കെ. സഹദേവൻ / Photo: Muhammad Hanan

കർഷകർ തകർത്തത്​ മോദിയുടെ അതിമാനുഷ ഇമേജ്​

അസന്തുലിതവും ജനാധിപത്യവിരുദ്ധവുമായ സാമ്പത്തിക- വികസന നയങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഫലപ്രാപ്തിയെ സംബന്ധിച്ച പ്രതീക്ഷകളാണ് കർഷക പ്രക്ഷോഭം പങ്കുവെക്കുന്നത്.

മനില സി.​ മോഹൻ: കർഷകസമരത്തിന്റെ ഓരോ നിമിഷത്തിലും ഒരു സംശയവുമില്ലാതെ പല തരത്തിൽ കൂടെ നിന്നയാളാണ് താങ്കൾ. എഴുത്തുകൾ, വിവരശേഖരണം, പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി കേരളത്തിൽ കർഷക സമരത്തിന്റെ ഓരോ ശ്വാസത്തിന്റെയും പൊളിറ്റിക്കൽ അപ്ഡേറ്റ് നടത്തിയ ഒരാൾ. ഇന്ത്യ മുഴുവൻ കഴിഞ്ഞ ഒരു മുപ്പതു വർഷത്തിനിടയിൽ നടന്നിട്ടുള്ള പലതരം ജനകീയ സമരങ്ങളിലും താങ്കളുടെ പങ്കാളിത്തമുണ്ടായിട്ടുണ്ട്. പ്രാദേശികമായ ജനകീയ മുന്നേറ്റങ്ങളാണ് ഇനിയുള്ള കാലത്ത് വിജയിക്കുക എന്ന് താങ്കൾ എപ്പോഴും പറയാറുമുണ്ട്. കർഷക സമരം വിജയിക്കും എന്ന ഉറപ്പ് തുടക്കം മുതൽ ഉണ്ടാവാനുള്ള കാരണമെന്തായിരുന്നു?

കെ. സഹദേവൻ: ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വളരെ നേരത്തെതന്നെ ധാരണയുണ്ടായിരുന്നു. 2015-16 കാലയളവിൽ ഇന്ത്യയിലെ പ്രധാന കാർഷിക സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുകയും അത് സംബന്ധിച്ച് വിശദമായി എഴുതുകയും ചെയ്തത് ഓർക്കുമല്ലോ. ഹരിത വിപ്ലവം സാമ്പത്തിക മുന്നേറ്റങ്ങൾ സാധ്യമാക്കിയ സംസ്ഥാനങ്ങൾ- പ്രത്യേകിച്ചും പഞ്ചാബ്, ഹരിയാന- അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നതും, സാമൂഹികവും പാരിസ്ഥിതികവുമായ പുതിയ വെല്ലുവിളികളെ നേരിടേണ്ടിവരുന്നതും ആ പഠനത്തിലൂടെ കണ്ടെത്താനായി. കർഷക ആത്മഹത്യകൾ വർഷം കഴിയുന്തോറും ഏറിക്കൊണ്ടിരിക്കുന്നതും കൃഷിഭൂമി കർഷകരിൽ നിന്ന് അന്യമാകുന്നതും വളരെ വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു. കാർഷിക ഇന്ത്യ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിനിൽക്കുമ്പോഴാണ് അവരുടെ മേൽ ഇടിത്തീ എന്നപോലെ മൂന്ന് നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ സംഘപരിവാർ ഭരണകൂടം മുതിർന്നത്.

ഒരു വർഷക്കാലയളവിൽ കർഷകർ വിത്തുപാകിയ, കോർപറേറ്റിസത്തിനും ഫാസിസത്തിനും എതിരായ, ജൈവരാഷ്ട്രീയത്തെ സ്പർശിച്ചുകൊണ്ടല്ലാതെ ഭാവിയിലെ മുന്നേറ്റങ്ങൾക്ക് വളർന്നുവരാൻ സാധിക്കുകയില്ല

