സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയിൽ സ്വകാര്യ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെവെച്ച് ചില മതാചാരചടങ്ങുകളിൽ ചന്ദ്രചൂഡിനും കുടുംബത്തിനുമൊപ്പം പങ്കെടുത്തു. ഇത്തരത്തിലൊരു സന്ദർശനവും അനുബന്ധ നാടകങ്ങളും അനുവദിക്കുക വഴി ഇന്ത്യയുടെ പരമോന്നത ഭരണഘടനാ കോടതിയുടെ തലവൻ എന്ന നിലയിൽ ചന്ദ്രചൂഡ് ചെയ്തത് തീർത്തും അപലപനീയമായ കാര്യമാണ്.
മോദിയെ പ്രത്യേകിച്ച് അപലപിക്കാനില്ല, കാരണം മോദിയിൽനിന്ന് എന്തെങ്കിലും തരത്തിലുള്ള ജനാധിപത്യ ഔചിത്യം നമ്മൾ പ്രതീക്ഷിക്കുന്നില്ല. സർക്കാരുമായുള്ള വ്യവഹാരങ്ങളിൽ പക്ഷം ചേരാതെ വിധി പറയേണ്ട നിരവധി തർക്കങ്ങൾ, നിയമങ്ങളുടെ ഭരണഘടനാ സാധുതയടക്കമുള്ളവ സുപ്രീംകോടതിയുടെ മുമ്പിലിരിക്കെ, അതിലെ കക്ഷിയുമായൊരു സ്വകാര്യ സന്ദർശനം നടത്തുക എന്നതുതന്നെ പ്രത്യക്ഷത്തിൽ ശരിയല്ല. അതിനുമപ്പുറം കോടതികളുടെ സ്വതന്ത്ര സ്വഭാവത്തെയും ജനാധിപത്യ ഭരണഘടനാ റിപ്പബ്ലിക് എന്ന ഈ നാടിന്റെ അടിസ്ഥാന പ്രമാണത്തെയും നിലനിർത്തുന്നതിന്റെ ചുമതലയുള്ള സുപ്രീംകോടതി കേന്ദ്ര സർക്കാരിനും അതിന്റെ രാഷ്ട്രീയത്തിനും സേവ പിടിക്കുന്ന ഭീതിദമായ കാഴ്ച നാം മോദി സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞതോടെ പ്രകടമായി കണ്ടുതുടങ്ങിയിരുന്നു.
ലൈംഗികാരോപണ വിധേയനാവുകയും അതിൽനിന്ന് കേന്ദ്ര സർക്കാർ രക്ഷപ്പെടുത്തിയെടുക്കുകയും (അവർതന്നെ കണ്ടെത്തിയ കുരുക്കായിരുന്നു അതെന്നത് വേറെ കാര്യം) പിന്നീട് രാജ്യസംഭാംഗമാവുകയും ചെയ്ത ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് സർക്കാർ സേവയുടെ പാതാളക്കുഴിയിലേക്ക് പതിച്ച സുപ്രീം കോടതി അല്പമെങ്കിലും ഒന്ന് നിവർന്നുനിൽക്കുന്നത് ചുരുക്കം ചില വിധികളിലൂടെ അടുത്ത കാലത്താണ്. ഈയൊരു ഘട്ടത്തിൽ കോടതിയുമായും ന്യായാധിപന്മാരുമായുള്ള ബന്ധവും അതിന്റെ പൊതുപ്രദർശനവും നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും ഏറെ പ്രധാനമാണ്.
