പ്രൊഫ. മഹ്മൂദാബാദിന്റെ അറസ്റ്റ്: ജാമ്യത്തിലൊളിപ്പിച്ച
പൗരാവകാശ ലംഘനം

അശോക സർവ്വകലാശാലയിലെ പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിന്റെ അറസ്റ്റും ജാമ്യവും അതിനെ സുപ്രീം കോടതി കൈകാര്യം ചെയ്ത രീതിയും നിരവധി പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. അതിലൊന്ന് അഭിപ്രായസ്വാതന്ത്ര്യത്തിന് മുകളിൽ അനുദിനം വർധിച്ചുവരുന്ന ഭരണകൂട അടിച്ചമർത്തലാണ്- പ്രമോദ് പുഴങ്കര എഴുതുന്നു.

ന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിന്റെ ഗുണത്തെക്കുറിച്ചും അതിന്റെ ജൈവികമായ ആരോഗ്യത്തെക്കുറിച്ചും ഒപ്പം ഭാവിയെക്കുറിച്ചു കൂടിയുമുള്ള വലിയ സന്ദേഹങ്ങളാണ് മറ്റു പല ഭരണ, രാഷ്ട്രീയ നടപടികളുമെന്നപോലെ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) എന്ന സൈനിക നടപടിയും ബാക്കിയാകുന്നത്. ഇന്ത്യൻ ഭരണകൂടത്തിന്റെ നിയന്ത്രണം ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ നടത്തിപ്പുകാരായ സംഘപരിവാറിന്റെ കൈകളിലാണ് എന്നതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ ഏതൊരു നടപടിയിലും കൃത്യമായ ഹിന്ദുത്വ, തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ ലക്ഷ്യങ്ങളും അടയാളങ്ങളുമുണ്ടാകുമെന്നതിന് ‘ഓപ്പറേഷൻ സിന്ദൂർ’ അടക്കമുള്ള നാളിതുവരെയുള്ള നടപടികൾ സാക്ഷ്യം പറയും. ജനാധിപത്യവിരുദ്ധമായൊരു രാഷ്ട്രീയ, സാമൂഹ്യാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിലൂടെയാണ് ഹിന്ദുത്വ ഫാഷിസം അതിന്റെ രാഷ്ട്രീയാധികാരത്തെ ഒരു സമ്പൂർണ്ണ ഫാഷിസ്റ്റ് ഭരണകൂടത്തിലേക്ക് പരിവർത്തിപ്പിച്ചെടുക്കുന്നത്. ഈ ജനാധിപത്യവിരുദ്ധതയെ സ്വാഭാവികമായൊരു രാഷ്ട്രീയ, സാമൂഹ്യക്രമമാക്കി മാറ്റുന്നത് സൂക്ഷ്മവും സ്ഥൂലവുമായ നിരന്തരമായ നിരവധി പരിപാടികളിലൂടെയാണ്. ‘ഓപ്പറേഷൻ സിന്ദൂറി’നൊപ്പവും മോദി സർക്കാർ നടപ്പാക്കിയത് ഇതേ രാഷ്ട്രീയ അജണ്ടയാണ്.

മഹ്മൂദാബാദിന് സുപ്രീം കോടതി ജാമ്യം നൽകിയെങ്കിലും വാസ്തവത്തിൽ അദ്ദേഹത്തിനെതിരായ കുറ്റാരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള ഏകപക്ഷീയമായ പരാമർശങ്ങളും നിരീക്ഷണങ്ങളുമാണ് കോടതി നടത്തിയത്.

ഇത്തരത്തിൽ ജനാധിപത്യവിരുദ്ധമായ ഫാഷിസ്റ്റ് രാഷ്ട്രീയ, സാമൂഹ്യക്രമത്തിനെ സൃഷ്ടിച്ചെടുക്കുന്ന ഭരണകൂട നടപടികളുടെ ഭാഗമായാണ് ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ പശ്ചാത്തലത്തിൽ തന്റെ അഭിപ്രായങ്ങൾ ഒരു സാമൂഹ്യമാധ്യമ കുറിപ്പിലൂടെ പ്രകടിപ്പിച്ച അശോക സർവ്വകലാശാലയിലെ Political Science വിഭാഗം മേധാവി കൂടിയായ പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനുമെതിരായ കുറ്റങ്ങൾക്കെതിരായ, 152 വകുപ്പടക്കമുള്ള നാനാവിധ കുറ്റകൃത്യങ്ങളാണ് മഹ്മൂദാബാദിന് മുകളിൽ ചുമത്തിയിരിക്കുന്നത്. ഭരണഘടന പൗരർക്ക് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള മൗലികാവകാശത്തെ (Article 19(1) (a)) ലംഘിക്കുന്നതാണ് ഈ നീക്കം.

2025 മെയ് 18-നാണ് ഹരിയാന വനിതാ കമ്മീഷന്റെ പരാതിയുടെയും യുവമോർച്ച നേതാവിന്റെ പരാതിയുടേയുമൊക്കെ പേരിൽ പോലീസ് അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്തത്. ഹിന്ദുത്വ രാഷ്ട്രീയം നിശ്ചയിക്കുന്ന, ഭരണകൂടം പ്രഖ്യാപിക്കുന്ന ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയുമൊക്കെ കളങ്ങൾക്കപ്പുറത്തുള്ള ഒരു ചോദ്യവും വിമർശനവും അംഗീകരിക്കില്ല എന്നതാണ് ഈ അറസ്റ്റ് വ്യക്തമാക്കുന്നത്.

‘ഓപ്പറേഷൻ സിന്ദൂറി’ന്റെ പശ്ചാത്തലത്തിൽ തന്റെ അഭിപ്രായങ്ങൾ ഒരു സാമൂഹ്യമാധ്യമ കുറിപ്പിലൂടെ  പ്രകടിപ്പിച്ച അശോക സർവ്വകലാശാലയിലെ Political Science വിഭാഗം മേധാവി കൂടിയായ പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്തത്.
‘ഓപ്പറേഷൻ സിന്ദൂറി’ന്റെ പശ്ചാത്തലത്തിൽ തന്റെ അഭിപ്രായങ്ങൾ ഒരു സാമൂഹ്യമാധ്യമ കുറിപ്പിലൂടെ പ്രകടിപ്പിച്ച അശോക സർവ്വകലാശാലയിലെ Political Science വിഭാഗം മേധാവി കൂടിയായ പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്തത്.

