എ.എ. റഹീം

രാജ്യസഭയിൽ സംസാരിക്കുക
മുഖ്യധാരയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് വേണ്ടി

അൺ എംപ്ലോയ്‌മെന്റ്, അണ്ടർ എംപ്ലോയ്‌മെന്റ്, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ ഇവരുടെയെല്ലാം അവസരവും. ഘട്ടംഘട്ടമായി പിന്നാക്ക വിഭാഗത്തിൽപെട്ടവരെ, ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളാൽ പിന്നാക്കമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്, പാർലമെന്റിനുണ്ട്.

മനില സി. മോഹൻ: കൈരളി ടി.വി.യിലെ സഹപ്രവർത്തകനെന്ന നിലയിലാണ് നമ്മുടെ പരിചയം തുടങ്ങുന്നത്. ഇപ്പോൾ താങ്കൾ രാജ്യസഭാ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കൗതുകകരമായ വസ്തുത, അന്ന് കൈരളി ടി.വി എം.ഡിയായിരുന്ന ജോൺ ബ്രിട്ടാസും ഇന്ന് പാർലമെന്റിൽ താങ്കൾക്കൊപ്പമുണ്ട് എന്നതാണ്. മാധ്യമ പ്രവർത്തകനായിരുന്ന താങ്കൾ സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി. മാധ്യമ ചർച്ചകളിൽ സി.പി.എമ്മിന്റെ ശക്തനായ പ്രതിനിധിയായി പങ്കെടുക്കുകയും ചെയ്തു. പാർലമെന്റിലെത്തുമ്പോൾ ഈ വളർച്ചയെ എങ്ങനെയാണ് സ്വയം നോക്കിക്കാണുന്നത്? ഒപ്പം മാധ്യമ പ്രവർത്തകരോടുള്ള വിമർശനം എന്താണ്?

എ.എ. റഹീം: വളരെ നിർണായകമായ ഒരു ഘട്ടത്തിൽ നിർണായകമായ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടു എന്നുള്ളതാണ് സന്തോഷവും അഭിമാനവും ഉണ്ടാക്കുന്ന കാര്യം. തീർച്ചയായും മാധ്യമപ്രവർത്തനം ഒരുകാലത്ത് നന്നായി ആസ്വദിച്ചിരുന്നു. മാധ്യമപ്രവർത്തനം ഒരു പാഷനായിരുന്നു. കോളേജ് കാലത്തെല്ലാം തന്നെ അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നു. എന്ത് ജോലി തിരഞ്ഞെടുക്കണമെന്ന് ആലോചിക്കുമ്പോൾ മാധ്യമപ്രവർത്തകനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് എൽ.എൽ.ബി.ക്കൊപ്പം തന്നെ ജേണലിസം കൂടിയെടുത്തത്. കൈരളിയിൽ, പീപ്പിൾ ടിവിയുടെ ആദ്യ ബാച്ചിൽ പ്രവേശനം ലഭിച്ചു. മനസ്സിലുണ്ടായിരുന്ന പാഷനിൽ നിന്ന് മാധ്യമപ്രവർത്തനത്തിന്റെ റിയാലിറ്റിയിലേക്കെത്തിയപ്പോൾ ഒരുപാട് പരിമിതികളുണ്ടെന്ന് മനസ്സിലാക്കാനായി. ആ ചെറിയ കാലയളവിൽ കുറെ നല്ല വാർത്തകൾ ചെയ്യാനും കഴിഞ്ഞു. ബ്രിട്ടാസ്നോടൊപ്പമൊക്കെയുള്ള നല്ല അനുഭവമായിരുന്നു. അതൊരു നല്ല കളരിയായിരുന്നു. ഇപ്പോൾ രാജ്യസഭയിലേക്ക് പോകുമ്പോൾ അവിടെ ബ്രിട്ടാസ് ഉണ്ട് എന്നുള്ളത് കൗതുകകരമായ കാര്യമാണ്. അതിൽ വളരെ സന്തോഷവും തോന്നുന്നു.

