ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ ഏറ്റവും ഉജ്വലമായ ഘട്ടം 1920- കളോടു കൂടിയാണ് ആരംഭിക്കുന്നത്. ഖിലാഫത്തും നിസ്സഹകരണവും തൊട്ട് തുടങ്ങുന്ന പോരാട്ടം ഒട്ടനവധി സമരങ്ങളിലൂടെയാണ് മുന്നോട്ടുപോയത്. എന്നാൽ ഇന്ന്, ഈ കാലഘട്ടത്തിൽ, 21ാം നൂറ്റാണ്ടിന്റെ ഇരുപതുകളിൽ, ഇന്ത്യയിൽ നാം നേരിടുന്നത് അതിസങ്കീർണമായ ഒരു രാഷ്ട്രീയ-ജനാധിപത്യ പ്രക്രിയയാണ്. ഇന്ത്യ ഇതിനുമുമ്പൊരിക്കലും ഇത്തരത്തിലുള്ള ഒരു കാലഘട്ടത്തിലൂടെ, സ്വാതന്ത്ര്യത്തിനുശേഷം, കടന്നുപോയിട്ടില്ല.
നിരവധി രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും ഇല്ലാത്ത കുറ്റം ചുമത്തി ജയിലിലേക്കയക്കുന്നു. ആയിരക്കണക്കിനാളുകൾ അങ്ങനെ ജയിലിൽ കിടക്കുന്നു. ബാബറി മസ്ജിദ് അടക്കമുള്ള പള്ളികൾ പൊളിച്ച് അനുകൂലമായ കോടതി വിധി സമ്പാദിച്ച് ബി.ജെ.പി അവിടെ അമ്പലം പണിയുന്നു. പ്രധാനമന്ത്രി തന്നെ പരികർമിയായി നിന്ന് അതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു. ഇത് ജനാധിപത്യവിരുദ്ധമായ പ്രവർത്തനമാണെന്ന് ഇന്ത്യയിൽ ആദ്യം പറഞ്ഞത് സി.പി.ഐ(എം) എന്ന രാഷ്ട്രീയ പാർട്ടിയും അതിന്റെ നേതാക്കന്മാരുമാണ്. ആ നേതാക്കന്മാരിൽ പ്രധാനി പിണറായി വിജയൻ തന്നെയാണ്. ഈ പ്രത്യേക കാലഘട്ടത്തിലുടനീളം കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലക്ക് അദ്ദേഹം സ്വീകരിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ ക്രിയാത്മകമായ രാഷ്ട്രീയ നിലപാടാണ്. ഇങ്ങനെ, മറ്റു പലരും എടുക്കാൻ മടിക്കുന്ന നിലപാട് സ്വീകരിക്കുക മാത്രമല്ല, ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തിന്റെ പുരോഗമനപരമായ സ്വഭാവം ഉയർത്തിപ്പിടിക്കുന്ന പോരാട്ടത്തിന്റെ നേതൃത്വം വഹിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ നേതാക്കളിൽ ഒരാളാണ് താനെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. ഭരണരംഗത്തെന്നതു പോലെ, എല്ലാ രാഷ്ട്രീയ പാർട്ടികളെയും കൂട്ടിയിണക്കിക്കൊണ്ടുള്ള 'ഇൻഡ്യ' മുന്നണിയിലെ ഒരു നേതാവെന്ന നിലക്ക് ഇന്ത്യയിൽ ഏതു നിലയിലും പ്രശോഭിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ.
പൗരത്വ ഭേദഗതി നിയമം (സി എ എ) നടപ്പാക്കില്ല എന്ന് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. ഒരർഥശങ്കയ്ക്കും ഇടനൽകാത്ത വിധത്തിൽത്തന്നെയാണ് ആ പ്രഖ്യാപനം നടത്തിയത്. ദേശീയ പൗരത്വ രജിസ്റ്റർ (എൻ ആർ സി), ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ പി ആർ) തുടങ്ങി, ഇത്തരത്തിൽ കൊണ്ടുവരുന്ന എല്ലാ നിയമങ്ങൾക്കും എതിരായി സംസ്ഥാന ഗവൺമെന്റ് നിലകൊള്ളുമെന്നു പ്രഖ്യാപിച്ച നേതാവും പിണറായി വിജയനാണ്.
പ്രതിപക്ഷമുന്നണിയെ നയിക്കാൻ കേരളത്തിൽ നിന്ന് ആര് എന്നു ചോദിച്ചാൽ ഒരു സംശയവുമില്ലാതെ പറയാൻ കഴിയുന്ന പേര് പിണറായി വിജയൻ്റേതു തന്നെയാണ്.
പൗരത്വപ്രശ്നത്തിലെന്നതു പോലെ, സംസ്ഥാനത്തിനെതിരായുള്ള ഭരണഘടനാ വിരുദ്ധമായ എല്ലാ നടപടികൾക്കുമെതിരെ അദ്ദേഹം ഉജ്വലമായ പോരാട്ടമാണ് നയിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് രാഷ്ട്രപതിയുടെ തീരുമാനം രാഷ്ട്രത്തിന്റെ ഫെഡറൽ സംവിധാനത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി ഒരു സംസ്ഥാനം സുപ്രീംകോടതിയിൽ പോകുന്നത്. കേരളത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതി മുമ്പാകെ സംസ്ഥാനത്തിന്റെ വാദമുഖങ്ങൾ നിരത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
അതുപോലെ, തൻ്റെ മന്ത്രിമാരെയെല്ലാം ഡൽഹിയിലേക്കു കൂട്ടിക്കൊണ്ടുപോയി ജന്തർ മന്തറിൽ അദ്ദേഹം നയിച്ച സമരത്തിൽ ഡൽഹി മുഖ്യമന്ത്രി കെജ് റിവാൾ അടക്കം ‘ഇന്ത്യ‘ മുന്നണിയിലെ നേതാക്കളും ഡി എം കെ അടക്കമുള്ള എല്ലാ പാർട്ടികളും പങ്കെടുത്തു. ദേശീയതലത്തിൽ ഒരു വലിയ സമരമുഖം തുറന്ന് എല്ലാ കക്ഷികളെയും ഒന്നിച്ചണിനിരത്തിയപ്പോൾ അഭൂതപൂർവമായ നേതൃപാടവമാണ് ‘ഇന്ത്യ‘ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് പിണറായി വിജയൻ കാട്ടിക്കൊടുത്തത്.
ഈ തെരഞ്ഞെടുപ്പിലെ ഒരു പ്രധാന വ്യക്തിത്വം എന്ന നിലയിൽ, എല്ലാ അർഥത്തിലും, കേരളത്തിന്റെ മുഖ്യമന്ത്രിയെത്തന്നെയാണ് ഇന്ന് എടുത്തുകാട്ടാനുള്ളത്. പ്രതിപക്ഷമുന്നണിയെ നയിക്കാൻ കേരളത്തിൽ നിന്ന് ആര് എന്നു ചോദിച്ചാൽ ഒരു സംശയവുമില്ലാതെ പറയാൻ കഴിയുന്ന പേര് പിണറായി വിജയൻ്റേതു തന്നെയാണ്. തികഞ്ഞ രാഷ്ട്രതന്ത്രജ്ഞതയും രാഷ്ട്രീയ കൗശലവും, അതുപോലെ തന്നെ, വിശാലമായ രാഷ്ട്രതാല്പര്യവും ഉൾക്കൊള്ളുന്ന നിലപാടുമായി എല്ലാവരെയും കൂട്ടിയോജിപ്പിച്ച് ഈ തെരഞ്ഞെടുപ്പു പോരാട്ടത്തിൽ അദ്ദേഹം വഹിക്കുന്ന പങ്ക് നമ്മുടെ മുന്നിലുണ്ട്.
പൗരത്വ ഭേദേഗതി നിയമത്തിനെതിരെ കേരളത്തിലങ്ങോളമിങ്ങോളം സമരമുഖം തുറന്ന് വമ്പിച്ച ജനാവലിയെയാണ് പിണറായി വിജയൻ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. എല്ലാറ്റിനെയും നേരിടും, എന്തു വന്നാലും നേരിടും എന്ന ഉറച്ച വിശ്വാസത്തോടെയാണ് അദ്ദേഹം കേരള ജനതയെ നയിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങളടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളും ഉറ്റുനോക്കുന്നത് അദ്ദേഹത്തെയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽത്തന്നെ പ്രതിപക്ഷ നിരയിലെ പ്രധാന കണ്ണിയായിത്തീർന്നിരിക്കുന്നു പിണറായി വിജയൻ എന്ന കാര്യത്തിൽ സംശയമില്ല. ഇന്ന് ഇന്ത്യ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന പ്രമുഖരായ നേതാക്കളിൽ പ്രഥമ ഗണനീയനാണ് പിണറായി വിജയൻ എന്നതാണ് സത്യം.