എ.എം. ഷിനാസ്/ photo: Agasthya Soorya

ആർ.എസ്​.എസിനും ജമാഅത്തെ ഇസ്​ലാമിക്കും
​പരസ്​പരം പങ്കുവെക്കാൻ പലതുമുണ്ട്​

ആർ.എസ്.എസ് വിളിക്കുമ്പോഴൊക്കെ ചർച്ചക്കുവന്ന സംഘടനയായതുകൊണ്ട്, പോപ്പുലർ ഫ്രണ്ട്​നേരിട്ടതുപോലുള്ള നടപടികൾ തങ്ങൾക്കുനേരെയുണ്ടാവില്ല എന്നുറപ്പുവരുത്താനുള്ള ഒരു ഉപായമായിട്ടാണോ ജമാഅത്തെ ഇസ്​ലാമി ചർച്ചയെ കാണുന്നത് എന്ന്​ സംശയിക്കേണ്ടതുണ്ട്.

കെ. കണ്ണൻ: ആർ.എസ്.എസും ഏതാനും മുസ്‌ലിം സംഘടനകളും തമ്മിൽ ഈയിടെ നടന്ന ചർച്ച, സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പല നിലയ്ക്കും പരിഗണനാർഹമായ ഒന്നാണ്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ദാറുൽ ഉലൂം ദയൂബന്ദ്, അജ്മീർ ദർഗ തുടങ്ങിവയുടെ പ്രതിനിധികളും ചില ഷിയ സംഘടനാപ്രതിനിധികളും അടക്കം 14 സംഘടനകളാണ് ആർ.എസ്.എസുമായി ചർച്ച നടത്തിയത്. ആർ.എസ്.എസിന്റെ മുൻകൈയിൽ ചില ബ്യൂറോക്രാറ്റുകൾ വഴിയാണ് ചർച്ചക്ക് ക്ഷണം ലഭിച്ചതെന്ന് ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ മുസ്‌ലിംകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ ആർ.എസ്.എസിനുമുന്നിൽ അവതരിപ്പിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണം, വിയോജിപ്പുകൾക്കൊപ്പം സംവാദങ്ങളും നടക്കണം, എതിരാളികളോട് ചർച്ച ചെയ്യൽ ഇസ്‌ലാമിന്റെ രീതിയാണ് തുടങ്ങിയ വിശദീകരണങ്ങളാണ്, വിമർശനങ്ങൾക്കുള്ള മറുപടിയായി ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവക്കുന്നത്. ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും, അതാതു സമുദായങ്ങളുടെ വിപരീത പ്രതിനിധാനങ്ങളായി പ്രത്യക്ഷപ്പെടുന്ന സംഘടനകളാണ്. മാത്രമല്ല, ഇന്ത്യയിലെ മുസ്​ലിം ജനസാമാന്യത്തിന്റെ വിപുലമായ പ്രാതിനിധ്യം അവകാശപ്പെടാൻ കഴിയാത്തവയാണ്​ ചർച്ചയിൽ പങ്കെടുത്ത മുസ്‌ലിം സംഘടനകളെല്ലാം.

ജമാഅത്തെ ഇസ്‌ലാമിയെപ്പോലൊരു സംഘടന എന്തുകൊണ്ടാണ് ആർ.എസ്.എസിന്റെ ‘ഇസ്‌ലാമിക ചോയ്‌സ്' ആകുന്നത്? ആർ.എസ്.എസ് എന്തുകൊണ്ടാണ്, ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ച് ഒരു ‘ഹൈന്ദവ ചോയ്‌സ്' ആകുന്നത്?

