ബിൽക്കിസ് ബാനുവിലേക്ക്
വീണ്ടും തിരികെയെത്തുന്ന
ഭയം

"എനിക്ക് വീണ്ടും നീതി നഷ്ടപ്പെടുന്നതായി തോന്നുന്നു. പഴയ ഭയം തിരികെയെത്തുന്നു. നീതിപീഠത്തിലുള്ള വിശ്വാസം പോലും നഷ്ടമാകുന്നു. എന്നോട് ഈ കൊടുംക്രൂരത ചെയ്തവരുടെ ശിക്ഷ സുപ്രീം കോടതിയ്ക്ക് എങ്ങനെ ഇത്ര എളുപ്പത്തിൽ മരവിപ്പിക്കാൻ കഴിഞ്ഞു? എനിക്കും എന്റെ കുടുംബത്തിനും കുട്ടികൾക്കും വേണ്ടി കഴിഞ്ഞ 24 വർഷമായി നീതിക്കായുള്ള പോരാട്ടം ഞാൻ തുടരുകയാണ്.” ബിൽക്കീസ് ബാനു വീണ്ടും നീതി തേടുകയാണ്. ഗുജറാത്ത് വംശഹത്യയില്‍ എല്ലാം നഷ്ടപ്പെട്ട ഒരുപാട് മനുഷ്യരുടെ പ്രതീകമാണവർ. അവരുടെ ജീവിതം മനസ്സാക്ഷിയുള്ള മനുഷ്യ‍ർക്ക് എന്നും മരവിപ്പുണ്ടാക്കുന്ന ഓർമ്മയാണ്. 24 വർഷത്തിന് ശേഷം ഇപ്പോഴും അവർ നീതി ചോദിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ നിയമവ്യവസ്ഥ അവരെ പിന്നെയും പിന്നെയും പുറന്തള്ളുകയാണ്. ബിൽക്കീസ് ബാനുവിന്റെ വാക്കുകൾ പരിഗണിക്കുകയോ അവരെ അറിയിക്കുകയോ പോലും ചെയ്യാതെ സുപ്രീം കോടതി അവർക്ക് നീതി നിഷേധിക്കുകയാണ്. അവരെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തവരിൽ ഉൾപ്പെടുന്ന രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച്, ജാമ്യം നൽകി പുറത്ത് വിട്ടിരിക്കുകയാണ് സുപ്രീം കോടതി.

ബിപിൻ ചന്ദ്ര കനായിലാൽ ജോഷി, പ്രദീപ് രാമൻലാൽ മോർദിയ എന്നിവരുടെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. ബിൽക്കീസ് ബാനുവിനെ ഒന്നും അറിയിച്ചില്ല. നീതി നിഷേധിക്കപ്പെട്ടതിന് ശേഷം മാധ്യമവാർത്തകളിലൂടെയാണ് അവർ എല്ലാം അറിയുന്നത്. ഒരു സൂചനപോലും നൽകാതെ, തന്റെ ഭാഗം പോലും കേൾക്കാൻ നിൽക്കാതെ എല്ലാം പെട്ടെന്ന് തീർപ്പാക്കപ്പെട്ടിരിക്കുന്നു. രണ്ട് പ്രതികളെ ജയിൽമോചിതരാക്കാനുള്ള വിധിയിൽ പറയുന്നത്; 17 വർഷമായി ശിക്ഷ അനുഭവിക്കുന്നുവെന്നും ഒരാൾ ഭിന്നശേഷിക്കാരനാണെന്നുമാണ്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം! വളരെ ലളിതമായി അതങ്ങ് അവസാനിപ്പിച്ചിരിക്കുന്നു.

കോടതിയുടെ പുതിയ വിധിക്ക് ശേഷം ഗുജറാത്ത് വിട്ടുപോയിക്കുന്നു ബില്‍ക്കീസ് ബാനു. കുറ്റവാളികൾ പുറത്തു വിലസുമ്പോൾ അവർക്ക് എങ്ങനെയാണ് സ്വസ്ഥമായി സ്വന്തം നാട്ടിൽ കഴിയാൻ സാധിക്കുക? സുപ്രീം കോടതി തന്നെ നീതി നിഷേധിക്കുമ്പോൾ ആരാണ് അവർക്ക് സുരക്ഷിതത്വം നൽകുക? ആ ഭയമാണ് അവരെ ഇന്നും വേട്ടയാടുന്നത്.

