അനിവർ അരവിന്ദ്

പെഗാസസ് എന്നാൽ പൊളിറ്റിക്കൽ നരേറ്റീവിന്റെ നിയന്ത്രണം

നിയമത്തിനേക്കാൾ ഒരുപടി മുകളിലാണ് കോഡ് /ടെക്‌നോളജി എന്ന നിലയിലേക്കാണ് നമ്മൾ എത്തിക്കൊണ്ടിരിക്കുന്നത്. നിയമം ടെക്‌നോളജിയുമായി കാച്ച് അപ്പ് ചെയ്യാൻ സമയമെടുക്കും. കോഡുകൾക്ക് നിയമത്തെക്കാൾ പവർ ഉണ്ടെന്നും, അതു കൊണ്ടു തന്നെ കോഡ് ഉപയോഗിച്ച് ജനങ്ങളെ നിയന്ത്രിക്കാമെന്നും, കോഡ് വഴി ജനങ്ങളെ ഫോഴ്‌സ് ചെയ്യാം എന്നുള്ള അവസ്ഥയിൽ നിന്നാണ് ഇന്ന് കോഡാണ് നിയമം എന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്.

കെ. കണ്ണൻ: ഇസ്രായേലിലെ സ്വകാര്യ കമ്പനിയായ എൻ.എസ്.ഒ വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ ഏറ്റവും ശക്തമായ ഒരു സൈബർ സർവൈലൻസ് ടൂളാണ്, ഏതാണ്ട് ഒരു മാരകായുധത്തിനു സമം. ഇന്ത്യയിൽ ആക്രമണവിധേയരായവർ സുപ്രീംകോടതി ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും മാധ്യമപ്രവർത്തകരും മനുഷ്യാവകാശപ്രവർത്തകരും പ്രതിപക്ഷ നേതാക്കളുമൊക്കെയാണ്. ഇവരിലേറെ പേരും ഇന്ത്യൻ ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കാൻ പോന്ന സോഴ്സുകളുമായി ഇടപെടുന്നവരാണ്. മാധ്യമപ്രവർത്തകർ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ നോക്കൂ; 2 ജി കേസ്, റഫാൽ അഴിമതി, ജമ്മു കാശ്മീർ പ്രശ്നം, ഇന്ത്യൻ മിലിറ്ററി, ദേശസുരക്ഷ, കേന്ദ്രമന്ത്രി അമിത് ഷായുടെ മകൻ അജയ് ഷായുടെ കമ്പനിയുടെ ദുരൂഹമായ വളർച്ച, വടക്കുകിഴക്കൻ മേഖല, ആദിവാസി മേഖലയിലെ പൊലീസ് അതിക്രമം തുടങ്ങിയ ബീറ്റുകൾ കൈകാര്യം ചെയ്യുന്നവരാണ് നിരീക്ഷിക്കപ്പെടുന്ന മാധ്യമപ്രവർത്തകർ. വിദേശ സർക്കാറുകൾക്കും അവരുടെ അന്വേഷണ ഏജൻസികൾക്കും മാത്രമേ ഈ സാങ്കേതിക വിദ്യ വിൽക്കുകയുള്ളൂ എന്ന് എൻ.എസ്.ഒ. വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ, സ്റ്റേറ്റ് സർവെയ്ലൻസ്' എന്ന് നാം പറയുന്ന നിരീക്ഷണത്തിനപ്പുറം ഇന്ത്യയിൽ ഇതിന് മാനങ്ങളുണ്ടെന്നുവേണം കരുതാൻ. പ്രത്യേകിച്ച്, ഭീമ കൊറേഗാവ് കേസിൽ, അറസ്റ്റു ചെയ്യപ്പെട്ടവർക്കെതിരായ തെളിവുകൾ ആസൂത്രിതമായി സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതാണെന്ന് തെളിയുകയും അതിനുപുറകിൽ രാജ്യത്തെ അന്വേഷണ ഏജൻസികളാണെന്ന ആക്ഷേപം നിലനിൽക്കുകയും ചെയ്യുമ്പോൾ പ്രത്യേകിച്ചും. മാത്രമല്ല, വിമത ശബ്ദങ്ങളില്ലാതാക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും സാങ്കേതികവിദ്യകളെ തന്നെയും സമ്മർദത്തിലാക്കാനുതകുന്ന ഐ.ടി കരിനിയമങ്ങൾ മോദി ഭരണകൂടം നടപ്പാക്കുന്നുമുണ്ട്. ഈയൊരു വിശാലാടിത്തറയിൽ പരിശോധിച്ചാൽ, വിവാദത്തിനും ഹാക്കിങ് എന്ന ലഘൂകരണത്തിനും അപ്പുറം "പെഗാസസ്', ഇന്ത്യൻ ജനാധിപത്യത്തെ എങ്ങനെയാണ് ബാധിക്കാൻ പോകുന്നത്?

അനിവർ അരവിന്ദ് : പെഗാസസ് വിഷയത്തിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കാനുള്ള പ്രവർത്തനം നടത്തുന്ന മാധ്യമപ്രവർത്തകരാണ് ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്നൊരു വായന പ്രാഥമികമായി തോന്നുമെങ്കിലും അങ്ങനെ മാത്രമല്ല കാര്യങ്ങൾ. ഇതിൽ എനിക്ക് ഇൻററസ്​റ്റിങ്ങായി തോന്നിയത്, സർക്കാറിന് അനുകൂലമായവരും പ്രതികൂലമായവരും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്​. അതായത്, നിധിൻ ഗഡ്കരിയെപ്പോലുള്ളവർ, മന്ത്രിമാരായിരുന്നവർ, പുതിയ ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ്, സി.ബി.ഐ ഡയറക്ടർമാർ, സുപ്രീംകോടതി ജഡ്ജിമാർ, തെരഞ്ഞെടുപ്പു കമീഷൻ, അംബാസഡർമാർ... ഇങ്ങനെ നിരവധി തലങ്ങളിലുള്ളവരെ നിരീക്ഷണ ലിസ്റ്റിൽ കാണാം.

