കോൺഗ്രസ് ദേശീയ നേതൃത്വത്തിലും നെഹ്റു കുടുംബത്തിലും നാളുകളായി ‘പുകഞ്ഞുകൊണ്ടിരുന്ന’ സസ്പെൻസിന് ആന്റി ക്ലൈമാക്സ്. യു.പിയിൽ നെഹ്റു കുടുംബത്തിന്റെ കുത്തക സീറ്റുകളായ റായ്ബറേലിയിലേക്ക് മാറുകയാണ് രാഹുൽ ഗാന്ധി. അമേഥിയിൽ, നെഹ്റു കുടുംബത്തിന്റെ ‘പൊളിറ്റിക്കൽ മാനേജർ’ സ്ഥാനത്തുള്ള കിശോരി ലാൽ ശർമ മത്സരിക്കും. പ്രിയങ്ക ഗാന്ധിക്കും രാഹുൽഗാന്ധിക്കുമായി ത്രിവർണ പരവതാനി വിരിച്ച് ആകാംക്ഷയോടെ കാത്തിരുന്ന പാർട്ടി അണികളെയും സംഘടനാസംവിധാനത്തെ തന്നെയും അമ്പരപ്പിച്ചാണ് തീരുമാനം.
കേരളത്തെ സംബന്ധിച്ചും നിർണായകമാണ് രാഹുലിന്റെ തീരുമാനം. വയനാട്ടിലും റായ്ബറേലിയിലും ജയിക്കുകയാണെങ്കിൽ രാഹുലിനും കുടുംബത്തിനും ഏറെ വൈകാരിക ബന്ധമുള്ള റായ്ബറേലി നിലനിർത്താനാണ് സാധ്യത. അപ്പോൾ, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാകും.
ആ നിലയ്ക്ക്, റായ്ബറേലിയിലെ മത്സരത്തെക്കുറിച്ച് നേരത്തെ വയനാട്ടിലെ വോട്ടര്‍മാരോട് പറയാമായിരുന്നുവെന്നും രാഹുല്‍ രാഷ്ട്രീയ ധാര്‍മികത കാട്ടിയില്ലെന്നുമുള്ള വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ട്. ഒരുപക്ഷേ, കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനിന്നതുകൂടിയാകണം, രാഹുലിന്റെ യു.പിയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്.
രണ്ട് മണ്ഡലങ്ങളിലും പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് രാവിലെയാണ് രാഹുലിന്റെയും കെ.എൽ. ശർമയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പാർട്ടി വാർത്താക്കുറിപ്പിറക്കിയത്. ഇന്നലെ മുഴുവൻ രാഹുലും പ്രിയങ്കയും ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുമായി നീണ്ട ചർച്ചയിലായിരുന്നു. അമേഥിയിൽ കെ.എൽ. ശർമയുടെ പേര് ദിവസങ്ങളായി ചർച്ചയിലുണ്ടായിരുന്നു.
മത്സരിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം അന്തിമമായി പ്രിയങ്കയുടെയും രാഹുലിന്റേതുമായിരുന്നു. 'മത്സരിക്കണമോ വേണ്ടയോ എന്നത് അവരുടെ വ്യക്തിപരമായ ചോയ്‌സാണ്' എന്ന് കഴിഞ്ഞദിവസം പറഞ്ഞത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ്. കോൺഗ്രസിൽ ഒരു സ്ഥാനാർഥിക്കും ഇല്ലാത്തതാണ് ‘വ്യക്തിപരമായ ചോയ്സ്’ എന്ന അവകാശം.
പത്രികാസമര്‍പ്പണ ദിവസം വരെ നീണ്ട സസ്‌പെന്‍സിനെക്കുറിച്ച് കോൺഗ്രസ് കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. കുടുംബവാഴ്ച പണ്ടേപ്പോലെ ഫലിച്ചേക്കില്ല എന്ന ആശങ്ക, ഒരിക്കല്‍ കൂടി രാഹുല്‍ അമേഥിയിലും ആദ്യ മത്സരത്തില്‍ പ്രിയങ്ക റായ്ബറേലിയിലും തിരിച്ചടി നേരിട്ടാല്‍ പാര്‍ട്ടിയിലുള്ള നെഹ്‌റു കുടുംബത്തിന്റെ പിടി അയഞ്ഞുപോകുമെന്ന പേടി- ഇത്തരം ആശങ്കകൾ കോൺഗ്രസിനെ ഭരിച്ചിരുന്നു, പ്രത്യേകിച്ച് പ്രിയങ്കയുടെ കാര്യത്തിൽ.