എന്തുകൊണ്ടാണ് ബിൽക്കീസ് ബാനുവിന്റെ കേസിൽ നിരന്തരം ഇത്തരത്തിൽ ഇടപെടലുകളുണ്ടാവുന്നത്? നിസ്സംഗമായ ഇത്തരം വിധികളുണ്ടാവുന്നത്? അവരുടെ മനുഷ്യാവകാശം വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്?

2002, ഗുജറാത്ത് വംശഹത്യ. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത്, നിലവിലെ കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷാ ഗുജറാത്തിൽ ബി.ജെ.പിയുടെ പ്രധാന നേതാക്കളിലൊരാളായിരുന്ന കാലത്ത്, കേന്ദ്രം അടൽ ബിഹാരി വാജ്പേയിയുടെ ബി.ജെ.പി സർക്കാർ ഭരിച്ചിരുന്ന കാലത്ത് നടന്ന വംശഹത്യയായിരുന്നു. സംഘപരിവാർ സംഘടനകളുടെ പിൻബലത്തിൽ മുസ്ലിംങ്ങളെ തെരഞ്ഞുപിടിച്ച് വേട്ടയാടിയ വംശഹത്യ. ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ട, വീടുകളും ആരാധനാലയങ്ങളും ചുട്ടെരിക്കപ്പെട്ട, സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായ ആ കലാപത്തിന്റെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. വ്യക്തമായ ഹിന്ദുത്വ അജണ്ടയുടെ നടപ്പാക്കലെന്നല്ലാതെ അതിനെ മറ്റെന്താണ് വിശേഷിപ്പിക്കുക? ആ വംശഹത്യയുടെ കാലത്താണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗം ചെയ്യപ്പെടുന്നത്.

ബിൽക്കിസ് ബാനു നേരിട്ടത് എന്താണെന്ന് നാം ആവർത്തിച്ച് ഓർക്കേണ്ടതുണ്ട്. എങ്കിലേ ഈ നീതിനിഷേധത്തിൻെറ ആഴമറിയാൻ സാധിക്കുകയുള്ളൂ. തങ്ങളെ ആക്രമിക്കാനെത്തിയ സംഘ്പരിവാര്‍ അക്രമികളില്‍ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ബിൽക്കിസ് ബാനുവും കുടുംബവും വീട്ടിൽ നിന്നും ഇറങ്ങിയോടിയത്. എന്നാൽ, അവൾക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് കൊടും ക്രൂരതയാണ്. വഴിയിൽ തടഞ്ഞു നിർത്തിയ കുറച്ചാളുകൾ അവളുടെ കൂടെ ഉണ്ടായിരുന്നവരെ ആക്രമിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ബിൽക്കീസ് ബാനുവിൻെറ കൺമുന്നിൽ വെച്ചാണ് കുടുംബാംഗങ്ങളെ അക്രമികൾ കൊല ചെയ്തത്. മൂന്ന് വയസ്സ് പ്രായമായ സലീഹയെന്ന, അവരുടെ പെൺകുഞ്ഞിനെ പാറക്കല്ലിൽ അടിച്ചാണ് കൊന്നത്. അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും മരിച്ചെന്നു കരുതി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബിൽക്കീസിന് ബോധം തെളിയുന്നത്. എങ്ങനെയൊക്കെയോ പാതിജീവനുമായി അവർ അവിടെ നിന്നും രക്ഷപ്പെട്ടു.

ഗുജറാത്തിലെ ഗോദ്ര പോലീസ് സ്റ്റേഷനിലെ പൊലീസുകാരോട് തനിക്ക് സംഭവിച്ചത് എന്തെന്ന് അവർ വിശദീകരിക്കുന്നുണ്ട്. തന്നോട് ഈ ക്രൂരത ചെയ്ത, വീട്ടിൽ സ്ഥിരമായി പാൽ വാങ്ങാൻ വരുന്നവൻ മുതൽ ഏറെ ബഹുമാനത്തോടെ കണ്ടിരുന്നയാളുടെ വരെ പേരും സ്ഥലവും മുഖവും വരെ വിശദമായി പറഞ്ഞിട്ടും പോലീസ് കേസ് എടുത്തില്ല. നിരന്തരം പരിശ്രമിച്ചിട്ടും നടപടിയില്ലാത്തതിനാൽ 2003 ഏപ്രിൽ 29ന് ബിൽക്കീസ് ബാനു മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകുന്നു. പിന്നീട് സുപ്രീംകോടതിയിൽ ഹർജി നൽകി. കേസിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ഒടുവിൽ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിട്ടത് സുപ്രീം കോടതിയാണ്. കേസിലെ അന്വേഷണ വീഴ്ചകളും തെളിവുകൾ കൈകാര്യം ചെയ്തതിലെ പ്രശ്നങ്ങളും പിന്നീട് പുറത്ത് വന്നു.

2004-ൽ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തതോടെ, കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്ന കുഴികൾ വീണ്ടും തുറന്ന് പരിശോധന നടത്തി. പുറത്തെടുത്ത അസ്ഥികൾക്കിടയിൽ ഒരു മൃതദേഹത്തിന്റെയും തലയോട്ടി കണ്ടെത്താനായില്ല. പിന്നീട് ബോംബെ ഹൈക്കോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടി. മൃതദേഹങ്ങളിൽ നിന്ന് തലയോട്ടികൾ കാണാതായത് എങ്ങനെ? അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ എന്താണ് സംഭവിച്ചത്?ഗുജറാത്തിൽ നീതിപൂർവമായ വിചാരണ നടക്കില്ലെന്ന ആശങ്കയെത്തുടർന്ന് 2004-ൽ കേസ് മുംബൈയിലേക്ക് മാറ്റി. വിചാരണകളും ചോദ്യം ചെയ്യലുകളും നടന്നു. വിശദമായ അന്വേഷണങ്ങൾ നടന്നു. തെളിവുകൾ ഹാജരാക്കപ്പെട്ടു. കോടതിക്ക് കാര്യങ്ങൾ ബോധ്യമായി. ഒടുവിൽ 2008 ജനുവരിയിൽ 11-ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊണ്ട് കോടതിവിധി വന്നു. ബിൽക്കീസ് ബാനുവിന്റെ പോരാട്ടം കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തു. എന്നാൽ, അവിടെയും ഒന്നും അവസാനിച്ചില്ല.

"സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്. ഒരു വാക്കുകൊണ്ട് പോലും സ്ത്രീകളെ അധിക്ഷേപിക്കരുതെന്ന് നാം ഓരോരുത്തരും പ്രതിജ്ഞയെടുക്കണം". - 2022 ആഗസ്ത് 15-ന് രാജ്യത്തിൻറെ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാചകങ്ങളാണിത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കവേ, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ചില വിഭാഗം തടവുകാരെ മോചിപ്പിക്കാനുള്ള പ്രത്യേക പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. എന്നാൽ ബലാത്സംഗക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെയും ചില ഗുരുതര കുറ്റകൃത്യങ്ങളിൽ പെട്ടവരെയും ഈ ഇളവിന്റെ പരിധിയിൽ ഉൾപ്പെടുത്തരുതെന്ന് മാർഗനിർദേശങ്ങളിൽ വ്യക്തമായി പറഞ്ഞിരുന്നു. എന്നിട്ടും, ബിൽക്കീസ് ബാനു കേസിലെ 11 പ്രതികൾ അന്ന് ജയിൽമോചിതരായി. അമൃത് മഹോത്സവത്തിന്റെ പ്രത്യേക ഇളവ് പദ്ധതിപ്രകാരമല്ല, 1992-ലെ ഗുജറാത്ത് സർക്കാരിന്റെ ജയിൽമോചന നയപ്രകാരമാണ് ഇവരെ വിട്ടയച്ചതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. 14 വർഷത്തിലധികം തടവ് അനുഭവിച്ചതും ജയിലിലെ നല്ലനടപ്പുമായിരുന്നു മോചനത്തിന് ന്യായമായി പറഞ്ഞ കാരണങ്ങൾ. പുഷ്പമാലയും ആരതിയും ഉഴിഞ്ഞുള്ള വരവേൽപാണ് അന്ന് പുറത്തിറങ്ങിയ പ്രതികൾക്ക് ലഭിച്ചത്.

“എങ്ങനെയാണ് ഒരു സ്ത്രീക്ക് ലഭിക്കേണ്ട അടിസ്ഥാനനീതി പോലും ലഭിക്കാതെ കേസുകൾ ഇങ്ങനെ അവസാനിപ്പിക്കുക? നമ്മുടെ രാജ്യത്തെ പരമോന്നത നീതിന്യായവ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്റെ മാനസികാഘാതങ്ങളെ പതുക്കെപ്പതുക്കെ അതിജീവിക്കാൻ ഞാൻ പഠിക്കുകയായിരുന്നു. പക്ഷേ ഈ കുറ്റവാളികളെല്ലാം ജയിൽ മോചിതരായതോടെ എന്റെ സമാധാനവും നീതിന്യായവ്യവസ്ഥയിലുണ്ടായിരുന്ന വിശ്വാസവും ഇല്ലാതായി. ഞാൻ ഇന്നനുഭവിക്കുന്ന സങ്കടങ്ങളും വിശ്വാസവഞ്ചനയും നീതിക്കായി ഒറ്റയ്ക്ക് കോടതികളിൽ പോരാടുന്ന ഓരോ സ്ത്രീയും അനുഭവിക്കുന്നതാണ്.” അന്ന് ബിൽക്കീസ് ബാനു പറഞ്ഞു.

2024 ജനുവരി 8-ന് സുപ്രീംകോടതി ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കി. പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും, കേസിന്റെ വിചാരണ നടന്ന മഹാരാഷ്ട്രയാണ് ശിക്ഷായിളവ് പരിഗണിക്കേണ്ട അധികാരമുള്ള സംസ്ഥാനം എന്നും കോടതി വ്യക്തമാക്കി. അധികാരപരിധി മറികടന്നുള്ള നടപടിയാണ് ഗുജറാത്ത് സർക്കാർ സ്വീകരിച്ചതെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തൽ. 11 പ്രതികളും ജയിലിലേക്ക് മടങ്ങേണ്ടിവന്നു. അന്ന് ബിൽക്കീസ് ബാനുവിന്റെ നിയമപോരാട്ടം വീണ്ടും ഒരു നിർണായക ഘട്ടം കൂടി പിന്നിടുകയായിരുന്നു.

ഇപ്പോഴിതാ മറ്റൊരു വിധിയെഴുത്തിലൂടെ അവരെ വീണ്ടും വേട്ടയാടുകയാണ് നീതിന്യായ വ്യവസ്ഥ. ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കുകയും ക്രൂരമായി ഒരുവളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തവർക്ക് നിയമം പരിരക്ഷ നൽകുന്നു, ദയ നൽകുന്നു. അതും ക്രൂരത അനുഭവിച്ച മനുഷ്യരെ ഒന്ന് അറിയിക്കുക പോലും ചെയ്യാതെ. ഭരണഘടന അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ ഈ പ്രതികൾക്ക് ഉറപ്പാക്കാനാണ് നമ്മുടെ നിയമവ്യവസ്ഥയുടെ ഇടപെടലുണ്ടാവേണ്ടത്. എന്നാൽ, നിർഭാഗ്യവശാൽ അതല്ല സംഭവിക്കുന്നത്. നീതി ഇങ്ങനെയാണ് പ്രവർത്തിക്കുന്നതെങ്കിൽ ബിൽക്കീസ് ബാനു പറയുന്നത് പോലെ 'ഭയം തിരികെയെത്തുകയാണ്'…

Comments