‘രാഹുൽ ബ്രാൻഡു’മായി
അതേ അബദ്ധങ്ങളിലേക്കാണോ കോൺഗ്രസ് യാത്ര?

കോൺഗ്രസിന്റെ പ്രചാരണ സംവിധാനങ്ങളും കോൺഗ്രസ് അനുകൂല മാധ്യമങ്ങളും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാണിക്കുകയും രാഹുൽ എന്ന വ്യക്തിയുടെ സ്വഭാവമഹിമകളെ പ്രചാരണത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കാഴ്ചകൾ കാണുന്നു. രാജ്യത്തെ പൊതുവായ രാഷ്ട്രീയ കാലാവസ്ഥ തിരിച്ചറിയുന്നതിൽ ഒരുവേള കോൺഗ്രസിന് സംഭവിക്കുന്ന പതിവ് അബദ്ധങ്ങളിൽ ഒന്നായി ഇതിനെ കാണാം. അതിന് അവർ നിശ്ചയമായും വില കൊടുക്കേണ്ടിവരുമെന്നതിൽ സംശയമൊന്നുമില്ല- കെ. സഹദേവൻ എഴുതുന്നു.

തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം കഴിയുമ്പോഴേക്കും ഭരണകക്ഷിയായ ബി ജെ പിക്കും സഖ്യകക്ഷികൾക്കുമെതിരായ ജനരോഷം കൂടുതൽ ദൃശ്യമാകുകയാണ്. സംഘപരിവാർ ഭരണത്തിൽ പൊറുതിമുട്ടിയ ഒരു ജനതയുടെ വികാരം രാജ്യമെങ്ങും പ്രകടമായി കാണാൻ കഴിയുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പ്രതിപക്ഷ കക്ഷികൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ പൊതുവായ ആവേശവും ബി ജെ പിയുടെ സുരക്ഷിത മണ്ഡലങ്ങളിൽ അവരുടെ പ്രവർത്തകർക്കിടയിൽ തെരഞ്ഞെടുപ്പിനോട് നിസ്സംഗമായ പ്രതികരണവുമാണ് വളരെ പ്രകടമായി കാണാൻ കഴിയുന്നത്.

'മോദി ബ്രാൻഡ്' ഇനിയും വിലപ്പോവില്ലെന്ന് സംഘപരിവാരങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇക്കാര്യം നരേന്ദ്ര മോദി സ്വയം മനസ്സിലാക്കുന്നുണ്ടെന്നത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗങ്ങളിൽ നിന്നും പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ നിന്നും മനസ്സിലാക്കാം.

'മോദി ബ്രാൻഡ്' ഇനിയും വിലപ്പോവില്ലെന്ന് സംഘപരിവാരങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇക്കാര്യം നരേന്ദ്ര മോദി സ്വയം മനസ്സിലാക്കുന്നുണ്ടെന്നത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗങ്ങളിൽ നിന്നും പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ നിന്നും മനസ്സിലാക്കാം.

ബി ജെ പി ഭരണത്തിനെതിരായി ജനങ്ങൾക്കിടയിൽഉയർന്നുവരുന്ന വികാരം ചെറിയൊരളവിൽ മനസ്സിലാക്കാൻ ‘ഗോദി മീഡിയ’യ്ക്ക് സാധിക്കുന്നുണ്ടെന്ന് മുഖ്യധാരാ മാധ്യമങ്ങളിൽ ചിലതിന്റെയെങ്കിലും മലക്കംമറിച്ചിലുകൾ സൂചിപ്പിക്കുന്നു. കോൺഗ്രസ് മാനിഫെസ്റ്റോ സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളെ ചോദ്യം ചെയ്യാൻ ഇക്കാലമത്രയും ബി ജെ പിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത മാധ്യമങ്ങൾ പോലും തയ്യാറാകുന്നത് നാം കണ്ടു. അദാനിയുടെ ഉടമസ്ഥതയിലുള്ള എൻ ഡി ടി വിയും ആജ് തക് ചാനലും ചില മറുചോദ്യങ്ങൾ ഈ വിഷയത്തിൽ ഉന്നയിച്ചു. രാഹുൽ ഗാന്ധിയുടെ പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നൽകാനും മീഡിയകൾ തയ്യാറായിത്തുടങ്ങിയതിന്റെ ലക്ഷണങ്ങൾ കാണാം.

മോദി ബ്രാൻഡിൽ നിന്ന്
രാഹുൽ ബ്രാൻഡിലേക്കോ?

ഈയവസരത്തിൽ കോൺഗ്രസിന്റെ പ്രചാരണ സംവിധാനങ്ങളും കോൺഗ്രസ് അനുകൂല മാധ്യമങ്ങളും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാണിക്കുകയും രാഹുൽ എന്ന വ്യക്തിയുടെ സ്വഭാവമഹിമകളെ പ്രചാരണപ്രവർത്തനങ്ങളുടെ കേന്ദ്ര സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കാഴ്ചകളും കാണുന്നുണ്ട്. രാജ്യത്തെ പൊതുവായ രാഷ്ട്രീയ കാലാവസ്ഥ തിരിച്ചറിയുന്നതിൽ ഒരുവേള കോൺഗ്രസിന് സംഭവിക്കുന്ന പതിവ് അബദ്ധങ്ങളിൽ ഒന്നായി ഇതിനെ കാണാം. അതിന് അവർ നിശ്ചയമായും വില കൊടുക്കേണ്ടിവരുമെന്നതിൽ സംശയമൊന്നുമില്ല.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു വീഡിയോ രാഹുൽ ഗാന്ധി റായ്ബറേലിയിലെ ഒരു ഗ്രാമീണ ബാർബർ ഷോപ്പിൽകയറി താടി വടിക്കുന്നതും ബാർബറായ ചെറുപ്പക്കാരനോടൊത്ത് തെരഞ്ഞെടുപ്പു വിഷയങ്ങൾ സംസാരിക്കുന്നതുമാണ്. രാഹുൽ ഗാന്ധിയുടെ ലാളിത്യത്തെയും ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിലെ ഊഷ്മളതയെയും പ്രശംസിച്ചുകൊണ്ടായിരുന്നു ഈ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്.
മുമ്പും ഇത്തരം നിരവധി വീഡിയോകളും ചിത്രങ്ങളും രാഹുലുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പോർട്ടറുടെ വേഷത്തിൽ പെട്ടിയും ചുമന്നുള്ള രാഹുൽ. കുട്ടികളെ കെട്ടിപ്പിടിക്കുന്ന രാഹുൽ. അങ്ങനെയങ്ങനെ.

രാഹുൽ ഗാന്ധിയും കോൺഗ്രസിന്റെ പ്രചരണ വിഭാഗവും ഇനിയും മനസ്സിലാക്കേണ്ട ഒരു കാര്യം, നിങ്ങളുടെ വ്യക്തിപരമായ വേഷവിതാനങ്ങളിലോ, തെരഞ്ഞെടുപ്പ് റാലികളിൽ നിങ്ങൾ നൽകുന്ന വാഗ്ദാനങ്ങളിലോ അല്ല ജനങ്ങൾക്ക് താൽപര്യം. മറിച്ച്, നിങ്ങൾ എന്തു ചെയ്യാൻ പോകുന്നുവെന്നതിലാണ്.

രാഹുൽ ഗാന്ധിയും കോൺഗ്രസിന്റെ പ്രചരണ വിഭാഗവും ഇനിയും മനസ്സിലാക്കേണ്ട ഒരു കാര്യം, നിങ്ങളുടെ വ്യക്തിപരമായ വേഷവിതാനങ്ങളിലോ, തെരഞ്ഞെടുപ്പ് റാലികളിൽ നിങ്ങൾ നൽകുന്ന വാഗ്ദാനങ്ങളിലോ അല്ല ജനങ്ങൾക്ക് താൽപര്യം. മറിച്ച്, നിങ്ങൾ എന്തു ചെയ്യാൻ പോകുന്നുവെന്നതിലാണ്. കാരണം, വേഷം കെട്ടലിലും മുദ്രാവാക്യങ്ങളിലും രാഹുൽ ഗാന്ധിയുടെ അമ്മൂമ്മ ഇന്ദിരാഗാന്ധിയും ഒട്ടും പിന്നിലായിരുന്നില്ലെന്ന് അറിയുന്നവർ കൂടിയാണ് ഇന്ത്യൻ ജനത. ഇന്ദിരാഗാന്ധിയുടെ 'ഗരീബീ ഹഠാവോ' മുദ്രാവാക്യം പിറന്നിട്ട് ഏതാണ്ട് അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യൻ ജനതയിൽ വലിയൊരു ശതമാനം ഇന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന കാര്യം അറിയാത്ത വ്യക്തിയല്ല രാഹുൽ.

ദാരിദ്ര്യ നിർമ്മാർജ്ജന മുദ്രാവാക്യത്തെപ്പോലും തന്റെ വ്യക്തിമഹിമയിലേക്ക് ഒതുക്കിനിർത്താൻ ശ്രദ്ധിച്ച ഇന്ദിരാഗാന്ധിയുടെ പ്രശസ്തമായ ആ പ്രസംഗം ഒന്നോർക്കുന്നത് നന്ന്. അടിയന്തരാവസ്ഥയ്‌ക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്ന് പോരാടിയപ്പോൾ ഇന്ദിരാഗാന്ധി പറഞ്ഞത് ഇതായിരുന്നു: 'ഹം കഹ്‌തേ ഹൈ ഗരീബി ഹഠാവോ, വേ കഹ്‌തേ ഹേ ഇന്ദിരാ ഹഠാവോ' (ഞങ്ങൾ പറയുന്നു ദാരിദ്ര്യം മാറ്റണമെന്ന്, അവർ പറയുന്നു ഇന്ദിരയെ മാറ്റണമെന്ന്). ഇന്ദിരയെന്ന വ്യക്തിയിലേക്ക് ചുരുങ്ങിപ്പോയ കോൺഗ്രസിന് പിന്നീടെന്ത് സംഭവിച്ചുവെന്നത് എല്ലാവർക്കും അറിയാം.

വർത്തമാന ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയ നേതാവും കാണിക്കാത്ത ധീരമായ പ്രവർത്തനമായിരുന്നു രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. ഈ യാത്രയിലൂടെ രാജ്യത്തെ ജനങ്ങളുമായി സംവദിക്കാനും അവരെ മനസ്സിലാക്കാനുമുള്ള അവസരം രാഹുൽ ഗാന്ധിക്ക് കൈവന്നിരിക്കും എന്നതിൽ സംശയമൊന്നുമില്ല.
ഈ അനുഭവങ്ങളെ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കാനുള്ള പ്രാപ്തിയും ഇക്കാലയളവിൽ രാഹുൽ ഗാന്ധി നേടിയിരിക്കും എന്നതിലും പൊതുവിൽ അദ്ദേഹത്തിന്റെ ഇടപെടലുകളെ നിരീക്ഷിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്. എന്നാൽ രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ മഹിമകളോ ബോധ്യങ്ങളോ അല്ല, മറിച്ച് ഒരു പാർട്ടി എന്ന നിലയിൽ അവർ എങ്ങനെയാണ് ഭരണത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്നതാണ് ജനങ്ങളെ സംബന്ധിച്ച് പ്രധാനം.

വേഷം കെട്ടലിലും മുദ്രാവാക്യങ്ങളിലും രാഹുൽ ഗാന്ധിയുടെ അമ്മൂമ്മ ഇന്ദിരാഗാന്ധിയും ഒട്ടും പിന്നിലായിരുന്നില്ലെന്ന് അറിയുന്നവർ കൂടിയാണ് ഇന്ത്യൻ ജനത. ഇന്ദിരാഗാന്ധിയുടെ 'ഗരീബീ ഹഠാവോ' മുദ്രാവാക്യം പിറന്നിട്ട് ഏതാണ്ട് അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യൻ ജനതയിൽ വലിയൊരു ശതമാനം ഇന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന കാര്യം അറിയാത്ത വ്യക്തിയല്ല രാഹുൽ.