കാർഷിക മേഖലയിൽ സമഗ്ര പരിഷ്‌കരണം ആവശ്യമാണെന്ന കർഷക സംഘടനകളുടെ അടക്കം ആവശ്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്, കാർഷിക മേഖലയിലെ ജനപങ്കാളിത്തം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, വൻകിട അഗ്രിബിസിനസ്​ കമ്പനികൾക്ക് കാർഷിക മേഖലയെ കൈമാറുന്നതിനുള്ള പദ്ധതിയാണ് മോദി സർക്കാർ മുന്നോട്ടുവെച്ചത്. ഇത് വ്യക്തമായി തിരിച്ചറിയാൻ കർഷക സംഘടനകൾക്ക് സാധിച്ചു. വ്യാവസായിക വികസനത്തിന്റെ പേരിൽ അവതരിപ്പിക്കപ്പെട്ട ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതികൾ അടക്കമുള്ള നിരവധി പരിഷ്‌കരണങ്ങൾ കാർഷിക മേഖലയിൽ നിന്നുള്ള കർഷകരുടെ അന്യവൽക്കരണം ദ്രുതഗതിയിലാക്കിയിരുന്നു. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഭേദഗതി ചെയ്യപ്പെട്ട ലാൻഡ് അക്വിസിഷൻ ആക്ടിനെതിരായി പഞ്ചാബിൽ വലിയ മുന്നേറ്റങ്ങൾ രൂപപ്പെടുന്നുണ്ടായിരുന്നു. പുതിയ കാർഷിക ഭേദഗതി നിയമങ്ങൾക്കെതിരായ എതിർപ്പുകൾ പഞ്ചാബിൽ ആരംഭിച്ചതിന് പിന്നിൽ ഈയൊരു പശ്ചാത്തലം കൂടിയുണ്ടായിരുന്നു.

കിസാൻ ഏക്ത മോർച്ചയിലെ നേതാക്കൾ

പുതിയ കാർഷിക നിയമങ്ങളിലൂടെ കടന്നുപോകുന്ന ആർക്കും അതിന്റെ ഉള്ളടക്കത്തെ ചോദ്യം ചെയ്യാതിരിക്കാനാകുമായിരുന്നില്ല. സ്വാഭാവികമെന്ന നിലയിൽ തന്നെ ഇന്ത്യയിലെ കർഷക സംഘടനകൾ ഒന്നടങ്കം അതിനെതിരായി മുന്നോട്ടുവന്നു. വ്യത്യസ്ത രാഷ്ട്രീയ ബോദ്ധ്യങ്ങളുള്ള കർഷക സംഘടനകൾ ഒരൊറ്റ മുദ്രാവാക്യത്തിലും അജണ്ടയിലും ഏകീകരിക്കപ്പെടുകയും പ്രക്ഷോഭത്തിന്റെ മുന്നോട്ടുപോക്കിനിടയിൽ ഓരോ ഘട്ടത്തിലും ശരിയായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തുപോന്നിരുന്നു. ഉദാഹരണത്തിന്, കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന കേവല മുദ്രാവാക്യത്തിനപ്പുറത്തേക്ക്, ആ നിയമങ്ങൾ തയ്യാറാക്കപ്പെടുന്നതിനുപിന്നിലെ കോർപറേറ്റ് താൽപ്പര്യത്തെയും, അത് നടപ്പിലാക്കുന്നതിനായി സമൂഹത്തെ വർഗീയമായി വിഭജിക്കുന്ന സംഘപരിവാർ ശക്തികളെയും കർഷക മുന്നേറ്റം ചോദ്യം ചെയ്തുകൊണ്ടിരുന്നു.
ഈയൊരു അടിസ്ഥാന രാഷ്ട്രീയ പ്രശ്നത്തെ അഭിമുഖീകരിക്കാതെ, അവയെ ചോദ്യം ചെയ്യാതെ മുന്നോട്ടുപോകാൻ കർഷക സംഘടനകൾക്ക് സാധിക്കുമായിരുന്നില്ല എന്നതാണ് വസ്തുത. 2015 ൽ പഞ്ചാബിലും 2017ൽ മധ്യപ്രദേശിലും രൂപംകൊണ്ട കർഷക മുന്നേറ്റങ്ങൾ ഈയൊരു രാഷ്ട്രീയ പ്രതിസന്ധിയെ മനസ്സിലാക്കുന്നുണ്ടായിരുന്നു. വലതുപക്ഷ സ്വഭാവമുള്ള കർഷക സംഘടനകൾ സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായിരുന്നപ്പോൾ പോലും കൃത്യമായ രാഷ്ട്രീയ ഉള്ളടക്കമുള്ള മുദ്രാവാക്യങ്ങളിൽ നിന്ന് മാറി നിന്നുകൊണ്ട് മുന്നോട്ടുപോകാൻ കർഷക പ്രക്ഷോഭത്തിന് സാധിക്കുമായിരുന്നില്ലെന്നത് വസ്തുതയായിരുന്നു.

