യുപി തെരഞ്ഞെടുപ്പ് ; സംഘപരിവാർ കലാപം ആസൂത്രണം ചെയ്യുന്നു

നേട്ടമുണ്ടാകാൻ പോകുന്നത് സമാജ്‌വാദി പാർട്ടിക്കാണ് എന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ പ്രധാന കാരണം, രണ്ടര വർഷമായി യു.പിയിലെ പ്രതിപക്ഷം എന്ന നിലയിലേക്ക് കടന്നുവന്നിരിക്കുന്നത് സമാജ്‌വാദി പാർട്ടിയാണ് എന്നതാണ്.

Truecopy Webzine

ത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘപരിവാർ സംസ്ഥാനത്തുടനീളം പ്രാദേശികമായ വിഷയങ്ങളുടെ പേരിൽ, ഹിന്ദു- മുസ്​ലിം വർഗീയ കലാപങ്ങൾ സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന് മാധ്യമപ്രവർത്തകൻ വെങ്കിടേഷ്​ രാമകൃഷ്​ണൻ. ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 46 ൽ എക്സിക്യൂട്ടീവ് എഡിറ്റർ കെ.കണ്ണന് നൽകിയ അഭിമുഖത്തിലാണ് വെങ്കിടേഷ്​ രാമകൃഷ്​ണൻ നിയമസഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഉരുത്തിരിയുന്ന രാഷ്​ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നത്.

""സംഘ്പരിവാറുമായി ബന്ധമുള്ളവരും അവരുടെ ചർച്ചകളെക്കുറിച്ച് അറിയാവുന്നവരുമായി സംസാരിച്ചതിൽനിന്ന് വ്യക്തമാകുന്നത്, സംസ്ഥാനത്തുടനീളം പ്രാദേശികമായ വിഷയങ്ങളുടെ പേരിൽ, ഹിന്ദു- മുസ്​ലിം വർഗീയ കലാപങ്ങൾ സംഘടിപ്പിക്കുക എന്നതാണ്. അതിന്റെ സൂചനകളുണ്ട്. നോയ്ഡയിൽ താമസിക്കുന്ന ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം എനിക്കയച്ച ഒരു വാട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നത്, അദ്ദേഹത്തിന്റെ കോളനിക്കുപുറകിൽ നിന്ന് അറുത്ത ഒരു പശുവിന്റെ കഴുത്ത് കിട്ടുകയും അത് അവിടെ ചെറിയ സംഘർഷമുണ്ടാക്കുകയും ചെയ്തുവെന്നാണ്. ഇത്തരത്തിൽ വർഗീയ സംഘർഷങ്ങളുടെയും അക്രമങ്ങളുടെയും പരമ്പര സൃഷ്ടിക്കുക. മുമ്പ് ബീഹാർ തെരഞ്ഞെടുപ്പിൽ ഇത്തരമൊരു ശ്രമം നടന്നതാണ്, അത് വേണ്ടത്ര വിജയിച്ചില്ല, യു.പിയിൽ ഇതിന്റെ ഫലം എന്തായിരിക്കുമെന്ന് പറയാൻ കഴിയില്ല. എന്തായാലും വർഗീയതയുടെയും സെക്‌ടേറിയനിസത്തിന്റെയും പൊളിറ്റിക്‌സ്, പ്രത്യേകിച്ച് 1980കളുടെ മധ്യകാലത്തിനുശേഷം ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് യു.പിയിൽ സാമാന്യം നല്ല കറൻസിയുള്ള പൊളിറ്റിക്‌സ് ആണ്. മറ്റൊന്ന്, സർക്കാറിന്റെ ഭരണനേട്ടത്തെക്കുറിച്ചുള്ള പബ്ലിക് പെർസെപ്ഷനാണ്.''

""യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഴിത്തിരിവുണ്ടാക്കാൻ പര്യാപ്തമായ ഒരു ഘട്ടത്തിലാണ് കർഷക സമരം ഇപ്പോഴുള്ളത്. പ്രത്യേകിച്ചും ലഖിംപുർ ഖേരിയിലെ, കൂട്ടക്കൊല എന്നു വിശേഷിപ്പിക്കാവുന്ന അപകടത്തിന്റെ അനുരണനങ്ങൾ വളരെ വലുതാണ്. അവിടെ കൊല്ലപ്പെട്ടവരുടെ ഓർമക്ക് ഈ മാസം 12ന് ശ്രദ്ധാജ്ഞലി സഭ നടക്കുകയാണ്. അത് വലിയൊരു ‘റാലിയിങ് പോയന്റാ'യി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർഷക സംഘടനകൾ പ്രധാന സമരപരിപാടിയുടെ ഭാഗമായി, ശ്രദ്ധാജ്ഞലി സഭ ചേരുന്ന ഇടത്തുനിന്ന് എല്ലാ ജില്ലകളിലേക്കും കലശയാത്ര നടത്താനുള്ള തയാറെടുപ്പിലാണ്. ഇതും ഒരു പ്രധാന വൈകാരിക പ്രശ്‌നമായി മാറാൻ സാധ്യതയുണ്ട്.''

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 46 ൽ വായിക്കാം
വർഗീയതയോ കർഷക സമരമോ? യു.പിയിൽ നിന്നുള്ള സൂചനകൾ | വെങ്കിടേഷ്​ രാമകൃഷ്​ണൻ / കെ. കണ്ണൻ


Summary: നേട്ടമുണ്ടാകാൻ പോകുന്നത് സമാജ്‌വാദി പാർട്ടിക്കാണ് എന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ പ്രധാന കാരണം, രണ്ടര വർഷമായി യു.പിയിലെ പ്രതിപക്ഷം എന്ന നിലയിലേക്ക് കടന്നുവന്നിരിക്കുന്നത് സമാജ്‌വാദി പാർട്ടിയാണ് എന്നതാണ്.


Comments