രാഹുൽ തിരിച്ചെത്തിയ ലോക്​സഭ

രാഹുല്‍ ഗാന്ധിയില്ലാത്ത ലോക്‌സഭയെന്നത് ബി ജെ പിയുടെ ഉല്‍ക്കടമായ ഒരാഗ്രഹമാണ്. രാഹുലിനെ രാഷ്ട്രീയമായി പരിക്കേല്‍പിക്കുന്നതിലൂടെ പ്രതിപക്ഷനിരയെ മുഴുവന്‍ നിരാലംബരാക്കാം എന്നാണ് ബി ജെ പി കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ കൂടുതല്‍ കരുത്തനായി രാഹുല്‍ ലോക്​സഭയിലേക്ക് മടങ്ങിയെത്തുമ്പോള്‍ അത് ബി ജെ പിയുടെ അതിരുകടന്ന ആത്മവിശ്വാസത്തിനാണ്​ ആഘാതമേൽപ്പിക്കുന്നത്​.

രാഹുല്‍ ഗാന്ധി ലോക്‌സഭയിലേക്ക് മടങ്ങിയെത്തി. ഗുജറാത്ത് കോടതിവിധിയെ തുടര്‍ന്ന് ലോക്‌സഭാംഗത്വം നഷ്ടപ്പെട്ട അദ്ദേഹം രാജ്യത്തിന്റെ പരമോന്നത കോടതിയിലൂടെ നിയമപോരാട്ടം നടത്തി മടങ്ങിയെത്തുമ്പോള്‍ സമകാലിക രാഷ്ട്രീയ സാചര്യങ്ങളില്‍ അതിന് ഒരുപാട് മാനങ്ങളുണ്ട്.

രാഹുല്‍ ഗാന്ധിയില്ലാത്ത ലോക്‌സഭയെന്നത് ബി ജെ പിയുടെ ഉല്‍ക്കടമായ ഒരാഗ്രഹമാണ്. മാത്രവുമല്ല, സംഘ്പരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തെ രാഹുല്‍ ഗാന്ധിയിലും നെഹ്‌റു കുടുംബത്തിലുമായി കേന്ദ്രീകരിക്കാനാണ് ബി ജെ പി ശ്രമിച്ചിട്ടുള്ളത്. അതുവഴി കുടുംബാധിപത്യത്തെ പ്രശ്നവല്‍ക്കരിക്കാന്‍ കൂടി അവര്‍ എപ്പോഴും ശ്രമിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി പരിക്കേല്‍പിക്കുന്നതിലൂടെ പ്രതിപക്ഷനിരയെ മുഴുവന്‍ നിരാലംബരാക്കാം എന്നാണ് ബി ജെ പി കണക്കു കൂട്ടിയിരുന്നത്. അതിനായി അവര്‍ നീക്കിയ കരുക്കളായിരുന്നു സൂറത്ത് കോടതിവിധിയിലേക്കും തുടര്‍ന്ന് അസാമാന്യമായ തിടുക്കത്തില്‍ രാഹുലിനെ പാര്‍ലമെന്റില്‍ നിന്ന് ഒഴിപ്പിക്കുന്നതിലേക്കും നയിച്ചത്. എന്നാല്‍ കൂടുതല്‍കരുത്തനായി രാഹുല്‍ ഗാന്ധി ലോക്​സഭയിലേക്ക് മടങ്ങിയെത്തുമ്പോള്‍ അത് ഏല്‍പ്പിക്കുന്ന ഒന്നാമത്തെ ആഘാതം ബി ജെ പിയുടെ ഹീനവും കുടിലവുമായ രാഷ്ട്രീയതന്ത്രത്തിനും അതിലൂടെ അവരുണ്ടാക്കിയെടുക്കുന്ന അതിരുകടന്ന ആത്മവിശ്വാസത്തിനും തന്നെയായിരിക്കും.