കർഷകർ ഉയർത്തിയ രാഷ്ട്രീയം രാജ്യം പൊതുവിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്ന വികസന നയങ്ങളുടെയും വിഭജന രാഷ്ട്രീയത്തിന്റെയും അടിത്തറയെ ചോദ്യം ചെയ്യുന്നതായിരുന്നു.

90കളുടെ ആരംഭത്തിൽ നടപ്പിലാക്കപ്പെട്ട പുത്തൻ സാമ്പത്തിക പരിഷ്‌കരണങ്ങൾ രാജ്യത്ത് വളരെ കൃത്യമായ വിഭജനം നടപ്പിലാക്കിക്കഴിഞ്ഞിരുന്നു. ഗ്രാമീണ ഇന്ത്യയും അർബൻ ഇന്ത്യയും തമ്മിലുള്ള വിഭജനം സമ്പത്തിന്റെയും വിഭവങ്ങളുടെയും ആഴത്തിലുള്ള അസമത്വം പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു. അതേസമയം, നഗരവൽക്കരണം സാധ്യമാക്കേണ്ടിയിരുന്ന മെട്രോപൊളിറ്റൻ സ്വഭാവം ഇന്ത്യൻ നഗരങ്ങൾക്ക് അന്യമായിരുന്നു എന്നതും യാഥാർത്ഥ്യമാണ്. ഇന്ത്യൻ ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ജാതീയത അടക്കമുള്ള നിരവധി വിഷയങ്ങൾ ഒട്ടും കുറവല്ലാത്ത രീതിയിൽ ഇന്ത്യൻ നഗരങ്ങളിലും നിലനിന്നിരുന്നു. ഗ്രാമീണ/കാർഷിക ഇന്ത്യയിൽ നിന്ന്​ നഗരങ്ങളിലേക്ക് കുടിയേറ്റം നടത്തേണ്ടിവന്ന ജനങ്ങൾക്ക് നഗരപുറമ്പോക്കുകളിൽ താമസിക്കേണ്ടിവരികയും ജാതീയവും മതപരവുമായ വിവേചനങ്ങൾ അതേ അളവിൽ അനുഭവിക്കേണ്ടിവരികയും ചെയ്തു. ഭൗതിക സാഹചര്യങ്ങളിൽ വൻതോതിലുള്ള വികാസം സാധ്യമാക്കിയപ്പോഴും ഇന്ത്യൻ നഗരങ്ങൾ ജാതീയവും വംശീയവുമായ വിവേചനങ്ങളുടെ എല്ലാ തിന്മകളും പേറിയിരുന്നുവെന്ന വൈരുദ്ധ്യം നാം മനസ്സിലാക്കിയാലും ഇല്ലെങ്കിലും അത് അനുഭവിക്കേണ്ടി വന്ന ജനങ്ങൾക്ക് ബോദ്ധ്യപ്പെടാതിരിക്കാൻ നിർവ്വാഹമില്ലായിരുന്നു. ഇന്ത്യൻ നഗരങ്ങളിൽ രൂപം കൊണ്ട ‘ഗെറ്റോ’കളും ചേരികളും ഈ യാഥാർത്ഥ്യത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു.

90കളിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ തിക്തഫലം അനുഭവിക്കാൻ വിധിക്കപ്പെട്ട ഗ്രാമീണ/കാർഷിക ഇന്ത്യ, മോദി ഭരണത്തിൻ കീഴിൽ അവ കൂടുതൽ ഫലപ്രദമായും ശക്തമായും മുന്നോട്ടുകൊണ്ടുപോകുന്നത് തിരിച്ചറിഞ്ഞു. അതിനേക്കാൾ മാരകവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങളാണ് കാർഷിക നിയമ ഭേദഗതികളിലൂടെ നടപ്പിലാക്കാൻ പോകുന്നതെന്ന് തിരിച്ചറിയാൻ കർഷക സമൂഹത്തിന് അധികം സമയം വേണ്ടിവന്നില്ല. തങ്ങളുടെ നിലനിൽപ് തന്നെ അപകടത്തിലാകാൻ പോകുന്നുവെന്ന തിരിച്ചറിവിൽ ജീവന്മരണ പോരാട്ടം മാത്രമേ അവരുടെ മുന്നിൽ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി മുദ്രാവാക്യങ്ങളിലോ, നിലപാടുകളിലോ വെള്ളം ചേർക്കാൻ അവർക്ക് സാധിക്കുമായിരുന്നില്ല. ശരിയായ രാഷ്ട്രീയ മുദ്രാവാക്യങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാൻ അവർക്ക് സാധിക്കുമായിരുന്നില്ല. കർഷക പ്രക്ഷോഭങ്ങളുടെ ഈയൊരു വളർച്ച തിരിച്ചറിയാൻ ആദ്യം മുതൽക്കുതന്നെ സാധിച്ചുവെന്നത് ആരംഭം തൊട്ട് പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതിന് സഹായിച്ചുവെന്ന് പറയാം.

ഇവിടെ മറ്റൊരു കാര്യം എടുത്തുപറയേണ്ടതുണ്ട്. ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തെ പിടിച്ചുകുലുക്കിയ, അണ്ണാ ഹസാരേയുടെ നേതൃത്വത്തിൽ ആരംഭിച്ച അഴിമതി വിരുദ്ധ പ്രസ്ഥാനത്തെക്കുറിച്ചാണത്. നഗര മധ്യവർഗങ്ങളെയും ജനകീയ ബദൽ പ്രസ്ഥാനങ്ങളുടെ നേതാക്കളെയും വൻതോതിൽ ആകർഷിച്ച ഈ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ദൗത്യം തികച്ചും പ്രതിലോമകരമാണെന്ന് തുടക്കം മുതൽ തന്നെ തിരിച്ചറിയാൻ സാധിച്ചിരുന്നു. അതിനെതിരായി ഉയർത്തിയ വിമർശനങ്ങൾ സാധുതയുള്ളതാണെന്ന് ആരംഭകാലത്ത് അതിന്റെ വക്താക്കളായിരുന്നവർക്കുതന്നെ പിന്നീട് തുറന്ന് സമ്മതിക്കേണ്ടി വന്നു. അഴിമതി വിരുദ്ധ പ്രസ്ഥാനവും കർഷക പ്രക്ഷോഭവും വ്യത്യസ്ത രാഷ്ട്രീയ ബോദ്ധ്യങ്ങളുടെ/യാഥാർത്ഥ്യങ്ങളുടെ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവയാണ്.

കർഷക പ്രക്ഷോഭകാരികളെ തീവ്രവാദികളായും ദേശദ്രോഹികളായും ചിത്രീകരിക്കാൻ ശ്രമിച്ചവർക്ക് സ്വയം പരാജയം സമ്മതിക്കേണ്ടിവന്നു. സിഖ് ജാട്ട്, ഹിന്ദു ജാഠ് വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആർ.എസ്.എസ് തന്ത്രങ്ങളെ കർഷകർ പൊളിച്ചടുക്കി.

കർഷകർ ഉയർത്തിയ രാഷ്ട്രീയം രാജ്യം പൊതുവിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്ന വികസന നയങ്ങളുടെയും വിഭജന രാഷ്ട്രീയത്തിന്റെയും അടിത്തറയെ ചോദ്യം ചെയ്യുന്നതായിരുന്നു. അതിൽ ഉൾപ്പെട്ട സംഘടനകൾ മുഴുവനും ഈ രാഷ്ട്രീയത്തെ തിരിച്ചറിയുന്നവയാണെന്ന് പറയുന്നില്ല. എന്നാൽ ഇത്തരത്തിലല്ലാതെ ആ പ്രക്ഷോഭത്തിന് വികസിക്കാൻ സാധിക്കുകയില്ലെന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ പ്രത്യക്ഷ ജനാധിപത്യം, സമത, സ്ഥായിത്വം എന്നിവ അടിസ്ഥാന രാഷ്ട്രീയ നിലപാടുകളായി സ്വീകരിക്കുന്ന ഏതൊരാൾക്കും കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാതെ മാറി നിൽക്കാൻ സാധിക്കുമായിരുന്നില്ല.
ഈ പ്രക്ഷോഭം പരാജയപ്പെടുക എന്നതിനർത്ഥം കാർഷിക ഇന്ത്യ കൂട്ട ആത്മഹത്യയ്ക്ക് തയ്യാറാവുക എന്നതാണ്. തങ്ങളുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട് ഇതിനെ മനസ്സിലാക്കാൻ കർഷകർക്ക് സാധിച്ചുവെന്നതിന്റെ സൂചനകൾ പ്രക്ഷോഭത്തിന്റെ ആദ്യനാൾ തൊട്ടുതന്നെയുള്ള ദൃശ്യമായിരുന്നു. കർഷകർക്ക് വിജയിച്ചേ മതിയാകുമായിരുന്നുള്ളൂ.

കർഷകരുടെ വിജയം എന്നു പറയുമ്പോൾ അതിന് കേന്ദ്ര സർക്കാരിന്റെ പരാജയം എന്നും സംഘപരിവാറിന്റെ പരാജയം എന്നും വ്യാഖ്യാനിക്കാം. സംഘപരിവാറിന്റെ രാഷ്ട്രീയ ചരിത്രം വിഭാഗീയതയുടേയും അക്രമങ്ങളുടേയും ഭിന്നിപ്പിക്കലിന്റെയും കൂടിയാണ്. പക്ഷേ അത്തരം സംഘതന്ത്രങ്ങളൊന്നും കർഷക സമരത്തിൽ വിജയിച്ചില്ല. ഇത് ഇന്ത്യൻ രാഷ്ട്രീയത്തെ എങ്ങനെയാണ് ഇനി സ്വാധീനിക്കാൻ പോകുന്നത്? പ്രാദേശിക രാഷ്ട്രീയ കൂട്ടായ്മകളെ എങ്ങനെ ശക്തിപ്പെടുത്തും? യു.പി. ഇലക്ഷൻ വരാൻ പോകുന്നു. ഹിന്ദുത്വ ശക്തികളുടെ ഇറക്കം തുടങ്ങി എന്ന് വിലയിരുത്താമോ?

കർഷകശക്തിയെ ഇത്രയധികം വിലകുറച്ചുകണ്ട ഭരണകൂടം രാജ്യത്ത് ഇതിന് മുമ്പുണ്ടായിരുന്നില്ല. പാർലമെൻറിലെ മൃഗീയ ഭൂരിപക്ഷം, മാധ്യമങ്ങളുടെ മേലുള്ള സ്വാധീനം, ഭരണഘടനാ സ്ഥാപനങ്ങളടക്കം എന്തിനെയും തങ്ങളുടെ വരുതിയിലാക്കാമെന്ന അഹന്ത എന്നിവയോടൊപ്പം നാളിതുവരെ തങ്ങൾ തുടർന്നുവന്ന വർഗീയ വിഭജന രാഷ്ട്രീയത്തിന്മേലുള്ള അമിത വിശ്വാസം എന്നിവയാണ് സംഘപരിവാറിനെ ഇത്തരമൊരു മനോവൃത്തിയിലേക്ക് നയിച്ചത് എന്നുപറയാം. 2020 നവംബർ 26ന് കർഷകർ നടത്തിയ ദില്ലി ചലോ മാർച്ച്, ജനുവരി 26ന്റെ ദില്ലി പരേഡ് തുടങ്ങി ലഖിംപൂർ ഖേരി കൂട്ടക്കൊല അടക്കം ഓരോ ഘട്ടത്തിലും സാമുദായിക വിഭജനം സാധ്യമാക്കാനുള്ള തന്ത്രങ്ങളാണ് സംഘപരിവാർ സർക്കാർ ആവിഷ്‌കരിച്ചത്. എന്നാൽ ഇതിനെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാൻ കർഷകർക്ക് സാധിച്ചു.

സംഘപരിവാരത്തിന്റെ ബൗദ്ധിക ശേഷിയെയും ആസൂത്രണ മികവിനെയും സംബന്ധിച്ച് ഊതിപ്പെരുപ്പിച്ച പ്രചാരണങ്ങളെ തള്ളിക്കളയാൻ ഈ പ്രക്ഷോഭത്തിന് സാധിച്ചു

കർഷക പ്രക്ഷോഭകാരികളെ തീവ്രവാദികളായും ദേശദ്രോഹികളായും ചിത്രീകരിക്കാൻ ശ്രമിച്ചവർക്ക് സ്വയം പരാജയം സമ്മതിക്കേണ്ടിവന്നു. സിഖ് ജാട്ട്, ഹിന്ദു ജാഠ് വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആർ.എസ്.എസ് തന്ത്രങ്ങളെ കർഷകർ പൊളിച്ചടുക്കി. 2020 നവമ്പർ 24ന് പഞ്ചാബിൽ നിന്ന് ആരംഭിച്ച കർഷക മാർച്ചിന് തടയിടാൻ ഹരിയാനയിലെ ബി.ജെ.പി സർക്കാർ വഴി നീളെ കിടങ്ങുകളും ബാരിക്കേഡുകളും തീർത്തപ്പോൾ അവയൊക്കെ നീക്കിയത് ഹരിയാനയിലെ ഹിന്ദു ജാട്ട് കർഷകരായിരുന്നുവെന്ന് ഓർക്കേണ്ടതുണ്ട്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമായി ഇതിനെ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ‘ഹരിയാന-പഞ്ചാബ് ഭായ്ചാര' (സാഹോദര്യം) മുദ്രാവാക്യം ഉയർത്തി ഇരു സംസ്ഥാനങ്ങളിലെയും കർഷകർ അതിനെ പ്രതിരോധിച്ചു. 2013ൽ ഉത്തർപ്രദേശിൽ അധികാരം പിടിച്ചെടുക്കാൻ ഹിന്ദു- മുസ്​ലിം വർഗീയ കലാപം സൃഷ്ടിച്ച മുസാഫർ നഗറിൽ തന്നെ സാമുദായിക സൗഹാർദ്ദം പ്രഖ്യാപിച്ച് കർഷക മഹാപഞ്ചായത്ത് നടത്താൻ കർഷക സംഘടനകൾക്ക് സാധിച്ചു.

കർഷക പ്രക്ഷോഭം ഇന്ത്യൻ ജനാധിപത്യത്തിന് പ്രതീക്ഷകളുടെയും ആശ്വാസത്തിന്റെയും നിരവധി സൂചനകൾ നൽകുന്നുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാമെന്ന് തോന്നുന്നു: സംഘപരിവാരത്തിന്റെ ബൗദ്ധിക ശേഷിയെയും ആസൂത്രണ മികവിനെയും സംബന്ധിച്ച് ഊതിപ്പെരുപ്പിച്ച പ്രചാരണങ്ങളെ തള്ളിക്കളയാൻ ഈ പ്രക്ഷോഭത്തിന് സാധിച്ചുവെന്നതാണ് ഒന്നാമത്തെ കാര്യം. കഴിഞ്ഞ ഒരു വർഷം കൊണ്ട്​ ആർ.എസ്.എസിന്റെ എല്ലാ തന്ത്രങ്ങളെയും നിഷ്​പ്രയാസം പൊളിച്ചടുക്കാൻ കർഷകർക്ക് സാധിച്ചു.

പ്രത്യക്ഷ ജനാധിപത്യത്തിന്റെ സാധ്യതകളെ കർഷക പ്രക്ഷോഭം വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തി എന്നതാണ് രണ്ടാമത്തെ കാര്യം. ജനകീയാഭിലാഷങ്ങളെ പ്രതിഫലിപ്പിക്കാത്ത പ്രാതിനിധ്യ ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാണിക്കുകയും ചരിത്രത്തിലാദ്യമായി പാർലമെന്റ് പാസാക്കിയ ജനവിരുദ്ധ നിയമങ്ങളെ ജനകീയ പ്രക്ഷോഭത്തിലൂടെ പിൻവലിപ്പിക്കുകയും ചെയ്തതിലൂടെ പ്രത്യക്ഷ ജനാധിപത്യത്തിന്റെ തുറവികളിലേക്ക് അത് ഇന്ത്യൻ ജനാധിപത്യത്തെ നയിക്കുന്നു.
വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്കപ്പുറത്ത്, വിശാല ജനകീയ മുന്നേറ്റങ്ങളുടെ സാധ്യതകളെ കർഷക പ്രക്ഷോഭം മുന്നോട്ടുവെച്ചു. അസന്തുലിതവും ജനാധിപത്യവിരുദ്ധവുമായ സാമ്പത്തിക- വികസന നയങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഫലപ്രാപ്തിയെ സംബന്ധിച്ച പ്രതീക്ഷകളാണ് കർഷക പ്രക്ഷോഭം പങ്കുവെക്കുന്നത്.

