പഞ്ചാബിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ആധിപത്യം സ്ഥാപിച്ച് വലിയ വിജയം നേടിയിരിക്കുകയാണ് ഭരണകക്ഷിയായ ആം ആംദ്മി പാർട്ടി. ഡൽഹിയിൽ സംസ്ഥാനഭരണം നഷ്ടമായെങ്കിലും നിലവിൽ രാജ്യത്ത് എഎപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുള്ള മുനിസിപ്പൽ വാർഡുകളിൽ ഏകദേശം 48 ശതമാനവും നേടിയത് എഎപിയാണ്. ആകെ 1977 സീറ്റുകളിൽ 958 സീറ്റുകളാണ് എഎപിക്ക് ലഭിച്ചത്. കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും 397 സീറ്റുകളാണ് അവർക്ക് നേടാൻ സാധിച്ചത്. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടിയേറ്റത് ബി.ജെ.പിക്കാണ്. 251 സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ശിരോമണി അകാലിദളിനും പിന്നിൽ അഞ്ചാമതാണ് ബി.ജെ.പി. ശിരോമണി അകാലിദളിന് 191 വാർഡുകളും ബി.ജെ.പിക്ക് 172 വാർഡുകളുമാണ് ലഭിച്ചത്. ബി.എസ്.പി ഏഴ് വാർഡുകളിലും വിജയിച്ചു.
സംസ്ഥാനത്തെ ആകെയുള്ള എട്ട് കോർപ്പറേഷനുകളിൽ നാലെണ്ണവും എഎപി നേടി. ഒരിടത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. ഒരു കോർപ്പറേഷൻ കോൺഗ്രസ് നേടിയപ്പോൾ ബി.ജെ.പി രണ്ടിടത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി. അതുമാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന കാര്യം.
ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തെ ജനം തള്ളിക്കളഞ്ഞുവെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതികരിച്ചത്. ED പാർട്ടിയെ ജനം തൂത്തെറിഞ്ഞുവെന്ന് എഎപി ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. “പഞ്ചാബിലെ ചെറുകിട കച്ചവടക്കാരെപ്പോലും വെറുതെ വിടാതെ അനാവശ്യമായി റെയ്ഡുകൾ നടത്തി ബുദ്ധിമുട്ടിച്ച ഇഡി പാർട്ടിയോട് (ബിജെപി) ജനം പ്രതികാരം ചെയ്തു,” കെജ്രിവാൾ പറഞ്ഞു. പഞ്ചാബിൽ തങ്ങളുടെ അടിത്തറ ഭദ്രമാണെന്ന് തെളിയിക്കുന്ന വിജയമാണ് ഉണ്ടായിരിക്കുന്നതെന്നാണ് എഎപിയുടെ വിലയിരുത്തൽ. ഭഗവന്ത് മൻ സർക്കാരിനുള്ള ജനപിന്തുണയാണ് ഇത് തെളിയിക്കുന്നതെന്നും അവർ കരുതുന്നു. കോൺഗ്രസിനും വലിയ പ്രതീക്ഷ നൽകുന്ന തെരഞ്ഞെടുപ്പ് വിധിയാണിത്.

വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് സീറ്റുകളുടെ കാര്യത്തിൽ നിലം തൊടാൻ സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. പഞ്ചാബിൽ ഈ തെരഞ്ഞെടുപ്പിൽ അടിത്തറ ശക്തമാക്കാൻ സാധിക്കുമെന്നാണ് അവർ കരുതിയിരുന്നത്. അതുണ്ടായില്ലെന്ന് മാത്രമല്ല കാര്യമായി സീറ്റുകളൊന്നും തന്നെ ലഭിക്കുകയും ചെയ്തില്ല. എന്നാൽ, 2021-ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ബി.ജെ.പി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 2021-ൽ അവർക്ക് വെറും 49 വാർഡുകളാണ് വിജയിക്കാൻ സാധിച്ചിരുന്നത്. മൂന്നിരട്ടിയോളം വാർഡുകൾ വർധിപ്പിച്ച് 170 വാർഡുകളിലേക്ക് എത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്. നഗര - അർദ്ധ നഗര മേഖലകളിൽ അടിത്തറ വ്യാപിപ്പിക്കാൻ സാധിക്കുന്നുണ്ടെന്നാണ് അവർ വിശ്വസിക്കുന്നത്.
2027-ലാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ആവർത്തിച്ചാൽ എഎപി ഭരണം സംസ്ഥാനത്ത് തുടരുമെന്ന സൂചനയാണ് നൽകുന്നത്. ഇതുവരെയും ബി.ജെ.പിക്ക് ഭരിക്കാൻ സാധിക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. അവിടെ അധികാരം പിടിക്കാൻ അവർ എല്ലാവിധ പരിശ്രമങ്ങളും നടത്തുന്നുണ്ട്. പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചതിന് ശേഷം ബി.ജെ.പി പഞ്ചാബിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേവൽ സിങ് ധില്ലനെന്ന സംസ്ഥാനത്തെ ആദ്യ സിഖ് വംശജനായ പ്രസിഡൻറിനെ ബി.ജെ.പി നിയമിച്ചതിന് പിന്നിലുള്ള കാരണവും അതാണ്.
കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി പഞ്ചാബ് തൂത്തുവാരിയിരുന്നത്. സംസ്ഥാനത്ത് ആകെയുള്ള 117-ൽ 92 സീറ്റുകളും നേടിയത് എഎപിയായിരുന്നു. 42.3 ശതമാനം വോട്ട് ഷെയറും ലഭിച്ചത് അവർക്കാണ്. 23.1 ശതമാനം വോട്ട് ഷെയർ ലഭിച്ച കോൺഗ്രസിന് 18 സീറ്റാണ് കിട്ടിയത്. 18.5 ശതമാനം വോട്ട് ലഭിച്ചെങ്കിലും അകാലിദളിന് ആകെ നേടാനായത് 3 സീറ്റുകൾ മാത്രം. ബി.ജെ.പിക്ക് ലഭിച്ചത് രണ്ട് സീറ്റുകളായിരുന്നു.