ഒരു ന്യായാധിപനായി നിങ്ങൾ ചുമതലയേൽക്കുന്നതോടെ പൊതുസമൂഹത്തിലെ മറ്റ് പൗരർക്ക് വളരെ സാധാരണമായി ചെയ്യാനാകുന്ന പല പൊതു, സ്വകാര്യ ജീവിതരീതികളും നിങ്ങൾക്ക് ഉപേക്ഷിക്കേണ്ടിവരും. അത് മറ്റ് മനുഷ്യരുടെ തർക്കങ്ങളിൽ വിധി പറയാനുള്ള അധികാരം നിങ്ങൾക്ക് തരുന്നതോടെ സമൂഹം നിങ്ങളിൽനിന്നും ആവശ്യപ്പെടുന്ന സാമാന്യമായ നിഷ്പക്ഷതയുടെ ജീവിതമാണ്. അതൊരു ആദർശാത്മക ആവശ്യമായിരിക്കാം, പക്ഷെ അതിനുവേണ്ടി ശ്രമിച്ചേ മതിയാകൂ.
കേശവാനന്ദ കേസിനുശേഷം ഭരണഘടനയുടെ അടിസ്ഥാന പ്രമാണം ലംഘിക്കുന്ന നിയമങ്ങൾ പാർലമെന്റ് അംഗീകരിച്ചാലും അതിന് ഭരണഘടനാസാധുതയില്ല എന്ന് പ്രഖ്യാപിക്കാൻ കോടതിക്കുള്ള അവകാശം അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കപ്പെട്ടതോടെ ഭരണഘടനാ കോടതികളുടെ ഉത്തരവാദിത്തവും അതിന്റെ അധികാരവും ഇന്ത്യയിൽ നിർണ്ണായകമായ മാനങ്ങൾ നേടിയിട്ടുണ്ട്. മാത്രവുമല്ല, മോദി സർക്കാരും സംഘപരിവാറും ഇന്ത്യയുടെ മതേതര ഭരണഘടന റിപ്പബ്ലിക് എന്ന നിർമ്മാണാശയത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ അതിന്റെ പ്രാധാന്യം ഒന്നുകൂടി വർദ്ധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ മോദി ചന്ദ്രചൂഡിന്റെ വീട്ടിലെത്തി ആരതിയുഴിയുന്നത് ഭരണഘടനാ കോടതികളുടെ ഭരണഘടനാനുസൃതമായ സ്വതന്ത്രസ്വഭാവം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ആരേയും ആശങ്കയിലാഴ്ത്തുന്നതാണ്.
പദവിയിലിരിക്കേ ഇത്തരം വൃത്തികേടുകൾ ചന്ദ്രചൂഡ് ഇപ്പോൾ കാണിച്ചതിനേക്കാൾ മോശമായി ചെയ്ത പലരുമുണ്ട്. നരേന്ദ്ര മോദിയെ വേദിയിലിരുത്തി പുകഴ്ത്തുന്നതിൽ ഒരു പ്രാദേശിക ബി.ജെ.പി നേതാവിനേക്കാൾ വിധേയനായി പെരുമാറിയ അരുൺ മിശ്രയെപ്പോലുള്ള അശ്ലീലങ്ങൾ സുപ്രീം കോടതി ജസ്റ്റിസുമാരായി അതിലേറെ വിധേയത്വത്തോടെ വിധികളുമെഴുതി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിനും അദാനിക്കും അംബാനിക്കുമൊക്കെയായി സ്ഥിരം ബഞ്ചുപോലെ മിശ്ര വിധികൾ നൽകി. മോദി അഴിമതിയാരോപണം നേരിട്ട സഹാറ-ബിർള ഡയറി കേസ്, മോദി-ഷാ ദ്വന്തത്തിന്റെ ഗുജറാത്ത് ഭരണകാലത്തെ പ്രതിക്കൂട്ടിലാക്കിയ ഗുജറാത്തിലെ മുൻ ആഭ്യന്തര മന്ത്രി ഹിരൺ പാണ്ഡ്യ കൊലപാതകക്കേസ് എന്നിവയിലെല്ലാം മിശ്ര സർക്കാരിനും പ്രത്യേകിച്ചും മോദി-ഷാ ദ്വയത്തിനായും കോടതിമുറിയെ ആർ.എസ്.എസ് ശാഖയാക്കി മാറ്റി. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഹർജിയിലും സമാന നിലപാടിലൂടെ സർക്കാരിനെയും അമിത് ഷായെയും മിശ്ര രക്ഷിച്ചെടുത്തു. അദാനിക്കനുകൂലമായ വിധി ലഭിക്കാൻ സുപ്രീംകോടതിയുടെ നടത്തിപ്പ് നടപടിക്രമങ്ങളെ ലംഘിച്ചുകൊണ്ട് അദാനി കമ്പനി തർക്കങ്ങൾ മിശ്രയുടെ അവധിക്കാല ബെഞ്ചിലേക്ക് ഓടിയെത്തി. പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ നടപടികളെടുത്തുകൊണ്ട് വിമർശനങ്ങളുടെ വായ്മൂടിക്കെട്ടാൻ ശ്രമിച്ചു. രഞ്ജൻ ഗൊഗോയിയെ രക്ഷിച്ചെടുക്കാനുള്ള നാറിയ നാടകം മിശ്ര കോടതിമുറിക്കുള്ളിൽ ആടുന്നത് കണ്ടുള്ള ഓക്കാനം ഇപ്പോഴുമുണ്ട്. എന്തായാലും മിശ്രയുടെ വീട്ടിലെ ചടങ്ങുകൾക്ക് മോദിയടക്കമുള്ളവർ സ്ഥിരം വിരുന്നുകാരായിരുന്നു. വിരമിച്ചപ്പോൾ മിശ്ര മനുഷ്യാവാകാശ കമ്മീഷൻ അധ്യക്ഷനായി.
കേന്ദ്ര സർക്കാരിന് വേണ്ടി ഗുമസ്തവിധികളെഴുതിയ ജസ്റ്റിസ് ഖാൻവിൽക്കറും ജസ്റ്റിസ് ബി.ആർ. ഷായും ഇതിന്റെ മറ്റ് ചില ഉദാഹരണങ്ങളാണ്. ഷാ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കുമ്പോൾ മോദിയെ 'മാതൃകയും നായകനുമാണ്' എന്ന് പരസ്യമായി വാഴ്ത്തിയ കക്ഷിയാണ്. സുപ്രീം കോടതി ന്യായാധിപനായപ്പോഴും ഷാ വാഴ്ത്തുപാട്ട് നിർത്തിയില്ല, 'ഏറ്റവും ജനപ്രിയനായ സ്‌നേഹിക്കപ്പെടുന്ന, ഉത്സാഹിയും വലിയ വീക്ഷണവുമുള്ള നേതാവാണ് മോദി'യെന്ന് ഷാ കുമ്പിട്ടു കുമ്മിയടിച്ചു. പിന്നാലെ കേന്ദ്ര സർക്കാരിനുവേണ്ടിയുള്ള വിധികളും വന്നു. UAPA നിയമത്തിൽ നിരോധിത സംഘങ്ങളിലെ കേവലം അംഗത്വം മാത്രം മതി ഒരാളെ കുറ്റവാളിയാക്കാൻ എന്ന് അരൂപ് ഭുയാൻ കേസിൽ ഷാ വിധി നൽകി. സജീവമായ അക്രമപ്രവർത്തനമോ പ്രവർത്തന പങ്കാളിത്തമോ വേണമെന്ന സാമാന്യനീതിയുടെ ആനുപാതിക നിയമയുക്തിയെ ഷാ ചവറ്റുകുട്ടയിലിട്ടു. സായിബാബ കേസിൽ അദ്ദേഹത്തെ മോചിപ്പിച്ച ഹൈക്കോടതി വിധി ഒഴിവുദിവസം കോടതി ചേർന്നാണ് ഷാ സർക്കാരിന് വേണ്ടി മരവിപ്പിച്ചുകൊടുത്തത്. സായിബാബയെ വീണ്ടും നടന്ന വ്യവഹാരത്തിൽ ഹൈക്കോടതി വെറുതെവിട്ടു എന്നത് ഇതിലെ അനീതി വ്യക്തമാക്കും.
ഖാൻവിൽക്കറാകട്ടെ സുപ്രീം കോടതിയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും ഹീനമായ വിധികളിൽ ചിലതാണ് എഴുതിയത്. സക്കിയ ജാഫ്രി നൽകിയ ഗുജറാത്ത് കലാപത്തിലെ കൂട്ടക്കൊല കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളിക്കൊണ്ട് കേസിന്റെ നടത്തിപ്പിന് സഹായിച്ച ടീസ്റ്റ സെതൽവാദ് അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ ഖാൻവിൽക്കർ ആവശ്യപ്പെട്ടു. അതിലും ഭേദം അമിത് ഷായുടെ ഗുമസ്തനാണ് താനെന്ന് പ്രഖ്യാപിക്കലായിരുന്നു. സഹൂർ അഹ്‌മദ് ഷാ വതാലി കേസിൽ UAPA 43 (D) 5 അനുസരിച്ചുള്ള ജാമ്യം ഒരു അസാധ്യതയാക്കി മാറ്റി ഖാൻവിൽക്കർ വിധി. Prevention of Money Laundering Act, 2002 (PMLA) നിയമത്തിലെ സകല ജനാധിപത്യവിരുദ്ധ വകുപ്പുകളും ശരിവെച്ചുകൊടുത്ത, Enforcement Directorate -നെ ഒരു സർവ്വാധികാര വേട്ടസംഘമാക്കിയ വിധിയുടെ മുഖ്യ കാർമ്മികനും ഖാൻവിൽക്കറായിരുന്നു. ഛത്തീസ്ഗഡിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലകൾക്കെതിരെ കോടതിയെ സമീപിച്ച ഹിമാൻഷു കുമാറിനെ അറസ്റ്റ് ചെയ്യാൻ വിധിയിലാവശ്യപ്പെടുകയെന്ന അപൂർവ്വ വൃത്തികേടും സ്വന്തമാക്കിയാണ് ഖാൻവിൽക്കർ വിരമിച്ചത്.
ഇത്രയും പറഞ്ഞത്, സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെയും അതിന്റെ പാദസേവയുടെയും നാറുന്ന വിട്ടക്കുഴിയായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെ നാം കടന്നുപോകുന്നുണ്ടെന്നാണ്. അതിനെ തടയുന്ന അത്യപൂർവ്വമായ ചില പ്രതിരോധങ്ങൾ മാത്രമാണ് അവിടെയുള്ളത്. പ്രധാനമന്ത്രിയെ വീട്ടിലേക്കാനയിച്ച് പരസ്യമായി മതാചാര ചടങ്ങുകൾ നടത്തുമ്പോൾ ചന്ദ്രചൂഡ് ഓർക്കേണ്ടിയിരുന്നത് ഒരു ജനാധിപത്യ മതേതര റിപ്പബ്ലിക്കിന്റെ ഏറ്റവും നിർണ്ണായകമായ അസ്തിത്വ പ്രശ്‌നങ്ങളിൽ വിധി പറയാനുള്ള അധികാരമുള്ളൊരാളെന്ന നിലയിൽ പ്രധാനമന്ത്രി വീട്ടിൽ വരുന്നതിന്റെ അല്പത്തം നിറഞ്ഞ ആനന്ദത്തെ ത്യജിക്കാൻ അയാൾക്ക് കഴിയണമായിരുന്നു എന്നാണ്. അങ്ങനെവന്നാൽക്കൂടി അയാളെയുംകൂട്ടി ഗണപതിപൂജ നടത്തുന്ന പരിപാടി അതിലേറെ വഷളാണ്. ഇതിനുമുമ്പ് സോമനാഥക്ഷേത്രത്തിലെ ധ്വജം നീതിയുടേതാണ് എന്നൊക്കെ ചന്ദ്രചൂഡ് അവിടെപ്പോയി വിളമ്പിയിട്ടുണ്ട്.
സർക്കാരും അതിന്റെ രാഷ്ട്രീയ നേതൃത്വവുമായുള്ള അകലം കാത്തുസൂക്ഷിക്കാനുള്ള ഭരണഘടനധാർമ്മികതയുടെ ലംഘനമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയത്.