മോദിയുടെ സഖ്യസർക്കാറിനെ നേരിടാൻ ലോക്സഭയിൽ രാഹുൽ?

മോദി- അമിത്ഷാ നേതൃത്വത്തിൽ ഒരു സഖ്യകക്ഷി സർക്കാറിന് എത്രത്തോളം ബാലൻസിങ്ങോടെ മുന്നോട്ടുപോകാനാകുമെന്നത് ‘ഇന്ത്യ’ സഖ്യം ഉറ്റുനോക്കുകയാണ്. ഇയൊരു സാഹചര്യത്തിലാണ്, ആരാകും ലോക്‌സഭയിലെ അടുത്ത പ്രതിപക്ഷ നേതാവ് എന്ന ചർച്ച ശ്രദ്ധ നേടുന്നത്.

Election Desk

രേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ ശനിയാഴ്ച സത്യപ്രതിഞ്ജ ചെയ്ത് അധികാരമേൽക്കും. ഇന്നലെ മോദിയുടെ വീട്ടിൽ ചേർന്ന എൻ.ഡി.എ യോഗം, അദ്ദേഹത്തെ നേതാവായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തിരുന്നു.

ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ, അമിത് ഷാ, രാജേന്ദ്ര സിങ്, ജനതാദൾ-യു അധ്യക്ഷൻ നിതീഷ് കുമാർ, തെലുഗുദേശം നേതാവ് എൻ. ചന്ദ്രബാബു നായിഡു, ശിവസനേ അധ്യക്ഷൻ ഏകനാഥ് ഷിൻഡേ, ജനതാദൾ-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി, ജനസേന പാർട്ടി മേധാവി പവൻ കല്യാൺ, ലോക് ജനശക്തി പാർട്ടി (രാംവിലാസ് പാസ്വാൻ) നതോവ് ചിരാഗ് പാസ്വാൻ, എൻ.സി.പി- അജിത് പവാർ വിഭാഗം നേതാവ് പ്രഫുൽ പട്ടേൽ തുടങ്ങിയവരാണ് യോഗത്തിലുണ്ടായിരുന്നത്.

ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നേതാക്കൾ മോദിയുടെ സത്യപ്രതിഞ്ജാചടങ്ങിനെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇത്തവണ, ഒരു സഖ്യകക്ഷി സർക്കാറായതിനാൽ, ഏറെ കലുഷിതമായ അന്തരീക്ഷമാണ് മോദി സർക്കാറിനെ കാത്തിരിക്കുന്നതെന്ന് 'ഇന്ത്യ' മുന്നണി കരുതുന്നു. ‘തൽക്കാലം’ പ്രതിപക്ഷത്തിരിക്കാനാണ് ‘ഇന്ത്യ’ മുന്നണി തീരുമാനമെങ്കിലും സർക്കാർ രൂപീകരണം അടഞ്ഞ അധ്യായമായി മുന്നണി കരുതുന്നില്ല. മോദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാറിന്റെ ഭാവി അത്ര ഭ​ദ്രമല്ലെന്ന വിലയിരുത്തലിൽ, കാത്തിരുന്ന് കാണാമെന്ന തീരുമാനത്തിലാണ് മുന്നണി.

240 സീറ്റിൽ ഒതുങ്ങിയ ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമില്ല. അതുകൊണ്ട്, ചന്ദ്രബാബു നായിഡു (16), നിതീഷ് കുമാർ (12) എന്നിവരുടെ 28 എം.പിമാരുടെ പിന്തുണ സർക്കാറുണ്ടാക്കാൻ അനിവാര്യമാണ്. ടി.ഡി.പിയിൽനിന്നും ജെ.ഡി.യുവിൽനിന്നും രേഖാമൂലമുള്ള പിന്തുണക്കത്തും ലഭിച്ചിട്ടുണ്ട്. അതിനാൽ, മോദിക്ക് തൽക്കാലം ആശയങ്കക്ക് വകയില്ല. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ജൂൺ 12നാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

നരേന്ദ്ര മോദി, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ
നരേന്ദ്ര മോദി, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ

എൻ.ഡി.എ മുന്നണിയാണ് കഴിഞ്ഞ രണ്ടു തവണയുടെ കേന്ദ്ര സർക്കാറിന് നേതൃത്വം നൽകിയിരുന്നത് എങ്കിലും, ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ, ഘടകകക്ഷികൾക്ക് ഒരുതരത്തിലും പ്രാധാന്യമുണ്ടായിരുന്നില്ലെന്നുമാത്രമല്ല, മോദി- അമിത് ഷാ നേതൃത്വം അവയെ പാർശ്വവൽക്കരിക്കുകയും ചെയ്തു.

2018-ലാണ് ടി.ഡി.പി എൻ.ഡി.എയുമായുള്ള സഖ്യം വിട്ട് യു.പി.എക്കൊപ്പം പോയത്. നിതീഷ്‌കുമാറാകട്ടെ, തരാതരം മുന്നണികളും സഖ്യങ്ങളും മാറിമാറിക്കളിച്ചുവരുന്നു. എൻ.ഡി.എയിലെ മറ്റൊരു സഖ്യകക്ഷിയായ അകാലിദൾ കർഷക നിയമങ്ങളുടെ പാശ്ചാത്തലത്തിൽ മുന്നണി വിട്ടു. ബി.ജെ.പിയുടെ ശക്തരായ സഖ്യകക്ഷികളായിരുന്ന ശിവസേന, മോദി- അമിത്ഷാ നേതൃത്വത്തിന്റെ ഇടപെടലിനെതുടർന്ന് പിളരുകയും ഒരു വിഭാഗം പുറത്തുപോകുകയും ചെയ്തു. ഇതേ നേതൃത്വം തന്നെയാണ് ഇപ്പോഴും ബി.ജെ.പി​യെ നയിക്കുന്നത് എന്നതിനാൽ, അവരുടെ നേതൃത്വത്തിൽ ഒരു സഖ്യകക്ഷി സർക്കാറിന് എത്രത്തോളം ബാലൻസിങ്ങോടെ മുന്നോട്ടുപോകാനാകുമെന്നത് ‘ഇന്ത്യ’ സഖ്യം ഉറ്റുനോക്കുകയാണ്. ഇനി 'മോദി കി സർക്കാർ', 'മോദി കി ഗ്യാരണ്ടി' എന്ന മട്ടിൽ ഒരു കേന്ദ്ര സർക്കാർ സംവിധാനത്തെയാകെ ഏകാധിപത്യപരമായ നേതൃത്വത്തിൻകീഴിലൊതുക്കാൻ മോദിക്ക് കഴിയില്ല എന്നു മാത്രമല്ല, മോദിക്ക് പരിചിതമല്ലാത്ത അനവധി വിട്ടുവീഴ്ചകൾക്കും സമവായങ്ങൾക്കും ബി.ജെ.പി നിർബന്ധിതമാകുകയും ​ചെയ്യും. ഇത്, മോദിയുടെ മൂന്നാം സർക്കാറിന് സുഗമമായ വഴിയൊരുക്കാനിടയില്ല. ഇയൊരു സാഹചര്യത്തിലാണ്, ആരാകും ലോക്‌സഭയിലെ അടുത്ത പ്രതിപക്ഷ നേതാവ് എന്ന ചർച്ച ശ്രദ്ധ നേടുന്നത്.

കോൺഗ്രസ് നേതാവ് രാഹുലിന്റെ പേരാണ് സജീവം. പാർട്ടിക്ക് 99 സീറ്റും ഇന്ത്യ മുന്നണിക്ക് 234 സീറ്റുമുള്ള സ്ഥിതിക്ക് മുൻ പാർലമെന്റിലേതിൽനിന്ന് വ്യത്യസ്തമായ അതിശക്തമായ ഒരു പ്രതിപക്ഷത്തെയാണ് മോദി സർക്കാറിന് നേരിടേണ്ടിവരിക. 'ഇന്ത്യ' മുന്നണി നേടിയ മുന്നേറ്റത്തിന്റെ പ്രധാന കാരണം രാഹുലിന്റെ പ്രതിച്ഛായയും പക്വതയാർന്ന രാഷ്ട്രീയ സമീപനങ്ങളുമാണെന്ന വിലയിരുത്തിൽ 'ഇന്ത്യ' ഘടകകക്ഷികൾ സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ, രാഹുലിന്റെ നേതൃസ്ഥാനത്തിന് എതിരുണ്ടാകാനിടയില്ല. കഴിഞ്ഞ ലോക്‌സഭയിൽ പ്രധാനമന്ത്രി മോദിക്കെതിരായ കോൺഗ്രസ് വിമർശനങ്ങളുടെ നേതൃത്വം രാഹുലിനായിരുന്നു. കോൺ​ഗ്രസ് പ്രവർത്തക സമിതിയാണ് പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. പ്രവർത്തക സമിതി യോഗത്തിന്റെ തിയതി ഇന്ന് പ്രഖ്യാപിക്കും.

2014-ലും 2019-ലും കോൺഗ്രസിന് യഥാക്രമം, 44, 52 വീതം സീറ്റാണ് ലോക്സഭയിലുണ്ടായിരുന്നത്. ലോക്‌സഭാ അംഗങ്ങളുടെ പത്തുശതമാനം അംഗബലമുണ്ടെങ്കിലേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ. അതുകൊണ്ടുതന്നെ, രണ്ടു തവണയും ലോക്‌സഭാ പ്രതിപക്ഷനേതൃസ്ഥാനം പാർട്ടിക്ക് ലഭിച്ചില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയും അധീർ രഞ്ജൻ ചൗധരിയുമാണ് പാർലമെന്റിൽ കോൺഗ്രസിന്റെ ശബ്ദമായിരുന്നത്.

Comments