മാധ്യമങ്ങളോട് വിമർശനമുണ്ട്. അതിലൊന്ന് മാധ്യമങ്ങളുടെ പ്രതിദിന ഷെഡ്യൂളിൽ സാധാരണക്കാരുടെ എത്ര വിഷയങ്ങൾ വരുന്നുണ്ട് എന്നുള്ളതാണ്. അല്ലെങ്കിൽ നാടിനുവേണ്ടിയുള്ള എന്ത് കാര്യം വരുന്നു എന്നതാണ്. വിവാദങ്ങൾ, ചട്ടപ്പടി പ്രോഗ്രാം റിപ്പോർട്ടുകൾ എന്നിവയ്‌ക്കെല്ലാമപ്പുറത്ത് അത്തരം വിഷയങ്ങൾ വരുന്നില്ല എന്നുള്ളതാണ് ആദ്യത്തെ വിമർശനം. രണ്ടാമത്തെ കാര്യം ഫോളോ അപ്പ് തീരെ ഉണ്ടാകുന്നില്ല എന്നുള്ളതാണ്. ഒരു വിഷയത്തിൽ ഫോളോ അപ്പിനുവേണ്ടി ശ്രമിക്കുന്നേയില്ല, അതിന്റെ പിന്നാലെ പോകുന്നതേയില്ല. അത് ഒരു വലിയ ഒരു വിമർശനമാണ്. അങ്ങനെയാകരുത് എന്നാണ് എനിക്കുള്ളത്. അടുത്ത ഒരു പ്രധാനപ്പെട്ട കാര്യം ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നതിനു മുൻപ് വീണ്ടും വീണ്ടും ക്രോസ് ചെക്ക് ചെയ്യണമെന്നാണല്ലോ. ഒരു വാർത്ത കിട്ടിയാൽ ആ വാർത്തയുടെ മറുവശം എന്താണ് എന്നുള്ളത് ക്രോസ് ചെക്ക് ചെയ്യപ്പെടുന്നില്ല. ഇതാണ് എനിക്കുള്ള കടുത്ത വിമർശനം. നിങ്ങൾക്ക് ആർക്കെതിരെയും വാർത്ത ചെയ്യാം. ലഭിക്കുന്ന വിവരം ശരിയാണെന്ന് തോന്നിയാൽ വിശദമായ വാർത്ത ചെയ്യാം. പക്ഷെ എന്താണ് അയാൾക്ക് പറയാനുള്ളതെന്ന് ഒരു വരി കൂടി അതിൽ ഉൾപ്പെടുത്തണം. മാധ്യമപ്രവർത്തനത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇതാണ് എനിക്ക് കുറച്ചുകാലം മാധ്യമപ്രവർത്തനം, മുഖ്യധാരാ മാധ്യമത്തിൽ ചെയ്തയാളെന്ന നിലയിലും, പിന്നീടും യുവധാരയിലൊക്കെയായി മാധ്യമപ്രവർത്തനം പലരീതിയിൽ തുടരുമ്പോഴുമുള്ള പ്രധാന വിമർശനം. ഓരോരുത്തരും മാധ്യമപ്രവർത്തകരായി മാറുന്ന ഒരു കാലം കൂടിയാണിത്. മാധ്യമപ്രവർത്തകനെന്ന എന്റെ അനുഭവത്തിലും മാധ്യമങ്ങളെക്കുറിച്ചുള്ള എന്റെ പഠനത്തിലും ഇപ്പോഴത്തെ മാധ്യമങ്ങളോടുള്ള എന്റെ വിമർശനം ഇതാണ്.

എ.എ. റഹീം നാമനിർദേശ പത്രിക സമർപ്പിക്കുന്നു / Photo : A A Rahim, fb page
എ.എ. റഹീം നാമനിർദേശ പത്രിക സമർപ്പിക്കുന്നു / Photo : A A Rahim, fb page

രാഷ്ട്രീയമായി വളരെ നിർണായകമായ ഒരു സന്ദർഭത്തിലാണ് താങ്കൾ രാജ്യസഭയിൽ എത്തുന്നത്. വിഷയങ്ങളുടെ അടിസ്ഥാനത്തിൽ, രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ താങ്കൾ എങ്ങനെ എം.പി. സ്ഥാനത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നത്?

വിഷയങ്ങളിൽ ഇടപെടുക, പ്രതികരിക്കുക, ശക്തമായ അഭിപ്രായം പ്രതിധ്വനിപ്പിക്കുക എന്നുള്ളതാണ്. സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായം പ്രതിഫലിപ്പിക്കാൻ എനിക്ക് കിട്ടുന്ന അവസരം ഞാൻ ഉപയോഗിക്കും. ശക്തമായി ഇടപെടുകയും ജാഗ്രതയോടെ അതിനകത്ത് നിലയുറപ്പിക്കുകയും ചെയ്യും. പ്രധാനപ്പെട്ട ചില മേഖലകൾ എന്റെ ശ്രദ്ധയിലുണ്ട്. ഒന്ന് ഇന്ത്യൻ ഭരണഘടനയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട്, മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ നിലനിൽക്കുന്ന ഭീഷണി തന്നെയാണ്. അതിലേറെ പ്രധാനപ്പെട്ട ഒരു കാര്യം, വരും വർഷങ്ങൾ വളരെ നിർണായകമാണ്. 2025-ൽ ആർ.എസ്.എസിന്റെ 100 വർഷം പൂർത്തിയാകുകയാണ്. അവർ കുറേക്കൂടി അവരുടെ ലക്ഷ്യങ്ങളിലേക്ക് വേഗതയിൽ നടന്നടുക്കാൻ സാധ്യതയുള്ള കാലത്ത് തീർച്ചയായും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്.
രണ്ടാമത്തെ കാര്യം തൊഴിൽരഹിതരും ചെറിയ കൂലിക്കാരുമായിട്ടുള്ള ആളുകൾക്ക് വേണ്ടി നിലകൊള്ളുക എന്നതാണ്. നമ്മൾ പലപ്പോഴും തൊഴിലില്ലായ്മയെക്കുറിച്ച് പറയുന്നുണ്ട്. പക്ഷെ തൊഴിലില്ലാത്തവർ മാത്രമല്ല, ചെറിയ ശമ്പളത്തിന് തൊഴിലെടുക്കേണ്ടിവരുന്നവരുമുണ്ട്. അൺ എംപ്ലോയ്‌മെന്റും അണ്ടർ എംപ്ലോയ്‌മെന്റും. ഇത് രണ്ടും ഗൗരവമുള്ള പ്രശ്‌നമായി കാണുകയാണ്. പാർശ്വവത്കരിക്കപ്പെട്ട യുവാക്കളുടെ പ്രശ്‌നം നിയോലിബറൽ കാലത്ത് അതിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്.

