‘‘ഞാൻ വലിയ ധർമസങ്കടത്തിലാണ്, വയനാടോ റായ്ബറേലിയോ എന്ന കാര്യത്തിൽ’’ - തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അറിയിക്കാൻ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാൽ, അത് കോൺഗ്രസിന്റെ കൂടി ധർമ്മസങ്കടമായിരുന്നു. വയനാടോ റായ്ബറേലിയോ എന്ന കാര്യത്തിൽ. ആ ചോദ്യത്തിന്, പാർട്ടിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ഉത്തരം തന്നെ കണ്ടെത്തിക്കഴിഞ്ഞു, പ്രിയങ്ക ഗാന്ധി.
ഇന്നലെ ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുടെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടി തീരുമാനം വ്യക്തമാക്കി: 'രാഹുൽ രണ്ടിടത്തു മത്സരിച്ചു, രണ്ടിടത്തും വിജയിച്ചു. എന്നാൽ രണ്ടിടത്ത് തുടരാൻ നിയമം അനുവദിക്കുന്നില്ല. അതിനാൽ ദുഃഖത്തോടെയെങ്കിലും വയനാടിനോട് വിടപറയുന്നു. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും’.
ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഖാർഗേയുടെ പ്രഖ്യാപനമെത്തിയത് എങ്കിലും കോൺഗ്രസിനെ സംബന്ധിച്ച് അത്ര അപ്രതീക്ഷിത സ്ഥാനാർത്ഥിയല്ല പ്രിയങ്ക. രാഹുൽ വയനാട് വിട്ട് റായ്ബറേലിയെ പ്രതിനിധീകരിക്കും എന്ന് ഏതാണ്ട് ഉറപ്പായപ്പോൾ തന്നെ ഉയർന്നുകേട്ട പേരായിരുന്നു പ്രിയങ്കയുടേത്. തൃശൂരിൽ തോറ്റ കെ. മുരളീധരനെ, രാഹുലിന് പകരം വയനാട്ടിൽ മത്സരിപ്പിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും മത്സരിക്കാൻ മുരളീധരൻ തയ്യാറായില്ല.
താൻ വയനാട് ഒഴിയുകയാണെങ്കിൽ വയനാടിനെ കാത്ത് മറ്റൊരു സന്തോഷമുണ്ടാകുമെന്ന് രാഹുൽ നേരത്തെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ, 2019-ൽ രാഹുലിനെ വയനാട്ടിൽ അവതരിപ്പിക്കുമ്പോഴുണ്ടായിരുന്ന സർപ്രൈസ് എലമെന്റ് പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിന് ഇല്ലെന്നുപറയാം.
തന്റെ ആദ്യ രാഷ്ട്രീയ മത്സരത്തിന് വയനാട് തന്നെ തെരഞ്ഞെടുത്തതിനുപിന്നിൽ, രാഷ്ട്രീയ മാനങ്ങളേറെയുണ്ട്.
2019-ലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവും വൻ ഭൂരിപക്ഷത്തോടെയുള്ള വിജയവും കൊണ്ട് ദേശീയ ശ്രദ്ധയുള്ള മണ്ഡലമായി വയനാട് മാറിയിട്ടുണ്ട്. ഇത്തവണയും രാജ്യം മുഴുവൻ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വയനാട്. വയനാട്ടിലെ മാത്രമല്ല, കേരളത്തിലെ തന്നെ യു.ഡി.എഫിന്റെ വിജയത്തെ സ്വാധീനിച്ചു, രാഹുലിന്റെ ആദ്യ സ്ഥാനാർഥിത്വം. അതുകൊണ്ടുതന്നെ, കോൺഗ്രസിനെ സംബന്ധിച്ച് ഇനി ഏത് കാലത്തും, വയനാട് രാഷ്ട്രീയപ്രാധാന്യമുള്ള മണ്ഡലമാകും.
2019-ൽ റായ്ബറേലിയിൽ തോറ്റ തനിക്ക് പിടിവള്ളിയായത് വയനാടാണ് എന്ന് രാഹുലിന് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ, പാർട്ടിക്ക് അവതരിപ്പിക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനാർഥി തന്നെ വയനാട്ടിലുണ്ടാകണമെന്നത് രാഹുലിന്റെ കൂടി താൽപര്യമായിരുന്നു. വിജയം ഉറപ്പുള്ള മണ്ഡലമെന്ന നിലയ്ക്ക് പ്രിയങ്കയുടെ ആദ്യ അങ്കത്തിന് വയനാട് അങ്ങനെ വേദിയാകുകയായിരുന്നു: 'വയനാട്ടിൽ മത്സരിക്കുന്നതിൽ സന്തോഷം, രാഹുലിന്റെ അസാന്നിധ്യം വയനാടിനെ അറിയിക്കില്ല. നല്ല ജനപ്രതിനിധിയായിരിക്കാൻ ശ്രമിക്കും' സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
'വയനാടുമായി വൈകാരികമായ അടുപ്പമാണ് എനിക്കുള്ളത്. ദുരിതകാലത്ത് എന്റെ കൂടെ നിന്ന് എനിക്ക് പോരാടാൻ ശക്തി തന്നത് വയനാട്ടിലെ ജനങ്ങളാണ്. ഞാനത് ഒരിക്കലും മറക്കില്ല. വയനാട്ടിൽ മത്സരിക്കാനായി പ്രിയങ്ക എത്തുകയാണ്. പ്രിയങ്ക വിജയിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. പ്രിയങ്ക വിജയിച്ചാലും ഞാൻ വയനാട്ടിൽ നിന്ന് പോകുന്നില്ല, വയനാടിന് ഇനി മുതൽ രണ്ട് എം.പിമാരുണ്ടെന്ന് കരുതിക്കോളൂ, ഒന്ന് പ്രിയങ്കയും മറ്റൊന്ന് ഞാനും' എന്നാണ് ഇന്നലെ രാഹുൽ ഗാന്ധി പ്രതികരിച്ചത്.
ആദ്യമായാണ് മത്സരത്തിനിറങ്ങുന്നതെങ്കിലും, ഇലക്ഷൻ രാഷ്ട്രീയത്തിൽ ഏറെ അനുഭവ സമ്പത്തുണ്ട് പ്രിയങ്കക്ക്. കൊണ്ടും കൊടുത്തും രാഷ്ട്രീയം പഠിച്ചിട്ടുണ്ട്, പ്രത്യേകിച്ച് കോൺഗ്രസ് അധികാരം നഷ്ടപ്പെട്ട് പുറത്തിരുന്ന കഴിഞ്ഞ പത്തുവർഷങ്ങൾ കൊണ്ട്.
പ്രചാരണത്തിന് ആദ്യം അമ്മയ്ക്കൊപ്പവും പിന്നീട് സഹോദരൻ രാഹുൽ ഗാന്ധിക്കൊപ്പവും സദാ ഉണ്ടായിരുന്നു പ്രിയങ്ക. ഈ ലോകസഭാ തിരഞ്ഞെടുപ്പിലെ രാഹുലിന്റെ താരപ്രചാരകയുമായിരുന്നു അവർ. കോൺഗ്രസ് റാലികളിൽ, പലപ്പോഴും രാഹുലിനെക്കാൾ ആവേശകരമായിരുന്നു പ്രിയങ്കയുടെ സാന്നിധ്യം. ഹാഥ്റസ്, ലഖിംപൂർ ഖേരി വിഷയങ്ങളിലും കർഷക സമരത്തിലുമെല്ലാം അവർ സാന്നിധ്യമറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും വ്യക്തിപരമായ ആക്രമണങ്ങൾക്കുപോലും സമചിത്തതയോടെയാണ് പ്രിയങ്ക തിരിച്ചടിച്ചിരുന്നത്.
‘രാജ്യത്തിന്റെ സമ്പത്ത് മുസ്‍ലിംകൾക്ക് വിതരണം ചെയ്യുക എന്നതാണ് കോൺഗ്രസ് അജണ്ട. അധികാരത്തിൽ വന്നാൽ അവർ നിങ്ങളുടെ മംഗല്യസൂത്രം പോലും കവർന്നെടുക്കും' എന്ന് രാജസ്ഥാനിലെ പ്രചാരണത്തിനിടെ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനനെതിരേ അതേ നാണയത്തിൽ തിരിച്ചടിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ മറുപടി: ‘55 വർഷം കോൺഗ്രസ് ഭരിച്ച കാലത്ത് നിങ്ങളുടെ മംഗല്യസൂത്രം ആരെങ്കിലും കവർന്നിട്ടുണ്ടോ, ഈ രാജ്യത്തിനുവേണ്ടി സ്വന്തം മംഗല്യസൂത്രം ത്യജിച്ചവളാണ് എന്റെ അമ്മ' - എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
പ്രചാരണത്തിലുടനീളം മോദിയുടെ തീവ്രഹിന്ദുത്വമല്ല രാജ്യസ്നേഹം എന്ന് തുറന്നു കാണിക്കാനും എന്തുകൊണ്ടാണ് കോൺഗ്രസിന് ഇപ്പോഴും രാജ്യത്തിനു വേണ്ടി നിലകൊള്ളാനാകുന്നതെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനും അവർക്ക് കഴിഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 16 സംസ്ഥാനങ്ങളിലായി 108 പൊതുയോഗങ്ങളിലും റോഡ് ഷോകളിലുമാണ് പ്രിയങ്ക പങ്കെടുത്തത്. അമേഠിയിലും റായ്ബറേലിയിലും തൊഴിലാളി സമ്മേളനങ്ങളെ അഭിസംബോധന ചെയ്യാനും അവർ ശ്രദ്ധിച്ചു.
എന്നാൽ, പ്രിയങ്കയുടെ സ്ഥാനാർഥിത്വം, കുടുംബാധിപത്യ രാഷ്ട്രീയമുയർത്തിയുള്ള ബി.ജെ.പി വിമർശനങ്ങൾക്ക് ശക്തി പകരാനും സാധ്യതയുണ്ട്. കോൺഗ്രസ് രാഷ്ട്രീയ പാർട്ടിയല്ലെന്നും ഗാന്ധികുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി മാത്രമാണെന്നും ബി ജെ പി ദേശീയ വക്താവ് ഷെഹസാദ് പറഞ്ഞിരുന്നു: ‘അമ്മ സോണിയാഗാന്ധി രാജ്യസഭയിൽ, മകൻ രാഹുൽ ഗാന്ധി ലോക്സഭയില്‍, ഇപ്പോഴിതാ മകൾ പ്രിയങ്കയെ ലോക്സഭയിലെത്തിക്കാനും കോൺഗ്രസ് പദ്ധതിയിടുന്നു. ഇതിൽപരം എന്താണ് വേണ്ടത്, കോൺഗ്രസ് ഉദ്ദേശിക്കുന്നത് ഒരു രാജഭരണമാണെന്ന് മനസ്സിലാക്കാം’ എന്നാണ് ഷെഹസാദ് പൂനാവാല പറഞ്ഞത്.
‘ലജ്ജയില്ലായ്മ എന്നൊന്നുണ്ട്. അതുപോലെ കോൺഗ്രസിന്റേതുമാത്രമായ ലജ്ജയില്ലായ്മയുമുണ്ട്. കോൺഗ്രസ് അവരുടെ രാജകുടുംബത്തിലെ ഓരോ അംഗങ്ങളെയും വയനാട്ടിലെ ജനങ്ങൾക്കുമേല്‍ മാറി മാറി അടിച്ചേൽപ്പിക്കുകയാണ്. രാഹുൽ ഗാന്ധി മറ്റൊരു മണ്ഡലത്തില്‍ നിന്നുകൂടി മത്സരിക്കുന്നെന്ന വസ്തുത കോൺഗ്രസ് ലജ്ജയില്ലാതെ മറച്ചുവെച്ചു. കോൺഗ്രസിന്റെ ഈ വഞ്ചന കാരണമാണ് രാഹുലിന്റെ കീഴിൽ കോൺഗ്രസ് മൂന്നാമതും തോറ്റത്’ എന്ന് രാജീവ് ചന്ദ്രശഖർ എക്‌സിൽ കുറിച്ചു.
2004-ൽ റായ്ബറേലിയിൽ മത്സരത്തിനിറങ്ങിയ സോണിയാ ഗാന്ധിയുടെ കാമ്പയിന്‍ മാനേജരായിട്ടായിരുന്നു പ്രിയങ്ക ഗാന്ധി തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ സജീവമായപ്പോൾ രാഹുലിന്റെ പ്രചാരണത്തിലും സജീവ സാന്നിധ്യമായി
എന്നാൽ കോൺഗ്രസ് വക്താവ് പവൻ ഖേര രാജീവ് ചന്ദ്രശേഖറിനോട് പ്രതികരിച്ചത് 2014-ൽ നരേന്ദ്ര മോദി രണ്ടിടത്ത് മത്സരിച്ചത് ചൂണ്ടിക്കാട്ടിയാണ്: ‘2014ൽ, വാരണാസിയിൽ മത്സരിക്കുന്നുണ്ടെന്ന വിവരം ലജ്ജയില്ലാതെ മറച്ചുവെച്ച് മോദി വഡോദരയിലും മത്സരിച്ചതുപോലെ, അല്ലേ?’ എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പിന് പവൻ ഖേര എക്സിൽ തന്നെ മറുപടി കുറിച്ചത്.
2019-ൽ വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി ജയിച്ചത് 3,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു. മൊത്തം 7,06,367 വോട്ടും നേടി. ഇത്തവണ വിജയം 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. ആകെ നേടിയത് 6,47,445 വോട്ടും. സി.പി.ഐ നേതാവ് ആനി രാജ എതിർ സ്ഥാനാർത്ഥിയായി ഉണ്ടായിട്ടു പോലും വലിയ വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല.
2004-ൽ റായ്ബറേലിയിൽ മത്സരത്തിനിറങ്ങിയ സോണിയാ ഗാന്ധിയുടെ കാമ്പയിന്‍ മാനേജരായിട്ടായിരുന്നു പ്രിയങ്ക ഗാന്ധി തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ സജീവമായപ്പോൾ രാഹുലിന്റെ പ്രചാരണത്തിലും സജീവ സാന്നിധ്യമായി പ്രിയങ്ക. 2019-ൽ കിഴക്കൻ യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും 2020 സെപ്തംബറിൽ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ജനറൽ സെക്രട്ടറിയായും പാർട്ടി അവരെ നിയോഗിച്ചു.
അതേസമയം, പ്രിയങ്ക തിരഞ്ഞെടുക്കപ്പെടുമ്പോൾ വയനാട്ടിൽ താനും ഉണ്ടാകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും വോട്ടർമാരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.
പ്രിയങ്കക്കെതിരേ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ആരിറങ്ങും എന്നതും ചർച്ചയാവുന്നുണ്ട്. രാഹുലിനെതിരെ മത്സരിച്ചത് സി.പി.ഐയുടെ ശക്തയായ നേതാവ് ആനി രാജയാണ്. 2019-ൽ എൽ.ഡി.എഫിന്റെ പി.പി സുനീർ നേടിയ വോട്ടുകളെക്കാൾ കൂടുതൽ വോട്ടുകൾ നേടാനും ആനി രാജക്ക് കഴിഞ്ഞു. 274,597 വോട്ടുകളായിരുന്നു എൽ.ഡി.എഫിന് 2019ൽ കിട്ടിയതെങ്കിൽ ഇത്തവണ അത് 2,83,023 ആയി ഉയർത്താൻ ആനി രാജക്ക് കഴിഞ്ഞു. പ്രിയങ്കക്കെതിരെയും ആനി രാജ തന്നെയാവും എൽ.ഡി.എഫ് സ്ഥാനാർത്ഥി എന്ന് സൂചനയുണ്ട്. ആനി രാജ തന്നെ മത്സരിത്തിനിറങ്ങിയാൽ രണ്ട് സ്ത്രീകൾ തമ്മിലുള്ള പോരാട്ടമായി വയനാട്ടിലെ മത്സരം മാറും: ‘പാർട്ടിയാണ് സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത്. കഴിഞ്ഞ തവണയും മത്സരിക്കുക എന്നത് എന്റെ തീരുമാനമായിരുന്നില്ല, പാർട്ടിയാണ് തീരുമാനിച്ചത്. സി.പി.ഐ തീരുമാനം ഇടതുമുന്നണി അംഗീകരിച്ചാണ് ഞാനിവിടെ സ്ഥാനാർത്ഥിയായത്. രാജ്യത്തെ വർഗീയ ഫാഷിസം ദുർബലമായിട്ടില്ല എന്നത് യാഥാർഥ്യമാണ്. അങ്ങനെയൊരു യാഥാർഥ്യം നിലനിൽക്കുമ്പോൾ ‘ഇന്ത്യ’ മുന്നണിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്' ആനി രാജ പറയുന്നു. വയനാട്ടിൽ ഒരു വനിതയെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തിരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
ജൂലൈ രണ്ടാം വാരം പ്രിയങ്കയും രാഹുലും ഒരുമിച്ച് വയനാട് സന്ദർശിക്കും. ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ അങ്ങനെ കോൺഗ്രസ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഒരുപക്ഷെ, നെഹ്റു കുടുംബത്തിന് വൈകാരിക ബന്ധമുള്ള അമേഥിയും റായ്ബറേലിയും പോലെയുള്ള മറ്റൊരു മണ്ഡലം കൂടിയാകുകയാണ് വയനാട് എന്ന് ചുരുക്കം.