രാഹുല്‍ ലോക്‌സഭയിലില്ലാതിരുന്ന കാലത്ത് സംഭവിച്ച ചില രാഷ്ട്രീയനീക്കങ്ങളുടെ മുഴുവന്‍ ആനുകൂല്യങ്ങളും പറ്റിക്കൊണ്ടാണ് ഈ മടങ്ങി വരവെന്നതാണ് മറ്റൊരു പ്രധാന സംഗതി. 'ഇന്ത്യ' എന്ന പേരില്‍ രൂപപ്പെടുന്ന ഒരു രാഷ്ട്രീയ സഖ്യമാണ് അതില്‍ പരമപ്രധാനം. ബി ജെ പിയെ ഇത്രയേറെ അസ്വസ്ഥരാക്കിയ മറ്റൊരു രാഷ്ട്രീയ നീക്കം ഈയടുത്ത കാലത്തൊന്നും രാജ്യത്തുണ്ടായിട്ടില്ല. അതിന്റെ മുഴുവന്‍ അസ്വസ്ഥതകളും ബി ജെ പി നേതാക്കളുടെ പ്രതികരണങ്ങളുടെ ശരീരഭാഷകളില്‍ തെളിഞ്ഞ് കാണുന്നുണ്ട്.

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഈ അസ്വസ്ഥത: ഒന്ന്, രാഹുലിനും കോണ്‍ഗ്രസിനുമപ്പുറത്തേക്ക് ഒരു ആശയാധാരയുടെ രൂപീകരണത്തിന് 'ഇന്ത്യ' എന്ന ആശയം വഴിതുറന്നേക്കുമെന്നവര്‍ ഭയപ്പെടുന്നു. രണ്ട്, സീറ്റുരാഷ്ട്രീയത്തില്‍ ഗണിതശാസ്ത്രപരമായ ഒരു മേല്‍ക്കൈ നിലവിലെ രാഷ്ട്രീയഘടനയില്‍ ഇപ്പോള്‍ തന്നെ ഈ മുന്നേറ്റത്തിനുണ്ട്. ഉജ്ജ്വലമായ സ്വാതന്ത്ര്യ സമര ചരിത്രവും മതേതര ചരിത്രവും ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന കോണ്‍ഗ്രസിനെ, അതൊട്ടുമില്ലാത്ത ബി ജെ പിക്ക് ഈസ്റ്റിന്ത്യാ കമ്പനിയുടെ പേരിലെ ഇന്ത്യയോടും ഇന്ത്യന്‍ മുജാഹിദീനിലെ ഇന്ത്യയോടുമൊക്കെ പുതിയ സഖ്യത്തിന്റെ പേരിനെ ബന്ധിപ്പിച്ച് ആക്ഷേപിക്കാന്‍ തോന്നുന്നത്, ഈ നീക്കം അവരിലുണ്ടാക്കിയ പകപ്പ് കൊണ്ടാണ്. ‘‘മോദി വേഴ്‌സസ് 'ഇന്ത്യ'’’ എന്ന മുദ്രാവാക്യം ബി ജെ പിയെ വലിയ നിലയില്‍ പ്രതികൂലമായി ബാധിക്കും എന്നതിൽ ഒരു സംശയവുമില്ല.