കോൺഗ്രസ് ആരംഭിച്ച് ബി.ജെ.പി. തുടരുന്ന നിയോലിബറൽ കാലത്ത് പാർശ്വവത്കരിക്കപ്പെട്ടവർ സൊസൈറ്റിയുടെ മുഖ്യധാരയിൽ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടുന്നുണ്ട്. അത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമായി ഞാൻ കാണുന്നു. പലപ്പോഴും പഠനങ്ങളിലും ചർച്ചകളിലും അതൊന്നും പ്രധാനപ്പെട്ട കാര്യമായി അതൊന്നും വരുന്നില്ലെന്നുള്ളതാണ്. ഉദാഹരണം, മൂന്ന് പതിറ്റാണ്ടിനിടയിൽ നിയോലിബറൽ കാലത്ത് സ്വകാര്യവത്കരിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങൾ ഒട്ടനവധിയുണ്ട്. അതിലൂടെ നഷ്ടപ്പെട്ട ദലിതരുടെ അവസരങ്ങളെത്രയാണ്. ഗോത്രജനതയുടെ അവസരങ്ങളെത്രയാണ്. ദലിതരുൾപ്പെടെയുള്ള അരികുവത്കരിക്കപ്പെട്ടവർ മുഖ്യധാരയിൽ നിന്ന് പൂർണമായും ഒഴിവാക്കപ്പെടുന്നു. അവരുടെ അവസരങ്ങൾ ഇല്ലാതാക്കപ്പെടുന്നു. അൺ എംപ്ലോയ്‌മെന്റ്, അണ്ടർ എംപ്ലോയ്‌മെന്റ്, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ ഇവരുടെയെല്ലാം അവസരവും. ഘട്ടംഘട്ടമായി പിന്നാക്ക വിഭാഗത്തിൽപെട്ടവരെ, ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളാൽ പിന്നാക്കമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്, പാർലമെന്റിനുണ്ട്. ഭരണഘടന വിഭാവന ചെയ്യുന്നതാണത്. അത് നിർവഹിക്കപ്പെടുന്നില്ല എന്നുമാത്രമല്ല, അവർ നിർദയം എലിമിനേറ്റ് ചെയ്യപ്പെടുന്നു. വരുന്ന തലമുറകളിൽ വലിയ അകലമായിരിക്കും. ഡി.വൈ.എഫ്.ഐയുടെ പത്താമത് അഖിലേന്ത്യാ സമ്മേളനം കൊച്ചിയിലാണ് നടന്നത്. ആ കോൺഫറൻസിലാണ് ഞങ്ങൾ സ്വകാര്യമേഖലയിൽ സാമൂഹ്യ സംവരം, ദലിത് സംവരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്. ഈ കാര്യങ്ങളിലെല്ലാമായിരിക്കും പാർലമെന്റിൽ കൂടുതൽ ശ്രദ്ധചെലുത്താൻ പോകുന്നത്. ▮​


TEAM TRUECOPY

കമൽറാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റർമനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ് ടി.എം. ഹർഷൻ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റർ​കെ.കണ്ണൻ എക്‌സിക്യൂട്ടിവ് എഡിറ്റർ​ഷഫീഖ് താമരശ്ശേരി പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ്മുഹമ്മദ് ജദീർ സീനിയർ ഡിജിറ്റൽ എഡിറ്റർ​അലി ഹൈദർ സീനിയർ ഔട്ട്പുട്ട് എഡിറ്റർകെ.വി. ദിവ്യശ്രീ​ സീനിയർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ഫാസിൽ സീനിയർ ഔട്ട്പുട്ട് എഡിറ്റർ

വി.കെ. ബാബു സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)​മുഹമ്മദ് സിദാൻ ടെക്‌നിക്കൽ ഡയറക്ടർമുഹമ്മദ് ഹനാൻ ഫോട്ടോഗ്രാഫർഅഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫർഷിനു ടി.എം. വിഷ്വൽ എഡിറ്റർമഷ്ബൂബ് പി.പി. ജൂനിയർ വിഷ്വൽ എഡിറ്റർ​ഷിബു ബി. സബ്‌സ്‌ക്രിപ്ഷൻസ് മാനേജർവിഷ്ണുപ്രസാദ് വി.പി. ഫൈനാൻസ് മാനേജർ​

സൈനുൽ ആബിദ് കവർ ഡിസൈനർപ്രതീഷ് കെ.ടി. ഇലസ്ട്രേഷൻ


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​

Comments