നമ്മൾ ഇപ്പോൾ തന്നെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയില്ലെങ്കിൽ നമ്മുടെ ബഹുസ്വരതയും, സാംസ്‌കാരിക വൈവിധ്യങ്ങളും, പലമത പാരമ്പര്യവുമെല്ലാം എന്നന്നേക്കുമായി നാമാവശേഷമാകുന്നത് അതിവിദൂരമല്ലാത്ത ഒരു ഭാവിയിൽ കാണേണ്ടി വരുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിൽ പോസ്റ്റ് കൊളോണിയൽ സ്റ്റഡീസ് പ്രൊഫസറായ പ്രിയംവദ ഗോപാൽ.
""നമ്മൾ പോരാടുന്ന മറുപക്ഷത്തെ ചെറുതായിക്കാണരുത്. സ്വാതന്ത്ര്യാനന്തരം, ജനാധിപത്യ സങ്കല്പം നേരിട്ടതിൽ വെച്ചേറ്റവും ഭീകരമായ വെല്ലുവിളിയോടാണ് നമ്മൾ എതിരിടുന്നത്''- ട്രൂ കോപ്പി വെബ്‌സീനിനുവേണ്ടി ഷാജഹാൻ മാടമ്പാട്ടുമായി നടത്തിയ സംഭാഷണത്തിൽ അവർ പറയുന്നു.
""ഇന്ത്യ ഒരിക്കലും പരിപൂർണ അർത്ഥത്തിലുള്ള ജനാധിപത്യ രാഷ്ട്രമായിരുന്നില്ല, അത് എപ്പോഴും അങ്ങനെ ആവാനുള്ള നിരന്തര ശ്രമത്തിലായിരുന്നു എന്നു വേണം കരുതാൻ. എന്നാൽ കഴിഞ്ഞ ആറു മുതൽ പത്തുവരെ വർഷക്കാലയളവിൽ ഈ സ്വപ്നങ്ങൾ ഭയാനകമായ രീതിയിൽ തകർന്നടിയുന്നതാണ് നമ്മൾ കണ്ടത്.''- ഹിന്ദുത്വയുടെ സമകാലിക പരിണാമങ്ങളെ വിലയിരുത്തി അവർ പറയുന്നു.
""യൂറോപ്പിൽ നാസിസവും, ഫാസിസവും ഉയിർക്കൊള്ളുമ്പോൾ ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ അവതാരകർ, വിശിഷ്യാ ആർ.എസ്.എസിന്റെ ആദ്യകാല നേതാക്കൾ പ്രസ്തുത യൂറോപ്യൻ "ഇസ'ങ്ങളുടെ അനുവാചകരെപ്പോലെയാണ് ശബ്ദിച്ചത്. അവർ ഹിറ്റ്‌ലറിലും മുസ്സോളിനിയിലും അങ്ങേയറ്റം ആകൃഷ്ടരായിരുന്നു എന്നു മാത്രമല്ല, മുസ്സോളിനി ഇറ്റലിയിൽ രൂപപ്പെടുത്തിയ "ബ്ലാക്ക്ഷർട്ടു'കളെ വളരെ പ്രകടമായി അനുകരിച്ചുകൊണ്ട് ആർ.എസ്.എസ് രംഗത്തു വരികയും ചെയ്തു. ഹിന്ദുത്വം മൗലികമായ ഒരു ഇന്ത്യൻ ആശയമല്ല എന്നത് ഇതിൽ നിന്നും സംശയലേശമന്യേ മനസ്സിലാക്കാം. അതിവിനാശകരമായ ജാതിയധീശത്വ രീതികളുടേയും യൂറോപ്യൻ സങ്കൽപനങ്ങളുടെ അനുകരണങ്ങളുടേയും അനന്തരഫലമായി രൂപംകൊണ്ട ഒരു ആശയപരിസത്തുനിന്നാണ് ഇന്ത്യയിൽ ഹിന്ദുത്വം രൂപമെടുക്കുന്നത്. സവിശേഷമാം വിധം ഭാരതീയമാണ് എന്ന് ആവർത്തിച്ചു വാദിക്കുമ്പോഴും അത് എല്ലാ അർത്ഥത്തിലും സാമ്രാജ്യത്വപരവും
വൈദേശികവുമാണ് എന്നത് ഒരു തരത്തിൽ നോക്കിയാൽ ഹിന്ദുത്വത്തെ സംബന്ധിച്ച ദയനീയ വിരോധാഭാസമാണ്. അതോടൊപ്പം, യൂറോപ്യൻ ഫാസിസത്തോട് അത് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതുമാണ്.''
""ആർ.എസ്.എസ്സിലൂടെ ബ്രാഹ്‌മണികത ബി.ജെ.പിയിലും എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രത്യയശാസ്ത്രം അടിസ്ഥാനപരമായി എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് നമുക്ക് വ്യക്തികളേയും, സഖ്യസമവാക്യങ്ങളേയും വേർതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. അതുപോലെതന്നെ ആ പ്രത്യയശാസ്ത്രത്തിന്റെ പുതിയ രൂപങ്ങളിൽ എന്തെല്ലാം ഉൾച്ചേർന്നിരിക്കുന്നു എന്നതിനേയും.''
""ഒരു ദളിത് പ്രധാനമന്ത്രി തന്റെ ദളിത് സ്വത്വത്തെ ഉയർത്തിപ്പിടിക്കാൻ സന്നദ്ധനാകുമോ എന്ന ചോദ്യം വരുമ്പോൾ അത് ഒരു തുറന്ന ചോദ്യമായി തന്നെ അവശേഷിക്കും. എന്റെ പ്രതീക്ഷ, പ്രോജ്വലനായ ഒരു ദളിത് നേതാവിന്റെ അരങ്ങേറ്റത്തിനുള്ള എല്ലാ സാധ്യതയും ഇന്ന് ഇന്ത്യയിൽ ഉണ്ട്.''- ഇന്ത്യയിൽ
പുതിയ വിശാല സഖ്യങ്ങൾ രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചതായി സൂചിപ്പിച്ച് അവർ പറഞ്ഞു.
""കേരളത്തെ ഞാൻ എഴുതിത്തള്ളാത്തത് രണ്ട് കാരണങ്ങൾ കൊണ്ടാണ്, വർഗീയത എല്ലായിടത്തുമുണ്ട്, അസഹിഷ്ണുതയും. പക്ഷെ കേരളത്തിന്റെ സാക്ഷരത എന്ന സവിശേഷ സ്വഭാവവും പരസ്പര സൗഹാർദവും പറയേണ്ടതു തന്നെയാണ്. സാധാരണ ജനങ്ങൾക്ക് എഴുതാനും വായിക്കാനും കഴിയുന്ന ഒരു നാട് ഏതാണോ, അവിടെയാണ് പ്രതീക്ഷയുള്ളത് എന്നാണ് എന്റെ അഭിപ്രായം.''
ആർ.എസ്.എസ്, ഹിന്ദുത്വയുടെ പരിണാമങ്ങൾ, വംശീയത, ഇടതുപക്ഷവും ജാതിയും, ജെ.എൻ.യു, ഇന്ത്യൻ സാഹിത്യവും ബുദ്ധിജീവിതവും, കേരളം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ സംഭാഷണം പൂർണമായി വെബ്‌സീൻ പാക്കറ്റ് 12ൽ വായിക്കാം.