രാഹുൽഗാന്ധി തുടക്കം മുതൽ താനും പ്രിയങ്കയും മത്സരിക്കുന്നതിൽ താൽപ്പര്യക്കുറവ് പ്രകടിപ്പിച്ചിരുന്നു. അതിന് പ്രധാന കാരണം, നെഹ്റു കുടുംബവാഴ്ചയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനങ്ങളാണ്. ഇത്തവണ സോണിയയും രാഹുലും പ്രിയങ്കയും ഒരുമിച്ച് പാര്‍ലമെന്റിലുണ്ടായാൽ അത് പാര്‍ട്ടിക്ക് ദോഷമേ ചെയ്യൂ എന്നും രാഹുലിന് അഭിപ്രായമുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ സൂചന നൽകിയിരുന്നു. ഇതായിരുന്നു, രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാർഥിത്വത്തെ കടുത്ത അനിശ്ചിതത്വത്തിലാക്കിയത്.
ആദ്യ മത്സരത്തിൽ തന്നെ പ്രിയങ്ക തോൽക്കുകയാണെങ്കിൽ അത് പാർട്ടിക്കും അതിലുപരി കുടുംബത്തിനുതന്നെയും വലിയ ക്ഷീണമാകും. നെഹ്റു കുടുംബാംഗത്തിന്റെ തോൽവി അപ്രതീക്ഷിത സംഭവമല്ലെന്ന് 2019-ലെ അമേഥി നെഹ്റു കുടുംബത്തെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.
2019-ല്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച് അമേഥിയില്‍നിന്ന് ബി.ജെ.പിയുടെ സ്മൃതി ഇറാനിയാണ് ജയിച്ചത്. വെറും ജയമല്ല, അര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമുണ്ടായിരുന്നു. 2019-ല്‍ അമേഥിയില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍നിന്നും ബി.എസ്.പിയില്‍നിന്നും നല്ലൊരു ശതമാനം വോട്ട് ബി.ജെ.പിയിലേക്ക് പോയി എന്നാണ് കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത്തവണ ബി.എസ്.പി 'ഇന്ത്യ' മുന്നണിയിലില്ല. അമേഥി ഇപ്പോഴും കോൺഗ്രസിനെ സംബന്ധിച്ച് സുരക്ഷിത മണ്ഡലമല്ല എന്ന വിലയിരുത്തലിലാണ് രാഹുൽ, അൽപം കൂടി സുരക്ഷിതമെന്ന് കരുതുന്ന റായ്ബറേലിയിലേക്ക് മാറിയത്.
റായ് ബറേലി സോണിയാഗാന്ധിയുടെ സിറ്റിങ് സീറ്റാണ്. അവര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെതുടർന്ന് പ്രിയങ്കയാണ് പരിഗണിക്കപ്പെട്ടത്. സോണിയാഗാന്ധിക്ക് ലഭിച്ച പിന്തുണ പ്രിയങ്കക്ക് അതേപടി കിട്ടുമോ എന്ന കാര്യത്തിൽ കോൺഗ്രസിന് ആശങ്കയുണ്ടായിരുന്നില്ലെങ്കിലും രാഹുലിനും പ്രിയങ്കക്കു തന്നെയും ഇക്കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. എങ്കിലും, ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടി എന്ന ബി.ജെ.പിയുടെ വിമർശനം ഒഴിവാക്കുക കൂടി രാഹുലിന്റെ സ്ഥാനാർഥിത്വത്തെ സ്വാധീനിച്ചു.
ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയിലെ ബി.ജെ.പി സ്ഥാനാർഥി. 2019-ല്‍ സോണിയയുടെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ബി.ജെ.പി അവസാന നിമിഷം വരെ കാത്തിരുന്നശേഷം ഇന്നലെ വൈകീട്ടാണ് ദിനേശ് പ്രതാപ് സിങ്ങിന്റെ പേര് പ്രഖ്യാപിച്ചത്. ദിനേശ് പ്രതാപ് സിങ്ങ് രാഹുലിനെ സംബന്ധിച്ച് ശക്തനായ എതിരാളിയല്ല എന്ന കണക്കുകൂട്ടലും റായ്ബറേലിയിലേക്കുള്ള രാഹുലിന്റെ മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്.
പാർട്ടിയുടെ താരപ്രചാരക എന്ന നിലയ്ക്ക് ശോഭിക്കുന്ന പ്രിയങ്ക സ്ഥാനാർഥിയാകുന്നതിനോട് തുടക്കം മുതൽ വിമുഖയായിരുന്നു. യു.പിയുടെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്ന പ്രിയങ്ക 2023 അവസാനമാണ് ആ സ്ഥാനമൊഴിഞ്ഞത്. 2019-ലെ തെരഞ്ഞെടുപ്പില്‍ യു.പി കേന്ദ്രീകരിച്ചായിരുന്നു പ്രിയങ്കയുടെ പ്രവര്‍ത്തനം. എല്ലാ അര്‍ഥത്തിലും പാര്‍ട്ടിയുടെ താര പ്രചാരക. അവരുടെ റാലികളില്‍ ജനം തടിച്ചുകൂടിയിരുന്നുവെങ്കിലും അതൊന്നും വോട്ടായില്ലെന്നുമാത്രമല്ല, സോണിയാഗാന്ധിയുടെ ജനപ്രീതിയില്‍ ലഭിച്ച റായ്ബറേലി കൊണ്ട് പാര്‍ട്ടിക്ക് തൃപ്തിപ്പെടേണ്ടിയും വന്നു.
രാജ്യത്തുടനീളം പ്രവര്‍ത്തകരെ ആവേശഭരിതരാക്കാന്‍ കഴിയുന്ന സാന്നിധ്യമാണ് പ്രിയങ്കയുടേത്. മത്സരിക്കുകയാണെങ്കില്‍ അവര്‍ക്ക് രണ്ടാഴ്ചയെങ്കിലും മണ്ഡലത്തില്‍ കഴിയേണ്ടിവരും. ഇത് ഏറ്റവും പ്രധാന താര പ്രചാരകയെ നഷ്ടപ്പെടുത്തലാകും പാര്‍ട്ടിയെ സംബന്ധിച്ച് എന്നൊരു ചർച്ചയാണ് പ്രിയങ്ക മത്സരിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് നയിച്ചത്. ഇപ്പോൾ, നരേന്ദ്രമോദിക്ക് തക്ക മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നത് പ്രിയങ്കയാണ്. അതുകൊണ്ടുതന്നെ രാജ്യവ്യാപകമായി പ്രചാരണത്തിൽ സജീവമാകാനാണ് പ്രിയങ്കയുടെ തീരുമാനം.
കോൺഗ്രസ് സംഘടനാ സംവിധാനം മുമ്പൊരിക്കലും അമേഥിക്കും റായ്ബറേലിക്കും വേണ്ടി ഇത്തരമൊരു പ്രതീക്ഷാപൂർവമായ കാത്തിരിപ്പ് നടത്തിയിട്ടില്ല. യു.പി കോണ്‍ഗ്രസ് ഘടകം ഇലക്ഷന്‍ പ്രഖ്യാപിച്ചതുമുതല്‍ രാഹുലിനും പ്രിയങ്കക്കും വേണ്ടി സീറ്റ് ഒഴിച്ചിട്ടിരിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മിറ്റി രാഹുലിന്റെയും പ്രിയങ്കയുടെയും കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാന ഘടകം ഹൈക്കമാന്‍ഡിനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും തീരുമാനമെടുക്കാന്‍ പാര്‍ട്ടി മടിച്ചുനിന്നു. സംസ്ഥാന ഘടകമാകട്ടെ, ഇരു മണ്ഡലങ്ങളിലെയും ജനങ്ങളുടെ ആവശ്യമാണ് രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാര്‍ഥിത്വം എന്ന രീതിയില്‍ വിപുലമായ കാമ്പയിനും നടത്തി. ഇരുവരുടെയും സ്ഥാനാർഥിത്വം വൈകുന്നതിൽ പ്രതിഷേധിച്ച് അമേഥിയിലും റായ്ബറേലിയിലും പ്രവർത്തകർ പ്രകടനം നടത്തുകയും ചെയ്തു.
പ്രിയങ്കയുടെ പങ്കാളിയും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്ര അമേഥിയില്‍ കണ്ണുവച്ച് സ്വയം തയ്പ്പിച്ച സ്ഥാനാര്‍ഥിക്കുപ്പായവുമായി ഇറങ്ങിയത് പാർട്ടിയെ സംഘർഷത്തിലാക്കിയിരുന്നു. ‘ഞാനും ഒരു നെഹ്‌റു കുടുംബാംഗമല്ലേ’ എന്ന മട്ടിലായിരുന്നു ആ ഏകാംഗ പ്രകടനം. 'രാജ്യം മുഴുവന്‍ ഞാന്‍ സജീവ രാഷ്ട്രീയത്തിലിറങ്ങാനാഗ്രഹിക്കുന്നു' എന്നുപോലും വാദ്ര പറയാന്‍ ധൈര്യം കാട്ടി: ''എനിക്കുവേണ്ടി രാജ്യമെങ്ങും നിന്ന് ശബ്ദമുയരുകയാണ്. ഞാന്‍ എന്നും ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നതുകൊണ്ടാകാം അത്. മാത്രമല്ല, 1999 മുതല്‍ ഞാന്‍ അമേഥിയില്‍ കാമ്പയിന്‍ നടത്തുന്നുമുണ്ട്''- സ്ഥാനാർഥിത്വത്തിനുള്ള യോഗ്യത അദ്ദേഹം സ്വയം കാമ്പയിൻ ചെയ്തു. ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ യു.പിയില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ കടത്തിവെട്ടി എന്ന കൊടും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. അമേഥിയിലേക്ക് ഒരു നെഹ്‌റു കുടുംബാംഗം തന്നെ വേണം എന്നും അതിന് താനാണ് തീര്‍ത്തും യോഗ്യന്‍ എന്നുമുള്ള കാമ്പയിന്‍ വളരെ നേരത്തെ വധേര പറഞ്ഞുനടക്കുന്നുണ്ട്. എന്നാല്‍, തുടക്കത്തില്‍ പാര്‍ട്ടി അതിന് വലിയ ചെവി കൊടുത്തില്ല. ഒരു എം.പിയായി താന്‍ രാഷ്ട്രീയത്തിലേക്ക് ആദ്യമായി കാലെടുത്തുവക്കുന്നത് അമേഥിയിലൂടെയാകുമെന്ന പ്രഖ്യാപനം വരികയും വാദ്രയുടെ പോസ്റ്ററുകള്‍ പാര്‍ട്ടി ഓഫീസിനുപുറത്ത് കാണുകയും ചെയ്തപ്പോഴാണ് കോണ്‍ഗ്രസ് ഒന്ന് ഞെട്ടിയതും ആശയക്കുഴപ്പത്തിലായതും. കാരണം, നെഹ്‌റു കുടുംബാംഗം എന്ന അവകാശവാദം മാത്രമേ ഈ രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥിത്വത്തിന് ഇതുവരെ കോണ്‍ഗ്രസ് പരിഗണിച്ചിട്ടുള്ളൂ. വാദ്രയുടെ ആ പാരമ്പര്യം അനിഷേധ്യവുമാണുതാനും. ആ നിലയ്ക്ക് അങ്ങനെയങ്ങ് തള്ളിക്കളയാനാകുമാകില്ല വാദ്ര. ത്രിവേണി ഘട്ടില്‍ ഗംഗാ ആരതിയൊക്കെ നടത്തി കൂടുതല്‍ ഉഷാറായി അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു, വാദ്ര.
തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് രാഹുലിന്റെ മാറ്റമെന്നും പ്രിയങ്കയുടെ മാറിനിൽക്കലെന്നും പാർട്ടി അനൗദ്യോഗികമായി വിശദീകരിക്കുന്നുണ്ട്. അതായത്, ഇപ്പോള്‍ നരേന്ദ്രമോദി X രാഹുല്‍ ഗാന്ധി എന്നൊരു നറേറ്റീവിലാണ് ദേശീയതലത്തില്‍ കാമ്പയിന്‍ പുരോഗമിക്കുന്നത്. രാഹുലിനെതിരെ മോദി നിരന്തരം വിവാദപ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അത് ഫലത്തിൽ രാഹുലിന്റെയും കോൺഗ്രസിന്റെയും ദേശീയ പ്രാധാന്യം വർധിപ്പിക്കുകയും കോൺഗ്രസിന്റെ തന്നെ സാധ്യതകൾക്ക് ഗുണകരമാകുകയും ചെയ്യുമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്. ഇത്തരമൊരവസ്ഥയിൽ രാഹുൽ ബി.ജെ.പിയുടെ ശക്തികേന്ദ്രത്തിൽ മത്സരിക്കാതെ ഒഴിഞ്ഞുനിന്നാൽ ഒളിച്ചോട്ടമായി ബി.ജെ.പിയും മോദിയും വ്യാഖ്യാനിക്കും.
നെഹ്‌റു കുടുംബത്തിലല്ല ജനിച്ചത് എങ്കിലും വര്‍ഷങ്ങളായി സോണിയയുടെയും രാഹുലിന്റെയും ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളുടെ സംഘാടന നേതൃത്വമുളളയാളാണ് കെ.എല്‍. ശര്‍മ. പഞ്ചാബിലെ ലുധിയാനക്കാരനായ ശര്‍മ, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത്, 1983-മുതല്‍ അമേഥിയിലെയും റായ്ബറേലിയിലെയും ഇലക്ടറൽ പൊളിറ്റിക്സിന്റെ ഭാഗമാണ്. രാജീവിനുശേഷം സോണിയയും രാഹുലും ഈ മണ്ഡലങ്ങളില്‍ സജീവമായപ്പോള്‍ ശര്‍മ നെഹ്‌റു കുടുംബവുമായി കൂടുതല്‍ അടുത്തു. 1999-ല്‍ സോണിയ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പു വിജയത്തിന് സംഘടനാപരമായ ചുക്കാന്‍ പിടിച്ചത് ശര്‍മയാണ്. സോണിയയുടെയും രാഹുലിന്റെയും അസാന്നിധ്യത്തില്‍ രണ്ടു മണ്ഡലങ്ങളുടെയും ചുമതല കോണ്‍ഗ്രസ് ഏല്‍പ്പിച്ചത് ശര്‍മയെയാണ്. നെഹ്‌റു കുടുംബവും അമേഥിയിലെ അണികളുമായുള്ള അടുത്ത ബന്ധമാണ് ശര്‍മയുടെ സ്ഥാനാര്‍ഥിത്വത്തിലേക്ക് നയിച്ചത്.
എങ്കിലും നെഹ്റു കുടുംബാംഗത്തിന്റെ അഭാവം അമേഥിയിലെ കോൺഗ്രസ് പ്രതീക്ഷയെ പ്രതികൂലമായി ബാധിച്ചേക്കും. കാരണം, സ്മൃതി ഇറാനി അതിശക്തമായ മത്സരമാണ് അമേഥിയിൽ കാഴ്ചവക്കുന്നത്. അമേഥിയിൽനിന്നുള്ള രാഹുലിന്റെ ഒഴിഞ്ഞുപോക്കായിരിക്കും ഇനി അവരുടെ പ്രചാരണ വിഷയം.
നെഹ്‌റു കുടുംബത്തെ ലക്ഷ്യം വച്ചാണ് സ്മൃതി ഇറാനിയുടെ കാമ്പയിന്‍. മണ്ഡലത്തെ ഈ കുടുംബം അര നൂറ്റാണ്ട് പിന്നിലേക്ക് കൊണ്ടുപോയി എന്നാണ് അവരുടെ പരാതി. കൈകള്‍ കെട്ടിയിടപ്പെട്ട നിസ്സഹായരും ദരിദ്രരുമായ ജനതയെയാണ് ഈ കാലം കൊണ്ട് അമേഥി സൃഷ്ടിച്ചതെന്നും അവര്‍ ആഞ്ഞടിക്കുന്നു: ''അമേഥിയിലെ 1.08 ലക്ഷം കുടുംബങ്ങള്‍ക്ക് വീടില്ല. നാലു ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാപ്പില്ല, മൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് ടോയ്‌ലെറ്റില്ല''- സ്മൃതി ഇറാനിയുടെ കൈയില്‍ കണക്കുകള്‍ ഭദ്രം.
രാഹുലിന്റെയും പ്രിയങ്കയുടെയും തീരുമാനം വൈകിയത്, യു.പിയിലെ കോൺഗ്രസിന്റെ മൂന്നാം ഘട്ട കാമ്പയിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ എന്‍.ഡി.എ കാമ്പയിന്‍ വർഗീയമായി തകർത്ത് മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പ് നെഹ്‌റു കുടുംബത്തിലെ സഹോദരങ്ങളുടെ തീരുമാനം കാത്തുനില്‍ക്കുകയായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സോണിയ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ കാമ്പയിനില്‍ ഇതുവരെ സജീവമായിട്ടില്ല, അതേസമയം, യോഗി ആദിത്യനാഥ് രണ്ടും മൂന്നും വട്ടം മണ്ഡലങ്ങളില്‍ കാമ്പയിന്‍ പൂര്‍ത്തിയാക്കികഴിഞ്ഞു.
2014-ല്‍ സോണിയ നേടിയ 3,52,713 വോട്ടിന്റെ ഭൂരിപക്ഷം ഏതാണ്ട് പകുതിയായി, 1,67,178 ആയി, കുറയ്ക്കാനായി എന്ന മികവാണ് ദിനേശ് പ്രതാപ് സിങ്ങിന് ബി.ജെ.പി വീണ്ടുമൊരു അവസരം നല്‍കാൻ കാരണമായത്. സോണിയയുടെ അഭാവത്തില്‍മണ്ഡലം തന്നെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു ബി.ജെ.പിക്ക്. എന്നാൽ, രാഹുലിന്റെ വരവോടെ ആ പ്രതീക്ഷക്ക് തിരിച്ചടിയേറ്റിട്ടുണ്ട്.