വാസ്തവത്തിൽ മഹ്മൂദാബാദിന്റെ കുറിപ്പിൽ ‘ഓപ്പറേഷൻ സിന്ദൂറി’നെതിരെ നേരിട്ടുള്ള വിമർശനം പോലുമില്ലായിരുന്നു. സൈനിക നടപടി വിശദീകരിക്കാൻ സോഫിയ ഖുറേഷി, വ്യോമിക സിങ് എന്നീ രണ്ടു വനിതാ സൈനിക ഉദ്യോഗസ്ഥരെ നിയോഗിച്ചതിന്റെ പശ്ചാത്തലത്തിൽ അതൊരു കാട്ടിക്കൂട്ടലോ നാടകം കളിയോ ആയി അവസാനിക്കാതിരിക്കണമെങ്കിൽ ആഭ്യന്തരമായി മറ്റ് പല പ്രശ്നങ്ങളേയും ഇതേ രീതിയിൽ സമീപിക്കണം എന്ന തരത്തിലായിരുന്നു കുറിപ്പ്. ആൾക്കൂട്ട ആക്രമണങ്ങളും ബുൾഡോസർ കൊണ്ട് കുറ്റാരോപിതരുടെ വീടുകൾ ഇടിച്ചുനിരത്തുന്നതുമൊക്കെ അവസാനിപ്പിക്കേണ്ടതുണ്ടെന്ന, ഈ നാട്ടിലെ പരമോന്നത കോടതിവരെ നിരന്തരം പറയുന്ന കാര്യങ്ങൾ മാത്രമാണ് പ്രൊഫ. മഹ്മൂദാബാദ് പറഞ്ഞത്.

എന്നാൽ ‘ഓപ്പറേഷൻ സിന്ദൂറി’നെ തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര അജണ്ടയുടെയും ജനാധിപത്യവിരുദ്ധ ഭരണസംവിധാനത്തിന്റെയും ഇന്ധനമാക്കുന്ന മോദി സർക്കാർ വിമതസ്വരങ്ങളെ അടിച്ചമർത്താനുള്ള മറ്റൊരവസരമാക്കി ഇതിനെ മാറ്റുകയാണ് ചെയ്തത്. വനിതാ സൈനിക ഉദ്യോഗസ്ഥരെ കുറിപ്പിലൂടെ അപമാനിച്ചു എന്നാരോപിക്കുമ്പോൾ, കേണൽ സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ മതത്തിൽപ്പെട്ടയാൾ എന്ന മട്ടിൽ അധിക്ഷേപിച്ച മധ്യപ്രദേശിലെ ബി ജെ പി സർക്കാരിലെ മന്ത്രി വിജയ് ഷാ ഇപ്പോഴും സ്വതന്ത്രനാണ്.

മഹ്മൂദാബാദ് എന്തെങ്കിലും കുറ്റം ചെയ്തതായി ഇതുവരെയും ഭരണകൂടം പോലും തെളിയിച്ചിട്ടില്ല. അദ്ദേഹത്തിന് മേലുള്ളത് കേവലമായൊരു ആരോപണമാണ്. അതുതന്നെ ഉന്നയിച്ചിരിക്കുന്നത് തികഞ്ഞ രാഷ്ട്രീയപക്ഷമുള്ള ആളുകളാണ്

സുപ്രീംകോടതി ജാമ്യത്തിനു
പുറകിലെ പ്രശ്നങ്ങൾ

മഹ്മൂദാബ്ദിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ മഹ്മൂദാബാദിന്റെ അറസ്റ്റും ജാമ്യവും അതിനെ സുപ്രീം കോടതി കൈകാര്യം ചെയ്ത രീതിയും നിരവധി പ്രശ്നങ്ങൾ നമുക്കുമുന്നിൽ ഉയർത്തുന്നുണ്ട്. അതിലൊന്ന് അഭിപ്രായസ്വാതന്ത്ര്യത്തിന് മുകളിൽ അനുദിനം വർധിച്ചുവരുന്ന ഭരണകൂട അടിച്ചമർത്തലാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആഗോള സൂചികയിൽ 180 രാജ്യങ്ങൾക്കിടയിൽ 151 ആണ് ഇന്ത്യയുടെ സ്ഥാനമെന്ന് അറിയുമ്പോൾത്തന്നെ ഇവിടുത്തെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സംവിധാന മഹിമ വ്യക്തമാണ്.

മഹ്മൂദാബാദിന്റെ അറസ്റ്റും തുടർന്നുള്ള സുപ്രീം കോടതിയുടെ ജാമ്യ ഉത്തരവും മാത്രമല്ല, സുപ്രീം കോടതിയിൽ ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് നടന്ന വാദസമയത്ത് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ അഭിപ്രായങ്ങളും താക്കീതുകളും, അതിഗുരുതരമായ രീതിയിൽ പരസ്പരബന്ധിതമാണ് ജനാധിപത്യ സ്വാതന്ത്ര്യത്തിന് മുകളിലുള്ള ഭീഷണി എന്നാണ് കാണിക്കുന്നത്.

മഹ്മൂദാബാദിന് സുപ്രീം കോടതി ജാമ്യം നൽകിയെങ്കിലും വാസ്തവത്തിൽ അദ്ദേഹത്തിനെതിരായ കുറ്റാരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള ഏകപക്ഷീയമായ പരാമർശങ്ങളും നിരീക്ഷണങ്ങളുമാണ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയത്. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെ ഭരണകൂടത്തിന്റെ രാഷ്ട്രീയതാത്പര്യങ്ങളുമായി ചേർത്തുവെച്ച് നിയന്ത്രിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന പ്രവണതയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു അത്.

മഹ്മൂദാബാദിന്റെ കുറിപ്പിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തിയ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് അമ്പരപ്പിക്കുന്ന വിധത്തിൽ ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ സങ്കുചിത ദേശീയതാവാദത്തിന്റെ പ്രതിധ്വനികളാണ് അതിലൂടെ കേൾപ്പിച്ചതെന്ന് പറയാതെവയ്യ. അതിനൊപ്പം അത്തരത്തിലുള്ള ദേശീയതയുടെ രാഷ്ട്രീയസങ്കൽപ്പനങ്ങളെയും അതിന്റെ പ്രയോഗപ്രശ്നങ്ങളെയും വിമർശനാത്മകമായി വിലയിരുത്തുന്ന പൗരർക്ക് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പൗരാവകാശസംരക്ഷണം എളുപ്പം ലഭിക്കില്ല എന്നുള്ള സൂചന കൂടിയാണ് കോടതിയുടെ നിരീക്ഷണങ്ങളിൽനിന്നും വായിച്ചെടുക്കാവുന്നത്.