എ.എം. ഷിനാസ്​: ആർ.എസ്.എസും ഇത്തരം മുസ്‌ലിം സംഘടനകളും തമ്മിലുള്ള ചർച്ച ഇപ്പോൾ തുടങ്ങിയതല്ല. 2019ൽ, ആർ.എസ്​.എസ്​ സർസംഘ്​ ചാലക്​ മോഹൻ ഭാഗവത് ദാറുൽ ഉലും ദയൂബന്ദിന്റെ പ്രിൻസിപ്പലായ അർഷദ് മദനിയുമായി ചർച്ച നടത്തിയിരുന്നു. 2022 ഓഗസ്റ്റിൽ മുൻ തെരഞ്ഞെടുപ്പു കമീഷണർ എസ്.വൈ. ഖുറേശി, ഡൽഹി മുൻ ലഫ്റ്റനൻറ്​ ഗവർണർ നജീബ് ജംഗ്, അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ സമീർ ഉദ്ദിൻഷാ, ബിസിനസുകാരനായ സയ്യിദ് ഷെർവാണി തുടങ്ങിയവരുമായി ചർച്ച നടത്തി. ‘Outreach to Muslims' എന്നതാണ് ഈ ചർച്ചകളുടെ ലക്ഷ്യമായി ആർ.എസ്​.എസ്​ പറയുന്നത്​.

ആർ.എസ്​.എസ്​ സർസംഘ്​ ചാലക്​ മോഹൻ ഭാഗവത്, ദാറുൽ ഉലും ദയൂബന്ദിന്റെ പ്രിൻസിപ്പൽ അർഷദ് മദനി
ആർ.എസ്​.എസ്​ സർസംഘ്​ ചാലക്​ മോഹൻ ഭാഗവത്, ദാറുൽ ഉലും ദയൂബന്ദിന്റെ പ്രിൻസിപ്പൽ അർഷദ് മദനി

ഇതിനേക്കാൾ കൗതുകകരമായ ചർച്ച നടന്നത് 2022 സപ്തംബർ മൂന്നാം വാരത്തിലാണ്. അഖിലേന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഉമർ അഹമ്മദ് ഇല്യാസിയുടെ, സെൻട്രൽ ദൽഹിയിലുള്ള കസ്തൂർബാ ഗാന്ധി മാർഗിലെ വീട്ടിലെത്തിയായിരുന്നു മോഹൻ ഭാഗവത്​ ചർച്ച നടത്തിയത്​. ആ വീട് സ്ഥിതി ചെയ്യുന്നത് കസ്തൂർബാ ഗാന്ധി മാർഗിലെ ഒരു പള്ളി അങ്കണത്തിനകത്താണ്. അവിടെപ്പോയാണ് ഭാഗവത് ചർച്ച നടത്തിയത്. ചർച്ചക്കുശേഷം അതിനടുത്ത മദ്രസയിൽ പോയി വിദ്യാർഥികളുമായി സംവദിച്ചു. ഉമർ അഹമ്മദ് ഇല്യാസി അതിനുശേഷം പറഞ്ഞത്, മോഹൻ ഭാഗവത് രാഷ്ട്രപിതാവാണ്, രാഷ്ട്ര ഋഷിയാണ് എന്നൊക്കെയാണ്.

ഇത്തരം ചർച്ചകൾ സംഘ്പരിവാറിനെ സഹായിക്കുന്നതും അവർക്ക്​ സ്വീകാര്യത കൊടുക്കുന്നതുമാണ്. ആർ.എസ്.എസിനും സംഘ്പരിവാറിനും എതിരെ ഇന്ത്യയുടെ പല ഭാഗങ്ങളിലും മതനിരപേക്ഷ രാഷ്ട്രീയശക്തികൾ നടത്തുന്ന പോരാട്ടത്തെ ഇത്​ദുർബലമാക്കും.

ആശയങ്ങളുടെ കാര്യത്തിൽ ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും ഒരേ തൂവൽപ്പക്ഷികളാണ്. ആർ.എസ്.എസ് സെക്യുലറിസത്തെയും ജനാധിപത്യത്തെയും അംഗീകരിക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ താത്വിക ആചാര്യനായ മൗലാനാ മൗദൂദിയും പറയുന്നത്​, ജനാധിപത്യവും സെക്യുലറിസവും ഇസ്‌ലാമിക വിരുദ്ധമാണ് എന്നാണ്​. പാൻ ഇസ്‌ലാമിസമാണ്- അതായത്, ഇസ്‌ലാമിന്റെ വിശ്വാധിപത്യമാണ് അവർ ആഗ്രഹിക്കുന്നത്. അവരുടേത് ​മതരാഷ്ട്ര സങ്കൽപ്പമാണ്. അതിനെ ആദ്യം ‘ഹുക്കുമത്തെ ഇലാഹി'- അല്ലാഹുവിന്റെ ഭൂമിയിൽ അല്ലാഹുവിന്റെ ഭരണം- എന്ന് വിശേഷിപ്പിച്ചു. പിന്നീട് അൽപ്പം മാറ്റി ‘ഇക്കാമത്തുദ്ദീൻ’- ദീനിന്റെ സംസ്ഥാപനം- എന്നാക്കി. മൗലാനാ മൗദൂദി വിഭജനശേഷം പാക്കിസ്ഥാനിലേക്ക് പോയതുതന്നെ തന്റെ ഇംഗിതത്തിനനുസരിച്ചുള്ള ഒരു മതരാഷ്ട്രം സ്ഥാപിക്കാനാണ്. പക്ഷെ, ജമാഅത്തെ ഇസ്‌ലാമിക്ക് അവിടെ കാര്യമായ വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 1950കളിൽ അഹമ്മദിയകൾക്കെതിരെ നടന്ന കലാപവുമായി ബന്ധപ്പെട്ട്​ ജസ്റ്റിസ് മുനീർ കമീഷൻ മൗലാനാ മൗദൂദിയെ വിസ്തരിച്ചിരുന്നു. അന്വേഷണ കമീഷൻ റിപ്പോർട്ട് ലഭ്യമാണ്, അതിൽ പാക്കിസ്ഥാൻ ജമാഅത്തെ ഇസ്‌ലാമിയുടെ പങ്ക് എടുത്തുപറയുന്നുണ്ട്.

ഗോൾവാൾക്കർ
ഗോൾവാൾക്കർ

ആർ.എസ്.എസും സെക്യുലർ ഡെമോക്രസിയെ അംഗീകരിക്കാത്ത ഒരു ആധുനിക ഫാഷിസ്റ്റ് സംഘടനയാണ്. അവരുടെ ആചാര്യൻ ഗോൾവാൾക്കർ ‘വിചാരധാര'യിൽ എഴുതിയത്, ഇന്ത്യക്ക്​ മൂന്ന്​ ആഭ്യന്തര ശത്രുക്കൾ- ഒന്ന്: മുസ്‌ലിംകൾ, രണ്ട്: ക്രിസ്ത്യാനികൾ, മൂന്ന്: കമ്യൂണിസ്റ്റുകൾ- ഉണ്ടെന്നാണ്. ഈ നിലപാടുള്ള ഗോൾവാൾക്കറെ ആർ.എസ്.എസോ മൗദൂദിയെ ജമാഅത്തെ ഇസ്‌ലാമിയോ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. മാത്രമല്ല, സവർക്കറുടെ ‘വീ, ഓർ അവർ നാഷൻഹുഡ് ഡിഫൈൻഡ്' എന്ന പുസ്തകത്തിലും പറയുന്നത് ഇന്ത്യ പിതൃഭൂമിയും പുണ്യഭൂമിയുമായി കരുതുന്നവരാണ് യഥാർഥ ഹിന്ദുക്കൾ, ഇന്ത്യക്കാർ എന്നാണ്. ഇന്ത്യ മാതൃഭൂമിയായാൽ മാത്രം പോരാ, പുണ്യഭൂമിയും ആകണം. അത്രക്കും സങ്കുചിതമായ പൗരനിർവചനമാണ് ആർ.എസ്.എസ് മുന്നോട്ടുവക്കുന്നത്. ഈ നിർവചനത്തിൽ വരാത്തവർക്കൊക്കെ രണ്ടാം തരം പൗരത്വമാണ്. ആസാമിലൊക്കെ അതാണ് കാണുന്നത്. അവിടെനിന്നുള്ള ഒരു റിപ്പോർട്ടനുസരിച്ച്, ഒരു റസ്‌റ്റോറന്റിൽ മെനുവിനു താഴെ ‘suspected citizens’ ഇവിടെനിന്ന് ഭക്ഷണം കഴിക്കാൻ പാടില്ല എന്ന്​ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് സർക്കാർ പദാവലിയാണ്. സിവിൽ സൊസൈറ്റിയിൽ വരെ ഈ വർഗീയ കാളകൂടം ഇറങ്ങിച്ചെന്നിരിക്കുന്നു.