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിൽക്കുന്നവരെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിൽപ്പോലും പിടിമുറുക്കിയ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ എതിരിടാൻ കൂടുതൽ വിശാലമായ മുന്നേറ്റങ്ങൾ സാധ്യമാകേണ്ടതുണ്ട്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പടിയിറക്കം കർഷക പ്രക്ഷോഭത്തിലൂടെ സാധ്യമാകും എന്നത് കേവലം ആഗ്രഹ ചിന്ത മാത്രമാണ്. പാർലമെന്ററി ജനാധിപത്യത്തിനുമപ്പുറത്ത്, ഭരണഘടനാ സ്ഥാപനങ്ങളിലും മാധ്യമങ്ങളിലും, സൈന്യത്തിലും, അക്കാദമിക് മേഖലകളിലും എന്തിനധികം ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിൽക്കുന്നവരെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിൽപ്പോലും പിടിമുറുക്കിയ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ എതിരിടാൻ കൂടുതൽ വിശാലമായ മുന്നേറ്റങ്ങൾ ഇനിയും സാധ്യമാകേണ്ടതുണ്ട്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ കർഷകർ വിത്തുപാകിയ, കോർപറേറ്റിസത്തിനും ഫാസിസത്തിനും എതിരായ, ജൈവരാഷ്ട്രീയത്തെ സ്പർശിച്ചുകൊണ്ടല്ലാതെ ഇത്തരം മുന്നേറ്റങ്ങൾക്ക് വളർന്നുവരാൻ സാധിക്കുകയില്ലെന്നത് വസ്തുതയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയ്ക്ക് സഹായകമായി വർത്തിച്ച പല ഘടകങ്ങളെയും അവർക്ക് എതിരായി നിൽക്കാൻ കർഷക പ്രക്ഷോഭം സഹായിച്ചുവെന്നത് യാഥാർത്ഥ്യമായിരിക്കുമ്പോഴും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരുവേള അവ പ്രകടമായ രീതിയിൽ പ്രതിഫലിപ്പിക്കപ്പെട്ടേക്കാമെങ്കിലും, ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിനെതിരായ ശക്തവും നിർണായകവുമായ മുന്നേറ്റങ്ങൾ വളർന്നുവരാനിരിക്കുന്നതേയുള്ളൂ.

എങ്കിലും ഒരുകാര്യം ഉറപ്പാണ്. കഴിഞ്ഞ ഏഴ് വർഷക്കാലമായി കോർപറേറ്റ് ലോബികളും മാധ്യമങ്ങളും ചേർന്ന് ഊതിവീർപ്പിച്ച നരേന്ദ്ര മോദിയുടെ അതിമാനുഷ ഇമേജ് തകർക്കാൻ കർഷകർക്ക് സാധിച്ചു. യാതൊരു ചർച്ചകളും കൂടാതെ കാർഷിക നിയമങ്ങൾ പാസാക്കാൻ തയ്യാറായ നരേന്ദ്ര മോദിയുടെ തീരുമാനത്തെക്കുറിച്ച് ഒരു കർഷകൻ പ്രതികരിച്ചത് വളരെ പ്രസക്തമാണ്. ‘മരണമടുക്കുമ്പോൾ ചെന്നായ്ക്കൾ ഗ്രാമത്തിലേക്ക് ചെല്ലും. ഏറ്റവും ദുർബലരായ ആളുകളുടെ കല്ലും കവണയും ഏറ്റ് മരണമടയാനാണ് അവയുടെ വിധി'.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments