ഇന്ത്യൻ ജനാധിപത്യം പരിപൂർണമായി അട്ടിമറിക്കുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന്റെ ലക്ഷ്യം. രാഹുൽഗാന്ധി പാർലമെന്റിലും പൊതുജനങ്ങളുടെ മുന്നിലും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പാർലമെന്റിൽ ഇന്ന് ബി.ജെ.പി സമരം ചെയ്തത്. വിഷയത്തിൽ പാർലമെന്റിൽ തന്നെ മറുപടി പറയാമെന്ന് രാഹുൽ ഗാന്ധി ഔദ്യോഗികമായി സ്പീക്കർക്ക് എഴുതികൊടുത്തതാണ്. എന്നാൽ ന്യായമായ ഈ അവസരം നിഷേധിക്കുകയാണ് ചെയ്തത്. ജനാധിപത്യലക്ഷ്യങ്ങളെ അട്ടിമറിക്കുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ.
അദാനി വിഷയത്തിൽ മോദിയുടെ പങ്കിനെക്കുറിച്ച് പ്രതിപക്ഷം കഴിഞ്ഞ പല പാർലമെൻറ് സമ്മേളനങ്ങളിലും നിരന്തരം ചർച്ച ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ ജോയിൻറ് പാർലമെൻറ് കമ്മിറ്റി എന്ന ആവശ്യത്തെ പോലും സർക്കാർ നിരാകരിക്കാനാണ് ശ്രമിച്ചത്. പാർലമെന്റിൽ ഇനിയും ഈ വിഷയങ്ങളിലൊക്കെ രാഹുൽഗാന്ധിയുടെ ഗൗരവപരമായ പരാമർശങ്ങൾ ഉണ്ടായേകുമെന്ന ഭയത്തിൽ നിന്നാണ് മോദി സർക്കാർ രാഹുൽ ഗാന്ധിക്കെതിരെ പ്രവർത്തിക്കുന്നത്. ജെ.പി.സി എന്ന ആവശ്യത്തെയും വിദേശ രാജ്യത്ത് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെക്കുറിച്ചും വിശദീകരിക്കാനുള്ള അവസരം പോലും അദ്ദേഹത്തിന് പാർലമെന്റിൽ നിഷേധിക്കുകയാണുണ്ടായത്. പാർലമെന്റി ജനാധിപത്യത്തിൽ ട്രഷറി ബെഞ്ചിന് വലിയ പ്രാധാന്യമുണ്ട്. അവരാണ് യഥാർത്ഥത്തിൽ സർക്കാർ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്ക് വഹിക്കേണ്ട ആളുകൾ. പക്ഷേ അവർ തന്നെ ഇതിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടു കൂടി പാർലമെൻറ്നടപടികൾ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള നടപടികളുമായാണ് കഴിഞ്ഞ ദിവസത്തിൽ മുന്നോട്ട് പോകുന്നത്. അദാനി വിഷയവുമായി ബന്ധപ്പെട്ട് ഹിൻഡൻബെർഗ് പുറത്തുവിട്ട കണക്കുകൾ ഈ രാജ്യത്തെ സാധാരണക്കാരുടെ പണം കവർന്നെടുക്കാൻ ശ്രമിക്കുന്നതിനെ വ്യക്തമാക്കുന്നതായിരുന്നു. ഭരണകൂടത്തിന്റെ ഒത്താശയോടെ കൂടി എല്ലാ ആനുകൂല്യങ്ങളും നേടിയെടുക്കുന്ന അദാനിക്കെതിരെയുള്ള പോരാട്ടത്തിലാണ് ജോയിൻറ് പാർലമെൻറ് കമ്മിറ്റിയെന്ന ആശയം ഞങ്ങൾ മുന്നോട്ടുവെച്ചത്. ഈ ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചുതന്നെ നിൽക്കും.