ഒരു കാലത്ത് കേന്ദ്ര-സംസ്ഥാന ഭരണം ഏതാണ്ട് മുഴുവനായും കയ്യടക്കിയിരുന്ന കോൺഗ്രസ് ഭരണം ഇന്ന് ഏതാനും സംസ്ഥാനങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിൽ തന്നെ അവർ എടുക്കുന്ന നിലപാടുകൾ രാഹുൽ ഗാന്ധിയെന്ന നേതാവിന്റെ പൊതുപ്രസ്താവനകൾക്കും പാർലമെന്ററി പ്രസംഗങ്ങൾക്കും വിരുദ്ധമാണെന്ന് നിരവധി ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാണിക്കാൻ കഴിയും. ഉദാഹരണത്തിന്, അടുത്തകാലം വരെ അധികാരത്തിലിരുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലേക്ക് നോക്കുക.
അദാനിയെക്കുറിച്ചും സമ്പത്ത് പുനർവിതരണത്തെക്കുറിച്ചും മിനിമം വരുമാനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുകയും, പാർലമെന്റിനകത്തും പുറത്തും മോദി-അദാനി ബന്ധത്തെക്കുറിച്ച് നിരന്തരം ആഞ്ഞടിക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ അതേ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ (അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായിരുന്ന കാലത്ത്) രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡിന് -RRVUL- കൽക്കരി വിതരണം ചെയ്യാൻ കരാർ നൽകിയത് അദാനി കമ്പനിക്കാണ് എന്നത് ഓർക്കേണ്ടതുണ്ട്. സ്റ്റേറ്റ് നോമിനേറ്റഡ് ഏജൻസികൾക്ക് (RRUVL പോലുള്ളവ) പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡിൽ നിന്ന് നേരിട്ട് കൽക്കരി വാങ്ങാമെന്നിരിക്കെ ഗൗതം അദാനിയുടെ കമ്പനിയിൽ നിന്ന് കൂടുതൽ പണം നൽകി കൽക്കരി വാങ്ങിയത് എന്തിനെന്നത് ദുരൂഹമാണ്. (അദാനി വിതരണം ചെയ്ത നിലവാരം കുറഞ്ഞ കൽക്കരി മൂന്നിരട്ടി വില നൽകിയാണ് ഇന്ത്യൻ ഊർജ്ജോത്പാദന സ്ഥാപനങ്ങൾ വാങ്ങിയത് എന്ന വാർത്ത OCCRP പുറത്തുവിട്ടത് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ്). വാക്കും പ്രവൃത്തിയും തമ്മിലുള്ള ഈ ബന്ധമില്ലായ്മ തന്നെയാണ് കോൺഗ്രസിനെ ദീർഘകാലം അധികാരത്തിൽനിന്ന് പുറത്തുനിർത്താൻ ജനങ്ങളെ പ്രേരിപ്പിച്ചത്.

അടുത്തകാലം വരെ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന മറ്റൊരു സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഭൂപേഷ് ഭാഗൽ സർക്കാർ ഹാസ്ദേവ് അരന്ദിലെ വനമേഖല കൽക്കരി ഖനനത്തിന് അനുവദിച്ച് നകിയത് ഗ്രാമസഭകളുടെയും ആദിവാസി വിഭാഗങ്ങളുടെയും എതിർപ്പ് അവഗണിച്ചുകൊണ്ടായിരുന്നു. വടക്കൻ ഛത്തീസ്ഗഢിലെ കോർബ, സർഗുജ ജില്ലകൾ ഉൾപ്പെടുന്ന ഹാസ്ദേവ് അരന്ദ് കൽക്കരി ഫീൽഡിൽ 1878 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഒരു ബില്യൺ (1 ബില്യൺ = 100 കോടി) ടൺ കൽക്കരി ശേഖരമുണ്ടെന്നാണ് കൽക്കരി മന്ത്രാലയം കണക്കാക്കിയിരിക്കുന്നത്. സർഗുജ, കോർബ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ലക്ഷക്കണക്കിന് ഹെക്ടർ വനമേഖലയിലാണ് 23-ഓളം കൽക്കരി ബ്ലോക്കുകളിലായി ഖനന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൽക്കരി ഖനനം വേഗത്തിലാക്കാനും ഭൂമി ഏറ്റെടുക്കാനും കേന്ദ്ര /സംസ്ഥാന ഗവൺമെന്റുകൾ അതിവേഗത്തിലാണ് കരുക്കൾ നീക്കിയത്.

അദാനിയെക്കുറിച്ചും സമ്പത്ത് പുനർവിതരണത്തെക്കുറിച്ചും മിനിമം വരുമാനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുകയും, പാർലമെന്റിനകത്തും പുറത്തും മോദി-അദാനി ബന്ധത്തെക്കുറിച്ച് നിരന്തരം ആഞ്ഞടിക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ അതേ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ (അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായിരുന്ന കാലത്ത്) രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡിന് -RRVUL- കൽക്കരി വിതരണം ചെയ്യാൻ കരാർ നൽകിയത് അദാനി കമ്പനിക്കാണ് എന്നത് ഓർക്കേണ്ടതുണ്ട്. Photo: amitmalviya / twitter

ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനരധിവാസ നിയമം 2013-ലെ ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശം, സുതാര്യതയ്ക്കുള്ള അവകാശം, ഭൂമി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച പബ്ലിക് ഹിയറിംഗ്, അനുമതി, സാമൂഹിക ആഘാത വിലയിരുത്തൽ വ്യവസ്ഥകൾ എന്നിവയെ പൂർണ്ണമായും അവഗണിച്ചാണ് ഹാസ്‌ദേവ് അരന്ദ് വനമേഖലയിലെ കൽക്കരി ഖനന പദ്ധതിയുമായി ഇരു സർക്കാരുകളും മുന്നോട്ടുപോയത്. അതായത്, 2014 നു മുമ്പുള്ള കോൺഗ്രസ് സർക്കാർ തന്നെ പാസാക്കിയ ലാൻഡ് അക്വിസിഷൻ ആക്ടിലെ പല നിയമങ്ങളും ലംഘിക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിലെ ഗവൺമെന്റ് കൂട്ടുനിൽക്കുകയായിരുന്നുവെന്ന് സാരം.

ലാൻഡ് അക്വിസിഷൻ മാത്രമല്ല, കോൺഗ്രസ് സർക്കാർ തന്നെ പാസാക്കിയ, പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുകയും വനമേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക് അവരുടെ സമ്മതം ആവശ്യപ്പെടുകയും പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിൽ അവരുടെ പങ്കാളിത്തം നിർബന്ധമാക്കുകയും ചെയ്യുന്ന ‘പെസ’ (Panchayat Extension to Scheduled Areas (PESA) Act, 1996) അര,േ 1996) വനാവകാശ നിയമങ്ങളെ (Forest Right Act, 2006) കൂടി അട്ടിമറിച്ചാണ് ഹാസ്ദേവ് അരിന്ദിൽ ഖനന പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. വനമേഖലയുടെ പ്രാധാന്യം ഉൾക്കൊണ്ട് ഈ പ്രദേശം 'നോ ഗോ സോൺ' ആയി മുന്നെ പ്രഖ്യാപിച്ചതായിരുന്നു. ആ തീരുമാനത്തെ തൃണവൽഗണിച്ചാണ് മേഖലയിൽ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഖനന കമ്പനികൾക്ക് അനുമതി നിഷേധിച്ച് ലേല നടപടികളിൽ നിന്ന് പിന്മാറണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയങ്ങൾ 2014-ൽ തന്നെ ഗ്രാമസഭകൾ പാസാക്കുകയുണ്ടായി എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.

അടുത്തകാലം വരെ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന മറ്റൊരു സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഭൂപേഷ് ഭാഗൽ സർക്കാർ ഹാസ്ദേവ് അരന്ദിലെ വനമേഖല കൽക്കരി ഖനനത്തിന് അനുവദിച്ച് നകിയത് ഗ്രാമസഭകളുടെയും ആദിവാസി വിഭാഗങ്ങളുടെയും എതിർപ്പ് അവഗണിച്ചുകൊണ്ടായിരുന്നു. Photo: @Hasdeobachao / Twitter

ഗ്രാമസഭകളുടെ ഔദ്യോഗിക പ്രമേയങ്ങളെയും ജനങ്ങളുടെ അതിശക്തമായ ചെറുത്തുനിൽപ്പുകളെയും അവഗണിച്ച് 2022 ഏപ്രിൽ 6ന് ഛത്തീസ്ഗഢ് സർക്കാർ ഖനന പദ്ധതിക്ക് അന്തിമാനുമതി നൽകി. രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡുമായി അദാനി എന്റർപ്രൈസസ് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ കൽക്കരി നിലയത്തിലേക്കുള്ള ഇന്ധനം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം അദാനിക്കാണ്. ഹാസ്ദേവ് മേഖലയിലെ പാർസ കോൾ ബ്ലോക്കിൽ (Parsa East Kente Basin-PEKB) നിന്നുള്ള കൽക്കരി ഈ വിധത്തിൽ രാജസ്ഥാനിലേക്ക് എത്തുന്നത്.

2018-ലെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ, ജനങ്ങളുടെ അനുമതിയില്ലാതെ പുതിയ കോൾ ബ്ലോക്കുകൾ ആരംഭിക്കുകയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ വാഗ്ദാനങ്ങൾ മറക്കുകയും പദ്ധതിയ്ക്ക് പച്ചക്കൊടി കാണിക്കുകയുമായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ അവഗണിച്ചതിനുള്ള മറുപടിയെന്ന നിലയിൽ ഭാഗൽ സർക്കാരിനെ ജനം താഴെയിറക്കുകയും ചെയ്തു.

പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുറത്തിറക്കിയ മാനിഫെസ്റ്റോ -ന്യായ് പത്ര- നിരവധി വാഗ്ദാനങ്ങൾ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നുണ്ട്. വിവിധ ക്ഷേമപദ്ധതികൾക്കൊപ്പം തൊഴിൽ വാഗ്ദാനവും കാർഷിക വിളകൾക്ക് മിനിമം സഹായവില നിയമപരമായ അവകാശമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനവും അതിലുണ്ട്.
കേവല പ്രഖ്യാപനങ്ങൾക്കും വാഗ്ദാനങ്ങൾക്കും അപ്പുറത്ത് ഇവ നടപ്പിലാക്കാനുതകുന്ന എന്ത് സവിശേഷ സാമ്പത്തിക നയപരിപാടിയാണ് കോൺഗ്രസിനുള്ളതെന്ന് അവരുടെ നേതാക്കൾക്കുതന്നെ അറിവില്ലാത്ത കാര്യമാണ്. കോൺഗ്രസ് നേതാക്കളുടെ കാര്യം വിടാം. മാനിഫെസ്റ്റോ കരട് തയ്യാറാക്കിയ പ്രവീൺ ചക്രവർത്തിക്കു പോലും ഇക്കാര്യത്തിലുള്ള ബോധ്യം തുലോം കുറവാണെന്ന് കാണാം. കാർഷിക വിളകൾക്ക് മിനിമം സഹായ വില സംബന്ധിച്ച സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കാതെ മാറ്റിവെച്ചതിനു പിന്നിൽ കോൺഗ്രസ് പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ തന്നെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുറത്തിറക്കിയ മാനിഫെസ്റ്റോ -ന്യായ് പത്ര- നിരവധി വാഗ്ദാനങ്ങൾ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നുണ്ട്. വിവിധ ക്ഷേമപദ്ധതികൾക്കൊപ്പം തൊഴിൽ വാഗ്ദാനവും കാർഷിക വിളകൾക്ക് മിനിമം സഹായവില നിയമപരമായ അവകാശമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനവും അതിലുണ്ട്.
കേവല പ്രഖ്യാപനങ്ങൾക്കും വാഗ്ദാനങ്ങൾക്കും അപ്പുറത്ത് ഇവ നടപ്പിലാക്കാനുതകുന്ന എന്ത് സവിശേഷ സാമ്പത്തിക നയപരിപാടിയാണ് കോൺഗ്രസിനുള്ളതെന്ന് അവരുടെ നേതാക്കൾക്കുതന്നെ അറിവില്ലാത്ത കാര്യമാണ്.

നോട്ട് നിരോധനം പോലുള്ള ചില അസാധാരണ നടപടികൾ മാറ്റിനിർത്തിയാൽ, നരേന്ദ്ര മോദി കഴിഞ്ഞ പത്ത് വർഷമായി തുടരുന്നത് മൻമോഹൻസിംഗിന്റെ സാമ്പത്തിക നയങ്ങൾ തന്നെയാണെന്നത് കാണാൻ കഴിയും. ഇതിൽ നിന്ന് വ്യത്യസ്തമായ സാമ്പത്തിക നയപരിപാടികൾ ആവിഷ്‌കരിക്കാൻ നിലവിലെ കോൺഗ്രസിന് എത്രകണ്ട് സാധിക്കും എന്നത് സംശയമാണ്. കാരണം, 2023 ഫെബ്രുവരി 25-26 തീയ്യതികളിലായി ഛത്തീസ്ഗഢിലെ റായ്പൂരിൽ നടന്ന കോൺഗ്രസിന്റെ 85-ാം പ്ലീനറി സെഷൻ പാസാക്കിയ സാമ്പത്തിക പ്രമേയത്തിൽ ആവർത്തിച്ചുറപ്പിക്കുന്ന വസ്തുത, 1991-ൽ നരസിംഹ റാവു ഗവൺമെന്റ് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി കോൺഗ്രസ് മുന്നോട്ടുപോകും എന്നതാണ്. ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന് ആക്കം കൂട്ടിയ ഒന്നായിരുന്നു കോൺഗ്രസിന്റെ നവ ഉദാരീകരണ-സ്വകാര്യവത്ക്കരണ നയപരിപാടികൾ എന്ന് സാമ്പത്തിക മേഖലയെ സാമാന്യമായി നിരീക്ഷിക്കുന്ന ആർക്കും ബോധ്യപ്പെടുന്ന സംഗതിയാണ്.

2014-ൽ ഇന്ത്യൻ ജനത മോദിയെയും സംഘപരിവാരത്തെയും ചുമലിലേറ്റിയത് അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണത്തിൽ മനംമടുത്താണ്. കൊട്ടിഘോഷിക്കപ്പെട്ട ‘മോദി മാജിക്’ എന്തെന്ന് അവർക്ക് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഇലക്ഷൻ കമീഷനെയും വോട്ടിംഗ് മെഷീനുകളെയും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ എത്രതന്നെ ശ്രമിച്ചാലും ജനരോഷം ബി ജെ പി ഭരണത്തിനെതിരാണെന്നത് വ്യക്തമാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി തുറന്ന് പ്രതികരിക്കാൻ ജനം തയ്യാറാകുന്ന കാഴ്ചകളാണ് എങ്ങും. ഈയൊരവസരത്തിൽ ജനങ്ങളുടെ ഇച്ഛാശക്തിക്കും ആഗ്രഹങ്ങൾക്കും അനുസൃതമായി നയപരമായ തിരുത്തലുകൾ വരുത്തുന്നതിനുപകരം വ്യക്തിമഹിമകളിലും പഴയ നയപരിപാടികളിലും അഭിരമിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നതെങ്കിൽ ഒരിക്കൽ കൂടി എഴുന്നേൽക്കാൻ ത്രാണിയില്ലാത്തവിധം കോൺഗ്രസിന്റെ പതനം നിശ്ചയമായിരിക്കും.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments