പഞ്ചാബ് എന്ന പ്രതിപക്ഷം,
അതിലൊരു ഭഗവന്ത് സിങ് മാൻ

ഏറ്റവും നിർണായകമായ ഒരു തെരഞ്ഞെടുപ്പിൽ, ബി.ജെ.പിക്കും നരേന്ദ്രമോദിക്കും എതിരായ ഏതു ശബ്ദവും സ്വയമൊരു പ്രതിപക്ഷമായിത്തീരുന്നതിലെ രാഷ്ട്രീയ സാംഗത്യമാണ്, ഭഗവന്ത് സിങ് മാനിനെയും പ്രസക്തനാക്കുന്നത്.

ഴിഞ്ഞ പത്തുവർഷത്തിനിടെ, ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കും നരേന്ദ്രമോദിക്കും എതിരെ ശക്തമായി നിന്ന ഒരു പ്രതിപക്ഷത്തിന്റെ പേരാണ് പഞ്ചാബ്. ബി.ജെ.പിയോടും പ്രത്യേകിച്ച് ആർ.എസ്.എസിനോടുമുള്ള അവിശ്വാസം പഞ്ചാബ് വിട്ടുവീഴ്ചയില്ലാതെ പ്രകടിപ്പിച്ചുവെന്നുമാത്രമല്ല, കർഷക സമരത്തിലൂടെ അതിനെ രാജ്യത്തെ ഏറ്റവും വലിയ ഒരു രാഷ്ട്രീയ മുന്നേറ്റമായി വികസിപ്പിക്കുകയും ചെയ്തു. ഇപ്പോഴും, 'ഡൽഹി ചലോ' മാർച്ചിലൂടെ ആ രാഷ്ട്രീയ പ്രതിപക്ഷത്തെ പഞ്ചാബ് ജ്വലിപ്പിച്ചുനിർത്തുന്നു. അത് നരേന്ദ്രമോദിയെയും ആർ.എസ്.എസിനെയും എത്രമാത്രം പ്രകോപിപ്പിക്കുന്നുണ്ട് എന്ന് ഈയിടെ ആർ.എസ്.എസ് പ്രസിദ്ധീകരിച്ച അവരുടെ 2023- 24 ലെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാണ്:

തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജ്യത്ത് അരാജകത്വമുണ്ടാക്കാനും പഞ്ചാബിൽ വിഘടനവാദം ശക്തമാക്കാനുമുള്ള ശ്രമമാണ് 'ഡൽഹി ചലോ' മാർച്ച് എന്നാണ് ആ റിപ്പോർട്ടിലുള്ളത്. ആദ്യ കർഷക സമരത്തെയും നിർവീര്യമാക്കാൻ ആർ.എസ്.എസ് പയറ്റിയ മുദ്രാവാക്യം ഈ വിഘടനവാദ ചാപ്പയായിരുന്നു.

സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400ാം ജന്മശതാബ്ദിക്ക് 2022 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പ്രാർത്ഥന നടത്തുന്ന മോദി

ഇലക്ടറൽ പൊളിറ്റിക്‌സിലെ തന്ത്രപരമായ മാനേജുമെന്റിലൂടെ രാജ്യത്തെ ഏതാണ്ടെല്ലാ സാമുദായിക വിഭാഗങ്ങളുടെയും ഓണർഷിപ്പിലേക്ക് കടന്നുകയറാൻ ബി.ജെ.പിക്കായിട്ടുണ്ട്, പഞ്ചാബിലൊഴിച്ച്. ധൃതരാഷ്ട്രാലിംഗങ്ങളും പ്രീണനസൂത്രങ്ങളും തരാതരം പ്രയോഗിച്ചു, പത്തുവർഷത്തിനിടെ ബി.ജെ.പി. സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400ാം ജന്മശതാബ്ദിക്ക് 2022 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽനിന്ന് രാജ്യത്തോടായി സംസാരിച്ചു. 10-ാം സിഖ് ഗുരു ഗോബിന്ദ് സിങ്ങിന്റെ നാലു മക്കളെ മുഗൾ ഭരണകാലത്ത് തൂക്കിലേറ്റിയതിന്റെ ഓർമ പുതുക്കാൻ ഡിസംബർ 26ന് കേന്ദ്ര സർക്കാർ വീർ ബൽ ദിവസ് ആയി പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക വസതിയിൽ മോദി സിഖ് ബുദ്ധിജീവികളുടെ യോഗം വിളിച്ച്, താനും സർക്കാറും സിഖ് സമുദായത്തിനുവേണ്ടി അർപ്പിച്ച സംഭാവനകൾ വിശദീകരിച്ചു.

പഞ്ചാബ് നിലനിർത്തിപ്പോന്ന രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ പ്രതീകമായി ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മാറിയത്, തികച്ചും സ്വഭാവികമായ പരിണതി കൂടിയായിരുന്നുവെന്ന് പറയാം.

ഇത്തരം ഗിമ്മിക്കുകൾക്കെല്ലാമപ്പുറത്താണ്, ആർ.എസ്.എസിന്റെ രാഷ്ട്രീയത്തോടുള്ള പഞ്ചാബിന്റെ അവിശ്വാസമെന്ന് ബി.ജെ.പിക്ക് തിരിച്ചറിയാനായില്ല. സംസ്ഥാനത്തെ സിഖ് വിഭാഗം മാത്രമല്ല, ഹിന്ദു വിഭാഗവും ഒരു ഘട്ടത്തിലും ബി.ജെ.പിയെയും ആർ.എസ്.എസിനെയും തുണച്ചിട്ടില്ല എന്നുകൂടി മനസ്സിലാക്കിയാലേ, മോദി ഫാക്ടർ പഞ്ചാബിൽ ക്ലച്ചു പിടിക്കാതെ പോകുന്നതിന്റെ കാരണം വ്യക്തമാകൂ. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ആർ.എസ്.എസ് വിജയകരമായ ഒരു രാഷ്ട്രീയ പ്രതിഷ്ഠയാക്കി മാറ്റിയപ്പോഴും പഞ്ചാബിന് ആ ആരവങ്ങളിൽനിന്ന് മാറിനിൽക്കാനായി. പഞ്ചാബ് നിലനിർത്തിപ്പോന്ന ഈയൊരു രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ പ്രതീകമായി ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മാറിയത്, തികച്ചും സ്വഭാവികമായ പരിണതി കൂടിയായിരുന്നുവെന്ന് പറയാം.

2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 117 സീറ്റിൽ 92-ലും വിജയിച്ച് ആം ആദ്മി പാർട്ടി ഭരണത്തിലേറുകയും ഭഗവന്ത് സിങ് മാൻ മുഖ്യമന്ത്രിയാകുകയും ചെയ്ത രാഷ്ട്രീയ സന്ദർഭം, പല പ്രത്യേകതകളുമുള്ളതായിരുന്നു.

2017-ൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കോൺഗ്രസിനെയും ശിരോമണി അകാലിദളിനെയും കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി രൂപം കൊണ്ട പുതിയ മുന്നണിയെയുമെല്ലാം തകർത്ത് നേടിയ ഒരു ജയം. 'യഥാർഥ പഞ്ചാബ് വീണ്ടെടുക്കാനുള്ള യുദ്ധം' എന്നായിരുന്നു ഭഗവന്ത് സിങ് മാൻ കാമ്പയിനിൽ പ്രസംഗിച്ചുനടന്നത്.

അരവിന്ദ് കെജ്രിവാളും ഭഗവന്ത് സിങ് മന്നും 2022- ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ

ഒന്നാം കർഷക സമരത്തിന്റെ ടെസ്റ്റ് ഡോസ് എന്നായിരുന്നു 2022-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചത്. മാത്രമല്ല, സമര നേതൃത്വത്തിലുണ്ടായിരുന്ന ഭാരതീയ കിസാൻ യൂണിയന്റെ (ഏക്ത ഉഗ്രഹാൻ) നേതൃത്വത്തിൽ 22 കർഷക സംഘടനകൾ ചേർന്ന് സംയുക്ത സമാജ് മോർച്ച എന്ന പാർട്ടി രൂപീകരിച്ചാണ് മത്സരിച്ചത്. 'ഒരു കുടുംബത്തിൽ ഒരു കർഷകനെങ്കിലുമുള്ള' സംസ്ഥാനം ഈ കർഷക സ്ഥാനാർഥികൾക്ക് കെട്ടിവച്ച പണം പോലും തിരിച്ചുനൽകിയില്ല. ജയിച്ചതോ, കർഷക സമരത്തിന്റെയോ കർഷകരുടെയോ പ്രാതിനിധ്യത്തിലേക്ക് ഒരിക്കലും കടന്നുവരാത്ത ഒരു പാർട്ടിയും.

പഞ്ചാബിൽനിന്നുയർന്ന രണ്ടാം കർഷക സമരമായ 'ഡൽഹി ചലോ' മാർച്ചിലുള്ള ഭഗവന്ത് മാനിന്റെ മധ്യസ്ഥത സംശയകരമെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്

ഇലക്ഷൻ പൊളിറ്റിക്‌സിന്റെ നടപ്പുവിശകലനങ്ങളെ കൂടി ആപ്പിന്റെ ജയം പൊളിച്ചുകളഞ്ഞു. സംസ്ഥാനത്തിന്റെ സാമുദായിക പ്രാതിനിധ്യമുള്ള പാർട്ടിയായിരുന്നില്ല ആപ്പ്. സാമുദായിക വോട്ടുബാങ്കുകളെ വച്ച് വിശദീകരിക്കാനും കഴിയുന്നതായിരുന്നില്ല ഈ വിജയം. കർഷക സമരം രണ്ടുതരം ഐക്യമാണ് സാധ്യമാക്കിയത്. ഒന്ന്, കാർഷികമേഖലയിലേക്കുള്ള കോർപറേറ്റ് അധിനിവേശം സൃഷ്ടിച്ച കടുത്ത പ്രതിസന്ധി, കർഷക സമൂഹത്തെ വർഗാടിസ്ഥാനത്തിൽ തന്നെ പുനഃസംഘടിപ്പിച്ചു. ഈ പ്രതിസന്ധിയോടുള്ള കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ കൊടും അവഗണന അവരെ ഒരു ബദലിനുവേണ്ടിയുള്ള അന്വേഷണത്തിലെത്തിച്ചു. ആം ആദ്മി പാർട്ടി ഈ മനുഷ്യരെ സംബന്ധിച്ച് പുതിയൊരു പരീക്ഷണമായിരുന്നു. വികസനത്തിന്റെ 'ഡൽഹി മോഡൽ' ആയിരുന്നു ആപ്പിന്റെ പ്രധാന വാഗ്ദാനം. ആരെയും ആകർഷിക്കുന്ന ഉറപ്പുകൾ: തൊഴിലില്ലായ്മ പരിഹരിക്കും, മയക്കുമരുന്ന് മാഫിയ - രാഷ്ട്രീയ ബന്ധം തകർക്കും, മണൽ ഖനന മാഫിയയെ തുടച്ചുനീക്കും, അഴിമതി രഹിത സർക്കാറുണ്ടാക്കും, സർക്കാർ ആശുപത്രികളുടെയും സ്‌കൂളുകളുടെയും സ്ഥിതി മെച്ചപ്പെടുത്തും, സ്ത്രീകളുടെ അക്കൗണ്ടിൽ മാസം ആയിരം രൂപ നിക്ഷേപിക്കും.

സ്റ്റാൻ‍ഡപ്പ് കൊമേഡിയനായിരുന്ന ഭഗവന്ത് മാൻ 2011 ൽ മൻപ്രീത് സിങ് ബാദൽ രൂപീകരിച്ച പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.

പാർട്ടി സ്വയം മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനുപകരം, ജനങ്ങളിൽനിന്ന് അഭിപ്രായം തേടി, ആപ്പ്. ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും എസ്.എം.എസിലൂടെയും മുഖ്യമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടു. 21,59,437 പ്രതികരണങ്ങൾ ലഭിച്ചു, അതിൽ 93 ശതമാനവും ഭഗവന്ത് മാനിന് അനുകൂലമായിരുന്നു.

അതുവരെ, നിരവധി ആരാധകരുള്ള ഒരു കൊമേഡിയൻ മാത്രമായിരുന്നു, ഭഗവന്ത് മാൻ. പാട്ടുകാരനാകുകയായിരുന്നു മോഹം. പകരം, ഹ്യൂമറിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും പ്രശസ്തനായി. സ്വന്തം ആൽബങ്ങൾക്ക് സ്വയം സ്‌ക്രിപ്റ്റ് എഴുതി അവതരിപ്പിച്ചു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായ നവ്‌ജ്യോത് സിങ് സിദ്ദു ജഡ്ജായി വന്ന 2008-ലെ ഗ്രേറ്റ് ഇന്ത്യൻ ലോഫർ ചാലഞ്ചിൽ മാൻ പങ്കെടുത്തിട്ടുണ്ട്. സ്റ്റാർ സറ്റയറിസ്റ്റ്. ഇതുപോലൊരു മനുഷ്യൻ രാഷ്ട്രീയത്തിലിറങ്ങുമെന്നത് തീർത്തും അപ്രതീക്ഷിതമായിരുന്നു.

ജയിലിൽ കിടന്ന ഭരിക്കും എന്നൊക്കെ വൈകാരികമായി പറയാമെങ്കിലും ഇലക്ഷൻ സമയത്ത് നേതൃത്വമില്ലാതെ ഒരു പാർട്ടിക്ക് അതിജീവിക്കാനാകില്ല. ആ നേതൃത്വത്തിലേക്കാണിപ്പോൾ ഭഗവന്ത് സിങ് മാൻ നടന്നടുക്കുന്നത്.

2011-ൽ മൻപ്രീത് സിങ് ബാദലിന്റെ പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിൽ ചേർന്ന മാൻ 2012-ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ചത്. കോൺഗ്രസിന്റെ രജീന്ദർ കൗർ ഭട്ടലിനോട് തോറ്റു. 2014-ൽ ആം ആദ്മി പാർട്ടിയിൽ. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഗൂർ മണ്ഡലത്തിൽനിന്ന് രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയം, അട്ടിമറിച്ചത് അകാലി നേതാവ് സുഖ്‌ദേവ് സിങ് ധിൻസയെ. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആപ്പ് 20 സീറ്റ് നേടി. മാൻ പാർട്ടി സംസ്ഥാന അധ്യക്ഷനുമായി.

സാധാരണക്കാർ സംസാരിക്കുന്ന പഞ്ചാബി ഭാഷയിലുള്ള പ്രസംഗവും യുവാക്കളെ ഹരം കൊള്ളിക്കുന്ന ആക്ഷേപഹാസ്യവും ഒഴികെ മാനിന്റെ കൈയിൽ രാഷ്ട്രീയമായി ഒന്നുമുണ്ടായിരുന്നില്ല, അരാഷ്ട്രീയമായി ഏറെയുണ്ടായിരുന്നുതാനും. മുഴു മദ്യപാനിയെന്നായിരുന്നു പ്രധാന ആരോപണം. പൊതുസ്ഥലത്തും പാർലമെന്റിൽപോലും മാൻ മദ്യപിച്ചുവരുന്നതായി പ്രതിപക്ഷ പാർട്ടികൾ തന്നെ പരാതിപ്പെട്ടു. 2016-ൽ സ്വന്തം പാർട്ടിയിലെ എം.പിയായ ഹരീന്ദർ സിങ് ഖൽസ, ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി, മദ്യപിച്ചുവരുന്ന മാനിന്റെ അടുത്തുനിന്ന് തന്റെ സീറ്റ് മാറ്റണമെന്നാവശ്യപ്പെട്ട്. ഒടുവിൽ, കെജ്‌രിവാളിന്റെയും തന്റെ അമ്മയുടെയും സാന്നിധ്യത്തിൽ നടന്ന റാലിയിൽ മാൻ പ്രഖ്യാപിച്ചു, മദ്യത്തോട് വിട.

സാധാരണക്കാർ സംസാരിക്കുന്ന പഞ്ചാബി ഭാഷയിലുള്ള പ്രസംഗവും യുവാക്കളെ ഹരം കൊള്ളിക്കുന്ന ആക്ഷേപഹാസ്യവും ഒഴികെ മാനിന്റെ കൈയിൽ രാഷ്ട്രീയമായി ഒന്നുമുണ്ടായിരുന്നില്ല, അരാഷ്ട്രീയമായി ഏറെയുണ്ടായിരുന്നുതാനും.

പഞ്ചാബിൽനിന്നുയർന്ന രണ്ടാം കർഷക സമരമായ 'ഡൽഹി ചലോ' മാർച്ചിലും ഭഗവന്ത് മാനിന്റെ മധ്യസ്ഥത സംശയകരമെന്ന് വിമർശിക്കപ്പെട്ടു. ഉപാധിരഹിതമായാണ് കേന്ദ്ര സർക്കാർ മാനിനെ, കർഷക നേതാക്കളുമായുള്ള ചർച്ചയുടെ മധ്യസ്ഥനായി അംഗീകരിച്ചത്. മിനിമം താങ്ങുവിലക്ക് നിയമപരമായ സാധുത അടക്കമുള്ള കർഷകരുടെ ആവശ്യങ്ങൾ, ചർച്ചകളുടെ മറവിൽ നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്ര സർക്കാറിന്റെ തന്ത്രത്തിന് മാൻ ഒത്താശ ചെയ്യുന്നുവെന്നും ആരോപണമുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള സൗഹൃദം കർഷക സമരത്തെ ദുർബലമാക്കുന്നതിനായി മാൻ ദുരുപയോഗിക്കുന്നുവെന്നും കർഷകർക്കുനേരെയുള്ള ഹരിയാന പൊലീസിന്റെ ആക്രമണങ്ങൾക്കെതിരെ നിശ്ശബ്ദത പാലിച്ചുവെന്നും ആരോപണങ്ങളുയർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാമ്പയിനിൽ 20 വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകും എന്ന് മാൻ നൽകിയ ഉറപ്പ് എവിടെയെന്ന് കർഷക സംഘടനകൾ ചോദിച്ചു. ബി.ജെ.പിയുടെ ബി ടീമായ ആം ആദ്മി പാർട്ടി കർഷക സമരത്തിന്റെ കാര്യത്തിൽ മാനിലൂടെ ബി.ജെ.പിയുടെ എ ടീമായി മാറിയെന്ന് പ്രതിപക്ഷം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ 'ഇന്ത്യ' സഖ്യം ഇല്ലാതായതും മാനിന്റെ 'അവിഹിത ഇടപാടു'മൂലമാണ് എന്നും പറഞ്ഞുനടക്കുന്നുണ്ട്, കോൺഗ്രസിലെ ചിലർ.

നരേന്ദ്ര മോദി സർക്കാറിനാൽ വേട്ടയാടപ്പെടുന്ന ഒരു പാർട്ടിയുടെ നേതാവുകൂടിയാണിന്ന് ഭഗവന്ത് സിങ് മാൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ശരിയായ പ്രതിപക്ഷമെന്നും പറയാം.

എങ്കിലും 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിന്റെ ബദൽ നേതൃത്വമായി ഉയരാൻ കഴിഞ്ഞ മാനിനെ കാത്ത് ഒരു ആന്റി ക്ലൈമാക്‌സ് കാത്തിരുന്നു, അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്. ജയിലിൽ കിടന്ന ഭരിക്കും എന്നൊക്കെ വൈകാരികമായി പറയാമെങ്കിലും ഇലക്ഷൻ സമയത്ത് നേതൃത്വമില്ലാതെ ഒരു പാർട്ടിക്ക് അതിജീവിക്കാനാകില്ല. ആ നേതൃത്വത്തിലേക്കാണിപ്പോൾ ഭഗവന്ത് സിങ് മാൻ നടന്നടുക്കുന്നത്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളെല്ലാം ജയിലിലാണ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുശേഷം പാർട്ടിയിലെ നമ്പർ ത്രീയിൽനിന്ന് നമ്പർ വണ്ണിലേക്ക്. ആം ആദ്മി പാർട്ടിക്ക് 'ഡൽഹി മോഡലി'നപ്പുറത്തേക്ക് ഒരു 'പഞ്ചാബ് മോഡൽ' കൂടി സാധ്യമാക്കിയതിന്റെ ക്രെഡിറ്റ്, ആ നേതൃത്വത്തെ സാധൂകരിക്കുന്നു. നരേന്ദ്ര മോദി സർക്കാറിനാൽ വേട്ടയാടപ്പെടുന്ന ഒരു പാർട്ടിയുടെ നേതാവുകൂടിയാണിന്ന് ഭഗവന്ത് സിങ് മാൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ശരിയായ പ്രതിപക്ഷമെന്നും പറയാം.
പഞ്ചാബിൽ ‘ഇന്ത്യ’ സഖ്യത്തിന് അനുമതി നിഷേധിച്ചുവെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ‘ഇന്ത്യ’ സഖ്യത്തിന്റെ കാമ്പയിനിൽ പ​ങ്കെടുക്കുമെന്ന് മാൻ പ്രഖ്യാപിച്ചിട്ടുണ്ട്, അനിവാര്യമായ ഒരു രാഷ്ട്രീയ ഉത്തരവാദിത്തമെന്ന നിലയ്ക്ക്.

ലുധിയാനയിൽ നടന്ന കേന്ദ്രസർക്കാർ-കർഷക പ്രതിനിധികളുടെ ചർച്ചയിൽ ഭഗവന്ത് മാൻ

തന്റെ മേലുള്ള എല്ലാ സംശയങ്ങളെയും മാൻ ബി.ജെ.പിക്കെതിരെ നിശിത നിലപാട് സ്വീകരിച്ചുകൊണ്ടാണിപ്പോൾ മറികടക്കുന്നത്: ''ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാർക്കെതിരെ എന്തുകൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തുന്നില്ല? പ്രതിപക്ഷ പാർട്ടികളെ അവസാനിപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പിയുടേത്. ഇ.ഡിയും നിതി ആയോഗും സി.ബി.ഐയും ആദായനികുതി വകുപ്പും ബി.ജെ.പിക്ക് തുല്യമാണ്''.

പ്രതിപക്ഷ നേതാക്കളെ ജയിലിടക്കുന്ന, അവരെ ഇലക്ഷൻ കാമ്പയിൻ നടത്താൻ അനുവദിക്കാത്ത ഒരു രാജ്യത്തെ സ്വതന്ത്രരാജ്യം എന്നു പറയാനാകുമോ?, ഡൽഹിയിൽ ആപ്പ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ മാൻ പറഞ്ഞു: ‘‘രാജ്യത്ത് ഏകാധിപത്യം നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഡൽഹിയിൽ തങ്ങൾക്ക് സർക്കാറുണ്ടാക്കാനായില്ലെങ്കിൽ, സർക്കാറുണ്ടാക്കുന്നവരെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന് ലഫ്റ്റനന്റ് ഗവർണർ പറഞ്ഞത് സത്യമായിരിക്കുന്നു. അവർക്ക് സർക്കാറുണ്ടാക്കാനായില്ലെങ്കിൽ കേരളത്തിലെയും പഞ്ചാബിലെയും ബംഗാളിലെയും തമിഴ്‌നാട്ടിലെയും സർക്കാറുകളെ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്നാണ് ബി.ജെ.പി പറയുന്നത്’’.

ഏറ്റവും നിർണായകമായ ഒരു തെരഞ്ഞെടുപ്പിൽ, ബി.ജെ.പിക്കും നരേന്ദ്രമോദിക്കും എതിരായ ഏതു ശബ്ദവും സ്വയമൊരു പ്രതിപക്ഷമായിത്തീരുന്നതിലെ രാഷ്ട്രീയ സാംഗത്യമാണ്, ഭഗവന്ത് സിങ് മാനിനെയും അനിവാര്യനാക്കുന്നത്.

Comments