മതരാഷ്​ട്രവാദികളെന്ന നിലയ്​ക്ക്​, ആർ.എസ്​.എസും ജമാഅത്തെ ഇസ്​ലാമിയും പരസ്​പരം സ്വഭാവിക ​ചോയ്​സുകളായിരിക്കും.

ആർ.എസ്.എസിന് ഒരുതരം പൊളിറ്റിക്കൽ ലെജിറ്റിമസി കൊടുക്കുകയാണ് ഇത്തരം ചർച്ചകൾക്ക് പോകുന്നതുവഴി ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകൾ ചെയ്യുന്നത്. വാസ്തവത്തിൽ ഇതൊരു കീഴടങ്ങലാണ്.

ഇന്ത്യയെപ്പോലൊരു ബഹുസ്വര- ജനാധിപത്യ സമൂഹത്തിൽ ന്യൂനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന, പാർലമെന്റിനകത്തും പുറത്തുമുള്ള ന്യൂനപക്ഷ സംഘടനകളെ ഒഴിവാക്കി, മതരാഷ്ട്രീയം ഐഡിയോളജിയാക്കിയ വർഗീയ സംഘടനകൾ, മതവിഭാഗങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് നടത്തുന്ന ഇത്തരം സംവാദങ്ങളുടെയും ചർച്ചകളുടെയും യഥാർഥ ഫലം എന്തായിരിക്കും?

മുസ്‌ലിം സമുദായത്തിൽ വേരോട്ടമുള്ള സംഘടനകളെയൊന്നും ചർച്ചക്ക് വിളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം ചർച്ചകൾ സംഘ്പരിവാറിനെ സഹായിക്കുന്നതും അവർക്ക്​ സ്വീകാര്യത കൊടുക്കുന്നതുമാണ്. ആർ.എസ്.എസിനും സംഘ്പരിവാറിനും എതിരെ ഇന്ത്യയുടെ പല ഭാഗങ്ങളിലും മതനിരപേക്ഷ രാഷ്ട്രീയശക്തികൾ നടത്തുന്ന പോരാട്ടത്തെ ഇത്​ദുർബലമാക്കും.

എത്ര പരിഹാസ്യമാണ്​ ഈ ചർച്ചയുടെ സന്ദർഭം എന്ന്​ നോക്കൂ. ഈ ചർച്ചകൾ നടക്കുന്ന സമയത്താണ് യു.പിയിൽ യോഗി ആദിത്യനാഥ് മദ്രസകളുടെ പ്രവർത്തനത്തെപ്പറ്റി വലിയ ആക്രോശം നടത്തുകയും അനധികൃത മദ്രസകൾക്കെതിരെ പടപ്പുറപ്പാട് പ്രഖ്യാപിക്കുകയും ചെയ്യുന്നത്. രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്നത്​ ഈ ദിവസങ്ങളിലാണ്​. പിന്നീടുവന്ന റിപ്പോർട്ടുകൾ പറയുന്നത്, ആദ്യം ഈ യുവാക്കളെ നിഷ്ഠൂരമായി മർദ്ദിച്ചശേഷം പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയെന്നും പൊലീസ് കൈയൊഴിഞ്ഞുവെന്നും അക്രമികൾ തന്നെ ഇരുനൂറ് കിലോമീറ്റർ അപ്പുറത്തുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി ഒരു കാറിൽ ഇവരെ ചുട്ടുകരിക്കുകയുമായിരുന്നു എന്നാണ്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കർണാടകയിലും അടക്കം 2022ൽ മാത്രം 600 ഓളം ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും മിഷനറിമാർക്കും എതിരെ ആക്രമണം നടന്നു. ഇത്തരം ആൾക്കൂട്ട കൊലകളിലെ ‘ആൾക്കൂട്ടം’ ഹിന്ദുത്വവാദികളുടെ ആൾക്കൂട്ടമാണ്. ഒരു ഭാഗത്ത് ‘Outreach to Muslims' എന്നു പറഞ്ഞ്​ ‘സംവാദ പ്രക്രിയ’യിൽ ഏർപ്പെടുക, മറുവശത്ത് തങ്ങളുടെ കീഴിലുള്ള വിധ്വംസക ശക്തികളെ അഴിഞ്ഞാടാൻ അനുവദിക്കുക. തങ്ങളുടെ കീഴിലുള്ള ഫ്രിഞ്ച് ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിലാണോ ആർ.എസ്.എസ് സർ സംഘ് ചാലക്?