പെഗാസസ്​ നിരീക്ഷണ വലയിൽ കുടുങ്ങിയ പുതിയ ഐ.ടി മന്ത്രി അശ്വനി വെെഷ്​ണവ്​. / Photo: Wikimedia Commons

ഇതിൽ രസകരമായ ഒരാൾ അശ്വനി വൈഷ്ണവ് ആണ്. അദ്ദേഹം ഐ.എ.എസുകാരനായിരുന്നു, ബ്യൂറോക്രാറ്റായിരുന്നു. അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ കരിയർ തുടങ്ങുന്നത് 2019ലാണ്, രാജ്യസഭാംഗമായി. ബ്യൂറോക്രാറ്റായിരിക്കുമ്പോൾ തന്നെ അദ്ദേഹം നിരീക്ഷിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അദ്ദേഹം പിന്നീട് ജോയിൻറ്​ പാർലമെന്ററി കമ്മിറ്റിയുടെ ഡാറ്റ പ്രൊട്ടക്ഷനിൽ വരുന്നു. അതുകഴിഞ്ഞ് നേരിട്ട് ഐ.ടി. കാബിനറ്റ് മന്ത്രിയായി പ്രധാന സ്ഥാനത്തേക്കുവരുന്നു.
ഇതിൽനിന്ന്​ ഒരു കാര്യം വ്യക്​തമാണ്​: ഏത് ഗവൺമെൻറ്​ ഹാക്കറാണോ പെഗാസസ് വാങ്ങുന്നത്- ഗവൺമെൻറ്​ ഏജൻസികളാണ് പെഗാസസ്​ വാങ്ങുന്നത്​എന്നാണ് പറയുന്നത്- അവർ, കൃത്യമായി ഒരാളെ കാലങ്ങളായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​. അവർക്ക് സ്ഥാനമാനങ്ങൾ കൊടുക്കുന്നതും അതിന്റെ പുറത്താണ്. അതായത്, ഇത് ഒരുതരത്തിൽ ലോയൽറ്റി ചെക്ക് മെക്കാനിസം കൂടിയായി വർക്കുചെയ്യുന്നുണ്ട്. ഒരു ഭാഗത്ത് പൊളിറ്റിക്കൽ നരേറ്റീവിനെ കൺട്രോൾ ചെയ്യുന്ന ലോയലായ ഒരു സംഘത്തെ സൃഷ്ടിക്കുന്ന, മറുഭാഗത്ത്​ എതിർക്കുന്നവരെ കൂടി നിരീക്ഷിക്കുന്ന പൊളിറ്റിക്കൽ കൺട്രോളും പൊളിറ്റിക്കൽ നരേഷനുമാണ് പെഗാസസ് നിരീക്ഷണത്തിന്റെ ഉദ്ദേശ്യം എന്ന് കൃത്യമായി പറയാം.

മറ്റൊരു ഇന്ററസ്റ്റിങ് കേസാണ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രജ്ഞൻ ഗോഗോയിക്കെതിരെ ലൈംഗികപീഡനം ആരോപിച്ച സ്ത്രീയുടേത്. ആ സ്ത്രീയുടേതുകൂടാതെ, വീട്ടുകാരും സുഹൃത്തുക്കളുമായ 11 പേരുടെ നമ്പറുകൾ കൂടി നിരീക്ഷിക്കപ്പെട്ടു. ഒറ്റ ഉത്തരമേ പറയാനുള്ളൂ. അവർ എന്തു സംസാരിക്കുന്നു എന്നത്, ഒരു സമയത്ത് സുപ്രീംകോടതി എന്ന ഇൻസ്റ്റിറ്റ്യൂഷന്റെ തലവനെ കൺട്രോൾ ചെയ്യാനുള്ള നരേറ്റീവായി മാറുന്നു, അത് അറിയാൻ നിരീക്ഷണത്തിലേർപ്പെടുന്ന ഏജൻസിക്ക് താൽപര്യമുണ്ട് എന്നാണ് അതിനർഥം. അത്തരത്തിലുള്ള ഒരു ഫ്രെയിം കൂടി ഇതിൽ ആലോചിക്കേണ്ടതുണ്ട്.

സുരക്ഷയോ, ഭരണകൂടത്തിനെതിരെയുള്ള ഭീഷണിയോ അല്ല, മറിച്ച് പൊളിറ്റിക്കൽ നരേറ്റീവിനെ നിയന്ത്രിക്കാനും, അധികാരം ഉറപ്പിക്കാനും വേണ്ടിയുള്ള ഒരു ഉപാധിയാണവർക്കിത്.

പെഗാസസ് ഉപയോഗിച്ച് 2019-ലെ ലോക്​സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് രാഹുൽ ഗാന്ധിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും നിരീക്ഷിച്ചത്, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രശാന്ത് കിഷോറടക്കം മമത ബാനർജിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആളുകളെ നിരീക്ഷിച്ചത്, കർണാടകയിലെ മുഖ്യമന്ത്രിയെ മാറ്റുന്നതിൽ കലാശിച്ച രാഷ്ട്രീയ കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട പ്രമുഖരെ നിരീക്ഷിച്ചത്... ഇവയെല്ലാം സൂചിപ്പിക്കുന്നത് പൊളിറ്റിക്കൽ മാനിപ്പുലേഷനു വേണ്ടിയാണ് ഭരണകൂടം ഇത് ഉപയോഗിക്കുന്നതെന്നാണ്. സുരക്ഷയോ, ഭരണകൂടത്തിനെതിരെയുള്ള ഭീഷണിയോ അല്ല, മറിച്ച് പൊളിറ്റിക്കൽ നരേറ്റീവിനെ നിയന്ത്രിക്കാനും, അധികാരം ഉറപ്പിക്കാനും വേണ്ടിയുള്ള ഒരു ഉപാധിയാണവർക്കിത്. അതുകൊണ്ടാണ്​, ഇതിൽ ദേശീയ സുരക്ഷ പോലുള്ള ഒരുവിധ ന്യായങ്ങളും ഫലവത്താകാത്തത്​.

ഇത്​ എന്തുകൊണ്ട്​ സംഭവിക്കുന്നു എന്ന കാര്യം പരിശോധിക്കാം. ഇവിടെ 2010 ലെ ഇന്ത്യ, 2021ലെ ഇന്ത്യ എന്നിങ്ങനെ ഒരു താരതമ്യം ആവശ്യമുണ്ടെന്നു തോന്നുന്നു. എങ്ങനെയാണ് നിരീക്ഷണത്തിന്​ എക്കൗണ്ടബിളല്ലാത്ത ഏജൻസികൾ ഇന്ത്യയിലുണ്ടായി വന്നത്?. ഇത്രയും വിവാദങ്ങൾക്കിടയിലും ഇപ്പോഴും നമുക്കറിയില്ല, ഏത് ഏജൻസിയാണ് പെഗാസസിനു പിന്നിലെന്ന കാര്യം. ‘ഞങ്ങൾ സുതാര്യമായിരിക്കില്ല’ എന്നാണ് സർക്കാർ ജനങ്ങളോട്​ തുടർച്ചയായി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. നാഷനൽ സെക്യൂരിറ്റിയെന്ന വാചാടോപം തന്നെയാണ് ഇവിടെയും അവർ പ്രയോഗിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ട്രാൻസ്പരൻസി എന്ന അടിസ്ഥാന മൂല്യത്തിന് എങ്ങനെയാണ് കഴിഞ്ഞ പത്തു വർഷത്തിനിടയിൽ പ്രാധാന്യം നഷ്ടപ്പെട്ടത് എന്നത് പ്രധാനപ്പെട്ട വിഷയമാണ്.

2010-ലെ ഇന്ത്യയുടെ കാര്യമെടുക്കാം. കൂടുതൽ ഐ.ടി. സിസ്റ്റങ്ങൾ രാജ്യത്ത് വരാനാരംഭിച്ച സമയം, ഇന്റർനെറ്റ് വ്യാപകമായി തുടങ്ങുന്നു, ഗവൺമെൻറ്​ തന്നെ നാഷനൽ നോളജ് കമീഷൻ ഒക്കെ വെച്ച് ഡിജിറ്റൽ സാധ്യതകൾ ശക്തിപ്പെടുത്താൻ വഴികളാരായുന്നു. ഇതിനൊപ്പം വിവരാവകാശ നിയമം, തൊഴിലുറപ്പു പദ്ധതി, പൊതുവിതരണ സ​മ്പ്രദായം എന്നിവയുടെ സുതാര്യതയ്ക്കു വേണ്ടിയുള്ള ഡിജിറ്റൽ സിസ്റ്റങ്ങൾ കൊണ്ടുവരുന്നു. ട്രാൻസ്​പരൻസി എന്നത് പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു. ഇവിടെ നിന്ന്​ 2020ലെത്തു​മ്പാേൾ ഒരു സെൻസസ് പോലും നടത്താനുള്ള വിശ്വാസ്യത ഇല്ലാത്ത സംവിധാനമായി ഇന്ത്യൻ സർക്കാർ മാറിയിരിക്കുന്നു.

2010-ൽ ഫേസ് റെക്കഗ്‌നിഷൻ ടെക്‌നോളജിയുടെ ആക്യുറസി കേവലം പത്തു ശതമാനം ആയിരുന്നെങ്കിൽ ഇന്നത് 95 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ പത്തു വർഷങ്ങൾക്കിടെ ജനങ്ങളെ ലക്ഷ്യം വെക്കുന്ന സർവൈലൻസ് ടെക്‌നോളജികൾ ഗവർമെന്റിനും ഇന്റലിജൻസ് ഏജൻസികൾക്കും വലിയ താൽപര്യമുള്ള മേഖലയായി മാറിയിട്ടുണ്ട് / Photo: Wikimedia Commons

