അജയ്യനായി രാഹുല്‍ ; റായ്ബറേലിയില്‍ മോദിക്ക് മറുപടി, ഭൂരിപക്ഷം നാല് ലക്ഷത്തിലേക്ക്

കോൺഗ്രസിന് പ്രതികൂലമായ നിരവധി ഘടകങ്ങൾ ഇത്തവണ റായ്ബറേലിയിലുണ്ടായിരുന്നു. എന്നാൽ, രാഹുലിന്റെ വരവ് ഇത്തവണ സാഹചര്യം മാറ്റി. സംഘടനക്ക് ഉണർവുണ്ടായി. ദേശീയ തലത്തിൽ രാഹുലിനുണ്ടായ പ്രാധാന്യവും ‘ഇന്ത്യ’ മുന്നണിയെന്ന നിലയ്ക്കുള്ള സമാജ്‍വാദി പാർട്ടിയുടെ ഐക്യദാർഢ്യവും കോൺഗ്രസ് വോട്ടുകളെ ഏകോപിപ്പിച്ചു.

Election Desk

2019-ൽ ഉത്തർപ്രദേശിൽ, സോണിയാ ഗാന്ധിയിലൂടെ കോൺഗ്രസ് ജയിച്ച ഏക മണ്ഡലമായ റായ്ബറേലി നെഹ്റു കുടുംബത്തെ ഇത്തവണയും കൈവിട്ടില്ല. 390030+ വോട്ടിന്റെ തകർപ്പന്‍ ഭൂരിപക്ഷത്തിൽ ബി.ജെ.പിയുടെ ദിനേശ് പ്രതാപ് സിങ്ങിനെ തോൽപ്പിച്ച് രാഹുൽ ഗാന്ധി റായ്ബറേലിയിലും ജയിച്ചിരിക്കുന്നു.

2014-ൽ സോണിയ നേടിയ 3,52,713 വോട്ടിന്റെ ഭൂരിപക്ഷം 2019-ൽ ഏതാണ്ട് പകുതിയായി- 1,67,178- കുറയ്ക്കാനായി എന്ന മികവാണ് ദിനേശ് പ്രതാപ് സിങ്ങിന് ബി.ജെ.പി വീണ്ടുമൊരു അവസരം നൽകാൻ കാരണമായത്. സോണിയയുടെ അഭാവത്തിൽ ജയം നേടാമെന്ന ​പ്രതീക്ഷയും ബി.ജെ.പിക്കുണ്ടായിരുന്നു. എന്നാൽ, രാഹുലിന്റെ പ്രതിച്ഛായക്കു മുന്നിൽ ബി.ജെ.പിക്ക് കാലിടറി. സോണിയയുടെ ഭൂരിപക്ഷത്തിന് ഏതാണ്ട് അടുത്തെത്താൻ രാഹുലിനായി. മാത്രമല്ല, തന്നെ ലക്ഷ്യം വച്ച് ബി.ജെ.പിയും മോദിയും നടത്തിയ വിദ്വേഷ കാമ്പയിന് മധുരമായ മറുപടി നൽകാനും ഈ വിജയത്തിലൂടെ രാഹുലിനായി. റായ്ബറേലിയിലെ അഞ്ചിൽ നാല് നിയമസഭാ മണ്ഡലങ്ങളും കൂടെയുള്ള സമാജ് വാദി പാർട്ടിയുടെ അടിയുറച്ച പിന്തുണയോടെയാണ് രാഹുലിന്റെ ജയം. അഖിലേഷും പ്രിയങ്കാ ഗാന്ധിയും റായ്ബറേലിയെ ഇളക്കി മറിച്ചാണ് പ്രചാരണം നയിച്ചത്.
കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് അവസാനനിമിഷം വരെ കാത്തശേഷമാണ് ബി.ജെ.പി ദിനേശ് പ്രതാപ് സിങ്ങിന്റെ പേര് പ്രഖ്യാപിച്ചത്.

കോൺഗ്രസിന് പ്രതികൂലമായ നിരവധി ഘടകങ്ങൾ ഇത്തവണ റായ്ബറേലിയിലുണ്ടായിരുന്നു. തുടർച്ചയായ വിജയം, മണ്ഡലത്തോട് ഒരുതരം വിമുഖതയാണ് കോൺഗ്രസിലുണ്ടാക്കിയത്. ഇത് മുതലെടുത്ത് പ്രാദേശിക കോൺഗ്രസ് നേതാക്കന്മാരും ഇടനിലക്കാരും ഭരണമേറ്റെടുത്തത് പാർട്ടിയെ ജനങ്ങളിൽനിന്ന് അകറ്റിയിരുന്നു. എന്നാൽ, രാഹുലിന്റെ വരവ് ഇത്തവണ സാഹചര്യം മാറ്റി. സംഘടനക്ക് ഉണർവുണ്ടായി. ദേശീയ തലത്തിൽ രാഹുലിനുണ്ടായ പ്രാധാന്യവും ‘ഇന്ത്യ’ മുന്നണിയെന്ന നിലയ്ക്കുള്ള സമാജ്‍വാദി പാർട്ടിയുടെ ഐക്യദാർഢ്യവും കോൺഗ്രസ് വോട്ടുകളെ ഏകോപിപ്പിച്ചു.

അതിനുപുറമേ, അതിവൈകാരികമായാണ് സോണിയ ജനങ്ങളോട് വോട്ടഭ്യർഥന നടത്തിയത്: ‘‘ഞാൻ എന്റെ മകനെ നിങ്ങളെ ഏൽപ്പിക്കുന്നു. അവനെ നിങ്ങളിൽ ഒരാളായി കരുതുക. രാഹുൽ നിങ്ങളെ നിരാശപ്പെടുത്തില്ല’’.
ഇന്ദിരാഗാന്ധി മുതലുള്ള നെഹ്റു കുടുംബബന്ധം സോണിയയും പ്രിയങ്കയും രാഹുലിനുവേണ്ടി നന്നായി ഉപയോഗപ്പെടുത്തി.

​നെഹ്റു കുടുംബത്തിന്റെ കുത്തക മണ്ഡലങ്ങളായ അമേഥിയിലും റായ്ബറേലിയിലും രാഹുലിന്റെയും പ്രിയങ്കയുടെയും പേരുകളാണ് ആദ്യം പറഞ്ഞുകേട്ടിരുന്നത്. റായ്ബറേലിയിൽ പ്രിയങ്കയും അമേഥിയിൽ രാഹുലും മത്സരിക്കണമെന്ന ആഗ്രഹം ഇരു മണ്ഡലങ്ങളിലെയും കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, കോൺഗ്രസ് പ്രദേശ് ഇലക്ഷൻ കമ്മിറ്റിയും രാുഹലിന്റെയും പ്രിയങ്കയുടെയും സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകുകയും ചെയ്തു. റായ്ബറേലിയിൽ സോണിയാഗാന്ധിക്ക് ലഭിച്ച പിന്തുണ പ്രിയങ്കക്ക് അതേപടി കിട്ടുമോ എന്ന കാര്യത്തിൽ കോൺഗ്രസിന് ആശങ്കയുണ്ടായിരുന്നില്ലെങ്കിലും രാഹുലിനും പ്രിയങ്കക്കു തന്നെയും ഇക്കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. എങ്കിലും, ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടി എന്ന ബി.ജെ.പിയുടെ വിമർശനം ഒഴിവാക്കുക എന്നത് രാഹുലിന്റെ സ്ഥാനാർഥിത്വത്തെ സ്വാധീനിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽഏറ്റവും വലിയ രാഷ്ട്രീയ മത്സരങ്ങൾക്ക് വേദിയായ മണ്ഡലമാണ് റായ്ബറേലി. ഇതുവരെ നടന്ന 20 തെരഞ്ഞെടുപ്പിൽ 17-ലും ജയിച്ചത് കോൺഗ്രസ്. 1952-ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ഫിറോസ് ഗാന്ധിക്കായിരുന്നു ജയം. 1957-ലും ഫിറോസ് തന്നെ. ഫിറോസ് ഗാന്ധിയുടെ മരണശേഷം 1960- ൽ ആർ.പി. സിങ്ങും 1962- ൽ ബൈജ്‌നാഥ് കുരീലും വിജയിച്ചു. ഇരുവരും കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നു.
1967 മുതൽ 1977 വരെ ഇന്ദിരാഗാന്ധിയായി എം.പി. 77-ൽ അടിയന്തരാവസ്ഥയെ തുടർന്ന് നടന്ന ഇലക്ഷനിൽ ജനതാപാർട്ടിയുടെ രാജ് നാരായൺ ഇന്ദിരയെ തോൽപ്പിച്ചു. 1980- ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും 84-ലും കോൺഗ്രസിന്റെ അരുൺ നെഹ്‌റു വിജയിച്ചു. 1989- ലും 1991-ലും നെഹ്‌റു കുടുംബത്തിലെ ബന്ധുവായ ഷീല കൗളാണ് വിജയിച്ചത്. 1996- ൽ അശോക് സിങ്ങിലൂടെ റായ് ബറേലി ബി ജെ പി പിടിച്ചെടുത്തു. 1998-ലും അശോക് സിങ് വിജയം തുടർന്നു. 1999-ൽ സതീഷ് ശർമ മണ്ഡലം കോൺഗ്രസിനെ തിരിച്ചേൽപ്പിച്ചു.
2004 മുതൽ തുടർച്ചയായ അഞ്ചു തവണ സോണിയ ഗാന്ധിക്കായിരുന്നു ജയം.
1996, 1998 തെരഞ്ഞെടുപ്പുകളിൽ രണ്ടു തവണ കൂടി ബി.ജെ.പിയുടെ അശോക് സിങ് ജയിച്ചതൊഴിച്ചാൽ കോൺഗ്രസിനായിരുന്നു ആധിപത്യം. സോണിയക്കുശേഷം മകൻ രാഹുലിലൂടെ റായ്ബ​റേലിക്കുമേൽ കോൺഗ്രസ് അടിച്ചേൽപ്പിച്ച കുടുംബാധിപത്യം മാറ്റമില്ലാതെ തുടരുകയാണ്.

Comments