രാഹുലിനെ ലോക്‌സഭയിലേക്ക് വരവേല്‍ക്കുന്നത് ഈ പുതിയ 'ഇന്ത്യ'യാണ്. പുതിയ നീക്കം ബലവത്തായ ഒരു തെരഞ്ഞെടുപ്പുപൂര്‍വ സഖ്യമായി വികസിക്കുമെങ്കില്‍ അത് ബി ജെ പിക്ക് പല നിലക്കും വെല്ലുവിളി ഉയര്‍ത്തും.
പ്രധാനമായും മൂന്ന് തരത്തിലാകും ഈ വെല്ലുവിളി: ഒന്ന്, പ്രത്യക്ഷമായ കണക്കുകള്‍ കൊണ്ടാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടി ബി ജെ പി വിരുദ്ധ വോട്ടുകള്‍ ചിതറിപ്പിച്ച് കളഞ്ഞവരാണിവര്‍. എന്നിട്ടുപോലും ഇവര്‍ ചേര്‍ന്നു നിന്നാല്‍ പല സംസ്ഥാനങ്ങളിലും ബി ജെ പി യെ തകര്‍ക്കാന്‍ പോന്ന സീറ്റ് നിലവാരമുണ്ട്. പരസ്പരം പോരടിച്ച് ചിതറിപ്പോയ വോട്ടുകള്‍ കൂടി ഇവര്‍ക്ക് ഒന്നിച്ചുനിന്ന് നേടാനായാല്‍ ബി ജെ പിക്ക് അതൊരു കനത്ത വെല്ലുവിളിയാകും എന്നതില്‍ ഒരു സംശയവുമില്ല.

രാഹുലിന്റെ ലോക്‌സഭാ പ്രവേശനം തുലാസിലായ ഒരു സാഹചര്യത്തെ കൂടുതല്‍ അവധാനതയോടെ കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. കടുത്ത പിടിവാശികളില്ലാതെ മറ്റ് ചെറുകക്ഷികളെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തുടങ്ങുന്നു എന്നത് സംഘ്പരിവാര്‍ വിരുദ്ധ ചേരിയുടെ അടിത്തറ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കും.

രാഹുല്‍ ഗാന്ധി വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ മാതൃകയാണ്. ഉയര്‍ന്ന മാനവികബോധവും കളങ്കരഹിതമായ വര്‍ത്തമാനങ്ങളും സുതാര്യമായ വീക്ഷണങ്ങളും കൊണ്ട് വ്യതിരിക്തനാണ്. പക്ഷേ ഇതു കൊണ്ടൊക്കെ മാത്രം നേരിടാന്‍ കഴിയുന്നതാണോ കുശാഗ്രവും ഹിംസാത്മകവും ഒപ്പം കോര്‍പ്പറേറ്റ്​വൽക്കരിക്കപ്പെട്ടതുമായ സംഘ്പരിവാര്‍ രാഷ്ട്രീയം എന്ന വലിയൊരു ചോദ്യം നിലനില്‍ക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി നന്നായി വിതക്കുകയും നന്നായി കള പറിക്കുകയും ചെയ്യുമെങ്കിലും വിള കൊയ്യുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരു കര്‍ഷകനെപ്പോലെയാണ് എന്ന വിമര്‍ശനം കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പോപ്പുലര്‍ പൊളിറ്റിക്‌സില്‍ രാഹുല്‍ മെയ്​വഴക്കമുള്ള രാഷ്ട്രീയക്കാരനാണെങ്കിലും പവര്‍ പൊളിറ്റിക്‌സില്‍ അത്രക്ക് കേമനല്ല. കാരണം സമകാലിക ഇന്ത്യയിലെ പവര്‍ പൊളിറ്റിക്‌സ് കാല്പനികമല്ല. കൂടുതല്‍ കരുത്തും അതിന്റെ ശരീരഭാഷയുമുള്ള ഒരു നേതൃത്വത്തെയാണ് അതാഗ്രഹിക്കുന്നത്. ഇത് തിരിച്ചറിയാനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെപ്പോലെയോ സമാനമായതോ ആയ, പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ അറിയുന്ന തന്ത്രജ്ഞന്‍മാരെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തയാറായാല്‍ പ്രതിപക്ഷ രാഷ്ട്രീയ നിരയില്‍ അതൊരു വലിയ രാസത്വരകമായിരിക്കും.

ഹിന്ദുത്വ രാഷ്ട്രീയത്തെ മതേതര, ദലിത്, പിന്നാക്ക, സ്ത്രീപക്ഷ രാഷ്ട്രീയം കൊണ്ട് ചോദ്യം ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രത്യയാസ്ത്ര നിര്‍മിതിക്ക് അത് തുടക്കം കുറിച്ചേക്കും. നേരത്തെ പറഞ്ഞ മൂന്നില്‍ രണ്ടാമത്തെ സാധ്യത ഇതാണ്. ഹിന്ദുത്വ എന്ന ആശയത്തെ ഫലപ്രദമായ നിലയില്‍ നേരിടാന്‍ രാജ്യം പ്രാപ്തമാകണമെങ്കില്‍ ഹിന്ദുത്വക്ക് ബദലാകാന്‍ കഴിയുന്ന ശക്തമായ ഒരു പ്രത്യയാസ്ത്രനിര്‍മിതി കൂടി നടക്കേണ്ടതുണ്ട്.

ഇനി ഒരു വട്ടം കൂടി ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ ഇപ്പോൾ കാണുന്നതിന്റെ പതിന്മടങ്ങ് ഹിംസാത്മകമായിരിക്കുമത്. ചരിത്രത്തെ മിത്തുകൾ കൊണ്ട് പുനഃപ്രതിഷ്ഠിക്കുകയും ശാസ്ത്രബോധത്തെ അന്ധവിശ്വാസം കൊണ്ട് പരാജയപ്പെടുത്തുകയും ചെയ്യുന്ന ഒരു സാമൂഹിക ക്രമത്തില്‍ സംഘ്പരിവാര്‍ആശയക്കാരല്ലാത്ത ആര്‍ക്കും രക്ഷ കാണില്ല. ഈയൊരു തിരിച്ചറിവാണ് മൂന്നാമത്തെ സാധ്യത. 'ഇന്ത്യ’ എന്ന പേരില്‍ രാഷ്ട്രീയമായി ഒന്നിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇന്ത്യ എന്ന സാംസ്‌കാരിക ആശയത്തിനും അതിന്റെ നിലനില്‍പിനും കൂടി പ്രാധാന്യം കൊടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നാം നേരത്തെ പറഞ്ഞ തെരഞ്ഞെടുപ്പുപൂര്‍വ സഖ്യത്തിലേക്ക് ഫലവത്തായ നിലയില്‍ നിങ്ങാന്‍ സാധിക്കൂ. അങ്ങനെ നീങ്ങാന്‍ കഴിയാതെ പോയാല്‍ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സംഘ്പരിവാര്‍ വിരുദ്ധ ചേരിയെ അത് വീണ്ടും ആശയക്കുഴപ്പത്തിലാക്കും. ആ ആശയക്കുഴപ്പങ്ങളെ പരിഹരിക്കാനും അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും സാധിക്കുകയെന്നത് പരമ പ്രധാനമാണ്.

സംഘ്പരിവാര്‍ വിരുദ്ധ ഇന്ത്യന്‍ രാഷ്ട്രീയത്തെ കോര്‍ത്തിണക്കാനും ജനതയെ ചേര്‍ത്ത് നിര്‍ത്താനും കഴിയുന്ന കരിസ്മയുള്ള നേതാവ് ഇന്നും രാഹുല്‍ ഗാന്ധി തന്നെയാണ്. അതുകൊണ്ടുതന്നെ രാഹുല്‍ മികച്ച ഒരു തേരാളിയായിരിക്കും. പക്ഷേ രഥത്തില്‍ ആര് നില്‍ക്കണമെന്ന് കൂടുതല്‍ അവധാനതയോടെ 'ഇന്ത്യ' തീരുമാനിക്കട്ടെ.


എം.എസ്. ഷൈജു

മാധ്യമപ്രവർത്തകൻ, വ്യവസായ സംരംഭകൻ. ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, ശരീഅത്ത്; സാമൂഹിക പാഠങ്ങൾ, കനലടയാളങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments