ജന്തർമന്തറിലെ
പ്രക്ഷോഭകാരി

സമരമുഖത്ത് പോലീസ് വാഹനത്തെ തടഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയും, ഇനിയും എത്ര വേണമെങ്കിലും നിങ്ങൾ എന്നെ മർദ്ദിക്കൂ എന്ന് പറയുന്ന യുവാവും അപമാനവീകരിക്കപ്പെട്ട ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട് കരയുന്ന പെൺകുട്ടിയും ഈ പ്രക്ഷോഭത്തെ രാഷ്ട്രീയമായിത്തന്നെ നവീകരിക്കുകയായിരുന്നു - കരുണാകരൻ എഴുതുന്നു.

‘‘In a gentle way, you can shake the world”
- M. K. Gandhi.

ഇലക്ഷൻ കമ്മീഷനെതിരേ നടക്കുന്ന ഇപ്പോഴത്തെ പ്രക്ഷോഭത്തെപ്പറ്റി നേഹ ബോറ പറഞ്ഞതാണ് നേര്: ഒരു ഭാഗത്ത് ഇന്ത്യയിലെ യുവാക്കൾ, വിദ്യാർഥികൾ, പ്രതിപക്ഷ കക്ഷികൾ, പൊതുസമൂഹം മുഴുവനും നിൽക്കുന്നു. മറുഭാഗത്ത് ബി ജെ പി മാത്രവും. ശരിയാണ്, അതാണ് നമ്മൾ കാണുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ കാണുന്ന ഏറ്റവും വലിയ ഈ പ്രക്ഷോഭത്തിന്റെ നേർ- ഉറവ ഇന്ത്യൻ ജനാധിപത്യവും ആ ജനാധിപത്യത്തെ സംരക്ഷിക്കുന്ന ഭരണഘടനയുമാണ് എന്നത് ശ്രദ്ധേയമാണ്. അല്ലെങ്കിൽ, തുല്യതയേയും മത സഹവർത്തിത്വത്തെയും സാമൂഹ്യ നീതിയേയും വിഭാവനം ചെയ്ത, അതെല്ലാം ഉറപ്പാക്കുന്ന ഒരു ഭരണഘടന നിർമ്മിക്കുന്ന ആ കാലഘട്ടത്തെക്കുറിച്ച്, അന്നത്തെ ലോകത്തെക്കുറിച്ച് ഇപ്പോൾ ഓർത്തു നോക്കൂ:
ലോകത്തെ മിക്ക രാജ്യങ്ങളിലും ഹിംസയിലും സ്വേച്ഛാധിപത്യത്തിലും ഏക പാർട്ടി ആധിപത്യത്തിലും അധിഷ്ഠിതമായ ഭരണകൂടങ്ങളും നേതാക്കളും ഉണ്ടായിരുന്ന ഒരു കാലത്താണ് അഹിംസയിലധിഷ്ഠിതമായ ഒരു ജനാധിപത്യത്തെയും ഭരണ സംവിധാനത്തെയും “ഇന്ത്യയുടെ സ്വാതന്ത്ര്യം” ഇങ്ങനെയൊരു ഭരണഘടനയിലൂടെ നിർമ്മിക്കുന്നത്, ഉറപ്പാക്കുന്നത്. എങ്കിൽ ഇന്ന് ഈ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ് ആർ എസ് എസും ബി ജെ പി യും തങ്ങൾക്ക് കിട്ടിയ ധികാരത്തിലൂടെ ഇലക്ഷൻ കമ്മീഷനെ വെച്ച് അട്ടിമറിക്കാൻ ശ്രമിച്ചതും ഇപ്പോൾ പരസ്യമായി പിടിക്കപ്പെട്ടതും.

 നേഹ ബോറ
നേഹ ബോറ

ഇന്ത്യ എന്ന ആശയത്തിനും രാജ്യത്തിനും അതുകൊണ്ടുതന്നെ ഇന്ന് ഈ പ്രക്ഷോഭകാലം വളരെ പ്രധാനമായിരിക്കുന്നു. തങ്ങൾക്ക് ഉടമസ്ഥാവകാശമുണ്ടെന്ന് RSS വിശ്വസിക്കുന്ന ഇന്നത്തെ ഭരണത്തിന്റെ ചെലവിൽ എക്കാലത്തേയ്ക്കുമായി ഇന്ത്യയെ തങ്ങളുടെ ആശയത്തിലേക്ക് കീഴ്പ്പെടുത്താനാകും എന്ന് അവർ ശരിക്കും വിശ്വസിച്ചു. ഇലക്ഷൻ കമ്മീഷണറായി ഗ്യാനേഷ് കുമാർ വരുന്നത് അങ്ങനെയാണ്. വാസ്തവത്തിൽ, അത് ഒരാളോ ഒരാളുടെ പേരോ അല്ല. മറിച്ച്, ഒരായുധമാണ്. ചിലപ്പോൾ വോട്ട് നിഷേധവും, ചിലപ്പോൾ മാരകമായ ആയുധം തന്നെയും ആക്കാവുന്ന ഒരായുധം. ഹിംസാകാരമായ ഒരായുധരൂപമാണ് അത്, മറ്റൊരു വിരാഡ് പകർച്ചപോലെ.

എന്നാൽ ഈ "കാഴ്ച"യെ ഭയക്കരുത് എന്നാണ് ആദ്യമാദ്യം രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്. തന്റെ തന്നെ രാഷ്ട്രീയത്തിന്റെയും ഒരു പരിധിവരെ തന്റെ രാഷ്ട്രീയപാർട്ടിയുടെയും രാഷ്ട്രീയ വീണ്ടെടുപ്പ് രാഹുൽഗാന്ധിയുടെ ഈ ഭയമില്ലായ്മയിൽ ഉണ്ടായിരുന്നു. എന്നാൽ ഈ ഭയമില്ലായ്മയ്ക്ക് വ്യത്യസ്തമായൊരു മാനം കിട്ടുന്നത് പിന്നീടുവന്ന “കൊക്റോച്ച്,” “വിദ്യാർത്ഥി” “യുവജന” സമരങ്ങളിലൂടെയും.

അതായത്, പാരമ്പര്യ രാഷ്ട്രീയക്കാരുടെ പാരമ്പര്യ സമരങ്ങൾക്കും പുറത്ത് ഈ പുതുയുവത, ജെൻ-സി എന്ന് വിശേഷിപ്പിക്കുന്ന സമൂഹം, ഇന്ന് ഇതേ സമരങ്ങൾക്കും അതേ ആവശ്യങ്ങൾക്കും ഒരു വൈകാരിക ഉള്ളടക്കം നൽകിയിരിക്കുന്നു. ഇതാകട്ടെ, സവിശേഷമായ ഇടപെടലുമാണ്. ഒന്ന് മാറ്റി പറഞ്ഞാൽ, “ടെക്നോ ക്യാപ്പിറ്റലിസം” തന്നെ നിർമ്മിച്ച “ഇമോഷൻ,”ഒരു പക്ഷേ മറ്റൊരു അനുഷ്ഠാനമായി ഒടുങ്ങുമായിരുന്ന ഒരു പ്രക്ഷോഭത്തെ ശരിക്കും നവീകരിക്കുന്നതാണ് നമ്മൾ കണ്ടത്: സമരമുഖത്ത് പോലീസ് വാഹനത്തെ തടഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയും, ഇനിയും എത്ര വേണമെങ്കിലും നിങ്ങൾ എന്നെ മർദ്ദിക്കൂ എന്ന് പറയുന്ന യുവാവും അപമാനവീകരിക്കപ്പെട്ട ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട് കരയുന്ന പെൺകുട്ടിയും ഈ പ്രക്ഷോഭത്തെ രാഷ്ട്രീയമായിത്തന്നെ നവീകരിക്കുകയായിരുന്നു.

തങ്ങൾക്ക് ഉടമസ്ഥാവകാശമുണ്ടെന്ന് RSS വിശ്വസിക്കുന്ന ഇന്നത്തെ ഭരണത്തിന്റെ ചെലവിൽ എക്കാലത്തേയ്ക്കുമായി ഇന്ത്യയെ തങ്ങളുടെ ആശയത്തിലേക്ക് കീഴ്പ്പെടുത്താനാകും എന്ന് അവർ ശരിക്കും വിശ്വസിച്ചു. ഇലക്ഷൻ കമ്മീഷണറായി ഗ്യാനേഷ് കുമാർ വരുന്നത് അങ്ങനെയാണ്.
തങ്ങൾക്ക് ഉടമസ്ഥാവകാശമുണ്ടെന്ന് RSS വിശ്വസിക്കുന്ന ഇന്നത്തെ ഭരണത്തിന്റെ ചെലവിൽ എക്കാലത്തേയ്ക്കുമായി ഇന്ത്യയെ തങ്ങളുടെ ആശയത്തിലേക്ക് കീഴ്പ്പെടുത്താനാകും എന്ന് അവർ ശരിക്കും വിശ്വസിച്ചു. ഇലക്ഷൻ കമ്മീഷണറായി ഗ്യാനേഷ് കുമാർ വരുന്നത് അങ്ങനെയാണ്.

സ്വാതന്ത്ര്യത്തെ പേടിക്കാതിരിക്കുക എന്നാൽ നിങ്ങൾ നിങ്ങളുടെ സാമൂഹിക സ്വത്വത്തെ വിലമതിക്കുക എന്നാണ് അർത്ഥം: ‘വ്യക്തിപരമായത് രാഷ്ട്രീയമാണ്’ എന്ന ആശയം രൂപപ്പെടുന്നതും പിന്നീടത് സമൂഹത്തിന്റെ ഭാവനയായി മാറുന്നതും അങ്ങനെയാണ്. തുടരെ തുടരെ പരാജിതനാവുന്ന രാഷ്ട്രീയക്കാരന്റെ ആത്മാംശം (ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന്റെ തന്നെ ചരിത്രത്തിൽ അതുടനീളമുണ്ട്) ഒരു സമൂഹത്തിന്റെ ഭയമില്ലായ്മയിലേക്കും സ്വാതന്ത്ര്യ വീര്യത്തിലേക്കും കലരുന്നത് ഏതെങ്കിലുമൊരു ചരിത്രസന്ധിയിലൂടെയായിരിക്കുമെന്ന് മനുഷ്യവംശം തന്നെ നമ്മെ ഓർമ്മിപ്പിക്കുന്നു.

കൊല്ലുന്നതിൽനിന്ന് കൊല്ലാതിരിക്കുക എന്ന് ഉറപ്പ് വരുത്തുന്ന ഒരാളെ, ‘രാഷ്ട്രീയ’ത്തെ, അത്തരം ചരിത്രസന്ധികൾ കണ്ടെത്തുന്നു. ആ രാഷ്ട്രീയക്കാരനെയാണ് നമ്മൾ "കോമൺ മാൻ" എന്ന് വിശേഷിപ്പിക്കുന്നത്. എങ്കിൽ, അങ്ങനെയൊരു ചരിത്രസന്ധിയിലേക്ക് പ്രവേശിച്ച ഇന്ത്യയിലേക്ക് പ്രക്ഷോഭകാരികളായ പൗരർ, നേരത്തെ സൂചിപ്പിച്ച 'കോമൺ മെൻ,” പ്രവേശിക്കുന്നു. വെറുതെയല്ല ഈ പ്രക്ഷോഭം ഗാന്ധിജിയെ, അഹിംസയെ, അതിന്റെ വൈകാരികാംശമാക്കുന്നത്.

രാഷ്ട്രീയം, "രാഷ്ട്രീയ ജീവി" എന്ന പ്രഥമ പരിഗണനയുടെ ആവരണത്തിൽനിന്ന് പൗരരെ വിമോചിപ്പിക്കുന്നു എന്നത് ഏറെക്കുറെ പഴയതും പരിചിതമായതുമായ സങ്കൽപ്പമാണ്. സാമ്പ്രാദായിക രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും കാതലിൽ അതുണ്ട്. എന്നാൽ, പലപ്പോഴും ഇതിന്റെ മെക്കനിസം നിയന്ത്രിക്കുന്നതോ നിർണ്ണയിക്കപ്പെടുന്നതോ അതാത് സമൂഹങ്ങളിൽ നിലനിൽക്കുന്ന ഭരണകൂടമോ ഭരണ സമ്പ്രദായമോ ആയിരിക്കും. അഥവാ, ഈ മെക്കനിസത്തിന്നകത്താണ് "രാഷ്ട്രീയ ജീവി"യുടെ പദവി പ്രവർത്തിക്കുന്നത്. എങ്കിൽ, ഈ മെക്കനിസത്തെ പ്രകോപിപ്പിച്ചും വെല്ലുവിളിച്ചും പ്രക്ഷോഭങ്ങൾ രൂപപ്പെടുന്നു. സ്വാഭാവികമായും ഇത് പദവിയിലും മാറ്റം വരുത്തുന്നു. “പ്രക്ഷോഭകാരിയായ രാഷ്ട്രീയ ജീവി” അത്തരമൊരു പദവിയിലേക്ക് വരുന്നത് അങ്ങനെയാണ്. അയാൾ ഏതെങ്കിലുമൊരു ആൾക്കൂട്ടത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ അംഗമെന്നതിനപ്പുറത്തേയ്ക്ക്, ഒരു “ടോട്ടൽ എന്റിറ്റി’യിലേക്ക്, അതിലെ എല്ലാ വൈരുദ്ധ്യങ്ങളിലൂടെയും ഏകാകിയായി പ്രവേശിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും  ഇന്ത്യൻ   ജനാധിപത്യത്തെയും  ഭരണഘടനയെയും ബി ജെ പി യുടെ “ഭൂരിപക്ഷ വിജയ”ത്തിൽനിന്ന് തിരിച്ചു പിടിയ്ക്കുക എന്ന കടമയാണ്  അന്നത്തെയും ഇന്നത്തെയും  ഈ സമരങ്ങൾ നിർവഹിച്ചതും നിർവഹിക്കുന്നതും.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും ബി ജെ പി യുടെ “ഭൂരിപക്ഷ വിജയ”ത്തിൽനിന്ന് തിരിച്ചു പിടിയ്ക്കുക എന്ന കടമയാണ് അന്നത്തെയും ഇന്നത്തെയും ഈ സമരങ്ങൾ നിർവഹിച്ചതും നിർവഹിക്കുന്നതും.

നവ സിദ്ധാന്തങ്ങളിൽ നാം കണ്ടെത്തുന്ന ‘ജനസഞ്ചയം’ എന്ന പൊതു-രാഷ്ട്രീയ കൽപ്പനയ്ക്കും പുറത്ത് പ്രവർത്തിക്കുന്ന വൈകാരിക ധീരത ഈ “ജനസഞ്ചയത്തിന്റെ എകാകിത”യ്ക്കുണ്ട്. അത് ഭരണകൂടത്തെ മറിച്ചിടുകയല്ല, മറിച്ച് ആ ഭരണകൂടത്തെത്തന്നെ തങ്ങളിൽനിന്നും സമൂഹത്തിൽനിന്നും അന്യവൽക്കരിക്കുക എന്ന രാഷ്ട്രീയ കർത്തവ്യത്തിലേക്കാണ് പ്രാഥമികമായും പ്രവേശിക്കുന്നത്: ദില്ലിയിലെ പ്രക്ഷോഭകാരികളായ യുവാക്കൾ വിളിച്ച മുദ്രാവാക്യം നോക്കൂ: “ഗ്യാനേഷ്, മതി ഇത് ധാരാളമായി, ഇനി താങ്കൾ പോകൂ”.

സ്വാതന്ത്ര്യനാനന്തര ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയപ്രക്ഷോഭമായി മാറിയ നൂറ്റിയൊന്നു ദിവസത്തെ ‘ഷഹീൻ ബാഗ് സമരം’ ആ സമയത്ത് സമരക്കാർ പിൻവലിക്കുന്നത് ഇന്ത്യയും ലോകവും കടന്നുപോകുന്ന കൊവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു. ഈ സമരം ഞങ്ങൾ താൽക്കാലികമായി പിൻ‌വലിക്കുന്നു, പക്ഷെ പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടത്തിൽ നിന്നും ഞങ്ങൾ പിന്മാറുന്നില്ല – അന്ന് അവർ പറഞ്ഞു.

ഒരിക്കൽ അറേബ്യൻ രാജ്യങ്ങൾ കണ്ട ജനാധിപത്യ സമരങ്ങളുടെ – അറബ് വസന്തം- ഓർമ്മ പൌരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സമരങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ, ഷഹീൻ ബാഗ് സമരം ശ്രദ്ധേയമായത് അത് ആദ്യാന്തം അഹിംസയിൽ ഊന്നിയിരുന്നതുകൊണ്ടും വനിതകൾ നയിച്ച സമരം മാത്രമായതുകൊണ്ടും മാത്രമായിരുന്നില്ല; അതെല്ലാം ഗംഭീരമായിരിക്കുമ്പോൾ തന്നെ. മറിച്ച്, പാർലിമെന്ററി ജനാധിപത്യത്തെ അതിനുള്ളിൽ നിന്നുകൊണ്ടുതന്നെ ഏക പാർട്ടി സ്വേച്ഛാധിപത്യത്തിലേക്കും കൃത്യമായ ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൻറെ കാൽക്കീഴിലേക്കും നയിക്കുകയായിരുന്ന ബി ജെ പി രാഷ്ട്രീയത്തിന് ഇന്ത്യ മുഴുവൻ ഒരു ജനകീയ വിലക്ക് പ്രഖ്യാപിക്കാൻ ഈ സമരത്തിന് കഴിഞ്ഞു എന്നതായിരുന്നു ഷഹീൻ ബാഗ് സമരത്തെ ശ്ശ്രദ്ധേയമാക്കിയത്. ഒരേസമയം, അത് ജനാധിപത്യത്തെയും മനുഷ്യാവകാശത്തെയും നീതിയെയും നമ്മുടെ രാഷ്ട്രീയത്തിലേക്ക് പുനരാനയിച്ചു. ഇപ്പോൾ ഇലക്ഷൻ കമ്മീഷനെതിരേ നടക്കുന്ന സമരവും ആ അർത്ഥത്തിൽ അതിന്റെ തുടര്ച്ചയാണ്. ഏതൊരു ഓർമ്മയും വർത്തമാനത്തിലേക്ക് ഒരു തുരങ്കം പണിയുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെയും ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും ബി ജെ പി യുടെ “ഭൂരിപക്ഷ വിജയ”ത്തിൽനിന്ന് തിരിച്ചു പിടിയ്ക്കുക എന്ന കടമയാണ് അന്നത്തെയും ഇന്നത്തെയും ഈ സമരങ്ങൾ നിർവഹിച്ചതും നിർവഹിക്കുന്നതും. അതാകട്ടെ, സ്വയംഭൂവായി സംഭവിച്ചതുമായിരുന്നില്ല. പരമ്പരാഗത രാഷ്ട്രീയത്തിന്റെ അപചയത്തോടോ പാർട്ടികളുടെ രാഷ്ട്രീയ ജീർണ്ണതയോടോ പ്രതികരിച്ചുകൊണ്ടുണ്ടാവുന്ന ‘നവ സമര’ങ്ങളിലുമല്ല ഇപ്പോഴത്തെ ഈ പ്രക്ഷോഭവും സ്ഥാനം പിടിക്കുന്നത്. മറിച്ച്, ഇന്ത്യയുടെ ദേശീയസ്വത്വത്തിലടങ്ങിയിരിക്കുന്ന രാഷ്ട്രീയ ഇച്ഛയിലാണ് - മതേതരത്വത്തെ മതസഹവർത്തിത്വമായി ഉൾക്കൊള്ളുന്ന ഇന്ത്യയുടെ സവിശേഷമായ ഫെഡറലിസത്തിന്റെ ഭാഗമാണ് അത്.

ബി ജെ പി  രാഷ്ട്രീയത്തിന് ഇന്ത്യ മുഴുവൻ ഒരു ജനകീയ വിലക്ക് പ്രഖ്യാപിക്കാൻ ഈ സമരത്തിന് കഴിഞ്ഞു എന്നതായിരുന്നു ഷഹീൻ ബാഗ് സമരത്തെ ശ്ശ്രദ്ധേയമാക്കിയത്.
ബി ജെ പി രാഷ്ട്രീയത്തിന് ഇന്ത്യ മുഴുവൻ ഒരു ജനകീയ വിലക്ക് പ്രഖ്യാപിക്കാൻ ഈ സമരത്തിന് കഴിഞ്ഞു എന്നതായിരുന്നു ഷഹീൻ ബാഗ് സമരത്തെ ശ്ശ്രദ്ധേയമാക്കിയത്.

ഇലക്ഷൻ കമ്മീഷൻ കൊണ്ടുവന്ന, കുശാഗ്രതയോടെ നടപ്പാക്കിയ, എസ് ഐ ആർ നീങ്ങിയതുതന്നെ ഈ രാഷ്ട്രീയ ഇച്ഛയെ ദുർബ്ബലപ്പെടുത്താനായിരുന്നുഎന്നത് കാണാതിരുന്നൂടാ. പക്ഷേ സംഭവിച്ചത് എന്താണ്? നമ്മുടെ കോടതിമുറികളിൽ വായിച്ചതെനിനേക്കാൾ കൂടുതൽനേരം നമ്മുടെ തെരുവുകളിലായിരുന്നു ഈ കാലത്ത് ഇന്ത്യൻ ഭരണഘടനയുടെ കോപ്പികൾ നമ്മൾ കണ്ടത്; ആമുഖം വായിച്ചു കേട്ടത്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും സാമ്പ്രദായിക രാഷ്ട്രീയ സമരങ്ങളും, ഒരു വലിയ പരിധി വരെ നീതിന്യായ കോടതികൾതന്നെയും, പരാജയപ്പെട്ടിടത്തായിരുന്നു ഈ സമരത്തിന്റെയും ഇടപെടൽ.

തങ്ങളുടെ അധികാരത്തെ നിലനിർത്താനും വരുന്ന തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാനുമായി ആർ എസ് എസ്/ബി ജെ പി ഒരുക്കുന്ന രാഷ്ട്രീയം തന്നെയാണ് പൌരത്വ ഭേദഗതി നിയമം എന്ന് അക്കാലത്ത് പലരും നിരീക്ഷിച്ചതാണ്. എന്നാൽ, പൌരത്വ ഭേദഗതി നിയമത്തിനെതിരേ ഉയർന്ന സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും ന്യൂനപക്ഷ സമൂഹങ്ങളുടെയും സമരം, ബി ജെ പിയെ, അവരുടെ രാഷ്ട്രീയാധികാരത്തെ, പൊതുസമൂഹത്തിലെ ഹിംസയുടെതന്നെ സാനിധ്യമായി തുറന്നുകാട്ടുന്നതുമായിരുന്നു.

ഇന്ത്യയുടെ എഴുപതു വർഷത്തെ രാഷ്ട്രീയ ജീവിതത്തെ പിറകിലേക്ക് മാറ്റി നിർത്തി, “വിഭജനകാല”ത്തെ ഓർമ്മയിൽ കൊണ്ടുപോയി നിർത്തുക എന്നായിരുന്നു ബി ജെ പിയും സർക്കാരും കണ്ട രാഷ്ട്രീയം. എന്നാൽ, അവർ വില കുറച്ചു കണ്ടത്, ഈ കാലയളവിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കും ജനാധിപത്യ സ്ഥാപനങ്ങൾക്കും പുറത്ത്, “സാമൂഹികാധികാരം” എന്ന നിലയിൽ ജനാധിപത്യസംസ്കാരം ഇടംപിടിച്ചതാണ്. അത്, ഇന്നത്തെ ഈ സമരങ്ങളിലും പ്രകടമാണ്.

ഇന്ത്യയുടെ എഴുപതു വർഷത്തെ രാഷ്ട്രീയ ജീവിതത്തെ പിറകിലേക്ക് മാറ്റി നിർത്തി, “വിഭജനകാല”ത്തെ ഓർമ്മയിൽ കൊണ്ടുപോയി നിർത്തുക എന്നായിരുന്നു  ബി ജെ പിയും സർക്കാരും  കണ്ട രാഷ്ട്രീയം.
ഇന്ത്യയുടെ എഴുപതു വർഷത്തെ രാഷ്ട്രീയ ജീവിതത്തെ പിറകിലേക്ക് മാറ്റി നിർത്തി, “വിഭജനകാല”ത്തെ ഓർമ്മയിൽ കൊണ്ടുപോയി നിർത്തുക എന്നായിരുന്നു ബി ജെ പിയും സർക്കാരും കണ്ട രാഷ്ട്രീയം.

ഫാഷിസത്തെ ഒരു പ്രത്യയശാസ്ത്രമായിട്ടോ അധികാരരൂപവുമായിട്ടോ അല്ല “കോമൺ മാൻ” നേരിടുന്നത്. അവർക്കത് ദൈനംദിന ജീവിതത്തിനകത്തെ തങ്ങളുടെതന്നെ നിയമപരമായ നിലനില്പ്പിനെ നിഷേധിക്കുന്ന അപരിചിതമായ അധികാരമാണ്. പൌരത്വ ഭേദഗതി നിയമം പ്രാഥമികമായും അങ്ങനെ സാധാരണ ജീവിതത്തെ അപരിചിതമാക്കുന്ന ഒന്നായിരുന്നു. ദിനേനയുള്ള ഒരാളുടെ ജീവിതാഭിമുഖ്യത്തെ അത് ആദ്യം മതത്തിന്റെ അടിസ്ഥാനത്തിൽ അപരിചിതമാക്കുന്നു, പിന്നെ രാജ്യത്തെ പൗരരെന്ന നിലയിലുള്ള ആനുകുല്യങ്ങളിൽ നിന്നും അവരെ പുറത്ത് നിർത്തുന്നു. എസ് ഐ ആറിലൂടെയും ബി ജെ പിയ്ക്കുവേണ്ടി ഇലക്ഷൻ കമ്മീഷൻ മറ്റൊരു വിധത്തിൽ ലക്ഷ്യമാക്കിയതും അതായിരുന്നു.

ജനാധിപത്യത്തെ എക്കാലവും മനുഷ്യസമൂഹം കണ്ടിട്ടുള്ളത് അധികാരത്തെ നേരിടാനുള്ള ആശയമായിട്ടാണ്. സ്വാതന്ത്ര്യന്മുഖമായ ഒരു അധികാരബന്ധത്തെപ്പറ്റി പറയാനാണ് നമ്മൾ ഇന്ന് “ജനാധിപത്യ”മെന്ന വാക്കുപോലും ഉപയോഗിക്കുന്നത്. അങ്ങനെയാണ് അത് ആധുനികമായ ഒരു സങ്കൽപ്പവും ഭരണ ക്രമവുമാകുന്നത്. ഇന്ത്യയുടെ സാഹചര്യത്തിൽ മതേതരത്വത്തെ മതസഹവർത്തിത്വമായി വ്യാഖ്യാനിക്കുന്നതും അത്തരമൊരു സാധ്യതയാണ്.

സ്വാതന്ത്ര്യസമരത്തിന്റെ ഘട്ടത്തിൽ യൂറോപ്യൻ സങ്കൽപ്പത്തിനു ബദലായി മതേതരത്വത്തെ മതസഹവർത്തിത്വമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ വാദിക്കുന്നത്, അതിനുവേണ്ടി പ്രവർത്തിക്കുന്നത്, അത്തരമൊരു ഭരണകൂടത്തിന്റെ സ്ഥാപനത്തിനു വേണ്ടി എന്നതിനേക്കാൾ സാമൂഹ്യ ജീവിതത്തിലെ “സ്വസ്ഥതയുടെ ആവശ്യം” എന്ന നിലക്കായിരുന്നു. അഥവാ, അങ്ങനെയൊരു രാഷ്ട്രീയവീക്ഷണം അതിലുണ്ടായിരുന്നു. ഇത് ഒരേസമയം, പുരോഗമനപരമായൊരു ആശയവും ഒപ്പം സമൂഹത്തിൽ തുടരുന്ന നിരാകാരമായ അവസ്ഥയുടെ, ‘കയോസി’ന്റെ, പ്രകടമായ അവതരണവുമായിരുന്നു. സമ്പത്തിന്റെയും പദവിയുടെയും മറ്റും തലത്തിൽ കണ്ടെത്തുന്ന “വർഗ്ഗവിഭജന”ത്തിനും “വർഗ്ഗസമര”ത്തിനും പുറത്ത്, ഒരുപക്ഷെ, അതിനേക്കാൾ സങ്കീർണ്ണമായ ജീവിതാസ്തിത്വത്തെ നിർവചിക്കാൻ ഈ സമീപനം തയ്യാറാവുകയാണ് ഉണ്ടായത്. ഇന്ത്യയുടെ ഈ ജീവിതാസ്തിത്വത്തെയാണ് കഴിഞ്ഞ ഒരു ദശകത്തിലധികമായി ബി ജെ പി സർക്കാർ നിഷേധിക്കുന്നത് – പല നറേറ്റീവുകളിലൂടെയും പല നിയമനിർമ്മാണങ്ങളിലൂടെയും. ഈ നീക്കത്തെയാണ് പൌരത്വ ഭേദഗതി നിയമത്തിനു പിറകെ വന്ന ഈ സമരവും വിലക്കിയത്. ആ സാധ്യതയാണ് ഇലക്ഷൻ കമ്മീഷനെതിരേ രൂപപ്പെട്ട ഇപ്പോഴത്തെ പ്രക്ഷോഭവും ഉറപ്പാക്കുന്നത്. തീര്ച്ചയായും അത് പ്രതീക്ഷ നൽകുന്നു.


Summary: At Jantar Mantar, young protesters challenged state power through courage and defiance. Karunakaran writes about how their resistance, pain and determination are reshaping the politics of protest.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം, മേതിൽ Ars Longa Vita brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments