കെ.ആർ. ഷിയാസ്

കോൺഗ്രസ്​ ഭരിച്ചാലും സി.പി.എം ഭരിച്ചാലും
​യു.എ.പി.എക്ക്​ മാറ്റമുണ്ടാകില്ല

ഒരു ബൂർഷ്വാ മുതലാളിത്ത വ്യവസ്ഥിതിയിൽ സി.പി.എം. ആയാലും കോൺഗ്രസ് ആയാലും അധികാരത്തിൽ വരുമ്പോൾ അവർ സ്റ്റേറ്റിന്റെ ഭാഗമാവുകയാണ്. തങ്ങളുടെ അധികാരത്തെ ഈ സ്റ്റേറ്റിന്റെ ഉപകരണങ്ങളുപയോിച്ച് സംരക്ഷിക്കാൻ ഇവർ ശ്രമിക്കുകയും, ഭരണകക്ഷികൾ അതിന് ഏതറ്റം വരെയും പോവുകയും ചെയ്യും.

കെ. കണ്ണൻ: യു.എ.പി.എ. ചുമത്തുന്നതിലെ നീതിരാഹിത്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞകാലങ്ങളിൽ സുപ്രീംകോടതിയും ഹൈക്കോടതികളും അടക്കമുള്ള നീതിന്യായ സംവിധാനങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും പുനരാലോചനയ്ക്കുള്ള ചിന്ത പങ്കിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം, പന്തീരാങ്കാവ് യു.എ.പി.എ. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തന്നെ ഈ അതിനിന്ദ്യമായ നിയമത്തിലെ വകുപ്പുകളെ പ്രശ്നവൽകരിക്കുന്ന നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. തീവ്രവാദ സംഘടനകൾക്കുള്ള കേവല പിന്തുണ, യു.എ.പി.എ. നിയമത്തിന്റെ 38, 39 വകുപ്പുകൾ ചുമത്താൻ പര്യാപ്തമല്ല എന്നും ഏതെങ്കിലും ഭീകരസംഘടനയുമായി ബന്ധപ്പെട്ടതിന്റെ പേരിൽ മാത്രം യു.എ.പി.എ. ചുമത്താനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു. മറ്റു ചില പ്രധാന നിഗമനങ്ങൾ: ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രതിക്കെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതാണ് കോടതികൾ പരിശോധിക്കേണ്ടത്. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമോ എന്ന പരിശോധന ഒരു മിനി ട്രയൽ ആകാതിരിക്കാൻ നോക്കണം എന്നതാണ് അതിലൊന്ന്. യു.എ.പി.എ. കേസുകളിലെ ജാമ്യത്തിന്റെ കാര്യത്തിൽ 43 D (5) എന്ന ജാമ്യവിരുദ്ധ ജാമ്യവകുപ്പ് അവസാനവാക്കായി കണക്കാക്കാൻ പറ്റില്ലെന്നും സുപ്രീംകോടതി പറയുന്നു. 2019-ലെ കണക്കെടുത്താൽ, 95 ശതമാനം യു.എ.പി.എ. കേസുകളും നടപടിക്രമം പൂർത്തിയാകാതെ കിടക്കുകയാണ്, വെറും 29 ശതമാനത്തിൽ മാത്രമാണ് വിചാരണാകോടതികളിലെ ശിക്ഷാനിരക്കും. ഭരണഘടനാപരമായി തന്നെ ചോദ്യം ചെയ്യപ്പെടുന്നതും റദ്ദായിപ്പോകുന്നതുമായ ഇത്തരം നിയമവിരുദ്ധ വ്യവസ്ഥകളുമായി ഒരു നിയമത്തിന് എങ്ങനെയാണ് ഇന്ത്യയിൽ നിലനിൽക്കാൻ കഴിയുന്നത്?

കെ.ആർ. ഷിയാസ്: യു.എ.പി.എ.യുമായി ബന്ധപ്പെട്ട ചർച്ചകൾ സമീപകാലങ്ങളിൽ വലിയ രീതിയിലുള്ള ജനശ്രദ്ധ പിടിച്ചുപറ്റിയതിന്റെ പ്രധാനകാരണങ്ങളിലൊന്ന് മുൻകാലങ്ങളിൽ നിന്ന്​ വിപരീതമായി ഇന്ത്യയിലെ പ്രിവിലേജ്ഡ് ആയ ജനവിഭാഗങ്ങൾക്കെതിരെ അത് പ്രയോഗിക്കപ്പെടാൻ ആരംഭിച്ചതാണ്. മുൻപ് ന്യൂനപക്ഷമായ മുസ്​ലിംകൾ, ദലിതർ, ആദിവാസി വിഭാഗത്തിൽ പെട്ടവർ തുടങ്ങിയവർക്കെ എതിരായിരുന്നു യു.എ.പി.എ. പോലുള്ള കരിനിയമങ്ങൾ ചുമത്തിയിരുന്നതെങ്കിൽ 2013-നുശേഷം നഗരങ്ങളിൽ ജീവിക്കുന്ന വളരെ പ്രിവിലേജ്ഡ് ആയ, സമൂഹത്തിൽ ജനസമ്മതിയുള്ള ആളുകൾക്കെതിരെയും യു.എ.പി.എ. പോലുള്ള നിയമങ്ങൾ ചുമത്താൻ സർക്കാറുകൾ ആരംഭിച്ചു.

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കേണ്ട കോടതികൾ ചില സമയങ്ങളിൽ ഭരിക്കുന്ന സർക്കാരുകളുടെ ഇംഗിതത്തിനനുസരിച്ച് വിധി പുറപ്പെടുവിക്കുന്ന സാഹചര്യവും ഇന്നുണ്ട്. എന്നാൽ ഇതിൽ ചില അപവാദങ്ങൾ നമുക്ക് കാണാൻ കഴിയും. ഉദാഹരണത്തിന്, രണ്ടുമാസം മുമ്പാണ് മുംബൈ ഹൈക്കോടതി ഭീമ കൊറേഗാവ് കേസിൽ പ്രതിചേർത്ത സുരേന്ദ്ര ഗാഡ്‌ലിങ്ങിന് ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ യു.എ.പി.എയുടെ 45 അനുച്ഛേദം D, മാനുഷികപരമായ കാര്യങ്ങൾക്കു വേണ്ടി ജാമ്യം നൽകുമ്പോൾ പരിഗണിക്കാനാവില്ല എന്ന് നിരീക്ഷിച്ചത്.

സുരേന്ദ്ര ഗാഡ്‌ലിങ്‌

അതിനുശേഷം യു.എ.പി.എ. ചുമത്തപ്പെട്ട ആസിഫ് ഇക്ബാൽ തൻഹ വിധിയിൽ ലഭ്യമായിട്ടുള്ള തെളിവുകൾ കൃത്യമായി പരിശോധിക്കണമെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ ആസിഫ് തൻഹ കേസിനെതിരായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോവുകയും ആസിഫ് തൻഹ കേസിലെ വിധി ഒരു precedent അല്ല എന്ന് സുപ്രീംകോടതി പറഞ്ഞുവെക്കുകയുമുണ്ടായി. അതുകൊണ്ടുതന്നെ ആസിഫ് തൻഹ കേസിനെ മുൻനിർത്തി കോടതികളിൽ ജാമ്യം ലഭിക്കില്ല.

പലപ്പോഴും നമ്മുടെ കീഴ്‌ക്കോടതികൾക്കും ഹൈക്കോടതികൾക്കും യു.എ.പി.എ. കേസുകളിൽ ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് നിലിൽക്കുന്ന പരിമിതി സുപ്രീംകോടതിയുടെ ചില വിധിന്യായങ്ങളാണ്.

പ്രസ്തുത കേസിൽ ജാമ്യം നൽകുമ്പോൾ ചാർജ് ഷീറ്റിനോടൊപ്പം സമർപ്പിക്കുന്ന തെളിവുകൾ കുറ്റാരോപണങ്ങളെ തിരിച്ചറിയത്തക്കമുള്ള തെളിവുകളല്ലെങ്കിൽ യു. എ. പി. എ യിലെ വകുപ്പുകളായ 15,17,18 എന്നിവയുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാൻ ആകില്ല എന്ന് പറഞ്ഞ കോടതി പ്രതിഷേധിക്കുവാനുള്ള പൗരന്റെ അവകാശം (Right to Protest) യു എ പി എ നിയമപ്രകാരമുള്ള "തീവ്രവാദ" ത്തിന്റെ പരിധിയിൽ വരികയില്ല എന്നും പറഞ്ഞു വെച്ചു. ഇത്തരത്തിൽ ഹൈക്കോടതികൾക്ക് കോൺസ്റ്റിറ്റ്യൂഷനൽ പവർ ഉപയോഗിക്കാൻ സാധിക്കുന്നിടത്താണ്, ഭരണഘടനാപരമായി ഉന്നതമായ സുപ്രീംകോടതി യു.എ.പി.എ. പോലുള്ള വിഷയങ്ങളിൽ തികച്ചും നിരാശാജനകമായ തീരുമാനങ്ങൾ എടുക്കുന്നത്. പലപ്പോഴും നമ്മുടെ കീഴ്‌ക്കോടതികൾക്കും ഹൈക്കോടതികൾക്കും യു.എ.പി.എ. കേസുകളിൽ ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് നിലിൽക്കുന്ന പരിമിതി സുപ്രീംകോടതിയുടെ ചില വിധിന്യായങ്ങളാണ്.

ഇത്തരം വിധിന്യായങ്ങൾ പുനഃപരിശോധിക്കാതെ ഭരണഘടന ഉറപ്പുനൽകുന്ന തുല്യ അവകാശങ്ങളോ, നീതിപൂർണമായ വിചാരണയ്ക്കുള്ള അവകാശങ്ങളോ ലഭിക്കുകയില്ല. എല്ലാകാലങ്ങളിലും സർക്കാരുകൾ ഇത്തരത്തിലുള്ള കരിനിയമങ്ങൾ തങ്ങളുടെ അധികാരം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി ഉപയോഗിച്ചു പോന്നിട്ടുണ്ട്. യു.എ.പി.എയ്ക്ക് മുമ്പുള്ള POTA, TADA നിയമങ്ങൾ ഉദാഹരണം. ഇന്ത്യയിലെ ബഹുഭൂരിപക്ഷ സമൂഹത്തിന്റെ പ്രീതി പിടിച്ചുപറ്റുന്നതിനും, അവരുടെ വോട്ടു ബാങ്ക് കണക്കാക്കിയും ഇത്തരത്തിലുള്ള നിയമങ്ങൾ നിർമിക്കുകയും അത് രാജ്യത്തെ ചില വിഭാഗങ്ങൾക്കു മേൽ ഭരണകൂടം അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. അതിന്റെ തുടർച്ചയാണ് യു.എ.പി.എ. പ്രസ്തുത നിയമത്തിന്റെ ഏതെങ്കിലും അനുച്ഛേദമോ മറ്റോ എടുത്തു കളയുകല്ല, മറിച്ച് യു.എ.പി.എയുടെ പൊതുസ്വഭാവം ഭരണഘടനാ മൂല്യങ്ങൾക്കെതിരാണെന്ന് തിരിച്ചറിഞ്ഞ് അതിനെ പൂർണമായി നിരാകരിക്കുകയാണ് വേണ്ടത്.

ഈ നീതിന്യായ, പൊലീസ് വ്യവസ്ഥയെ ഉടച്ചു വാർക്കാത്തിടത്തോളം, അതിന്റെ കാലോചിതമല്ലാത്ത അടിസ്ഥാനമൂല്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങളെ പ്രതീക്ഷിക്കാൻ സാധിക്കൂ.

യു.എ.പി.എ. ചുമത്തപ്പെടുന്നവരിൽ മനുഷ്യാവകാശപ്രവർത്തകർ, മുസ്​ലിംകൾ, ദലിത്- പിന്നാക്ക വിഭാഗങ്ങൾ, വിമത രാഷ്ട്രീയ പ്രവർത്തകർ, ആക്റ്റിവിസ്റ്റുകൾ എന്നിവരുടെ എണ്ണം ക്രമാതീതമായി കൂടിവരികയാണ്. കഴിഞ്ഞദിവസം, ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചു എന്നത് കുറ്റകൃത്യമായി മുദ്രകുത്തിയാണ് കശ്മീരിൽ മെഡിക്കൽ വിദ്യാർഥികൾക്കും വാർഡന്മാർക്കും എതിരെ യു.എ.പി.എ. ചുമത്തി കേസെടുത്തത്. അതേസമയം, ഹിന്ദുത്വഭീകരത ഈ നിയമത്തിൽനിന്ന് രക്ഷപ്പെട്ടുനിൽക്കുകയും ചെയ്യുന്നു. ഭരണകൂടം തീരുമാനിക്കുന്ന പൗരന്മാരാണ് യു.എ.പി.എ. പ്രകാരം പ്രതികളാക്കപ്പെടുന്നത് എന്ന് ഇതിൽനിന്ന് വ്യക്തമാണ്. സ്വാതന്ത്ര്യത്തിനുശേഷം ഭരിച്ച കോൺഗ്രസ്, ബി.ജെ.പി. സർക്കാരുകളെല്ലാം ഇതിൽ കുറ്റവാളികളാണ്. കേരളത്തിലേതുപോലുള്ള ഒരു ഇടതുപക്ഷ ഭരണകൂടത്തിനുപോലും, പാർട്ടിതലത്തിൽ എതിർക്കുമ്പോൾ പോലും, യു.എ.പി.എ,യെ ആഗിരണം ചെയ്യേണ്ടിവരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, യു.എ.പി.എ.ക്കെതിരെ ഒരു രാഷ്ട്രീയനയം / നിലപാട് ഉരുത്തിരിഞ്ഞുവരുന്നതിന്റെ സാധ്യതയെക്കുറിച്ച് എന്തെങ്കിലും പ്രതീക്ഷ അവശേഷിക്കുന്നുണ്ടോ?

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പോലെ, മാനവികമൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനം നയിക്കുന്ന സർക്കാർ യു.എ.പി.എ. പോലുള്ള നിയമങ്ങൾ വ്യാപകമായി പ്രയോഗിക്കുന്നത് പരിഹാസ്യമാണ്. അടിസ്ഥാനപരമായി കാണേണ്ട കാര്യം, കോടതി, പൊലീസ് തുടങ്ങിയ നിയമപരിപാലന, നീതിന്യായ സ്ഥാപനങ്ങൾ കൊളോണിയൽ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്നതാണ്. ഈ സ്ഥാപനങ്ങളുടെ നവീകരണം കാലാകാലങ്ങളിൽ ലോ കമ്മീഷന്റെ ചില നിർദേശങ്ങളിൽ മാത്രം ഒതുങ്ങി അവസാനിക്കാറാണ് പതിവ്. അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങളിൽ ഇടപെടൽ നടത്താതെ, പ്രസ്തുത സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഏതൊരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ വന്നതു കൊണ്ടും മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല.

ആസിഫ് തൻഹ

നമ്മുടെ നിയമസംവിധാനങ്ങൾ പൂർണമായും വ്യക്തിതാൽപര്യങ്ങൾ അല്ലെങ്കിൽ സമൂഹത്തിലെ ഉപരിവർഗ്ഗത്തിന്റെ സംരക്ഷണത്തിലും, അവരുടെ സ്വത്തുവകകളുടെ സംരക്ഷണത്തിലും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അതായത് സ്വകാര്യ സ്വത്തുക്കളുടെ സംരക്ഷണത്തിന്. അത്തരത്തിലുള്ള പൊലീസ്, നീതിന്യായ വ്യവസ്ഥയിൽ നിന്ന് നമുക്ക് നീതി എത്ര മാത്രം പ്രതീക്ഷിക്കാൻ കഴിയും? ഈ നീതിന്യായ, പൊലീസ് വ്യവസ്ഥയെ ഉടച്ചു വാർക്കാത്തിടത്തോളം, അതിന്റെ കാലോചിതമല്ലാത്ത അടിസ്ഥാനമൂല്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങളെ പ്രതീക്ഷിക്കാൻ സാധിക്കൂ. പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഇത്തരം നിയമങ്ങളിലൂടെ കൊളോണിയൽ ഭൂതകാലത്തിന്റെ സ്വഭാവസവിശേഷതകൾ ഇന്നും കാത്തു സൂക്ഷിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയുമാണ്.

ഒരു ബൂർഷ്വാ മുതലാളിത്ത വ്യവസ്ഥിതിയിൽ സി.പി.എം. ആയാലും കോൺഗ്രസ് ആയാലും അധികാരത്തിൽ വരുമ്പോൾ അവർ സ്റ്റേറ്റിന്റെ ഭാഗമാവുകയാണ്. തങ്ങളുടെ അധികാരത്തെ ഈ സ്റ്റേറ്റിന്റെ ഉപകരണങ്ങളുപയോിച്ച് സംരക്ഷിക്കാൻ ഇവർ ശ്രമിക്കുകയും, ഭരണകക്ഷികൾ അതിന് ഏതറ്റം വരെയും പോവുകയും ചെയ്യും.
​മുതലാളിത്ത ഭരണവ്യവസ്ഥയ്ക്ക്, അതിനകത്ത് അകപ്പെടുന്നവരെ തങ്ങളുടെ പ്രത്യയശാസ്ത്ര മൂല്യങ്ങൾക്ക് അനുസൃതമായി പരിവർത്തനപ്പെടുത്താനുള്ള ശേഷിയുണ്ട്. ▮


കെ.ആർ. ഷിയാസ്

ന്യൂഡൽഹി ഹ്യുമൻ റൈറ്റ്​സ്​ ലോ നെറ്റ്​വർക്കിൽ അഭിഭാഷകൻ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments