പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ്​ മാൻ / Photo : Bhagwant Mann, fb page

ഇന്ത്യൻ ജനാധിപത്യത്തിലെ
​ 'പഞ്ചാബ് മോഡൽ'

നിലനിൽക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളോടുള്ള അതൃപ്തി വോട്ടാക്കിമാറ്റാൻ കഴിയുന്ന ഒരു പൊതുവോട്ടുബാങ്കിനെ സൃഷ്ടിക്കുകയാണ് ആപ് ചെയ്തത്. ആ പൊതുവോട്ടുബാങ്കാണോ ഇന്ത്യൻ ജനാധിപത്യത്തിലെ ചപ്പും ചവറും തൂത്ത് വൃത്തിയാക്കാൻ പോകുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു.

2022 മാർച്ച് പത്തിനുമുമ്പ് അരവിന്ദ് കെജ്‌രിവാളിനോട് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു: ഡൽഹിക്കുപുറത്ത് ആം ആദ്മി പാർട്ടി സാന്നിധ്യമറിയിക്കുമോ? പഞ്ചാബിൽ വ്യത്യസ്തമായ ഒരു സർക്കാറുണ്ടാക്കാൻ കഴിയുമോ? ബി.ജെ.പിക്കെതിരായ ഒരു ദേശീയ പ്രതിപക്ഷ നേതാവായി, ദേശീയ പ്രതിപക്ഷനേതൃനിരയിലേക്ക് സ്വയം പ്രതിഷ്ഠിക്കുകയാണോ?

ഇന്ത്യൻ റവന്യൂ സർവീസിൽ ഇൻകം ടാക്‌സ് അസി. കമീഷണറായിരുന്ന ഈ മനുഷ്യൻ മാധ്യമപ്രവർത്തകരോടു പറഞ്ഞത്, രാഷ്ട്രീയത്തിലെ ഇത്തരം കണക്കുകളൊന്നും തനിക്ക് അറിയില്ല എന്നാണ്- ‘‘എന്നാൽ ഒന്നറിയാം. ഏഴു വർഷം കൊണ്ട് സ്‌കൂളുകളെയും ആശുപത്രികളെയും മെച്ചപ്പെട്ട നിലയിലാക്കാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു. ദാരിദ്ര്യം തുടച്ചുനീക്കാനാകുമെന്ന് തെളിയിച്ചു, 24 മണിക്കൂറും വൈദ്യുതി നൽകാൻ കഴിയുമെന്ന് തെളിയിച്ചു, നല്ല റോഡുകളുണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ചു. 70 വർഷങ്ങൾ കൊണ്ട് അവർ നമ്മളെ പുറകിലേക്കാണ് നയിച്ചത്. ഈ അവസ്ഥ ഈ പാർട്ടികൾ തിരിച്ചറിയുന്നില്ല എങ്കിൽ ജനം ഞങ്ങൾക്കായിരിക്കും വോട്ട് ചെയ്യുക.''

പഞ്ചാബ് ഒരു രാഷ്ട്രീയാസ്തിത്വമായി കർഷകരുടെ പാർട്ടിയെ അംഗീകരിച്ചില്ല. നേതാക്കളടക്കം ആർക്കും കെട്ടിവച്ച കാശുപോലും കിട്ടിയില്ല. ഒരു പ്രക്ഷോഭത്തിന്റെ റിസൾട്ടിനെ അതേപടി തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ പ്രയോഗിക്കുന്നത്, ആ പ്രക്ഷോഭത്തിന്റെ ലക്ഷ്യങ്ങളെ തന്നെ എങ്ങനെ റദ്ദാക്കിക്കളയുമെന്നതിന്റെ നല്ല ഉദാഹരണം.

കണക്കുകൂട്ടൽ അണുവിട പിഴച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ, പഞ്ചാബിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഒരു പാർട്ടിയും നേടാത്ത വിജയമാണ് കെജ്‌രിവാളിന്റെ പാർട്ടി നേടിയത്. 2017ൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കോൺഗ്രസിനെയും ‘പരമ്പരാഗത വയോധിക പാർട്ടി'യായ ശിരോമണി അകാലിദളിനെയും പുതിയ കർഷക മുന്നണിയെയും ബി.ജെ.പിയെയും തകർത്തുകൊണ്ടുള്ള യഥാർഥ അട്ടിമറി. സമീപകാല ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ മുഖ്യധാരയിലില്ലാത്ത ഒരു രാഷ്ട്രീയപാർട്ടി നേടിയ ബഹുതല സ്പർശിയായ ജയം.

