രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ധൃതി പിടിച്ച് റദ്ദാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഈ നടപടിയിൽ കേവലമായ ജനാധിപത്യ വിരുദ്ധത മാത്രമല്ല നമുക്ക് കാണാനാവുക. ഈ നടപടിയിൽ ഫാഷിസ്റ്റ് കാലൊച്ച കേൾക്കാൻ കഴിയും. ഇന്ത്യൻ ജനാധിപത്യം ഇന്ന് അകപ്പെട്ടുകഴിഞ്ഞിട്ടുള്ള അഗാധമായ പ്രതിസന്ധിയുടെയും നേരിടുന്ന വെല്ലുവിളിയുടെയും സൂചന രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ കാണാം. തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് ഇപ്പോൾ അദ്ദേഹത്തിനെതിരായിട്ടുള്ള നടപടി ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും നടപടികളെ വിമർശിക്കാൻ ഉപയോഗിച്ച ഒരു വാക്കിനെ ദുർവ്യാഖ്യാനിച്ചുകൊണ്ടാണ് ഇപ്പോഴത്തെ നടപടിയിലേക്ക് കാര്യങ്ങളെത്തിയിട്ടുള്ളത്. പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും എതിരായ എല്ലാ വിമർശനങ്ങളെയും എങ്ങനെയും നിശബ്ദമാക്കുക എന്ന മനോഭാവമാണ് നമുക്ക് കാണാനാവുക. ജനാധിപത്യത്തെ അർഥശൂന്യമാക്കുന്ന അസഹിഷ്ണുതയുടെ പരകോടിയാണിത്.
ഒരു അവസരം കിട്ടാൻ കാത്തുനിന്നതു പോലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇപ്പോൾ പ്രവർത്തിച്ചിരിക്കുന്നത്. ഈ നടപടി സൃഷ്ടിക്കുന്ന ആപത്തിന്റെ ഗൗരവം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തോട് വിയോജിക്കുന്നവർക്കും അദ്ദേഹത്തെ അയോഗ്യനാക്കിയ ഈ നടപടിയുടെ പിന്നിൽ പതിയിരിക്കുന്ന ഫാഷിസ്റ്റ് മനോഭാവത്തെ തരിമ്പും അംഗീകരിക്കാനാവില്ല. ഇന്ത്യൻ ജനാധിപത്യം അതിന്റെ ചരിത്രത്തിൽ അഭൂതപൂർവമായ വെല്ലുവിളികളിലൂടെ കടന്നുപോവുകയാണ്. ഇതിനെ പ്രതിരോധിച്ചില്ലെങ്കിൽ, ജനാധിപത്യവും അത് ഉറപ്പുനൽകുന്ന അവകാശങ്ങളുമൊന്നും ഇവിടെ അവശേഷിക്കുകയില്ല. അതിനാൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഉറച്ച, കഴിയാവുന്നത്ര ഉച്ചത്തിലുള്ള പ്രതിഷേധം ഉയർന്നുവരണം.