'റായ്ബറേലിയില്‍നിന്ന് ഗാന്ധിമാര്‍ക്ക് യാത്രയയപ്പ് നല്‍കുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നു' എന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുപുറകേ ദിനേശ് പ്രതാപ് സിങ്ങ് ട്വീറ്റു ചെയ്തു. ഏതു ഗാന്ധി വന്നാലും നേരിടാന്‍ തയാറാണ് എന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
എന്തുകൊണ്ടാണ്, ബി.ജെ.പി റായ് ബറേലിയില്‍ കോണ്‍ഗ്രസ് തീരുമാനം കാത്തിരുന്നത്? സാക്ഷാല്‍ അമിത് ഷാ തന്നെ അതിന് ഉത്തരം നൽകിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷമേ ഇവിടെ ബി.ജെ.പ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതുള്ളൂ എന്ന് പാര്‍ട്ടിയുടെ റായ്ബറേലി യൂണിറ്റ് തീരുമാനിച്ചിട്ടുണ്ട് എന്ന് ടൈംസ് ഗ്രൂപ്പിന്റെ ഗ്രൂപ്പ് എഡിറ്റര്‍ നവിക കുമാറിന് നല്‍കിയ അഭിമുഖത്തില്‍അദ്ദേഹം പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ് പ്രഖ്യാപനം വരുന്നതിനുമുമ്പേ ബി.ജെ.പി ദിനേശ് പ്രതാപ് സിങ്ങിന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു. പ്രിയങ്കയാണ് മത്സരിക്കുന്നതെങ്കില്‍, അവരെ തോല്‍പ്പിക്കാന്‍ കഴിയുന്ന ശക്തരായ സ്ഥാനാര്‍ഥിയെയാണ് ബി.ജെ.പി പരിഗണിച്ചത്. രാഹുലിന്റെ സ്ഥാനാർഥിത്വം ബി.ജെ.പിയെ കൂടി അമ്പരപ്പിച്ചിട്ടുണ്ട്.
ഒരു കുടുംബപ്രശ്നം കൂടിയാണ്,
അമേഥി
അമേഥി നെഹ്‌റു കുടുംബക്കാരെ തുടരെത്തുടരെ വിജയിപ്പിച്ചിട്ടുണ്ടെങ്കിലും, ഒരു കുടുംബപ്രശ്നം കൂടിയാണ് ഈ മണ്ഡലം. അമേഥിയെച്ചൊല്ലി ഇതാദ്യമായല്ല നെഹ്‌റു കുടുംബം കടുത്ത ആശയക്കുഴപ്പത്തിലാകുന്നത്.
അടിയന്തരാവസ്ഥയിലെ വില്ലനായ സഞ്ജയ് ഗാന്ധിയെ 1977-ല്‍ അമേഥി തോല്‍പ്പിച്ചിട്ടുണ്ട്. ഒരു നെഹ്‌റു കുടുംബാംഗത്തിന്റെ അമേഥിയില്‍നിന്നുള്ള ആദ്യ തോല്‍വി. 1980-ല്‍ സഞ്ജയ് അമേഥിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1980 ജൂണ്‍ 23ന് സഞ്ജയ് ഗാന്ധി മരിച്ചപ്പോള്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. നെഹ്‌റു കുടുംബത്തില്‍ അമേഥിയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിനും.
1981-ലായിരുന്നു ഉപതെരഞ്ഞെടുപ്പ്. സഞ്ജയ് ഗാന്ധിയുടെ സഹോദരന്‍ രാജീവ് ഗാന്ധിയായിരുന്നു സ്ഥാനാര്‍ഥി. എന്നാല്‍, സഞ്ജയ് ഗാന്ധിക്കൊപ്പം രാഷ്ട്രീയവേദികളിലെ നിരന്തര സാന്നിധ്യമായിരുന്ന മനേകക്ക്, തന്റെ പങ്കാളിയുടെ രാഷ്ട്രീയാവകാശിയായി തുടരാനാഗ്രഹമുണ്ടായിരുന്നു. അതിനുള്ള നീക്കങ്ങള്‍ സഞ്ജയ് ഗാന്ധി ജീവിച്ചിരിക്കുമ്പോള്‍ തന്നെ മേനക നടത്തുകയും ചെയ്തിരുന്നു. സഞ്ജയ് ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന അക്ബര്‍ അഹമ്മദ് ലക്‌നോയില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനില്‍ മേനക പങ്കെടുത്തതാണ് ഇന്ദിരാഗാന്ധിയെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. സ്ഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിക്ക് പിന്തുണ നല്‍കുന്നതായിരുന്നു കണ്‍വെന്‍ഷന്‍. തന്റെ നേതൃത്വത്തെ വെല്ലുവിളിക്കാനുള്ള മേനകയുടെ നീക്കമായാണ് ഇതിനെ ഇന്ദിര കണ്ടത്.
സഞ്ജയ് ഗാന്ധിയുടെ മരണശേഷമുള്ള അമേഥിയിലെ രാജീവിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഈ ഭിന്നത അതിരൂക്ഷമായി. അത് മേനകയും ഇന്ദിരയും തമ്മിലുള്ള തുറന്ന പോരിലേക്കാണ് നയിച്ചത്. അതുവരെ താമസിച്ചിരുന്ന പ്രധാനമന്ത്രിയുടെ നമ്പര്‍ വണ്‍ സഫ്ദര്‍ജംഗ് റോഡിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അവര്‍ക്കൊപ്പം രണ്ടു വയസുകാരനായ മകന്‍ വരുണുമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കുറഞ്ഞ പ്രായമായ 25 വയസ്സ് അപ്പോള്‍ മേനകക്ക് തികഞ്ഞിരുന്നില്ലെന്നും തനിക്കുകൂടി മത്സരിക്കാന്‍ പാകത്തിന് ഭരണഘടന തന്നെ ഭേദഗതി ചെയ്യാന്‍ അവര്‍ ഇന്ദിരാഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പറയുന്നുണ്ട്. 1981-ല്‍ രാജീവ് ശരത് യാദവിനെ 3,07,523 വോട്ടിനാണ് തോല്‍പ്പിച്ചത്.
1984-ല്‍ രാജീവ് ഗാന്ധിക്കെതിരെ സ്വതന്ത്രയായി മത്സരിച്ചാണ് മേനകയുടെ ഇലക്ഷന്‍ പൊളിറ്റിക്സ് തുടങ്ങുന്നത്. അതിനായി, അക്ബര്‍ അഹമ്മദിനൊപ്പം രാഷ്ട്രീയ സഞ്ജയ് മഞ്ച് എന്ന സംഘടനയുണ്ടാക്കി. മേനകയുടെ സ്ഥാനാര്‍ഥിത്വം അമേഥിയില്‍ ചലനമുണ്ടാക്കി. സ്ത്രീവോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ രാജീവിനെ സഹായിക്കാന്‍ സോണിയയുമെത്തിയതോടെ കുടുംബപ്പോരിന് കൗതുകകരമായ വഴിത്തിരിവുമായി. ഇന്ദിരാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സഹതാപതരംഗത്തില്‍ മേനകക്ക് ലഭിച്ചത് വെറും 50,163 വോട്ട്. രാജീവിന്റെ ഭൂരിപക്ഷം 3,14,878.
1991-ല്‍ രാജീവ് ഗാന്ധിയുടെ വധത്തിനുശേഷവും അമേഥി നെഹ്‌റു കുടുംബത്തിന്റെ കോട്ടയായി തുടര്‍ന്നു. 1991, 96 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കുടുംബവുമായി അടുത്ത ബന്ധമുള്ള സതീഷ് ശര്‍മയാണ് ജയിച്ചത്. 1999-ല്‍ സോണിയ ഗാന്ധിയുടെ അമേഥി കാലം തുടങ്ങി. 2004-ല്‍ അമേഥി മകന്‍ രാഹുലിന് വിട്ടുകൊടുത്ത് സോണിയ റായ് ബറേലിയിലേക്ക് മാറി. 2019 വരെ 15 വര്‍ഷം രാഹുല്‍ അമേഥിയെ പ്രതിനിധീകരിച്ചു.
യു.പിയിലെ സുല്‍ത്താന്‍ പുരില്‍നിന്നാണ് ഇത്തവണ മേനക മത്സരിക്കുന്നത്.
ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മേനകയുടെ മകന്‍ വരുണ്‍ ഗാന്ധിയെ മുന്‍നിര്‍ത്തി, നെഹ്‌റു കുടുംബത്തിനെതിരെ മറ്റൊരു കളിക്കും ഇത്തവണ ബി.ജെ.പി കോപ്പുകൂട്ടിയിരുന്നു. റായ്ബറേലിയില്‍ പ്രിയങ്കയാണ് സ്ഥാനാര്‍ഥിയെങ്കില്‍, വരുണിനെ എതിര്‍ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ബി.ജെ.പി നീക്കമുണ്ടായിരുന്നു. എന്നാല്‍, വരുണ്‍ ഇത് നിരസിച്ചു. 2019-ല്‍ പിലിഭിത്തില്‍നിന്ന് ജയിച്ച വരുണിന് ബി.ജെ.പി ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. പിലിഭിത്തില്‍ ജിതിന്‍ പ്രസാദിനെയാണ് പാര്‍ട്ടി നിര്‍ത്തിയിരിക്കുന്നത്.
യു.പിയില്‍ കോണ്‍ഗ്രസിന് അവശേഷിക്കുന്ന ഏക സീറ്റാണ് റായ് ബറേലി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ഏറ്റവും വലിയ രാഷ്ട്രീയ മത്സരങ്ങള്‍ക്ക് വേദിയായ മണ്ഡലം. അമേഥിയെപ്പോലെ തന്നെ, നെഹ്‌റു കുടുംബത്തിന്റെ അഭിമാന മണ്ഡലം. ഇതുവരെ നടന്ന 20 തെരഞ്ഞെടുപ്പില്‍ 17-ലും ജയിച്ചത് കോണ്‍ഗ്രസ്. 1952-ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ഫിറോസ് ഗാന്ധിക്കായിരുന്നു ജയം. രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ പാർലമെന്ററിയൻമാരിൽ ഒരാൾ എന്ന നിലയിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തനായ ഫിറോസിനെ തന്നെ 1957-ലും റായ്ബറേലി തെരഞ്ഞെടുത്തു.
1967 മുതല്‍ 1977 വരെ ഇന്ദിരാഗാന്ധിയുടേതായിരുന്നു ഈ മണ്ഡലം. 77-ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് നടന്ന ഇലക്ഷനില്‍ ജനതാപാര്‍ട്ടിയുടെ രാജ് നാരായണ്‍ ഇന്ദിരയെ തോല്‍പ്പിച്ചു. 2004 മുതല്‍ തുടർച്ചയായ അഞ്ചു തവണ സോണിയ ഗാന്ധിക്കായിരുന്നു ജയം.
1996, 1998 തെരഞ്ഞെടുപ്പുകളില്‍ രണ്ടു തവണ കൂടി ബി.ജെ.പിയുടെ അശോക് സിങ് ജയിച്ചതൊഴിച്ചാല്‍കോണ്‍ഗ്രസിനായിരുന്നു ആധിപത്യം. സോണിയക്കുശേഷം മകൻ രാഹുലിലൂടെ റായ്ബറേലിക്കുമേൽ കോൺഗ്രസ് അടിച്ചേൽപ്പിച്ച കുടുംബാധിപത്യം മാറ്റമില്ലാതെ തുടരുകയാണ്.
ഇത്തവണ, യു.പിയിൽ ആകെയുള്ള 80 സീറ്റിൽ 17 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയുമായി ചേര്‍ന്നുള്ള ‘ഇന്ത്യ’ സഖ്യത്തിൽ മറ്റ് പ്രാദേശിക പാർട്ടികളുമുണ്ട്.
ആദ്യ രണ്ടു ഘട്ടങ്ങളിലായി പശ്ചിമ യു.പിയിലടക്കം 16 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മെയ് ഏഴിന് മൂന്നാം ഘട്ടത്തില്‍ 10 സീറ്റിലേക്ക് വോട്ടെടുപ്പ് നടക്കും. അമേഥിയിലും റായ്ബറേലിയിലും അഞ്ചാം ഘട്ടത്തില്‍ മെയ് 20നാണ് വോട്ടെടുപ്പ്.
ഇത്തവണ തീരുമാനം പ്രിയങ്കയുടെയും രാഹുലിന്റേയുമായിരുന്നു, അമ്മയും രണ്ടു മക്കളും ഒന്നിച്ച് പാർലമെന്റിൽ വേണ്ടതില്ല എന്ന രാഹുലിന്റെ നിലപാടും സ്വാഗതാർഹമാണ്. എങ്കിലും ഇത് ഇലക്ടറൽ പൊളിറ്റിക്സാണ്, അമേഥിയിലെയും റായ്ബറേലിയിലെും വോട്ടർമാർ ഈ നിലപാടിനോട് എങ്ങനെയായിരിക്കും പ്രതികരിക്കുക?