രാജ്യത്തെ വാക്‌സിൻ വിതരണം പോലും, കൂടുതലായി ജനങ്ങളിൽ നിന്ന് ഡാറ്റ ശേഖരിക്കാനുള്ള പ്രക്രിയയായി മാറുകയാണ്. വാക്​സിനേഷനേക്കാൾ കൂടുതൽ വാക്​സിൻ രജിസ്​ട്രേഷനുകളാണ്​, അതിനായി കൂടുതൽ ഡിജിറ്റൽ സിസ്​റ്റങ്ങളുണ്ടാക്കുകയാണ്​. പൗരന്മാരുടെ പക്കൽ നിന്ന്​ കൂടുതൽ വിവരങ്ങൾ എങ്ങനെ കൈക്കലാക്കാമെന്നാണ് ഈ ഡിജിറ്റൽ സിസ്റ്റങ്ങളുടെ നിർമാണോദ്ദേശ്യം. ഈയൊരു മാറ്റം പത്തുവർഷം കൊണ്ട്​ എങ്ങനെ സംഭവിച്ചു?. ജനങ്ങളിലേക്ക്​ഭരണകൂടത്തിന്റെ ചൂഴ്​ന്നിറങ്ങൽ വർധിക്കുന്നു. പെഗാസസ് പോലുള്ള സിസ്റ്റങ്ങൾ വെച്ച് നരേറ്റീവിനെ നിയന്ത്രിക്കാൻ ശ്രമങ്ങൾ നടക്കുന്നു. ഭരിക്കുന്ന പാർട്ടിയിലേക്ക് മാത്രം ചുരുക്കി കാണേണ്ട ഒരു വിഷയമല്ലിത്. ഇന്ത്യൻ സർക്കാർ ഏജൻസികളുടെ അക്കൗണ്ടബലിറ്റി പ്രശ്‌നം കൂടിയാണിത്.

കഴിഞ്ഞ ദശാബ്ദത്തിന്റെ ആരംഭത്തിൽ നടന്ന Occupy Wall Street, മുല്ലപ്പൂ വിപ്ലവം തുടങ്ങിയ സിറ്റിസൺ അപ്‌റൈസിങ്ങുകൾക്കു ശേഷം ലോകമാകെയുള്ള ഇന്റലിജൻസ് ഏജൻസികളും മറ്റും സർവൈലൻസ് ടെക്‌നോളജിയിൽ വലിയ നിക്ഷേപം നടത്താനാരംഭിച്ചു. തെരുവിലേക്കിറങ്ങുന്ന ജനങ്ങൾക്ക് തങ്ങളെ സ്ഥാനഭ്രഷ്ടരാക്കാൻ കഴിയുമോ എന്ന പേടി ഭരണകൂടങ്ങളിലുണ്ടായി. ഇതിനെ എങ്ങനെ പ്രഡിക്റ്റ് ചെയ്ത് നിയന്ത്രിക്കാം എന്ന ആലോചനയാണ് സർവൈലൻസ് ടെക്‌നോളജിയുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെ കാരണം. ബയോ മെട്രിക്​സ്, ഐറിസ്, ഫേസ്​ റെക്കഗ്​നിഷൻ തുടങ്ങിയ സാ​ങ്കേതിക വിദ്യകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്​തമാകും. ഉദാഹരണത്തിന് 2010-ൽ ഫേസ് റെക്കഗ്‌നിഷൻ ടെക്‌നോളജിയുടെ ആക്യുറസി കേവലം പത്തു ശതമാനം ആയിരുന്നെങ്കിൽ ഇന്നത് 95 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ പത്തു വർഷങ്ങൾക്കിടെ പോപുലേഷനെ ലക്ഷ്യം വെക്കുന്ന സർവൈലൻസ് ടെക്‌നോളജികൾ ഗവർമെന്റിനും ഇന്റലിജൻസ് ഏജൻസികൾക്കും വലിയ താൽപര്യമുള്ള മേഖലയായി മാറി. മൊബൈൽ ഫോണുകളുടെ വ്യാപനത്തോടെ, ഒരു പടികൂടി കടന്ന് വ്യക്തികളുടെ മൊബൈലുകളിലേക്ക് കടന്നു കയറുക എന്നതാണ് ഭരണകൂടത്തിന്റെ പുതിയ ലക്ഷ്യം. ഇന്നതിന് പെഗാസസ് ആണുപയോഗിക്കുന്നതെങ്കിൽ, നാളെ ചെലവ് കുറഞ്ഞ മറ്റു മാർഗങ്ങൾ സ്വീകരിക്കാനായിരിക്കും ശ്രമം.

സർവൈലൻസിന്റെ അക്കൗണ്ടബിലിറ്റി നഷ്ടപ്പെടുത്തിയതിൽ യു.പി.എയും എൻ.ഡി.എയും ഒരേപോലെ പ്രതികളാണ്. എൻ.ഡി.എ. അതിനെ ശക്തിപ്പെടുത്തുകയും, ഒരു പൊളിറ്റികൽ നരേറ്റീവ് നിർമ്മിക്കാനുള്ള ടൂൾ ആയി വികസിപ്പിക്കുകയും ചെയ്തു.

ജനങ്ങളോട് യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത രീതിയിൽ പാർലമെന്റിൽ പോലും പെരുമാറുന്ന തരത്തിൽ ഇന്ത്യയിലെ സർവൈലൻസ് ഇൻഫ്രാസ്ട്രകച്ചറിന്റെ അക്കൗണ്ടബിലിറ്റി നഷ്ടപ്പെട്ടു തുടങ്ങുന്നത് ചിദംബരത്തിന്റെ NATGRID (നാഷനൽ ഇന്റലിജൻസ് ഗ്രിഡ്) പ്രൊജക്ടോടെയാണ്. കാപ്റ്റൻ രഘുറാമിനെയായിരുന്നു PPP മോഡലിൽ ആരംഭിച്ച പദ്ധതിയുടെ മുഖമായി ചിദംബരം അവതരിപ്പിച്ചത്. ലൊക്കേഷൻ, കോൾ റെക്കോഡുകൾ, ബാങ്ക് റെക്കോർഡുകൾ, തുടങ്ങി 22-ാളം ഡാറ്റാ ബേസ് ഫീഡുകളെ സംയോജിപ്പിച്ച് വിവരം ശേഖരിക്കുന്ന ഒരു പദ്ധതിയായാണ് ഇതിനെ വിഭാവനം ചെയ്തത്. എന്നാൽ സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ ഇതിനെ സംബന്ധിച്ച് വിവരങ്ങൾ ആരാഞ്ഞ് ആർ.ടി.ഐ. സമർപ്പിച്ചതിനുശേഷം ഇതിനെ ആർ.ടി.ഐ. പരിധിയിൽ നിന്ന് മാറ്റുകയാണ് ചെയ്തത്.

ഇതിനു ശേഷവും സമാന ലക്ഷ്യവുമായി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചു. എൻ.ഡി.എ. സർക്കാർ കൊണ്ടു നേത്ര, സെൻട്രലൈസ്ട് മോണിറ്ററിങ്ങ് സിസ്റ്റം തുടങ്ങിയ പ്രൊജക്ടുകൾ ഉദാഹരണം. സർവൈലൻസിന്റെ അക്കൗണ്ടബിലിറ്റി നഷ്ടപ്പെടുത്തിയതിൽ യു.പി.എയും എൻ.ഡി.എയും ഒരേപോലെ പ്രതികളാണ്. എൻ.ഡി.എ. അതിനെ ശക്തിപ്പെടുത്തുകയും, ഒരു പൊളിറ്റികൽ നരേറ്റീവ് നിർമ്മിക്കാനുള്ള ടൂൾ ആയി വികസിപ്പിക്കുകയും ചെയ്തു. ജീവിതം കൂടുതൽ ഡിജിറ്റൽ ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ആളുകളുടെ റൈറ്റ് റ്റു ലൈഫിന്റെ വലിയൊരു പങ്ക് ഡിജിറ്റൽ ഡിവൈസുകളിൽ ആയിക്കൊണ്ടിരിക്കുമ്പോൾ, ഇത്തരം ഡിവൈസുകളുടെ മേലുള്ള നിയന്ത്രണം നമ്മുടെ ജീവിതത്തിനു മേലുള്ള നിയന്ത്രണമാണെന്ന തിരിച്ചറിവാണ് ഭരണകൂടങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത്.

പി. ചിദംബരം

ഈ സാധ്യതയുടെ വലിയ തോതിലുള്ള ദുരുപയോഗമാണ് ഭീമ കൊറേഗാവിൽ സംഭവിച്ചത്. നിങ്ങളുടെ ഡിജിറ്റൽ ഡിവൈസിൽ നിങ്ങളുടേതല്ലാത്ത ഒരു ഡോക്യുമെൻറ്​ പ്രത്യക്ഷപ്പെട്ടാൽ അതിനുത്തരവാദി നമ്മളാണെന്ന് സ്ഥാപിച്ച്, അതിന്റെ പേരിൽ അറസ്റ്റ് ചെയ്യാമെന്നും, വിചാരണത്തടവുകാരായി വർഷങ്ങളോളം ജയിലിലടക്കാനും സാധിക്കുന്ന ഒരു രാജ്യമാണ് ഇന്ന് ഇന്ത്യ. ഡിജിറ്റൽ ഡിവൈസിനു മീതെയുള്ള നിയന്ത്രണം ഉപയോഗിച്ച് ആരെയും ടാർഗെറ്റ് ചെയ്യാവുന്ന ഒരു രീതിയായി മാറുന്ന അവസ്ഥയുമുണ്ട്.

ചാരവൃത്തിക്ക് വേണ്ടി ഉപയോഗിക്കുന്ന ഒരു സൈബർ മിലിട്ടറി ടൂൾ ആയി വേണം പെഗാസസിനെ കാണാൻ. അത് ഇന്ത്യയിൽ ഇലക്ഷൻ ടാർഗെറ്റിങ്ങിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്, തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തെ നിരീക്ഷിക്കാൻ ഉപയോഗിച്ചിട്ടുണ്ട്, രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കാനും, സർക്കാറിനെ തന്നെ അട്ടിമറിക്കാനും (ഉദാഹരണം കർണാടക) ഉപയോഗിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള ഗുരുതരമായ അക്രമണമാണിത്.
സി.ബി.ഐ, സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി ജനാധിപത്യ ഭരണകൂട സ്ഥാപനങ്ങൾക്കു നേരെയുള്ള അക്ഷരാർത്ഥത്തതിലുള്ള അക്രമണം തന്നെയാണ് പെഗാസസ് വഴി നടത്തിയിട്ടുള്ളത്.

വാട്‌സപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെയുള്ള വൈറാലിറ്റി എന്നു പറയുന്നത് ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ നിൽക്കാത്ത കാര്യമാണ്. ഇത് ലക്ഷ്യം വെച്ചാണ് പുതിയ സോഷ്യൽ മീഡിയ ഇന്റർമീഡിയറി ചട്ടങ്ങൾ ആവിഷ്‌കരിച്ചത്.

ഭരണകൂടത്തിന്റെ പൊളിറ്റിക്കൽ മാനിപുലേഷൻ താൽപര്യങ്ങളാണ് കേന്ദ്രത്തിന്റെ പുതിയി ഐ.ടി. നിയമങ്ങളിലും കാണാനാവുന്നത്. ഐ.ടി. നിയമങ്ങളിലെ പ്രധാനപ്പെട്ട നാലു ഭാഗങ്ങളിലൊന്ന് ട്രേസബിലിറ്റിയുമായി ബന്ധപ്പെട്ടതാണ്. ട്രേസബിലിറ്റി കൊണ്ടുദ്ദേശിക്കുന്നത് സന്ദേശത്തിന്റെ സ്രോതസ്സ് ആരാണെന്ന് ട്രാക്ക് ചെയ്യാനുള്ള സംവിധാനമാണ്. രണ്ടു പേർ തമ്മിൽ നടത്തുന്ന ഡിജിറ്റൽ ആശയവിനിമയത്തിൽ മൂന്നാമതൊരാളുടെ ഇടപെടൽ ഒഴിവാക്കാനാണ് എൻക്രിപ്ഷൻ സംവിധാനം. ഇത് ഒഴിവാക്കാൻ ഇന്ത്യ കുറച്ചു കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഫൈവ് ഐസ് എന്ന ഇന്റലിജൻസ് കൂട്ടായ്മയോടൊപ്പം സഹകരിച്ച് എൻക്രിപ്ഷൻ ബ്രേക്ക് ചെയ്യണം, എൻക്രിപ്ഷന് ബാക്ക് ഡോർ ഉണ്ടാക്കണം എന്ന് കഴിഞ്ഞ രണ്ടു വർഷമായി എല്ലാ മൊബൈൽ കമ്പനികളോടും ഇന്ത്യ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ടു പേർ തമ്മിൽ ഒരു ഡിജിറ്റൽ ഡിവൈസിൽ നടത്തുന്ന ആശയവിനിമയം പ്ലാറ്റ്‌ഫോം അറിയേണ്ടതില്ല എന്നുള്ളതിനാലാണ് എൻക്രിപ്ഷൻ ടെക്‌നോളജി ഏർപ്പെടുത്തിയത്. അത് ബ്രേക്ക് ചെയ്യുന്നതോടെ പ്ലാറ്റ്‌ഫോമിന് ലയബിലിറ്റി ഉണ്ടാവുകയാണ്. എന്തു കാരണത്താലാണ് പ്ലാറ്റ്‌ഫോമുകൾക്കു മേൽ ഇതിനായി സമ്മർദം ചെലുത്തുന്നതെന്ന ചോദ്യത്തിന് ഇനിയും മറുപടി ലഭിച്ചിട്ടില്ല. രണ്ടാമത് ബിഗ് ടെക്കിനു മേലുള്ള നിയന്ത്രണമാണ്. വൈറാലിറ്റിയെ നിയന്ത്രിക്കുക എന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. വാട്‌സപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെയുള്ള വൈറാലിറ്റി എന്നു പറയുന്നത് ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ നിൽക്കാത്ത കാര്യമാണ്. പൊളിറ്റിക്കൽ നറേറ്റീവിന്റെ നിയന്ത്രണവുമായി ചേർന്നു നിൽക്കുന്ന വിഷയമാണിത്. ഇത് ലക്ഷ്യം വെച്ചാണ് പുതിയ സോഷ്യൽ മീഡിയ ഇന്റർമീഡിയറി ചട്ടങ്ങൾ ആവിഷ്‌കരിച്ചത്.

മൂന്നാമത് ഡിജിറ്റൽ ന്യൂസിനു മേലുള്ള നിയന്ത്രണമാണ്. നാലാമത് ഒ.ടി.ടി. സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകൾക്കു മേലുള്ള നിയന്ത്രണമാണ്. ആത്യന്തികമായി പൊളിറ്റിക്കൽ നരേറ്റീവിന്റെ നിയന്ത്രണമാണ് ഇതു കൊണ്ട് ഭരണകൂടം ഉദ്ദേശിക്കുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയായ നിരവധി ഇൻസ്റ്റിറ്റ്യൂഷനുകളെ തകർത്ത ഒരു സർക്കാരാണിത്. ഈ ജനാധിപത്യ സ്ഥാപനങ്ങൾ നിരീക്ഷണത്തിനു വിധേയമാണെന്ന സാഹചര്യം ഭീതിതമാണ്. സ്വതന്ത്രമായി ഒരു ഇൻസ്റ്റിറ്റ്യൂഷനും പ്രവർത്തിക്കാൻ സാധിക്കാത്ത ഒരു അന്തരീക്ഷമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒരു ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ചയാണ്. സുപ്രീം കോടതിയിലെ ന്യായാധിപർ, തുടങ്ങി സാധാരണക്കാർ വരെ പെഗാസസിന്റെ അക്രമത്തിനിരയായിട്ടുണ്ട്.

പെഗാസസ് ആക്രമണത്തിന്റെ വാർത്ത പുറത്തു വന്നതിനു ശേഷവും പിന്തുണയെന്നോണം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന എഡിറ്റർമാരും, സ്വന്തം സ്ഥാപനത്തിലെ റിപ്പോർട്ടർമാർ സ്‌നൂപ് ലിസ്റ്റിൽ ഉണ്ടായിട്ടും ഒട്ടും പ്രധാന്യത്തോടെയല്ലാതെ ഉൾപ്പേജിൽ വാർത്ത കൊടുത്ത മാധ്യമ സ്ഥാപനങ്ങളും രാജ്യത്തുണ്ട്.

സാങ്കേതിക വിദ്യയല്ല സർവൈലൻസ് തന്നെയാണ് ഇതിലെ പ്രശ്‌നം. നിലവിൽ കുറച്ചു പേർക്കു നേരെ മാത്രം പെഗാസസ് പ്രയോഗിക്കാനുള്ള കാരണം സാമ്പത്തികപരമാണ്. പെഗാസസിനെ പോലൊരു വിദേശ ഏജൻസിയെ സർവൈലൻസിന് നിയോഗിക്കാനുള്ള ചെലവ് വളരെ കൂടുതലാണ്. പകരം സ്വന്തമായ ടെക്‌നോളജി സൃഷ്ടിച്ച്, ആളുകളെ മുഴുവൻ എങ്ങനെ സ്‌നൂപ് ചെയ്യാം എന്നു തന്നെയാണ് ഭരണകൂടത്തിന്റെ ആലോചന. കാരണം, ഇതിനു പുറമെയുള്ള ഓർഗനൈസ്ഡ് ആയിട്ടുള്ള അക്രമണങ്ങൾ ഭരണകൂടത്തിന് അനുയോജ്യമായി രീതിയിൽ പ്രാവർത്തികമാക്കുന്നുണ്ട്. ഉദാഹരണത്തിന് ഭീമ കൊറേഗാവ് കേസ് ഇത്തരത്തിൽ വളരെ ഓർഗനൈസ്ഡ് ആയ ഒന്നാണ്. നിങ്ങളുടെ ഡിജിറ്റൽ ഡിവൈസിലുള്ള ഒരു രേഖയുടെ പേരിൽ, കോടതിയിൽ നിരപരാധിത്തം തെളിയിക്കാൻ പോലും അവസരം കിട്ടാത്ത അവസ്ഥയുണ്ടാകും എന്നാണ് ഭീമ കൊറേഗാവ് കേസ് കാണിച്ചു തരുന്നത്.

മൊബൈൽ ഫോണുകളിൽ കൂടുതലായി കടന്നു കയറാനുള്ള ഗൗരവമായ ശ്രമങ്ങളുടെ ഉദാഹരണമാണ് ആരോഗ്യ സേതു ആപ്. സെൻസസ് നടത്തുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാർ കോവിഡിനെ മറയാക്കി ജനങ്ങളുടെ സോഷ്യൽ ഗ്രാഫ് ശേഖരിക്കാനാണ് ആരോഗ്യ സേതുവിലൂടെ ശ്രമിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ കോണ്ടാക്ട് ട്രെയിസിങ്ങ് കൊണ്ട് കാര്യമില്ലെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടു. എന്നിട്ടും കോവിഡ് തുടങ്ങി ഒരു വർഷത്തിനിപ്പുറവും കേന്ദ്രസർക്കാർ ആരോഗ്യസേതുവിനെ പ്രമോട്ട് ചെയ്യുന്നു. ഒട്ടും ‘എഫിക്കസി’യില്ലാത്ത ഈ ആപ്പ് ഇപ്പോൾ വാക്‌സിൻ ബുക്കിങ്ങിന്റെ പേരിലാണ് പ്രചരിപ്പിക്കുന്നത്. ഇപ്പോഴും അത് ശേഖരിച്ചു കൊണ്ടിരിക്കുന്നത് ആളുകളുടെ സോഷ്യൽ ഗ്രാഫ് ആണ്. നിങ്ങൾ ആരോടൊക്കെ സംസാരിക്കുന്നു, നിങ്ങളുടെ മൊബൈൽ ആരുടെയൊക്കെ സാമീപ്യത്തിലാണ്, മൊബൈൽ ഫോണിന്റെ ലൊക്കേഷൻ എന്നീ വിവരങ്ങൾ നിരന്തരം ശേഖരിച്ചു കൊണ്ടിരിക്കുന്നു. ശേഖരിക്കപ്പെടുന്ന വിവരങ്ങൾക്ക് യാതൊരു അക്കൗണ്ടബിലിറ്റിയും ഇല്ല. കോവിഡ് നിയന്ത്രണത്തിന് ഇത് ഉപകാരപ്പെട്ടതായ തെളിവുകളും ഇല്ല.

പ്രിന്റഡ് കറൻസികൾ തരുന്ന അനോണിമിറ്റിക്കപ്പുറം, എല്ലാ സാമ്പത്തിക വിനിമയങ്ങളേയും ഐഡന്റിറ്റിയുമായി ബന്ധിപ്പിച്ചു വെക്കുക എന്നതാണ് e-RUPI യുടെ ലക്ഷ്യം. ഡിജിറ്റലിന്റെ മറപിടിച്ചുള്ള സർവൈലൻസ് ശ്രമം തന്നെയാണിത്.

ചീപ്പ് ആയ, കൂടുതൽ ജനങ്ങളിലേക്ക് എത്തുന്ന സർവൈലൻസ് മെക്കാനിസം നിർമിക്കുകയാണ് സർക്കാർ. എല്ലാത്തിനേയും ഐഡന്റിറ്റിയുമായി ബന്ധിപ്പിക്കാനാണ് കേന്ദ്രത്തിന് താൽപര്യം. കെ.വൈ.സിയെ (know your customer) രൂക്ഷമായി വെപണൈസ് ചെയ്ത ഒരു കാലം കൂടിയാണിത്. ഇതു വഴി എല്ലാത്തിനേയും ഐഡന്റിറ്റിയുമായി ലിങ്ക് ചെയ്ത്, അതിനു മേൽ സ്‌നൂപിങ്ങ് എക്‌സർസൈസ് നടത്തുകയാണ്.

കേന്ദ്ര സർക്കാർ ആഗസ്റ്റ് രണ്ടിന് യു.പി.ഐ. അധിഷ്ഠിതമായ പർപസ് സ്‌പെസിഫിക് ആയ e-RUPI വൗച്ചറുകൾ ആവിഷ്‌കരിക്കാൻ പോവുകയാണ്. പർപസും ഐഡന്റിറ്റിയും ലിങ്ക്ഡ് ആയ ഒരു പെയ്‌മെൻറ്​ മെത്തേഡ് ആണിത്. ഇത്തരം പുതിയ ടെക്‌നോളജി ആവിഷ്‌കരിക്കുന്നതിന് പിന്നിലെല്ലാം ഐഡൻറിറ്റി എന്ന ഘടകം പൊതുവായി കാണാൻ കഴിയും. പ്രിന്റഡ് കറൻസികൾ തരുന്ന അനോണിമിറ്റിക്കപ്പുറം, എല്ലാ സാമ്പത്തിക വിനിമയങ്ങളേയും ഐഡന്റിറ്റിയുമായി ബന്ധിപ്പിച്ചു വെക്കുക എന്നതാണ് ലക്ഷ്യം. ഡിജിറ്റലിന്റെ മറപിടിച്ചുള്ള സർവൈലൻസ് ശ്രമം തന്നെയാണിത്.

പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സന്ദർഭത്തിൽ, സ്ലാവോയ് സിസെക്, ഴാക് ലകാന്റെ "big other' എന്ന പ്രയോഗത്തെക്കുറിച്ച് പറയുന്നുണ്ട്. ഒരു തുറന്ന യുദ്ധത്തിനുപകരം അദൃശ്യമായ ഒരു അടിച്ചമർത്തൽ. രാഷ്ട്രീയത്തെയും സമ്പദ്വ്യവസ്ഥയെയും നിയന്ത്രിക്കാനുതകുന്ന വിധത്തിൽ പുതിയ സാങ്കേതികവിദ്യക്ക് ആധിപത്യപരമായ ഒരുതരം പരിണാമമുണ്ടാകുന്നുണ്ട്. ഇതിനെ നിർവീര്യമാക്കാനുള്ള ഒരു ടൂൾ, അതിനകത്തുനിന്നുതന്നെ ഉരുത്തിരിയാനുള്ള സാധ്യത എത്രത്തോളമാണ്?

ടെക്‌നോളജി അല്ല ഇതിനൊന്നും പരിഹാരം. നിയമത്തിനേക്കാൾ ഒരുപടി മുകളിലാണ് കോഡ് /ടെക്‌നോളജി എന്ന നിലയിലേക്കാണ് നമ്മൾ എത്തിക്കൊണ്ടിരിക്കുന്നത്. നിയമം ടെക്‌നോളജിയുമായി കാച്ച് അപ്പ് ചെയ്യാൻ സമയമെടുക്കും. കോഡുകൾക്ക് നിയമത്തെക്കാൾ പവർ ഉണ്ടെന്നും, അതു കൊണ്ടു തന്നെ കോഡ് ഉപയോഗിച്ച് ജനങ്ങളെ നിയന്ത്രിക്കാമെന്നും, കോഡ് വഴി ജനങ്ങളെ ഫോഴ്‌സ് ചെയ്യാം എന്നുള്ള അവസ്ഥയിൽ നിന്നാണ് ഇന്ന് കോഡാണ് നിയമം എന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്.

ഇത്തരം സാങ്കേതിക വിദ്യകളുടെ പ്രയോഗം സൃഷ്ടിക്കുന്ന സോഷ്യൽ ഇംപാക്ടിനെ കുറിച്ച് പ്രസ്തുത കോഡുകൾ ഉണ്ടാക്കുന്ന ആളുകൾ എല്ലായ്‌പ്പോഴും ധാരണ ഉണ്ടായിരിക്കണമെന്നില്ല. ഉദാഹരണത്തിന് അസമിലെ എൻ.ആർ.സിയുമായി ബന്ധപ്പെട്ട കോഡുകൾ ഉണ്ടാക്കുന്നത് വിപ്രോ ആണ്. വിപ്രോയിലെ ഒരു ജോലിക്കാരന് അസം എൻ.ആർ.സി കാരണം പൗരത്വത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ആളുകളെ കുറിച്ച് ചിന്തയുണ്ടാവില്ല.

നമ്മുടെ എഞ്ചിനിയറിങ്ങ് കരിക്കുലത്തിൽ ഹ്യൂമൻ റൈറ്റ്‌സിന് പ്രാധാന്യമില്ല. ടെക്‌നോളജി ആർകിടെക്​റ്റുകൾക്കോ, സി.ടി.ഒമാർക്കോ യാതൊരു തരത്തിലുള്ള ഹ്യുമാനിറ്റീസ് ട്രെയ്‌നിങ്ങും ലഭിക്കുന്നില്ല. ഇത് നമ്മുടെ എഡുകേഷൻ സിസ്റ്റത്തിന്റെ കൂടെ പ്രശ്‌നമാണ്. ടെക്‌നിക്കൽ സ്‌കിൽസ് മാത്രമാണ് കോളേജുകളിൽ പഠിപ്പിക്കുന്നത്, അതുണ്ടാക്കുന്ന സോഷ്യൽ ഇംപാക്ടിനെ കൂടെ കാര്യത്തിലെടുക്കാൻ വിദ്യാർത്ഥികളെ തയ്യാറാക്കണം. ഹ്യൂമൻ റൈറ്റ്‌സ് ഇംപാക്ട് ചെക്കിന് വിധേയമാവാതെ ഒരു സോഫ്റ്റ്‌വെയറും, ഒരു അൽഗോരിതവും പോപുലേഷന് മുകളിൽ ആവിഷ്‌ക്കരുത് എന്നിടത്താണ് നമ്മൾ എത്തേണ്ടത്. അതിനുള്ള ശ്രമങ്ങൾ വിദ്യാഭ്യാസ മേഖലയിൽ നിന്നാണ് ആരംഭിക്കേണ്ടത്. ▮

Comments