കെ. രാമചന്ദ്രൻ

വധശിക്ഷയുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടണം,
സ്വതന്ത്ര മാധ്യമങ്ങളിലൂടെ

വധശിക്ഷയ്‌ക്കെതിരായ നിലപാടുകൾ എന്തുകൊണ്ട് ലോകത്തിലെ ഭൂരിപക്ഷം രാഷ്ട്രങ്ങളും സ്വീകരിച്ചു എന്നതും മനുഷ്യാവകാശത്തിന് വിലകൽപ്പിക്കാത്ത വിരലിലെണ്ണാവുന്ന ഏതാനും രാജ്യങ്ങൾ മാത്രമേ ഇപ്പോഴും അത് തുടരുന്നുള്ളൂ എന്നതും സ്വതന്ത്ര മാധ്യമങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരണം

മനില സി. മോഹൻ: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും കൂടിയ ശിക്ഷയായി കണക്കാക്കുന്നത് വധശിക്ഷയാണ്. സ്റ്റേറ്റിന്റെ പ്രതികാരമാണ് വധശിക്ഷ എന്ന ആശയത്തെ മുൻനിർത്തി ഒരു പാട് ചർച്ചകളും സംവാദങ്ങളും കുറേ കാലമായി നടക്കുന്നുണ്ട്. പക്ഷേ അതൊന്നും തന്നെ പൊതുബോധ ധാരണകളെ തിരുത്താനും മാത്രം കരുത്തിലേക്ക് വന്നിട്ടില്ല. അക്കാദമിക്, ഇന്റലക്ച്വൽ തലത്തിലെ ചർച്ചകളിൽ നിന്ന് സമൂഹത്തിന്റെ എല്ലാത്തട്ടിലെയും ജനങ്ങളിൽ അവബോധമുണ്ടാക്കാനായി എന്തൊക്കെയാണ് ചെയ്യാൻ കഴിയുക? സോഷ്യൽ മീഡിയാക്കാലത്ത് എല്ലാ മനുഷ്യർക്കും അഭിപ്രായം രേഖപ്പെടുത്താനുള്ള വേദി ഉള്ളപ്പോൾ പ്രത്യേകിച്ചും.

കെ. രാമചന്ദ്രൻ: ഏതാനും വർഷം മുമ്പുണ്ടായിരുന്ന അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ, വധശിക്ഷയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ സാമാന്യജനത്തിന്റെ അവബോധത്തിൻമേലും കുറച്ചൊക്കെ മാറ്റം ഉണ്ടാക്കിയിട്ടുണ്ട് എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്.
‘അവനെ തൂക്കിലേറ്റൂ! അവനെ വധിക്കൂ!' എന്നിങ്ങനെയുള്ള വൈകാരിക ആക്രോശങ്ങൾ ആൾക്കൂട്ടത്തിൽ നിന്ന് ഉയർന്നുവരുന്ന ഏർപ്പാട് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ഉദ്ബുദ്ധ വിഭാഗങ്ങളിൽ ഈ പ്രവണതയിൽ കുറവ് വന്നിട്ടുണ്ട് എന്നുതോന്നുന്നു.

‘‘ആൾക്കൂട്ടത്തിന്റെ പ്രതികാരദാഹവും സ്വന്തം കുറ്റവാസനകളെ മറ്റൊരാളിൽ ആരോപിച്ച് പരോക്ഷമായി സംതൃപ്തിയും അഭിലാഷ പൂർത്തീകരണവും നേടാനുള്ള മനഃശ്ശാസ്ത്രപരമായ തന്ത്രവും എല്ലാം വധശിക്ഷകൾക്കും കൊലപാതകങ്ങൾക്കും ജനസമ്മതി സൃഷ്ടിക്കുവാൻ സഹായകമാവാറുണ്ട്. ഇത് കോടതികളെ സ്വാധീനിക്കാറുമുണ്ട്. ആൾക്കൂട്ടത്തിന്റെ അനിയന്ത്രിതമായ വികാരപ്രകടനം പലപ്പോഴും കൊലകൾക്കും കൂട്ടക്കൊലകൾക്കും ഇട നൽകിയിട്ടുണ്ട്. അവരുടെ പ്രാകൃതവും ക്ഷുദ്രവുമായ ആഗ്രഹങ്ങൾ, അടിച്ചമർത്തപ്പെട്ട പ്രതികാരദാഹം തുടങ്ങിയവക്ക് പ്രകടിതരൂപം കൈവരുന്നത് പലപ്പോഴും മറ്റുള്ളവരെ ആരെയെങ്കിലും നിയമപരമായോ അല്ലാതെയോ വധിക്കുമ്പോഴാണ്. സാമൂഹികമായ തിന്മകൾക്ക് ഒരാളെ ബലിയാടാക്കി അയാളെ വധിക്കുമ്പോൾ ആൾക്കൂട്ടം മനഃശാസ്ത്രപരമായ ഒരുതരം സംതൃപ്തിയോ ആശ്വാസമോ അനുഭവിക്കുന്നു. ഉദാഹരണത്തിന്, സൗമ്യവധക്കേസിലെ ഗോവിന്ദച്ചാമിയെ തൂക്കിലേറ്റണമെന്ന ഉത്സാഹപൂർവ്വമായ ആൾക്കൂട്ട അഭിനിവേശം എടുക്കുക. ഇതിന്റെ പിന്നിലെ ചേതോവികാരം അപഗ്രഥിച്ചാൽ കാണാൻ കഴിയുക സൗമ്യ എന്ന നിഷ്‌കളങ്കയായ പെൺകുട്ടി വധിക്കപ്പെട്ടതിലുള്ള ധാർമികരോഷമോ സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധ സമീപനത്തോടും ബലാത്സംഗ പ്രവണതയോടുമുള്ള തീക്ഷണമായ എതിർപ്പോ ഒന്നുമല്ല.

ബലാത്സംഗത്തിലേക്കും സ്ത്രീപീഡനത്തിലേക്കും നയിക്കുന്ന സാമൂഹ്യ- രാഷ്ട്രീയ- ആധിപത്യ വ്യവസ്ഥക്കെതിരെ കലാപത്തിന് ജനങ്ങൾ തയ്യാറുമല്ല. കേരളത്തിലെ മാധ്യമങ്ങളടക്കം ഗോവിന്ദച്ചാമിയെ പ്രതിക്കൂട്ടിലാക്കി തടി തപ്പുകയായിരുന്നു. ‘തമിഴ'നും ‘വികലാംഗ'നും ‘ക്രൂരമൃഗ'വുമായി ഒറ്റതിരിഞ്ഞ വ്യക്തിയെ അടയാളപ്പെടുത്തുന്നത് അയാളുടെ അപരത്വം മലയാളിയുടെ കപട സദാചാര ധാർമിക സങ്കൽപ്പങ്ങളിൽ ഊന്നിയ സ്വത്വത്തെ നിർവചിക്കാനുള്ള മറയായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. കറുത്തവൻ, തമിഴൻ, ഒറ്റക്കയ്യൻ തുടങ്ങിയ വിശേഷണങ്ങൾ ഗോവിന്ദച്ചാമിക്കെതിരെ പ്രയോഗിക്കുമ്പോൾ നമ്മിൽ നിന്ന് വേറിട്ട അപരനാണ് കൃത്യം ചെയ്തതെന്ന് ആശ്വസിക്കുകയും അതേസമയം നമ്മുടെ സ്വത്വം സ്വരൂപിച്ച നിലനിൽക്കുന്ന സാമൂഹികാവസ്ഥയുടെ ന്യൂനതകൾ വിസ്മരിക്കുകയും ചെയ്യാം എന്ന സൗകര്യമുണ്ട് .

​​​​​​​‘ഒരു വ്യക്തിയുടെ കുടിലത’ എന്നതിനപ്പുറം ഒരു സമൂഹത്തിന്റെ കപട മൂല്യബോധം തന്നെയാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നത് എന്ന് തിരിച്ചറിയപ്പെടാതെ പോകുന്നത് വധശിക്ഷ പോലുള്ള നടപടികളെ പരിഹാരങ്ങൾ ആയി നാം കാണുന്നതുകൊണ്ടുകൂടിയാണ്.

നമ്മളൊക്കെ യോഗ്യന്മാർ, മറ്റുള്ളവരാണ് കുഴപ്പക്കാർ എന്നിങ്ങനെ സ്വയം ന്യായീകരിക്കുന്ന നിലപാടിലെത്തിയാൽ സ്വസ്ഥത വീണ്ടെടുക്കാം; ആത്മപരിശോധന വേണ്ട. ലൈംഗികാക്രമണത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച്, പുരുഷാധിപത്യത്തിന്റെ തീവ്രമായ പ്രകടിത രൂപങ്ങളെ കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ട സാമൂഹികമായ ബാധ്യതകൾ ഒന്നും സ്വയം ഏറ്റെടുക്കേണ്ടതില്ല. വയ്യാവേലിക്ക് ഒന്നും പോകണ്ട. പരമസുഖം. ഗോവിന്ദച്ചാമിയെ ഉടൻ വധിച്ചാൽ മലയാളിയുടെ സദാചാരവും പാതിവ്രത്യവും രക്ഷപ്പെട്ടു കൊള്ളുമെന്ന വ്യാജമായ ഒരുതരം ആശ്വാസമാണ് ഈ കൊലവിളിക്ക് പിന്നിലുള്ളത്'' ( കെ. രാമചന്ദ്രൻ).

2010-ൽ ജനീവയിൽ നടന്ന വധശിക്ഷയ്‌ക്കെതിരായ നാലാമത് വേൾഡ് കോൺഗ്രസ്സിന്റെ സമാപനറാലി / Photo: flickr

ഉത്ര വധക്കേസിൽ സൂരജിന് അർഹമായ ശിക്ഷ വിധിച്ചിട്ടും ‘പോരാ, അവനെ വധിക്കുകതന്നെ വേണ'മെന്നുള്ള മുറവിളിയിലും ഇതേ തരത്തിലുള്ള ഒരു വികാരം തന്നെയാണ് കാണാൻ കഴിയുന്നത്. ‘ഒരു വ്യക്തിയുടെ കുടിലത’ എന്നതിനപ്പുറം ഒരു സമൂഹത്തിന്റെ കപട മൂല്യബോധം തന്നെയാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നത് എന്ന് തിരിച്ചറിയപ്പെടാതെ പോകുന്നത് വധശിക്ഷ പോലുള്ള നടപടികളെ പരിഹാരങ്ങൾ ആയി നാം കാണുന്നതുകൊണ്ടുകൂടിയാണ്.

ഭരണഘടന രൂപീകരണത്തിനായി കോൺസ്റ്റിറ്റ്യവൻറ്​ അസംബ്ലിയിൽ നടന്ന ചർച്ചകളിൽ പോലും മനുഷ്യാവകാശ നിഷേധകമായ, ജനാധിപത്യ വിരുദ്ധമായ ഈ ശിക്ഷാവിധി നിർത്തലാക്കാനായിരുന്നു എല്ലാവരും ശുപാർശ ചെയ്തത് എന്നും ഓർക്കുക

മാധ്യമങ്ങളിലൂടെയുള്ള സംവാദങ്ങൾ; അനേകം നിരപരാധികൾ വധശിക്ഷക്ക് വിധേയരായി വധിക്കപ്പെട്ടിട്ടുണ്ട് എന്ന യാഥാർത്ഥ്യത്തിന്റെ തിരിച്ചറിവ്; വധശിക്ഷ എല്ലാ പരിഷ്‌കൃത രാജ്യങ്ങളിലും നിർത്തലാക്കിയത്; ഇന്ത്യയിൽ അത് റദ്ദാക്കാൻ ലോ കമീഷൻ ശുപാർശ നൽകിയത് തുടങ്ങിയ കാര്യങ്ങൾ ആളുകളെ കൂടുതൽ ജാഗ്രത ഉള്ളവരാക്കിയിട്ടുണ്ട്. എന്നാൽ പോലും സൗദി അറേബ്യയിലെയും ഇറാനിലെയും പാകിസ്ഥാനിലെയും മറ്റും ശിക്ഷാവിധികൾ ചൂണ്ടിക്കാട്ടി, കുറ്റം തടയാൻ എന്ന പേരിൽ ഈ പൈശാചികത്വം തുടരാനുള്ള മുറവിളികൾ പലയിടങ്ങളിൽ നിന്നും പലരും ഉയർത്തുന്നുണ്ട്. ഇതൊരു സജീവ വിഷയമായി സമൂഹത്തിന്റെ എല്ലാ തുറകളിലും ചർച്ചയാവുകയും കുറ്റം, ശിക്ഷ തുടങ്ങിയവയെക്കുറിച്ചുള്ള നീതിയിലധിഷ്ഠിതമായ വ്യവഹാരങ്ങൾക്കും മനഃശാസ്ത്രപരമായ ഇടപെടലുകൾക്കും പൊതുപിന്തുണ ലഭിക്കുകയും ചെയ്യാൻ സഹായകമായ നടപടികളിലൂടെ മാത്രമേ പൊതു അവബോധം ഏതാണ്ട് പൂർണമായും വധശിക്ഷയ്‌ക്കെതിരായി മാറുകയുള്ളൂ.

സോഷ്യൽ മീഡിയക്ക് ഇതിന് വേദിയൊരുക്കാൻ കഴിയും. എങ്കിലും, സ്വതന്ത്ര മീഡിയ എന്നത് അപൂർവമായി മാറുകയും സ്വേച്ഛാധിപത്യത്തെ സേവിക്കുന്ന ജനാധിപത്യവിരുദ്ധ പ്രവണത മീഡിയയിൽ ശക്തമാവുകയും ചെയ്യുമ്പോൾ ജനാധിപത്യപരവും സ്വതന്ത്രവും നീതിയുക്തവുമായ ഹിതപരിശോധന വളരെ ദുഷ്‌കരമായിരിക്കും. വധശിക്ഷയ്‌ക്കെതിരായ നിലപാടുകൾ എന്തുകൊണ്ട് ലോകത്തിലെ ഭൂരിപക്ഷം രാഷ്ട്രങ്ങളും സ്വീകരിച്ചു എന്നതും മനുഷ്യാവകാശത്തിന് വിലകൽപ്പിക്കാത്ത വിരലിലെണ്ണാവുന്ന ഏതാനും രാജ്യങ്ങൾ മാത്രമേ ഇപ്പോഴും അത് തുടരുന്നുള്ളൂ എന്നതും സ്വതന്ത്ര മാധ്യമങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരണം; വധശിക്ഷയുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടണം. അതിനുശേഷമേ ഹിതപരിശോധന നടത്താവൂ.

പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയെന്ന് പറഞ്ഞുതന്നെ വിധി എഴുതിയ കോടതികളുള്ള രാജ്യമാണ്. ആൾക്കൂട്ട വൈകാരികത കോടതി വിധിയെ സ്വാധീനിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്. അത് എത്രത്തോളം ആശാസ്യമാണ്? കാപ്പിറ്റൽ പണിഷ്‌മെന്റ് നിർത്തലാക്കണം എന്ന നാഷണൽ ലോ കമീഷന്റെ ശുപാർശ കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ ന്യായാധിപരുടെമേൽ ആൾക്കൂട്ടം സ്വാധീനിക്കുന്നത് എന്തുതരം ഇംപാക്റ്റ് ആണ് ഉണ്ടാക്കുക?

ആൾക്കൂട്ട മുറവിളികൾ ഒരു രാജ്യത്ത് കോടതിവിധിയെ സ്വാധീനിച്ചു തുടങ്ങിയാൽ പിന്നെ അത്തരം രാജ്യത്ത് നിയമവാഴ്ചയോ ജനാധിപത്യമോ നീതിയോ ഇല്ല എന്നാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ വധശിക്ഷ നിർത്തലാക്കാനുള്ള നാഷണൽ ലോ കമീഷൻ ശുപാർശയും മറ്റും വരുന്നത് വധശിക്ഷയെ കുറിച്ചുള്ള എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ്. ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത അനുസരിച്ചുള്ള തീരുമാനം എത്രയും വേഗം വധശിക്ഷ നിർത്തലാക്കൽ തന്നെയായിരിക്കും. ഭരണഘടന രൂപീകരണത്തിനായി കോൺസ്റ്റിറ്റ്യവൻറ്​ അസംബ്ലിയിൽ നടന്ന ചർച്ചകളിൽ പോലും മനുഷ്യാവകാശ നിഷേധകമായ, ജനാധിപത്യ വിരുദ്ധമായ ഈ ശിക്ഷാവിധി നിർത്തലാക്കാനായിരുന്നു എല്ലാവരും ശുപാർശ ചെയ്തത് എന്നും ഓർക്കുക. നിരപരാധികളെ വധശിക്ഷക്ക് വിധിച്ചു വധിച്ച ധാരാളം സംഭവങ്ങൾ വിദേശത്തു മാത്രമല്ല ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. വധശിക്ഷ വിധിച്ച ജഡ്ജിമാർ തന്നെ പിൽക്കാലത്ത് അത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

‘‘13 കുറ്റവാളികളുടെ വധശിക്ഷ ഇളവ് ചെയ്യാൻ 14 പ്രശസ്ത ജഡ്ജിമാർ സമീപകാലത്ത് പ്രസിഡണ്ടിന് സമർപ്പിച്ച അപേക്ഷയിൽ പറയുന്നത് ഈ ശിക്ഷകൾ ഇളവ് ചെയ്യുന്നില്ലെങ്കിൽ അത് നീതി നടത്തിപ്പിലെ ഒരു വലിയ വീഴ്ച ആയിരിക്കും എന്നാണ്. സുപ്രീം കോടതിയിൽ 2003 മുതൽ 2009 വരെ അബദ്ധത്തിൽ വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ പട്ടിക 2012 സെപ്റ്റംബർ 7ന് ഫ്രണ്ട് ലൈൻ മാസിക പ്രസിദ്ധീകരിച്ചിരുന്നു.ഇവരുടെ വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കി കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 14 പ്രഗത്ഭ റിട്ടയേർഡ് ജഡ്ജിമാർ ഇന്ത്യൻ പ്രസിഡണ്ടിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇവരെല്ലാം സുപ്രീം കോടതിയിലോ ഹൈക്കോടതികളിലോ ജസ്റ്റിസുമാർ ആയി സേവനമനുഷ്ഠിച്ചിട്ടുള്ളവരാണ്'' (വിസമ്മതത്തിന്റെ കാതൽ, കെ. രാമചന്ദ്രൻ).
​അപ്പോൾ, ന്യായാധിപന്മാരെ അവരുടെ പക്ഷപാതമോ ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങളോ ഭരണത്തിലിരിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളോ സ്വാധീനിക്കരുത് എന്നും സ്വതന്ത്രവും നീതിയുക്തവുമായ നിയമവ്യാഖ്യാനമാണ് വേണ്ടതെന്നും അതിൽ വധശിക്ഷയ്ക്ക് യാതൊരു സ്ഥാനവും ഇല്ല എന്നുമുള്ള കാര്യം വളരെ സ്പഷ്ടമാണ്.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments