ആർ.എസ്.എസ് ജനാധിപത്യത്തെ ഭയക്കുന്നു എന്നല്ല, വെറുക്കുന്നു എന്നാണ് പറയേണ്ടത്. ആ സംഘടനയുടെ "ജീൻ' അതാണ്. എങ്കിൽ, ആ വെറുപ്പ് നമ്മെ ജനാധിപത്യവാദികളാക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്നത് വാസ്തവത്തിൽ നമ്മെ അമ്പരപ്പിക്കുന്നില്ല, കാരണം തിരഞ്ഞെടുത്ത ബി.ജെ.പി. ഇതര സർക്കാരുകളെ ആർ.എസ്.എസ് /ബി.ജെ.പി അധികാരത്തിലെത്തിയതിന് പിറകെ അട്ടിമറിച്ചിട്ടുണ്ട്. എന്നാൽ, ഞാൻ മനസിലാക്കുന്നത് ഇന്ത്യ ജനാധിപത്യപരമായിത്തന്നെ ഇതിനെ മറികടക്കുന്നു എന്നു തന്നെയാണ്. അതായത്, ജനാധിപത്യത്തെ ഭരണകൂടത്തിന്റ (ആർ എസ് എസ് /ബി ജെ പി ) താല്പര്യത്തിൽ നിന്ന് വിമുക്തമാക്കുന്ന ഒരു ജനരാഷ്ട്രീയം ഇതിനകം ഇന്ത്യയിൽ രൂപംകൊണ്ടുവെന്നുതന്നെ ഞാൻ കരുതുന്നു. രാഹുൽ ഗാന്ധിയുടെ സമീപകാലത്തെ രാഷ്ട്രീയ ഇടപെടൽ അങ്ങനെ ഒന്നായിരുന്നു.
ഇന്ത്യൻ സാമൂഹ്യ സാഹചര്യത്തിൽ ഇന്ന് നിലനിൽക്കുന്ന രാഷ്ട്രീയാധിപത്യം, കൃത്യമായി പറഞ്ഞാൽ ആർ.എസ്.എസ്, സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ നായകത്വം (hegemony), പെട്ടെന്നു തന്നെ, വലിയൊരു പങ്ക് മാധ്യമങ്ങളെയും അതേ പ്രത്യയശാസ്ത്രത്തിന്റെ സംഭവവിവരണകലകൾ നിർമ്മിക്കുന്നതിലേക്ക് നയിക്കുകയായിരുന്നു എന്ന് നമുക്കറിയാം. (ആർ.എസ്.എസ് മാധ്യമങ്ങൾ വിലയ്ക്കു വാങ്ങുന്നു, ഭയപ്പെടുത്തുന്നു എന്നതിനും അപ്പുറത്തേയ്ക്ക് ഇത് കടന്നുപോകുന്നു). എന്നാൽ, അതേ പ്രത്യയശാസ്ത്രത്തിന്റെ "നിയമവ്യവസ്ഥ"യിൽ പ്രധാനമായ ഒന്നിനെ, ‘ഏറ്റവും അർഹമായത് അതിജീവിക്കുമെന്ന സിദ്ധാന്ത’ത്തെ (survival of the fittest) പ്രച്ചന്നമായി പ്രചരിപ്പിക്കുന്ന തിരക്കിലേക്ക് മാറുകയായിരുന്നു നമ്മുടെയും മാധ്യമങ്ങൾ. അതേ നറേറ്റീവിൽ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു പ്രതിപക്ഷ രാഷ്ട്രീയവും. ഇത് കൃത്യമായി തിരിച്ചറിഞ്ഞത് രാഹുൽ ഗാന്ധിയാണ്. അതുകൊണ്ടുതന്നെ അയാൾ നമ്മുടെ കാലത്തെ അസാധാരണനായ രാഷ്ട്രീയ നേതാവാണ്.
ഫാഷിസം ഒരു ഭരണകൂട സംവിധാനം മാത്രമല്ല, വ്യക്തിയിൽ ജനാധിപത്യ ഇച്ഛയെ കെടുത്തുന്ന മനോഘടന കൂടിയാണ്. രാഹുൽ ഗാന്ധിയുടെ പദയാത്രയെ ഹോളിവുഡ് നടൻ ജോൺ കുസാക്ക് പിന്തുണച്ച് എഴുതിയത് ശ്രദ്ധേയമാണ്. ലോകത്തെ തന്നെ ഫാഷിസത്തിനെതിരെയുള്ള സമരങ്ങൾക്കുള്ള പിന്തുണയായാണ് ഭാരത് ജോഡോ യാത്രയെ കുസാക്ക് കണ്ടത്.
തീർച്ചയായും, ഇന്ത്യ ആർ എസ് എസ് രാഷ്ട്രീയനേതൃത്വത്തിനെതിരെ നീങ്ങുക തന്നെയാണ്. ‘അധികാരവും നിയമവും തമ്മിലുള്ള ബന്ധത്തിന്റെ വിമർശനാത്മക പരിസരമാണ് ഗാന്ധിയൻ ആത്മീയതയുടെ അടിസ്ഥാനം’ എന്നും ‘പരമമായ സത്യത്തിലുള്ള വിശ്വാസം പരമമായ അധികാരത്തിലേക്കുള്ള വഴിയാണെന്നും അക്രമത്തിലൂടെയല്ലാതെ അധികാരത്തിനു നിലനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം (ഗാന്ധി) തിരിച്ചറിഞ്ഞു” എന്നും ഡോ. ബർട്ടൺ ക്ലീറ്റസ്, മലയാളം വാരികയിൽ ‘നീതി എന്ന സങ്കൽപ്പവും ഗാന്ധിയുടെ സത്യാന്വേഷണവും’ എന്ന ലേഖനത്തിൽ ഈയിടെ എഴുതിയിരുന്നു(2022 October 3). അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യത്തെ വിലമതിക്കുമ്പോൾ സമൂഹത്തിൽ അധികാരികൾ നടപ്പാക്കിയ നിയമവ്യവസ്ഥകളെയാണ് ഗാന്ധി ധിക്കരിക്കാനും വെല്ലുവിളിക്കാനും മാറ്റാനും ഒരുമ്പെട്ടത് എന്നും ലേഖകൻ സൂചിപ്പിക്കുന്നു. നിയമങ്ങൾ അവയുടെ യാന്ത്രികതയിൽ നിന്നല്ല മനുഷ്യർ തമ്മിലുള്ള ആത്മബന്ധത്തിൻറെ ഉടമ്പടിയായാണ് ഗാന്ധി കണ്ടതെന്നും അദ്ദേഹം എഴുതുന്നുണ്ട്. ഇതെല്ലാം രാഹുൽ ഗാന്ധിയുടെ സമീപകാലത്തെ രാഷ്ട്രീയ ഇടപെടലുകളിൽ കാണാനാകും. ആർ എസ് എസ് നേരിടുന്നത്, (അധികാരം ഉള്ളതുകൊണ്ടു മാത്രം) അത്തരമൊരു രാഷ്ട്രീയത്തെയാണ്.
നാം ചെയ്യേണ്ടത് ആർ.എസ്.എസിന്റെ കോളനി ആവാതിരിക്കലാണ് - ഏത് നിർഭാഗ്യങ്ങളിലും.