക്ഷികളുടെയും സമ്മർദ്ദത്തിന് വഴങ്ങി നടപ്പാക്കേണ്ട ഗതികേടിൽ നരേന്ദ്ര മോദി സർക്കാർ. പഴയതിലും ശക്തമായി പ്രതിപക്ഷ കക്ഷികൾ ഈ ആവശ്യം ഉന്നയിക്കുന്നതിനൊപ്പം സ്വന്തം മുന്നണിയിൽ നിന്നും സമ്മർദ്ദം ഉയരുകയാണ്. ബിജെപിയിലെ ഒരു വിഭാഗം തന്നെയും ജാതിസെൻസസ് നടപ്പാക്കണമെന്ന വാദം ഉയർത്തുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ഈ ആവശ്യം ശക്തമായി ഉന്നയിക്കാൻ ഒരുങ്ങുകയാണ്. ലോക്സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷം ഉയർത്തിയ പല വിഷയങ്ങളും ജങ്ങൾക്കിടയിൽ വലിയ ചർച്ചയാവുകയും അത് ബിജെപിക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു. നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന തന്നെ മാറ്റിയെഴുതുമെന്നും സംവരണം ഒഴിവാക്കുമെന്നും പ്രതിപക്ഷം ജനങ്ങളോട് പറഞ്ഞിരുന്നു. ഈ പ്രചാരണങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിലെ തങ്ങളുടെ തിരിച്ചടിക്ക് ആക്കം കൂട്ടിയെന്ന് ബിജെപിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. ജാതി സെൻസസിനെ കൂടി പിന്തുണയ്ക്കാതിരുന്നാൽ പാർട്ടി വീണ്ടും പ്രതിരോധത്തിലാവുമെന്നും അവർ കരുതുന്നു.
“ജാതി സെൻസസ് നടപ്പിലാക്കേണ്ട അവസ്ഥയിലേക്ക് രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാറിയിരിക്കുന്നു. ഇനിയും ഈ ആവശ്യത്തോട് മുഖം തിരിഞ്ഞ് നിൽക്കാൻ പാർട്ടി നേതൃത്വത്തിന് സാധിക്കില്ല,” ബിജെപിയിലെ ഒരു നേതാവ് ദി ടെലഗ്രാഫ് ഇന്ത്യയോട് പറഞ്ഞു. ആർ.എസ്.എസിന് ജാതി സെൻസസിനോട് കടുത്ത എതിർപ്പാണുള്ളത്. എന്നാൽ ബിജെപിയിലെ ചില മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ ശ്രദ്ധയോടെ മുന്നോട്ട് പോവണമെന്ന നിലപാടുള്ളവരാണ്. ഒബിസി, ദളിത്, ആദിവാസി വോട്ട് ബാങ്കുകളുടെ വലിയ പിന്തുണ കൂടി ലഭിച്ചതിനാലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപി നേട്ടമുണ്ടാക്കിയതെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്. ജാതി സെൻസസ് നടപ്പാക്കാതിരുന്നാൽ ഈ വിഭാഗങ്ങളുടെ പിന്തുണയിൽ നിലവിലുള്ളതിനേക്കാൾ വിള്ളലുണ്ടാവുമെന്ന് ബിജെപി ഭയക്കുന്നു. പ്രത്യയശാസ്ത്രപരമായി ബിജെപിയും സംഘപരിവാരവും ജാതി സെൻസസിനെ പിന്തുണയ്ക്കുന്നില്ല. വ്യത്യസ്ത ജാതികളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരികയെന്ന വിശാല ഹിന്ദുത്വ പദ്ധതിയെ ജാതി സെൻസസ് തകിടം മറിക്കുമെന്നാണ് അവരുടെ ബോധ്യം.
എൻഡിഎ മുന്നണിയിലെ പ്രധാന പാർട്ടികളിലൊന്നായ ജെഡിയുവും ജാതി സെൻസസിനെ പൂർണമായി പിന്തുണയ്ക്കുന്നുണ്ട്. രാജ്യത്ത് ജാതി സെൻസസിന് തുടക്കമിട്ടത് തന്നെ തങ്ങളാണെന്നാണ് ജെഡിയുവിൻെറ വാദം.
ജാതി സെൻസസിനെ തടയാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞത്. ഈ പ്രഖ്യാപനത്തെ എൻ.ഡി.എ മുന്നണിയിൽ തന്നെയുള്ള ലോക് ജനശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനടക്കം പിന്തുണച്ചിരുന്നു. “ഞങ്ങളുടെ പാർട്ടി എക്കാലത്തും ജാതി സെൻസസിനെ പിന്തുണയ്ക്കുന്നുണ്ട്. ജാതി സമവാക്യങ്ങൾ അനുസരിച്ച് പദ്ധതികൾ തയ്യാറാക്കാനും അത് നടപ്പിലാക്കാനും കേന്ദ്ര - സംസ്ഥാന സർക്കാരുകളെ ഇത് (ജാതി സെൻസസ്) സഹായിക്കും.
അങ്ങനെയാണ് സമൂഹത്തിൻെറ പിൻനിരയിലുള്ളവരെ മുഖ്യധാരയിലേക്ക് എത്തിക്കാൻ സാധിക്കുക,” ഒരു ചോദ്യത്തിനോട് പ്രതികരിക്കവേ എൽ.ജെ.പി (രാം വിലാസ്) പ്രസിഡൻറ് കൂടിയായ ചിരാഗ് പാസ്വാൻ പറഞ്ഞു.
എൻഡിഎ മുന്നണിയിലെ പ്രധാന പാർട്ടികളിലൊന്നായ ജെഡിയുവും ജാതി സെൻസസിനെ പൂർണമായി പിന്തുണയ്ക്കുന്നുണ്ട്. രാജ്യത്ത് ജാതി സെൻസസിന് തുടക്കമിട്ടത് തന്നെ തങ്ങളാണെന്നാണ് ജെഡിയുവിൻെറ വാദം. ബീഹാറിൽ നിധീഷ് കുമാറിൻെറ നേതൃത്വത്തിലുള്ള സർക്കാരാണ് രാജ്യത്ത് തന്നെ ആദ്യമായി ജാതി സർവേ നടപ്പാക്കിയതും അത് സംബന്ധിച്ച കണ്ടെത്തലുകൾ പുറത്തുവിട്ടതുമെന്ന് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു. “ജാതി സെൻസസ് നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. രാജ്യം സ്വാതന്ത്ര്യത്തിൻെറ 75ാം വാർഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ ഇവിടുത്തെ പിന്നാക്ക ജനവിഭാഗങ്ങൾ എവിടെ നിൽക്കുന്നുവെന്ന് അവർക്ക് തന്നെ ബോധ്യപ്പെടേണ്ടതുണ്ട്. ജാതി സെൻസസ് നടപ്പാക്കുന്നതിൽ എൻഡിഎ പരാജയപ്പെട്ടാൽ അത് പ്രതിപക്ഷം മുതലാക്കുമെന്ന് ഉറപ്പാണ്,” ത്യാഗി വ്യക്തമാക്കി.
1931-ലാണ് രാജ്യത്ത് അവസാനമായി ജാതി സെൻസസ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ടേമിൽ നിന്നും വ്യത്യസ്തമായി ഇത്തവണ തങ്ങളുടെ നയങ്ങൾ നടപ്പിലാക്കാൻ നരേന്ദ്ര മോദി സർക്കാർ ബുദ്ധിമുട്ടുകയാണ്. ഇതിനോടകം തന്നെ നടപ്പിലാക്കാൻ ലക്ഷ്യമിട്ട പല പദ്ധതികളിൽ നിന്നും കേന്ദ്ര സർക്കാരിന് പിൻമാറേണ്ടി വന്നിട്ടുണ്ട്. വഖഫ് ബോർഡ് ഭേദഗതി ബിൽ പാർലമെൻററി ഉപസമിതിക്ക് വിട്ടതും ബ്രോഡ്കാസ്റ്റ് ബിൽ നടപ്പിലാക്കാനാവാതെ പോയതുമെല്ലാം ബിജെപി സർക്കാരിനുണ്ടായ തിരിച്ചടികളുടെ ഉദാഹരണമാണ്. ബ്യൂറോക്രസിയിലേക്കുള്ള ലാറ്ററൽ നിയമനത്തിനുള്ള ശ്രമം ഉപേക്ഷിക്കേണ്ടി വന്നതും പട്ടികജാതി/വർഗ ഉപവിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കാൻ വിസമ്മതിക്കുന്നതുമെല്ലാം ഇതിൻെറ തുടർച്ചയാണ്.