പരമ്പരാഗത പാർട്ടികൾ നാമാവശേഷം

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആപ്പിന് 20 സീറ്റാണുണ്ടായിരുന്നത്, ഇത്തവണ 92. അന്നത്തെ 17 ശതമാനത്തിൽനിന്ന് ഇത്തവണ വോട്ടു വിഹിതം 42 ശതമാനത്തിലേക്ക് ഉയർന്നു. കോൺഗ്രസിന് വെറും 18 സീറ്റ് എന്നു മാത്രമല്ല, മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനും അടക്കം ‘ടീം കോൺഗ്രസ്' ഒന്നടങ്കം തോറ്റു. ബി.ജെ.പിയും കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമീരന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസും തമ്മിലുള്ള സഖ്യത്തിനും ശിരോമണി അകാലിദൾ - ബി.എസ്.പി സഖ്യത്തിനും രണ്ടക്കം പോലും തികയ്ക്കാനായില്ല; നാലു സീറ്റുമാത്രം. ബി.ജെ.പിയും രണ്ടക്കം തികച്ചില്ല, രണ്ടു സീറ്റ്.
1966ൽ സംസ്ഥാന രൂപീകരണത്തിനുശേഷം കോൺഗ്രസും ശിരോമണി അകാലിദളും മാറി മാറി ഭരിച്ചിരുന്ന രാഷ്ട്രീയ സമവാക്യം ഇതാദ്യമായി ഒരു ‘മൂന്നാം പാർട്ടി'ക്ക് വഴിമാറിയിരിക്കുന്നു. ‘ഇൻക്വിലാബ് സിന്ദാബാദ്' വിളിച്ച്, ‘യഥാർഥ പഞ്ചാബ് വീണ്ടെടുക്കാനുള്ള യുദ്ധം' എന്നു പറഞ്ഞ് ജനങ്ങളെ അഭിമുഖീകരിച്ച ഭഗ്‌വന്ത് സിങ് മാൻ എന്ന 48 കാരന്റെ വിജയസൂത്രം, ത​ന്റെ പാർട്ടിയുടെ ‘ഡൽഹി മാതൃക' മാത്രം.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം ഭഗവന്ത് സിങ്​ മാൻ

കെട്ടിവച്ചത് നഷ്ടമായി കർഷക നേതാക്കൾ

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനെ സവിശേഷമാക്കിയ നിരവധി ഘടകങ്ങൾ ഇത്തവണയുണ്ടായിരുന്നു. അതിലൊന്ന്, ലോകശ്രദ്ധയാകർഷിച്ച കർഷക സമരമാണ്​. ഇത്​, ഒരു ടെസ്റ്റ് ഡോസ് എന്ന നിലയ്ക്ക് വോട്ടിംഗിൽ ഇടപെടും എന്ന നിരീക്ഷണങ്ങളുണ്ടായിരുന്നു. പ്രക്ഷോഭ നേതൃത്വത്തിലുണ്ടായിരുന്ന ഭാരതീയ കിസാൻ യൂണിയന്റെ (ഏക്​ത ഉഗ്രഹാൻ) നേതൃത്വത്തിൽ 22 കർഷക സംഘടനകൾ ചേർന്ന് സംയുക്ത സമാജ് മോർച്ച എന്ന പാർട്ടി രൂപീകരിച്ച് മത്സരിക്കുകയും ചെയ്തു. സംഗ്രൂർ മേഖലയിലടക്കം 1600 ഗ്രാമങ്ങളിൽ സാന്നിധ്യമുള്ള സംഘടനയാണ് ഏക്​ത ഉഗ്രഹാൻ. തെരഞ്ഞെടുപ്പു കമീഷന്റെ അംഗീകാരമില്ലാത്തതിനാൽ, സംയുക്ത സമാജ് മോർച്ച സ്ഥാനാർഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്. ‘ഒരു കുടുംബത്തിൽ ഒരു കർഷകനെങ്കിലുമുള്ള' പഞ്ചാബ് പക്ഷേ, ഒരു രാഷ്ട്രീയാസ്തിത്വമായി കർഷകരുടെ പാർട്ടിയെ അംഗീകരിച്ചില്ല. നേതാക്കളടക്കം ആർക്കും കെട്ടിവച്ച കാശുപോലും കിട്ടിയില്ല. ഒരു പ്രക്ഷോഭത്തിന്റെ റിസൾട്ടിനെ അതേപടി തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ പ്രയോഗിക്കുന്നത്, ആ പ്രക്ഷോഭത്തിന്റെ ലക്ഷ്യങ്ങളെ തന്നെ എങ്ങനെ റദ്ദാക്കിക്കളയുമെന്നതിന്റെ നല്ല ഉദാഹരണം.

സംഗ്രൂർ മേഖലയിലടക്കം 1600 ഗ്രാമങ്ങളിൽ സാന്നിധ്യമുള്ള സംഘടനയാണ് ഏക്​ത ഉഗ്രഹാൻ. തെരഞ്ഞെടുപ്പു കമീഷന്റെ അംഗീകാരമില്ലാത്തതിനാൽ, സംയുക്ത സമാജ് മോർച്ച സ്ഥാനാർഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത് / Photo : Bharti Kisan Union Ekta Ugrahan, fb page

പഞ്ചാബിലേക്കുവരുന്ന ‘ഡൽഹി മോഡൽ'

ആം ആദ്മി പാർട്ടിയുടെ കാമ്പയിനായിരുന്നു മറ്റൊരു ഘടകം. വികസനത്തിന്റെ ‘ഡൽഹി മോഡൽ' ആയിരുന്നു പാർട്ടിയുടെ പ്രധാന വാഗ്ദാനം. യുവാക്കൾ, സ്ത്രീകൾ, വ്യാപാരികൾ എന്നിവരെ ഊന്നിയുള്ള പ്രകടനപത്രിക. തൊഴിലില്ലായ്മ പരിഹരിക്കും, മയക്കുമരുന്ന് മാഫിയ - രാഷ്ട്രീയ ബന്ധം തകർക്കും, മണൽ ഖനന മാഫിയയെ തുടച്ചുനീക്കും, അഴിമതി രഹിത സർക്കാറുണ്ടാക്കും, സർക്കാർ ആശുപത്രികളുടെയും സ്‌കൂളുകളുടെയും സ്ഥിതി മെച്ചപ്പെടുത്തും, സ്ത്രീകളുടെ അക്കൗണ്ടിൽ മാസം ആയിരം രൂപ നിക്ഷേപിക്കും തുടങ്ങി, ആരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം, വൈദ്യുതി തുടങ്ങിയ മേഖലകളിലൂന്നുന്ന ജനപ്രിയ വാഗ്ദാനങ്ങൾ. ഒരു വീട്ടിൽ മൂന്നു സ്ത്രീകളുണ്ടെങ്കിൽ അവർക്ക് ഓരോരുത്തർക്കും ആയിരം രൂപ വീതം കിട്ടും. വാർധക്യകാല പെൻഷനുപുറമേയാണിത്. പഞ്ചാബിലെ ഒരു കോടി സ്ത്രീകൾക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതി, ലോക ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പദ്ധതിയെന്നാണ് കെജ്‌രിവാൾ വിശേഷിപ്പിച്ചത്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പാർട്ടിയുടെ മറ്റൊരു ജനപ്രിയ വാഗ്ദാനമായിരുന്നു. ഈ പദ്ധതിക്ക് ഡൽഹി സർക്കാർ 484 കോടി രൂപയാണ് ചെലവാക്കിയത്. 24.43 ലക്ഷം സ്ത്രീകളാണ് കഴിഞ്ഞ വർഷം ഡൽഹിയിലെ സിറ്റി ബസുകളിൽ സൗജന്യമായി യാത്ര ചെയ്തത്. ഈ പദ്ധതി പഞ്ചാബിലും ഉറപ്പുനൽകി.

കോ​ൺഗ്രസിലെ ചേരിപ്പോരിനേക്കാൾ ജനങ്ങളെ മടുപ്പിച്ചത്, കഴിവുകെട്ട ആ ഭരണകൂടമായിരുന്നു.

റാലികളും റോഡ് ഷോകളും കൂടാതെ ജനസ്വാധീനമുള്ള വിഭാഗങ്ങളുമായി നേരിട്ട് കൂടിക്കാഴ്ചകൾ, വോട്ടർമാർക്കിടയിൽ നടത്തിയ ഇഷ്യൂ ബേസ്ഡ് ആയ അന്വേഷണങ്ങൾ തുടങ്ങിയവ വോട്ടർമാരെ ആകർഷിക്കാൻ പ്രാപ്തമായിരുന്നു.
പൊതുജനങ്ങളുടെ പ്രതികരണം തേടിയാണ് ഭഗവന്ത് സിംഗ് മാനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയത്. കഴിഞ്ഞ ജനുവരി 13ന് ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും എസ്.എം.എസിലൂടെയും മുഖ്യമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടു. 21,59,437 പ്രതികരണങ്ങൾ ലഭിച്ചുവെന്നും അതിൽ 93 ശതമാനവും മാനിന് അനുകൂലമായിരുന്നുവെന്നും പാർട്ടി അവകാശപ്പെട്ടു.

റാലികളും റോഡ് ഷോകളും കൂടാതെ ജനസ്വാധീനമുള്ള വിഭാഗങ്ങളുമായി നേരിട്ട് കൂടിക്കാഴ്ചകൾ, വോട്ടർമാർക്കിടയിൽ നടത്തിയ ഇഷ്യൂ ബേസ്ഡ് ആയ അന്വേഷണങ്ങൾ തുടങ്ങിയവ വോട്ടർമാരെ ആകർഷിക്കാൻ പ്രാപ്തമായിരുന്നു / Photo : Bhagwant Mann, fb page

ടി.വി ഷോകളിലൂടെയും കോമഡി ഷോകളിലൂടെയും പ്രശസ്തനാണ് ഭഗവന്ത് സിംഗ് മാൻ. 2011ൽ ‘പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബി'ലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. അകാലി ദൾ നേതാവായ പ്രകാശ് സിങ് ബാദലിന്റെ അനന്തരവൻ മൻപ്രീത് സിങ് ബാദൽ രൂപീകരിച്ച പാർട്ടിയാണിത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാദൽ, തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിച്ചപ്പോൾ കെജ്‌രിവാളിന്റെ ക്ഷണം സ്വീകരിച്ച് മാൻ ആപ്പിൽ ചേർന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തിൽ അകാലി നേതാവ് എസ്.എസ്. ദിൻഡ്‌സയെ രണ്ടു ലക്ഷത്തിലധികം വോട്ടിന് മാൻ അട്ടിമറിച്ചു. 2019ലും ജയം ആവർത്തിച്ചു. ഡൽഹിക്കുപുറത്ത് ആപ്പിനുള്ള ജനപ്രിയ മുഖം കൂടിയാണ് മാൻ.

വളർന്നുവരുന്ന അവിശ്വാസം

ഭരണകക്ഷിയായിരുന്ന കോൺഗ്രസാണ്, ആപ്പിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ച മറ്റൊരു ഘടകം. പാർട്ടിയിലെ ചേരിപ്പോരിനേക്കാൾ ജനങ്ങളെ മടുപ്പിച്ചത്, കഴിവുകെട്ട ആ ഭരണകൂടമായിരുന്നു. 2017ൽ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്തിന്റെ കടബാധ്യത 1.82 ലക്ഷം കോടി രൂപയായിരുന്നു, മുൻ എസ്.എ.ഡി- ബി.ജെ.പി. സഖ്യ സർക്കാർ വക. എന്നാൽ, കോൺഗ്രസ് സർക്കാർ ഇത് 2.82 ലക്ഷം കോടിയായി ഉയർത്തി. തൊഴിലില്ലായ്മ രൂക്ഷമായി. കുടുംബത്തിൽ ഒരാൾക്ക് ജോലിയെന്നായിരുന്നു 2017ൽ കോൺഗ്രസിന്റെ ഉറപ്പ്; എന്നാൽ, സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് 2021 അവസാനമായപ്പോൾ 7.85 ശതമാനമായി.

ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിന് മണ്ണില്ലാത്ത സംസ്ഥാനമാണ് പഞ്ചാബ്. അകാലിദളുമായുള്ള ബാന്ധവം പോലും പാർട്ടിക്ക് മുമ്പ് കാര്യമായി ഗുണം ചെയ്തിട്ടില്ല. ഇത്തവണ, മുഖം നഷ്ടപ്പെട്ട ഒരു സഖ്യകക്ഷിയെയാണ് ബി.ജെ.പിക്ക് കിട്ടിയത്; കോൺഗ്രസ് വിട്ടുവന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഉണ്ടാക്കിയ പഞ്ചാബ് ലോക് കോൺഗ്രസ്. അതോടെ, തകർച്ച സമ്പൂർണമായി.

അമരീന്ദർ സിംഗ് / Photo : Amarinder Singh, fb page

കർഷക പ്രക്ഷോഭം രൂപപ്പെടുത്തിയ, കോൺഗ്രസും ബി.ജെ.പിയും അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളോടുള്ള അവിശ്വാസം, പൂർണതോതിൽ വികസിച്ചുവന്ന ഒരു തെരഞ്ഞെടുപ്പുഫലം കൂടിയാണിത്. ആ നിലയ്ക്കുമാത്രമാണ്, ആപ്പിന്റെ വിജയത്തിൽ കർഷക പ്രക്ഷോഭത്തിന്റെ പങ്ക്.

ജാതിയുടെ രാഷ്ട്രീയം തോറ്റു, പകരം?

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ എണ്ണങ്ങളുടെ സൂചനയെ രാഷ്ട്രീയ പ്രവണതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോഴാണ് കൃത്യമായ വിശകലനം സാധ്യമാകൂ. അത്തരം, പ്രവണതകൾ പഞ്ചാബിലെ ജനവിധിയുടെ അടിയൊഴുക്കായി ഇത്തവണയുണ്ടായിരുന്നു. ആപ്പിന് അട്ടിമറി വിജയം സമ്മാനിച്ചതും ഈ അടിയൊഴുക്കുകളാണ്.

കാർഷിക പ്രതിസന്ധി പോലെ, വോട്ടിംഗിൽ അടിയൊഴുക്കുണ്ടാക്കാൻ കഴിയുമായിരുന്ന ഒരു പൊളിറ്റിക്കൽ ടൂളിനെ അപ്രസക്തമാക്കി, മധ്യവർഗ പ്രീണന വാഗ്ദാനങ്ങൾ വിജയഘടകമാകുന്നത് എന്തുകൊണ്ടാണ്​?.

അകാലിദളും കോൺഗ്രസും മാറി മാറി അധികാരത്തിൽ വന്ന കാലയളവിൽ, സംസ്ഥാനത്ത് ജാതി- സാമൂഹിക വിഭാഗങ്ങളുടെ ബാലൻസിംഗ് മാറ്റമില്ലാതെ നിലനിന്നുപോന്നിരുന്നു. സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള വിഭാഗം, 25 ശതമാനം വരുന്ന ജാട്ട് സിഖ് ആണ്. ഈ വിഭാഗത്തിൽനിന്നു മാത്രമേ മുഖ്യമന്ത്രിമാരുണ്ടായിട്ടുള്ളൂ- രണ്ടു തവണയൊഴികെ. 1972ൽ ഗ്യാനി സെയിൽ സിങ്ങും 2021ൽ ചരൺജിത് സിങ് ഛന്നിയും. സംസ്ഥാന ജനസംഖ്യയിൽ 32 ശതമാനം വരുന്ന, സിഖ്- ഹിന്ദു മതങ്ങളിലുള്ള ദലിതുകൾ ഒരു വോട്ടുബാങ്കല്ല. അതുകൊണ്ടാണ്, കാൽനൂറ്റാണ്ടിനുശേഷമുണ്ടായ അകാലിദൾ- ബി.എസ്.പി സഖ്യം കാഴ്ചയിൽ പോലും അവശേഷിക്കാതിരുന്നത്. സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രിയായ ചരൺജിത് സിങ് ഛന്നി, രണ്ട് മണ്ഡലത്തിലും തോറ്റുപോയതും കോൺഗ്രസിനുപോലും ഇത്തരമൊരു വോട്ടുബാങ്കിനെ നിലനിർത്താൻ കഴിയാതിരുന്നതുമൂലമാണ്.

ചരൺജിത് സിങ് ഛന്നി

സിഖ്​ ഐഡൻറിറ്റി എന്ന ഫാക്​ടർ

എന്നാൽ, ജാതിസ്വത്വത്തെ മറികടക്കുന്ന ഒരുതരം സിഖ് ഐഡൻറിറ്റി, മതത്തിനുള്ളിലെ സാമൂഹിക- സാമ്പത്തിക ശ്രേണികളെ പരസ്പരം ചേർത്തുനിർത്തുന്നുമുണ്ട്. കർഷക പ്രക്ഷോഭത്തിന് ഒരു വർഷം തുടർച്ച സമ്മാനിച്ചത് ഈ യോജിപ്പാണ്. എല്ലാ ജാതി- സാമുദായിക- സാമ്പത്തിക വിഭാഗങ്ങളിൽനിന്നുമുള്ളവർ സിഖ് എന്ന ഐഡൻറിറ്റിയിൽ അണിനിരന്നു, ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിൽ നിന്നും ഡൽഹി അതിർത്തിയിലെത്തിവരിൽ ഗ്രാമീണ കർഷകരും തൊഴിലാളികളും ഭൂരഹിതരും ഭൂവുടമകളുമെല്ലാമുണ്ടായിരുന്നു. സമീപ വർഷങ്ങളിൽ സാമ്പത്തിക - കാർഷിക മേഖലയിലുണ്ടായ തകർച്ചയാണ് ഇത്തരമൊരു വർഗപരമായ ഐക്യം സാധ്യമാക്കിയത്.

കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിലും മാർക്കറ്റിംഗിലുമുണ്ടായ കോർപറേറ്റ് അധിനിവേശം, അതിനോടുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിസ്സംഗ പ്രതികരണം, അതിവേഗത്തിലായ നഗരവൽക്കരത്തിന്റെ പ്രശ്‌നങ്ങൾ തുടങ്ങിയവ പഞ്ചാബിലെ രാഷ്ട്രീയ പ്രക്രിയയെയും അടിമുടി മാറ്റിമറിച്ചിട്ടുണ്ട്. ഈയൊരു മാറ്റം പരിശോധിച്ചാൽ, ജാതിയുടെ രാഷ്ട്രീയത്തെ തോൽപ്പിച്ച് വികസന രാഷ്ട്രീയമാണ് ഇത്തവണ ജയിച്ചതെന്ന തരത്തിലുള്ള വിശകലനം തെറ്റായിരിക്കും.

പഞ്ചാബിലും യു.പിയിലുമുള്ള ബി.എസ്.പിയുടെ തകർച്ചയും നാലു സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ വിജയവും സാമ്പ്രദായിക രാഷ്ട്രീയ വിശകലനങ്ങളുടെ സ്‌കെയിലിൽ ഒതുങ്ങുകയില്ല.

ഒരുതരം നിയോ മിഡിൽ ക്ലാസ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആധിപത്യം നേടിവരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നഗരവൽക്കരണവുമായി ബന്ധപ്പെട്ടാണ്, നിയോ മെട്രോപൊളിറ്റൻ ബൂർഷ്വാസി പിടിമുറുക്കുന്നത്. (മാർക്‌സിസ്റ്റ് അക്കാദമീഷ്യനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഹംസ അൽവിയാണ് പോസ്റ്റ് കൊളോണിയൽ സൊസൈറ്റികളെക്കുറിച്ചുള്ള പഠനത്തിൽ, മെട്രോപൊളിറ്റൻ ബൂർഷ്വാസിയുടെ ഇടപെടലുകളെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.) അതോടെ, സമ്പദ്ഘടനയിൽ മാത്രമല്ല, ഭരണകൂടങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നയങ്ങളിലും അതിനനുസരിച്ച മാറ്റങ്ങളുണ്ടാകുന്നു.
ഇന്ത്യൻ ജനാധിപത്യവും തെരഞ്ഞെടുപ്പു രാഷ്ട്രീയവും പല തലങ്ങളിലുള്ള പൗരന്മാരുടെയും വോട്ടർമാരുടെയും പ്രാതിനിധ്യത്താൽ കരുത്തുറ്റതാണെങ്കിലും വോട്ടർമാരെ കാപ്പിറ്റലിസ്റ്റിക് താൽപര്യങ്ങൾക്ക് അനുസൃതമായി കമ്മോഡിഫൈ ചെയ്യാവുന്ന ഒരു സാഹചര്യമുള്ളതായി രാജ ക്വയ്‌സർ അഹമ്മദ് ഇന്ത്യയിലെ മോഡേൺ മിഡിൽ ക്ലാസിനെക്കുറിച്ചുള്ള കേസ് സ്റ്റഡിയിൽ പറയുന്നുണ്ട്. അതായത്, പുത്തൻ മൂലധനം, കോർപറേറ്റിസം, ഇവയാൽ നിയന്ത്രിക്കപ്പെടുന്ന പവർ പൊളിറ്റിക്‌സ് എന്നിവയിലൂടെ രൂപപ്പെടുന്ന നിയോ മെട്രോപൊളിറ്റൻ ബൂർഷ്വാസിയും അതിന്റെ സൃഷ്ടിയായ നഗരവൽക്കരണവും ഡൽഹിയെപ്പോലെ തന്നെ, പഞ്ചാബിലും ശക്തമാണിന്ന്.

കാർഷിക പ്രതിസന്ധി പോലെ, വോട്ടിംഗിൽ അടിയൊഴുക്കുണ്ടാക്കാൻ കഴിയുമായിരുന്ന ഒരു പൊളിറ്റിക്കൽ ടൂളിനെ അപ്രസക്തമാക്കി, മധ്യവർഗ പ്രീണന വാഗ്ദാനങ്ങൾ വിജയഘടകമാകുന്നത് ഇതുമൂലമാണ്. ഡൽഹി അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചു എന്നതല്ലാതെ, ആം ആദ്മി പാർട്ടിക്ക് ആ സമരത്തിന്റെ രാഷ്ട്രീയവുമായോ അതിനുപുറകിലെ വർഗ പ്രതിനിധാനങ്ങളുമായോ ഒരുതരത്തിലുമുള്ള ചാർച്ചയുമുണ്ടായിരുന്നില്ല. എന്നിട്ടും സിഖ് ഐഡന്റിറ്റി ഒരൊറ്റ ശരീരമായി പാഞ്ഞെത്തിയ ആ പ്രക്ഷോഭത്തിന്റെ ‘നേട്ടം' കൂടി ആപ്പിനെപോലൊരു പാർട്ടി സ്വന്തമാക്കിയ വിജയത്തിന്റെ പല ഘടകങ്ങളിൽ ഒന്നായി മാറി എന്നത്, ഇന്ത്യൻ തെരഞ്ഞടുപ്പുരാഷ്ട്രീയം അതിവേഗം ‘മെട്രൊപൊളൈസ്' (metropolis) ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള സൂചനയായി വേണം കാണാൻ. അത്, ജാതി- സാമുദായിക- വർഗീയ സമവാക്യങ്ങളുടെ ഇടപെടലുകളേക്കാൾ ഗുരുതരമായ പ്രതിസന്ധിയാണ്. കാരണം, രാഷ്ട്രീയത്തിലുള്ള വർഗീയതയുടെ ചേരുവകളെ അതിസൂക്ഷ്മമായി പിന്തുടരാനും തിരിച്ചറിയാനുമുള്ള ശേഷി, ഇന്ത്യൻ ജനാധിപത്യം നേടിയെടുത്തിട്ടുണ്ട്. എന്നാൽ, വോട്ടർമാരെ കമ്മോഡിഫൈ ചെയ്യാൻ പ്രാപ്തിയുള്ള നിയോ മെട്രോപൊളിറ്റൻ ബൂർഷ്വാസി ‘അനോനിമിറ്റി' (anonymity) കാത്തുസൂക്ഷിക്കാനും പൊതുസ്വീകാര്യത നേടിയെടുക്കാനും സമർഥമായ ഒന്നാണ്. ഈ നിലയ്ക്ക്, പഞ്ചാബിലും യു.പിയിലുമുള്ള ബി.എസ്.പിയുടെ തകർച്ചയും നാലു സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ വിജയവും സാമ്പ്രദായിക രാഷ്ട്രീയ വിശകലനങ്ങളുടെ സ്‌കെയിലിൽ ഒതുങ്ങുകയില്ല. കാരണം, ഒരു വർഗീയ പാർട്ടിയെന്ന നിലയിൽനിന്ന് ബി.ജെ.പി ഏറെ ‘മുന്നോട്ടു' പോയിരിക്കുന്നു. വർഗീയപ്രീണനത്താൽ മാത്രം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുന്ന സാഹചര്യം ബി.ജെ.പിക്ക്​ അടക്കം ഒരു പാർട്ടിക്കും ഇന്നില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ / Photo : BJP Punjab

പഞ്ചാബിലെ ജനജീവിതത്തെ നിയന്ത്രിക്കുന്ന കാർഷിക ഉൽപാദന- വിപണന സംവിധാനത്തെ, ആഗോള- ദേശീയ കോർപറേറ്റുകളുടെ ചൂഷണോപാധിയാക്കാൻ കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങൾക്ക് കഴിഞ്ഞു. അതിനെതിരായ കർഷകരുടെ ചെറുത്തുനിൽപിന്റെ വിജയം, ഒരു പരാജയമായി മാറിയ ഒരു ‘ജനവിധി'യാണ് പഞ്ചാബിലേതെന്ന് പറയേണ്ടിവരും. കാരണം, കാർഷിക പ്രതിസന്ധി ആപ്പിന്റെ പത്തിന അജണ്ടയിലെ അപ്രധാനമായ ഒരു പോയിൻറ്​ മാത്രമായിരുന്നു. കാർഷിക വിപണിയുടെ വൈവിധ്യവൽക്കരമാണ്, സംസ്ഥാനത്തെ ഗ്രാമീണ കാർഷിക മേഖലയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. എന്നാൽ, കടക്കെണിയും കാർഷിക തൊഴിലിൽനിന്നുള്ള അന്യവൽക്കരണവും മൂലം കർഷകർക്ക് പുത്തൻ മാർക്കറ്റിംഗിൽ ക്രിയാത്മക പങ്കാളിത്തം വഹിക്കാൻ കഴിയുന്നില്ല. അവിടേക്കാണ്, കർഷകരെ പണയപ്പണ്ടങ്ങളാക്കി കോർപറേറ്റുകൾ കടന്നുവരുന്നത്. ഇത്തരം പ്രശ്‌നങ്ങൾക്കുള്ള വ്യക്തമായ പരിഹാര നിർദേശങ്ങളൊന്നും പാർട്ടി മുന്നോട്ടുവച്ചിരുന്നില്ല. മാത്രമല്ല, അത്തരം അടിസ്ഥാന പ്രശ്‌നങ്ങളും അവയുടെ ഇരകളായ വർഗങ്ങളും ആപ്പിന്റെ മുൻഗണനയുമല്ല. പകരം, പാർട്ടി മുന്നോട്ടുവച്ച ‘ഡൽഹി മോഡൽ', വോട്ടർമാരെ കമ്മോഡിഫൈ ചെയ്യാൻ തക്ക ശക്തവുമായിരുന്നു. നിലനിൽക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളോടുള്ള അതൃപ്തി വോട്ടാക്കിമാറ്റാൻ കഴിയുന്ന ഒരു പൊതുവോട്ടുബാങ്കിനെ സൃഷ്ടിക്കുകയാണ് ആപ് പഞ്ചാബിൽ ചെയ്തത്. ആ പൊതുവോട്ടുബാങ്കാണോ ഇന്ത്യൻ ജനാധിപത്യത്തിലെ ചപ്പും ചവറും തൂത്ത് വൃത്തിയാക്കാൻ പോകുന്നത് എന്ന ചോദ്യം അവശേഷിക്കുകയും ചെയ്യുന്നു.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments