ചരിത്രം രസകരമായ ഒരു സംഗതിയാണ്.
ഒന്നാമത്, തിരിഞ്ഞുനോക്കിയാൽ മാത്രമേ അതു കാണാൻ പറ്റൂ. കഴിഞ്ഞുപോയതാണല്ലോ ചരിത്രം. ഒരിക്കൽ ഹീറോ ആയിരുന്നവർ പിൽക്കാലത്ത് തമാശയായി മാറുന്നതു കാണാം. ഒരിക്കൽ തോറ്റവർ ഉയിർത്തെഴുന്നേറ്റു വരുന്നതു കാണാം. ചരിത്രത്തിനുമാത്രം സാധിക്കുന്ന കീഴ്മേൽ മറിച്ചിലാണത്. ഇന്ത്യൻ ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും കുറിച്ച് ആലോചിക്കുമ്പോൾ ചരിത്രത്തിൽനിന്നു മാത്രമേ തുടങ്ങാൻ പറ്റൂ. കാരണം, നമ്മുടെ ജനാധിപത്യം എല്ലാക്കാലത്തും ഏകാധിപത്യത്തിനെതിരായ പോരാട്ടമായിരുന്നു. അത്, ചരിത്രത്തെതന്നെ അട്ടിമറിച്ചുള്ള മാറ്റിയെഴുത്തായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത്, ലോകത്തിലെതന്നെ ഏറ്റവും പ്രതാപികളായിരുന്നു, അവർ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നു നമ്മൾതന്നെ കാൽപനികമായി വിളിച്ചവർ. അവർക്കെതിരെ മഹാത്മാഗാന്ധി പോരാട്ടത്തിനിറങ്ങിയതിനെ ക്കുറിച്ച് ആലോചിക്കുമ്പോൾ ദാവീദും ഗോലിയാത്തും തമ്മിൽ പോരിനിറങ്ങിയ രംഗം നമുക്കു വേണമെങ്കിൽ സങ്കൽപിക്കാം. എല്ലാ ശക്തിയുമുള്ള ഒരു സാമ്രാജ്യം ഒരു വശത്ത്. അർദ്ധനഗ്‌നനായൊരു സാധു മനുഷ്യനും നിരാലംബരായ ജനതയും മറുവശത്ത്. പക്ഷേ, പോരാട്ടം കനത്തു. സമവാക്യങ്ങൾ മാറിമറിഞ്ഞു. അന്തിമജയം ഗാന്ധിജിക്കൊപ്പമായിരുന്നു, ഇന്ത്യക്കൊപ്പമായിരുന്നു. ഏകാധിപത്യം ശാശ്വതമായൊരു സംവിധാനമല്ല. അതു പഴകും, ജീർണിക്കും, അഴുകും, തകരും. ലോകത്തിന്റെ എല്ലാ കോണിലും ഇതുതന്നെയാണു സംഭവിച്ചിട്ടുള്ളതും. ഇന്ത്യയിലെ അപ്രഖ്യാപിത ഏകാധിപത്യത്തിന്റെ കടയ്ക്കൽ അവർതന്നെ വെട്ടുന്ന ആദ്യത്തെ വെട്ടാണ് രാഹുൽ ഗാന്ധിയെ ജയിലിലടയ്ക്കാനുള്ള നീക്കം.
ഗുജറാത്തിലെ കോടതിയിൽനിന്ന് വിധി വന്നതിനു ശേഷം, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത് മഹത്മാഗാന്ധിയുടെ വാക്കുകളാണ്. സംഘപരിവാർ എല്ലാക്കാലവും രാഹുൽ ഗാന്ധിക്ക് എതിരായ കാമ്പയിനാണ് നടത്തിയിട്ടുള്ളത്. ആദ്യം അയാളെ ‘പപ്പു’വാക്കി. ‘വിവരമില്ലാത്ത കോമാളി’യാക്കി. കാര്യപ്രാപ്തിയില്ലാത്ത രാഷ്ട്രീയക്കാരനാക്കി. വർഷങ്ങളോളം രാഹുലും അയാളുടെ പാർട്ടിയും അതിന്റെ ദുരിതം പേരി. സംഘപരിവാറിന്റെയും അവരുടെ ചീട്ടുപിടിക്കുന്ന മാധ്യമങ്ങളുടെയും കോമാളി വിളികളെ അപ്രസക്തമാക്കാൻ രാഹുൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടന്നു. സമീപകാല ഇന്ത്യയുടെ ചരിത്രത്തിൽ ഒരു നേതാവും നടക്കാത്ത നടത്തം. പ്രത്യക്ഷത്തിൽ അത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള യാത്രയാണെന്നു തോന്നിയേക്കാം. പക്ഷേ, രാഹുൽ ഗാന്ധി എന്ന മനുഷ്യന്റെ ജീവിതദർശനം എന്താണെന്ന് ആലോചിച്ചിട്ടുള്ളവർക്ക് അതു വെറുമൊരു രാഷ്ട്രീയ നടത്തമല്ല എന്നു മനസിലാക്കാൻ എളുപ്പം സാധിക്കും.
രാഹുൽ ഗാന്ധി അടിമുതൽ മുടിവരെ ഒരു മനുഷ്യനാണ്. സഹജമായ മാനവീയതയും മനുഷ്യസ്നേഹവുമാണ് അയാളുടെ രാഷ്ട്രീയം. അല്ലായിരുന്നെങ്കിൽ സ്വന്തം പാർട്ടിയേയും ഘടകകക്ഷികളേയും പിണക്കിക്കൊണ്ട്, രാഷ്ട്രീയക്കാരെ പിന്തുണയ്ക്കുന്ന നിയമത്തിന്റെ കടലാസ് പരസ്യമായി കീറിക്കളയില്ലായിരുന്നു. രാഷ്ട്രീയത്തിൽ ക്രിമിനലുകളുണ്ടാവരുത് എന്ന നിഷ്‌കളങ്കമായ ചിന്തയായിരിക്കണം അയാളെക്കൊണ്ട് അതു ചെയ്യിച്ചത്. ഇല്ലായിരുന്നെങ്കിൽ ഇന്നു രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കപ്പെടില്ലായിരുന്നു. അയാൾക്കു ലോക്സഭയിൽ നരേന്ദ്രമോദിയുടെ നേരെ നിൽക്കാമായിരുന്നു. എതിർപ്പു പറയാമായിരുന്നു. രാഹുലിന്റെ സ്വരം ലോക്സഭയിൽനിന്നൊഴിവാക്കുന്നത് ബി.ജെ.പിയെ സംബന്ധിച്ച് രാഷ്ട്രീയ നേട്ടമാണെന്ന് അവർക്കും അനുഭാവികൾക്കും തോന്നിയേക്കാം.
പക്ഷേ, ചരിത്രം അപ്പോഴും നമ്മുടെ തലയ്ക്കു പിന്നിലുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിൽ, എല്ലാക്കാലത്തും സമരങ്ങളുണ്ടായിട്ടുള്ളത് ജനാധിപത്യം വധിക്കപ്പെടുന്ന സമയത്താണ്. ഏകാധിപത്യത്തിന് എതിരായിട്ടാണ്. സർവപ്രതാപിയായി ഇന്ദിരാഗാന്ധി ഭരിച്ച കാലത്ത് ജയപ്രകാശ് നാരായണൻ രൂക്ഷസമരം നടത്തി. സ്വതന്ത്ര ഇന്ത്യയിലെ യഥാർഥ പ്രതിപക്ഷനേതാവ് ജയപ്രകാശ് നാരായണനായിരുന്നെന്നു വേണമെങ്കിൽ പറയാം. ഇന്ത്യയുടെ എല്ലാ സിരകളിലും സമരത്തിന്റെ രക്തമോടി. തിരഞ്ഞെടുപ്പിൽ ഇന്ദിരയ്ക്ക് അടിതെറ്റി. പിൽക്കാലത്ത് ജയപ്രകാശ് നാരായണനു തുടർച്ചകളില്ലാതെ പോയി. അതിന്റെ കാരണം ശക്തരായ ഏകാധിപതികളും പിൽക്കാല ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ടില്ല. രാജീവ് ഗാന്ധിയും വി.പി. സിങ്ങും ചന്ദ്രശേഖറും നരസിംഹറാവുവും വാജ്പേയിയും മൻമോഹനും സർവശക്തരായ ഭരണാധികാരികളായിരുന്നില്ല. ആയിരുന്നെങ്കിലും അവർക്ക് ഏകാധിപതികളാകാൻ പറ്റുമായിരുന്നില്ല. ഇന്ത്യ എന്ന രാജ്യത്തിന്റെ നിലനിൽപ്പ്, അതിന്റെ ഉന്നതമായ ജനാധിപത്യ മൂല്യത്തിലാണെന്നു വിശ്വസിച്ച ഭരണാധികാരികളും രാഷ്ട്രീയക്കാരുമായിരുന്നു അവർ എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
കാലം മാറി. വാജ്പേയി പോയി. അദ്വാനി പിൻനിരയിലായി. നരേന്ദ്രമോദി അധികാരത്തിലേറി. അമിത് ഷാ ചുക്കാൻ പിടിച്ചു. ചരിത്രം പിന്നെയും അതിന്റെ തനിനിറം കാട്ടി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന് ഈ നിമിഷം നെഞ്ചിൽ കൈവെച്ചു പറയാൻ പറ്റുന്ന എത്ര പേരുണ്ടെന്ന് അറിയില്ല. സാമാന്യബോധമുള്ളവർക്ക് അതിനു സാധിക്കില്ല. ഭരണവും പണവും മാധ്യമങ്ങളും ചൊൽപ്പടിക്കു നിൽക്കുന്നൊരു കാലത്ത്, ഏതു മോദിക്കും പറ്റുന്ന കാര്യമാണ്, രാഹുലിനെ കേസിൽ കുടുക്കുക എന്നത്. കേസിന്റെ മെറിറ്റിനെക്കുറിച്ചുള്ള സംവാദങ്ങൾ അവിടെ നിൽക്കട്ടെ. ഇന്നത്തെ കലുഷിതമായ, ഭയപ്പെടുത്തുന്ന രാഷ്ട്രീയ യാഥാർഥ്യങ്ങൾ അവിടെ നിൽക്കട്ടെ.
അതിനെയെല്ലാം ഉൾക്കൊണ്ടുകൊണ്ടുതന്നെ, ഭാവിയിലേക്കു പ്രത്യാശയോടെ നോക്കാനാണ് ഞാനീ അവസരം ഉപയോഗിക്കുന്നത്. കാരണം, സംഘപരിവാർ ഇപ്പോൾ ചെയ്യുന്നത് നാളെയിലേക്ക് ഒരു നായകനെ സൃഷ്ടിക്കലാണ്. തോറ്റവരും വേട്ടയാടപ്പെട്ടവരും തിരിച്ചുവന്ന് നായകരായ ചരിത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിനുള്ളത്. ബംഗാളിന്റെ ഭരണസിരാകേന്ദ്രമായ റൈറ്റേഴ്സ് ബിൽഡിങ്ങിലേക്കുള്ള യാത്രയിൽ മമതാ ബാനർജിയുടെ തല അടിച്ചു പൊട്ടിച്ചത് ഓർമയുണ്ടാവും. ഇനി മുഖ്യമന്ത്രിയായിട്ടേ ഇവിടെ കാലുകുത്തൂ എന്നും പറഞ്ഞ് മമത പടിയിറങ്ങി. പക്ഷേ, അവർ തിരിച്ചെത്തി. വാക്കു പറഞ്ഞതുപോലതെന്നെ മുഖ്യമന്ത്രിയായി. കോൺഗ്രസിന്റെ ആന്ധ്രാപ്രദേശിലെ നേതാവായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണത്തിനുശേഷം മകൻ ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിച്ചു. ജഗനെ അന്നത്തെ കോൺഗ്രസ് കേസിൽപെടുത്തി, ജയിലിലടച്ചു. സ്വന്തം പാർട്ടിയുടെ ഒരു പ്രാദേശിക നേതാവിന്റെ, യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്ത മകനെ അതോടെ അവസാനിപ്പിക്കാം എന്നു നേതൃത്വം കണക്കുകൂട്ടി. പക്ഷേ, എന്ത് സംഭവിച്ചു?. ജഗൻ മോഹൻ പുറത്തുവന്നു. ആദ്യം പ്രതിപക്ഷനേതാവായി. പിന്നെ മുഖ്യമന്ത്രിയായി. ഇന്ന് ആന്ധ്രയിൽ തൊടാനൻ പറ്റാത്ത വിധത്തിൽ അയാൾ സ്വീകാര്യനായി. എം.ജി.ആറിന്റെ ശവഘോഷയാത്രയിൽനിന്ന് ഇറക്കിവിടപ്പെട്ട ജയലളിത പിൽക്കാലത്തു നടത്തിയ തിരിച്ചുവരവ് എത്ര ഐതിഹാസികമായിരുന്നു.
അന്യായമായി ആക്രമിക്കപ്പെട്ടവരെയും പീഡിപ്പിക്കപ്പെട്ടവരെയും ഉയിർത്തെഴുന്നേൽപ്പിച്ച പാരമ്പര്യമാണ് ഇന്ത്യൻ ജനതയ്ക്ക്. എത്രമേൽ ദ്രോഹിക്കുന്നോ, അത്രമേൽ ഹാർദവമായി ജനം കൂടെനിൽക്കുമെന്നു ചരിത്രം, അതെ ചരിത്രം, വീണ്ടുമൊരു ചെറുചിരിയോടെ ഈ നിമിഷത്തിൽ നമ്മളോടു പറയുന്നുണ്ട്.
കിടപ്പാടം പോലുമില്ലാത്ത, ഒരു വെറും ആശാരിയുടെ മകൻ ഒരുനാൾ വന്ന്, ഞാൻ ജെറുസലേമിന്റെ രാജാവാണെന്നു പറഞ്ഞു. ജനം അയാളെ എതിർത്തു. ഭരണകൂടം കൈയാമം വെച്ചു. ഹെറോദോസ് രാജാവ് വേട്ടയാടി. ചക്രവർത്തിയായ പീലാത്തോസ് കുരിശുമരണത്തിനു വിധിച്ചു. സഹസ്രാബ്ദങ്ങൾക്കിപ്പുറം ചരിത്രത്തിൽ ആരാണു ഹെറോദോസ്?. ഒരു ക്വട്ടേഷൻ ഗ്യാങ്ങിന്റെ തലവൻ. പരജായപ്പെട്ടുപോയ ഒരുത്തൻ. പീലാത്തോസോ?. ഇടയ്ക്കിടെ കൈ കഴുകുന്നൊരു കോമാളി. സീരിയസായി പറഞ്ഞാൽ തോറ്റമ്പിയൊരു വില്ലൻ. അന്ന് ജീസസ് ക്രൈസ്റ്റിന്റെ ശവഘോഷയാത്രയ്ക്കുപോലും അധികം ആളുകളുണ്ടായിരുന്നില്ല. അനുഗമിക്കാൻ ആഗ്രഹിച്ചവർപോലും ഭയന്ന് ഓടിയൊളിച്ചു. രണ്ടു കള്ളന്മാർക്കു നടുവിൽ ക്രിസ്തു മരണം വരിച്ചു.
ഇന്ന് ആരാണ് ജീസസ്?. അയാളൊരു ഹീറോയാണ്. മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടി മരണം ഏറ്റുവാങ്ങിയ നായകനാണ്. അന്ന് ദൈവത്തിന്റെ പടയാളികൾ വന്ന് ക്രിസ്തുവിനെ രക്ഷപ്പെടുത്തിയിരുന്നെങ്കിലോ?. മരിച്ച ലാസറിനെ ജീവിപ്പിച്ച ക്രസ്തുവിന് മൂന്ന് ആണികൾ തകർത്ത് കുരിശിൽനിന്ന് ഇറങ്ങിവരാൻ കഴിവില്ലാഞ്ഞിട്ടല്ലല്ലോ?. തീമഴയോ, പേമാരിയോ വന്ന് രക്ഷപ്പെട്ടിരുന്നെങ്കിലോ?.
എങ്കിൽ അന്ന്, ആ ദിവസം ക്രിസ്തു ഒരു നായകനാകുമായിരുന്നു. പക്ഷേ, പിൽക്കാലത്ത് അയാൾ ഓർമിക്കപ്പെടുകയോ, വീണ്ടെടുക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. ഇന്നും നായകനായി നിൽക്കുമായിരുന്നില്ല. കാരണം, ചരിത്രം എല്ലാക്കാലത്തും പരാജയപ്പെട്ടവരെയാണ്, നയകന്മാരായി ഉയിർത്തെഴുന്നേൽപ്പിച്ചിട്ടുള്ളത്.
അതുകൊണ്ട്, ഈ നിമിഷത്തിൽ രാഹുൽ ഗാന്ധിയോട് ഒന്നു മാത്രമേ പറയാനുള്ളൂ. നാളെ നിങ്ങൾ നായകനായേക്കും. കാലം നിങ്ങളെ ചേർത്തുപിടിക്കും. ജനാധിപത്യം നിങ്ങളെ ഉയിർത്തെഴുന്നേൽപ്പിക്കും. ഇന്ത്യയിലെ മനുഷ്യർ അത്രമേൽ അന്ധരാക്കപ്പെട്ടിട്ടില്ല. പ്രതീക്ഷയുടെ വെള്ളിവെളിച്ചങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. ആയതിനാൽ, നാളെ നായകാനാകാൻ വേണ്ടി, നിങ്ങൾ ഇന്നു പോരാടുക. പോരാളികളെ രേഖപ്പെടുത്താതെ ഒരു ചരിത്രത്തിനും കടന്നുപോകാനാവില്ല.