ഗൗതം അദാനിയുടെ കീഴിലുള്ള വ്യവസായ സ്ഥാപനങ്ങൾ ഓഹരി മേഖലയിൽ നടത്തുന്ന തിരിമറികളെ സംബന്ധിച്ച ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തിറങ്ങിയിട്ട് രണ്ടുമാസം പൂർത്തിയാകുകയാണ്. ഈ കാലയളവിൽ അദാനി വ്യവസായ സാമ്രാജ്യത്തിനുവേണ്ടി നരേന്ദ്ര മോദി സർക്കാർ നടത്തിയ വഴിവിട്ട സൗജന്യങ്ങളെക്കുറിച്ച് വലിയ തോതിൽ ചർച്ച ഉയരുകയും ചെയ്തു. ഗൗതം അദാനിയുടെ ഓഹരി വിപണിയിലെ കൃത്രിമത്വങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഫലനം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയിൽ സെബി, ഇ.ഡി തുടങ്ങിയ നിയന്ത്രണ- അന്വേഷണ ഏജൻസികൾ സമ്പൂർണ മൗനം പാലിക്കുകയും പാർലമെന്റിൽ ഇക്കാര്യം ചർച്ച ചെയ്യാതിരിക്കാൻ ഭരണകക്ഷികൾ ആസൂത്രിതമായി ഇടപെടുകയും ചെയ്യുന്നത് നാം കാണുന്നു.
രാജ്യത്ത് നാളിതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള, അതിവിപുലമായ ഒരു സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് സംയുക്ത പാർലമെന്ററി കമ്മിറ്റിയോ, ജുഡീഷ്യൽ കമ്മിറ്റിയോ അന്വേഷിക്കണമെന്ന ന്യായമായ ആവശ്യത്തെ ഭരണകൂടം ഭയപ്പെടുന്നുണ്ട് എന്നതാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തിറങ്ങി അറുപത് ദിവസങ്ങൾ പിന്നിടുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി ഇതേക്കുറിച്ച് ഒരു വാക്കുപോലും ഉരിയാടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എന്നാൽ, ഈ അറുപത് ദിനങ്ങൾക്കുള്ളിൽ രാജ്യത്ത് നടന്ന ചില സംഭവങ്ങൾ അങ്ങേയറ്റം ആശങ്കയുളവാക്കുന്നതും ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നതുമാണെന്ന് പറയേണ്ടതുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേത് മാത്രമാണ് രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്ത് കോടതിയുടെ വിധിപ്രസ്താവം.
അദാനി വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാതിരിക്കുന്നതിനായി ഭരണപക്ഷത്തിലെ അംഗങ്ങൾ നിരന്തര ശ്രമങ്ങൾ സഭയ്ക്കകത്ത് നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ, മറ്റൊരു ഭാഗത്ത് ആസൂത്രിതമായ പല നിഗൂഢ പ്രവർത്തനങ്ങൾക്കും ഭരണകൂടത്തിന്റെ ആശീർവ്വാദത്തോടെയുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് വേണം സംശയിക്കാൻ. അതിലൊന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട്, അതിസുരക്ഷാ വലയത്തിന്റെ അകമ്പടിയോടെ കശ്മിരിൽ എത്തിയ കിരൺ പട്ടേലിനെ ജമ്മു കശ്മീർ ജില്ലാ മജിസ്ട്രേറ്റ് അറസ്റ്റ് ചെയ്ത സംഭവമാണ്. ഇന്ത്യൻ പ്രധാനമന്ത്രിയും ബി.ജെ.പി നേതാക്കളും ഉൾപ്പെടുന്ന വലിയൊരു സൗഹൃദവലയത്തിന്റെ ഉടമയാണ് ഗുജറാത്ത് സ്വദേശിയായ കിരൺ പട്ടേൽ എന്നതും കഴിഞ്ഞ ഏതാനും ആഴ്ചകളായി മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി ഇയാൾ ആശയ വിനിമയം നടത്തുകയായിരുന്നുവെന്നും ഉള്ള വാർത്ത അങ്ങേയറ്റം ഞെട്ടലോടെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. പുൽവാമയിലെ മുൻ ഡി.എസ്.പി ദേവീന്ദർ സിംഗിന്റെ അറസ്റ്റുമായി നിരവധി സാദൃശ്യങ്ങൾ കിരൺ പട്ടേലിന്റെ കാര്യത്തിൽ കാണാൻ കഴിയും. ഭരണകൂട പരാജയങ്ങളും അഴിമതികളും മറച്ചുവെക്കാൻ സൈനികരുടെയും രാജ്യത്തെ ജനങ്ങളുടെയും ജീവൻകൊണ്ട് പന്താടുന്ന തീക്കളിയാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടതുണ്ട്.
സമാന രീതിയിൽ ഖാലിസ്ഥാൻ വാദം ഉന്നയിച്ച് അമൃത്പാൽ സിംഗ് എന്ന യുവാവ് പഞ്ചാബിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്നിലും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ കൈകളുണ്ടെന്നത് ദിവസം കഴിയുന്തോറും വ്യക്തമാക്കപ്പെടുകയാണ്. കർഷക സമരത്തിൽ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിച്ച, പഞ്ചാബി ഗായകൻ ദീപ് സിദ്ദുവിന്റെ ആരാധകൻ കൂടിയാണ്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായുള്ള ദീപ് സിദ്ദുവിന്റെ ബന്ധം മാധ്യമലോകം പുറത്തുകൊണ്ടുവന്നതുമാണ്. കൊല്ലപ്പെട്ട ദീപ് സിദ്ദുവിന്റെ പിന്തുടർച്ചാവകാശി എന്ന നിലയിലാണ് വളരെ ചുരുങ്ങിയ നാൾകൊണ്ട് ഖാലിസ്ഥാൻ വാദവുമായി അമൃത്പാൽ എന്ന യുവാവ് പഞ്ചാബ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ബി.ജെ.പിയുമായി ഐക്യപ്പെട്ട അകാലിദൾ പാർട്ടിയെ പഞ്ചാബ് രാഷ്ട്രീയത്തിൽ അപ്രസക്തമാക്കിയതും കർഷക സമരത്തിൽ സിഖ് സമൂഹം വഹിച്ച പങ്കും കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും തെല്ലൊന്നുമല്ല അങ്കലാപ്പിലാക്കിയിരിക്കുന്നത്. അമൃത്പാലിനെ ഉപയോഗപ്പെടുത്തി പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് വഴിയൊരുക്കുന്നതോടൊപ്പം നിലവിൽ സർക്കാർ നേരിടുന്ന ചോദ്യങ്ങളെ വഴി തിരിച്ചുവിടാനും കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നുണ്ടെന്നത് വസ്തുതയാണ്.
പ്രതിപക്ഷ നിരകളിൽ നിന്ന്, പ്രത്യേകിച്ചും കോൺഗ്രസ് നേതൃത്തിൽ നിന്ന്, കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും എതിരായി വസ്തുതാപരമായ ചോദ്യങ്ങൾ നിരന്തരം ഉന്നയിക്കുന്ന ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി നേടിയെടുത്ത രാഷ്ട്രീയ പ്രതിച്ഛായ സംഘപരിവാർ ഭരണകൂടത്തെ വിറളി പിടിപ്പിക്കുന്നുണ്ടെന്നതും യാഥാർത്ഥ്യമാണ്. രാഹുൽ ഗാന്ധിയുടെ കേംബ്രിഡ്ജ് പ്രസംഗത്തെ മുൻനിർത്തി, അദ്ദേഹ മാപ്പ് പറയണം എന്നാവശ്യപ്പെട്ട്, പാർലമെന്റിൽ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കാതിരിക്കുന്നതും സംഘപരിവാറിന്റെ സോഷ്യൽ മീഡിയ ബ്രിഗേഡ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം നുണകൾ പ്രചരിപ്പിക്കുന്നതും പല രീതിയിൽ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയപ്പോഴാണ് പഴയൊരു കേസ് കുത്തിപ്പൊക്കി രണ്ട് വർഷത്തെ തടവ് ശിക്ഷ നൽകാൻ ഗുജറാത്ത് കോടതി തയ്യാറായത്.
പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കെതിരെ വിലകുറഞ്ഞ പ്രസ്താവനകൾ നിരന്തരം നടത്തിക്കൊണ്ടിരുന്ന പ്രധാനമന്ത്രി, കോൺഗ്രസ് ഹഠാവോ, ദേശ് ബചാവോ എന്ന മുദ്രാവാക്യം ഉയർത്തിയ വ്യക്തി, തനിക്കെതിരെ ഉയരുന്ന പ്രചരണങ്ങളിൽ വിറളിപൂണ്ട് നിൽക്കുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്. ഫാഷിസത്തിന്റെ ഏറ്റവും വലിയ സവിശേഷത എന്നത് അധികാര നഷ്ടത്തെക്കുറിച്ചുള്ള ഭയമാണ്. അത്തരമൊരു ഭയം നരേന്ദ്ര മോദിയെ പിടികൂടിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ ഭയം ഒട്ടും ആശാസ്യകരമല്ലാത്ത സാഹചര്യങ്ങളിലേക്ക് രാജ്യത്തെയും പൗരന്മാരെയും എത്തിക്കുമോ എന്നതാണ് ഇന്ത്യൻ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവരുടെ ആശങ്ക.