രാഹുലിനെക്കുറിച്ചുള്ള ചിന്ത എന്തുകൊണ്ട്​ ഇന്ത്യയെക്കുറിച്ചുള്ളതാകുന്നു?

ഏതൊക്കെ അർത്ഥത്തിലാണ് ബി.ജെ.പി- ആർ.എസ്.എസ് വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഒന്നിക്കാൻ കഴിയുക? അതിനുള്ള കാരണമായി രാഹുൽഗാന്ധിക്കെതിരായ ഭരണകൂട തീരുമാനം മാറണ്ടേതുണ്ട്.

ന്ത്യയിലെ ജനങ്ങൾ ഇപ്പോൾ എന്ത് രാഷ്ട്രീയത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്? ജനാധിപത്യത്തെ കുറിച്ചോ അതല്ല ഇന്ത്യ എന്ന മതേതര ജനാധിപത്യ രാഷ്ട്രത്തെക്കുറിച്ചോ, അതിനെ നിലനിർത്തുന്ന ഭരണഘടനയെ കുറിച്ചോ? ഇതെല്ലാം നിലനിന്നാൽ മാത്രമേ ഇന്ത്യ എന്ന രാഷ്ട്രം നിലനിൽക്കൂ. അങ്ങനെ ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നിട്ടും എന്തുകൊണ്ടാണ് ഭരണകൂടം നടത്തുന്ന നീതിരഹിതമായ പ്രവർത്തനങ്ങളോട് നാം മൗനം പാലിക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ നിലനിർത്തേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിനും ജനതയുടെ സ്വതന്ത്രമായ സാമൂഹ്യ ജീവിതത്തിനും ആവശ്യമാണ്. ഈ രണ്ട് രാഷ്ട്രീയ ടൂളുകളെ അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ നിന്ന് മാറ്റി നിർത്താൻ ഭരണകൂടം തീരുമാനിക്കുന്നിടത്ത് ഫാഷിസത്തിന്റെ തുടക്കമായി. ഇന്ത്യയിൽ അത് 2014 നു ശേഷം തുടങ്ങി ഇപ്പോഴത് സ്വയം പ്രഖ്യാപിത ഇടപെടലായി തീർന്നു.

രാഹുൽ ഗാന്ധിക്ക് എതിരെ വന്ന കോടതി വിധിക്കുശേഷം നിരവധി ചോദ്യങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇതിനു മുമ്പ് എത്രയെത്ര നേതാക്കൾ എതിർപക്ഷത്തുള്ളവരെ സമാന രീതിയിൽ സാന്ദർഭികമായി വിമർശിച്ചിട്ടുണ്ട്. അന്നൊന്നും കാണാത്ത തരത്തിലുള്ള നീതിവിചാരത്തിലേക്ക് എന്തുകൊണ്ട് രാഹുൽഗാന്ധിയുടെ പരാമർശം മാത്രം എത്തിച്ചേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറഞ്ഞുള്ള വിമർശനങ്ങൾ എന്തുകൊണ്ട് ഇത്രമാത്രം അസഹിഷ്ണുത ഉണ്ടാക്കുന്നു. അത്തരം വിമർശനം നടത്തിയവരെ അറസ്റ്റ് ചെയ്യുന്നു. അതായത് ഭരണകൂടത്തെ വിമർശിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ നിരോധിക്കപ്പെടുകയാണ്. ഒടുവിൽ പൗരാവകാശങ്ങളെ റദ്ദു ചെയ്തുകൊണ്ടുള്ള ഇത്തരം നീതിന്യായ തീരുമാനങ്ങൾ ജനാധിപത്യത്തെ പച്ചയ്ക്ക് കൊല്ലുകയാണ്. ഇതിനെയൊക്കെ ചോദ്യം ചെയ്യേണ്ട മാധ്യമങ്ങൾ എന്തൊരു നിശ്ശബ്ദതയിലാണ്. ഇനി പ്രതീക്ഷ സാധാരണ ജനങ്ങളിൽ മാത്രമാണ്. അവരിപ്പോൾ എന്താണ് ചിന്തിക്കുന്നുണ്ടാവുക?

രാജ്യത്ത് എപ്പോഴൊക്കെ ജനാധിപത്യത്തിനെതിരെ ഭരണകൂടം നിലപാട് സ്വീകരിച്ചോ അപ്പോഴൊക്കെ പൗരസമൂഹം ശബ്ദിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ പഠനാനന്തരം സംഭവിക്കുന്നതല്ല. മറിച്ച്, സ്വാതന്ത്ര്യ സമരത്തോടുകൂടി രൂപപ്പെട്ട ജനാധിപത്യ ബോധത്തിലൂടെ രൂപപ്പെട്ടതാണ്. പല കാലത്തും സന്ദർഭങ്ങളിലും മതേതര ബഹുസ്വര സാമൂഹിക പോരാട്ടങ്ങളിലേക്ക് ഇത്തരം ചിന്താമനുഷ്യർ എത്തിച്ചേർന്നിട്ടുണ്ട്. അതാത് കാലത്ത് അതിന് നേതൃത്വം ഉണ്ടായെങ്കിലും ജനാധിപത്യത്തിന്റെ പാരമ്പര്യങ്ങളിൽ നിന്ന്​ നിരന്തരം വികാസം പ്രാപിച്ചതാണ് അതിന്റെ രാഷ്ട്രീയ സ്വത്വം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മഹാത്മാഗാന്ധിയുടെ സാമൂഹിക ഇടപെടലുകളാണ്. ജനാധിപത്യപരമായി അദ്ദേഹം നടത്തിയ ഇടപെടലുകൾ സാധാരണ മനുഷ്യരിലേക്കാണ് എത്തിച്ചേർന്നത്. ആ പാരമ്പര്യത്തിന്റെ തണലിൽ നിന്നുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയെ പലരീതിയിലും ഭരിച്ചുതീർത്തത്. അതിന്റെ അവസാനം 2014ലെ തെരഞ്ഞെടുപ്പ് ഫലത്തിൽ എത്തുമ്പോൾ തകർന്നുപോയത് കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം മാത്രമല്ല ജനാധിപത്യം കൂടിയാണ്.

ഒടുവിൽ പലരീതിയിലും തകർന്നു തരിപ്പണമായ കോൺഗ്രസിനു മുന്നിൽ ശുഭ സൂചനയായി മാറിയ മനുഷ്യന്റെ പേരാണ് രാഹുൽ ഗാന്ധി. അധികാരത്തിന്റെ കുപ്പായം അഴിച്ചുവെച്ച് തെരുവിലേക്കിറങ്ങിയപ്പോൾ അയാൾ പുതിയ നേതൃത്വ മനുഷ്യനായി മാറുകയായിരുന്നു. കോൺഗ്രസിന്റെ രാഷ്ട്രീയ ലാഭത്തിനപ്പുറത്തേക്ക് ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിച്ച ഇന്ത്യയിലെ ഭൂരിപക്ഷ ജനങ്ങളും രാഹുൽ ഗാന്ധിയിൽ പുതിയ പ്രതീക്ഷകൾ പ്രകടിപ്പിക്കാൻ തുടങ്ങി. ഇത് കോൺഗ്രസിന്റെ രാഷ്ട്രീയ വിജയമല്ല എന്ന് നിസ്സംശയം പറയാൻ കഴിയും. എന്നാൽ ജോഡോ യാത്ര മതേതര ജനാധിപത്യ വിശ്വാസമുള്ള ഇന്ത്യയിലെ പാവപ്പെട്ട മനുഷ്യർക്ക് നൽകിയ പ്രതീക്ഷ ചെറുതല്ല. അധികാരത്തിന്റെ സുഖം നഷ്ടമായപ്പോൾ തറവാട്ടിനോട് വിട പറഞ്ഞ എത്രയെത്ര നേതാക്കൾ. അവർ സൃഷ്ടിച്ച രാഷ്ട്രിയ ആഘാതങ്ങളെ രാഹുൽ ഗാന്ധി പരിഹരിച്ചത് മണ്ണിൽ ചവിട്ടിക്കൊണ്ടാണ്. ഇന്ത്യയിലെ സാധാരണ മനുഷ്യർ എന്തുമാത്രം ആവേശത്തോടെയാണ് അതിനെ സ്വീകരിച്ചത്. അവരിൽ ഭൂരിപക്ഷത്തിനും മതമുണ്ട്, ജാതിയുണ്ട്, വിശ്വാസപരമായ പരിമിതികളുണ്ട്. എന്നിട്ടും അവർ ഒരു രക്ഷകനെ കാണുകയായിരുന്നു. കഴിഞ്ഞ 8 വർഷത്തിനു ശേഷം രാഹുൽ ഗാന്ധി റോഡിലേക്ക് ഇറങ്ങിയത് വെറുതെ കൈവീശി നടക്കാനല്ല എന്ന് തിരിച്ചറഞ്ഞവർ അന്നേ അസ്വസ്ഥരായിരുന്നു. ഇല്ലാത്ത കോവിഡിന്റെ പേര് പറഞ്ഞ് വഴിയിൽ തടസ്സം തീർക്കാൻ കാരണം, എന്താണെന്ന് ഇപ്പേഴെങ്കിലും ബോദ്ധ്യമായല്ലോ.

ആ നടത്തത്തെ ആദ്യം ഭയപ്പെട്ടത് ഹിന്ദുത്വ ഭരണകൂടമാണ്. അനായാസമായി 2024ലെ തിരഞ്ഞെടുപ്പിനെ കയ്യിലെടുക്കാം എന്ന പ്രതീക്ഷക്ക് ഏറ്റ അപകടകരമായ നടത്തമായിരുന്നു രാഹുൽ ഗാന്ധിയുടെത്. ഈ യാത്ര കോൺഗ്രസിനകത്തെയും പുറത്തെയും ജനാധിപത്യ മതേതര സമൂഹത്തെ പുത്തൻ ആവേശത്തിലേക്കാണ് നയിച്ചത്. അതാകട്ടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് പുറത്ത് വരുന്ന തെരഞ്ഞെടുപ്പിലെ ബദൽ ഐക്യത്തെ രൂപപ്പെടുത്തുമെന്ന ഭയമാണ് ഇപ്പോൾ രാഹുൽ ഗാന്ധിയെ ലോക്​സഭയിൽ നിന്ന്​ എടുത്തുമാറ്റിയത്. ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെ നേതൃത്വപരമായും ഘടനാപരമായും തകർത്തുകൊണ്ട് കോൺഗ്രസ് മുക്ത ഇന്ത്യ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലെത്താൻ രാഹുൽ ഗാന്ധി ഉണ്ടാക്കുന്ന തടസ്സം ചെറുതല്ല. അത് പാർലിമെന്റിന് പുറത്തല്ല അകത്താണ്. അകത്തെ ശബ്ദത്തെ നിരോധിക്കാൻ വേര് മുറിക്കലല്ല, പിഴുതെടുക്കലാണ് ആവശ്യം എന്ന തിരിച്ചറിവ് കൂടി ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലുണ്ട്. ഈ സമയത്ത് എന്താണ് ഇന്ത്യൻ ജനതയ്ക്ക് ചെയ്യാനുള്ളത്? അത് മറ്റൊന്നുമല്ല. തെരുവുകളും നഗരങ്ങളും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിറഞ്ഞൊഴുകണം.

തന്റെ യാത്രയിലൂടെ രാഹുൽ ഗാന്ധി നിർവഹിച്ച രാഷ്ട്രീയ ഉത്തരവാദിത്വം കോൺഗ്രസിന്റെ മാത്രം കണക്കിൽ ഉൾപെടുത്തേണ്ടതില്ല. മറിച്ച്, ആസന്നമായ തിരഞ്ഞെടുപ്പിൽ പല കാരണത്താൽ ഒരു ബദൽ രാഷ്ട്രീയത്തെ അവതരിപ്പിക്കാൻ കഴിയാത്തവർക്ക് മുമ്പിൽ ഇന്ത്യ എന്താണ് ആഗ്രഹിക്കുന്നത് എന്ന് കാണിച്ചു കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആ കാഴ്ച നിലവിലെ ഏകാധിപത്യപരമായ ഭരണകൂട വാഴ്ചയെ എത്ര കണ്ട് ഇന്ത്യൻ ജനത വെറുക്കുന്നു എന്നു സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. ഞങ്ങൾ ഒരു ജനാധിപത്യ രാഷ്ട്രത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു എന്ന് കാണിച്ചു കൊടുത്തിട്ടുണ്ട് ഈ യാത്ര. ആ ചിത്രത്തെ അത്ര എളുപ്പത്തിൽ കണ്ടില്ലെന്ന് നടിക്കാൻ ഒരു രാഷ്ട്രീയ വിദ്യാർത്ഥിയും കഴിയില്ല. ഈ യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് 2024 തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിഞ്ഞാൽ നിലവിലെ ഫാഷിസ്റ്റ് ഭരണത്തിന് തുടരാൻ കഴിയില്ല. ആ തിരിച്ചറിവുണ്ടാകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇനിയെങ്കിലും തിരിച്ചറിയാൻ ഇന്ത്യയിലെ ജനാധിപത്യ സമൂഹത്തിന് കഴിയേണ്ടതുണ്ട്. ഫാഷിസ്റ്റ് ഭരണകൂടത്തിന് അത് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദ് ചെയ്തതിനു ശേഷം നടക്കുന്ന പൊതു പ്രതികരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയണം. രാജ്യം ഏകാധിപത്യത്തിന്റെ വഴിയിലേക്ക് അതിവേഗതയിൽ മുന്നേറുകയാണ്. ഈ തിരിച്ചറിവ് പൗരന്മാരെ ഭയപ്പെടുത്തുകയും ആ ഭയത്തിൽ നിന്ന് പ്രതിരോധ രാഷ്ട്രീയബോധം ശക്തി പ്രാപിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന് പകരം ഫാഷിസം ശക്തിപ്പെടുമ്പോൾ ഹിന്ദുത്വത്തിന്റെ പ്രഖ്യാപിത അജണ്ടകൾ നടപ്പിലാക്കുന്നത് ഭരണകൂടം മാത്രമായിരിക്കില്ല. ഭരണകൂടത്തിന് ഓശാന പാടുന്ന ഹിന്ദുത്വവാദികൾ കൂടിയായിരിക്കും. ഇത് മതേതര ജനാധിപത്യം അവകാശങ്ങളെ കശാപ്പ് ചെയ്യും. അതിനുമുമ്പ് നമുക്ക് എന്തുചെയ്യാൻ കഴിയും എന്ന് ചിന്തിക്കേണ്ടതുണ്ട്. അതിനാവശ്യമായ ആശയപരമായ ഒന്നിപ്പിനുള്ള അവസരം കൂടിയാണ് ഇപ്പോൾ സംജാതമായിട്ടുള്ളത്. ഏതൊക്കെ അർത്ഥത്തിലാണ് ബി.ജെ.പി- ആർ.എസ്.എസ് വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഒന്നിക്കാൻ കഴിയുക അതിനുള്ള കാരണമായി രാഹുൽഗാന്ധിക്ക് എതിരെയുള്ള ഭരണകൂട തീരുമാനം മാറണ്ടേതുണ്ട്. അങ്ങനെയാണ് ഇപ്പോൾ നമ്മൾ ചിന്തിക്കേണ്ടത്.

Comments