മഹ്മൂദാബാദിന്റേത് “cheap publicity”ക്കുള്ള ശ്രമമാണെന്ന് സൂചിപ്പിച്ച കോടതി, കുറിപ്പിലെ നിരീക്ഷണങ്ങൾ ഒരുതരത്തിൽ “dog whistling” ആണെന്നും പറയുന്നു. മഹ്മൂദാബാദിന് “neutral language” ഉപയോഗിക്കാമായിരുന്നെന്നും “hurt sentiments” ഉണ്ടാക്കാതിരിക്കാമായിരുന്നെന്നും കോടതി പറഞ്ഞു. വാസ്തവത്തിൽ മഹ്മൂദാബാദിനെതിരായ അസംബന്ധം നിറഞ്ഞ തീവ്ര വലതുപക്ഷ ആരോപണങ്ങളെ ഭംഗ്യന്തരേണ ശരിവെക്കുകയാണ് കോടതി ചെയ്തത്. ഒരു ചെറു കുറിപ്പിലെ വാചകങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന സൂചനകളും ദ്വയാർത്ഥങ്ങളുമൊക്കെ മനസിലാക്കാൻ (ഹരിയാനക്കും ഡൽഹിക്കും പുറത്തുള്ള) IPS ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക അന്വേഷണ സംഘമുണ്ടാക്കാനും (Special Investigation Team) കോടതി നിർദ്ദേശിച്ചു. ഒരു സാമൂഹ്യ മാധ്യമക്കുറിപ്പിലെ ഭാഷയും അർത്ഥവും മനസിലാക്കാൻ അതൊന്നു രണ്ടാവർത്തി വായിച്ചാൽപ്പോലും കഴിയുമെന്നിരിക്കെ അതിന് പ്രത്യേക അന്വേഷണ സംഘമുണ്ടാക്കുന്ന കോടതി നൽകുന്ന സന്ദേശം, സങ്കുചിത ദേശീയതയുടെ പൊതുബോധത്തിനെ ചോദ്യം ചെയ്യുന്നതെന്തും കടുത്ത നടപടി നേരിടേണ്ടിവരുമെന്നാണ്, മറ്റൊരുതരത്തിൽ നൽകുന്ന താക്കീത്.

വാസ്തവത്തിൽ മഹ്മൂദാബാദിന്റെ കുറിപ്പിൽ ‘ഓപ്പറേഷൻ സിന്ദൂറി’നെതിരെ നേരിട്ടുള്ള വിമർശനം പോലുമില്ലായിരുന്നു.
വാസ്തവത്തിൽ മഹ്മൂദാബാദിന്റെ കുറിപ്പിൽ ‘ഓപ്പറേഷൻ സിന്ദൂറി’നെതിരെ നേരിട്ടുള്ള വിമർശനം പോലുമില്ലായിരുന്നു.

ഭരണഘടനാ കോടതി ഭരണകൂടത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും രാഷ്ട്രീയപ്രയോഗങ്ങളുടെ സഹകാരിയായി മാറിയാൽ എന്ത് സംഭവിക്കും എന്നതിന്റെ ഭയാശങ്കകൾ ഉയർത്തുന്ന തരത്തിൽ മഹ്മൂദാബാദ് കേസിലെ സുപ്രീം കോടതി നടപടിക്രമം മാറി. ഇതേ വിഷയത്തിൽ ഇനിയെന്തെങ്കിലും പ്രതികരണങ്ങളോ അഭിപ്രായ പ്രകടനമോ നടത്തരുതെന്ന് കോടതി മഹ്മൂദാബാദിനോട് ആവശ്യപ്പെട്ടു. മഹ്മൂദാബാദിന് പിന്തുണ നൽകുകയോ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയോ ചെയ്യുന്ന തരത്തിലുള്ള എന്തെങ്കിലും പരിപാടികളുമായി ഇറങ്ങിയാൽ “അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഞങ്ങൾക്കറിയാം” (‘we know how to handle them also’) എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് തുറന്ന കോടതിയിൽ പറഞ്ഞത്. തങ്ങളുടെ മുന്നിലുള്ള പ്രശ്നത്തിലെ നടപടികൾക്കപ്പുറം പൗരരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി യോഗം ചേരാനും പ്രതിഷേധിക്കാനുമൊക്കെയുള്ള മൗലികാവകാശങ്ങൾക്കും നേരെ യാതൊരു വിധത്തിലുള്ള ഭരണഘടനാസാധുതയുമില്ലാത്ത വിധത്തിൽ നിയന്ത്രണസൂചന നൽകിയ കോടതി വാസ്തവത്തിൽ സർക്കാരിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രനടത്തിപ്പിന്റെയും ജനാധിപത്യവിരുദ്ധമായ സമഗ്രാധിപത്യ ഭരണകൂടത്തിന്റെയും ഭാഷയിലാണ് സംസാരിച്ചത്.

സ്വന്തം അഭിപ്രായം, അത് എത്രതന്നെ പൊതുബോധത്തിന് സ്വീകാര്യമല്ലെങ്കിലും പറയാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരർക്ക് നൽകുന്നുണ്ട്.

മഹ്മൂദാബാദ് എന്തെങ്കിലും കുറ്റം ചെയ്തതായി ഇതുവരെയും ഭരണകൂടം പോലും തെളിയിച്ചിട്ടില്ല. അദ്ദേഹത്തിന് മേലുള്ളത് കേവലമായൊരു ആരോപണമാണ്. അതുതന്നെ ഉന്നയിച്ചിരിക്കുന്നത് തികഞ്ഞ രാഷ്ട്രീയപക്ഷമുള്ള ആളുകളാണ്. അന്വേഷണം പോലും ശരിയായി തുടങ്ങിയിട്ടില്ല. അത്തരമൊരു വിഷയത്തിൽ മഹ്മൂദാബാദിനെതിരെ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായതിനെയും അത് വിശാലാർത്ഥത്തിൽ ജനാധിപത്യ പൗരാവകാശങ്ങൾക്ക് നേരെയുള്ള ഭരണകൂട അടിച്ചമർത്തലാണെന്നും പറഞ്ഞുകൊണ്ട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനുമുള്ള അശോക സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വാതന്ത്ര്യത്തിന് തടയിടാൻ ഒരുതരത്തിലും സുപ്രീംകോടതിക്ക് അധികാരമില്ല. സുപ്രീം കോടതി സർക്കാരിന്റെ രാഷ്ട്രീയഭാഷയിൽ സംസാരിക്കുന്നത് ഏതുവരെയൊക്കെപ്പോകാം എന്നതിന്റെ പുതിയ തലമാണിത്.

സ്വന്തം അഭിപ്രായം, അത് എത്രതന്നെ പൊതുബോധത്തിന് സ്വീകാര്യമല്ലെങ്കിലും പറയാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരർക്ക് നൽകുന്നുണ്ട്. ആർട്ടിക്കിൾ 19 (2)ൽ പറയുന്ന നിയന്ത്രണങ്ങൾ അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ സത്തയെ ഹനിക്കാത്ത മട്ടിൽ വളരെ അയവേറിയ രീതിയിൽ മാത്രമാണ് പ്രയോഗിക്കേണ്ടത്. ഇത് സുപ്രീംകോടതി തന്നെ നിരവധി വിധികളിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. ബിജോയ് ഇമ്മാനുവേൽ കേസിലടക്കം (1986) സുപ്രീം കോടതി ഈ സമീപനത്തിന്റെ ന്യായം വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നും പോരെങ്കിൽ കഴിഞ്ഞ മാർച്ച് 28-ന് ഒരു കവിതയുടെ പേരിൽ ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസിന്റെ പാർലമെന്റംഗം കൂടിയായ ഇമ്രാൻ പ്രതാപ്ഗഡിയുടെ പേരിൽ രേഖപ്പെടുത്തിയ FIR റദ്ദാക്കി സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് (ജസ്റ്റിസുമാർ അഭയ് ഓക്ക, ഉജ്ജ്വൽ ഭുയാൻ) നൽകിയ വിധി വായിച്ചാലും മതി. പൊതുബോധത്തിനൊപ്പം നിൽക്കാത്ത അഭിപ്രായങ്ങളെ സംരക്ഷിക്കാനുള്ള കോടതിയുടെയും പൊലീസിന്റെയും ചുമതലകളെക്കുറിച്ചുകൂടി ആ വിധി ഓർമ്മിപ്പിക്കുന്നു. ന്യായാധിപന് യോജിക്കാനാകാത്തതോ എതിർപ്പുള്ളതോ ആയിരിക്കാം ഇത്തരം അഭിപ്രായപ്രകടനങ്ങളെങ്കിലെന്ന് വന്നാലും അതൊന്നും ആർട്ടിക്കിൾ 19(1) അനുസരിച്ചുള്ള മൗലികാവകാശത്തെ അനുവദിക്കാതിരിക്കാനുള്ള അടിസ്ഥാനവുമായിക്കൂടാ എന്നും വിധി ഓർമ്മിപ്പിക്കുന്നുണ്ട്:

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്

“The Courts are duty bound to uphold and enforce the fundamental rights guaranteed under the Constitution of India. Sometimes we the judges may not like the spoken or written words, but still, it is our duty to uphold the fundamental rights under Article 19(1). We judges are also under an obligation to uphold the Constitution and the respective ideals.

It is the duty of the court to step in and to protect the fundamental rights. Particularly, the Constitutional courts must be at the forefront to zealously protect the fundamental rights of the citizens. It is the bounden duty of the court to ensure that the Constitution and ideals of the Constitution are not trampled upon. Endeavour of the courts should always be to protect and promote the fundamental rights, including the freedom of speech and expression, which is one of the most cherished rights a citizen can have in a liberal constitutional democracy. Courts, particularly the constitutional Courts, must be at the forefront to zealously protect the fundamental rights of the citizens. It is the bounden duty of the Courts to ensure that the Constitution and the ideals of the Constitution are not trampled upon.The Courts must not be seen to regulate or stifle the freedom of speech and expression. As a matter of fact, the Courts must remain ever vigilant to thwart any attempt to undermine the Constitution and the constitutional values, including the freedom of speech and expression."(Para 38,39 Imran Pratapgadhi v. State of Gujarat ,2025)

ഒരുതരത്തിൽ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും ഫാഷിസ്റ്റ് ഭരണകൂടത്തിന്റെയും ഭരണകൂട സമീപനങ്ങൾക്ക് അനുസൃതമായ രീതിയിൽ ചിന്തിക്കുന്ന ഒരു ധാരയും ഉദാര ജനാധിപത്യത്തിന്റെ ഭരണഘടനാ സങ്കൽപ്പനങ്ങളെ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന മറ്റൊരു ധാരയും തമ്മിലുള്ള സംഘർഷം ഇന്ത്യയുടെ പൊതുസമൂഹത്തിലുള്ളതുപോലെ സുപ്രീം കോടതിയിലും നമുക്ക് കാണാം. പൊതുസമൂഹത്തിലേതുപോലെ സുപ്രീം കോടതിയിലും ഉദാര ജനാധിപത്യത്തിന്റെ ഭരണഘടന, പൗരാവകാശ, ജനാധിപത്യ ധാരകൾ ന്യൂനപക്ഷവും ദുർബ്ബലവുമാണ്. എങ്കിലും അത് നിലനിൽക്കുന്നു എന്നതും ശബ്ദമുയർത്തുന്ന എന്നതും കാണേണ്ടതുണ്ട്. ഭരണകൂടത്തിനും ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾക്കുമെതിരായി മൗലികാവകാശങ്ങൾക്കു വേണ്ടി കോടതിയിലെത്തിയ സക്കിയ ജാഫ്രി കേസിൽ ടീസ്റ്റ സെതൽവാദും മുൻ IPS ഉദ്യോഗസ്ഥൻ ശ്രീകുമാറും സഞ്ജയ് ഭട്ടും അടക്കമുള്ളവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ഖാൻവിൽക്കറുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ വിധി നമ്മളോർക്കുന്നുണ്ട്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെ ആദിവാസികൾ നൽകിയ ഹർജി തള്ളിക്കളയുമ്പോൾ മനുഷ്യാവകാശ പ്രവർത്തകനായ ഹിമാൻഷു കുമാറിനെതിരെയും സമാന നടപടി സുപ്രീം കോടതി എടുത്തു. ഇതൊക്കെ ഭരണകൂടത്തിന്റെ അനുബന്ധ പൊലീസ് സ്റ്റേഷനായി സുപ്രീം കോടതിക്ക് മാറാനാകുമെന്ന അപായസാധ്യത കൂടിയാണ് തെളിയിച്ചത്. മഹ്മൂദാബാദ് കേസ് അതിന്റെ മറ്റൊരു ഉദാഹരണമാണ്.

‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ച് സംശയങ്ങൾ ഉന്നയിക്കാൻ നമുക്കവകാശമുണ്ട്. അത് ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ചായാലും ഇന്ത്യൻ പൗരന്റെ മൗലികാവകാശമാണ്. ജസ്റ്റിസ് സൂര്യകാന്ത് മറ്റൊരു കേസിൽ (വനിത വ്യോമസേന വൈമാനികയുടെ Permanent Commission സംബന്ധിച്ചത്) കഴിഞ്ഞ ദിവസം പറഞ്ഞപോലെ “അതിർത്തിയിൽ സൈന്യമുള്ളതുകൊണ്ടാണ് നാം വീടുകളിൽ സമാധാനമായുറങ്ങുന്നത്” പോലുള്ള വർത്തമാനങ്ങൾ മാത്രമായി അത്തരം സംവാദങ്ങളൊന്നും ചുരുക്കേണ്ടതില്ല.

ഭരണകൂടത്തിനും ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾക്കുമെതിരായി മൗലികാവകാശങ്ങൾക്കു വേണ്ടി കോടതിയിലെത്തിയ സക്കിയ ജാഫ്രി കേസിൽ ടീസ്റ്റ സെതൽവാദും മുൻ IPS  ഉദ്യോഗസ്ഥൻ ശ്രീകുമാറും സഞ്ജയ് ഭട്ടും അടക്കമുള്ളവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ഖാൻവിൽക്കറുടെ  നേതൃത്വത്തിലുള്ള ബഞ്ചിന്റെ വിധി നമ്മളോർക്കുന്നുണ്ട്.
ഭരണകൂടത്തിനും ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾക്കുമെതിരായി മൗലികാവകാശങ്ങൾക്കു വേണ്ടി കോടതിയിലെത്തിയ സക്കിയ ജാഫ്രി കേസിൽ ടീസ്റ്റ സെതൽവാദും മുൻ IPS ഉദ്യോഗസ്ഥൻ ശ്രീകുമാറും സഞ്ജയ് ഭട്ടും അടക്കമുള്ളവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ഖാൻവിൽക്കറുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ വിധി നമ്മളോർക്കുന്നുണ്ട്.

‘ഓപ്പറേഷൻ സിന്ദൂർ’ മോദി സർക്കാർ പ്രചരിപ്പിക്കുന്നപോലെ വലിയ വിജയമോ അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ നിലപാടുകൾക്ക് എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചതോ ആയില്ല എന്നതാണ് വാസ്തവം. ഇന്ത്യ നാളിതുവരെ ഇന്ത്യ- പാകിസ്ഥാൻ തർക്കങ്ങളിൽ കൈക്കൊണ്ട എല്ലാ നിലപാടുകളിലും വെള്ളം ചേർത്താണ് ഇത്തവണത്തെ വെടിനിർത്തലുണ്ടായത്. വെടി നിർത്തൽ പ്രഖ്യാപിക്കുന്നതുപോലും യു.എസ് പ്രസിഡണ്ട് ഡൊനാൾഡ് ട്രംപ് ആയിരുന്നു എന്നോർക്കണം. ഉടനടി സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള കച്ചവടം തങ്ങൾ അവസാനിപ്പിക്കുമെന്ന യു.എസ് ഭീഷണിയുടെ പിന്നാലെയാണ് വെടിനിർത്തലിന് ഇന്ത്യയും പാകിസ്ഥാനും തയ്യാറായതെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇന്നുവരെയും ട്രംപിനെ പരസ്യമായി നിഷേധിക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറായിട്ടില്ല. യു.എസ് മാത്രമല്ല ഖത്തർ, സൗദി അറേബ്യ, തുർക്കി, ചൈന തുടങ്ങി പല രാജ്യങ്ങളും മധ്യസ്ഥശ്രമത്തിൽ പങ്കെടുത്തു. പാകിസ്ഥാൻ സർക്കാർ ഇത് പരസ്യമായി പറഞ്ഞു. ഇന്ത്യൻ സർക്കാരാകട്ടെ വളരെ ദുർബ്ബലമായ തരത്തിൽ മറ്റാരും ഇടപെട്ടില്ല എന്നൊക്കെപ്പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.

‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിയെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചുമൊക്കെ വിശദമായ ചർച്ച നടത്താൻ പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം മോദി സർക്കാർ അംഗീകരിച്ചിട്ടില്ല.

സൈനികനടപടി എന്ന രീതിയിൽ പാകിസ്ഥാനെതിരെ 2016, 2019 വർഷങ്ങളിൽ നടത്തിയ സൈനികനടപടികളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും കൂടുതൽ തടയൽ ശേഷിയോ നിയന്ത്രണമോ ഉണ്ടാക്കാൻ ഇത്തവണ കഴിഞ്ഞിട്ടില്ല. പാകിസ്ഥാൻ സൈനികശേഷി ഇന്ത്യൻ ആക്രമണങ്ങൾക്ക് മുന്നിൽ എന്തെങ്കിലും തരത്തിൽ തീർത്തും ദുർബ്ബലമാണ് എന്ന് അവരെയോ ലോകത്തെയോ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല എന്നാണ് സൈനികവിദഗ്ധരുടെയടക്കം വിശകലനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ എന്തെങ്കിലും തരത്തിലുള്ള പുതിയ സാഹചര്യം സൃഷ്ടിക്കാനും ഇന്ത്യയുടെ സൈനിക നടപടിക്ക് കഴിഞ്ഞിട്ടില്ല. ഭീകരാക്രമണത്തെ യുദ്ധമായി കണക്കാക്കും എന്ന മോദി പ്രഖ്യാപനമൊക്കെ ആഭ്യന്തര രാഷ്ട്രീയകാലാവസ്ഥയിൽ ഓടിക്കാമെങ്കിലും ഒരു യുദ്ധത്തിന് പാകമാകുന്ന സാഹചര്യങ്ങളിലേക്ക് അങ്ങനെയൊന്നും പോകാൻ ഒരു രാജ്യത്തിനും ഇന്ന് ലോകത്താകില്ല എന്നതാണ് വസ്തുത. വളരെക്കുറച്ചു ദിവസങ്ങൾ നീണ്ട സൈനിക നടപടിയിൽപോലും ഇന്ത്യക്ക് ചില യുദ്ധവിമാനങ്ങൾ നഷ്ടമായി എന്ന വാർത്ത ഇന്ത്യൻ സൈന്യം നിഷേധിച്ചിട്ടുമില്ല. സൈനിക നടപടിയിൽ അത് സ്വാഭാവികമാണ് എന്നായിരുന്നു സൈന്യത്തിന്റെ പ്രതികരണം. ഇന്ത്യയും പാകിസ്ഥാനുമായുള സാമ്പ്രദായിക സൈനിക, യുദ്ധശേഷിയിലെ ബലാബലതർക്കങ്ങളിൽ ‘ഓപ്പറേഷൻ സിന്ദൂർ’ വാസ്തവത്തിൽ എന്താണുണ്ടാക്കിയെടുത്തതെന്നത് ഇന്നിപ്പോൾ നമ്മുടെ മുന്നിലുണ്ട്. അത് ഇന്ത്യൻ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നവയല്ല.

 ഉടനടി സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള കച്ചവടം തങ്ങൾ അവസാനിപ്പിക്കുമെന്ന യു.എസ് ഭീഷണിയുടെ പിന്നാലെയാണ് വെടിനിർത്തലിന് ഇന്ത്യയും പാകിസ്ഥാനും തയ്യാറായതെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ഉടനടി സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള കച്ചവടം തങ്ങൾ അവസാനിപ്പിക്കുമെന്ന യു.എസ് ഭീഷണിയുടെ പിന്നാലെയാണ് വെടിനിർത്തലിന് ഇന്ത്യയും പാകിസ്ഥാനും തയ്യാറായതെന്ന് ട്രംപ് പ്രഖ്യാപിച്ചു.

‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിയെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചുമൊക്കെ വിശദമായ ചർച്ച നടത്താൻ പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം മോദി സർക്കാർ അംഗീകരിച്ചിട്ടില്ല. സർവ്വകക്ഷി സമ്മേളനത്തിൽപ്പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല. പാർലമെന്റിനെയും പ്രതിപക്ഷത്തെയും ജനാധിപത്യസംവിധാനത്തിലെ ഉത്തരവാദിത്തങ്ങളെയും വിലവെക്കാതെ, മോദി സർക്കാരിന്റെ പ്രചാരണ സംഘങ്ങളായി പാട്ടുംപാടി ലോകരാജ്യ തലസ്ഥാനങ്ങളിലേക്ക് ‘വിനോദയാത്ര’ പോകുന്ന പ്രതിപക്ഷ പാർലമെന്റ് അംഗങ്ങൾ ഇന്ത്യയിലെ മതേതര കക്ഷികളുടെ പ്രതിപക്ഷം അകപ്പെട്ട 'ദേശീയതയുടെ ഊരാക്കുടുക്കിനെയാണ്' വെളിപ്പെടുത്തുന്നത്. ഇതിന്റെ രാഷ്ട്രീയം തുറന്നുകാട്ടാതെ മലേഷ്യയിലും സിംഗപ്പൂരിലും പോയി മോദി സർക്കാർ നൽകുന്ന talking points അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മുഖ്യധാരാ ഇടതുപക്ഷ എം.പിയൊക്കെ ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പൊള്ളത്തരത്തിന്റെ നോക്കുകുത്തിയാണ്.

ഇന്ത്യയിലെ തീവ്ര വലതുപക്ഷ ഭരണകൂടം അതിന്റെ ഹിന്ദുത്വ രാഷ്ട്രീയ ആഖ്യാനങ്ങൾക്ക് പാകമാകുന്ന വിധത്തിലാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിയെ ഒരുക്കിയെടുത്തത് എന്ന് മനസിലാക്കാൻ സാമാന്യ രാഷ്ട്രീയബുദ്ധി മതിയാകും. ‘ഭാരത സ്ത്രീകളുടെ സിന്ദൂരം മായ്ച്ച, വൈധവ്യവിധിക്കു പകരം ചോദിക്കുന്ന ദേശത്തിന്റെ പകവീട്ടലാക്കിയാണ്’ അതിനെ അവതരിപ്പിച്ചത്. 'സിന്ദൂർ' എന്ന ആ പേര് നിർദ്ദേശിച്ചതാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും വന്നു പിന്നാലെ പ്രചാരണം. സൈനിക നടപടി വിശദീകരിക്കാൻ രണ്ടു വനിതാ സൈനികോദ്യാഗസ്ഥരെ ഇരുത്തിയതും ഇത്തരത്തിലൊരു പ്രചാരണാഖ്യാനത്തിന്റെ ഭാഗമാണ്. തന്റെ സിരകളിലൂടെ സിന്ദൂരമൊഴുകുന്നു എന്നൊക്കെയുള്ള തട്ടുപൊളിപ്പൻ പ്രസംഗവുമായെത്തിയ മോദി, എങ്ങനെയാണ് ‘ഓപ്പറേഷൻ സിന്ദൂറി’നെ സംഘപരിവാറും മോദി സർക്കാരും ഉപയോഗിക്കാൻ പോകുന്നതെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇതൊന്നും ആരും ചോദ്യം ചെയ്യരുതെന്ന് പറഞ്ഞാൽ ജനാധിപത്യസമൂഹത്തിന് അനുസരിക്കാനാകില്ല.

സങ്കുചിത ദേശീയതയുടെയും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെയും സ്വാഭാവികതകളുടെ നിർമ്മാണത്തിലേക്ക് മുഖ്യധാരാ ഇടതുപക്ഷമടക്കം ഒരെതിർപ്പുമില്ലാതെ ആവേശത്തോടെ പങ്കുചേരുന്നതാണ് നമ്മൾ കാണുന്നത്.

ഇടതുപക്ഷത്തിന്റെ
ഭരണകൂട വിധേയത്വം

പാക്കിസ്ഥാനെതിരായ ഇന്ത്യൻ സൈനിക നടപടിയുടെ (Operation Sindoor) കാരണങ്ങളും അതിന്റെ ന്യായങ്ങളുമൊക്കെ ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താൻ എല്ലാ കക്ഷികളിലെയും പാർലമെന്റ് അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള സംഘങ്ങളെ വിവിധ രാജ്യങ്ങളിലേക്ക് പോകാനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വാസ്തവത്തിൽ ബി ജെ പിയുടെയും മോദി സർക്കാരിന്റെയും രാഷ്ട്രീയവീഴ്ചകളെ മറച്ചുപിടിക്കാനും സങ്കുചിത ദേശീയതയുടെ രാഷ്ട്രീയാഖ്യാനത്തെ എതിർപ്പുകളില്ലാത്ത ദേശീയവികാരമാക്കി പരിവർത്തിപ്പിക്കാനുമുള്ള മറ്റൊരു പരിപാടി മാത്രമാണത്. 'രാജ്യസുരക്ഷ', 'ദേശസ്നേഹം' എന്ന കടുംനിറത്തിലുള്ള തുണികളിൽ പൊതിഞ്ഞുതരുന്ന ഒന്നും തുറന്നുനോക്കുകപോലും ചെയ്യാതെ സ്വീകരിക്കണമെന്ന സങ്കുചിത ദേശീയതയുടെയും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെയും സ്വാഭാവികതകളുടെ നിർമ്മാണത്തിലേക്ക് മുഖ്യധാരാ ഇടതുപക്ഷമടക്കം ഒരെതിർപ്പുമില്ലാതെ ആവേശത്തോടെ പങ്കുചേരുന്നതാണ് നമ്മൾ കാണുന്നത്. യുദ്ധവിരുദ്ധത എന്നതൊരു 'ലിബറൽ തമാശയാണ്' എന്ന മട്ടിലാണ് കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷമടക്കം ‘യുദ്ധമെങ്കിൽ യുദ്ധം’ എന്ന ആക്രോശത്തിനൊപ്പം ചേർന്നത്. ഇന്ത്യൻ ഭരണകൂടത്തെക്കുറിച്ചും അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ ആഗോള ഭൗമ രാഷ്ട്രീയത്തെക്കുറിച്ചും ദേശ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളെയെതിർത്തുകൊണ്ടുള്ള ലോകസമാധാനം എങ്ങനെയാണ് ആഗോള ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയമുദ്രാവാക്യമാകുന്നത് എന്നതിനെക്കുറിച്ചും നാളിതുവരെ ഇയർത്തിയ എല്ലാ നിലപാടുകളെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ഹിന്ദുത്വ സങ്കുചിത ദേശീയതയുടെയും അടുപ്പിലിട്ട് കത്തിക്കുന്ന ആത്മഹത്യാപരമായ നിലപാടാണിത്.

സർക്കാരിന്റെ നയം വ്യക്തമാക്കാനുള്ള ആഗോള പര്യടനത്തിനുള്ള സംഘത്തിന്റെ ഭാഗമായ CPI (M) പാർലമെന്റംഗം ജോൺ ബ്രിട്ടാസ് The Wire -നു നൽകിയ അഭിമുഖത്തിൽ ഭരണകൂട വിധേയത്വവും സങ്കുചിത ദേശീയതയും എത്രമാത്രം സ്വാഭാവികവത്ക്കരിക്കപ്പെട്ടു എന്നതിന്റെ ദയനീയ സാക്ഷ്യമായി സംസാരിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ സർക്കാരിന്റെ നിലപാട് വിശദീകരിക്കാൻ പോകുമ്പോൾ അവിടെ മഹ്മൂദാബാദിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരില്ലേ എന്ന ചോദ്യത്തിന് ആഭ്യന്തര പ്രശ്നങ്ങൾ രാജ്യത്തിനകത്ത് മാത്രമേ ചർച്ച ചെയ്യുകയുള്ളൂ എന്നും വിദേശത്ത് അത്തരം കാര്യങ്ങൾ പറയില്ലെന്നുമാണ് ബ്രിട്ടാസ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളും പ്രശ്നങ്ങളും ജനാധിപത്യസമരങ്ങളെക്കുറിച്ചുമൊക്കെ വിദേശത്ത് സംസാരിക്കുന്നവർ രാജ്യദ്രോഹികളാണെന്ന സംഘ്പരിവാറിന്റെയും കേന്ദ്ര സർക്കാരിന്റെയും രാഷ്ട്രീയാഖ്യാനം ഒരു ഇടതുപക്ഷ കക്ഷിയുടെ എം.പി എത്ര സ്വാഭാവികമായാണ് ഏറ്റെടുക്കുന്നത്.

കഴിഞ്ഞ 11 വർഷമായി രാജ്യത്ത് ജനാധിപത്യമില്ല എന്നൊക്കെപ്പറയുന്ന ബ്രിട്ടാസ് ഇപ്പോൾ സർവ്വകക്ഷി സംഘങ്ങളെ ‘ഓപ്പറേഷൻ സിന്ദൂറി’നു ശേഷം ഇന്ത്യയുടെ നിലപാട് പറയാൻ അയക്കുന്നത് “പക്വമായ തീരുമാനമാണെന്നും” അങ്ങനെ ജനാധിപത്യത്തിന്റെ ഭാഷയിൽ സംസാരിക്കുകയാണെന്നും ശുഭാപ്തിവിശ്വാസത്തിലേക്ക് കൂടുമാറുമ്പോൾ, സങ്കുചിത ദേശീയതയും രാജ്യസുരക്ഷയെന്ന വിശുദ്ധപശുവുമൊക്കെ കൂടിച്ചേർന്നാൽ കഴിഞ്ഞ 11 വർഷമായി ബന്ദിയാക്കപ്പെട്ട ജനാധിപത്യത്തിന് പുതുജീവൻ കിട്ടുന്നുവെന്ന് നമ്മളെ വിശ്വസിപ്പിക്കുകയാണ്. വലതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണം മുഖ്യധാരാ ഇടതുപക്ഷവരെ ഏറ്റെടുക്കുകയാണ് ഇന്ത്യയിൽ ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ പങ്ക് വിദേശരാജ്യങ്ങൾ ബോധ്യപ്പെടുത്താനാകുമെന്നാണ് ബ്രിട്ടാസ് പറയുന്നത്.

‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ച് പാർലമെന്റിന്റെ സമ്മേളനം വിളിച്ചു കാര്യങ്ങൾ വിശദീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയ കേന്ദ്ര സർക്കാരിന്റെ “പ്രതിപക്ഷ ബഹുമാനവും” “ജനാധിപത്യ ബോധവും” വിദേശങ്ങളിൽ അവതരിപ്പിക്കാനുള്ള ഔത്സുക്യം എന്തായാലും ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ചെലവിൽ ചെയ്യരുത്.

‘ഓപ്പറേഷൻ സിന്ദൂറും’ അതിന്റെ അനുബന്ധ വിഷയങ്ങളും അടിയന്തര സാഹചര്യവുമൊക്കെ രാജ്യത്തെ പാര്ലമെന്റിനോട് വിശദീകരിക്കാൻ തയ്യാറാകാത്ത മോദി സർക്കാർ തങ്ങളുടെ നിലപാടുകൾ വിദേശ രാജ്യങ്ങളിലെ പാർലമെന്റംഗങ്ങളോടും സർക്കാരിനോടുമൊക്കെ വിശദീകരിക്കാൻ ആവശ്യപ്പെടുമ്പോൾ അത് മോദി സർക്കാരിന്റെ ‘പക്വതയാർന്ന സമീപനമാണ്’ എന്ന് പറയുന്ന മുഖ്യധാര ഇടതുപക്ഷമൊക്കെ പോരാട്ടം കൂടാതെ കീഴടങ്ങിയ ഒറ്റുകാരുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്നേ പറയാനാകൂ. യുദ്ധവെറിയുടെ ആക്രോശങ്ങൾ മലയാള ദൃശ്യവാർത്ത മാധ്യമങ്ങളിലടക്കം നിറയുമ്പോൾ, യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജ വാർത്തകൾ യുദ്ധവാർത്തകളായി പടച്ചുവിടുമ്പോൾ അതിനെതിരെയൊന്നും ഒരു നടപടിയെടുക്കുകയോ പ്രതിഷേധമുയർത്തുകയോ ചെയ്യാത്ത കേരള സർക്കാരും ഭരണകക്ഷിയും തൃശൂരിൽ യുദ്ധവിരുദ്ധ സമാധാന ജാഥ നടത്താൻ തുനിഞ്ഞ സമാധാന പ്രവർത്തകരെ അറസ്റ്റ് ചെയ്താണ് സങ്കുചിത ദേശീയതയുടെ രാഷ്ട്രീയാഖ്യാനത്തോടുള്ള കീഴടങ്ങൽ പ്രഖ്യാപിച്ചത് എന്ന് കാണുമ്പോൾ, ബ്രിട്ടാസിന്റെ നിലപാടിൽ അമ്പരപ്പില്ല.

വലതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണം മുഖ്യധാരാ  ഇടതുപക്ഷവരെ ഏറ്റെടുക്കുകയാണ് ഇന്ത്യയിൽ ജനാധിപത്യത്തിൽ  പ്രതിപക്ഷത്തിന്റെ പങ്ക് വിദേശരാജ്യങ്ങൾ ബോധ്യപ്പെടുത്താനാകുമെന്നാണ് ബ്രിട്ടാസ് പറയുന്നത്.
വലതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണം മുഖ്യധാരാ ഇടതുപക്ഷവരെ ഏറ്റെടുക്കുകയാണ് ഇന്ത്യയിൽ ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ പങ്ക് വിദേശരാജ്യങ്ങൾ ബോധ്യപ്പെടുത്താനാകുമെന്നാണ് ബ്രിട്ടാസ് പറയുന്നത്.

ഉണർന്നിരിക്കുന്നുണ്ട്,
ന്യൂനപക്ഷം…

മഹ്മൂദാബാദിന്റെ അറസ്റ്റും തുടർ നടപടികളും രാജ്യത്തെ അക്കാദമിക്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വതന്ത്ര ചിന്തയുടെ മേൽ ഭരണകൂട അടിച്ചമർത്തലിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. യു. എസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഗാസയിലെ വംശഹത്യാ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെയുള്ള പകപോക്കലിന്റെയും സർവ്വകലാശാലകൾക്ക് മുകളിൽ വലതുപക്ഷത്തിന്റെ രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരുന്നതിന്റെയും ഭാഗമായി ഹാർവാർഡ് സർവ്വകലാശാലയ്ക്കുള്ള ഫെഡറൽ ധനസഹായം തടഞ്ഞതും വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയതും വലതുപക്ഷത്തിന്റെ ഉദാര ജനാധിപത്യ, ഇടതുപക്ഷ ബൗദ്ധിക വ്യവഹാരങ്ങളെ അടിച്ചമർത്താനുള്ള വലതുപക്ഷത്തിന്റെ ആഗോള രാഷ്ട്രീയ സ്വഭാവത്തെക്കൂടി സൂചിപ്പിക്കുന്നു. അതുതന്നെയാണ് കൂടുതൽ ശക്തിയോടെ ഇന്ത്യയിലും നടക്കുന്നത്. അതിനെതിരെ പ്രതികരിക്കാനുള്ള പൗരസമൂഹത്തിന്റെ അവകാശങ്ങളെക്കൂടി ഇല്ലാതാക്കുന്ന തരത്തിൽ സുപ്രീം കോടതിപോലും ഇടപെടും എന്നതിന്റെ അപായസൂചനയാണ് മഹ്മൂദാബാദിന്റെ അറസ്റ്റും കോടതി നടപടികളും.

ഇത്തരത്തിൽ ഭീഷണമായൊരു ജനാധിപത്യ, അക്കാദമിക് അവകാശ നിഷേധം നടന്നിട്ടും കേരളത്തിലെവിടെയും വലിയ പ്രതിഷേധമൊന്നും അധ്യാപക, വിദ്യാർത്ഥി സംഘടനകളൊന്നും നടത്താത്തതിന്റെ കാരണം ദേശസ്നേഹത്തിന്റെ വലതുപക്ഷ സങ്കുചിതവ്യാഖ്യാനത്തോട് അവരും പൊരുത്തപ്പെട്ടു എന്നതുകൊണ്ടാണ്. വിശാല പൗര സമൂഹത്തിന് അങ്ങനെ പൊരുത്തപ്പെടാൻ കഴിയില്ല. ഭരണകൂട യുക്തികളോട് നടത്തിപ്പ്കാര്യത്തിലുള്ള അഭിപ്രായഭിന്നതകൾ മാത്രമാണ് നിങ്ങൾക്കുള്ളതെങ്കിൽ അലി ഖാൻ മഹ്മൂദാബാദിന് ജാമ്യം കിട്ടിയതുതന്നെ വലിയ കാര്യമായിത്തോന്നാം. അതല്ല, ഫാഷിസ്റ്റ് രാഷ്ട്രീയത്തോടും സമഗ്രാധിപത്യ ഭരണകൂടത്തോടും രാഷ്ട്രീയമായ ജനാധിപത്യസമൂഹത്തിന്റെ എതിർപ്പാണുള്ളതെങ്കിൽ, ‘ഭാര്യ ഗർഭിണിയാണ് എന്നുകൂടി കണക്കിലെടുത്താണ് ജാമ്യം കിട്ടിയതെന്നു’ള്ള ഔദാര്യത്തിന്റെ അശ്ലീലം നമ്മളെ ഭയപ്പെടുത്തണം.

മഹ്മൂദാബാദിന്റെ അറസ്റ്റ് ഇന്ത്യക്കകത്തു മാത്രം ചർച്ചചെയ്താൽ മതിയെന്നും വിദേശത്തു കേന്ദ്ര സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്നും പറയുന്ന സി പി ഐ (എം) എം.പിയും നമ്മളെ ആശങ്കയിലാക്കണം. ജനാധിപത്യം ഒരു സവിശേഷവർഗ്ഗത്തിന്റെ വിശിഷ്ടാധികാരമല്ലെന്ന് ഓർമ്മിപ്പിക്കുന്ന രാഷ്ട്രീയം പറയുന്നവരുടെ ന്യൂനപക്ഷം ഇന്ത്യയിലിപ്പോഴും ഉണർന്നിരിക്കുന്നുണ്ട് എന്നും നമ്മളതിലുണ്ട് എന്നും നാമുറപ്പാക്കിയേ മതിയാകൂ.

Comments