ചുറ്റുപാടുകളിൽ നിന്നും വിശ്വാസയോഗ്യമായ വിവരങ്ങൾ ശേഖരിക്കാൻ മതിയായ സൗകര്യങ്ങൾ ഉണ്ടാവുന്ന പ്രകോപനപരമല്ലാത്ത ജേണലിസത്തിലേക്ക് തിരിച്ചുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ടെലഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ. ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 15ൽ കെ. കണ്ണനുമായുള്ള അഭിമുഖത്തിലാണ് രാജഗോപാലിന്റെ പ്രതികരണം.
ബംഗാളിനും ബി.ജെ.പിയ്ക്കും ഇടയിൽ ആരാണ് നിലകൊള്ളുന്നതെന്ന ചോദ്യത്തിന് നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയിൽ "മമത' എന്ന ഉത്തരം മാത്രമേയുള്ളൂവെന്നും ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് അദ്ദേഹം പറയുന്നു.
"തെരഞ്ഞെടുപ്പിനുശേഷം എന്തൊക്കെ സംഭവിച്ചാലും, നിലവിലെ സ്ഥിതിയിൽ ബി.ജെ.പിയുടെ ശക്തമായ എതിരാളി മമതയാണ്. ബി.ജെ.പിയ്ക്കെതിരെ പൊരുതാൻ സാധ്യമായ എല്ലാം ചെയ്യുകയാണെന്ന് ഉറക്കെ, സ്പഷ്ടമായി സന്ദേശം നൽകിക്കൊണ്ടിരിക്കുകയാണ് അവർ. 2011ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ അക്രമങ്ങളിലൂടെ ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച് ഗുരുതരമായ ഒരു അബദ്ധം മമത കാണിച്ചിട്ടുണ്ട് എന്നത് ശരിയാണ്. 2019ൽ ബി.ജെ.പിയിൽ നിന്ന് നേരിട്ട ഷോക്കിനുശേഷം പിഴവ് തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണവർ. ' രാജഗോപാൽ പറയുന്നു.
ഇന്ത്യൻ സെക്യുലർ ഫ്രണ്ടുമായുള്ള സി.പി.ഐ.എം കോൺഗ്രസ് ബാന്ധവം തിരിച്ചടിയ്ക്കുമെന്ന വിലയിരുത്തലും അദ്ദേഹം നടത്തുന്നു.
"അബ്ബാസ് സിദ്ദിക്കിയുമായി സഖ്യം ചേർന്ന് സി.പി.എമ്മും കോൺഗ്രസും അവരുടെ മതേതര നിലപാടുകളിൽ വെള്ളം ചേർത്തു. അദ്ദേഹം അദ്ദേഹത്തിന്റെ പാർട്ടിയെ ഇന്ത്യൻ സെക്യുലർ ഫ്രണ്ട് എന്നു വിളിക്കുന്നു, പക്ഷെ അതിനെ ആരും അങ്ങനെ കാണുന്നില്ല. ഞാൻ സിദ്ദിക്കി പറയുന്നത് വിശ്വസിക്കാം, പക്ഷേ, പൊതുവിലുള്ള ധാരണയ്ക്ക് രാഷ്ട്രീയത്തിൽ നല്ല റോളുണ്ട്. മതേതര അവകാശവാദങ്ങളിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറായിയെന്ന പൊതുധാരണയ്ക്കെതിരെ പൊരുതാൻ സി.പി.എമ്മിനോ കോൺഗ്രസിനോ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ' രാജഗോപാൽ പറയുന്നു.
ബംഗാളിലെ സമകകാലിക രാഷ്ട്രീയ സാഹചര്യങ്ങളും അതിന്റെ ചരിത്ര പശ്ചാത്തലങ്ങളും പരിശോധിക്കുന്ന അഭിമുഖത്തിന്റെ പൂർണരൂപം
ട്രൂകോപ്പി വെബ്‌സീനിൽ വായിക്കാം.