കർസേവകർ ബാബരിമസ്ജിദ് തകർക്കുന്നു
കർസേവകർ ബാബരിമസ്ജിദ് തകർക്കുന്നു

ബാബരി മസ്ജിദ് പൊളിച്ചപ്പോൾ ആർ.എസ്.എസുകാർ പറഞ്ഞത് ‘മഥുര കാശി ബാക്കി ഹൈ'എന്നാണ്. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്​, ഈ ചർച്ചയിലും അവർ ആവർത്തിച്ചത്, ഈ പള്ളികൾ തങ്ങൾക്കുവേണം എന്നാണ്. അത്​ പ്രയാസമാണ്​ എന്ന്​ മുസ്‌ലിം പ്രതിനിധികൾ പറഞ്ഞു. തങ്ങളുടെ വിശുദ്ധ മൃഗമായ പശുവിനെ അറുത്തുകൊല്ലുന്നത് നിങ്ങൾ അവസാനിപ്പിക്കണം എന്നായിരുന്നു ആർ.എസ്​.എസിന്റെ മറ്റൊരു ആവശ്യം. അതിലും, നിഷേധാത്മകമായിരിക്കും മുസ്​ലിം സംഘടനകളുടെ മറുപടി. ‘നിങ്ങൾ ഞങ്ങളെ കാഫിർ എന്നു വിളിക്കരുത്’ എന്ന്​ ആർ.എസ്​.എസുകാർ പറഞ്ഞപ്പോൾ, ‘ഞങ്ങളെ പാക്കിസ്ഥാനികൾ, തീവ്രവാദികൾ എന്നൊന്നും വിളിക്കരുത്’ എന്നായിരുന്നു മുസ്​ലിം പ്രതിനിധികളുടെ മറുപടി. ഇത്തരം മുസ്‌ലിം സംഘടനകളെ ആർ.എസ്.എസിന്റെ വഴിക്ക് കൊണ്ടുവന്ന് അവരുടെ നിലപാടുകളെ Mollify ചെയ്യുകയാണ് ലക്ഷ്യമെന്നാണ് ഞാൻ കരുതുന്നത്. ആർ.എസ്.എസിന്റെ കെണിയിൽ തല വച്ചുകൊടുക്കുകയാണ് മത, സാമുദായിക സംഘടനകൾ ചെയ്യുന്നത്. കാരണം, ആർ.എസ്.എസ് അവരുടെ ആവശ്യങ്ങളിൽനിന്ന് ഒരടി പുറകോട്ടുപോകുന്നില്ല. അവരുടെ ആവശ്യങ്ങൾ മുസ്‌ലിം സംഘടനകൾക്ക് അംഗീകരിച്ചുകൊടുക്കാനും പറ്റില്ല. എന്നിട്ടും ആർ.എസ്.എസുമായുള്ള ചർച്ചക്ക് മുസ്‌ലിം സംഘടനകൾ വരുന്നു. ആർ.എസ്.എസിന് ഒരുതരം പൊളിറ്റിക്കൽ ലെജിറ്റിമസി കൊടുക്കുകയാണ് ഇത്തരം ചർച്ചകൾക്ക് പോകുന്നതുവഴി ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകൾ ചെയ്യുന്നത്. വാസ്തവത്തിൽ ഇതൊരു കീഴടങ്ങലാണ്.

മുസ്‌ലിം സംഘടനകളെ ആർ.എസ്.എസിന്റെ വഴിക്ക് കൊണ്ടുവന്ന് അവരുടെ നിലപാടുകളെ Mollify ചെയ്യുകയാണ് ലക്ഷ്യമെന്നാണ് ഞാൻ കരുതുന്നത്. ആർ.എസ്.എസിന്റെ കെണിയിൽ തല വച്ചുകൊടുക്കുകയാണ് മത, സാമുദായിക സംഘടനകൾ ചെയ്യുന്നത്.

ചർച്ച കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകും എന്ന പ്രതീക്ഷ കൊണ്ടൊന്നുമല്ല, ജമാഅത്തെ ഇസ്​ലാമി ഇതിൽ പങ്കെടുക്കുന്നത്. ഏതാനും മാസങ്ങൾക്കുമുമ്പാണ്, അഖിലേന്ത്യാ തലത്തിൽ രായ്ക്കുരാമാനം റെയ്ഡ് നടത്തി പോപ്പുലർ ഫ്രണ്ട്​നേതാക്കളെ ദൽഹിയിലേക്ക് പിടിച്ചുകൊണ്ടുപോയത്​. അത് ആരും പ്രതീക്ഷിക്കാത്ത തരത്തിൽ നടന്ന റെയ്ഡ് ആയിരുന്നു. പോപ്പുലർ ഫ്രണ്ട് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം, ജമാഅത്തെ ഇസ്‌ലാമി ഉയർത്തിപ്പിടിക്കുന്ന മതരാഷ്ട്രീയത്തിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും ഓർഗനൈസേഷനൽ ട്രാജക്റ്ററി പരിശോധിച്ചുനോക്കുക. ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല വിദ്യാർഥി സംഘടനയായിരുന്ന സിമി നിരോധിക്കപ്പെട്ടപ്പോൾ അതിലുണ്ടായിരുന്നവർ തന്നെയാണ് എൻ.ഡി.എഫ് ഉണ്ടാക്കുന്നത്, അതാണ് പിന്നീട് പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയുമൊക്കെയായി മാറുന്നത്.

പോപ്പുലർ ഫ്രണ്ടിനെതിരായ പ്രധാന കുറ്റപത്രം എന്താണ്- 2047ൽ ഇന്ത്യയെ ഒരു ഇസ്‌ലാമിക രാഷ്​ട്രമാക്കും എന്നാണ്. ഇത് ലക്ഷ്യം വെക്കുന്ന പോപ്പുലർ ഫ്രണ്ടുകാരും ഇത് വിശ്വസിക്കുന്ന ഹിന്ദുത്വ വാദികളും മൂഢസ്വർഗത്തിലാണ്. കാരണം, ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ മുസ്‌ലിംകൾ ഒരു സെക്യുലർ ഡെമോക്രാറ്റിക് ഇന്ത്യ പുലർന്നുകാണാനാഗ്രഹിക്കുന്നവരാണ്. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും സ്ഥിതി എന്താണ്? മുസ്‌ലിംകൾക്കുതന്നെ അവിടെ രക്ഷയില്ല. ഷിയാക്കൾക്കും അഹമ്മദീയകൾക്കും എതിരെ ചാവേർ ആക്രമണം നടക്കുന്നു. ഇന്ത്യയിൽനിന്നുപോയ മുസ്‌ലിംകളായ മുഹാജിറുകളെ പാക്കിസ്​ഥാനിൽ രണ്ടാം തരം പൗരന്മാരായിട്ടാണ് കാണുന്നത്. തങ്ങളുടെ തീവ്ര ഇസ്‌ലാമിനുനിരക്കാത്ത ഒരു വേരിയന്റിനെയും അംഗീകരിക്കാത്ത രാജ്യങ്ങളാണവ.

ദാവൂദി ബോഹ്റ മുസ്ലീങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി
ദാവൂദി ബോഹ്റ മുസ്ലീങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി

ജമാഅത്തെ ഇസ്‌ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെ ആശയപ്രപഞ്ചങ്ങൾ തമ്മിൽ ഐഡിയോളജിക്കലി, ഒരു വ്യത്യാസവുമില്ല. എന്നാൽ, അവരുടെ പ്രവർത്തന ശൈലിയിൽ വ്യത്യാസമുണ്ട്. പോപ്പുലർ ഫ്രണ്ട് കൂടുതൽ അഗ്രസ്സീവാണ്. ജമാഅത്തെ ഇസ്‌ലാമി വളരെ തന്ത്രപൂർവമാണ് തങ്ങളുടെ ഐഡിയോളജി പ്രചരിപ്പിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് വെള്ളവും വളവും നൽകുന്ന ഐഡിയോളജിയാണ്​ ജമാഅത്തിന്റേത്​. ഇന്ത്യയിൽ, കശ്മീർ ഒഴിച്ചുള്ള ഇടങ്ങളിലാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഉള്ളത്, കശ്മീരിൽ, കശ്മീരി ജമാഅത്തെ ഇസ്​ലാമിയാണുള്ളത്. അതായത്, കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായി ജമാഅത്തെ ഇസ്‌ലാമി കരുതുന്നില്ല. മാത്രമല്ല, കശ്മീർ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു തീവ്രവാദ സായുധ സംഘടനയാണ് ഹിസ്ബുൽ മുജാഹിദ്ദീൻ.

തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് വെള്ളവും വളവും നൽകുന്ന ഐഡിയോളജിയാണ്​ ജമാഅത്തിന്റേത്​.

ജമാഅത്തെ ഇസ്‌ലാമിയെ ഒരുപക്ഷെ, ഭയപ്പെടുത്തിയ കാര്യം, പോപ്പുലർ ഫ്രണ്ടിനെതിരായ നടപടിയായിരിക്കാം. ഭാവിയിൽ തങ്ങൾക്കെതിരെയും ഇത്തരമൊരു നടപടിയുണ്ടാകാമെന്ന്​ അവർക്ക്​ പേടിയുണ്ടായിരിക്കണം. 2024ൽ വീണ്ടും ബി.ജെ.പി അധികാരത്തിൽ വരാമെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. അപ്പോൾ, 2019 മുതൽ 2024 വരെയുള്ള ബി.ജെ.പിയേക്കാൾ, എൻ.ഡി.എ ഭരണകൂടത്തേക്കാൾ തീവ്രതരമായ നിലപാട് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച്, അതിൽ പ്രവർത്തിക്കുന്ന തീവ്രസ്വഭാവമുള്ള സംഘടനകൾക്കെതിരെ സ്വീകരിച്ചേക്കാം എന്ന പേടികൊണ്ടായിരിക്കുമോ ജമാഅത്തെ ഇസ്​ലാമി ചർച്ചക്ക് പോകുന്നത്. ആർ.എസ്.എസ് വിളിക്കുമ്പോഴൊക്കെ ചർച്ചക്കുവന്ന സംഘടനയായതുകൊണ്ട്, പോപ്പുലർ ഫ്രണ്ട്​ നേരിട്ടതുപോലുള്ള നടപടികൾ തങ്ങൾക്കുനേരെയുണ്ടാവില്ല എന്നുറപ്പുവരുത്താനുള്ള ഒരു ഉപായമായിട്ടാണോ ജമാഅത്തെ ഇസ്​ലാമി ചർച്ചയെ കാണുന്നത് എന്നും സംശയിക്കേണ്ടതുണ്ട്. ▮


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

എ. എം. ഷിനാസ്

എഴുത്തുകാരൻ, എറണാകുളം മഹാരാജാസ്​ കോളേജിൽ ചരിത്രവിഭാഗം മേധാവി. എല്ലാവരും ഇന്ത്യക്കാർ പക്ഷെ കുടിയേറ്റക്കാർ, റഷ്യ: മണ്ണിൽ വീണ നക്ഷത്രം, എം.ജി.എസിന്റെ​​​​​​​ ചരിത്രനിലപാടുകൾ (സഹ ഗ്രന്​ഥകർത്താവ്​), Local History : Quest for Method and Theories (Co-Editor ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചു.

Comments